പ്രിയമാനസം 💔: ഭാഗം 23

രചന: ശംസീന

മുറിയിലേക്ക് മരുന്നുകളുമായി കടന്നു വരുന്ന മേരി സിസ്റ്ററെ കണ്ട് പ്രിൻസിന്റെ മുഖം മങ്ങി... മനസ്സിൽ നിരാശ വന്നു പൊതിഞ്ഞു... "എന്താണ് ഏയ്ഞ്ചൽ സിസ്റ്ററുടെ രാജകുമാരന്റെ മുഖത്തിനത്ര വോൾട്ടേജ് പോരല്ലോ... " കഴിക്കാനുള്ള മരുന്നെടുത്ത് അവന്റെ കൈ വെള്ളയിലേക്ക് വെച്ച് കൊടുക്കുന്നതിനിടയിൽ മേരി തിരക്കി..അതിനൊരു വേദന കലർന്ന പുഞ്ചിരി മാത്രം മറുപടിയായി നൽകിയവൻ "അയാള് പോയോ...?" പുറത്തേക്ക് പോകാൻ തുടങ്ങിയ മേരി അവന്റെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി.. "ആര്...?" അവരുടെ നെറ്റിചുളിഞ്ഞു.. "ഏയ്ഞ്ചൽ സിസ്റ്ററ്... " മുഖം കുനിച്ചവൻ ചോദിച്ചു..

"ഇല്ല,, നാളെ രാത്രിയാണ് ഫ്ലൈറ്റ് എന്ന് പറഞ്ഞിരുന്നു... " അതും പറഞ്ഞ് മേരി അവിടെ നിന്ന് പോയതും പ്രിൻസ് കട്ടിലിലേക്ക് കിടന്നു... തീർത്തും ഒറ്റപ്പെട്ടത് പോലെ അവന് തോന്നി... ഇവിടെ തനിക്കാകെയുള്ള ആശ്വാസമെന്ന് പറയാനുണ്ടായിരുന്നത് ഹരി ഡോക്ടറും ഏയ്ഞ്ചലുമായിരുന്നു.. മനഃപൂർവമല്ലെങ്കിൽ കൂടി ഇരുവരും തന്നിൽ നിന്നൊരു അകലം പാലിക്കുന്നു... ഹരി ഡോക്ടർ നാളെ രാവിലെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു...അന്ന് തന്നെ താനും ഇവിടെ നിന്ന് എന്നന്നേക്കുമായി വിടപറയും... ഒരു കണക്കിന് അതു തന്നെയാണ് നല്ലതും... ചിന്തകൾ പഴയകാല ജീവിതത്തിലേക്ക് സഞ്ചരിച്ചു തുടങ്ങി...

അവിടെ പ്രിയയുടെ പുഞ്ചിരിക്കുന്ന മുഖം മാഞ്ഞ് ഏയ്ഞ്ചലിന്റെ ദയനീയമായ മുഖവും നിറഞ്ഞു തുളുമ്പിയ മിഴികളും പ്രത്യക്ഷപ്പെടുന്നത് അവനൊരു നോവോടെ അറിഞ്ഞു.. ****** രാവിലെ ഹരി എത്തുമെന്ന് തലേന്ന് രാത്രി വിളിച്ചപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു... അതനുസരിച്ച് പ്രിയ പുലർച്ചെ വീട്ടിൽ നിന്നിറങ്ങി ഹരിയുടെ വീട്ടിലേക്ക് ചെന്നു.. അച്ഛനായിരുന്നു അത് വരെ കൊണ്ടുവിട്ടത്... രണ്ടാഴ്ചയോളം ആൾ പെരുമാറ്റമില്ലാതെ പൂട്ടി കിടന്നിരുന്നത് കൊണ്ട് അത്യാവശ്യം പൊടിയും മാറാലയുമൊക്കെയുണ്ടായിരുന്നു... അവൾ ഒരരികിൽ നിന്ന് ഓരോന്നായി ചെയ്തു തുടങ്ങി....

