പ്രിയമാനസം 💔: ഭാഗം 25

priyamanasam

രചന: ശംസീന

കൂട്ടത്തിൽ തന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് നിൽക്കുന്ന മൂന്ന് വയസ്സോളം പ്രായമുള്ള പെൺകുഞ്ഞിനെ അവൻ വാരിയെടുത്തു... അവളേയും കൊഞ്ചിച്ച് ഒരു മരച്ചുവട്ടിലെ തിണ്ണയിലേക്കിരുന്നപ്പോഴാണ് പിന്നിൽ മുരടനക്കം കേട്ടത്... കുട്ടിയെ താഴെയിറക്കിയവൻ പിറകിലേക്ക് തിരിഞ്ഞു നോക്കി.. ഏയ്ഞ്ചലിനെ കണ്ടവന്റെ മിഴികൾ വിടർന്നെങ്കിലും അവളുടെ മുഖത്ത് തീർത്തും നിസ്സംഗ ഭാവമായിരുന്നു... "എന്തിനാ കാണണമെന്ന് പറഞ്ഞത്... " മൗനം ഇരുവർക്കുമിടയിൽ വലിയൊരു മതിലൊരുക്കിയതും ഏയ്ഞ്ചൽ മെല്ലെ ചോദിച്ചു... "പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല... ഈ നാടുപേക്ഷിച്ചു പോവും മുന്നേ തന്നെയൊന്ന് കാണണമെന്ന് തോന്നി..."

അവന്റെ വാക്കുകൾ അവളിൽ നോവ് പടർത്തി... എവിടെ പോവുന്നു,,, എന്തിന് പോവുന്നു എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉള്ളിൽ നുരഞ്ഞു പൊന്തിയെങ്കിലും അതൊന്നും ചോദിക്കാനോ അറിയാനോ ഉള്ള അർഹത തനിക്കില്ലെന്നാലോചിക്കെ അവൾ മൗനം പൂണ്ടു... "തനിക്കെന്നോടൊന്നും ചോദിക്കാനില്ലേ.. അതോ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതൊക്കെ വെറുമൊരു തമാശയായിരുന്നോ... " അവന്റെ ചോദ്യം കേട്ട് ഞെട്ടലോടെയവൾ മുഖമുയർത്തി... "പറ എല്ലാമൊരു തമാശയായിരുന്നോ... " അവൾക്കടുത്തേക്ക് നീങ്ങി നിന്നവൻ സ്വരം താഴ്ത്തി ചോദിച്ചു.. ഇല്ലെന്ന പോലെയവൾ തല ചലിപ്പിച്ചു...

മിഴികൾ കവിളിലൂടെ കണ്ണുനീർ ചാലുകൾ തീർത്തു... നിശബ്‍ദമായി തേങ്ങുന്നവളുടെ താടി തുമ്പിൽ പിടിച്ചവൻ മുഖം തനിക്ക് നേരെ ഉയർത്തി.. "കരയാതെടോ.. തന്റെ കണ്ണുനീർ എന്റെ ഹൃദയത്തെ നോവിച്ച് ഉറക്കത്തെ പോലും തടസ്സപ്പെടുത്തുന്നു... ഇനിയൊന്നിന് വേണ്ടിയും ഈ മിഴികൾ നിറയരുത്...എന്റെ ഹൃദയത്തിലിപ്പോൾ നീ മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്.. നിന്നോടുള്ള പ്രണയം അതെന്നെ ശ്വാസം മുട്ടിച്ച് കൊല്ലാതെ കൊല്ലുന്നു.. അത്രമേൽ ഞാൻ നിന്നിൽ അടിമപ്പെട്ടുപോയി..." ആർദ്രമായി പറഞ്ഞവൻ പെരു വിരൽ കൊണ്ടവളുടെ കണ്ണുനീർ തുടച്ചു നീക്കിയ വേളയിൽ വിതുമ്പി കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

