പ്രിയമാനസം 💔: ഭാഗം 17

priyamanasam

രചന: ശംസീന

രാത്രി ഹരി അരികില്ലാത്തതിനാൽ പ്രിയക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ല...കുറേ തവണ അവന്റെ മുറിക്ക് മുന്നിൽ ചെന്ന് നിന്നെങ്കിലും വിളിക്കാനെന്തോ മടിപോലെ... കനത്ത തലവേദനയോടെയാണ് പ്രിയ രാവിലെ എഴുന്നേറ്റ് വന്നത്...താഴേക്ക് വന്നപ്പോൾ അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ കലപില ശബ്‍ദം കേൾക്കുന്നുണ്ട്... അവൾ പതിയെ അവിടേക്ക് നടന്നു... പാത്രം കഴുകുന്ന ഹരിയെ പിന്നിലൂടെ ചെന്ന് പുണർന്നു... "സോറി... " അവളുടെ കരങ്ങളവനെ വരിഞ്ഞു മുറുക്കി...മുഖമവന്റെ പുറം മേനിയിലമർന്നു... ഹരി ഞെട്ടിപ്പിടഞ്ഞു തിരിഞ്ഞുനിന്നു.. അവളപ്പോഴും അവനിലുള്ള പിടി വിട്ടിട്ടില്ലായിരുന്നു...

നെഞ്ചിലമർന്ന അവളുടെ മുഖം ഹരി ബലമായി പിടിച്ചുയർത്തി.. "ഉറങ്ങിയില്ലേ... " അവളുടെ തടിച്ച കൺപോളകളിലേക്കും വിങ്ങിയ മുഖത്തേക്കും നോട്ടമെയ്‌തവൻ നനുത്ത സ്വരത്തിൽ ചോദിച്ചു..മറുപടിയൊന്നും പറയാതെ പ്രിയാ അവനെ മുറുകെ പുണർന്നു നെഞ്ചിൽ മുഖമൊളിപ്പിച്ചു നിന്നു.. "സോറി ഹരിയേട്ടാ.. ഇന്നലെ ഞാൻ അറിയാതെ ചെയ്തു പോയതാ സോറി... ഹരിയേട്ടനത് ഫീലാവുമെന്ന് കരുതിയില്ല. " നോവോടെ അവൾ പറഞ്ഞു.. "തനിക്കങ്ങനെ തോന്നിയോ..." "പിന്നെന്തേ ഇന്നലെ മുറിയിലേക്ക് വരാതിരുന്നത്.. ഞാനെത്ര വിഷമിച്ചെന്നോ...!" അവളുടെ മിഴികളിൽ സങ്കടത്തേക്കാളേറെ പരിഭവം തുളുമ്പി നിന്നു...

"തെറ്റ് എന്റെ ഭാഗത്തല്ലായിരുന്നോ അതുകൊണ്ട് തന്നെ നേരിടാനൊരു ചമ്മൽ അതാ മാറി നിന്നത്... " അവൾ മുഖമുയർത്തിയവനെ നോക്കി... അവളുടെ വീർപ്പിച്ചു വെച്ച കവിളുകളിൽ അവൻ ചൂണ്ടു വിരൽ കൊണ്ടൊരു കുത്ത് കൊടുത്തു.. "ഇനി ഇങ്ങനൊന്നും വേണ്ടാട്ടോ.." "എങ്ങനെ...!" അവൻ ചോദിക്കേ പ്രിയ കണ്ണുരുട്ടി നോക്കി ... "പറ എങ്ങനെയൊന്നും വേണ്ടെന്ന്... " കുറുമ്പോടെ ചോദിച്ച് ഹരി അവളുടെ ഇരു ചുമലിലൂടെയും കൈ കോർത്തു പിടിച്ചു... അവന്റെ മുഖത്തെ ഭാവമാറ്റവും കണ്ണുകളിലെ പ്രണയവും അവളിൽ പരവേശം നിറച്ചു.. "പറയെടോ...!" വീണ്ടുമവൻ ചോദിച്ചു.. "അ.. അത് പിന്നെ.. ഇന്നലത്തെ പോലെ മാറി കിടക്കുകയൊന്നും ചെയ്യേണ്ടെന്ന്.....

