പ്രിയമാനസം 💔: ഭാഗം 22

രചന: ശംസീന

"എത്ര കാലമായല്ലേ നമ്മളിങ്ങനെ ഒത്തു കൂടിയിട്ട്... വിവാഹം കഴിഞ്ഞതിൽ പിന്നെ നിനക്ക് വീടും വീട്ടുകാരും വേണ്ടെന്ന മട്ടായിരുന്നല്ലോ...." അത്താഴമെല്ലാം കഴിച്ച് ലിവിങ് റൂമിലിരുന്ന് സംസാരിക്കുകയായിരുന്നു പ്രിയയും കുടുംബവും.. അതിനിടക്കാണ് ഗംഗ തന്റെ പരിഭവം പറഞ്ഞത്.. "അങ്ങനെയൊന്നുമില്ല ചേച്ചി.. അതൊക്കെ ചേച്ചിയുടെ തോന്നലാ..കോളേജും പഠിത്തവുമൊക്കെയായിട്ട് നല്ല തിരക്കായിരുന്നു.. പിന്നെ അമ്മയും ഇപ്പൊ അവിടില്ലല്ലോ..." പ്രിയ പറഞ്ഞു.. "ആരുമവിടെ ഇല്ലാതിരുന്ന സ്ഥിതിക്ക് നിനക്കും അവനും കൂടി രണ്ട് ദിവസം ഇവിടെ വന്ന് നിൽക്കാൻ മേലായിരുന്നോ..

വാശി അല്ലാതെന്താ ഇതിനൊക്കെ പറയാ... " ഗൗരവത്തോടെ അത്രയും പറഞ്ഞ് അച്ഛൻ അവിടെ നിന്ന് എഴുന്നേറ്റ് പോയി.. അവളൊരു ദീർഘ ശ്വാസം അയച്ചു വിട്ടു... "നീയും ഹരിയും എങ്ങനെയാ... പഴയത് പോലെ ഞങ്ങളെ കാണിക്കാൻ വേണ്ടിയുള്ള സ്നേഹമാണോ... " ഗംഗ ചോദിച്ചപ്പോൾ പ്രിയ അതിനെ കുറിച്ചൊന്ന് ചിന്തിച്ചു.. ആദ്യ കാലങ്ങളിൽ തനിക്കായിരുന്നല്ലോ ഹരിയേട്ടനോട് അകൽച്ച അപ്പോഴും ആള് തന്നെ സ്നേഹത്തോടെ ചേർത്ത് നിർത്തിയിട്ടേയുള്ളൂ.. "നീയെന്താ ഇത്രമാത്രം ചിന്തിക്കുന്നേ പ്രിയാ." മറുപടി പറയാതെയുള്ള അവളുടെ ഇരിപ്പ് കണ്ട് ഗംഗയുടെ നെറ്റിചുളിഞ്ഞു...

"ഒന്നുല്ല ചേച്ചി.. ഞാൻ വെറുതെ... " "മ്മ്... " ഗംഗക്ക് അവളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ സംശയങ്ങൾ തോന്നിയിരുന്നു.. "ഹരിയുടെ അമ്മയൊക്കെ എങ്ങനാ മോളേ.. സ്നേഹത്തിൽ തന്നെയാണോ... " അമ്മ ചോദിക്കേ അവളുടെ മുഖം തെളിഞ്ഞു... ഈ അമ്മയേക്കാൾ എനിക്കിഷ്ടം ആ അമ്മയെയാണെന്ന് പറയാൻ തോന്നിയെങ്കിലും അമ്മയെ വിധമിപ്പിക്കേണ്ടെന്ന് കരുതിയവൾ പറഞ്ഞില്ല.. "പാവമാ അമ്മേ.. എന്നെ വലിയ കാര്യമാ. എന്നും വിളിക്കും വിഷേശങ്ങളൊക്കെ ചോദിച്ച്..." "ശ്രീക്ക് ഇതിപ്പോൾ എത്രാം മാസമാ... " അമ്മ അവിടുത്തെ വിശേഷങ്ങൾ ഓരോന്നായി തിരക്കി.. "നാല് കഴിഞ്ഞു...

