പ്രിയമാനസം 💔: ഭാഗം 6

രചന: ശംസീന

അവൻ വാച്ചിലേക്കൊന്ന് നോക്കി സ്റ്റേസും എടുത്ത് റൂം നമ്പർ 106 ലക്ഷ്യമാക്കി നീങ്ങി..


ഡോറിൽ നോക്ക് ചെയ്തുകൊണ്ടവൻ അകത്തേക്ക് പ്രവേശിച്ചു...


"ഗുഡ്മോർണിംഗ് പ്രിൻസ്..."

ചിരിയോടെ ആ ചെറുപ്പക്കാരനെ നോക്കി ഹരി..

"ഗുഡ് മോർണിംഗ് ഡോക്ടർ... "

വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ചു വെച്ചവൻ ഒന്നൂടെ നിവർന്നിരുന്നു.. ഹരി അവിടെ ഉണ്ടായിരുന്ന കസേര വലിച്ചവന്റെ അടുത്തേക്ക് ഇരുന്നു...


"Are you feeling better now ? "

"Feeling better "

ചിരിയോടെ തന്നെ പ്രിൻസ് പറഞ്ഞു..

"Next week ഫിസിയോതെറാപ്പി ചെയ്ത് തുടങ്ങണം.. അത് കഴിഞ്ഞ് നമുക്ക് മെല്ലെ നടന്നു തുടങ്ങാം... "

ഹരിയവന്റെ കൈകളും കാലുകളും ഒന്ന് നിവർത്തി നോക്കി..

"കാലുകൾക്കെല്ലാം ഒരു മരവിപ്പാണ് ഡോക്ടറെ.. പഴയത് പോലെ നടക്കാൻ പറ്റുമോ..."

പ്രിൻസ് പ്രതീക്ഷയോടെ ചോദിച്ചു..

"നമുക്ക് ശ്രമിക്കാടോ അതിനല്ലേ ഞങ്ങളൊക്കെ ഇവിടെ... "

"ഡോക്ടറെ എനിക്ക് വിശ്വാസമാണ്... മരണത്തെ മുഖാ മുഖം കണ്ട് കിടന്ന എന്നെ ഇത്രയും ചുരുങ്ങിയ ദിവസം കൊണ്ട് ഈ അവസ്ഥയിൽ എത്തിച്ചില്ലേ.. ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.."


അതിനൊന്ന് പുഞ്ചിരിച്ചു ഹരി..

"എന്തായിരുന്നു ഇന്നലെ രാത്രി.. ആകെ വൈലന്റ് ആയെന്ന് നഴ്സ് പറഞ്ഞു..?"

"ആര് ഏയ്ഞ്ചൽ സിസ്റ്റർ ആണോ പറഞ്ഞേ.. "

"അല്ലാതാരാ ഇവിടെ നൈറ്റ്‌ ഡ്യൂട്ടിക്ക് നിൽക്കുന്നെ..."

"ആ കൊച്ചിന് വട്ടാ ഡോക്ടറെ... വൈലന്റ് ആയി എന്നുള്ളത് നേരാ ...പക്ഷേ അതിന് മാത്രമൊന്നും ഇല്ല..

എന്നും കാണാറുള്ളത് പോലെയുള്ള അവ്യക്തമായൊരു സ്വപ്നം... പ്രിയ അവളിന്ന് എവിടെയാണെന്ന് പോലും എനിക്കറിയില്ല...പക്ഷേ ഒന്നറിയാം ഇന്നും ഞാൻ ജീവിക്കുന്നത് അവളുടെ ഓർമ്മകളിലാണ്.."


പ്രിൻസ് അവളുടെ പേര് പറഞ്ഞതും ഹരിയുടെ മുഖം ചുളിഞ്ഞു...

ഇത്രയും നാൾ പ്രിയയെ പറ്റി പ്രിൻസ് ഓരോ കാര്യങ്ങളും പറയുമ്പോൾ തനിക്കിത്തരം വീർപ്പുമുട്ടൽ ഉണ്ടാകുമായിരുന്നില്ല... പക്ഷേ ഇന്ന്..!

ഇന്നലെ പ്രിയ പറഞ്ഞ ഇച്ചായനും എന്റെ മുന്നിലിരിക്കുന്ന പ്രിൻസും ഒന്നായിരിക്കുമോ…..???