പണിയെല്ലാം ഒരുങ്ങി രാവിലത്തേക്കുള്ളതും ഉച്ചക്കത്തേക്കുള്ളതുമായ ഭക്ഷണമൊക്കെ റെഡിയാക്കി ഫോണെടുത്ത് നോക്കുമ്പോഴാണ് ഹരിയുടെ മെസേജ് കണ്ടത്... ഇവിടെ എത്തിയെന്നും ഹോസ്പിറ്റലിൽ ചെന്ന് പേഷ്യൻസിനെയൊക്കെ കണ്ട് ഉച്ചയോടെ വീട്ടിലേക്കെത്തുകയുള്ളൂ എന്നും പറഞ്ഞായിരുന്നു മെസ്സേജ്... അത് വായിച്ചപ്പോൾ സങ്കടം തോന്നിയെങ്കിലും അവനെ ഒരു നോക്ക് കാണാനും ആ നെഞ്ചോട് ചേർന്ന് ഇത്രയും നാൾ കാണാതിരുന്നതിലുള്ള പരിഭവം പറയാനും കൊതിയേറെയായിരുന്നു... അവനൊരു സർപ്രൈസ് ആയിക്കോട്ടെയെന്ന് കരുതിയവൾ കയ്യിൽ കിട്ടിയൊരു ജീൻസ് പാന്റും ടോപ്പും എടുത്ത് ധരിച്ച് വീട് പൂട്ടി ഹോസ്പിറ്റലിലേക്കിറങ്ങി...

ഓട്ടോയിലാണ് ഹോസ്പിറ്റലിലേക്ക് തിരിച്ചത്.. അവിടെയെത്തി റിസപ്ഷനിസ്റ്റിനോട് ചോദിച്ച് റൂം നമ്പർ 106 ലക്ഷ്യം വെച്ച് നീങ്ങി... ******* "ഇറങ്ങാനായോ...?" ബാഗ് പാക്ക് ചെയ്യുന്ന പ്രിൻസിനെ നോക്കി മുറിയിലേക്ക് കയറി വന്ന ഹരി ചോദിച്ചു... "ഇല്ല... ഡോക്ടറേ കണ്ടിട്ടേ പോകുന്നുള്ളൂ എന്ന് കരുതി നിൽക്കുവായിരുന്നു..." പ്രിൻസ് പുഞ്ചിരിയോടെ അടുത്തേക്ക് ചെന്ന് ഹരിയെ പുണർന്നു... "ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... അത്രക്കുണ്ട് കടപ്പാടുകൾ... " അവന്റെ മിഴികൾ ഈറനണിഞ്ഞു.. "ഒരൊറ്റ നന്ദി വാക്കിൽ തീർക്കാനുള്ളതാണോ നമ്മൾ തമ്മിലുള്ള ബന്ധം... " ഹരി ചോദിച്ചു...

പ്രിൻസ് മറുപടിയൊന്നും പറയാതെ പുഞ്ചിരിച്ചു... "ഇനി എങ്ങോട്ടാ...?" "അറിയില്ല..." പ്രിൻസിൽ നിസ്സഹായനായി നിന്നു... ആ സമയം ഹരി കയ്യിൽ കരുതിയിരുന്ന കവർ അവനെ ഏൽപ്പിച്ചു...ഇതെന്താണെന്ന രീതിയിൽ പ്രിൻസ് ഹരിയെ നോക്കി.. "പുതിയ ജോലിക്കുള്ള അപ്പോയ്മെന്റ് ലെറ്ററാണ്.. എന്റെ ഫ്രണ്ടിന്റെ ഓഫീസാണ്...പ്രിൻസ് ഡിഗ്രി കംപ്ലീറ്റ് ചെയ്തതല്ലേ.. പേടിക്കേണ്ട,, പറ്റുമെങ്കിൽ നാളെ തന്നെ ചെന്ന് അവനെ കണ്ടോളൂ..." ഹരി അവന്റെ തോളിൽ തട്ടി.. "ഇതിനൊക്കെ ഞാൻ.. " ബാക്കി പറയാൻ കഴിയാതെ പ്രിൻസ് വിതുമ്പി.. "ഏയ്‌.. എന്താടോ,, കൊച്ചു പിള്ളേരെ പോലെ... " ഹരി പറഞ്ഞത് കേൾക്കെ പ്രിൻസ് നിറഞ്ഞ പുഞ്ചിരിയോടെ മിഴികൾ തുടച്ചു...