" ഒറ്റശ്വാസത്തിലവൾ പറഞ്ഞു നിർത്തി അവനെ നോക്കി.. ഇരുവരുടേയും മിഴികൾ തമ്മിലിടഞ്ഞു... അവളുടെ മിഴികളിൽ അവൻ തന്നോടുള്ള പ്രണയത്തിനലകളെ തേടി..അവർ തമ്മിലുള്ള അകലം കുറഞ്ഞു വന്നു... ഹരി തോളിൽ നിന്നും കൈകളെടുത്ത് അരയിലൂടെ ചുറ്റിപ്പിടിച്ചു അവളെ ദേഹത്തേക്ക് ചേർത്തു... "അത്രക്കുമെന്നെ മിസ്സ് ചെയ്‌തോ.." പതിഞ്ഞ സ്വരത്തിൽ ചോദിച്ചു...മൃദുവായ കവിളിലൂടെ വിരലുകൾ കൊണ്ട് തഴുകി.. അവന്റെ വിരലിന്റെ ചലനത്തിനുസരിച്ചവളുടെ മിഴികൾ പിടഞ്ഞു.. ഹൃദയതാളം വർധിച്ചു... അവന്റെ മുഖം അവളുടെ മുഖത്തേക്ക് താഴ്ന്നു വന്നു.. "സ്സ് ശൂ... " പെട്ടന്നായിരുന്നു കുക്കർ വിസിലടിച്ചത്...

അവർ ഞെട്ടിപ്പിടഞ്ഞു അകന്ന് മാറി...അവനെ നോക്കാനുള്ള ജാള്യത കൊണ്ടവൾ അകത്തേക്കോടി.. അവളോടിയ വഴിയേ നോക്കിയവൻ പുഞ്ചിരിയോടെ താടിയുഴിഞ്ഞു...വീണ്ടും കുക്കർ വിസിലടിച്ചതും ഈർഷ്യയോടെ അതിറക്കി താഴെ വെച്ച് ദോശ ചട്ടി സ്റ്റൗവിലേക്ക് വെച്ചു... ******* താഴെ വന്നാൽ ഹരിയെ അഭിമുഖീകരിക്കാനുള്ള മടി കൊണ്ട് റെഡിയായി കഴിഞ്ഞിട്ടും പ്രിയ മുകളിൽ തന്നെയിരുന്നു.. "പ്രിയാ... " താഴെ നിന്നും ഹരിയുടെ വിളി കേട്ടു... പോവണോ വേണ്ടയോ എന്ന ചിന്തയോടെ ഇരിക്കുമ്പോഴാണ് വാതിൽക്കലൊരു കാൽപെരുമാറ്റം കേട്ടത്..അവൾ തിരിഞ്ഞു നോക്കി... "താനിവിടെ ഇരിക്കുവാണോ.. ഇന്ന് കോളേജിൽ പോവാനുള്ള പരിപാടിയൊന്നുമില്ലേ... "

ചോദിച്ചു കൊണ്ടവൻ അകത്തേക്ക് കയറി വന്നു.. അവനാകെ വിയർത്തു കുളിച്ചിട്ടുണ്ടായിരുന്നു...താനങ്ങോട്ട് ചെല്ലാത്തത് കൊണ്ടവൻ എല്ലാ ജോലികളും തനിയേ ചെയ്തെന്നാലോചിക്കെ പ്രിയക്കൊരു വേള വിഷമം തോന്നി... "ഞാൻ പോവാൻ നിൽക്കുവാ... ഹരിയേട്ടന് ഇറങ്ങാറായോ... " കട്ടിലിലിരുന്ന ബാഗെടുത്ത് തോളിലേക്കിട്ടു തിരക്കി.. "ഇല്ലെടോ.. എനിക്കിന്ന് ഉച്ചക്ക് ശേഷമാണ്... തന്നെ വേണമെങ്കിൽ ഞാൻ കൊണ്ടുവിടാം.. " "വേണ്ട ഹരിയേട്ടാ.. ഇപ്പൊ തന്നെ ഒരുപാട് കഷ്ടപ്പെട്ടില്ലേ ഇനി കുറച്ചു നേരം റെസ്റ്റെടുത്തോ.. ഞാൻ ബസിന് പൊക്കോളാം... " "എന്നാ അങ്ങനെ ആയിക്കോട്ടെ.. വാ നമുക്ക് കഴിക്കാം..

