പുതുവസന്തം: ഭാഗം 12

puthuvasantham

എഴുത്തുകാരി: ശീതൾ

"പ്രണയം..അത് വസന്തമാണ്..ഭൂമിയുടെ സിരകളിലേക്ക് പടർന്നിറങ്ങി വേരുകളെ ചുംബിച്ച് ഒരു പുഷ്പവർഷം പൊഴിക്കുന്ന തീവ്രമായ പുതുവസന്തം..എന്നിലെ വസന്തമാണ് നീ..പ്രണയം എന്തെന്ന് ഞാൻ അറിഞ്ഞത് നിന്നിലൂടെയാണ്...ഐ ലവ് യൂ...പല്ലവി....💕" അവന്റെ ചുടുനിശ്വാസവും കൂടെ ആർദ്രമായ വക്കുകളും അവളുടെ കാതിലേക്ക് അലയടിച്ചതും പല്ലവി ആകെയൊന്ന് വിറച്ചുപോയി...ഹൃദയമിടിപ്പ് വല്ലാതെ കുതിച്ചുയർന്നു.. "അ...അജുവേ..ട്ടാ........" അവൾ വിറയാർന്ന ശബ്ദത്തോടെ വിളിച്ചു...അർജുൻ ഒരു പുഞ്ചിരിയോടെ അവളെ അടർത്തിമാറ്റി..എല്ലാ അർഥത്തിലും അവൻ പഴയ അർജുൻ ആയി മാറിയിരിക്കുന്നു..അവൻ അവളുടെ മുഖം അവന്റെ കൈകളിൽ കോരിയെടുത്തു....

""എത്രയൊക്കെ ആഴങ്ങളിൽ നിന്നെ ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും..മനസ്സിന്റെ മതിലുകൾ പൊട്ടിച്ച് നീ എന്നിലേക്ക് പടരുകയാണ്..അത് കണ്ടില്ലന്ന് നടിക്കാൻ എനിക്ക് കഴിയുന്നില്ല...."" അർജുൻ പറഞ്ഞതുകേട്ട് പല്ലവി അവനെ ഇറുകെപ്പുണർന്നു...ഇരുവരുടെയും ഹൃദയമിടിപ്പുകൾ തമ്മിൽ ഒന്നായ നിമിഷം...അർജുന്റെ നെറ്റിയിലൂടെ ഒഴുകിയിറങ്ങുന്ന മഴത്തുള്ളികൾ പല്ലവിയുടെ നെറുകയിൽ വന്നുപതിച്ചു... "എത്രനാളായി...അജുവേട്ടന്റെ ഈ വാക്കുകൾക്ക് വേണ്ടി ഞാൻ കാതോർത്തിരിക്കാൻ തുടങ്ങിയിട്ട് എന്നറിയോ..അത്രക്ക് ഇഷ്ടാ അജുവേട്ടാ എനിക്ക്...." അവൻ മറുപടി ഒന്നും പറഞ്ഞില്ല..ഒരു സംതൃപ്തിയോടെ അവളെ പൊതിഞ്ഞുപിടിച്ചു...എത്രനേരം പരസ്പരം മറന്ന് അങ്ങനെ നിന്നെന്ന് അറിയില്ല...അർജുൻ പതിയെ അവളെ അടർത്തിമാറ്റി... "പോകുന്നില്ലേ....സമയം ഒരുപാടായി...." "മ്മ്...പോണോ.....??? അവൾ ചിണുങ്ങിക്കൊണ്ട് ചോദിച്ചു... "മ്മ് പോണ്ടാ........."