"തനിക്ക് പ്രിയയെ കാണേണ്ടേ.. " പെട്ടന്നായിരുന്നു ഹരി ചോദിച്ചത്... "വേണ്ട ഡോക്ടറെ.. ആ അധ്യായം ഞാൻ മടക്കിവെച്ചതാണ്.. ഇനി ഒരിക്കൽ കൂടി തുറന്ന് നോക്കി ഉള്ളിലെ നീറ്റൽ കൂട്ടുന്നില്ല... എവിടെയായിരുന്നാലും അവൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി...ഡോക്ടറുടെ കൂടെയാവുമ്പോൾ അവളുടെ സന്തോഷത്തിന് യാതൊരു കുറവും വരില്ലെന്നെനിക്കുറപ്പുണ്ട്... എന്നെങ്കിലും യാഥർശ്ചികമായി എവിടെയെങ്കിലും വെച്ചു കാണുവേൽ അന്നവളോട് ഞാൻ പറഞ്ഞോളാം എനിക്ക് ജീവൻ തിരികെ തന്ന ദൈവമാണ് നിന്റെ കൂടെയുള്ളതെന്ന്.." പ്രിൻസ് അവനെ ആദരവോടെ ഒരിക്കൽ കൂടി ആലിംഗനം ചെയ്തു..

മുറിക്ക് മുന്നിലെത്തിയ പ്രിയ ഹരിയോട് സംസാരിച്ചു നിൽക്കുന്ന പ്രിൻസിനെ കണ്ട് ഞെട്ടിത്തരിച്ചു... മുന്നോട്ട് ഒരടി വെക്കാൻ പോലും കഴിയാതെയവൾ മരവിച്ചു പോയി... "ഇച്ചായൻ.. " കണ്മുന്നിൽ കാണുന്നത് സ്വപ്നമോ യാഥാർഥ്യമോയെന്ന് മനസ്സിലാക്കാൻ കഴിയാത്ത വിധം അവളുടെ മിഴികൾ നിറഞ്ഞൊഴുകി... വാ മൂടിക്കൊണ്ടവൾ കരച്ചിലടക്കാൻ പാട് പെട്ടു... നെഞ്ചിലെല്ലാം വല്ലാത്തൊരു നീറ്റൽ.. കൈകാലുകൾ തളർന്നു പോകും പോലെ... അവളൊരു ബലത്തിനായി ചുവരിലേക്ക് ചേർന്നു നിന്നു... "കാണാം... " പ്രിൻസ് ഹരിയോട് യാത്ര ചോദിച്ച് പുറത്തേക്കിറങ്ങുന്നത് കണ്ടതും പ്രിയ അവരുടെ ശ്രദ്ധയെത്താത്ത ഒരിടത്തേക്ക് മറഞ്ഞു നിന്നു...

പ്രിൻസ് അവിടെ നിന്നും ദൂരേക്ക് നടന്നകലുന്നതവൾ വേദനയോടെ നോക്കി നിന്നു.. അരികിലുണ്ടായിട്ടും ഞാനെന്തേ അറിയാതെ പോയതെന്നവൾ സ്വയം ചോദിച്ചു...എല്ലാം അറിഞ്ഞിട്ടും ഹരി തന്നിൽ നിന്നും ഇച്ചായനെ മറച്ചു പിടച്ചല്ലോ എന്നാലോചിക്കെ പ്രിയക്ക് അവനോട് കടുത്ത ദേഷ്യം തോന്നി...അവനെ കാണാനായി സന്തോഷത്തോടെ വന്നവൾ തിരികെ അവനെയൊന്ന് കാണാനോ സംസാരിക്കാനോ നിൽക്കാതെ കണ്ണുനീരോടെ തിരികെ മടങ്ങി... ******* ഉച്ചക്ക്‌ വീട്ടിലെത്തുമെന്ന പറഞ്ഞ ഹരി ഓരോ തിരക്കുകളിലും പെട്ട കാരണം സന്ധ്യ കഴിഞ്ഞാണ് വീട്ടിലെത്തിയത്..

