പ്രിയമാനസം 💔: ഭാഗം 3

priyamanasam

രചന: ശംസീന

സർവാഭരണ വിഭൂഷയായി അവൾ അച്ഛന്റെ കൈ പിടിച്ചു വേദിയിലേക്ക് വന്നു... സദസ്സിനെ നോക്കി കൈകൂപ്പി..ഹരിയുടെ വാമ ഭഗത്തായവൾ  ഇരുന്നു.. അവനെയൊന്ന് നോക്കി... ഹരി അവളെ തന്നെ നോക്കുകയായിരുന്നു.. അത് കണ്ടപ്പോൾ പെട്ടന്ന് തന്നെ മുഖം കുനിച്ചു..


ചില്ലി റെഡ് കളർ കാഞ്ചിപുരം സാരിയിൽ അവൾ അതീവ സുന്ദരി ആയിരുന്നു..ഹരി അവളെ ആദ്യമായി കാണുന്നത് പോലെ നോക്കി ഇരുന്നു..അവളെ നോക്കി കണ്ണു ചിമ്മിയൊന്ന് ചിരിച്ചു..


"താലി കെട്ടിക്കോളൂ... "

മുഹൂർത്തമായതും പൂജാരി മഞ്ഞ ചരടിൽ കോർത്ത താലി ഹരിയുടെ നേരെ നീട്ടി... അവനതു ഇരു കൈകൊണ്ടും വാങ്ങി കണ്ണുകളടച്ചൊന്ന് പ്രാർത്ഥിച്ചു.. അവളുടെ നേരെ ഉയർത്തി...

കൈകൾ കൂപ്പി കൊണ്ടവൾ അവനണിയിക്കുന്ന താലിക്കായി കഴുത്ത് നീട്ടി... അപ്പോഴും അവളുടെ കണ്ണുകൾ ചുറ്റും ആരെയോ പരതി കൊണ്ടിരുന്നു... ഇച്ചായൻ ഒന്ന് വന്നിരുന്നെങ്കിലെന്നവൾ അതിയായി ആഗ്രഹിച്ചു..എല്ലാവരുടെയും മുന്നിൽ ചേർത്ത് നിർത്തി ഇതെന്റെ പെണ്ണാണെന്ന് ഉറക്കെ പറയണമെന്നവൾ ഒരു വേള നിനച്ചു..അതെല്ലാം തന്റെ വെറും പാഴ് മോഹങ്ങൾ ആയിരുന്നെന്ന് ഹരി താലിയിൽ മൂന്നാമത്തെ കെട്ടും മുറുക്കി കെട്ടിയപ്പോഴവൾക്ക് മനസ്സിലായി... കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ അവന്റെ കൈത്തണ്ടയിലേക്ക് വീണു.. അവൻ അവളുടെ താടി തുമ്പുയർത്തി നിറഞ്ഞു നിൽക്കുന്ന മിഴിയിലേക്ക് നോക്കി...കൂടെയുണ്ടെന്ന് പറയാതെ പറയുന്ന പോലെ...പരസ്പരം ഹാരം അണിയിച്ചു..

പൂജാരി നീട്ടിയ താലത്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്തവൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു... അതോടൊപ്പം നെറ്റിയിൽ നേർമയിൽ ചുണ്ടുകൾ ചേർത്തു.. അവന്റെ അധരങ്ങളുടെ തണുപ്പ് നെറ്റിയിൽ പടർന്നതും പ്രിയ കണ്ണുകളെ ഇറുകെ അടച്ചു..


അച്ഛൻ വന്നു കന്യാധാനം നടത്തി... ഇരുവരും അഗ്നിക്ക്‌ ചുറ്റും വലയം ചെയ്തു സദസ്സിനെ നോക്കി വണങ്ങി...

പിന്നീട് ഫോട്ടോയെടുപ്പും പരിചയപ്പെടലും ഒക്കെയായി ചടങ്ങുകൾ നീണ്ടു..

സദ്യ കഴിക്കാനും ഇരുവരും ഒരുമിച്ചായിരുന്നു ഇരുന്നത്..

സദ്യ ഏറെ ഇഷ്ടമുള്ള തനിക്ക് അതിൽ നിന്നും ഒരു വറ്റ് പോലും രുചിയോടെ കഴിക്കാൻ സാധിച്ചില്ല.. ഹരിയെ നോക്കിയപ്പോൾ കൂട്ടുകാരോടെന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് കഴിക്കുന്നുണ്ട്...