ഒരു കുസൃതിയോടെ അവൻ പറഞ്ഞു..അതുകേട്ട് അവൾ കുലുങ്ങിച്ചിരിച്ചു.. "ഓക്കെ..പോകുന്നില്ല..നമുക്ക് ഇങ്ങനെ നിൽക്കാം..." ഇരുകയ്യും വിരിച്ച് ആകാശത്തെക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു..മഴത്തുള്ളികൾ അവളുടെ മുഖത്തുവീണ് ചിന്നിച്ചിതറി പോയി..അവൻ പതിയെ അവളുടെ മുഖത്തേക്ക് വീണുകിടന്ന കുറുനിരകൾ മാടിയൊതുക്കി വച്ച് അവളെനോക്കി.. "ചെല്ല്....സമയം ഒരുപാടായി....രാത്രി വിളിക്കാം..." അവൻ പറഞ്ഞതുകേട്ട് അവൾ ഒട്ടുംതാല്പര്യമില്ലാതെ തിരിഞ്ഞുനടന്നു...എങ്കിലും കണ്ണുകൾ അർജുനിൽ തന്നെ ഇടയ്ക്കിടെ എത്തിക്കൊണ്ടിരുന്നു....അവൾ കണ്ണിൽനിന്ന് മായുന്നതുവരെ അവൻ അവിടെയുണ്ടായിരുന്നു.. "എവിടെയായിരുന്നു എന്റെ കുട്ടീ...നീയ്...??എത്രനേരമായി ഞാൻ നോക്കിയിരിക്കുന്നു...ഒന്ന് വിളിച്ചെങ്കിലും പറഞ്ഞൂടെ..?? നനഞ്ഞുകുളിച്ച് ഒരു പുഞ്ചിരിയോടെ വരുന്ന പല്ലവിയുടെ അടുത്തേക്ക് വന്നുകൊണ്ട് പാർവതി ചോദിച്ചു...

അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല..അവളുടെ മനസ്സ് ഇപ്പോഴും അർജുന്റെ കൂടെയാണ്... "ഡീ...ഞാൻ നിന്നോടാ ചോദിക്കുന്നത്....!! അതുംപറഞ്ഞ് പാർവതി അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു... "ഔ......" വേദനകൊണ്ട് പല്ലവി ഞെട്ടി പാർവതിയെ നോക്കി..അവരുടെ രൂക്ഷമായ നോട്ടം കണ്ട് അവൾ പതിയെ ഒന്ന് ഇളിച്ചുകൊടുത്തു.. "മഴയാണെങ്കിൽ അച്ഛയെ വിളിച്ചൂടായിരുന്നോ മോളേ...ഞാൻ വന്ന് പിക്ക് ചെയ്തേനെല്ലോ..." അതുംചോദിച്ച് മാധവ് ഉമ്മറത്തേക്ക് വന്നു...പല്ലവി അവരോട് രണ്ടുപേരോടും എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് വേഗം റൂമിലേക്ക് ഓടി.... "എന്താ മോനെ ഇത്....ഇങ്ങനെ നനഞ്ഞുവന്നാൽ പനി പിടിക്കില്ലേ....??? ബുള്ളറ്റിൽ നിന്നിറങ്ങി തലയിലെ വെള്ളം കുടഞ്ഞുകൊണ്ട് അകത്തേക്ക് വരുന്ന അർജുനെക്കണ്ട് ഹേമ ചോദിച്ചു...കയ്യിലിരുന്ന ടവൽക്കൊണ്ട് അവന്റെ തല തുവർത്തിക്കൊടുത്തു... അർജുൻ എതിർപ്പ് ഒന്നും കാണിക്കാതെ നിന്നു...പതിവിലും വിപരീതമായി അർജുന്റെ മുഖത്തെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും കണ്ട് ഹേമ അത്ഭുതപ്പെട്ടു...

