പ്രിയമാനസം 💔: ഭാഗം 21

രചന: ശംസീന

വാഷ് റൂമിൽ ചെന്ന് കണ്ണും മുഖവും കഴുകി ഏയ്ഞ്ചൽ പ്രിൻസിന്റെ മുറിയിലേക്ക് വന്നു..അവനപ്പോൾ കണ്ണുകൾക്ക്‌ കുറുകെ കൈ വെച്ച് കിടക്കുകയായിരുന്നു.. മിഴിക്കോണിലൂടെ ഒഴുകിയിറങ്ങുന്ന ചുടുനീർ അവന്റെയുള്ളിലെ നോവിനെ എടുത്തു കാട്ടി.. അവൾ പതിയെ അവനടുത്ത് വന്നിരുന്നു മുടിയിൽ തലോടി.. അവൻ കണ്ണുകൾ തുറന്നു.. അടുത്തിരിക്കുന്ന ഏയ്ഞ്ചലിനെ കണ്ടതും കൈകൾ മാറ്റി അവൻ വെറുതെ പുഞ്ചിരിക്കാൻ ശ്രമിച്ചു.. സ്വയമൊരു കോമാളിയുടെ മുഖംമൂടി അണിഞ്ഞെന്ന പോലെ.. "എല്ലാം കേട്ടു അല്ലേ... " പതിഞ്ഞതും വേദന തിങ്ങിയതുമായിരുന്നു അവന്റെ സ്വരം.. അവളൊന്നും തന്നെ മിണ്ടിയില്ല...

വെറുതെ അവന്റെ മുടിയിഴകളിൽ തഴുകി കൊണ്ടിരുന്നു... "അന്നത്തെ ആ അപകടത്തിൽ മരിച്ചു പോയിരുന്നെങ്കിൽ... " ബാക്കി പറയാൻ അനുവദിക്കാതെ ഏയ്ഞ്ചൽ അവന്റെ വാ മൂടി.. "നമ്മിൽ നിന്ന് വേർപ്പെട്ട് പോയതൊന്നും നമുക്ക് അവകാശപ്പെട്ടതല്ല...മരണത്തെ കുറിച്ച് ചിന്തിക്കുന്നതും ഇപ്പോഴുള്ള പ്രശ്നത്തിനൊരു പരിഹാരമല്ല... ആരുമില്ലെന്ന തോന്നലുണ്ടാവുമ്പോൾ ഇച്ചായൻ എന്നെയൊന്ന് ഓർത്താൽ മതി... ഇതുപോലെ ഏത് വേദനയിലും കൂടെയുണ്ടാവും..." അവൾ പറയുന്നതൊക്കെയും യാന്ത്രികമായവൻ കേട്ടിരുന്നു... "ഇച്ചായൻ... " അത് മാത്രം മനസ്സിൽ ആവർത്തിച്ചു മുഴങ്ങിക്കേട്ടു...

നേടിയെടുക്കമായിരുന്നിട്ടും വിട്ടു കൊടുക്കുന്നതും പ്രണയമല്ലേ...അതെ,, അത് തന്നെയാണ് പ്രണയം.. ഇനി ഒരിക്കലും ഒരുമിക്കില്ലെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും അത്രമേൽ തീവ്രതയിൽ സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ അവിടം മുതൽ എന്റെ പ്രണയം വിജയം നേടിക്കഴിഞ്ഞു... അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.. തന്റെ പ്രണയത്തെ ആർക്കും തന്നിൽ നിന്ന് അടർത്തിമാറ്റാൻ കഴിയാത്തവിധം മനസ്സിന്റെ ഒരു കോണിൽ അതിനെ ബന്ധിയാക്കി.. "നാളെ മുതൽ ഞാനുണ്ടാവില്ലാട്ടോ.. എനിക്ക് പകരം മേരി സിസ്റ്റർ വരും.. " നിറ മിഴികളാൽ ചെറു പുഞ്ചിരി മുഖത്ത് ചാലിച്ചവൾ പറഞ്ഞു.. "അതിന് സിസ്റ്റർ എവിടെ പോവാ... "

