പ്രിയമാനസം 💔: ഭാഗം 26

priyamanasam

രചന: ശംസീന

ഒന്നര വർഷത്തിന് ശേഷമുള്ള നനുത്ത പ്രഭാതം..നെറ്റിന്റെ വെള്ള കർട്ടനുകൾക്കിടയിലൂടെ മുറിയിലേക്ക് തണുപ്പ് അരിച്ചു കയറിയതും പ്രിയ മിഴികൾ ചിമ്മി തുറന്നു.. ദേഹത്ത് നിന്നും പുതപ്പ് മാറ്റി എഴുന്നേറ്റവൾ ഇരു കൈകളും മുകളിലേക്കുയർത്തി മൂരി നിവർന്നു...കയ്യിൽ കിടന്നിരുന്ന റിബ്ബണെടുത്ത് അഴിഞ്ഞുലഞ്ഞ മുടി കെട്ടിവെച്ച് ബെഡിൽ നിന്നിറങ്ങി... ജനലിനോരം ചെന്ന് കർട്ടൻ വകഞ്ഞു മാറ്റി പുറത്തേക്ക് നോക്കി..

പുറത്ത് ചെറുതായി കോടമഞ്ഞ് പെയ്യുന്നുണ്ടായിരുന്നു... മുറിയിലെ സ്ലൈഡിങ് ഡോർ നീക്കികൊണ്ടവൾ ബാൽക്കണിയിലേക്കിറങ്ങി..മിനുസമുള്ള നൈറ്റ്‌ ഡ്രെസ്സിനികത്തേക്ക് തണുപ്പരിച്ച് കയറി ശരീരത്തിൽ വിറയൽ പടർത്തിയതും കൈകൾ കൂട്ടി തിരുമ്മിയവൾ ചൂട് പിടിച്ച് റെയിലിംഗിൽ ചാരി നിന്നു.... ചുറ്റും വളർന്നു പന്തലിച്ചു നിൽക്കുന്ന മുളങ്കാട്ടിലേക്കവളുടെ മിഴികൾ നീണ്ടു.. കാറ്റിൽ അവ ഉലയുന്ന ശബ്‍ദം അവളുടെ കാതുകൾക്കിമ്പമേകി..തനിച്ചു നിന്നവിടെ പ്രകൃതിയുടെ മനോഹാരിതയെ തന്റെ നേത്രങ്ങളാൽ പകർത്തിയെടുക്കുമ്പോൾ ഇന്നലെ വരെ കടന്നുപോയ നിമിഷങ്ങളൊരു തിരശ്ശീല കണക്കെ മനസ്സിലൂടെ മിന്നി മാഞ്ഞു... *****

പിജി കഴിഞ്ഞ് അടുത്തുള്ള പ്രൈവറ്റ് കോളേജിൽ താൽക്കാലിക വേക്കൻസിയിൽ ഇംഗ്ലീഷ് ലക്ച്ചററായി പ്രിയ ജോലിക്ക് കയറി... നാളുകയുള്ള ഏകാന്ത വാസത്തിൽ അവൾക്കാ ജോലി വളരെയേറെ ആശ്വാസമായിരുന്നു... കോളേജിലെത്തി കുട്ടികളോടും കൂടെ ജോലി ചെയ്യുന്ന ടീച്ചേഴ്സിനോടും ഇടപെടുമ്പോൾ മനസ്സിലുള്ള ദുഖങ്ങൾക്ക് കുറച്ച് നേരത്തേക്കെങ്കിലും ശമനം കിട്ടുമായിരുന്നു.. അന്നും പതിവ് പോലെ കോളേജിലേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് അമ്മ അവളുടെ അടുക്കലേക്ക് വന്നത്..

