പുലിവാൽ കല്യാണം❤️: ഭാഗം 7

pulival kalyanam

എഴുത്തുകാരി: സജ്‌ന സജു

അവൾ പോകണം.. എന്നാലേ നഷ്ടപ്പെട്ട എന്റെ ജീവിതം പൂർത്തി ആകു.... ഞാൻ പതിയെ മുറിക്കു വെളിയിലിറങ്ങി.... മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഞാൻ ഞെട്ടി.... " ചേട്ടത്തി..... " മുറിക്കു മുന്നിൽ നിൽക്കുന്ന ചേട്ടത്തിയെ കണ്ടതും എന്ത്‌ പറയണം എന്നറിയാതെ ഞാൻ നിന്നു..... " കാശി.. നീ.. നീ അവളോട് പറഞ്ഞത് മുഴുവനും... " " സത്യമാണ് ഏട്ടത്തി... നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ ഇവൾ പറയുന്നത് മുഴുവൻ കള്ളമാണെന്ന് പക്ഷെ നിങ്ങളാരും അത്‌ വിശ്വസിച്ചില്ല.... കൂടുതൽ അറിയും മുന്നേ നിങ്ങളെല്ലാം കൂടി എന്നെക്കൊണ്ട് അവളുടെ കഴുത്തിൽ താലി കെട്ടിച്ചു... പക്ഷെ എനിക്കും ഒരു മനസ്സില്ലെ ഏട്ടത്തി... എനിക്ക് കഴിയുന്നില്ല അവളെ ഒരു ഭാര്യയായി കാണാൻ.. എനിക്കെന്നല്ല ആർക്കും അത്‌ സാധിക്കില്ല.... " ഒരു പുരുഷൻ ആയതുകൊണ്ട് മാത്രം ഞാൻ ഏട്ടത്തിയുടെ മുന്നിൽ കരഞ്ഞില്ല.... ഉള്ളിൽ ഒരു കടൽ തന്നെ ഇളകി മറിയുന്നുണ്ടായിരുന്നു.... " മോനെ.. ഞങ്ങൾ ചെയ്തത് തെറ്റായി പോയല്ലോ ഭഗവാനെ.... നിന്റെ മനസ്സിൽ അവളുണ്ടെന്ന് കരുതിയ ഞനും ഏട്ടനും അമ്മയുമെല്ലാം കൂടി നിന്നെക്കൊണ്ട്....

എനിക്ക് സഹിക്കാൻ കഴിയുന്നില്ല.... മനപ്പൂർവം ഞങ്ങൾ അങ്ങനെയൊന്നും ചെയ്യില്ല കാശി.. മക്കളില്ലാത്ത ഞങ്ങൾക്ക് നീ ഞങ്ങടെ മോനെ പോലെ തന്നെയാ ... അവന്റെ ജീവിതം ഞങ്ങൾ കാരണം..... " ഏട്ടത്തി ഒന്ന് നിർത്തി... ആ കണ്ണുകൾ നിറഞ്ഞു... എന്റെ അമ്മയെപ്പോലെ തന്നെയാണ് എനിക്ക് ഏട്ടത്തിയും അതുകൊണ്ട് തന്നെ ആ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ നെഞ്ചിൽ അമ്പ് കുത്തിയപോലെ വേദന..... " ഏട്ടത്തി എന്തൊക്കെയാ ഈ പറയുന്നേ... എനിക്കറിയാവുന്നതല്ലേ അമ്മയേയും എത്തിയെയും ഏട്ടനെയും ഒക്കെ... നിങ്ങൾ എനിക്ക് നല്ലതല്ലാതെ ഒന്നും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്... ഇത് വിധിയാണ്... അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് താല്പര്യവും.... പിന്നെ മറ്റൊരു കാര്യം കൂടി... നമ്മൾ രണ്ടുപേരും അല്ലാതെ മറ്റാരും ഇതൊന്നും അറിയണ്ട.... അറിഞ്ഞാൽ അവർക്കത് സഹിക്കാൻ കഴിയില്ല.... " വിഷമം കൊണ്ട് എന്റെ ശബ്ദം നന്നേ നേർത്തിരുന്നു.... " എവിടെ അവൾ... എനിക്ക് അവളെയൊന്ന് കാണണം... " മുന്നിൽ നിന്ന എന്നെ മാറ്റിക്കൊണ്ട് ചേട്ടത്തി മുറിക്കുള്ളിൽ കയറി... ഞാൻ എന്തേലും പറയും മുമ്പേ ഏട്ടത്തി അവളെ വിളിച്ചു..... " ടി... എഴുന്നേക്ക്.... " ആ വിളിയിൽ കുറച്ച് മുൻപ് വരെ കല്യാണിയോടുള്ള ഏട്ടത്തിയുടെ സ്നേഹം ഇല്ലായിരുന്നു പകരം ദേഷ്യം മാത്രം.....