അവൾ തന്നോട് പറഞ്ഞ കഥകളിലെ ഇച്ചായൻ ഒരു പക്ഷേ പ്രിൻസ് ആയിരിക്കുമോ...?പക്ഷേ ഇന്നുവരെ ഇച്ചായൻ എന്നല്ലാതെ മറ്റൊരു പേര് അവൾ പറഞ്ഞു കേട്ടിട്ടില്ല...!

ഇനി ഒന്നാണെങ്കിൽ ഞാൻ രണ്ടുപേരോടും ചെയ്യുന്നത് വിശ്വാസവഞ്ചനയല്ലേ...

രണ്ട് പേരും എന്റെ ജീവിതത്തിന്റെ ഭാഗമല്ലേ..!!!!!

ഓരോന്നാലോചിച്ചു ഹരിക്കാകെ വട്ടാകുന്ന പോലെ തോന്നി ..

"ഡോക്ടർ എന്നതാ ആലോചിക്കുന്നെ..."

"ഏയ്‌ ഒന്നുമില്ലെടോ.."

"അല്ല ചോദിക്കാൻ മറന്നു..

ഡോക്ടറുടെ വിവാഹമായിരുന്നെന്ന് പറഞ്ഞിരുന്നല്ലോ..

നമ്മടെ സിസ്റ്റർ..

എന്നിട്ടെവിടെ ആൾടെ ഫോട്ടോയൊന്ന് കാണിച്ചേ.."

വിഷയം മാറ്റാനായി പ്രിൻസ് പറഞ്ഞു..

ഹരി മൊബൈൽ എടുത്ത് ഇന്നലെ ഫോട്ടോ ഗ്രാഫേഴ്സ് അയച്ചു തന്ന പിക്ചർ എടുത്തു..

പിന്നീടത് വേണ്ടെന്ന് വെച്ചു മൊബൈൽ തിരികെ പോക്കറ്റിലേക്ക് തന്നെ വെച്ചു...

"ഫോട്ടോസ് ഒന്നും കിട്ടിയിട്ടില്ലെടോ... കിട്ടുമ്പോൾ ഞാൻ ഉറപ്പായും കാണിച്ചു തരാം..."

പറയുമ്പോൾ ഹരി വല്ലാതെ പതറിപ്പോയിരുന്നു...

"ആൾടെ പേരെങ്കിലും പറയാമോ..."

അതേ സന്തോഷത്തോടെ വീണ്ടുമവൻ ചോദിച്ചു..വേറെ വഴിയൊന്നുമില്ലാതെ ഹരി പേർ പറഞ്ഞു...

"പ്രിയ.. "

അവന്റെ പ്രതികരണം അറിയാൻ ഹരി മനഃപൂർവം പറഞ്ഞു..ഹരിയുടെ നാവിൽ നിന്നും ആ പേര് കേട്ടതും പ്രിൻസിന്റെ ഹൃദയം ശക്തിയിൽ മിടിക്കാൻ തുടങ്ങി..

അവന് ചുറ്റും ഒരു പെണ്ണിന്റെ കൊഞ്ചിയുള്ള ചിരിയും സംസാരവും മുഴങ്ങി.. അതവന്റെ കാതുകളെ കൊട്ടിയടച്ചു.. ചെന്നിയിലെ ഞരമ്പുകൾ പിടച്ചു....

അവൾ അവനടുത്ത് വന്നു കാതിൽ ഇച്ചായ  എന്ന് പതിഞ്ഞ സ്വരത്തിൽ വിളിച്ചതും അവൻ തന്റെ കാതുകളെ കൈകൾ കൊണ്ട് മൂടി.. കണ്ണുകൾ ഇറുകെ അടച്ചു..ശ്വാസം കിട്ടാതെയവൻ അണച്ചു...

ഈയിടെയായി ഇങ്ങനെയാണ്,,, അവളെ കുറിച്ചോർക്കുമ്പോൾ വല്ലാത്തൊരു മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നു...

ഹരി വേഗം തന്നെ അവനടുത്തേക്ക് വന്നു ബെഡിൽ പിടിച്ചു കിടത്തി.. കിടന്നിട്ടുമവൻ കാതുകളെ തന്റെ കയ്യിൽ നിന്നും മോചിപ്പിച്ചില്ല..

