പ്രിയമാനസം 💔: ഭാഗം 24

രചന: ശംസീന

 "പ്രിയേ... " വേദനയോടെ അവൻ വിളിച്ചു... "വിളിക്കരുത് എന്നെയങ്ങനെ... " അവന് നേരെ വിരൽ ചൂണ്ടി കോപത്തോടെ പറഞ്ഞു... "എടോ തനിക്കെന്താ പറ്റിയേ... " ഹരി അവളുടെ ചുമലിൽ കൈ വെക്കാനാഞ്ഞതും പ്രിയ ഒരടി പിന്നിലേക്ക് നീങ്ങി... "ഹരിയേട്ടനെന്താ കരുതിയെ സത്യങ്ങൾ ഒരിക്കലും ഞാനറിയില്ലെന്നോ അതോ എല്ലാം മറച്ചു വെച്ച് എന്നെയൊരു വിഡ്ഢിയാക്കാമെന്നോ..." അവളുടെ വാക്കുകൾ കേൾക്കെ ഹരിയുടെ നെഞ്ചകം വിങ്ങി... പ്രിൻസിനെ കുറിച്ചെല്ലാം തുറന്നു പറയാനിരുന്നതല്ലേ അപ്പോഴേക്കും മറച്ചു വെച്ചതെല്ലാം അവളുടെ മുന്നിലൊരു തിരശ്ശീല കണക്കെ അഴിഞ്ഞു വീണിരിക്കുന്നു.. ഇനി താനെന്ത് പറഞ്ഞാലാണ് അവൾ വിശ്വസിക്കുക...

"എന്താ ഹരിയേട്ടനൊന്നും പറയാനില്ലേ... കഴിഞ്ഞ ഒമ്പത് മാസമായി ഞാൻ തിരഞ്ഞു കൊണ്ടിരുന്ന ഇച്ചായൻ നിങ്ങളുടെ കണ്മുന്നിലുണ്ടായിട്ടും എന്ത് കൊണ്ടെന്നോട് പറഞ്ഞില്ല..." അവൾ ഹരിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു.... "പറ ഹരിയേട്ടാ അതിന് മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോടൊക്കെ ചെയ്തത്...നമ്മുടെ വിവാഹം കഴിഞ്ഞ രാത്രിയിൽ തന്നെ ഞാനെല്ലാം തുറന്നു പറഞ്ഞതല്ലേ അത് കഴിഞ്ഞെങ്കിലും നിങ്ങൾക്കെന്നോട് തുറന്നു പറയാമായിരുന്നു... ചെയ്തില്ല,,,

നിങ്ങളുടെയുള്ളിലെ സ്വാർത്ഥത അതിനനുവദിച്ചില്ല എന്ന് പറയുന്നതാവും ശെരി... " അവളുടെ മുഖം വിവർണമായി... "ദുഷ്ടനാ നിങ്ങൾ ജീവന് തുല്യം സ്നേഹിച്ച എന്നെ പോലും ചതിച്ച നീചൻ... " പരിസര ബോധമില്ലാതെ അവന് നേരെ വിരൽ ചൂണ്ടി ഒരു ഭ്രാന്തിയെ പോലെ പറയവേ എല്ലാം കേട്ട് നിന്ന് നിയന്ത്രണം വിട്ട ഹരിയുടെ വലത് കരം അവളുടെ കവിളിൽ ആയത്തിൽ പതിഞ്ഞു...പകച്ചു നിന്ന പ്രിയ പിന്നീടൊരു പൊട്ടിക്കരച്ചിലോടെ തളർന്നു നിലത്തേക്കിരുന്നു.. തന്റെ ദേഷ്യത്തെ നിയന്ത്രിച്ച് ഹരി അവളുടെ അരികിലേക്കിരുന്നു.. "പ്രിയേ... " അവളുടെ ചുമലിൽ കരഥലം അമർത്തിയവൻ വിളിച്ചു...