"എന്താ അമ്മേ,,കോളേജിൽ നിന്ന് തിരിച്ചു വരുമ്പോൾ എന്തെകിലും വാങ്ങിക്കാനുണ്ടോ...? " ടേബിളിൽ ഇരുന്നിരുന്ന ലഞ്ച് ബോക്സ്‌ ബാഗിലേക്കെടുത്ത് വെക്കുന്നതിനിടയിൽ പ്രിയ തിരക്കി.. "ഒന്നും വാങ്ങിക്കാനൊന്നുമില്ല അതൊക്കെ അച്ഛൻ കൊണ്ടു വന്നോളും.. നീ വെറുതെ ബുദ്ധിമുട്ടണ്ട... " അവരുടെ സ്വരത്തിൽ പരിഭവം കലർന്നിരുന്നു.. "ഞാൻ വന്നത് വേറൊരു കാര്യം പറയാനാ.." കാര്യമെന്താണെന്നറിയാൻ തലയുയർത്തിയവൾ നോക്കി.. "വസുന്തരാമ്മ വിളിച്ചിരുന്നു,, നിന്റെ തീരുമാനമെന്തെന്നാണ് അവർ ചോദിക്കുന്നത്.. അവരേയും പറഞ്ഞിട്ട് കാര്യമില്ല ആകെയുള്ളൊരു മകൻ കുടിച്ച് നശിക്കുന്നത് കാണാൻ ഒരമ്മയും ആഗ്രഹിക്കില്ലല്ലോ...

വർഷമൊന്ന് കഴിഞ്ഞില്ലേ ഇനിയെങ്കിലും നിനക്ക് നിന്റെ പിടി വാശി ഉപേക്ഷിച്ചൂടെ പ്രിയേ... " ദയനീയമായിട്ടവർ ചോദിച്ചിട്ടവളെ നോക്കി... "എനിക്കെന്ത് പിടിവാശി... പിന്നെ ഞാൻ കാരണമാണ് ഹരിയേട്ടൻ കുടിച്ചു നശിക്കുന്നതെന്ന് അമ്മയോടാരാ പറഞ്ഞേ... അങ്ങനെ വിഷമം മറക്കാൻ ലഹരിയെ കൂട്ട് പിടിച്ചാൽ മതിയെങ്കിൽ ഞാനൊക്കെ എപ്പോഴേ അതിനടിമപ്പെട്ടുപോയേനേ... ഞാനിറങ്ങുന്നു.." കൂടുതൽ സംസാരത്തിന് നിന്ന് രാവിലെ തന്നെ കലഹിക്കാൻ താല്പര്യമില്ലാത്തത് കൊണ്ടവൾ ബാഗും തോളിലേക്കിട്ട് പുറത്തേക്കിറങ്ങി..

എല്ലാം കേട്ട് ഉമ്മറത്തെ ചാരു കസേരയിലിരിക്കുന്ന അച്ഛനെയൊന്ന് നോക്കി പടിക്കെട്ടിൽ കിടന്നിരുന്ന ചെരുപ്പെടുത്ത് ധരിച്ചവൾ അവിടെ നിന്ന് കോളേജിലേക്ക് പുറപ്പെട്ടു.. ഇടവഴിലൂടെ ജംഗ്ഷനിലേക്ക് നടന്ന് ബസ്‌റ്റോപ്പിലേക്കിയതും തൊട്ട് മുന്നിൽ ബസ് വന്നു നിന്നു... അവളതിൽ കയറി ആളൊഴിഞ്ഞ സീറ്റിലേക്കിരുന്നു... അന്നത്തെ സാഹചര്യത്തിന് തോന്നിയ ദേഷ്യവും പിണക്കവും ഇത്രയധികം നീണ്ടു പോവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല..തന്റെയുള്ളിലെ വാശിയാവാം ഹരിയേട്ടനെയൊന്ന് വിളിക്കാൻ പോലും തോന്നിപ്പിക്കാതിരുന്നത്.... ഇങ്ങോട്ട് വിളിക്കട്ടെ അല്ലെങ്കിൽ നേരിട്ട് വന്ന് സംസാരിച്ച് പിണക്കം തീർക്കട്ടെ എന്ന വാശിയേയും കൂട്ട് പിടിച്ച് ദിവസങ്ങൾ മുന്നോട്ട് നീക്കി...

