പ്രിയമാനസം 💔: ഭാഗം 5

രചന: ശംസീന

ഇതെല്ലാം ഹരിയേട്ടനോട് പറയാൻ ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു.. പക്ഷേ അവസരം ഒത്തുവന്നില്ല..

ചിലപ്പോൾ ഇതായിരിക്കും ദൈവ നിശ്ചയം


അവന്റെ മറുപടിക്കായവൾ കാതോർത്തു...

"അവൻ ഇനി നിന്നെ തിരക്കി വന്നാലോ "

ഹരിയുടെ ആ ചോദ്യം അവളുടെ ഉള്ളൊന്നുലച്ചു..

"തനിക്കിനി പോവാൻ കഴിയുമോ.. "

മനസ്സിൽ ചോദിച്ചുകൊണ്ടവൾ താലിയിൽ പിടിമുറുക്കി..

"കിടന്നാലോ... തലവേദനിക്കുന്നുണ്ട്... "

അവൻ പറഞ്ഞുകൊണ്ട് ചെരിഞ്ഞു കിടന്നു..

"ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ ഹരിയേട്ടന്. അതാണോ ഈ ഒഴിഞ്ഞു മാറ്റം..."

പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ എടുത്തടിച്ചപോലെ അവൾ ചോദിച്ചു..

"അല്ലടോ... ശെരിക്കും തലവേദന എടുത്തിട്ടാ.. പിന്നെ താൻ പറഞ്ഞ കാര്യം.. കല്യാണത്തിനു മുന്നേ ഒരാളുമായി അഫയർ ഇല്ലാത്തവർ ഇന്നത്തെ കാലത്ത് ചുരുക്കം ആയിരിക്കും..പലരും അത് തുറന്ന് പറയാറില്ല പക്ഷേ താനത് തുറന്നു പറഞ്ഞു നമ്മൾ ഒരു ജീവിതം തുടങ്ങുന്നതിനു മുന്നേ തന്നെ.. അങ്ങനത്തെ തന്നോടെനിക്കെന്തിനാടോ ദേഷ്യം.. വെറുതെ ഓരോന്നാലോചിച്ചു ആ കുഞ്ഞി തല പുകക്കണ്ട.. കേട്ടല്ലോ... "

ചെറിയൊരു ചിരിയോടെ അവൻ പറഞ്ഞതും ആ ചിരി അവളിലേക്കും പടർന്നിരുന്നു..

ഇരുവരും പരസ്പരം ഒന്നും പറയാതെ കട്ടിലിന്റെ ഇരു വശത്തായി കിടന്നു.. എപ്പോഴോ നിദ്രയെ പുൽകി..

***
"ഇച്ചായാ..ഇങ്ങോട്ട് നോക്കിയേ.. ഹാ നോക്കന്നെ "

അവൾ കിലുക്കാം പെട്ടിപോലെ ചിരിച്ചുകൊണ്ട് പറഞ്ഞതും അവനൊന്ന് തിരിഞ്ഞു..

അതേ നിമിഷം തന്നെയവൾ അവന്റെ കണ്ണിലേക്ക്‌ ഓറഞ്ചിന്റെ തൊലിയടർത്തിയവൾ പിഴിഞ്ഞു...

എന്നിട്ടുറക്കെ ചിരിച്ചു..

"പ്രിയാ..."

ഉറക്കെ വിളിച്ചുകൊണ്ടവൻ ബെഡിൽ എഴുന്നേറ്റിരുന്നു...

എവിടെയായിരിക്കും അവൾ... എന്നിൽ നിന്നും ഒരുപാട് അകലെയോ അതോ എന്റെ തൊട്ടടുത്തോ...

അവളുടെ ചിരിയുടെ ശബ്ദം വീണ്ടും വീണ്ടും അവന്റെ കാതിൽ മുഴങ്ങി..ഒന്നും മനസ്സിലാകാതെയവൻ മുടിയിൽ കൈ കോർത്തു വലിച്ചു..