മറുപടിയൊന്നും കിട്ടിയില്ല അവനത് പ്രതീക്ഷിച്ചതുമായിരുന്നു...അവനൊരു നീടുവീർപ്പയച്ചു വിട്ടു പറഞ്ഞു തുടങ്ങി.. "താൻ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ പ്രിൻസ് അതായത് നിന്റെ ഇച്ചായനെ നമ്മുടെ വിവാഹത്തിന് മുന്നേ എനിക്കറിയാം... റോഡരികിൽ നിന്നും ചോരയിൽ കുളിച്ച് എനിക്കാ ചെറുപ്പക്കാരനെ കിട്ടുമ്പോൾ ജീവൻ തിരിച്ചു കിട്ടുമോ എന്ന് പോലും അറിയില്ലായിരുന്നു.. മാസങ്ങളോളം അവൻ ഓർമ പോലുമില്ലാതെ ഒരേ കിടപ്പ് കിടന്നു...അവിടെ നിന്നും ഇന്നവൻ എഴുന്നേറ്റ് നടന്നിട്ടുണ്ടെങ്കിൽ അതവന്റെ ആത്മധൈര്യമൊന്ന് കൊണ്ട് മാത്രമാണ്.." ഹരിയുടെ വാക്കുകൾ ശ്രവിക്കെ അവൾ തലയുയർത്തി നോക്കി...

"നിന്നെ ചതിക്കണമെന്ന് കരുതിയല്ല എല്ലാം മറച്ചു വെച്ചത് പ്രിൻസിനെ കുറിച്ച് നിന്നിൽ നിന്നറിഞ്ഞപ്പോൾ നീ പറഞ്ഞത് പോലെ എന്നിലെ സ്വാർത്ഥത അതിന് സമ്മതിച്ചില്ല... ഞാനുമൊരു മനുഷ്യനല്ലേ പ്രിയേ എനിക്കുമുണ്ടാവില്ലേ ഇമോഷൻസ്...എല്ലാം നിന്നോട് തുറന്നു പറയാൻ ഇരിക്കെയാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്... നിനക്ക് വേണ്ടി ഒരുക്കി വെച്ച സർപ്രൈസും ഇതായിരുന്നു... ഇനി നീ തന്നെ പറ ഇതിലെവിടെയാ ഞാൻ നിന്നെ വഞ്ചിച്ചത്... "

ഹരി ദയനീയമായി ചോദിച്ചു..മറുപടി പറയാൻ പോലും കഴിയാതെ എല്ലാം കേട്ടവൾ ഒരു പാവ കണക്കെയിരുന്നു... ചതി അത് തന്നെയാണ് ഹരിയേട്ടൻ തന്നോട് ചെയ്തത്,,ഉള്ളം അത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു... ഉള്ളിൽ വലിയൊരു കടൽ തന്നെ ആർത്തിരമ്പുന്നുണ്ടായിരുന്നിട്ടും അവളുടെ മുഖത്തെ നിസ്സംഗത ഹരിയെ വേദനിപ്പിച്ചു... "പ്രിയേ... " "എനിക്കെന്റെ വീട്ടിലേക്ക് പോവണം... " അവന്റെ നേർത്ത സ്വരത്തെ തീർത്തും അവഗണിച്ചവൾ പറഞ്ഞു...

"നീയെന്ത് ഭ്രാന്താ പറയുന്നത് വീട്ടിൽ പോവേ..അതിന് മാത്രം വലിയ പ്രശ്നമാണോ ഇത്..." അവൻ ചോദിക്കേ തീക്ഷ്‌ണമായൊരു നോട്ടം അവനു നേരെ തൊടുത്തു വിട്ടവൾ താഴെ നിന്നും എഴുന്നേറ്റു.. "ഹരിയേട്ടന് ഇതൊരു പ്രശ്നമല്ലായിരിക്കും പക്ഷെ എന്നെ സംബന്ധിച്ച് എനിക്കിതൊരു വലിയ പ്രശ്നം തന്നെയാ... അത്രമാത്രം വിശ്വസിച്ചതല്ലേ ഹരിയേട്ടനെ ഞാൻ... ഇച്ചായനെ കുറിച്ച് അന്യോഷിക്കാമെന്ന് ഞാൻ പറയുമ്പോഴൊക്കെ അതിനെല്ലാം തലയാട്ടി എന്നെയൊരു വിഡ്ഢിയാക്കുകയല്ലായിരുന്നോ..."

അവളുടെ മിഴികളിൽ നനവ് പടർന്നു.. തൊണ്ടക്കുഴിയിൽ നിന്നൊരു ഗദ്ഗദം വന്നു തടഞ്ഞു നിന്നു... "ഹരിയേട്ടന് ബുദ്ധിമുട്ടാണേൽ പറയൂ ഞാ.. ഞാൻ അച്ഛനെ വിളിച്ചോളാം... " അവന്റെ മുഖത്ത് പോലും നോക്കാതെ പറഞ്ഞവൾ ബാഗുമായി പുറത്തേക്ക് നടന്നു... ഈ നിമിഷം വരെ നടന്ന ഓരോ കാര്യങ്ങളും ആലോചിക്കെ ഹരിക്ക് തലയാകെ പെരുക്കുന്ന പോലെ തോന്നി... ഇനിയും താൻ മൂലമവൾ വേദനിക്കേണ്ടന്ന് കരുതിയവൻ അവൾക്ക് പിന്നാലെ താഴേക്ക് ചെന്നു...