"Relax പ്രിൻസ് relax "

അവന്റെ മുതുകിൽ പതിയെ തട്ടി ഹരി.. എന്നിട്ട് അടുത്തുള്ള നഴ്സിംഗ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു..

രണ്ട് നഴ്സുമാർ ഉടനെ തന്നെ കയ്യിൽ മെഡിസിൻ ബോക്സുമായി വന്നു..

അതിൽ നിന്നും മയങ്ങാനുള്ള മരുന്ന് നിറച്ച ഇൻജെക്ഷൻ എടുത്ത് പ്രിൻസിന്റെ കയ്യിലേക്ക് വെച്ചു...

അവനൊന്ന് ഞെരങ്ങി.. വേദനകൊണ്ട് മുഖം ചുളിച്ചു.. പിന്നീടവന്റെ കണ്ണുകൾ പൂർണമായും മയക്കത്തിലേക്ക് വീണു..

മയങ്ങിക്കിടക്കുന്ന പ്രിൻസിനെ നോവോടെ ഹരി നോക്കി നിന്നു... ഉള്ളിൽ പ്രിയയുടെ ചിരിക്കുന്ന മുഖം... അവളെ വിട്ടു കൊടുക്കാൻ മനസ്സ് വിസമ്മതിക്കുന്ന പോലെ...

****

"മോളെ.. ആ പുളിശ്ശേരി ഒന്ന് നോക്കിയേ.. അമ്മ ഈ കറിയൊന്ന് താളിക്കട്ടെ... "

വസുന്ധരാമ്മ തവി പ്രിയയുടെ കയ്യിൽ കൊടുത്തു അപ്പുറത്തേക്ക് നീങ്ങി..

അവൾ അതിൽ നിന്നും ഒരു നുള്ളെടുത്ത് ഉള്ളം കയ്യിൽ വെച്ച് ചൂട് നോക്കി നാവിൻ തുമ്പിലേക്ക് വെച്ചു..

"നന്നായിട്ടുണ്ടല്ലോ അമ്മേ... "

പ്രിയ തിരിഞ്ഞു അമ്മയെ നോക്കി..

"ശ്രീ കുട്ടന് വല്യ ഇഷ്ടമാ.. ഉച്ചക്ക് ഊണിനു വരുമെന്നല്ലേ പറഞ്ഞത്..."

അമ്മ ഉത്സാഹത്തോടെ പറഞ്ഞു...

"ഇനിയിപ്പോ ജോലിയൊന്നും ഇല്ലല്ലോ മോള് ചെന്ന് കുളിച്ചിട്ടു വാ.. ബാക്കിയൊക്കെ ലക്ഷ്മി നോക്കിക്കോളും..."

"ഇന്നും കൂടിയേ ഞാൻ ഉണ്ടാവുട്ടോ.. നാളെ ഞാൻ പോയാൽ പിന്നെ അമ്മയും മോളും കൂടി എന്താന്നു വെച്ച ആയിക്കോ.."

തോരനുള്ള തേങ്ങ ഒതുക്കുന്നതിനിടയിൽ ചിരിയോടെ ലക്ഷ്മി പറഞ്ഞു..

"ഓ ഒന്ന് പോടി പെണ്ണേ.. നീയുണ്ടായിട്ടല്ലേ ഇത്രകാലം നിനക്കൊക്കെ ഞാൻ വെച്ചു വിളമ്പിയത്.. അവക്കടെ ഒരു സഹായം.."

ലക്ഷ്മി പറഞ്ഞതിന് അതേ സ്പോട്ടിൽ തന്നെ അമ്മ മറുപടി നൽകി..

ഇരുവരുടെയും വർത്തമാനം കേൾക്കാൻ നല്ല രസാണ്.. കണ്ടാൽ രണ്ട് പേരും അടികൂടുവാണെന്നെ തോന്നൂ.. പക്ഷേ അങ്ങനല്ലാട്ടോ.. ഇവരുടെ സ്നേഹത്തോടെയുള്ള സംസാരവും ദാ ഇതുപോലെ ഒച്ചയും ബഹളവും കൂടിയിട്ടാണ്.. ഇവരുടെ കൂടെ കൂടിയാൽ നമ്മുടെ വിഷമങ്ങളും ടെൻഷൻസും മറന്ന് ഹാപ്പി ആയിരിക്കാം..