അവനും ഇരു കൈകളാൽ അവളെ പൊതിഞ്ഞു പിടിച്ചു.. "എന്റെ.. എന്റെ സ്വന്തമാണെന്ന് വിശ്വസിച്ചോട്ടെ ഞാൻ... " ഇടർച്ചയോടെ ഏയ്ഞ്ചൽ ചോദിക്കേ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു... മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ അവൾ തലയുയർത്തി നോക്കി..കുസൃതി ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന പ്രിൻസിനെ കണ്ടതും പരിഭവത്താലവളുടെ ചുണ്ടുകൾ കൂർത്തു... "നിന്റെ സ്വന്തം... എന്താ അത് പോരെ... " കരവലയത്തിനുള്ളിൽ നിന്നും പിടഞ്ഞു മാറാൻ നോക്കിയവളെ മുറുകെ പിടിച്ചവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... അവന്റെ ചുടു നിശ്വാസം കവിളിൽ പതിഞ്ഞതും പിടഞ്ഞു പോയവൾ...

തങ്ങളുടെ അടുത്തേക്ക് വരുന്ന മദറിനെ കണ്ടതും ഇരുവരും അകന്ന് മാറി... അവരുടെ മുഖത്തെ പുഞ്ചിരിയിൽ നിന്നും എല്ലാം കണ്ടെന്നു വ്യക്തമായിരുന്നു... മദറിനെ അഭിമുഖീകരിക്കാൻ അവർക്ക് ജാള്യത തോന്നി... "പറഞ്ഞു തീർത്തോ രണ്ട് പേരുടെയുമുള്ളിലെ സങ്കടങ്ങൾ... " പുഞ്ചിരിയൊട്ടും മങ്ങാതെ മദർ ചോദിക്കേ അവർ പരസ്പരം നോക്കി മന്ദഹസിച്ചു.. "എല്ലാം നല്ലതിനെന്ന് കരുതുക..നിങ്ങൾ രണ്ട് പേരും ജീവിതത്തിൽ ഒരുപാട് വേദനകൾ അനുഭവിച്ചവരാണ്.. ഇനിയുള്ള കാലം പരസ്പരം തുണയായി തണലായി ജീവിക്കുക..കർത്താവിന്റെ അനുഗ്രഹമെപ്പോഴും കൂടെയുണ്ടാവും..."

അവരിൽ അനുഗ്രഹം ചൊരിഞ്ഞ് മദർ അവിടെ നിന്ന് പിൻവാങ്ങിയതും കുറച്ച് മാറി നിൽക്കുന്ന ഏയ്ഞ്ചലിന്റെ കയ്യിൽ പിടിച്ചു വലിച്ച് ചേർത്ത് പിടിച്ചു.. "ഇനി ദുബായിലേക്ക് പോവാൻ ഉദ്ദേശമുണ്ടോ.... " കുറുമ്പോടെ അവൻ ചോദിച്ചു... "ഇയാളെന്റെ കൂടെ ഈ ജന്മം മുഴുവനും ഉണ്ടാകുമെങ്കിൽ ദുബായ് എന്നല്ല ഈ ഭൂമി പോലും വിട്ട് ഞാൻ എവിടേയും പോവില്ല..." അവന്റെ നീല മിഴികളിലേക്ക് നോക്കിയവൾ പ്രണയാതുരയായി പറഞ്ഞു... "അത്രക്കും ഇഷ്ടമാണോ എന്നെ... " അവനിൽ വീണ്ടും കുറുമ്പ് നിറഞ്ഞു.. "ഇഷ്ടമെന്ന് പറഞ്ഞാൽ കുറഞ്ഞുപോവും ജീവനാണ്...ആത്മാവിലലിഞ്ഞു ചേർന്ന അടങ്ങാത്ത പ്രണയമാണ്... "

അവളവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു.. ഏറെ നേരം അവരാ നിൽപ്പ് തുടർന്നു.. "ഹരി ഡോക്ടറും പ്രിയേച്ചിയും... " പെട്ടന്നോർമ്മ വന്ന പോലെയവൾ ചോദിച്ചു.. "അറിയില്ല.. " ഒറ്റവാക്കിലവൻ മറുപടി പറഞ്ഞു.. അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി അവിടെയുള്ള സിമന്റ് ബെഞ്ചിലേക്കിരുന്നു കൂടെ ഏയ്ഞ്ചലും... "ഇന്നലെ അവസാനമായി ഹരി ഡോക്ടറോട് യാത്ര ചോദിച്ചു ഹോസ്പിറ്റലിൽ നിന്നിറങ്ങി.. പിന്നെ അറിയാതെ പോലും ഞാൻ ഡോക്ടറെയോ പ്രിയയെയോ കുറിച്ച് ചിന്തിച്ചിട്ടില്ല...

ഒരുപക്ഷെ ചിന്തകൾ അധികാരിച്ചാൽ എനിക്കവളെ കാണണമെന്ന് തോന്നിയാൽ..അത് ചിലപ്പോൾ അവരുടെ ബന്ധത്തിനൊരു വിള്ളൽ വീഴ്ത്തും...നാളുകൾ ഇത്രയുമായില്ലേ അവളെന്നെ മറന്നു കാണും... ഇനി ചിലപ്പോൾ അവളുടെ ഭാഗത്ത് നിന്നൊരു അന്വേഷണമൊന്നുമുണ്ടാവില്ലെന്ന് കരുതാം..." അവനിൽ നിന്നൊരു നെടുവീർപ്പുയർന്നു.. "എത്ര നാളിങ്ങനെ പ്രിയേച്ചിയിൽ നിന്ന് ഒളിച്ചിരിക്കും ഇച്ചായാ..എന്നെങ്കിലുമൊരിക്കൽ ഹരിയേട്ടൻ വഴി ചേച്ചി ഇച്ചായൻ ജീവിച്ചിരിപ്പുണ്ടെന്ന സത്യങ്ങളൊക്കെ മനസ്സിലാക്കിയാൽ... അത് ചേച്ചിക്ക് താങ്ങാൻ കഴിയുമോ..." പ്രിയയുടെ മുഖമോർക്കേ ഏയ്ഞ്ചലിന്റെ നെഞ്ച് പിടഞ്ഞു...

അർഹതയില്ലാത്തത് നേടിയെടുത്തോ എന്നൊരു ചിന്ത അവളിലുണർന്നു... "താങ്ങാൻ കഴിയണം ഏയ്ഞ്ചൽ,, അല്ലെങ്കിലത് ഹരി ഡോക്ടർക്ക്‌ തീരാ നോവ് നൽകും.. ആ മനുഷ്യൻ അത്ര കണ്ടവളെ സ്നേഹിക്കുന്നുണ്ട്... ഹരി ഡോക്ടറുടെ പ്രണയത്തിനും കരുതലിനും മുന്നിൽ ഞാനൊന്നും ഒന്നുമല്ലെന്ന് തോന്നിപ്പോവും... പ്രിയ ഭാഗ്യം ചെയ്തവളാ,,, വിധി എന്നിൽ നിന്നവളെ അകറ്റിയെങ്കിലും കാലം അവൾക്കായ് എന്നേക്കാൾ നല്ലൊരാളെ കരുതി വെച്ചിരുന്നു..

അവളെ ജീവനേക്കാളേറെ സ്നേഹിക്കുന്ന ശ്രീഹരിയെ.. " പ്രിയയെ കുറിച്ചുള്ള മധുര സ്മൃതികളിൽ അവന്റെ കണ്ണുകളിൽ നനവ് പടർന്നെങ്കിലും ചുണ്ടിലപ്പോഴും ചെറു മന്ദഹാസം തങ്ങി നിൽപ്പുണ്ടായിരുന്നു.. ****** "എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും നീ ചെയ്തതൊട്ടും ശെരിയായില്ല പ്രിയേ.... നിന്റെ വേദനയേയും നഷ്ടത്തേയും കുറിച്ച് വ്യാകുലപ്പെട്ട നീയെന്തേ ഒരു നിമിഷം ഹരിയെ കുറിച്ച് ചിന്തിച്ചില്ല... അവൻ ചെയ്ത തെറ്റെന്താ...? " പ്രിയ ഹരിയുമായി പിണങ്ങി വന്ന വിവരമറിഞ്ഞ് വീട്ടിലേക്ക് വന്ന ഗംഗ അവളോട് ക്ഷുഭിതയായി.. "ഹരിയേട്ടനിതിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണോ ചേച്ചി പറയുന്നത്...

