പ്രിയമാനസം 💔: ഭാഗം 20

രചന: ശംസീന

പ്രിയയെ കോളേജിൽ ഇറക്കിയ ശേഷം ഹരി ഹോസ്പിറ്റലിലേക്ക് പോയി..പലതും മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു കൊണ്ടായിരുന്നു അവനന്ന് പ്രിൻസിനെ കാണാൻ ചെന്നത്... "ഹരി ഡോക്ടറോ.. ഞാനിന്ന് കണ്ടില്ലല്ലോയെന്ന് വിചാരിച്ചിരിക്കുവായിരുന്നു... " വാതിൽ കടന്നു വരുന്ന ഹരിയെ നോക്കി പ്രിൻസ് പറഞ്ഞു..ഹരി മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അവനടുത്തുള്ള സ്റ്റൂൾ വലിച്ചിട്ട് അരികിലേക്കിരുന്നു... "പ്രിൻസ്...അധികം വൈകാതെ തനിക്കിവിടെ നിന്നും പോവാം... അടുത്ത സെക്ഷൻ തെറാപ്പി കൂടി കഴിയുന്നതോടെ തന്റെ കാലുകളുടെ ചലന ശേഷി പൂർണമായും തിരിച്ചു കിട്ടും..."

ഹരിയുടെ വാക്കുകൾ അവനിൽ പ്രതീക്ഷ നിറച്ചു...എത്രയും പെട്ടന്ന് ആ സമയം അടുത്തു വന്നെങ്കിലെന്നവൻ അതിയായി ആഗ്രഹിച്ചു... "ഞാനിപ്പോ വന്നത് പ്രിൻസിനോട് മറ്റൊരു കാര്യം പറയാനാണ്... " ഹരി മുഖത്തെ പരിഭ്രമം മറച്ചു പിടിച്ച് പ്രിൻസിനെ നോക്കി...എങ്ങനെ പറയണം എവിടെ നിന്ന് തുടങ്ങണമെന്നറിയാതെ ഹരി ആകുലതപ്പെട്ടു... പക്ഷേ പ്രിൻസിനോടെങ്കിലും സത്യങ്ങൾ തുറന്നു പറഞ്ഞാൽ മാത്രമേ തന്റെയുള്ളിലെ ഭാരം കുറച്ചെങ്കിലും കുറയുകയുള്ളൂ എന്നവൻ ചിന്തിച്ചു... "ഡോക്ടറെ... " ഹരി ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് പ്രിൻസ് വിളിച്ചു... കലങ്ങിയ മിഴികളുയർത്തി ഹരി അവനെ തന്നെ ഉറ്റു നോക്കി...

ഹൃദയം ക്രമാതീതമായി മിടിച്ചു തുടങ്ങിയതും ഹരി പറയാനുള്ള കാര്യങ്ങളെ മനസ്സിൽ ചിട്ടപ്പെടുത്തി.. "പ്രിൻസേ,, ഞാൻ പറയാൻ പോവുന്ന കാര്യം തനിക്കെത്രത്തോളം ഉൾകൊള്ളാൻ കഴിയുമെന്നെനിക്കറിയില്ല... പക്ഷേ ഇനിയും ഇക്കാര്യങ്ങൾ തന്റെ അടുത്ത് നിന്ന് മറച്ചു വെക്കുന്നതും ശെരിയല്ല... " ഹരി പറയാൻ തുടങ്ങിയതും പ്രിൻസ് കയ്യുയർത്തി അവനെ തടഞ്ഞു.. "വേണ്ട ഡോക്ടറെ...ഡോക്ടർ പറയാൻ പോവുന്ന കാര്യമെന്താണെന്ന് എനിക്കറിയാം..."

പ്രിൻസ് പറഞ്ഞ വാക്കുകൾ ഹരി ഒരു തരം ഞെട്ടലോടെയാണ് കേട്ടത്...പ്രിൻസിന്റെ മിഴികളിലെ നിർവികാരത പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമായിരുന്നു... "ഇന്നലെ അവിചാരിതമായാണ് ഡോക്ടറുടെ വിവാഹ ഫോട്ടോ ഏയ്ഞ്ചൽ സിസ്റ്ററുടെ ഫോണിൽ ഞാൻ കാണുന്നത്.. ഡോക്ടറുടെ കൂടെ നിൽക്കുന്ന പെൺകുട്ടി ഒരു കാലത്ത് ഞാൻ സ്നേഹിച്ചിരുന്ന എന്റെ പ്രിയയാണെന്ന് തിരിച്ചറിയാൻ എനിക്കധികം സമയമൊന്നും വേണ്ടി വന്നില്ല.." എന്റെ പ്രിയാ പ്രിൻസിന്റെ ആ വാക്കുകൾ പലവട്ടം ഹരിയുടെ കാതുകളിൽ പ്രതിധ്വനിച്ചു... "പെട്ടന്ന് കണ്ടപ്പോൾ എനിക്കത് ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്നുള്ളത് സത്യം തന്നെയായിരുന്നു...

