പ്രിയമാനസം 💔: ഭാഗം 4

priyamanasam

രചന: ശംസീന

 പ്രിയയുടെ കയ്യിലിരിക്കുന്ന പാൽ ഗ്ലാസ്‌ അവൻ വാങ്ങി..

"വാ "

അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു...

അവൾ അവനെയും തോളിൽ അമർന്ന അവന്റെ കൈകളെയും മാറിമാറി നോക്കി...

"എന്താടോ!! എന്തേലും വിരോധം ഉണ്ടോ"

അവളുടെ നോട്ടം കണ്ടവൻ ചോദിച്ചു... ഇല്ലെന്നവൾ തലയാട്ടി..

"എന്നാ വാ... "

അവൻ പാൽ ഗ്ലാസ്‌ ടേബിളിൽ വെച്ച് അവളെയും കൊണ്ട് കട്ടിലിൽ ഇരുന്നു...

"എടോ... ഇങ്ങോട്ട് നോക്കിയേ.. താനെന്തിനാ ഇപ്പോഴും ഇങ്ങനെ തലയും കുനിച്ചിരിക്കുന്നേ.."

തല താഴ്ത്തിയിരിക്കുന്ന പ്രിയയുടെ താടി തുമ്പിൽ പിടിച്ചു മുഖമുയർത്തി കൊണ്ടവൻ ചോദിച്ചു....

അവൾ അവന്റെ മുഖത്തേക്കുറ്റ് നോക്കി... അവന്റെ കണ്ണുകളിലെ തിളക്കം കണ്ടതും അവളുടെ കണ്ണുകളിൽ മിഴിനീർ ഉരുണ്ടു കൂടി..

"ഈശ്വരാ അറിഞ്ഞുകൊണ്ട് ഞാൻ ഈ പാവത്തിനെ ചതിക്കുകയല്ലേ.. ഒരാളെ മനസ്സിൽ വെച്ച് വേറൊരാളുടെ താലിക്ക് കഴുത്ത് നീട്ടിയിരിക്കുന്നു.. ഒരേ സമയം രണ്ട് ചെറുപ്പക്കാരുടെ ജീവിതം ഞാൻ കാരണം തകർന്നിരിക്കുന്നു... "

മനസ്സിലവൾ അലമുറയുട്ടു ദൈവത്തോട് പറഞ്ഞു..

"പ്രിയ... താനിത് ഏത് ലോകത്താ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ..."

"എ.. എന്താ!! "

"അല്ല താൻ ഇനി ഏത് കോഴ്‌സിന് ആണ് പോവുന്നേ എന്ന്... "

ഹരി ചോദിച്ചു...

"അ.. അത്.. പി. ജി ചെയ്യണം... "

"തന്റെ വിക്ക് ഇതുവരെ മാറിയില്ലേ..."

ചിരിയോടെയവൻ ചോദിച്ചു...അതിനവളും ഒന്ന് ചിരിച്ചു..


"ഹമ്മ.. ഇപ്പോഴേലും ഒന്ന് ചിരിച്ചല്ലോ...ഞാൻ കരുതി തനിക്ക് ചിരിക്കാൻ കഴിയാത്ത വല്ല അസുഖവും ഉണ്ടാകുമെന്ന്.."

അവനത് പറഞ്ഞതും അവളൊന്ന് കൂർപ്പിച്ചു നോക്കി..അത് കണ്ടവൻ അവളുടെ മൂക്കിൻ തുമ്പിലൊന്ന് തട്ടി.. അവിടുന്ന് എഴുന്നേറ്റു ലൈറ്റ് ഓഫ്‌ ചെയ്തു ബെഡ്‌ ലാമ്പ് ഓൺ ചെയ്തു..ബെഡിൽ ഒരുവശത്തായി വന്നു കിടന്നു..

"താനും കിടന്നോ... മൂന്നാല് ദിവസമായുള്ള അലച്ചിൽ അല്ലെ.. ബാക്കി സംസാരമൊക്കെ പിന്നെയാവാം.. ജീവിതമിങ്ങനെ നീണ്ടു നിവർന്നു കിടക്കുവല്ലേ... "

തലയുടെ അടിയിൽ ഇരു കൈകളും വെച്ചവൻ ഒന്നൂടെ നിവർന്നു കിടന്നു..

"പാ.. ല്.."

"എന്താ.."

തലയൊന്നുയർത്തിയവൻ.

"അല്ല പാല് വേണ്ടേ.. അല്ലേൽ തണുത്ത് പോവും.."

"ഞാൻ കുടിക്കാറില്ലടോ.. താൻ കുടിച്ചോ എന്നിട്ട് കിടന്നോ.. "

"എ.. എനിക്കും വേണ്ട..."

പറഞ്ഞു കൊണ്ടവൾ അവന്റെ മറുപുറം വന്നു ചെരിഞ്ഞു കിടന്നു...


"എടോ.. താൻ ഉറങ്ങിയോ... "

കുറച്ച് കഴിഞ്ഞ് അവളുടെ നേരെ ചെരിഞ്ഞു കിടന്നു കൊണ്ട് ഹരി ചോദിച്ചു..