ഞാൻ നല്ല മൊരിഞ്ഞ ദോശയും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട്... " ഹരി അവളേയും കൂട്ടി താഴേക്കിറങ്ങി.... മുന്നിലേക്കൊരു പ്ളേറ്റ് വെച്ച് കൊടുത്ത് അതിലേക്ക് രണ്ട് ദോശയും ചമ്മന്തിയും വിളമ്പി കൊടുത്തു.. "കഴിച്ചു നോക്ക് എന്നിട്ട് പറ... " അവനും കഴിക്കാനിരുന്നു... പ്രിയ ദോശ പൊട്ടിച്ചു ചമ്മന്തിയിൽ മുക്കി വായിലേക്ക് വെച്ചു... "മ്മ് നല്ല ടേസ്റ്റുണ്ടല്ലോ... " "താനെന്നെ കളിയാക്കുവാണോ... " ഹരി ചിരിച്ചു... "അല്ലന്നേ സത്യമായിട്ടും നല്ല ടേസ്റ്റുണ്ട്... അമ്മയുണ്ടാക്കുന്ന അതേ രുചി.... ഹരിയേട്ടൻ കുക്കിങ്ങൊക്കെ പഠിച്ചിട്ടുണ്ടോ.. " കഴിക്കുന്നതിനിടയിൽ ചോദിച്ചു... "പഠിച്ചിട്ടൊന്നുമില്ല,, എന്നാലും അത്യാവശ്യം ജീവിച്ചു പോവാനുള്ള പാചകമൊക്കെ വശമുണ്ട്..."

അതെങ്ങനെ എന്നപോലെ പ്രിയ അവനെ നോക്കി... "പഠിക്കുന്ന സമയത്ത് ഹോസ്റ്റലിലെ ഫുഡ്‌ പിടിക്കാത്തത് കൊണ്ട് ഞങ്ങളൊരു നാലഞ്ച് പിള്ളേര് പുറത്തൊരു വീടെടുത്താ താമസിച്ചിരുന്നത്... അങ്ങനെ അവിടുന്ന് പഠിച്ചതാ ഇതൊക്കെ.." അവന്റെ സംസാരം നീണ്ടുപോയി....അവനാദ്യമായിട്ടാണ് വാ തോരാതെ സംസാരിക്കുന്നതവൾ കാണുന്നത്... ഓരോന്നും വിശദീകരിച്ചു പറഞ്ഞു തരുന്നത് കേട്ടിരുക്കുന്നതൊരു മടുപ്പാണെങ്കിലും അവനെ പിണക്കേണ്ടെന്ന് കരുതി മുഷിപ്പൊന്നും കൂടാതെ കേട്ടിരുന്നു... "അയ്യോ എന്റെ ബസ്... " ക്ലോക്കിൽ ഒമ്പതടിച്ചതും പ്രിയ ചാടി എഴുന്നേറ്റ് കൈ കഴുകി ബാഗെടുത്ത് പുറത്തേക്കോടി.. "ഹരിയേട്ടാ പോകുവാണേ.. "

ചെരുപ്പിടുന്നതിനിടയിൽ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ബസ്‌റ്റോപ്പ് ലക്ഷ്യം വെച്ച് ഓടി... അവൾ പോയി കഴിഞ്ഞതും ഹരി ഉമ്മറത്തെ വാതിലടച്ചു മുറിയിലേക്ക് പോയി... ഫോണെടുത്ത് അമ്മക്ക് മെസ്സേജ് ചെയ്തിട്ടു... അതിന് ശേഷം കുളിച്ചു റെഡിയായി പുറത്തേക്ക് പോയി... വീട്ടിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങി തിരിച്ചു പോരുമ്പോഴായിരുന്നു പ്രിൻസിന് കുറച്ചു ഡ്രെസ്സുകൾ വാങ്ങിക്കണമെന്ന ഓർമ വന്നത്.. ജന്റ്സ് വെയറിന്റെ മുന്നിൽ കാർ പാർക്ക്‌ ചെയ്ത് അകത്തേക്ക് കയറി... അവന് ചേരുന്ന സൈസും നിറവുമൊക്കെ നോക്കി എടുത്തപ്പോഴേക്കും സമയമൊത്തിരി വൈകിയിരുന്നു...അവൻ വേഗം വീട്ടിലേക്ക് തിരിച്ചു...