അക്കാര്യം ചുരുങ്ങിയ നേരം കൊണ്ട് തന്നെ പ്രിയക്ക് മനസ്സിലായിരുന്നു..

അവരുടെ വർത്തമാനം കേട്ട് ചുണ്ടിൽ ഒരു ചിരിയോടെ തന്നെ അവൾ റൂമിലേക്ക് പോവാൻ നിന്നതും ഗേറ്റ് കടന്നു ഒരു വൈറ്റ് ഷിഫ്റ്റ്‌ കാർ അകത്തേക്ക് വന്നു..

ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ മനസ്സിലായി അച്ഛന്റെ കാർ ആണെന്ന്.. ഓടി ഉമ്മറത്തേക്ക് ചെന്നു..

എന്തൊക്കെ പറഞ്ഞാലും ഒരിക്കലും വെറുക്കാൻ കഴിയില്ല അവരെ.. ജന്മം തന്നവരല്ലേ..


കാർ തുറന്ന് അതിൽ നിന്നും അമ്മയും അച്ഛനും ചേട്ടനും ചേച്ചിയും ഇറങ്ങി..

അപ്പോഴേക്കും അമ്മയും ലക്ഷ്മി ചേച്ചിയും ഉമ്മറത്തേക്ക് വന്നു..

അവരെ അകത്തേക്ക് ക്ഷണിച്ചു..

ലക്ഷ്മി ചേച്ചി കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി..വസുന്ധരമ്മ അവരോട് വർത്തമാനം പറയുന്നുണ്ട്..

ലക്ഷ്മിച്ചേച്ചിയെ സഹായിക്കാനായി ഞാൻ അടുക്കളയിലേക്ക് പോന്നു.. കൂടെ തന്നെ അമ്മയും ചേച്ചിയും..

ഇന്നലെയാണ് വീട്ടിൽ നിന്ന് വന്നതെങ്കിലും ചേച്ചിക്കും അമ്മയ്ക്കും പറയാനും ചോദിക്കാനും ആയി ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു..

ഒട്ടും മുഷിയാതെ അവർക്കുള്ള മറുപടി നൽകി... എനിക്ക് വീട്ടുകാരുമായുള്ള പരിഭവം ഞാൻ മാത്രം അറിഞ്ഞാൽ മതിയല്ലോ.. എന്തിനാണ് വെറുതെ ഹരിയേട്ടന്റെ വീട്ടുകാരെ കൂടി അറിയിക്കുന്നേ.. അത് കരുതി സാധാരണ പോലെ തന്നെ പെരുമാറി..

അല്ലേലും അവരോടെന്തിന് ദേഷ്യം കാണിക്കണം.. മകൾക്കൊരു പ്രണയം ഉണ്ടെന്നറിഞ്ഞാൽ ഏതൊരു അച്ഛനും അമ്മയും ഇങ്ങനയേ പെരുമാറൂ.. അതിൽ അവരെ തെറ്റുപറയാൻ ഒക്കില്ല..

എന്നിട്ടും അവരെയെല്ലാം ധിക്കരിച്ചു ഞാൻ കാത്തിരുന്നില്ലേ അവനുവേണ്ടി.. സത്യം പറഞ്ഞാൽ അവൻ വിശ്വാസ വഞ്ചന കാണിച്ചത് എന്നോടല്ലേ.. അവനെ വിശ്വസിച്ചു കാത്തിരുന്ന ഞാൻ അല്ലായിരുന്നോ മണ്ടി..

****
ഹാളിൽ നിന്നും കേൾക്കുന്ന സംസാരങ്ങൾക്കിടയിൽ നിന്നും പരിചിതമായ ഒരു സ്വരം കേട്ടു..

കാണാതെ തന്നെ ആളെ മനസ്സിലായിരുന്നു..

അവളെ ഹാളിലേക്ക് കാണാഞ്ഞിട്ടാവും ഹരി തിരഞ്ഞു അടുക്കളയിലേക്ക് വന്നു...

അമ്മയോടും ചേച്ചിയോടും സംസാരിക്കുന്ന പ്രിയയുടെയും തോളിലൂടെ കയ്യിട്ട് കൊണ്ട് തന്നെ അവരോട് വിശേഷങ്ങളെല്ലാം ചോദിച്ചു...