പക്ഷേ മുന്നിൽ തെളിയുന്ന സത്യങ്ങളെ നമ്മൾ അംഗീകരിച്ചേ മതിയാവൂ.. അതിപ്പോ എത്ര നോവ് നെഞ്ചിലേറ്റിയിട്ടാണെങ്കിലും.." അവന്റെ സ്വരമിടറി.. "പ്രിൻസേ ഞാൻ.. " ഹരി വാക്കുകൾക്കായി പരതി.. "ഡോക്ടറോ പ്രിയയോ ഇതിൽ തെറ്റുകാരല്ല.. സാഹചര്യമാവാം നിങ്ങളെ തമ്മിൽ ഒരുമിപ്പിച്ചത്..അതിനോട് ഞാനുമിപ്പോൾ പൊരുത്തപ്പെട്ട് കഴിഞ്ഞു... ഡോക്ടർ പറഞ്ഞത് പോലെ ഇനി എനിക്കിവിടെ നിന്നും എത്രയും പെട്ടന്ന് പോവണമെന്നുള്ളൊരു ആഗ്രഹം മാത്രമേയുള്ളൂ...

ഒരിക്കലും ഞാനവളുടെ മുന്നിലേക്ക് ചെല്ലില്ല.. നിങ്ങളുടെ ജീവിതത്തിലേക്കും.. ഒരു പക്ഷേ ഇപ്പോഴുമവൾ വിശ്വസിക്കുന്നത് ഞാൻ മരിച്ചു പോയെന്ന് തന്നെയായിരിക്കും അത് അത് പോലെ തന്നെ നിലനിൽക്കട്ടെ..." അവസാനത്തെ വാക്കുകൾ പറയവേ പ്രിൻസിന്റെ മിഴികൾ നിറഞ്ഞൊഴുകി... തന്റെ മുന്നിലിരുന്ന് കണ്ണുനീരടക്കാൻ പാട് പെടുന്ന പ്രിൻസിനെ കാണെ ഹരിയുടെ നെഞ്ച് വിങ്ങി.. വിറക്കുന്ന കൈകളോടെ ഹരി പ്രിൻസിന്റെ ചുമലിൽ പിടിച്ചു...

"ഡോക്ടർ വിഷമിക്കേണ്ട.. ഞാൻ.. ഞാൻ നിങ്ങളുടെ ജീവിതത്തിലേക്കൊരിക്കലുമൊരു കരടായി കടന്നു വരില്ല... നാട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോൾ അവളെ കാണാണമെന്നൊരാഗ്രഹമുണ്ടായിരുന്നു...ആ ആഗ്രഹം അത് പോലെ തന്നെ നിലനിൽക്കട്ടെ അല്ലേ ഡോക്ടറെ..." ഇടറുന്ന സ്വരത്തോടെ പ്രിൻസ് പറഞ്ഞു നിർത്തി.. "പ്രിൻസേ.. താനെന്നെ ധർമ സങ്കടത്തിലാഴ്ത്തരുത്... പ്രിയയെ കാണണമെന്നൊരാഗ്രഹം തനിക്കുണ്ടെങ്കിൽ ഞാനത് നിറവേറ്റി തരിക തന്നെ ചെയ്യും... വിവാഹത്തിന് മുന്നേ ഞാൻ ഇക്കാര്യങ്ങളൊക്കെ അറിയുകയായിരുന്നേൽ ഒരു പക്ഷേ ഇന്നവൾ നിന്റെ കൂടെ ഉണ്ടാവുമായിരുന്നു..

പക്ഷേ ഇപ്പൊ...!" പാതിയിൽ നിർത്തി ഹരി തലക്ക് കൈ താങ്ങി കുനിഞ്ഞിരുന്നു..കുറ്റബോധത്താൽ അവന്റെ ഉള്ളം ചുട്ടുപൊള്ളി... "വേണ്ട ഡോക്ടറെ അതേ പറ്റിയൊന്നും ഇനി സംസാരിക്കേണ്ട... ഡോക്ടർക്കവളെ എത്രത്തോളം ഇഷ്ടമാണെന്നുള്ളത് ഇന്നലെ ഏയ്ഞ്ചലിന്റെ വാക്കുകളിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണ്...അങ്ങനെയുള്ള ഡോക്ടറിൽ നിന്നും പ്രിയയെ ഞാൻ തട്ടിയെടുക്കുന്നത് കർത്താവിന് നിരക്കാത്ത കാര്യമാവും.. ഒരിക്കലും ഞാനത് ചെയ്യില്ല..." പ്രിൻസ് ഉറച്ച വിശ്വാസത്തോടെ പറഞ്ഞു.. "പ്രിയ.. അവൾക്ക് തന്നെ കാണണമെന്നുണ്ട്.. എന്നും എന്നോട് തന്നെ കണ്ടെത്തുന്ന കാര്യത്തെ കുറിച്ച് സംസാരിക്കാറുണ്ട്...