അവനെ കാണുമ്പോഴും ഉള്ളിൽ നോവുണരുന്നു... ഒരുപാട് പ്രതീക്ഷകളുമായി പുതു ജീവിതത്തിലേക്ക് കാലെടുത്തു വെച്ച ചെറുപ്പക്കാരൻ... അവന്റെ പ്രതീക്ഷകളെല്ലാം താൻ കാരണം തകരുമോ...

അവളുടെ ഉള്ളം നീറി...

ചോറിൽ നുള്ളി പെറുക്കി ഇരിക്കുമ്പോൾ അടുത്തേക്ക് ഒരു കൈ നീണ്ടു വന്നു... കണ്ണുയർത്തി നോക്കി...

തന്റെ നേരെ ചോറുരുള പ്രതീക്ഷയോടെ നീട്ടിപിടിച്ചിരിക്കുന്ന... നിരസിക്കാൻ തോന്നിയില്ല..ഉള്ളിലെ സങ്കടം കടിച്ചമർത്തി ചെറു പുഞ്ചിരിയോടെ വാ തുറന്നു...  കണ്ടപ്പോൾ ആൾക്കും സന്തോഷമായിട്ടുണ്ട് ...അത് മുഖത്ത് വിടർന്ന നിറഞ്ഞ പുഞ്ചിരിയിൽ മനസ്സിലാകും...

വാ തുറന്ന് ചോറുരുള വാങ്ങി കഴിച്ചപ്പോൾ ചുറ്റും കൂടിയിരുന്ന ഹരിയുടെ കൂട്ടുകാരെല്ലാം ആർത്തു വിളിച്ചു.. തിരികെ ഹരിക്കും കൊടുക്കാൻ പറഞ്ഞു... ആൾ കുസൃതിയോടെ വാ തുറന്ന് പിടിച്ചിട്ടുണ്ട് അത് കണ്ടപ്പോൾ വിഷമിപ്പിക്കേണ്ടന്ന് കരുതി തിരികെയും നൽകി...

ആ മൊമെന്റ് ക്യാമറമാൻ അയാളുടെ ക്യാമറയിൽ ക്യാപ്ച്ചർ ചെയ്തു...

****

ഗൃഹ പ്രവേശനത്തിനുള്ള സമയമായി... കൂട്ടത്തിൽ മുതിർന്ന കാർന്നോർ പറഞ്ഞതും എല്ലാവരോടും അനുഗ്രഹം വാങ്ങി യാത്ര ചോദിച്ചു...

അച്ഛനും അമ്മയും ചേച്ചിയുമെല്ലാം കരയുന്നുണ്ട് യാത്ര ചോദിക്കുമ്പോൾ.. അത് കണ്ടപ്പോൾ ശെരിക്കും ചിരിയാണ് വന്നത്.. ആളുകളെ കാണിക്കാനുള്ള വെറും പ്രഹസനം.. തന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പോലും അവർക്ക് വേണ്ടി ഒഴുകിയില്ല...

ആർക്കും അധികം മുഖം നൽകാതെ കാറിൽ കയറി കണ്ണുകളടച്ചിരുന്നു.. പിറകെ തന്നെ ഹരി കയറുന്നതും ഡോർ വലിച്ചടക്കുന്നതും അറിഞ്ഞിരുന്നു...

വാഹനം നീങ്ങി തുടങ്ങിയപ്പോൾ അവൾ കണ്ണുകൾ തുറന്നു നേരെ ഇരുന്നു...

അപ്പോൾ ഹരിയും ശ്രീ ലക്ഷ്മിയും അവളെ നോക്കി കളിയാക്കി ചിരിക്കുന്നതാണ് കണ്ടത്...

പ്രിയ അവളെത്തന്നെയൊന്ന് മൊത്തത്തിൽ നോക്കി എന്തെങ്കിലും വശപ്പിശകുണ്ടോന്ന്.. അത് കൂടെ കണ്ടപ്പോൾ അവരുടെ ചിരി ഒന്നുകൂടെ ഉച്ചത്തിലായി..

"എൻ.. എന്താ..."

ക്ഷമ നശിച്ചപ്പോൾ അവൾ ചോദിച്ചു...