"ആഹ് "

അവന്റെ ശബ്ദം കേട്ട് നഴ്സിംഗ് സ്റ്റേഷനിൽ നിന്നും എയ്ഞ്ചൽ ഓടി വന്നു..


"എന്താ.. സർ  .... എന്തെകിലും വല്ലായ്മ തോന്നുന്നുണ്ടോ.. ഡോക്ടറെ വിളിക്കണോ "

വേവലാതിയോടെയവൾ ചോദിച്ചു..

"എനിക്കിത്തിരി വെള്ളം വേണം "

പരവേശത്തോടെയവൻ പറഞ്ഞതും ഫ്ലാസ്കിൽ നിന്നും ഏയ്ഞ്ചൽ ചെറു ചൂടുവെള്ളമെടുത്തവന് നീട്ടി.. കൂടെ ഒരു ടാബ്‌ലെറ്റും.. അത് കണ്ടവൻ സംശയത്തോടെയവളെ നോക്കി..

"സ്ലീപ്പിങ് പിൽസ് ആണ്. "അവൾ പറഞ്ഞതും ഒന്നും മിണ്ടാതെയവൻ അത് വാങ്ങി വായിലിട്ടു വെള്ളവും കുടിച്ചു.... അവൻ കിടന്നെന്ന് കണ്ടതും ഏയ്ഞ്ചൽ ഡോറിനടുത്തേക്ക് നടന്നു.. അവനെ നോക്കിയൊന്ന് നെടുവീർപ്പിട്ടുകൊണ്ട് ഡോർ ചാരി പുറത്തേക്ക് പോയി..

വീണ്ടും അവന്റെ സ്വപ്നങ്ങളിൽ അവൾ വരുന്നുണ്ടായിരുന്നു... അവളുടെ കളിയും ചിരിയും അവന്റെ ഉറക്കത്തെ തടസ്സപ്പെടുത്തികൊണ്ടിരുന്നു..

***
കണ്ണുകളിലേക്ക് സൂര്യ രശ്മി പതിച്ചപ്പോൾ കണ്ണുകളൊന്ന് തിരുമ്മി കൊണ്ടവൾ എഴുന്നേറ്റു... അടുത്ത് കിടക്കുന്ന ഹരിയെ ഒന്ന് നോക്കി ആളിപ്പോഴും നല്ല ഉറക്കത്തിലാണ്.. ഒച്ചയുണ്ടാക്കാതെ മെല്ലെ എഴുന്നേറ്റ് ഫ്രഷ് ആയി താഴേക്ക് പോയി.. അമ്മയും ചേച്ചിയും അടുക്കളയിൽ ഉണ്ട്.. ചിരിച്ചുകൊണ്ടവരുടെ അടുത്തേക്ക് പോയി.. അമ്മ കയ്യിലേക്ക് ഒരു ഗ്ലാസ്‌ കട്ടൻ ചായ വെച്ച് തന്നു.. മെല്ലെ മെല്ലെ അത് കുടിച്ചു അവരോടൊപ്പം കൂടി.. ജോലിക്കിടയിലും ചേച്ചി മുബൈയിലെ വിശേഷങ്ങളെല്ലാം പറയുന്നുണ്ട്..അമ്മയും ഞാനും കേൾവിക്കാരായി...

പാചകം ഒന്നും അറിയില്ലെങ്കിലും അരിഞ്ഞും ഇളക്കിയും അവരോടൊപ്പം അടുക്കളയിൽ തന്നെ നിന്നു..

എത്ര പെട്ടന്നാണ് ഇവരുമായി അടുത്തത്..നാട്ടിൻ പുറത്തെ നിഷ്കളങ്ക
തയുള്ളവർ.. മനസ്സിൽ കാപട്യം ഇല്ലാത്തവർ.. അവരോടൊപ്പം കൂടുമ്പോൾ പഴയ പ്രിയയിലേക്ക് മനസ്സ് പോകുന്നത് അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു...