ഇച്ചായൻ അടുത്തുണ്ടായിട്ടും എന്നോട് മറച്ചു വെച്ചത് തെറ്റല്ലേ... " കണ്ണുകൾ തുറിപ്പിച്ചു പ്രിയ ഗംഗയെ നോക്കി ചോദിച്ചു...അവളുടെ അപ്പോഴത്തെ ഭാവം കാണെ ഗംഗയൊന്ന് പതറി... ഹരിയുടെ വിവാഹലോചന വന്ന സമയത്ത് അച്ഛൻ വിവാഹത്തിന് നിർബന്ധം പിടിച്ചപ്പോഴും അവളിൽ ഇതേ ഭാവമായിരുന്നു.... അപ്പോൾ പറഞ്ഞ വാക്കുകളും ഇതുപോലെ ഉറച്ചതും മൂർച്ചയുള്ളതുമായിരുന്നു.. "അതിനവനറിഞ്ഞോ നിന്റെ ഇച്ചായൻ അതാണെന്ന് അല്ലേൽ വിവാഹത്തിന് മുന്നേ നീ ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ചിരുന്നോ.. അങ്ങനെയെങ്കിൽ നീ ഹരിയെ കുറ്റം പറയുന്നതിൽ തെറ്റില്ല... " ഗംഗ വീണ്ടും ഹരിയുടെ പക്ഷം പിടിച്ചു..

എന്ത് കൊണ്ടോ അവൾക്കാ സമയം തന്റെ അനിയത്തിയുടെ ഭാഗത്ത് ശെരികളുണ്ടെന്ന് തോന്നിയില്ല.. ഒരു വാക്ക് കൊണ്ട് പോലും അവളെ ന്യായീകരിക്കാൻ തോന്നിയില്ല.. "വിവാഹത്തിന് മുന്നേ എനിക്ക് ഒറ്റക്ക് സംസാരിക്കാനൊരു അവസരം കിട്ടിയില്ല പക്ഷേ ആദ്യ രാത്രിയിൽ തന്നെ ഞാനെല്ലാം തുറന്നു പറഞ്ഞതാണ്.. ഇച്ചായന്റെ ഫോട്ടോ പോലും കാണിച്ചു കൊടുത്തതാണ്... ഓരോ തവണ ഇച്ചായനെ കുറിച്ച് പറയുമ്പോഴും അന്യോഷിക്കാം അല്ലെങ്കിൽ അന്യോഷിക്കുന്നുണ്ടെന്നൊക്കെ എന്നോട് കള്ളം പറയും..എന്തിന് വേണ്ടിയായിരുന്നു ഇതെല്ലാം,,,ഞാൻ ഇച്ചായന്റെ കൂടെ ഓടിപ്പോവുമെന്ന് പേടിച്ചിട്ടോ... "