പിന്നീട് വേഷം മാറി വരാമെന്നും പറഞ്ഞുകൊണ്ട് ഹരി അവളുമായി റൂമിലേക്കു പോയി..

എല്ലാവരുടെയും മുന്നിൽ വെച്ച് അങ്ങനെ പെരുമാറിയപ്പോൾ അവൾക്ക് വല്ലാതെ ജാള്യത തോന്നി..

റൂമിലെത്തിയതും അവന്റെ കൈ തട്ടിമാറ്റിയവൾ അവനെ കണ്ണ് കൂർപ്പിച്ചോന്ന് നോക്കി..

"എന്താടോ ഭാര്യേ പിണക്കത്തിലാണോ.. "

അവളുടെ വീർത്തുവന്ന കവിളിൽ ചൂണ്ടു വിരലാൽ ഒന്ന് കുത്തിയവൻ..

"എന്തിനാ എന്നെ ഇങ്ങനെ ചേർത്ത് പിടിച്ചു കൊണ്ടുവന്നേ.. അവരുടെ മുന്നിലാകെ ചളിപ്പ് തോന്നിയെനിക്ക്.. "

അവനിൽ നിന്ന് മാറി ബെഡിൽ പോയിരുന്നവൾ..

"ഓ.. അവരുടെ മുന്നിൽ ചേർത്ത് പിടിച്ചതാണോ എന്റെ ഭാര്യയുടെ വിഷമം.."

ഷർട്ടിന്റെ ബട്ടൺ അഴിച്ചുകൊണ്ടവൻ അവളുടെ അടുത്ത് വന്നിരുന്നു..

"എന്നാലേ ഇവിടെ നിന്ന് ചേർത്ത് പിടിക്കാം ആരും കാണാതെ "

കാറ്റുപോലെയവന്റെ സ്വരം കാതിൽ പതിഞ്ഞു..അവളൊന്ന് വിറച്ചു..

അവളെന്തോ പറയാൻ വേണ്ടി തുനിഞ്ഞതും അവന്റെ തണുത്ത അധരങ്ങൾ നേർമയിൽ അവളുടെ കവിളിൽ പതിഞ്ഞിരുന്നു...

അവളുടെ കണ്ണുകൾ തുറിച്ചു വന്നു.. ഹൃദയം വേഗത്തിൽ മിടിച്ചു തുടങ്ങി..

ചുണ്ടുകൾ അടർത്തിമാറ്റിയവൻ അവളെയൊന്ന് നോക്കി അവിടെ നിന്നും എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറി..

അപ്പോഴും അവന്റെ പ്രവർത്തിയിൽ തരിച്ചിരിക്കുകയിരുന്നു പ്രിയ..

*****

പ്രിയ അവൾ എന്റേതല്ലേ.. അഗ്നിയെ സാക്ഷിയാക്കി താലിച്ചാർത്തി സ്വന്തമാക്കിയതല്ലേ..
അവൾ അടുത്ത് വരുമ്പോൾ ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചു അവളിലേക്ക് മാത്രം ചുരുങ്ങുന്നു..

ഇത്രയേറെ നിന്നിൽ വേരുറക്കാൻ എന്ത് മായാജാലമാണ് പെണ്ണേ നീ കാണിച്ചത്...

ഇത്രയും പ്രായത്തിനിടക്ക് ആരോടും പ്രണയം തോന്നാത്ത എന്നിൽ പ്രണയത്തിന്റെ വിത്ത് പാകിയത് അവളല്ലേ..

വേറൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടും തനിക്കവളെ വെറുക്കാനോ ഉപേക്ഷിക്കാനോ കഴിയുന്നില്ല... ഈ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ എന്റെ പ്രാണൻ ആയവളല്ലേ..

അങ്ങനെയുള്ള അവളെ പ്രിൻസിന് തിരികെ നൽകാൻ തനിക്ക് കഴിയുമോ..സന്തോഷത്തോടെ അവർ ജീവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയുമോ.. ഇല്ല.. ഒരിക്കലും കഴിയില്ല..

അവളോടുള്ള പ്രണയത്താൽ അവൻ സ്വാർത്ഥനായിരുന്നു ആ നിമിഷം......

തണുത്ത വെള്ളം തലയിൽ വീഴുമ്പോൾ അവന്റെ ചിന്തകൾക്ക് ചൂടേറി............(തുടരും..)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story