പ്രിയമാനസം 💔: ഭാഗം 2

priyamanasam

രചന: ശംസീന

ഹരി ഒരു മരത്തിനു ചുവട്ടിൽ പോയിനിന്നു..ആൾ ദൂരേക്ക് നോക്കി എന്തോ ചിന്തയിലാണ്.. പിന്നിൽ വന്നു നിന്ന പ്രിയ അവനെ വിളിക്കാൻ ആവാതെ കുഴഞ്ഞു..

"മ്മ്ഹ്ഹ് "

അവളൊന്ന് മുരടനക്കി...

അവൻ അവളുടെ നേരെ തിരിഞ്ഞു നിന്നു.. അപ്പോഴാണ് പ്രിയ അവനെ ശെരിക്ക് കാണുന്നത്..

ഇരുനിറമാണ്.. പാകത്തിനുള്ള ഹൈറ്റും വൈറ്റും.. താൻ ആൾടെ നെഞ്ചിനോടൊപ്പമേ കാണൂ..മീശയും താടിയും ട്രിമ് ചെയ്ത് ഭംഗിയാക്കി വെച്ചിട്ടുണ്ട്.. ചിരിക്കുമ്പോൾ താടിക്കുള്ളിൽ നിന്നും നുണക്കുഴി തെളിഞ്ഞു കാണാം..കണ്ണുകൾക്കെന്തോ പ്രത്യേകതയുള്ള പോലെ.. ഒന്നു കൂടെ സൂക്ഷിച്ചു നോക്കി..തിളങ്ങുന്ന കാപ്പി കണ്ണുകൾ.. അറിയാതെ ആ കണ്ണുകളിലേക്കങ്ങനെ നോക്കി നിന്നു..

മുഖത്തിന്‌ നേരെ ഹരി വിരൽ ഞൊടിച്ചപ്പോഴാണ് പ്രിയ നോട്ടം മാറ്റിയത്..

"കണ്ണ് തുറന്ന് സ്വപ്നം കാണുവാണോ ഇയാൾ... "

കുസൃതിയോടെ ഹരി ചോദിച്ചു.. അവൾക്കാകെ ചമ്മൽ തോന്നി...


"എന്നെ കുറിച്ച് എല്ലാം പറഞ്ഞില്ലേ അവിടുന്ന്.. ഇനി പ്രിയയെ കുറിച്ച് പറയൂ .. കേൾക്കട്ടെ "

പതിഞ്ഞ സ്വരത്തോടെ പറഞ്ഞുകൊണ്ട് കൈ രണ്ടും നെഞ്ചിലേക്ക് പിണച്ചു കെട്ടികൊണ്ടവൻ അവളെ ഉറ്റുനോക്കി...


"ഇപ്പോൾ ഡിഗ്രീ സെക്കന്റോ അതോ തെർഡോ "

അവൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും വീണ്ടുമവൻ ചോദിച്ചു..

"ഫൈ.. ഫൈനൽ.. അ..അടുത്താഴ്ച ലാസ്റ്റ് സെ. സേം എക്സാം ആണ് "

എങ്ങനെയോ അവൾ പറഞ്ഞൊപ്പിച്ചു..

അവൾ വിക്കി കൊണ്ട് പറയുന്നത് കേട്ട് താടിയിൽ തള്ളവിരൽ ഊന്നികൊണ്ടവൻ ചിരി കടിച്ചു പിടിച്ചു...

"എടോ താനെന്തിനാ ഇങ്ങനെ വിറക്കുന്നെ.. ഞാൻ അത്രക്കും വലിയ ഭീകരാനാണോ.. "

"അ.. അതോണ്ടല്ല.. ആ.. ആദ്യമായിട്ടാ ഇങ്ങനെ.. അതിന്റെ.. ഒരു.."

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പവൾ സാരിയുടെ മുന്താണി കൊണ്ട് തുടച്ചു..

"ഞാനും ആദ്യമായിട്ടാടോ..സാരല്ല പയ്യെ ശീലമായിക്കോളും.. "

"അത്.. പിന്നെ.. എനിക്ക് "

അവളെന്തോ പറയാൻ ഒരുങ്ങിയതും ഗംഗയും ശ്രീലക്ഷ്മിയും കൂടി അങ്ങോട്ട് വന്നു.. അവൾ പറയാൻ വന്നത് അവരെ കണ്ടപ്പോൾ പാതിയിൽ നിർത്തി...


"ഇനി പറയാനുള്ളത് കല്യാണമൊക്കെ കഴിഞ്ഞിട്ട് പറയാട്ടോ.. "

ശ്രീലക്ഷ്മി വന്നവളുടെ കയ്യിൽ പിടിച്ചു ഹരിയെ നോക്കി കളിയായി ചിരിച്ചു.. എന്നിട്ടവളെയും കൊണ്ട് അകത്തേക്ക് നടന്നു..