അവളുടെ ശബ്‍ദം നേർത്തു.. മനസ്സിന്റെ വിങ്ങൽ കണ്ണുനീരായി അനുവാദം പോലും വാങ്ങാതെ കവിളുകളിലൂടെ ചാലിട്ടൊഴുകി.. "അങ്ങനെയൊന്നും ചിന്തിക്കുന്ന ആളല്ല പ്രിയേ ഹരി... വിവാഹത്തിന് മുന്നേ ഇതേകുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ഹരി തന്നെ നിന്നെ പ്രിൻസിന്റെ അടുത്തെത്തിച്ചേനെ ഇതിപ്പോ അങ്ങനാണോ.. നീയവന്റെ ഭാര്യയാണ്... അവനെ മാത്രം കുറ്റപ്പെടുത്തുമ്പോൾ നീയെന്തേ അത് മറന്നു പോകുന്നു... ഒരു ഭർത്താവെന്ന നിലയിൽ നീ ഹരിയുടെ ഭാഗത്ത് നിന്നൊന്ന് ചിന്തിച്ചു നോക്ക്.. സ്വന്തം ഭാര്യയുടെ കാമുകനെ തിരഞ്ഞു പിടിച്ച് അവളുടെ മുന്നിലെത്തിക്കാൻ ഏതെങ്കിലും ഭർത്താക്കന്മാർ ശ്രമിച്ചിട്ടുണ്ടോ...

അതേ ഹരിയും ചെയ്തുള്ളൂ,, അവന്റെ വിവാഹ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ അവനിത്തിരി സ്വാർത്ഥത കാണിച്ചു അതിൽ തെറ്റ് പറയാൻ പറ്റില്ല..." ഗംഗ പറയുന്നതൊക്കെയും ശരിയാണെങ്കിൽ കൂടി പ്രിയക്കതൊന്നും അന്നേരം അംഗീകരിക്കാൻ കഴിഞ്ഞില്ല...ഹരിയോടുള്ള ദേഷ്യം കൂടിയതല്ലാതെ കുറഞ്ഞതുമില്ല... ദിവസങ്ങൾ കഴിഞ്ഞു പോകെ ഇരുവർക്കുമിടയിലുള്ള വഴക്കിന്റെ യഥാർത്ഥ കാരണം എല്ലാവർക്കും മനസ്സിലായി...

പക്ഷേ അവരായിട്ട് തങ്ങളോടൊന്നും പറയാത്ത പക്ഷം അവരുടെ സ്വകാര്യ ജീവിതത്തിൽ കയറി അഭിപ്രായം പറയാനാരും തുനിഞ്ഞതുമില്ല.. ഹരിയുടേയും പ്രിയയുടേയും ജീവിതം ഇരു ധ്രുവങ്ങളിലായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു... ഇടയ്ക്കവൾ വസുന്തരാമ്മയേയും ജ്യോതിയേയും വിളിച്ച് വിശേഷങ്ങൾ അറിയാറുണ്ടെങ്കിലും ഒരിക്കൽ ഹരിയെ കുറിച്ച് ചോദിച്ചില്ല...അവർ ഇങ്ങോട്ട് ഹരിയുടെ കാര്യം പറയുമ്പോഴൊക്കെ എന്തെങ്കിലും ഒഴിവ് കഴിവുകൾ പറഞ്ഞവൾ ഫോൺ കട്ട്‌ ചെയ്യുന്നത് പതിവാക്കി..

ഹരിയെ ഹൃദയത്തിന്റെയൊരു കോണിലേക്ക് മാറ്റിവെച്ച് പ്രിയ തന്റെ പഠനം തുടർന്നു... ഇടക്ക് ഹരിയെ കുറിച്ച് അച്ഛൻ പറയുമ്പോൾ ഉള്ളിലൊരു നോവ് പടരുമെങ്കിലും അവളതിനെയെല്ലാം തരണം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടു പോയി.. ഇത്തിനിടയിൽ ഒരിക്കൽ പോലും പ്രിയയോ ഹരിയോ തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.. എല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങാൻ പ്രിയ അവനോട് ചോദിച്ച സമയം യാതൊരു പരിഭവവും കൂടാതെ അവനനുവദിച്ചു കൊടുക്കുകയായിരുന്നു...ഒരിക്കൽ പോലും അവളുടെ ജീവിതത്തിലേക്ക് കടന്നു കയറിയൊരു ബുദ്ധിമുട്ടാവാൻ അവൻ ശ്രമിച്ചിരുന്നില്ല...........(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story