ചോദിക്കുന്നതിനൊപ്പം പ്രിൻസ് എഴുന്നേറ്റിരുന്നു.. "എനിക്ക് ദുബായിലേക്കൊരു വിസ റെഡിയായിട്ടുണ്ട്... അവിടുത്തെ ഹോസ്പിറ്റലിൽ നഴ്സ് ആയിട്ട്...അടുത്തമാസം ആദ്യത്തോടെ അവിടേക്ക് പോവും.. പക്ഷേ ഇയാളെ ഞാൻ മറക്കില്ലാട്ടോ.. എനിക്ക് ആദ്യമായും അവസാനമായും ഇഷ്ടം തോന്നിയത് ഇയാളോട് മാത്രമാണ്... പ്രിയേച്ചി ഭാഗ്യവാതിയാ.. കുറച്ച് കാലത്തേക്കാണെങ്കിലും ഇയാൾടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞല്ലോ..." ഏയ്ഞ്ചൽ അവന്റെ കൈകൾ കവർന്നു നഷ്ടബോധത്തോടെ പറഞ്ഞു.... "പോട്ടെ.." "എന്റെ കൂടെയുണ്ടാവുമെന്ന് പറഞ്ഞിട്ട് ഒറ്റക്കാക്കി പോകുവാണോ... " ഇടറുന്ന സ്വരത്തോടെ അവൻ ചോദിക്കേ അവന്റെ നെഞ്ചിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു..

"ഈ ഹൃദയത്തിൽ എനിക്കൊരിടം തരുമെങ്കിൽ എന്റെ ആയുസ്സൊടുങ്ങും വരെ കൂടെയുണ്ടാവും... അല്ലെങ്കിൽ... " വാക്കുകൾ പാതിയിൽ നിർത്തി അവനിൽ നിന്നും അടർന്നു മാറി.. "അല്ലെങ്കിൽ... " അവൻ ആകാംഷയോടെ മിഴികൾ ചുരുക്കി.. "എനിക്കറിയില്ല ഇച്ചായാ.. ഒന്നറിയാം ഇയാളെ അല്ലാതെ വേറൊരാളെയും എനിക്കിത്രമേൽ ആഴത്തിൽ സ്നേഹിക്കാൻ കഴിയില്ല... തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും സ്നേഹിച്ചു പോയി... മറക്കാൻ മാത്രം പറയരുത്... തനിച്ചാക്കി പോകുവല്ല ഒരു വിളിക്കപ്പുറം എപ്പോഴും ഞാനുണ്ടാവും..." അവന്റെ മുഖം കൈകുമ്പിലെടുത്തവൾ ആർദ്രമായി പറഞ്ഞ് മുറിവിട്ട് പുറത്തേക്ക് പോയി..

അവൾ പോയതും പ്രിൻസിന്റെ നെഞ്ചിലൊരു കല്ല് കയറ്റി വെച്ചത് പോലൊരു ഭാരം അനുഭവപ്പെട്ടു..ഏയ്ഞ്ചലിന്റെ കലങ്ങിയ കണ്ണുകൾ അവന്റെ ഉള്ളം പൊള്ളിച്ചു കൊണ്ടിരുന്നു.. ഒരിക്കലും കഴിയില്ല പെണ്ണേ എനിക്കെന്റെ പ്രണയം പങ്കു വെക്കാൻ.. ഉള്ളം അവളോട് മന്ത്രിച്ചു കൊണ്ടിരുന്നു... ****** ഹരി ഉച്ചക്ക് ശേഷം ലീവെടുത്ത് വീട്ടിലേക്ക് പോയി.. പ്രിയ കോളേജ് കഴിഞ്ഞ് വന്നിട്ടില്ലായിരുന്നു.. കടുത്ത തലവേദന അനുഭവപ്പെട്ടതും ഫ്രഷാവുക കൂടെ ചെയ്യാതെ അവൻ സോഫയിലേക്ക് കിടന്നു...ആ കിടപ്പിൽ തന്നെ ഗാഡമായ നിദ്രയിലേക്കവൻ ആണ്ടു പോയി.. പ്രിയ കോളേജിൽ നിന്ന് തിരിച്ചു വന്നപ്പോൾ ഹരിയുടെ കാറ് മുറ്റത്ത് കിടപ്പുണ്ടായിരുന്നു..