"ഈ പൂച്ചകുട്ടിയേ എനിക്കിഷ്ടമായെന്ന് ഞാൻ അവിടെ പറയുവാട്ടോ.. "

കാതോരം വന്നവൻ പറഞ്ഞുകൊണ്ട് മുൻപേ പോയി...തിരിഞ്ഞവളെ നോക്കി കുസൃതിയോടെ ചിരിച്ചു...

പ്രിയ ആരേലും കേട്ടോ  എന്ന രീതിയിൽ പതർച്ചയോടെ മറു വശത്തേക്ക് നോക്കി... എവിടുന്ന് രണ്ടാളും ഭയങ്കര നാട്ടു വാർത്തമാനത്തിൽ ആണ്... അവളൊന്ന് ശ്വാസം വലിച്ചു വിട്ടു...

****

"രണ്ട് കൂട്ടർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടായ സ്ഥിതിക്ക് വരുന്ന ഞായറാഴ്ച അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു കൊണ്ട് നിശ്ചയം ഒരു ചടങ്ങായി മാത്രം നടത്താം.. കുട്ടിയുടെ എക്സാം കഴിഞ്ഞ് വരുന്ന ഞായറാഴ്ച അമ്പലത്തിൽ വെച്ച് താലികെട്ട്... "

കൂട്ടത്തിലെ ഒരു കാർന്നോർ പറഞ്ഞു.. എല്ലാവരും അത് ശെരിവെച്ചു...

ഹരി പ്രിയയെ നോക്കിയൊന്ന് കണ്ണുചിമ്മി ചിരിച്ചു.. അവളും വേണോ വേണ്ടോ എന്നുള്ള രീതിയിൽ തിരികെയും ഒരു ചിരി നൽകി...

പിന്നെയും അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം കുറച്ച് നേരം കൂടെ എല്ലാവരും വിശേഷങ്ങൾ പറഞ്ഞിരുന്നു... ഇതിൽനിന്നെല്ലാം ഒഴിഞ്ഞു മാറിക്കൊണ്ട് ഒരു മൂലയിലവൾ പോയി നിന്നു...

എതിർക്കണമെന്നുണ്ട് ഈ കല്യാണം..പക്ഷേ കഴിയുന്നില്ല.. കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ടാവും.. അല്ലേലും സ്വന്തം അച്ഛനും അമ്മയും ഒരു മുഴം കയറിൽ ജീവിതമവസാനിപ്പിക്കുമെന്ന് പറഞ്ഞാൽ അവരോടുള്ള സ്നേഹത്തിന്റെ പുറത്ത് ഏതൊരു മകളും വിവാഹത്തിന് സമ്മതം മൂളും...

ഓർത്തുകൊണ്ടവളൊന്ന് നെടുവീർപ്പിട്ടു.. വീണ്ടും ചിന്തകളിൽ വിഹരിക്കുമ്പോൾ ആരോ വന്നു കയ്യിൽ പിടിച്ചു..
നോക്കുമ്പോൾ ഹരിയുടെ അമ്മയാണ്...

"പോയിവരാട്ടോ... "

കവിളിൽ തഴുകി കൊണ്ട് പറഞ്ഞു.. നനുത്ത ചിരിയോടെ തലയാട്ടി.. എല്ലാവരും യാത്ര പറഞ്ഞു കാറിൽ കയറി..

കണ്ണുകൾ കൊണ്ട് പ്രിയയോട് യാത്ര പറഞ്ഞു ഹരിയും ഡ്രൈവിംഗ് സീറ്റിലേക്ക് കയറി..

അവരുടെ കാർ കണ്ണിൽ നിന്ന് മറഞ്ഞതും അവൾ സാരിതലപ്പ് കൊണ്ട് വാ പൊത്തി മുകളിലെ സ്വന്തം മുറിയിലേക്ക് ഓടി..

തലയിണയിൽ മുഖം അമർത്തി കരഞ്ഞു.. ഉള്ളിലെ സങ്കടം തീരുവോളം...


"എവിടെ ഇച്ചായ.. അറിയുന്നുണ്ടോ ഞാൻ കിടന്നുരുകുന്നത്.. എന്തിനാ എന്നെ തനിച്ചാക്കി പോയെ.."

ആരോടെന്നില്ലാതെ അവൾ പുലമ്പിക്കൊണ്ടിരുന്നു... കണ്ണുനീർ അപ്പോഴും തോരാതെ പെയ്യുന്നുണ്ട്.. അവളുടെ എല്ലാമെല്ലാമായ ഇച്ചായനെ ഓർത്ത്...

കരഞ്ഞു തളർന്നെപ്പോഴോ അവൾ അവിടെ കിടന്നു തന്നെ മയങ്ങി....