പതിയെ പതിയെ വസുന്തരാമ്മക്കും ശ്രീയേച്ചിക്കുമുള്ള ഫോൺ വിളി പോലും കുറഞ്ഞു.. അവരിങ്ങോട്ട് വിളിച്ചാൽ തന്നെ ഒന്നോ രണ്ടോ വാക്കിൽ സംസാരം ചുരുക്കുമായിരുന്നു... ബസ് കോളേജിന് മുന്നിൽ നിർത്തിയതും ആലോചനകൾക്ക് കടിഞ്ഞാണിട്ട് പ്രിയ ബസ്സിൽ നിന്നിറങ്ങി.. കോളേജിലേക്ക് കയറുമ്പോൾ ചില കുട്ടികൾ വന്ന് ഗുഡ് മോർണിംഗ് വിഷ് ചെയ്യുന്നുണ്ടായിരുന്നു.. അവർക്കെല്ലാമൊരു പുഞ്ചിരി സമ്മാനിച്ച് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.. ഫസ്റ്റ് ബെൽ മുഴങ്ങിയതും പുസ്‌തകവുമെടുത്ത് ക്ലാസ്സിലേക്ക് പോയി... അറ്റൻഡൻസ് എടുത്ത് പാഠ ഭാഗങ്ങളെടുക്കാൻ തുടങ്ങുമ്പോഴാണ് പ്യൂൺ ക്ലാസ്സ്‌ മുറിയിലേക്ക് കടന്നു വന്നത്..

"മേം,, ഒരു വിസിറ്ററുണ്ട്.. " അതും പറഞ്ഞിട്ടയാൾ അവിടെ നിന്ന് പോയി.. "ഞാനിപ്പോ വരാം.. " തൊട്ട് പിന്നാലെ പ്രിയയും ചെന്നു.. "ദേ ആ നിൽക്കുന്ന ആളാണ്... " ഓഫീസ് റൂമിന് മുന്നിലെ ഗാർഡനിൽ തിരിഞ്ഞു നിൽക്കുന്നയാളെ ചൂണ്ടി പ്യൂൺ പറഞ്ഞു.. ആരായിരിക്കുമെന്ന ആശങ്കയോടെ പ്രിയ അയാൾക്കടുത്തേക്ക് നടന്നു. ****** "ഗുഡ് മോർണിംഗ് ഡോക്ടർ.. " കയ്യിലൊരു കറുത്ത ബാഗുമായി എൻട്രൻസ് കടന്നു വരുന്ന ശ്രീഹരിയെ നോക്കി റിസപ്ഷനിൽ ഇരുന്നിരുന്ന സ്റ്റാഫുകൾ വിഷ് ചെയ്തു... "വെരി ഗുഡ് മോർണിംഗ്.. " അവരെ നോക്കി തിരിച്ചും വിഷ് ചെയ്ത് അവൻ കേബിനിലേക്ക് കയറി.. "നല്ലൊരു മനുഷ്യനായിരുന്നു..

വിവാഹം കഴിഞ്ഞതോടെ ആൾടെ ജീവിതവും നശിച്ചു.. ഇപ്പൊ ഫുൾ ടൈം ബാറിലാണെന്നാ കേൾക്കുന്നത്.... " അവൻ പോവുന്നതും നോക്കി നിന്ന സ്റ്റാഫുകളിലൊരാൾ പരിതപിച്ചു... അത് കേട്ട മറ്റുള്ളവരുടെ മുഖത്തും അതേ ഭാവമായിരുന്നു.. ഈ ഒന്നര വർഷത്തിനിടക്ക് അവനിലൊരു പാട് മാറ്റങ്ങൾ വന്നിരുന്നു... അതിലൊന്നായിരുന്നു മുഖത്തെ പുഞ്ചിരി മാഞ്ഞ് മുഖത്ത് ഇപ്പോഴുള്ള ഗൗരവഭാവം... എല്ലാവരോടും സൗമ്യമായ ഭാഷയിൽ സംസാരിച്ചവനിന്ന് ആരോടെങ്കിലും സംസാരിച്ചാലായി... ആകെ സംസാരിക്കുന്നത് പരിശോധനക്ക് വരുന്ന രോഗികളോടാണ്... അവൻ ചെയറിലേക്കിരുന്നതും നഴ്സ് ഇന്ന് പരിശോധിക്കേണ്ട പേഷ്യന്റ്സിന്റെ ഫയൽസ് അവന് മുന്നിൽ കൊണ്ടു വന്നു വെച്ചു...