"മോള് ഈ ചായ ശ്രീ കുട്ടന് കൊണ്ട് കൊടുത്തേക്കൂ.. ഇപ്പൊ എണീറ്റിട്ടുണ്ടാവും "

അമ്മ ചായ ഗ്ലാസ്‌ നീട്ടിയപ്പോൾ വിമ്മിഷ്ടമൊന്നും കാണിക്കാതെ അത് വാങ്ങി മുകളിലേക്ക് പോയി..


അല്ലെങ്കിലും ഇവരോടൊന്നും ഇഷ്ടക്കേട് കാണിക്കേണ്ട ആവശ്യം ഇല്ലല്ലോ.. അറിഞ്ഞുകൊണ്ട് ഇവരോട് തെറ്റ് ചെയ്തത് ഞാനല്ലേ.. ആ തെറ്റ് തിരുത്തണം. ഈ ജീവിതവുമായി പൊരുത്തപെട്ട് മുൻപോട്ട് പോവണം.. അതിന് എനിക്ക് കരുത്ത് തരണേ ഗൂരുവായൂരപ്പാ.


മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഡോർ തുറന്ന് അകത്തു കയറി..

ശബ്ദം കേട്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് തല ചീവികൊണ്ടിരുന്ന ഹരി തിരിഞ്ഞുനോക്കി.... എവിടെയോ പോവാൻ റെഡിയാവുകയാണെന്ന് അവൾക്ക് മനസ്സിലായി..

ചിരിയോടെ തന്നെ ചായ ഗ്ലാസ്‌ കയ്യിൽ വെച്ച് കൊടുത്തു..

"ഇവിടെയൊക്കെ ഇഷ്ടായി.. "

ചായ വാങ്ങിക്കുന്നതിനിടയിൽ ഹരി ചോദിച്ചു..

"മ്മ്..ഇഷ്ടായി "

അതിൽ നിന്ന് കുറച്ച് കുടിച്ചു ബാക്കി ടേബിളിൽ വെച്ചു.. ഷെൽഫിൽ നിന്ന് ഏതൊക്കെയോ പേപ്പേഴ്സ് എടുത്ത് ബാഗിൽ വെച്ചു തോളിലേക്കിട്ട് ... കയ്യിൽ വാച്ചും കെട്ടി നടക്കാൻ തുടങ്ങിയതും പ്രിയ പറഞ്ഞു ..

"ചായ കുടിച്ചില്ല... "

"ഓ മറന്നു... "

ബാക്കി ചായ കൂടെ അവൻ ഒറ്റവലിക്കു കുടിച്ചു..


"പോയിട്ട് വരാട്ടോ... "

അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ടവൻ പറഞ്ഞു..

പ്രിയ മുഖം ചുളുക്കിയൊന്ന് നോക്കി..
അവനവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു...

"ഇന്ന് ചെക്ക് അപ്പ്‌ ചെയ്യേണ്ട കുറച്ച് പേഷ്യന്റ്സ് ഉണ്ട്... ഒഴിവാക്കാൻ പറ്റില്ലെടോ.. എന്റെ ജോലി തന്നെ അതല്ലേ.. ലഞ്ചിന് മുന്നേ വരാം.. "

താഴേക്ക് നടക്കുന്നതിനിടയിൽ ഹരി പറഞ്ഞു..

അവൾ എല്ലാം മൂളികേട്ടു..ഹരിക്ക്‌ തന്നോട് പിണക്കമൊന്നും ഇല്ലെന്നുള്ളത് അവൾക്ക് തെല്ലൊരു ആശ്വാസം നൽകി..

എല്ലാവരും കൂടിയിരുന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു.. യാത്ര പറഞ്ഞു ഹരി കാറിൽ കയറി പോയി.. കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ അവിടെ തന്നെ നിന്നു.