"പ്രിയ എന്താ കരയാത്തെ... "

ലക്ഷ്മി ചോദിച്ചു..

"അ.. അത് ഒന്നുല്ല..."

പറഞ്ഞുകൊണ്ടവൾ പുറത്തേക്ക് നോക്കിയിരുന്നു..

"Make up പോകുമെന്ന് വിചാരിച്ചാണോ.."

കാതോരം ഹരിയുടെ സ്വരം കേട്ടതും തലയൊന്ന് ചെരിച്ചു കൂർപ്പിച്ചു നോക്കി..

പെട്ടെന്നവൻ അവളുടെ കവിളിലൊന്നമർത്തി ചുംബിച്ചു.. പെട്ടന്ന് തന്നെ വിട്ട് മാറി..

ഞെട്ടികൊണ്ട് കവിളിൽ കൈവെച്ചവൾ അവനെ നോക്കി.. പിന്നെ മുന്നിലേക്കും...

ശ്രീ ലക്ഷ്മി ആരോടോ കാര്യമായ സംസാരത്തിലാണ്.. അതാരെന്നറിയാൻ മിററിലേക്കൊന്ന് നോക്കി.. അതേ സമയം തന്നെ അയാളും നോക്കി..

"ഹായ് പ്രിയ..ഞാൻ രാഗേഷ് "

അയാൾ സ്വയം പരിചയപ്പെടുത്തി.. ആളെ മനസ്സിലാവാതെ പ്രിയ നെറ്റി ചുളിച്ചു..

"എന്റെ ഹസ്ബെന്റ് ആട്ടോ.. ഇന്നലെ വന്നേയുള്ളൂ മുംബയിൽ നിന്ന്.."

ലക്ഷ്മി പറഞ്ഞു.. അതിനവളൊന്ന് ചിരിച്ചു.. എന്നിട്ട് ഹരിയെ നോക്കി.. ആൾ ചിരി കടിച്ചു പിടിച്ചിരിക്കുന്നുണ്ട്... അതുകൂടെ കണ്ടപ്പോൾ ശെരിക്കും ദേഷ്യം വന്നിരുന്നു അവൾക്ക്..

അവന്റെ തുടയിൽ നല്ലൊരു നുള്ള് വെച്ചു കൊടുത്തു..

"സ്സ്ഹ് "

അവനൊന്നെരി വലിച്ചു...

"എന്താ ഹരി..."

ശബ്ദം കേട്ട് ലക്ഷ്മി തിരിഞ്ഞു നോക്കി..


"ഏയ്‌ ഒന്നുല്ല.. ചേച്ചി ഒരു ഉറുമ്പ് കടിച്ചതാ... "

അവിടെയൊന്ന് തടവി അവളെ നോക്കി കൊണ്ടവൻ പറഞ്ഞു..അതിന് ലക്ഷ്മി അമർത്തിയൊന്ന് മൂളിക്കൊണ്ട് തിരിഞ്ഞു ...

ഹരി പ്രിയയെ നോക്കി.. അവൾ പുറത്തെ കാഴ്ച്ചകളിലേക്ക് മിഴി നട്ടിരിക്കുകയാണ്.. അവൻ ഒന്നവളുടെ അടുത്തേക്ക് നീങ്ങി അവളുടെ ഇടതു കൈ അവന്റെ വലതു കയ്യിലേക്ക് വെച്ചു കൊരുത്തു പിടിച്ചു..ഒന്നും അറിയാത്ത പോലെ മുന്നിലേക്ക് നോക്കിയിരുന്നു.. അവൾ അവനെയും അവൻ കൊരുത്തു പിടിച്ച കൈകളിലേക്കുമൊന്ന് നോക്കി...


കുറച്ച് നാളുകൾക്ക് മുൻപ് തന്റെ ഇച്ചായൻ പ്രണയത്തോടെ കൊരുത്തു പിടിച്ചിരുന്ന കൈകളിൽ ഇന്ന് വേറൊരാൾ അധികാരത്തോടെയും തന്റേതെന്ന അവകാശത്തോടെയും ചേർത്ത് പിടിച്ചിരിക്കുന്നു...

തടയാൻ തനിക്ക് കഴിയുമോ ... ഇതെല്ലാം ഹരിയേട്ടന്റെ അവകാശങ്ങളല്ലേ.. അതിൽ കൈകടത്താൻ തനിക്ക് സ്വാതന്ത്ര്യമുണ്ടോ...