'ഇപ്പോ തന്നെ വൈകി.. ഓരോരുത്തരെയായി വിളിച്ചോളൂ... " വാച്ചിലേക്ക് നോക്കി ഗൗരവത്തോടെ പറഞ്ഞിട്ടവൻ ആദ്യത്തെ ഫയലെടുത്ത് മുന്നിലേക്ക് വെച്ച് നിവർത്തി നോക്കി.. ഒരു ദിവസം പതിനഞ്ച് പേഷ്യന്റ്സിൽ കൂടുതലവൻ നോക്കാറില്ലായിരുന്നു..അതിൽ കൂടുതലായാൽ വഴക്ക് മുഴുവൻ ഒപി യിൽ നിൽക്കുന്ന നഴ്സിനായിരിക്കും.. അത് പേടിച്ച് വളരെയേറെ സൂക്ഷ്മതയോടെയാണ് നഴ്സ് കാര്യങ്ങളൊക്കെ നീക്കിയിരുന്നത്.. പതിനഞ്ച് പേഷ്യന്റ്സിനെ പരിശോധിച്ച് കഴിഞ്ഞതും ഏകദേശം ഉച്ചയോടെ ഹരി ഹോസ്പിറ്റലിൽ നിന്ന് പോവാനൊരുങ്ങി.. "സർ,, ഒരു ലെറ്ററുണ്ട്... " പോവാനൊരുങ്ങുന്ന ഹരിയുടെ അരികിലേക്ക് റിസപ്ഷനിസ്റ്റ് വന്നു പറഞ്ഞു..

ശേഷമൊരു കവർ അവനെ ഏൽപ്പിച്ചു.. "മുന്നേ സാറിന്റെ പേഷ്യന്റ് ആയിരുന്നയാൾ തന്നതാണെന്ന് പറയാൻ പറഞ്ഞു.. " ആ കവർ തിരിച്ചും മറിച്ചും പരിശോധിക്കുന്ന ഹരിയോട് പറഞ്ഞിട്ട് ആ പെൺകുട്ടി അവിടെ നിന്ന് പോയി.. കാറിൽ കയറി ഹരി ആ പാക്കറ്റ് പൊട്ടിച്ചു വായിച്ചു.. അതൊരു വിവാഹ ക്ഷണക്കത്തായിരുന്നു.. അതിലെഴുതിയ പേരുകളിലൂടെ കണ്ണുകൾ പായിക്കുമ്പോൾ ഏതോ ഓർമയിൽ മിഴികളിലൊരു വലിയ സാഗരം തന്നെ രൂപം പ്രാപിക്കുന്നത് അവനറിയുന്നുണ്ടായിരുന്നു.. ****** "Excuse me.. " തിരിഞ്ഞു നിൽക്കുന്ന ആളുടെ അടുത്തേക്ക് ചെന്നവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു... അയാൾ തിരിഞ്ഞു നോക്കി...

മുന്നിൽ നിൽക്കുന്ന പ്രിൻസിനെ കണ്ടവളിൽ ഞെട്ടലുളവായി... വർഷങ്ങൾക്ക് ശേഷം ഇത് പോലൊരു കൂടിക്കാഴ്ച അവളൊട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു... അന്ന് ഹോസ്പിറ്റലിൽ വെച്ചൊരു മിന്നായം പോലെ കണ്ടതിൽ പിന്നെ ഇച്ചായനെ കുറിച്ച് അന്യോഷിക്കാനോ കാണാനോ ശ്രമിച്ചിട്ടില്ല... വാസ്തവത്തിൽ അതിന് തോന്നിയിരുന്നില്ലെന്ന് തന്നെ പറയാം.. കഴിഞ്ഞു പോയ ഓരോന്നും ആലോചിക്കെ കൈ കാലുകൾ തളർന്നു തുടങ്ങിയതും ഒരു ബലത്തിനായവൾ അവിടെയിട്ടിരുന്ന സിമന്റ് ബെഞ്ചിലേക്കിരുന്നു... അവളുടെ അവസ്ഥ അവനിൽ നോവ് പടർത്തിയെങ്കിലും അതിനെ തന്റെയുള്ളിൽ മാത്രം ഒതുക്കി വെച്ചവനും ബെഞ്ചിനോരത്തായി ഇരുന്നു..