ആറ് മാസം കഴിഞ്ഞാൽ നാട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു... " "അത് നന്നായി,,എത്രയെന്നുnവെച്ചാ നീയും അവനും തനിച്ചിങ്ങനെ അവിടെ കഴിയുന്നേ.. മിണ്ടാനും പറയാനുമൊക്കെ ആരെങ്കിലും വേണ്ടേ..." ഒറ്റപ്പെടലിന്റെ വേദനയിൽ അമ്മ മനം ഉരുകി...ഉണ്ടായിരുന്ന രണ്ട് പെണ്മക്കളേയും കെട്ടിച്ചു വിട്ടപ്പോൾ ആ വലിയ വീട്ടിൽ ഒറ്റപ്പെട്ട് പോയത് അവരായിരുന്നു.. ഒരു മകനില്ലാതെ പോയ ദുഃഖം ദിവസങ്ങൾ ചെല്ലുന്തോറും അവരെ നിരാശയാക്കി മാറ്റിയിരുന്നു... അമ്മ എഴുന്നേറ്റ് മുറിയിലേക്ക് പോയതും ഗംഗ പ്രിയയുടെ അടുത്തേക്കിരുന്നു... "പ്രിയേ,,,പ്രിൻസിനെ കുറിച്ചെന്തെങ്കിലും വിവരം..." ഗംഗ ശബ്‍ദം താഴ്ത്തി ചോദിച്ചു..

"ഇല്ല ചേച്ചി.. ഹരിയേട്ടൻ അന്യോഷിക്കാമെന്ന് പറഞ്ഞിരുന്നു...ഇതുവരെ വിവരമൊന്നും പറഞ്ഞു കേട്ടില്ല..." അവളൊരു നെടുവീർപ്പയച്ചു വിട്ടു.. "അവനെവിടെയെങ്കിലുമുണ്ടാകും പ്രിയേ.. ചിലപ്പോൾ വരാൻ കഴിയാത്ത സാഹചര്യമാണെങ്കിലോ..വിഷമിക്കാതെ.. "ഹരിയോട് നിനക്കെന്തെങ്കിലും ഇഷ്ടക്കേടുണ്ടോ.." "ഏയ്‌,,ഞാനും ഹരിയേട്ടനും നല്ല സ്നേഹത്തിൽ തന്നെയാ...പ്രശ്നമൊന്നുമില്ല... ചേച്ചിക്കറിയോ എന്റെ ഓരോ കാര്യങ്ങളും എന്നേക്കാൾ കൂടുതൽ അറിയുന്നത് ഹരിയേട്ടനാ.. ഇപ്പൊ തന്നെ ഞാനിവിടേക്ക് വരാനിരുന്നതല്ല,, ആൾടെ ഒരൊറ്റ നിർബന്ധം കൊണ്ടിങ്ങോട്ട് വന്നു എന്നേയുള്ളൂ.." "നിനക്ക് നമ്മുടെ അച്ഛനോടിപ്പോഴും ദേഷ്യമുണ്ടോ..?

" ഗംഗ അവളുടെ കൈകൾ കവർന്നു വാത്സല്യത്തോടെ തലോടി.. "ദേഷ്യമുണ്ടായിരുന്നു ആദ്യമൊക്കെ ഇപ്പോഴതില്ല... അല്ലേലും എന്റെ ജീവിതമിങ്ങനെ ആയതിന് ആരേയും പഴിച്ചിട്ട് കാര്യമില്ലല്ലോ.. " അതും പറഞ്ഞവൾ അവിടെ നിന്ന് എഴുന്നേറ്റ് പോയി.. മുറിയിൽ ചെന്ന് ഫോണെടുത്ത് നോക്കുമ്പോൾ ഹരിയുടെ രണ്ട് മിസ്സ്ഡ് കാളുണ്ടായിരുന്നു.. അവൾ തിരിച്ചു വിളിച്ചു.. "ഹലോ മോളേ.. " വീഡിയോ കാൾ ആയിരുന്നു.. ഹരിയുടെ അമ്മയായിരുന്നു ഫോൺ എടുത്തത്.. "അമ്മേ.. " "എന്തുണ്ട് മോളേ വിശേഷം... " "സുഖം.. അവിടെയൊ.. ശ്രീയേച്ചി എവിടെ.. " പ്രിയ ചോദിച്ചതും അമ്മ ഫോൺ ശ്രീലക്ഷ്മിയുടെ നേരെ തിരിച്ചു..