അവളുടെ മനസ്സ് ചോദിച്ചു കൊണ്ടിരുന്നു...

ഒരു നെടുവീർപ്പോടെയവൾ നിർവികരതയോടെ അങ്ങനെ തന്നെ ഇരുന്നു...

***

ഒരു കുഞ്ഞു ഗേറ്റ് കടന്ന് വിശാലമായ മുറ്റത്തേക്ക് കാർ കയറി... അവരെ കാത്ത് ഉമ്മറത്തു തന്നെ എല്ലാവരും ഉണ്ടായിരുന്നു..

കാറിൽ നിന്നിറങ്ങി അവളാ വീടൊന്ന് നോക്കി..

രണ്ട് നിലയിൽ ഓട് മേഞ്ഞ ഒരു കൊച്ചുവീട്.. ചുറ്റും വിശാലമായ മുറ്റം..നിറയെ മരങ്ങൾ വീടിന് തണലേകാൻ എന്നോണം വളർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്.. ചുറ്റും വീക്ഷിച്ചു കൊണ്ടവൾ ലക്ഷ്മിയോടൊപ്പം മുന്നോട്ട് നടന്നു..

വസുന്ധരാമ്മ ഹരിയെയും പ്രിയയെയും ചേർത്ത് നിർത്തി ആരതി ഉഴിഞ്ഞു.. കുങ്കുമം എടുത്ത് ഇരുവരുടെയും നെറ്റിയിൽ തൊട്ടു കൊടുത്തു..വസുന്ധരാമ്മ കൊടുത്ത നിലവിളക്കും വാങ്ങി ഹരിയുടെ കയ്യും പിടിച്ചവൾ വലതുകാൽ വെച്ചു അകത്തേക്ക് കയറി.. പ്രതീക്ഷയുടെ പുതിയ തിരിനാളവുമായി...

*****

രാത്രിയോടെ കുടുംബക്കാരെല്ലാം പോയി...അത് കഴിഞ്ഞ് എല്ലാവരും ഒരുമിച്ചിരുന്നാണ് അത്താഴം കഴിച്ചത്..

കഴിച്ചു കഴിഞ്ഞ് ഹരിയേട്ടനും രാഗേഷേട്ടനും ഉമ്മറത്തേക്ക് പോയി..

അമ്മ ബാക്കി വന്ന ഫുഡെല്ലാം എടുത്ത് ഫ്രിഡ്ജിൽ വെച്ചു...

താനും ലക്ഷ്മിചേച്ചിയും കൂടി പാത്രമെല്ലാം കഴുകി ഒതുക്കി വെച്ചു.. അപ്പോഴെല്ലാം ലക്ഷ്മി ചേച്ചി വാ തോരാതെ സംസാരിക്കുന്നുണ്ട്.. ആളൊരു സംസാര പ്രിയയാണെന്ന് കുറച്ച് നേരം കൊണ്ട് തന്നെ മനസ്സിലായി..

ചേച്ചിയുടെ കല്യാണം കഴിഞ്ഞ് അഞ്ചു വർഷത്തോളം ആയിട്ടുണ്ട് ഇതുവരെ കുട്ടികൾ ഒന്നും ആയിട്ടില്ല.. ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട്... ചേച്ചിയും രാഗേഷേട്ടനും മുബൈയിലെ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുവാണ്... രണ്ട് പേരും നാളെ തന്നെ തിരിച്ചു പോകും..

അമ്മ തലവേദനിക്കുന്നെന്നും പറഞ്ഞു പോയി കിടന്നു.. ബാക്കി ജോലിയെല്ലാം എന്നെ മാറ്റി നിർത്തി ചേച്ചി തന്നെ ചെയ്തു... ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് തിളപ്പിക്കുമ്പോഴാണ് ഇന്നത്തെ രാത്രിയെ പറ്റി ഓർമ വന്നത്...