അവൾ ഉടനെ തന്നെ എണീറ്റു... " എന്താ ഏട്ടത്തി.... " എന്നിലേക്ക് ഒരു നോട്ടം പാളി അവൾ ചേട്ടത്തിയോട് ചോദിച്ചു... " നിനക്ക് നശിപ്പിക്കാൻ എന്റെ അനിയന്റെ ജീവിതം മാത്രമേ കിട്ടിയോളു അല്ലെ.... ഞനും അമ്മയും ഈ കുറച്ച് ദിവസം കൊണ്ട് നിന്നെ എത്രമാത്രം സ്നേഹിച്ചു എന്നറിയാവോ... എന്നിട്ട് നീയോ.. നീ ഞങ്ങളുടെ മാസ്സമാധാനവും സന്തോഷവും എല്ലാം നശിപ്പിച്ചില്ലേ.... പറ.. ആര് പറഞ്ഞിട്ട നീ ഇങ്ങനൊക്കെ ചെയ്തത്... പറ... അല്ലെങ്കിൽ പണത്തിനാണോ നീ ഈ അഭിനയിച്ചത് മുഴുവൻ..... നീയൊക്കെ ഒരു പെണ്ണ് തന്നെയാണോ.... " ഏട്ടത്തിയുടെ ഓരോ വാക്കും തീമഴ പോലെ അവളിലേക്ക് പെയ്തിറങ്ങി... ഒന്നും മിണ്ടാതെ നിന്ന് കരയാൻ മാത്രമേ അവൾക്ക് ആകുന്നുള്ളു.... " ഹും... നീയൊക്കെ എങ്ങനെയൊക്കെ നടന്നതാണെന്ന് ആർക്കറിയാം.... അതെങ്ങനാ നിന്നെയൊക്കെ വളർത്തിയവരെ വേണം പറയാൻ... നീ മാത്രമേ ഇങ്ങനെ നടക്കുനുള്ളോ അതോ നിന്റെ അമ്മയും ഇതുപോലെ തന്നെയാണോ.... " ഏട്ടത്തിയുടെ സംസാരം അതിരു കവിഞ്ഞെന്ന് കണ്ടതും ഞാൻ ഇടപെട്ടു.... " ചേട്ടത്തി.. എന്തൊക്കെയാ ഈ പറയുന്നത്...." " നീ ഒന്നും മിണ്ടാതെ കാശി... ഇവളെയൊന്നും ഇത്രയും പറഞ്ഞാൽ പോരാ.... അവളുടെ ഒരു കള്ള കണ്ണീർ കണ്ടില്ലേ.... എവിടെയാന്ന് വെച്ച നാളെത്തന്നെ ഇവളെ കൊണ്ടാക്കണം.... "