പ്രിയ അവനേയും കാത്ത് കാറിനടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു... ഹരി ലോക്ക് ഓപ്പൺ ചെയ്തതും അവൾ കാറിനകത്തേക്ക് കയറി... നിയന്ത്രണം തെറ്റിത്തുടങ്ങിയ മനസ്സിനെ കൈപ്പിടിയിലൊതുക്കിയവൻ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു... ഒരുവേള അവന്റെ മിഴികൾ അവളുടെ മുഖത്ത് തങ്ങി നിന്നു... അവൾ തന്നെയൊന്ന് ശ്രദ്ധിക്കുന്ന് കൂടിയില്ലെന്ന് മനസ്സിലാക്കെ അവനുള്ളിലാകെ നോവ് പടർന്നു.. അവളിലുള്ള നോട്ടം പിൻവലിച്ചവൻ കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു... മുൻപൊക്കെ കളി ചിരികൾ മാത്രം നിറഞ്ഞു നിന്നിരുന്ന യാത്രയായിരുന്നെങ്കിൽ ഇന്നത് രണ്ട് പേർക്കും വിരസത നൽകുന്നതായിരുന്നു...

കടുത്ത മൗനം ഇരുവർക്കുമിടയിൽ തങ്ങി നിന്നു.. കാർ വീടിനകത്തേക്ക് കയറ്റാതെ ഗേറ്റിന് പുറത്ത് നിർത്തി... പ്രിയ തന്റെ ബാഗെടുത്ത് അതിൽ നിന്നിറങ്ങി.. "പ്രിയേ..." വേദനയോടെ അവൻ വിളിച്ചു... മുന്നോട്ട് നടക്കാനാഞ്ഞവൾ തിരികെ അവനടുത്തേക്ക് വന്നു... "താ.. താനെന്നെ എന്നന്നേക്കുമായി വിട്ട് പോകുവാണോ.. ഇതായിരുന്നോ നമ്മൾ സ്വപ്നം കണ്ട ജീവിതം... " ഹരിയുടെ ദയനീയമായ സ്വരം കേട്ടിട്ടും അവളുടെ തീരുമാനത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല.... മുന്നിൽ വെളിപ്പെട്ട സത്യത്തിന് മുന്നിൽ അത്രത്തോളമവൾ തകർന്നു പോയിരുന്നു... "നമ്മൾ സ്വപ്നം കണ്ട ജീവിതത്തിലേക്കിനിയും ഏറെ ദൂരമുണ്ട്.

.എല്ലാം അറിഞ്ഞിട്ടും എനിക്ക് ഹരിയേട്ടന്റെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ടുണ്ട്..പക്ഷെ അത് ഇച്ചായന്റെ കൂടെ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടുമല്ല... എന്റെ ജീവിതത്തിൽ ശ്രീ ഹരിയല്ലാതെ മറ്റൊരാൾ ഇനിയുണ്ടാവുകയുമില്ല അത്ര മാത്രമേ എനിക്കിപ്പോൾ പറയാൻ കഴിയൂ...... എല്ലാം ഉൾക്കൊണ്ട് പുതിയൊരു ജീവിതം തുടങ്ങാൻ എനിക്കൊരല്പം കൂടെ സമയം വേണം അത് വരെ ഹരിയേട്ടനെന്നെ കാണാൻ ശ്രമിക്കരുത്..കാത്തിരിക്കണമെന്ന് ഞാൻ പറയുന്നില്ല അതെല്ലാം ഹരിയേട്ടന്റെ ഇഷ്ടം..." മറുപടിക്ക് പോലും കാത്ത് നിൽക്കാതെയവൾ അവിടെ നിന്നും പിൻവാങ്ങി...