ഒരു വെപ്രാളം തന്നെ വന്നു പൊതിഞ്ഞു...ചേച്ചി പറയുന്നതിലേക്കൊന്നും പിന്നീട് ശ്രദ്ധ പോയില്ല.. ആകെയൊരു ടെൻഷൻ... ഇത്ര നേരവും ഈയൊരു കാര്യത്തെ പറ്റി ഓർമയില്ലാതിരുന്നതെന്തെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ചേച്ചി അതിൽ ഒരു ഗ്ലാസ്‌ പാലെടുത്തു എന്റെ നേരെ നീട്ടിയത്...അത് വാങ്ങിക്കാതെ ചേച്ചിയെയും പാലിനെയും മാറി മാറി നോക്കി...


"പിടിക്ക് കൊച്ചേ.. എന്നിട്ടങ്ങോട്ട് ചെല്ല്... ചെക്കൻ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും.. "

ചിരിയിൽ ശാസന കലർത്തികൊണ്ട് ലക്ഷ്മി പറഞ്ഞു...

"ചേച്ചി.. ഇതൊക്കെ വേണോ.. "

മടിയോടെയവൾ ചോദിച്ചു..

"വേണം.. ഇതൊക്കെ ഒരു ചടങ്ങല്ലേ.. "

ലക്ഷ്മി പാൽ ഗ്ലാസ്‌ അവളുടെ കയ്യിൽ പിടിപ്പിച്ചുകൊണ്ട് മുന്നിലേക്ക് ചെറുതായി ഉന്തികൊണ്ട് മുകളിലെ റൂമിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു..

"ചേച്ചി... "

മുന്നിലേക്ക് രണ്ടടി നടന്നവൾ തിരിഞ്ഞു നിന്ന് ലക്ഷ്മിയെ ചുണ്ടുകൾ ചുളുക്കി കൊണ്ട് വിളിച്ചു..

"നടക്ക്... ഞാൻ തന്നെ ആക്കിത്തരാം അവിടെ..."

ലക്ഷ്മി പാൽ ഗ്ലാസ്‌ അവളുടെ കൈയിൽ നിന്നും വാങ്ങിച്ചു അവളുടെ കയ്യും പിടിച്ചു കൊണ്ട് മുകളിലേക്കുള്ള പടികൾ കയറി... വിറച്ചു വിറച്ചു കൊണ്ടവൾ ലക്ഷ്മിയോടൊപ്പം ഓരോ പടികളും കയറി...

****

റൂമിനു മുന്നിലെത്തി ലക്ഷ്മി ഡോർ ഹാൻഡിലിൽ പിടിച്ചു തിരിച്ചു ഡോർ തുറന്ന് അകത്തേക്ക് എത്തിനോക്കി..

"ഹരി.. "

ഫോണിൽ നോക്കി കൊണ്ടിരുന്ന ഹരി തലയുയർത്തി..

"എന്താ ചേച്ചി... "

ഫോൺ ബെഡിൽ വെച്ചു കൊണ്ടവൻ ചോദിച്ചു...

"ദേ നിന്റെ ആളെ ഇവിടം വരെ എത്തിച്ചിട്ടുണ്ട്...ഇനി ഞാൻ പോവാണേ..."

ലക്ഷ്മി പറഞ്ഞതും ഹരി  ചിരിയോടെ തലയാട്ടി ..

കുസൃതിയോടെ പറഞ്ഞുകൊണ്ട് ലക്ഷ്മി ഗ്ലാസ്‌ പ്രിയയുടെ കയ്യിൽ കൊടുത്തു കൊണ്ട് ഓൾ ദി ബെസ്റ്റും പറഞ്ഞു അവിടെ നിന്നും പോയി...

*****

ഹരി നടന്നുകൊണ്ട് വാതിലിനടുത്തേക്ക് വന്നു...

അവിടെ തന്നെ നിന്ന് പരുങ്ങുന്നവളെ നോക്കിയൊന്ന് ചിരിച്ചു..

അവൻ അടുത്ത് വന്നവളുടെ താടി തുമ്പിൽ പിടിച്ചു..വെപ്രാളത്തോടെയവൾ തലയുയർത്തി... കണ്ണുകൾ പിടഞ്ഞു...കയ്യും കാലുമെല്ലാം വിറക്കുന്നുണ്ടായിരുന്നു...

പ്രിയയുടെ കയ്യിലിരിക്കുന്ന പാൽ ഗ്ലാസ്‌ അവൻ വാങ്ങി..

"വാ.... "

അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു...

അവൾ അവനെയും തോളിൽ അമർന്ന അവന്റെ കൈകളെയും മാറിമാറി നോക്കി.......(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story