"പ്രിയേ... " ഏതോ ഗർത്തത്തിലെന്ന പോലെ അവളാ ശബ്‍ദം ശ്രവിച്ചു.. അവളിൽ നിന്നും മറുപടിയൊന്നും കിട്ടുന്നില്ലെന്ന് മനസ്സിലാക്കവേ പ്രിൻസ് ബെഞ്ചിലിരിക്കുന്ന അവളുടെ കയ്യിൽ പതിയെ തൊട്ടു... പൊടുന്നനെ കൈ പിൻവലിച്ചവൾ പകപ്പോടെ അവനെ നോക്കി.. "സുഖമാണോ എന്ന് ഞാൻ ചോദിക്കുന്നില്ല,, ആ ചോദ്യത്തിനിവിടെ യാതൊരു പ്രസക്തിയുമില്ല..ഞാൻ ഹരി ഡോക്ടറുടെ വീട്ടിൽ പോയിരുന്നു... അപ്പോഴാണ് കാര്യങ്ങളൊക്കെ അറിഞ്ഞത്.. എനിക്കറിയാം ഹരിയേട്ടനോട് ദേഷ്യമുള്ളത് പോലെ തനിക്കെന്നോടും ഉണ്ടാവുമെന്ന്.. ആയിക്കോളൂ എനിക്കതിൽ യാതൊരു പരാതിയും പരിഭവവുമില്ല..

പക്ഷേ ഡോക്ടറെ ഇക്കാര്യത്തിൽ താൻ കുറ്റപ്പെടുത്തരുത്.. " പ്രിയ പ്രിൻസിനെ തന്നെ ഉറ്റുനോക്കി... "അറിയാതെ നമുക്കിടയിലേക്ക് വന്നു എന്നതല്ലാതെ വേറൊരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല...നിന്നെ കുറിച്ചെല്ലാം എന്നോട് തുറന്ന് പറയുമ്പോൾ ആ മനുഷ്യന്റെ ഹൃദയ വേദന എത്രത്തോളമാണെന്ന് ഞാൻ തിരിച്ചറിഞ്ഞതാണ്..അത് കൊണ്ട് തന്നെയാണ് ഞാൻ തന്റെ തൊട്ടടുത്തുണ്ടെന്നുള്ള കാര്യം തന്നെ അറിയിക്കരുതെന്ന് ഞാൻ പറഞ്ഞതും... ഞാൻ കാരണം നിങ്ങൾക്കിടയിലൊരു വിള്ളൽ സംഭവിക്കാൻ പാടില്ലെന്നുള്ളത് എന്റെ നിർബന്ധമായിരുന്നു..പക്ഷെ കാര്യങ്ങൾ മുഴുവനായും മനസ്സിലാക്കും മുന്നേ താൻ എല്ലാ പഴികളും ഡോക്ടറുടെ മേൽ ചാരി അദ്ദേഹത്തെ തീരാ ദുഃഖത്തിലേക്ക് തള്ളി വിട്ടു.."

പ്രിൻസിന്റെ വാക്കുകൾ അവളെ കൊല്ലാതെ കൊന്നു... എല്ലാം പ്രശ്നങ്ങളും തന്റെ എടുത്തു ചാട്ടത്തിന്റെ പുറത്ത് സംഭവിച്ചതാണെന്ന് തിരിച്ചറിയവേ നെഞ്ചിലൊരു കല്ലെടുത്ത് വെച്ചത് പോലെയുള്ള ഭാരം അവൾക്കനുഭവപ്പെട്ടു.. "അന്ന് തന്നെ വിളിച്ചിറക്കി കൊണ്ടുവരാൻ പുറപ്പെട്ട ഞാൻ ഒരപകടത്തിൽ പെട്ടു.. നിയന്ത്രണം തെറ്റി പാഞ്ഞു വന്ന ലോറി എന്നെ ഇടിച്ചു വീഴ്ത്തി..താൻ കരുതുന്ന പോലെ അത് തന്റെ അച്ഛന്റെയോ ചേട്ടന്റെയോ പ്ലാനൊന്നുമല്ലായിരുന്നു.. തീർത്തും അപ്രതീക്ഷിതമായി നടന്ന അപകടം...ബോധം തെളിയുമ്പോൾ ഞാനൊരു ഹോസ്പിറ്റലിലായിരുന്നു...ഒന്നനങ്ങാൻ പോലും കഴിയാതെ മറ്റൊരാളുടെ സഹായവും പ്രതീക്ഷിച്ച് കിടന്നിരുന്ന നാളുകൾ..