അവൾ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്ന ഹരി പൊട്ടിക്കരഞ്ഞ് സ്റ്റിയറിങ്ങിലേക്ക് തലചായ്ച്ചു..പിന്നീടെങ്ങോട്ടെന്നില്ലാതെ ദിശയറിയാതെ കാറുമായി മുന്നോട്ട് സഞ്ചരിച്ചു.. ******* രണ്ട് ദിവസത്തിനു ശേഷം പ്രിൻസ് ഏയ്ഞ്ചലിനെ തിരക്കി ഹോസ്റ്റലിലേക്ക് ചെന്നു... അവിടെ നിന്നും വാർഡർ അവൾ മഠത്തിലേക്ക് തിരിച്ചു പോയെന്ന വിവരം നൽകിയതിനെ തുടർന്ന് പ്രിൻസ് അവിടേക്ക് ചെന്നു.. "ഇവിടെയെങ്ങും കണ്ട് പരിചയമില്ലല്ലോ,,ആരെ കാണാനാ...? " വരാന്തയിൽ നിന്ന് തത്തി കളിക്കുന്ന പ്രിൻസിനെ കണ്ട് അവിടേക്ക് വന്നൊരു സിസ്റ്റർ ചോദിച്ചു... "ഞാൻ... എനിക്ക് ഏയ്ഞ്ചലിനെയൊന്ന് കാണണം.. ആ കുട്ടി ഇവിടെയല്ലേ...

" അവൻ സൗമ്യതയോടെ ചോദിച്ചു.. " മദറിന്റെ അനുവാദമുണ്ടെങ്കിൽ കാണാം.. ഇരിക്കൂ ഞാൻ മദറിനെ വിളിച്ചിട്ട് വരാം... " വിസിറ്റിങ് റൂമിലേക്ക് ചൂണ്ടി ഇരിക്കാനായി പറഞ്ഞിട്ട് സിസ്റ്റർ അവിടെ നിന്നും പോയി.. അല്പ സമയം കഴിഞ്ഞതും ചൈതന്യം തുളുമ്പുന്ന മുഖമുള്ള മധ്യ വയസ്കയായ മദർ അവനടുത്തേക്ക് വന്നു... അവരെ കണ്ടതും അവൻ ബഹുമാനത്തോടെ കസേരയിൽ നിന്നുമെഴുന്നേറ്റൂ.. "പ്രിൻസാണോ....!" ചെറിയൊരു സംശയത്തോടെ മദർ ചോദിക്കേ അവൻ പുഞ്ചിരിയോടെ തലയാട്ടി.. "ഏയ്ഞ്ചൽ പറഞ്ഞിട്ട് ഇയാളെ എനിക്ക് നന്നായിട്ടറിയാം...അസുഖങ്ങളൊക്കെ പൂർണമായും ഭേദമായില്ലേ..."

"മാറി...ഇപ്പോൾ തീർത്തും ആരോഗ്യവാനാണ്.. എനിക്ക് ഏയ്ഞ്ചലിനെയൊന്ന് കാണണം.. ഹോസ്റ്റലിൽ ചെന്നിരുന്നു അപ്പോഴാണ് ഇവിടെയാണെന്നറിഞ്ഞത്..." അവനൊരല്പം മടിയോടെ ചോദിച്ചു... അവളെ കാണാനായി അത്രമേൽ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു.. "മ്മ് ഞാൻ വിളിക്കാം... " ചെറു ചിരിയോടെ പറഞ്ഞ് മദർ അവളെ വിളിക്കാനായി പോയി... പ്രിൻസ് വിസിറ്റിങ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി... മഠത്തിന് മുന്നിലുള്ള വലിയൊരു പൂന്തോട്ടത്തിൽ കുറച്ച് കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു...

അത് കാണെ പ്രിൻസിന് തന്റെ കുട്ടിക്കാലം ഓർമ വന്നു..ഓർമകളെ അയവിറക്കി കൊണ്ടവൻ കുട്ടികൾക്കിടയിലേക്കിറങ്ങി... അവനെ കണ്ടതും കുട്ടികളെല്ലാം ചുറ്റും കൂടി... അവർക്ക് കൊടുക്കാനായി കയ്യിൽ ഒരു മിട്ടായി പോലും കരുതാതിരുന്നത് അന്നേരം അവനൊരു സങ്കടമായി തോന്നി.. കൂട്ടത്തിൽ തന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് നിൽക്കുന്ന മൂന്ന് വയസ്സോളം പ്രായമുള്ള പെൺകുഞ്ഞിനെ അവൻ വാരിയെടുത്തു... അവളേയും കൊഞ്ചിച്ച് ഒരു മരച്ചുവട്ടിലെ തിണ്ണയിലേക്കിരുന്നപ്പോഴാണ് പിന്നിൽ മുരടനക്കം കേട്ടത്... കുട്ടിയെ താഴെയിറക്കിയവൻ പിറകിലേക്ക് തിരിഞ്ഞു നോക്കി............(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story