വീട്ടിലെത്തി ഭക്ഷണം കഴിച്ച് ബാഗുമെടുത്ത് ഹോസ്പിറ്റലിലേക്കിറങ്ങി.. "ഗുഡ് ആഫ്റ്റർ നൂൺ സർ ... " സെക്യൂരിറ്റി വിഷ് ചെയ്തു.. അയാൾക്കൊരു പുഞ്ചിരി സമ്മാനിച്ച് കാറിന്റെ കീ ഏൽപ്പിച്ചു... ബാക്ക് സീറ്റിൽ നിന്നും പ്രിൻസിനുള്ള വസ്ത്രങ്ങളെടുത്ത് ക്യാബിൻ ലക്ഷ്യം വെച്ച് നീങ്ങി.. ഒരു ദിവസം മുപ്പത് ടോക്കൺ മാത്രമാണ് പരിശോധിക്കുക... ഇന്നൊരു പത്തിരുപത്തഞ്ച് പേരുണ്ടായിരുന്നു... എല്ലാവരേയും നോക്കി കഴിഞ്ഞപ്പോഴേക്കും മണി ആറായിരുന്നു...പെട്ടന്നവൻ ഫോണെടുത്ത് പ്രിയയെ വിളിച്ചു.. "ഹെലോ.. ഹരിയേട്ടാ... " അവളുടെ സ്വരം കേട്ടതും ഉള്ളൊന്ന് തണുത്തു.. "താൻ വീട്ടിലെത്തിയോ..." "പിന്നെ എത്താതെ... അഞ്ച് മണിക്കേ എത്തി... "

"എന്നിട്ടെന്തേ വിളിക്കാഞ്ഞത്... സമയം വൈകിയപ്പോൾ ഞാൻ ഭയന്നു... " "ഞാൻ വിളിച്ചിരുന്നു ഔട്ട്‌ ഓഫ് കവറേജ്‌ ഏരിയ എന്നാണ് പറഞ്ഞത്.. പിന്നെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്ന് കരുതി... ഹരിയേട്ടൻ എന്തെടുക്കുവാ.. " "ഇന്ന് തിരക്കായിരുന്നെടോ... ഇപ്പോഴൊന്ന് ഫ്രീയായതേയുള്ളൂ... ഒറ്റക്കിരിക്കാൻ പേടിയുണ്ടോ..." ഹരി ആശങ്കയോടെ ചോദിച്ചു... ഹോസ്പിറ്റലിൽ നിന്നിറങ്ങുമ്പോഴേക്കും ഇനിയും വൈകും... അവളൊറ്റക്കാണല്ലോ എന്നാലോചിക്കുമ്പോൾ പേടിയുണ്ട്താനും... "ഇല്ലന്നേ... ഹരിയേട്ടൻ വർക്കെല്ലാം കഴിഞ്ഞ് പതിയെ വന്നാൽ മതി.. അപ്പോഴേക്കും എനിക്ക് കംപ്ലീറ്റ് ചെയ്യാനുള്ള കുറച്ചു നോട്സ് കംപ്ലീറ്റാക്കട്ടെ... "

അവളുടെ സംസാരം കേൾക്കെ അവനൊരല്പം ആശ്വാസം തോന്നി... "എന്നാ താൻ വെച്ചോ.. ഞാൻ വിളിക്കാം.. പിന്നെ വാതിലൊന്നും തുറന്നിടേണ്ടാ... ഞാൻ പെട്ടന്ന് വരാൻ നോക്കാം... " "ശെരി... " അവൻ ഫോൺ കട്ട്‌ ചെയ്ത് ടേബിളിലേക്ക് വെച്ചു.. "ആരായിരുന്നു ചേച്ചിയാണോ... " അടുത്ത് നിന്നിരുന്ന ഏയ്ഞ്ചൽ തിരക്കി.. "മ്മ്.. വീട്ടിൽ തനിച്ചേയുള്ളൂ അതുകൊണ്ടൊന്ന് വിളിച്ചു നോക്കിയതാ.. നമുക്കെന്നാ റൗണ്ട്സിനിറങ്ങിയാലോ..." ഹരി ചോദിച്ചതിനവൾ സമ്മതപ്പൂർവം തലയനക്കി...

ടേബിളിലിരുന്ന സ്റ്റെതസ്കോപ്പെടുത്ത് തോളിലൂടെയിട്ട് ഹരി ക്യാബിൻ വിട്ടിറങ്ങി... "എടോ ആ പാക്കറ്റുകൾ കൂടെയെടുത്തോ... " തിരിഞ്ഞു നോക്കി നിലത്തിരിക്കുന്ന കവറുകളിലേക്ക് ചൂണ്ടി ഹരി പറഞ്ഞു... ഇത്രയധികം പാക്കറ്റുകൾ കണ്ടവളുടെ നെറ്റിചുളിഞ്ഞു.. "പ്രിൻസിനുള്ളതാ... " നോട്ടത്തിന്റെ അർത്ഥം മനസ്സിലായ പോലെ ഹരി പറഞ്ഞു.. ഹരി നടത്തം തുടർന്നതും പാക്കറ്റുകളെടുത്ത് ഏയ്ഞ്ചൽ പിന്നാലെ ചെന്നു..........(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story