അപ്പോഴെല്ലാം എന്നെ തളരാതെ ഒരു കൂടപ്പിറപ്പിനെ പോലെ ചേർത്ത് നിർത്തിയത് നിന്റെ ഹരിയേട്ടനായിരുന്നു..ആ ഹരിയേട്ടനെ നീയൊരിക്കലും കുറ്റപ്പെടുത്താൻ പാടില്ലായിരുന്നു പ്രിയേ... ആ മനുഷ്യൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ എനിക്ക് മനസ്സിലായതാണ്.." അവന്റെ ശബ്‍ദമൊന്നിടറി.. "ഇച്ചായാ ഞാൻ.. " ബാക്കി പറയാൻ കഴിയാതെ കുറ്റബോധത്തിന്റെ തീചൂളയിൽ അവൾ വെന്തുരുകി.. "എനിക്കറിയാം പ്രിയേ നിന്റെ മനസ്സിലിപ്പോഴെന്താണെന്ന്...സമയമിനിയും വൈകിയിട്ടില്ല,, കണ്ണികൾ അകന്നു പോയ ബന്ധങ്ങളെ ചേർത്ത് നിർത്താൻ ഇനി നിനക്ക് മാത്രമേ കഴിയൂ.."

അവളുടെ തോളിലൊന്ന് തട്ടി അത്രമാത്രം പറഞ്ഞവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.. "നിന്റെ ജീവിതത്തിലേക്ക് വരാൻ ഞാനാഗ്രഹിച്ചിരുന്നു പക്ഷേ ഇന്നെനിക്ക് അങ്ങനെയൊരു മോഹമില്ല പ്രിയേ.. എന്നേക്കാൾ യോഗ്യനായ ഒരാളുടെ കയ്യിൽ തന്നെയാണ് ദൈവം നിന്നെ കൊണ്ടെത്തിച്ചത്... അതിലെനിക്ക് സന്തോഷമുണ്ട്.. ഇനിയുള്ള കാലം ആ കരങ്ങളിലുള്ള പിടിവിടാതെ സന്തോഷത്തോടെ ജീവിക്കേണ്ടത് നിന്റെ ഉത്തരവാദിത്വമാണ്.. " പ്രിയ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു.. പ്രിൻസ് അവളുടെ കൈകൾ കവർന്നു.. "എല്ലാ പ്രണയവും പൂവണിയണമെന്നില്ല അങ്ങനെയുണ്ടായാൽ തന്നെ അതിനെ പ്രണയമെന്ന് വിളിക്കാനും കഴിയില്ല...

നേടിയെടുക്കുന്നത് മാത്രമല്ല വിട്ട് കൊടുക്കുന്നതും പ്രണയമാണ്.. പക്ഷേ ഇവിടെ ഞാൻ വിട്ട് കൊടുത്തതുമല്ല ഹരി നിന്നെ നേടിയെടുത്തതുമല്ല.... എങ്കിലും നിങ്ങൾക്കിടയിൽ ഒരു ബന്ധമുണ്ട് അഗ്നി സാക്ഷിയായി ഹരി ചാർത്തിയ താലി...ആ താലി നിന്നിലുള്ളിടത്തോളം കാലം നിന്റെ പ്രണയം ഹരി മാത്രമായിരിക്കണം,, അങ്ങനെയേ പാടുള്ളൂ..." അവളുടെ മിഴികളിലേക്ക് നോക്കി ആർദ്രമായവൻ പറഞ്ഞതും പ്രിയ സമ്മതമെന്ന പോലെ തല ചലിപ്പിച്ചു...പ്രിൻസ് അവളെയൊന്ന് ആലിംഗനം ചെയ്ത് അകന്നു മാറി.. കയ്യിൽ കരുതിയിരുന്ന ഇൻവിറ്റേഷൻ കാർഡ് അവളുടെ നേരെ നീട്ടുമ്പോൾ മിഴികൾ വിടർത്തി അതിശയം പൂണ്ടവൾ അവനെ നോക്കുന്നുണ്ടായിരുന്നു...

"എന്റെ വിവാഹമാണ് വരുന്ന ഞായറാഴ്ച... താൻ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു... " ചെറു പുഞ്ചിരിയോടെ പ്രിൻസ് പറയുമ്പോൾ അവളിൽ അപ്പോഴും അമ്പരപ്പ് തന്നെയായിരുന്നു... "വരട്ടേ... വിവാഹത്തിന് വരാൻ മറക്കരുത്... " ഒന്നുകൂടെ അവളെ ഓർമിപ്പിച്ചവൻ അവിടെ നിന്നും നടന്നു നീങ്ങി...അവൻ പോവുന്നതും നോക്കി നിന്നവളുടെ മിഴിക്കോണിലൊരു നീർക്കണം പൊടിഞ്ഞെങ്കിലും കയ്യിലിരിക്കുന്ന ഇൻവിറ്റേഷൻ കാർഡിലേക്ക് നോക്കവേ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു... ****** ഓഫ്‌ വൈറ്റ് നിറത്തിലുള്ള സിമ്പിൾ ഷിഫോൺ സാരി ധരിച്ചവൾ വിവാഹത്തിന് പോവാൻ റെഡിയായി... ഹരിയും വിവാഹത്തിന് വരുമെന്നവൾക്കുറപ്പായിരുന്നു..