******
നിശ്ചയം ഒരു ചടങ്ങായി മാത്രം നടത്തി.പരസ്പരം മോതിരം അണിയിച്ചു ജാതകങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറി... പിറ്റേന്ന് ഡ്രെസ്സും ആഭരണങ്ങളുമൊക്കെയെടുക്കാൻ പോയി .. ഹരി വന്നിട്ടില്ലായിരുന്നു.. ഹോസ്പിറ്റലിൽ തിരക്കുള്ള ദിവസമായിരുന്നു... ഒട്ടും താല്പര്യമില്ലാഞ്ഞിട്ട് കൂടി താനും അവരുടെ കൂടെ പോയി..എല്ലാം ഒരു യന്ത്രം കണക്കെ ചെയ്തു..എന്റെ താല്പര്യമില്ലായ്മ കണ്ട് അമ്മയുടെ തുറിച്ചു നോട്ടം ഇടക്കിടക്കെന്നെ തേടി വരുന്നുണ്ടായിരുന്നു..

ഇതിനിടയിൽ ഒന്ന് രണ്ട് തവണ ഹരി വിളിച്ചിരുന്നു..പറയുന്നതെല്ലാം മൂളി കേൾക്കും എന്നല്ലാതെ വേറൊരു പ്രതികരണവും എന്നിൽ നിന്നും ഉണ്ടായില്ല... എങ്കിലും മുഷിച്ചിലൊന്നും കൂടാതെ എന്നോട് വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു..ആൾടെ നിഷ്കളങ്കമായ സ്വഭാവത്തിന് മുന്നിൽ എല്ലാം തുറന്ന് പറയാൻ തീരുമാനിച്ചു... അപ്പോഴേക്കും എന്തെകിലുമൊക്കെ തടസങ്ങൾ വരും..

എക്സാം കഴിഞ്ഞു..നന്നായി എഴുതിയോ എന്ന് പോലും സംശയമാണ്.. മനസത്രക്കും കലുഷിതമായിരുന്നു...


നാളെയാണ് വിവാഹം.. കല്യാണതലേന്ന് ആയതുകൊണ്ട് തന്നെ വീട്ടിൽ ബന്ധു ജനങ്ങളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്...

ഇവയിൽ നിന്നെല്ലാം എങ്ങോട്ടേലും ഓടിയൊളിക്കാൻ തോന്നി.. എല്ലാവരുടെയും മുഖത്ത് സന്തോഷവും ഉത്സാഹവും.. എന്നിട്ടെന്തു കൊണ്ട് തനിക്ക് മാത്രം അത് പോലെ സന്തോഷിക്കാൻ കഴിയുന്നില്ല..മനസ്സ് നിറഞ്ഞു ചിരിച്ചിട്ടൊന്ന് നാളുകളായിരിക്കുന്നു..പ്രണയം ഇത്രയേറെ ഒരു മനുഷ്യനെ നോവിക്കുമോ??.. സ്വാധീനിക്കുമോ??...

അറിയുന്നില്ല.. ഒന്ന് മാത്രം അറിയാം.. എന്റെ പ്രണയം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.. ഈയൊരു നിമിഷം എരിഞ്ഞില്ലാതായെങ്കില്ലെന്ന് ആഗ്രഹിച്ചു പോകുന്നു...

ഓരോന്നാലോചിച്ചു ഇരിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്.. നോക്കിയപ്പോൾ ഹരിയാണ്... അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു...

"ഉറങ്ങിയോടോ.. "

കാതിൽ ഹരിയുടെ നേർത്ത പതിഞ്ഞ സ്വരം..

"ഇ.. ഇല്ല... "

ഇടർച്ചയോടെ പറഞ്ഞു..

"പിന്നെ എന്തൊക്കെ..വീട്ടിലെ തിരക്കെല്ലാം ഒഴിഞ്ഞോ... "

"മ്മ്... ഇല്ല.. "

"ഞാൻ തന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്  ഇങ്ങനെ പതർച്ചയോടെ സംസാരിക്കരുതെന്ന്.. താനെന്തിനാ എന്നെ ഭയക്കുന്നേ... "

അവന്റെ ശബ്ദത്തിൽ അല്പം നീരസം ഉണ്ടായിരുന്നു...

"എ. എനിക്ക്..."


അവൾ പറയാനായി തുനിഞ്ഞതും അപ്പുറത്തു നിന്ന് ഹരിയെ ആരോ വിളിക്കുന്നതും എന്തോ പറയുന്നതും കേട്ടു..


"എടോ ഞാൻ പിന്നെ വിളിക്കാം..ഇത്തിരി തിരക്കുണ്ട്.. താൻ കിടന്നോ.."

പെട്ടന്നവൻ ഫോൺ കട്ട്‌ ചെയ്തു.. ഇപ്രാവശ്യവും അവനോട് ഒന്നും പറയാൻ കഴിയാത്തതിന്റെ ദേഷ്യം അവളിൽ ഉടലെടുത്തു...

......(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story