നാളുകൾക്ക് ശേഷം മകന്റെ മുഖം ഒന്ന് തിളങ്ങി കണ്ടതിൽ അവർ സന്തോഷിച്ചു... ഫ്രഷ് ആയി ഇറങ്ങിയപ്പോഴാണ് അർജുന്റെ ഫോൺ റിങ് ചെയ്തത്...നോക്കിയപ്പോൾ പല്ലവിയാണ്... ഒരു പുഞ്ചിരയോടെ അവൻ മൊബൈൽ കയ്യിലെടുത്തുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു... "അജുവേട്ടാ......" കോൾ അറ്റൻഡ് ചെയ്തപാടെ അവൾ വിളിച്ചു... "മ്മ്...എന്താണ് ഭവതി..ഇന്ന് വിളി നേരത്തെ ആണല്ലോ..." "അത്...അജുവേട്ടാ...പിന്നില്ലേ....?? അവൾ ഇരുന്ന് വിക്കുന്നതുകേട്ട് അർജുൻ നെറ്റി ചുളിച്ചു... "കാര്യം പറയെടി....?? അവൻ ചോദിച്ചതുകേട്ട് പല്ലവി എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു.... "അജുവേട്ടാ...നേരത്തെ പറഞ്ഞത് ഒന്നുകൂടി പറയോ....?? കൈവരിയിൽ കൈചേർത്തുകൊണ്ട് അവൾ ചോദിച്ചു..അതുകേട്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... "നേരത്തെ എന്താ പറഞ്ഞത്...മ്മ്..?? എനിക്ക് ഓർമയില്ലല്ലോ...."

"അജുവേട്ടാ.....പ്ലീസ്..കേൾക്കാൻ ഉള്ള കൊതികൊണ്ടാ ഒന്ന് പറ...പിന്നെ അജുവേട്ടനെ വിശ്വസിക്കാൻ പറ്റില്ല..ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും..അതുകൊണ്ട് ഞാൻ റെക്കോർഡ് ചെയ്ത് വയ്ക്കാൻ പോകുവാ...ഹാ വേഗം പറഞ്ഞോ..." അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞതുകേട്ട് അവന് ചിരി പൊട്ടി...അവൻ കോൾ കട്ട് ചെയ്ത് വീഡിയോ കോൾ ചെയ്തു... പല്ലവിയുടെ ശബ്ദംപോലും അർജുനെ ഒരുപാട് മാറ്റുന്നതുപോലെ അവനുതോന്നി.... "അജുവേട്ടാ....വീഡിയോ കോൾ ചെയ്തിട്ട് എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്....??? പല്ലവിയുടെ ശബ്ദമാണ് അവനെ ചിന്തയിൽനിന്ന് ഉണർത്തിയത്...പല്ലവി ഒരു പുഞ്ചിരിയോടെ അവനെത്തന്നെ നോക്കിനിന്നു... അവനിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു...ഭൂമിയിൽ പരന്നുകിടക്കുന്ന നീലനിലാവിൽ അവളുടെ വൈരക്കൽ മൂക്കുത്തിയുടെ തിളക്കം അവന്റെ കണ്ണുകളിൽ പതിച്ചു...അവൻ തന്നിലെ പ്രണയത്തെ മുഴുവൻ കണ്ണുകളിലേക്ക് ആവാഹിച്ച് അവളെ നോക്കി...അവന്റെ നോട്ടം അവളിൽ പുതിയൊരു വികാരം സൃഷ്ടിച്ചു...ഇതുവരെ തോന്നാത്ത ഒരു പരവേശം അവൾക്ക് തോന്നി...

"അ...അജു...വേ...ട്ടാ.....!! അവന്റെ നോട്ടത്തിൽ പതറി ഒരുതരം വിറയലോടെ അവൾ വിളിച്ചു...അർജുൻ അതെല്ലാം ആസ്വദിക്കുകയായിരുന്നു.. "നേരം ഒരുപാടായില്ലേ പോയി..കിടന്നോ..ഗുഡ് നൈറ്റ്...." പല്ലവിയുടെ മുഖത്തെ പരിഭ്രമം കണ്ട് അർജുൻ ചിരിയോടെ പറഞ്ഞു...പക്ഷെ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വാടി.... "അജുവേട്ടാ...ഇപ്പൊ ഉറങ്ങാൻ പോവണോ..കുറച്ചുനേരം കൂടി ഇങ്ങനെ ഇരിക്കാം പ്ലീസ്..." "മ്മ്മ്...ബട്ട്‌ നീ അവിടെ നിൽക്കണ്ട റൂമിൽ പോ..." അവൻ പറഞ്ഞത് അനുസരിച്ച് തലയാട്ടി അവൾ റൂമിലേക്ക് ഓടി ബെഡിൽ കിടന്നു...അർജുനും റൂമിലേക്ക് കയറിയിരുന്നു.. "അജുവേട്ടാ...ഒരു കാര്യം ചോദിക്കട്ടെ....?? തലയിണയിൽ മുഖം ചേർത്ത് അവൾ ചോദിച്ചു.. "അജുവേട്ടന് എന്നെ ഇഷ്ടമാകാൻ എന്താ കാരണം...??? അവൾ ചോദിച്ചതുകേട്ട് അവന്റെ മനസ്സിലേക്ക് ഓടിയെത്തിയത് അന്ന് ആ വേദിയിൽ അവൾ ആടിതിമിർത്ത ചുവടുകൾ ആണ്..