കുറേ തവണ വാതിലിൽ തട്ടിവിളിച്ചെങ്കിലും അകത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല... അവൻ കുളിക്കുകയോ മറ്റോ ചെയ്യുകയായിരിക്കുമെന്ന് കരുതി കയ്യിലുള്ള സ്‌പേർ കീ ഉപയോഗിച്ചവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി.. സോഫയിൽ കിടക്കുന്ന ഹരിയെ കണ്ടതും അവൾ വെപ്രാളത്തോടെ അവനടുത്തേക്ക് ചെന്നു.. "ഹരിയേട്ടാ,, ഹരിയേട്ടാ... " വേവലാതി പൂണ്ട അവളുടെ വിളികേട്ട് ഹരി കണ്ണുകൾ വലിച്ചു തുറന്നു... "താൻ വന്നോ... " അവൻ അടഞ്ഞ ശബ്‍ദത്തിൽ ചോദിച്ച് എഴുന്നേറ്റിരുന്നു.. "ഹരിയേട്ടന് വയ്യായ്ക വല്ലതുമുണ്ടോ..? " അവളവന്റെ കഴുത്തിലും നെറ്റിയിലുമെല്ലാം തൊട്ടു നോക്കി..

"കുഴപ്പമൊന്നുമില്ലെടോ.. ചെറിയൊരു തലവേദന.. " അവൻ അവളുടെ കൈ പിടിച്ചു വെച്ചു.. "ഹരിയേട്ടനെന്താ പറ്റിയേ.. ആകെക്കൂടെ മൂഡോഫ് ആണെന്ന് തോന്നുന്നല്ലോ... " അവന്റെ മനസ്സ് വായിച്ചെന്ന പോലെ അവൾ തിരക്കി.. "എനിക്കൊന്നുമില്ലെടോ.. എല്ലാം തന്റെ തോന്നലാ.." "തോന്നലൊന്നുമല്ല,, ഞാൻ ഹരിയേട്ടനെ ഇന്നാദ്യമായിട്ടൊന്നുമല്ലല്ലോ കാണുന്നത്.. പറ,, എന്തു പറ്റിയെന്ന്.. " പ്രിയ അവനടുത്തേക്കിരുന്ന് അലിവോടെ ചോദിച്ചു... കാൽമുട്ടുകൾക്കിടയിലേക്ക് ഇരു കൈകളും തിരുകി വെച്ചവൻ അവളുടെ തോളിലേക്ക് തലചായ്ച്ചു... ദുഃഖം തളം കെട്ടിയ പ്രിൻസിന്റെ മിഴികൾ അവന്റെ മനസ്സിൽ നിന്നും മായുന്നതേയില്ലായിരുന്നു...

"പ്രിയേ,, എന്നെങ്കിലുമൊരിക്കൽ ഞാൻ നിന്നോടെന്തെങ്കിലും മറച്ചു വെച്ച് ചതിച്ചുവെന്ന് നിനക്ക് തോന്നിയാൽ എന്തായിരിക്കും നിന്റെ പ്രതികരണം.." "അങ്ങനെയൊന്നുണ്ടാവില്ല.. എന്റെ ഹരിയേട്ടന് എന്നിൽ നിന്ന് ഒന്നും തന്നെ മറച്ചു വെക്കാനറിയില്ലെന്ന് എനിക്കറിയില്ലേ.. പിന്നെന്താ...ഇനി അങ്ങാനെയുണ്ടായാൽ തന്നെ അതിന് പിന്നിൽ തക്കതായ കാരണവുമുണ്ടാവും..." അവനിലുള്ള വിശ്വാസത്തോടെ അവൾ പറഞ്ഞു..