അതുകൊണ്ട് തന്നെ അന്നവൾക്ക് എത്ര ഒരുങ്ങിയിട്ടും തൃപ്തിയാവുന്നില്ലായിരുന്നു.. "പ്രിയേ..നീയാണോ ഓട്ടോ വിളിച്ചത്... ആണെങ്കിൽ കുറച്ച് നേരമായി അയാളവിടെ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്.. വേഗം ചെല്ലാൻ നോക്ക്.." അമ്മ മുറിയുടെ വാതിൽക്കൽ വരെ വന്ന് പറഞ്ഞതും ഒന്നൂടെ കണ്ണാടിയിലേക്ക് നോക്കി പ്രിയ ഹാൻഡ് ബാഗും എടുത്ത് പുറത്തേക്കോടി.. "ചേട്ടാ..സ്കൂളിനടുത്തുള്ള ചർച്ചിലേക്ക് വിട്ടോ.. " ഓട്ടോയിൽ കയറിയിരുന്നവൾ ഡ്രൈവർക്ക് നിർദേശം കൊടുത്തതും അയാൾ വണ്ടി മുന്നോട്ടെടുത്തു.. "നൂറ് രൂപ... " പള്ളിക്ക് മുന്നിൽ ഓട്ടോയൊതുക്കി അയാൾ പറഞ്ഞു.. ബാഗിൽ നിന്ന് നൂറ് രൂപയുടെ നോട്ടെടുത്ത് അയാൾക്ക് കൊടുത്ത് ഓട്ടോയിൽ നിന്നിറങ്ങി..

പള്ളിയിലേക്കുള്ള പടിക്കെട്ടുകൾ കയറുമ്പോൾ ഹരിയെ തേടി അവളുടെ മിഴികൾ ചുറ്റും പാഞ്ഞു..പക്ഷേ നിരാശയായിരുന്നു ഫലം.. "പ്രിയേച്ചി... " പ്രിയയെ കണ്ടതും പള്ളി മുറ്റത്ത് മണവാട്ടിയുടെ വേഷത്തിൽ നിന്നിരുന്ന ഏയ്ഞ്ചൽ അടുത്തേക്ക് വന്നു... "തന്നെ ഞാൻ എവിടെയോ..? " ഏയ്ഞ്ചലിന്റെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു പ്രിയ.. "കൂടുതൽ ആലോചിച്ച് സമയം കളയേണ്ട പ്രിയേ.. ഇത് ഹരി ഡോക്ടറുടെ കൂടെ വർക്ക്‌ ചെയ്തിരുന്ന നഴ്സാണ് ഏയ്ഞ്ചൽ.." പ്രിൻസ് അവർക്കടുത്തേക്ക് വന്ന് പറഞ്ഞു... വൈറ്റ് ഷർട്ടും ബ്ലൂ സ്യൂട്ടും ആയിരുന്നവന്റെ വേഷം.. ആ വേഷത്തിൽ അവൻ ശെരിക്കുമൊരു പ്രിൻസിനെ പോലെ തന്നെയായിരുന്നു..

"ഞാൻ പെട്ടന്ന് കണ്ടപ്പോ.. എനിക്ക് ഓർമ കിട്ടിയില്ല... പക്ഷേ നിങ്ങളെങ്ങനെ... " അവൾ സംശയത്തോടെ അവരെ നോക്കി... "ഞാനവിടെ അഡ്മിറ്റ് ആയിരുന്നപ്പോൾ എന്നെ നോക്കിയിരുന്നത് ഇയാളായിരുന്നു..അന്ന് എനിക്കിയാൾ വെറുമൊരു നഴ്സ് മാത്രമായിരുന്നു ഇനി ഇവിടുന്നങ്ങോട്ടെന്റെ ജീവന്റെ പാതിയും.." പ്രിൻസ് ഏയ്ഞ്ചലിനെ ചേർത്ത് പിടിച്ചു.. വെളുത്ത ഗൗണിൽ അവൾ അതി മനോഹരിയായിരുന്നു... "പ്രിൻസ്.. സമയമായി ഏയ്ഞ്ചലിനെയും കൂട്ടി അകത്തേക്ക് വരൂ.. " മദർ അവരെ അകത്തേക്ക് വിളിച്ചു.. "ചേച്ചി വരൂ... " ഏയ്ഞ്ചൽ പ്രിയയുടെ കയ്യിൽ പിടിച്ചു.. "നിങ്ങൾ നടന്നോളൂ ഞാൻ പിറകെ വന്നോളാം... "