ചെറുതായി വീർത്തുന്തിയ വയറും താങ്ങി അവളപ്പോൾ സോഫയിൽ ഇരിക്കുകയായിരുന്നു... പ്രിയ നറു ചിരിയോടെ അവളോടും വിശേഷങ്ങളൊക്കെ തിരക്കി.. "ഹരി കുറച്ച് മുന്നേയാണ് എത്തിയത്.. കുളിക്കുവാ,, കഴിഞ്ഞോന്ന് പോയി നോക്കിയിട്ട് വരാം.. " അവർ ഫോണുമായി ഹരിയുടെ അടുത്തേക്ക് ചെന്നു.. "ആരാ അമ്മേ..? " ഡ്രസ്സ്‌ മാറിക്കൊണ്ടിരുന്ന ഹരി തിരക്കി.. "മോളാ... " ഫോൺ അവന്റെ കയ്യിലേക്ക് കൊടുത്തവർ മുറിവിട്ട് പോയി.. "താനെവിടെയായിരുന്നെടോ... കുറേ നേരം കൊണ്ട് വിളിക്കുന്നതാ.. വീട്ടിലെത്തിയപ്പോൾ നമ്മളെയൊക്കെ മറന്നോ.. " അവൻ കുസൃതിയോടെ ചോദിച്ചു വാതിൽ ചാരി ബെഡിലേക്ക് കിടന്നു..

"അങ്ങനെ മറക്കാനാണോ ഇയാളെ ഞാൻ സ്നേഹിച്ചത് അല്ലല്ലോ... ഇനി എപ്പോഴാ തിരിച്ചു വരാ.. എനിക്കെന്റെ ഹരിയേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.. " പ്രണയാതുരയായവൾ പറയവേ അവന്റെ മിഴികൾ വിടർന്നു.. "വന്നിട്ട് ഒരു ദിവസം പോലുമായില്ലല്ലോ കൊച്ചേ... എത്രയും പെട്ടന്നിവിടുത്തെ ജോലി തീർത്തിട്ട് വരാൻ നോക്കാം..." അവനും അവളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.. "തിരിച്ചു വരുമ്പോൾ ഹരിയേട്ടനൊരു സർപ്രൈസുണ്ട് ... " "സർപ്രൈസോ.. അതെന്താ..? " നെറ്റിച്ചുളിച്ചവൻ ചോദിച്ചു.. "എടോ കള്ള ഡോക്ടറെ അതിനല്ലേ സർപ്രൈസെന്ന് പറയുന്നത്..." അവൾ പൊട്ടി ചിരിച്ചു.. "ഓ അങ്ങനെ.. അപ്പൊ വരുന്നത് വരെ കാത്തിരിക്കണം അല്ലേ.. "

പറഞ്ഞിട്ടവൻ ദീർഘമായി നിശ്വസിച്ചു... "മ്മ്... " നിറ പുഞ്ചിരിയാൽ അവളും മൂളി.. ആരേയും മയക്കുന്ന അവളുടെ മനോഹരമായ പുഞ്ചിരിയിൽ അവൻ സ്വയം മറന്ന് ലയിച്ചിരുന്നു.. ഇരുവരുടേയും സംസാരം മണിക്കൂറുകളോളം നീണ്ടു പോയി.. "പ്രിയേ.. " സംസാരിച്ച് സംസാരിച്ചൊടുവിൽ പ്രിയയുടെ ശബ്‍ദമൊന്നും കേൾക്കാതെ വന്നപ്പോൾ ഹരി വിളിച്ചു... അവളുടെ നിശ്വാസം കാതിൽ പതിച്ചതും അവളുറങ്ങിയെന്ന് മനസ്സിലായി.. അവളുടെ പുഞ്ചിരിക്കുന്ന മുഖം ഹൃദയത്തിലേക്കാവാഹിച്ചു അവനും നിദ്രയെ പുണർന്നു... ******* "നീയെന്താ പെണ്ണേ ഇങ്ങനെ ആലോചിച്ചിരിക്കുന്നെ. എന്തെങ്കിലും പ്രശ്നമുണ്ടോ...? "