ഞാൻ അതിന് തലയാട്ടി.... എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഏട്ടത്തി മുറിയിൽ നിന്നും പോയതും ഒരു മഴ പെയ്തൊഴിഞ്ഞ സമാധാനം...... " ഏട്ടാ...... " നേർത്ത നാദം... കല്യാണി എന്നെ വിളിച്ചതും ഞാൻ ഒന്ന് മൂളി.... " നിങ്ങളാരും വിഷമിക്കണം എന്നൊന്നും ഞാൻ കരുതീല.... ഒരു പൊട്ടി പെണ്ണാ ഞാൻ.. അല്ലെങ്കിൽ എന്റെ സ്വാർത്ഥതക്ക് വേണ്ടി നിങ്ങളെയൊക്കെ കരയിക്കില്ലായിരുന്നു..... പിന്നെ എന്റെ അമ്മ..... " " മതി കല്യാണി.... ഞാൻ ചോദിച്ചപ്പോഴൊന്നും നീ നിന്നെക്കുറിച്ചു എന്നോട് പറഞ്ഞിട്ടില്ല.. ഇനി നിന്നെക്കുറിച്ചു അറിയാനും എനിക്ക് താല്പര്യമില്ല..... പണം എന്തേലും വേണങ്കിൽ നിനക്ക് ചോദിക്കാം.. അല്ലാതെ നമ്മൾ തമ്മിൽ സംസാരിക്കാൻ ഇനി ഒന്നുമില്ല... നീ കിടന്നോ... നാളെ രാവിലെ ഞാൻ തന്നെ കൊണ്ടാക്കാo നിന്നെ നിന്റെ വീട്ടിൽ.... " അത്രയും പറഞ്ഞു ഞാൻ എന്റെ കട്ടിലിൽ പോയിക്കിടന്നു... എല്ലാം ശെരിയാകാൻ പോണു... ഞാൻ ആഗ്രഹിച്ചപോലെ എന്നോട് അനുവാദം പോലും ചോദിക്കാതെ എന്റെ ജീവിതത്തിൽ കേറി വന്നവൾ എന്റെ അനുവാദത്തോടുകൂടി അതെ ജീവിതത്തിൽ നിന്നും പടിയിറങ്ങുന്നു.....

എന്തോ ഉറക്കം വരുന്നതേയില്ല... എങ്ങനെയെങ്കിലും ഒന്ന് നേരം വെളുത്താൽ മതിയായിരുന്നു....ഇടയ്ക്കിടെ അവളുടെ തേങ്ങൽ ഞാൻ കേട്ടെങ്കിലും അവളോട് സംസാരിക്കാനോ അവളെ ആശ്വസിപ്പിക്കാനോ ഞാൻ തയ്യാർ ആയില്ല... " ഏട്ടാ.... " കല്യാണിയുടെ വിളിയിലാണ് ഞാൻ ഉറക്കം എണീറ്റത്... നോക്കുമ്പോൾ ഒരു ചുവന്ന ചുരിദാർ ഇട്ട് നിൽക്കുകയാണവൾ..... ഞാൻ കണ്ണുകൾ തിരുമി ഒന്നുടെ നോക്കിയതും കണ്ടു അവളുടെ കയ്യിൽ കുഞ്ഞൊരു ബാഗ്....... ഇന്നലെ അവൾ ഒട്ടും ഉറങ്ങീലെന്ന് തോന്നുന്നു... കണ്ണുകളൊക്കെ വീർത്ത് വീങ്ങി ഇരിപ്പുണ്ട്... എപ്പോഴും ചുവന്നു തുടുത്തിരിക്കുന്ന അവളുടെ മൂക്കിൻ തുമ്പിന് കുറച്ചുകൂടി ചുവപ്പ് നിറം വന്നപോലെ..... നിതംബം വരെ മൂടിക്കിടക്കുന്ന കാർകൂന്തൽ എങ്ങനെയൊക്കെയോ അലക്ഷ്യമായി മേടഞ്ഞു മുന്നിലേക്കിട്ടിട്ടുണ്ട്.. കണ്ണുകൾ അവളുടെ മുഖത്തുടെ ഇഴഞ്ഞു നീങ്ങിയപ്പോഴാണ് ഞാൻ അത്‌ ശ്രദ്ധിച്ചത്.... താലി.... ദേവി സന്നിധിയിൽ വെച്ച് ഞാൻ അവളുടെ കഴുത്തിൽ കെട്ടിയ താലി..... " കല്യാണി.. ഇത്... ഇതെന്തിനാ താൻ കഴുത്തിൽ ഇട്ടിരിക്കുന്നെ... ഇന്ന് നീ പോയികഴിഞ്ഞാൽ പിന്നെ നമ്മൾ ഒരിക്കലും പരസ്പരം കാണുകപോലുമില്ല.... so നീ താലി കൂടി ഊരി വെച്ചേക്ക്.... "