"തനിക്കെന്നെ അത്രക്ക് വിശ്വാസമാണോ...?" അമ്പരപ്പോടെ മിഴികളുയർത്തി ഹരി അവളെ നോക്കി.. "എന്നേക്കാൾ വിശ്വാസമാണ് എനിക്കെന്റെ ഹരിയേട്ടനെ... " പറഞ്ഞു കഴിഞ്ഞതും പ്രിയ അവനെ മുറുകെ പുണർന്നു..അവൾക്ക് തന്നോടുള്ള വിശ്വാസവും സ്നേഹവും മനസ്സിലാക്കെ ഹരിയുടെ നെഞ്ചകം കുറ്റബോധത്താൽ വിങ്ങി.. ****** ദിവസങ്ങൾ കഴിഞ്ഞുപോയി.. പ്രിയയുടെ ലോകം പൂർണമായും ഹരിയിലേക്കൊതുങ്ങി.. അവിടെ പ്രിൻസോ മധുരിക്കുന്ന അവന്റെ ഓർമ്മകളോ ഒന്നും തന്നെയുണ്ടായിരുന്നില്ല...

ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമായി അവരുടെ ജീവിതം മുന്നോട്ട് പോയി.. എന്നിരുന്നാലും പ്രിൻസ് ഹരിയുടെയുള്ളിലൊരു നോവായി തന്നെ തങ്ങി നിന്നു... "ഇനി എപ്പോഴാ മടക്കം ഹരിയേട്ടാ.." ബാഗ് പാക്ക് ചെയ്യുന്ന ഹരിയോടായി പ്രിയ ചോദിച്ചു.. "ഏറിപ്പോയാൽ രണ്ടാഴ്ച...താൻ ഹോസ്റ്റലിലേക്ക് മാറുകയാണെന്ന് ഉറപ്പാണോ.. ഇല്ലേൽ ഞാൻ തന്നെ തന്റെ വീട്ടിൽ കൊണ്ട് ചെന്നാക്കാം.." ബാഗിന്റെ സിബ്ബ് അടച്ചിട്ടവൻ അവളുടെ അടുത്തേക്ക് ചെന്നു..

ഹരി മെഡിക്കൽ കോൺഫ്രൻസുമായി ബന്ധപ്പെട്ട് വൈകുന്നേരത്തെ ഫ്ലൈറ്റിൽ മുബൈയിലേക്ക് പോവുകയാണ്...തിരികെ വരാൻ രണ്ടാഴ്ചയെടുക്കും.. "ഹോസ്റ്റലിലേക്ക് പോകാം.. അതാ നല്ലത്.. " "അതെന്താടോ വീട്ടിലേക്ക് പോയാൽ.. വിവാഹം കഴിഞ്ഞിട്ടിതുവരെ താനവിടെയൊന്ന് നിന്നിട്ടില്ലല്ലോ.. അവർക്കും ഉണ്ടാവില്ലേ തന്റെ കൂടെ നിൽക്കണമെന്ന് ആഗ്രഹം... ഇനി തന്റെ അച്ഛൻ ചെയ്തതൊക്കെ ഓർത്തിട്ടാണേൽ പോവാതിരിക്കേണ്ട.. പ്രിൻസിന് യാതൊരു കുഴപ്പവുമില്ല..."

"അതെങ്ങനെ ഹരിയേട്ടനറിയാം.. " പ്രിയ ചോദിക്കുന്നത് കേട്ടാണ് താനെന്താണ് പറഞ്ഞതെന്ന ബോധം അവനുണ്ടായത്.. "അത്.. ഞാനെന്റെയൊരു ഊഹം പറഞ്ഞതാ.. താൻ റെഡിയാവാൻ നോക്ക്‌.നമുക്ക് ഒരുമിച്ചിറങ്ങാം.. " പതർച്ചയോടെ പറഞ്ഞിട്ടവൻ തിടുക്കം കൂട്ടി... ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ബാക്കിയാക്കി പ്രിയ റെഡിയായി വന്നു.. ഇരുവരും വീട് പൂട്ടി ഒരുമിച്ചിറങ്ങി.. പ്രിയയെ അവളുടെ വീട്ടിലാക്കി ഹരി എയർപോർട്ടിലേക്ക് പോയി............(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story