വരാൻ വൈകിയാൽ ഒരായിരം തവണയെങ്കിലും വിളിക്കുന്ന പ്രിയയുടെ മെസ്സേജോ കാളുകളോ കാണാതിരുന്നപ്പോൾ അവൻ കരുതി വൈകിയതിലുള്ള പിണക്കത്തിലായിരിക്കും അവളെന്ന്...പരിഭവത്തോടെ മുഖം വീർപ്പിച്ച് ഉമ്മറപ്പടിയിൽ തന്നേയും കാത്തവൾ നിൽക്കുന്നുണ്ടായിരിക്കുമെന്നുള്ള പ്രതീക്ഷയോടെ അതിലേറെ ആഹ്ലാദത്തോടെ പുറത്തേക്കിറങ്ങിയ ഹരി അവിടെയെങ്ങും ആരേയും കണ്ടില്ല... ഉമ്മറത്തൊരു ലെറ്റ് പോലും തെളിക്കാതെ വാതിലും തുറന്നിട്ട്‌ ഇവളെവിടെ പോയിരിക്കുകയായിരിക്കുമെന്ന് ചിന്തിച്ച് ഹരി ശൂസഴിച്ച് അകത്തേക്ക് കയറി..ഹാളിലേയും ഉമ്മറത്തെയും ലൈറ്റിട്ടു അവളെ അവിടെമൊത്തം തിരഞ്ഞു...

"പ്രിയേ... പ്രിയേ.. " താഴെയൊന്നും കാണാതെ വന്നപ്പോൾ ഹരി മുകളിലേക്ക് ചെന്നു... മുറിയിലെത്തി വെളിച്ചം തെളിച്ചപ്പോൾ കണ്ടു നിലത്ത് ഒരു മൂലയിൽ മുട്ടിൽ മുഖമൊളിപ്പിച്ചിരുന്ന് തേങ്ങുന്ന പ്രിയയെ... "പ്രിയേ... " വേവലാതിയോടെ വിളിച്ചവൻ അവൾക്കടുത്തേക്ക് ചെന്നു ചുമലിൽ തൊട്ടു..... "തൊട്ട് പോകരുതെന്നെ... " ചുവന്നു കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി അവൾ ഉച്ചത്തിൽ പറഞ്ഞു..

പെട്ടന്നുള്ള അവളുടെ ഭാവമാറ്റത്തിൽ പതറിയ ഹരി പിറകിലേക്കൊന്നാഞ്ഞു..അവളവിടുന്ന് എഴുന്നേറ്റ് പുറത്തേക്ക് പോവാൻ നിന്നതും ഹരി കൈകളിൽ പിടുത്തമിട്ടു... "പ്രിയേ.. എന്താ.. എന്തു പറ്റി.." അവനെഴുന്നേറ്റ് അവളുടെ അരികിലേക്ക് വന്നു മുഖം കൈകുമ്പിളിലെടുത്തു... തന്നെ സ്നേഹത്തോടെ സ്പർശിച്ച ആ കൈകളെ അവൾ നിഷ്കരുണം ഊക്കോടെ തട്ടി... "പ്രിയേ... " വേദനയോടെ അവൻ വിളിച്ചു... "വിളിക്കരുത് എന്നെയങ്ങനെ... " അവന് നേരെ വിരൽ ചൂണ്ടി കോപത്തോടെ പറഞ്ഞു.............(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story