"മ്മ്ഹ്.."

അവൾ ഇല്ലെന്ന രീതിയിൽ മൂളി..

"തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലായിരുന്നോ...?"


ഹരി യാതൊരു മുഖവുരയും കൂടാതെ ചോദിച്ചതും പ്രിയ എണീറ്റിരുന്നു അവനെ നോക്കി...

"ഇങ്ങനെ നോക്കണ്ട.. ഒന്നുമില്ലെങ്കിലും ഞാൻ ഒരു ഡോക്ടർ അല്ലെ.. അപ്പൊ ആളുകളുടെ മനഃശാസ്ത്രം കുറച്ചൊക്കെ എനിക്കും അറിയാടോ... "

ഒരു ചിരിയോടെ അവനും എണീറ്റ് കട്ടിലിന്റെ ഹെഡ് റെസ്റ്റിലേക്ക് ചാരി തലയിണ എടുത്ത് മടിയിൽ വെച്ചു...

"ഇനി പറ.. ആരെങ്കിലും ഫോഴ്സ് ചെയ്തതാണോ കല്യാണത്തിന്.. "

അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തന്നെയവൻ ചോദിച്ചു...

"ഫോഴ്സ് ചെയ്തതാണോ എന്ന് ചോദിച്ചാൽ അല്ല.. എല്ലാവരുടെയും ഇഷ്ടം അതാണെങ്കിൽ നടന്നോട്ടെ എന്ന് കരുതി..."

"അപ്പോൾ തന്റെ ഇഷ്ടമോ... "

"എന്റെ ഇഷ്ടം അതെല്ലാം എന്നെ വിട്ട് പോയിട്ട് മാസങ്ങളായി... ആരൊക്കെയോ ചരട് വലിക്കുമ്പോൾ ചലിക്കുന്ന ഒരു പാവ മാത്രമാണ് ഞാനിപ്പോൾ..."

ഒട്ടൊരു പുച്ഛത്തോടെ ആയിരുന്നു അവളത് പറഞ്ഞത്..

"ആരായിരുന്നു അത്... ഇപ്പൊ എവിടുണ്ട്... "

ഹരി തന്റെ സംശയം മറച്ചുവെച്ചില്ല..

"ഇച്ചായൻ.. എന്റെ സ്വകാര്യ അഹങ്കാരം... പക്ഷേ ഇപ്പോഴോ... ആരുമല്ല.. ഇച്ചായനെ പറ്റി എന്തെങ്കിലും അറിഞ്ഞിട്ടു തന്നെ  മാസങ്ങളായി... "

"താൻ വ്യക്തമായി പറ.."

ഒന്നും മനസ്സിലാവാതെ ഹരി ചോദിച്ചു..


"ഞാൻ പ്ലസ് ടു പഠിക്കുമ്പോഴാണ് ഇച്ചായനെ പരിചയപ്പെടുന്നത്... എന്നും ഞാൻ ബസ് കയറാറുള്ള സ്റ്റോപ്പിൽ ഉണ്ടാവും കോളേജിലേക്കുള്ള സ്റ്റോപ്പിൽ ഇറങ്ങാൻ .. ഡി ഗ്രീ ഫൈനൽ ഇയർ ആയിരുന്നു..അധികം ആരോടും മിണ്ടാത്ത പ്രകൃതം.. ഞാനാണേൽ നേരെ തിരിച്ചും.. അങ്ങോട്ട് കയറി മിണ്ടും..

ഒരിക്കെ മഴയും കൊണ്ട് ഇച്ചായൻ നിൽക്കുന്നത് കണ്ടപ്പോൾ കയ്യിലുള്ള കുട ആൾക്ക് കൊടുത്തു ഞാൻ ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്ക് പോന്നു..

പിറ്റേന്ന് കുട തരാൻ ഞാൻ വരുന്നത് വരെ എന്നെ കാത്തവിടെ നിൽപ്പുണ്ടായിരുന്നു..ഞാൻ ഒരു ചിരിയോടെ തന്നെ അത് വാങ്ങി.. ആൾ വേണമോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു..

പിന്നീടതൊരു പതിവായി എന്നും കാണുമ്പോൾ പരസ്പരം ഒരു പുഞ്ചിരി കൈമാറും... പിന്നീടത് ഒന്ന് രണ്ട് വാക്കുകളിലേക്കും വഴിമാറി...

ഇച്ചായൻ ഒരു ഓർഫൻ ആണ്.. അവിടെ അടുത്ത് തന്നേയുള്ള പള്ളിവക ഓർഫനേജിൽ ആണ് താമസിക്കുന്നത്.. അച്ഛനെയും അമ്മയെയും കണ്ട ഓർമപോലും ഇല്ല..

പിന്നീടങ്ങോട്ടുള്ള എന്റെ ദിവസങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം ആ ഒരാളെ ഓർത്ത് മാത്രമായിരുന്നു...

ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞതും ഞാൻ ആയിരുന്നു.. ആൾ ഒരുപാട് ആലോചനകൾക്കൊടുവിൽ ആണ് അനുകൂലമായ മറുപടി തന്നത്.

അവിടെ നിന്നും ഞങ്ങൾ പ്രണയിക്കുകയായിരുന്നു.. ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചുകൊണ്ട്... ഒരു തലോടലോ ചുംബനമോ ഒന്നും തന്നെയില്ലാതെ ഹൃദയം കൊണ്ട് ഞങ്ങൾ പ്രണയിച്ചു...

ഇച്ചായനെ ഞാൻ മെല്ലെ മാറ്റിയെടുത്തു.. എല്ലാവരോടും പേടിയില്ലാതെ അടുത്തിടപഴുകാൻ പ്രാപ്തനാക്കി... ഉള്ളിൽ നിന്നും അനാഥനാണെന്നുള്ള അപകർഷാബോധം പാടെ മായ്ച്ചു കളഞ്ഞു..

ഞാൻ ഡിഗ്രി ആയി ഇച്ചായൻ ഒരു കമ്പനിയിലും ജോലിക്ക് കയറി..ഞങ്ങളുടെ പ്രണയവും ആരും അറിയാതെ മുന്നോട്ട് പോയി..

ഒരിക്കൽ അച്ഛൻ ഞങ്ങളെ ബീച്ചിനടുത്തുള്ള കോഫീ ഷോപ്പിൽ വെച്ച് കണ്ടു... അവിടെ നിന്നും എന്നെ പിടിച്ചു വലിച്ചു വീട്ടിൽ കൊണ്ടുവന്നു... അന്ന് ഒരുപാട് തല്ലൊക്കെ കിട്ടിയിരുന്നു.. എല്ലാം സഹിച്ചു. ഇച്ചായനോടൊപ്പം ഉള്ള ജീവിതം മോഹിച്ചു കൊണ്ട്...

ഒരാഴ്ച അച്ഛൻ കോളേജിലേക്ക് വിട്ടില്ല.. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അച്ഛനും വരുമായിരുന്നു കൂടെ.. അച്ഛന്റെ കണ്ണുവെട്ടിച്ചു ഇച്ചായന്റെ അടുത്തേക്ക് പോകാനും വഴിയില്ലാതെയായി...

കൂട്ടുകാരിയുടെ ഫോൺ വാങ്ങിച്ചു ഇച്ചായന്റെ ഫോണിലേക്ക് ഒരു തവണ വിളിച്ചു... ഫോണെടുത്തു ഒന്ന് കാണാൻ വരാൻ പറഞ്ഞു...

ഉച്ചക്ക് ലഞ്ച് സമയത്ത് കോളേജിലേക്ക് വന്നു.. അവിടുള്ള ക്യാന്റീനിൽ ഇരുന്ന് സംസാരിച്ചു..

ഇച്ചായന്റെ മുഖത്തെല്ലാം അടികൊണ്ട പാടുകൾ ഉണ്ടായിരുന്നു.. അച്ഛന്റെയും ചേട്ടന്റെയും വക കിട്ടിയതാണെന്ന് പറഞ്ഞു ആളൊന്ന് ചിരിച്ചു...

അതെല്ലാം കണ്ട് മൗനമായി ഇരിക്കാൻ മാത്രമേ എന്നെകൊണ്ട് കഴിഞ്ഞുള്ളൂ...

പിന്നീട് ഒരു തവണ കൂടി കണ്ടു..

അച്ഛൻ ഇച്ചായനെ കാണാൻ ചെന്നിരുന്നെന്നും...തന്തയും തള്ളയും ആരെന്ന് അറിയാത്തൊരുത്തന് മകളെ നൽകാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞുകൊണ്ട്.. അതുകൊണ്ട് ഇച്ചായനായി തന്നെ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവണമെന്നും...

അന്നെന്നോട് പറഞ്ഞു എന്ത് പ്രതിസന്ധിയുണ്ടായാലും എന്നെ മിന്നു കെട്ടി കൊണ്ടുപോകാൻ വരുമെന്ന്...

അതായിരുന്നു അവസാനത്തെ കൂടി കാഴ്ച്ച..

കാത്തിരുന്നു ഞാൻ വരുമെന്ന് പ്രതീക്ഷിച്ചു ആറ് മാസത്തോളം..

വന്നില്ല... ഒരു തവണ പോലും വിളിച്ചില്ല...

അച്ഛനും അമ്മയും നിരന്തരം ആത്മഹത്യ ഭീഷണി മുഴക്കി കൊണ്ടിരുന്നു...

ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നി... അവരുടെ ഇഷ്ടപ്രകാരം ഹരിയേട്ടന്റെ വധുവായി..

ഇതെല്ലാം ഹരിയേട്ടനോട് പറയാൻ ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു.. പക്ഷേ അവസരം ഒത്തുവന്നില്ല..

ചിലപ്പോൾ ഇതായിരിക്കും ദൈവ നിശ്ചയം.......(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story