രാത്രിയിൽ ഉറങ്ങാതെ കാൽ മുട്ടിൽ മുഖം ചായ്ച്ചു കട്ടിലിലിരിക്കുന്ന ഏയ്ഞ്ചലിനെ നോക്കി അനിത ചോദിച്ചു.. ഇരുവരും റൂം മേറ്റ്സാണ്.. അതിലുപരി നല്ല കൂട്ടുകാരും... "ഞാൻ വെറുതെ.. ഇനി രണ്ടാഴ്ച കൂടിയല്ലേ ഇവിടുള്ളൂ... അത് കഴിഞ്ഞാൽ ഞാനുമൊരു പ്രവാസിയല്ലേ..രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നാടിന്റെ പച്ചപ്പ് തേടി വരുന്ന വിരുന്നുകാരി... " അവൾ വിലപിച്ചു... "ഇത്രയേറെ സങ്കടമാണേൽ നീയെന്തിനാ ഏയ്ഞ്ചൽ ഇവിടം വിട്ടു പോവുന്നത്... നിനക്ക് ജീവിക്കാനുള്ളത് ഇവിടെ നിന്നായാലും കിട്ടില്ലേ... " അനിത അലിവോടെ അവളെ നോക്കി... എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന ഏയ്ഞ്ചലിനെ ഇത്രമാത്രം തളർന്ന അവസ്ഥയിൽ അവളാദ്യമായിട്ടായിരുന്നു കാണുന്നത്..

"ഇനി ഇവിടെ തുടർന്നാൽ ശെരിയാവില്ലെടി പോയേ പറ്റൂ... ഇവിടെ നിന്നാൽ ചിലപ്പോൾ എന്റെ മനസ്സ് വീണ്ടും പ്രിൻസിലേക്ക് ചാഞ്ഞാലോ... ഒരു പക്ഷേ അതയാളെ മാനസികമായി തളർത്തും.." പ്രിൻസിന്റെ ഓർമയിൽ അവളുടെ ഉള്ളം പൊള്ളി... 'അതൊക്കെ നിന്റെ തോന്നലാ.. ആൾക്ക് ആദ്യമൊരു പ്രണയമുണ്ടായെന്ന് കരുതി വീണ്ടുമൊരാളെ സ്നേഹിച്ചു കൂടാ എന്നൊന്നും ഇല്ലല്ലോ..." അനിത അവളെ ആശ്വസിപ്പിച്ചു..

"അങ്ങനെ വല്ലതുമുണ്ടായിരുന്നേൽ ഞാനെല്ലാം തുറന്ന് പറഞ്ഞ നേരത്ത് തന്നെ എനിക്കെന്തെങ്കിലുമൊരു സൂചന തന്നേനെ.. ഇതിപ്പോ ആളൊന്നും പറഞ്ഞില്ലല്ലോ.. " ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു.. "പ്രതീക്ഷ കൈ വിടാതെ പെണ്ണേ... അവസാന നിമിഷം വരെ വിജയത്തിനായി പോരാടണമെന്നല്ലേ പറയാ...അതുപോലെ തന്നെയാ ഇതും.. നിനക്ക് പോകാൻ ഇനിയും രണ്ടാഴ്ച സമയമുണ്ടല്ലോ അത് വരെ ക്ഷമയോടെ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കാം.." അനിതയുടെ വാക്കുകൾ അവളിൽ പ്രതീക്ഷ നിറച്ചു.. നല്ലൊരു നാളേക്കായി അവളും കാത്തിരുന്നു.............(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story