പിന്നീട് ചേച്ചിയോടൊപ്പം വീടും പരിസരവുമെല്ലാം കണ്ടു..തൊട്ടടുത്ത വീടുകളിലേകൊക്കെയൊന്ന് പോയി സമയം കഴിച്ചു കൂട്ടി...

****
"ഡോക്ടർ . May i .. "

"Yes... "

അനുവാദം കിട്ടിയതും എയ്ഞ്ചൽ അകത്തേക്ക് കടന്നു..

"താൻ ഇതുവരെ പോയില്ലേ.. ഇന്നലെ നൈറ്റ്‌ അല്ലായിരുന്നോ.. "

എയ്ഞ്ചലിനെ കണ്ടതും ഹരി ചോദിച്ചു...

"പോകാൻ തുടങ്ങുവായിരുന്നു.. ഡോക്ടറിനെ വൈറ്റ് ചെയ്തതാണ് ഇത്രയും നേരം.. "

"എന്നെയോ എന്തിന്.."

"അത് ഡോക്ടർ...106 ലെ പേഷ്യന്റ് ഇന്നലെ രാത്രി ഒന്ന് വൈലന്റ് ആയി...പെട്ടന്ന് എന്താ പറ്റിയെന്നറിയില്ല ആകെ കൂടി ഒരു വിഭ്രാന്തി.."

ഏയ്ഞ്ചൽ നടന്ന കാര്യങ്ങൾ പറഞ്ഞു...

"എന്നിട്ട് താനൊന്നും ചോദിച്ചില്ലേ... "

ഹരിയുടെ നെറ്റിചുളിഞ്ഞു...

"ഇല്ല... ചോദിച്ചാലും അയാളൊന്നും മിണ്ടത്തില്ല..."

അവൾ വലിയ താല്പര്യമില്ലാതെ പറഞ്ഞു..

"മ്മ്..ഇന്നും എയ്ഞ്ചേലിന് നൈറ്റ്‌ ഷിഫ്റ്റല്ലേ .. അപ്പോൾ എന്തെകിലും ഉണ്ടെങ്കിൽ ഉടനെ തന്നെ എന്നെ അറിയിക്കണം..."

"Ok ഡോക്ടർ.. എന്നാൽ ഞാൻ പോവുന്നു "

എയ്ഞ്ചൽ പോയതും ഹരി കസേരയിലേക്ക് ചാഞ്ഞിരുന്നു.. പ്രിയ ഇന്നലെ പറഞ്ഞ കാര്യങ്ങൾ മനസ്സിലേക്കോടിയെത്തി..

അവൻ വന്നു വിളിച്ചാൽ അവൾ പോവുമോ.. തന്നിൽ  നിന്ന് അകന്ന് പോവുമോ.. ഒന്നും അറിയുന്നില്ലലോ..

അവനാകെ വട്ട് പിടിക്കാൻ തുടങ്ങിയതും നഴ്സ് ഒപി തുടങ്ങാൻ സമയം ആയെന്നും പേഷ്യന്റ്സ് വെയിറ്റ് ചെയ്യുവാണെന്നും വന്നു പറഞ്ഞു...

ഓരോരുത്തരെയായി നഴ്സ് അകത്തേക്ക് വിളിച്ചു... എല്ലാവരെയും വിശദമായി പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങളും മരുന്നും നൽകി സന്തോഷത്തോടെ അവരെ തിരികെ അയച്ചു..അത്യാവശ്യം തിരക്കുള്ള ദിവസം ആയതിനാൽ പന്ത്രണ്ടു മണിയോട് അടുപ്പിച്ചാണ് ഒന്ന് ഫ്രീ ആയത്..

അവൻ വാച്ചിലേക്കൊന്ന് നോക്കി സ്റ്റേസും എടുത്ത് റൂം നമ്പർ 106 ലക്ഷ്യമാക്കി നീങ്ങി..........(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story