പക്ഷേ എന്റെ തൊട്ടടുത്തുണ്ടായിട്ടും എനിക്ക് തന്നെ കുറിച്ചവളോട് ഒരിക്കലും പറയാൻ തോന്നിയില്ല... അതെന്തു കൊണ്ടാണെന്നെനിക്കുമറിയില്ല... " ഹരിയുടെ വാക്കുകൾ പ്രിൻസിൽ പുഞ്ചിരി വിരിയിച്ചു.. "അതെന്തു കൊണ്ടാണെന്നോ ഡോക്ടർ അത്രമാത്രം അവളെ പ്രണയിക്കുന്നത് കൊണ്ട്... ആ പ്രണയം ഒരൊറ്റ നിമിഷം കൊണ്ട് തകർക്കാൻ മാത്രം ക്രൂരനല്ല ഞാൻ.." "അതേ പ്രിൻസ്.. എനിക്കവളെ ഒത്തിരി ഇഷ്ടമാണ് എന്റെ പ്രാണനാണ്...

ജീവിതാവസാനം വരെ എന്റെ കൂടെയുണ്ടാവണമെന്ന് ഞാനാഗ്രഹിക്കുന്ന ഒരു വ്യക്തിയും അവൾ മാത്രമാണ്...ഇതെല്ലാം എന്നിലെ സ്വാർത്ഥ യല്ലേ,, ആ സ്വാർത്ഥത തന്നെയാണ് സത്യങ്ങൾ അവളിൽ നിന്ന് മറച്ചു പിടിക്കാനും എന്നെ പ്രേരിപ്പിച്ചത്...ഒരു പക്ഷേ അവളെന്നെങ്കിലും സത്യങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ എങ്ങനെ പ്രതികരിക്കുമെന്നതിനെ കുറിച്ചെനിക്ക് ഭയമുണ്ട്... ആ നിമിഷത്തെ ഞാനേറെ ഭയപ്പെടുന്നു..." ഹരിയിൽ വല്ലാത്തൊരു പകപ്പ് നിറഞ്ഞു.. "അങ്ങനെയൊന്നുമുണ്ടാവില്ല ഡോക്ടറെ,, അതിനേക്കാളൊക്കെ മുന്നേ ഞാൻ നിങ്ങളുടെ കണ്ണെത്താ ദൂരത്തേക്ക് ഓടി മറഞ്ഞിരിക്കും ..." പ്രിൻസ് ഹരിയെ ആശ്വസിപ്പിച്ചു...

"പ്രിൻസിനെന്നോട് ദേഷ്യം തോന്നുന്നുണ്ടോ..." ഹരി അവന്റെ കൈകൾ കവർന്നു നിസ്സഹായനായി ചോദിച്ചു.. "അങ്ങനെയൊരിക്കലുമുണ്ടാവില്ല ഡോക്ടറെ...ഞാനിന്നിവിടെ ജീവനോടെ ഇരിക്കാൻ തന്നെ കാരണം ഡോക്ടറാണ്... അങ്ങനെയുള്ള ഡോക്ടറെ എനിക്കെങ്ങനെ വെറുക്കാൻ കഴിയും..." പ്രിൻസ് അലിവോടെ പറഞ്ഞു... ഒരുവേള തന്റെ മുന്നിലിരിക്കുന്ന ഹരിയോട് സഹതാപം തോന്നി...

പ്രിയപ്പെട്ടവൾക്ക് വേണ്ടി മറ്റൊരാളോട് യാചിക്കേണ്ടി വരുന്ന അവസ്ഥ എത്ര ദുസ്സഹമാണ്.. അവനോർത്തുപോയി... "ഞാനെന്നാൽ ഇറങ്ങട്ടെ.. ഡ്യൂട്ടിക്ക്‌ കയറാൻ സമയമായി... " കരഞ്ഞു കലങ്ങിയ കണ്ണുകൾ അവനിൽ നിന്നും മറച്ചു പിടിച്ച് ഹരി പുറത്തേക്കിറങ്ങി... ഹരി പോയെന്നുറപ്പായതും പ്രിൻസ് അലമുറയിട്ട് കരഞ്ഞു... പ്രിയയുടെ നഷ്ടം അവനിൽ വേദന നിറച്ചു... അവളുടെ ഓർമ്മകൾ അവനെ നോക്കി പല്ലിളിച്ചു...

ഒരിക്കലും തിരികെ കിട്ടാത്ത തന്റെ അപൂർണമായ പ്രണയത്തെ കുറിച്ചോർക്കേ അവന്റെ ഹൃദയം വിങ്ങി... ഹരിയോടൊപ്പം നിൽക്കുന്ന അവളുടെ പുഞ്ചിരി തൂകുന്ന മുഖം അവന്റെ ഹൃദയത്തിന്റെ അഴങ്ങളിലേക്ക് തുളച്ചു കയറി മുറിവേൽപ്പിച്ചു... വീണ്ടും അനാഥത്വമെന്ന പടുകുഴിയിലേക്കവൻ കാലിടറി വീണു... ഒരിക്കലും അതിൽ നിന്നുമൊരു മോചനമില്ലാത്ത വിധം... അവന്റെ നോവിനേയും കണ്ണുനീരിനെയും ഹൃദയത്തിലേറ്റി ഒരുവൾ ഒരു ചുമരിനിപ്പുറം മിഴിനീർ വാർക്കുന്നുണ്ടെന്നവനും അറിയാതെ പോയി............(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story