അവളോട് ഒരുതരി പ്രണയം പോലും എന്റെ മനസ്സിൽ മോട്ടിട്ടില്ലെങ്കിലും താലി കഴുത്തിൽ നിന്നുമൂരുന്ന കാര്യം പറഞ്ഞപ്പോൾ എന്റെ തൊണ്ട വരണ്ടു.... എന്തൊക്കെ പറഞ്ഞാലും അവളെന്റെ ഭാര്യ അല്ലെ ഇപ്പോഴും... അതുകൊണ്ടാവും..... " ഞാൻ.. .... ഞാൻ വേറെ ഒന്നും കൊണ്ട് പോകുന്നില്ല.. ഇത് മാത്രം മതി എനിക്ക്..... എന്നും ഓർക്കാൻ.... ഈ താലിയുടെ പിന്നിലുള്ള സംഭവങ്ങൾ ഏട്ടന് ഒരു ദുസ്വപ്നം ആയിരിക്കും പക്ഷെ എനിക്ക്..... എനിക്ക് ഒരിക്കലും വിധിച്ചിട്ടില്ല എന്ന് കരുതിയ ഒന്നാണ് ഈ താലി... അതുകൊണ്ട് തന്നെ ഈ ജന്മത്തിൽ എനിക്ക് കഴിയില്ല ഈ താലി ഊരി മാറ്റാൻ...... " അവൾ പറഞ്ഞുകൊണ്ട് തിരികെ നടക്കാൻ ഒരുങ്ങി.... " ഒന്ന് നിന്നെ.... " ഞാൻ കട്ടിലിൽ നിന്നുമെണീറ്റ് അവളുടെ അടുത്തേക്ക് നടന്നു.... അവളുടെ കണ്ണുകളിൽ കണ്ണുനീരുണ്ടെങ്കിലും ആ കണ്ണുകളിൽ തിളങ്ങുന്ന പ്രതീക്ഷ ഞാൻ കാണുന്നുണ്ടായിരുന്നു..... അതെ... അവളുടെ അവസാന പ്രതീക്ഷയും നശിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.... " എന്റെ താലിയുടെ അവകാശി... അത്‌ എന്റെ ഭാര്യ തന്നെയായിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്...

എന്നെ സംബന്ധിച്ചടുത്തോളം നീ എനിക്ക് വെറുമൊരു അന്യ മാത്രമാണ്... അങ്ങനെയുള്ള ഒരാളുടെ കഴുത്തിൽ എന്റെ താലി കിടക്കുന്നത് എന്റെ മനസമാധാനം നശിപ്പിക്കുകയെ ഉള്ളു... അതുകൊണ്ട് നീ എനിക്കത് തിരികെ തരണം.... " എനിക്ക് പറയാനുള്ളത് മുഴുവനും ഞാൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു..... " ശെരിയാ ഏട്ടന്റെ താലി കഴുത്തിലണിയാനുള്ള ഭാഗ്യമൊന്നും ഈ മണ്ടി ചെയ്തിട്ടില്ല.... എനിക്ക് ഈ താലി എന്റെ കഴുത്തിൽ നിന്നും ഊരി മാറ്റാൻ കഴിയില്ല അതുകൊണ്ട് ഏട്ടൻ തന്നെ ഊരി മാറ്റിക്കോള്ളു...." ഞാൻ ഒന്നുകൂടി അവളുടെ അടുത്തേക്ക് നിന്നു... അവളുടെ കണ്ണുകളിൽ കണ്ണുനീർ വറ്റി എന്നെനിക്ക് തോന്നി... ഒരു പാവാ കണക്കെ അവൾ എന്റെ മുന്നിൽ നിന്നു... ഞാൻ താലിയിൽ പിടിച്ചു... ആ സമയം എന്റെ ഹൃദയം അതിവേഗം ഇടിക്കാൻ തുടങ്ങി... ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന പോലെ... കൈകൾ ഒക്കെ വിറക്കുന്നു.... അതൊന്നും വകവെക്കാതെ ഞാൻ കെട്ടിയതാലി അവളുടെ കഴുത്തിൽ നിന്നും അതെ കൈകൾ കൊണ്ട് തന്നെ ഊരി....................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story