പ്രിയ അവരെ അകത്തേക്ക് പറഞ്ഞു വിട്ടു... കുറച്ച് സമയം കൂടെ അവൾ ഹരിയേയും കാത്ത് പള്ളി മുറ്റത്ത് നിന്നെങ്കിലും അവൻ വന്നില്ല... വിഷാദം തളം കെട്ടിയ മുഖത്തോടെ മറ്റഥിതികളോടൊപ്പം പള്ളിക്കകത്തേക്ക് കയറി..അപ്പോഴും അവളുടെ മിഴികൾ ഹരിയെ തേടുന്നുണ്ടായിരുന്നു.. ******* പുരോഹിതന്റെ ആശിർവാദത്തോടെയും മറ്റ് അതിഥികളേയും സാക്ഷിയാക്കി പ്രിൻസ് ഏയ്ഞ്ചലിന്റെ കഴുത്തിൽ മിന്ന് ചാർത്തി മന്ത്രകോടി അണിയിച്ചു തന്റെ ജീവിത സഖിയാക്കി....ഈ ജന്മവും ഇനിയുള്ള ജന്മങ്ങളും അവന്റെ പതിയാകാൻ കഴിയേണമേയെന്ന പ്രാർത്ഥനയോടെ അവൾ കർത്താവിനെ സ്തുതിച്ചു...

ആ മനോഹരമായ കാഴ്ച കാണെ പ്രിയയുടെ മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു... മിഴിക്കോണിലൂടെ ഒഴുകിയിറങ്ങിയ മിഴിനീർ പെരു വിരലാൽ തുടച്ചു നീക്കി തലയുയർത്തിയർത്തിയതും ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന ഹരിയിൽ അവളുടെ മിഴികളുടക്കി...ഒരുവേള അവളുടെ ഹൃദയം പോലും നിലച്ചു പോയി...മിഴികൾ ആർത്തിയോടെ ആ കാഴ്ച്ച ഒപ്പിയെടുത്ത നിമിഷം അവൻ ആൾക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞിരുന്നു.. ചടങ്ങുകളെല്ലാം കഴിഞ്ഞ് ആളുകൾ പുറത്തേക്കിറങ്ങിയതും അവരെയെല്ലാം വകഞ്ഞു മാറ്റി പ്രിയ പുറത്തേക്കോടി... അവിടമാകെ അവനെ തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല...

ഒടുവിൽ തളർന്നവൾ പള്ളി മുറ്റത്തുള്ള മരച്ചുവട്ടിലേക്കിരുന്നു.. പ്രിൻസും ഏയ്ഞ്ചലും വന്നവളെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും പിന്നീട് കഴിച്ചോളാമെന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി... വിരുന്നും സൽക്കാരവുമൊക്കെ കഴിഞ്ഞ് ഗൃഹ പ്രവേശനത്തിനുള്ള സമയമായതും പ്രിൻസ് ഏയ്ഞ്ചലിനെയും കൂട്ടി താൻ പുതിതായി പണി കഴിപ്പിച്ച വീട്ടിലേക്ക് പോയി... ഏയ്ഞ്ചലിന്റെ വളർത്തമ്മയും അതിലുപരി അവളുടെ എല്ലാമെല്ലാമായ മദർ ഇരുവരുടേയും നെറ്റിയിൽ കുരിശ് വരച്ച് തിരി കൊളുത്തി ഏയ്ഞ്ചലിന്റെ കയ്യിലേക്ക് കൊടുത്തു... ഇരുവരും ഒരു മനസോടെ ഒരേ പ്രാർത്ഥനയോടെ സന്തോഷത്തോടെ തങ്ങളുടെ പുതിയ ജീവിതത്തിലേക്ക് വലത് കാൽ വെച്ച് കയറി..........(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story