അകറ്റിനിർത്താൻ ശ്രമിച്ചപ്പോഴും വീണ്ടും വീണ്ടും അവന്റെ ഉള്ളിലെക്ക് ആഴ്ന്നിറങ്ങാൻ അവൾ വച്ച ചുവടുകൾ......അവൾ അവന്റെ വക്കുകൾക്കായി കാതോർത്തിരുന്നു... "എന്നോ മനസ്സിൽ മൊട്ടിട്ട പ്രണയമാണ്...നിന്നോടും..നിന്റെ കാലിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ആ ചിലങ്കയോടും...ആ ചിലങ്കയുടെ താളം ഒന്ന് പിഴച്ചാൽ ഈ ഹൃദയതാളം പോലും നിശ്ചലമാകും എന്ന് തോന്നിയ നാളുകൾ..അന്ന് ഞാൻ നെയ്തുകൂട്ടിയ വസന്തമാണ് നീ.." പല്ലവിയുടെ കണ്ണുകൾ വിടർന്നു...ഒരുനിമിഷം ഈ ലോകത്തിൽ ഏറ്റവും സന്തോഷവതിയാണ് താനെന്ന് അവൾക്ക് തോന്നിയ നിമിഷം... അവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം നിറഞ്ഞുനിൽക്കുന്നത് അവൾ കണ്ടു...ആ പ്രണയലഹരിയിൽ അലിയാൻ പല്ലവിയും ഒരുക്കമായിരുന്നു... 

രാവിലെ പല്ലവി പതിവിലും നേരത്തെ ഒരുങ്ങി കോളേജിലേക്ക് ഇറങ്ങി...ഇന്നലെ രാത്രി അർജുനോട്‌ സംസാരിച്ച് അറിയാതെ ഉറങ്ങിപ്പോയതോർത്ത അവൾക്ക് ചിരി വന്നു.... ബസ് സ്റ്റോപ്പിലേക്ക് എത്താറായപ്പോൾ ആണ് ദൂരെ ബുള്ളറ്റിൽ ചാരിനിന്ന് അവളെനോക്കുന്ന അർജുനെ പല്ലവി കണ്ടത്.. അവനെക്കണ്ട് അറിയാതെ അവളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു...നാണമോ ഭയമോ..അവളുടെ ഉള്ളിൽ എന്താണെന്ന് അവൾക്കുപോലും മനസ്സിലായില്ല.... അവന്റെ അടുത്ത് എത്തിയപ്പോൾ തന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടിയത് അവൾ അറിഞ്ഞു...ചുരിദാറിന്റെ ഷോളിൽ പിടി മുറുക്കി അവൾ പതിയെ തലയുയർത്തി അവനെനോക്കി... അർജുൻ അവളുടെ ചെയ്തികൾ എല്ലാം സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു..അവനൊരു ചിരിയോടെ ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് പല്ലവിയെ നോക്കി... അവൾ ചെറിയ പേടിയോടെ ചുറ്റുംനോക്കി പിന്നെ അവനെ ദയനീയമായി നോക്കി...പതിയെ അവന്റെ മുഖഭാവം മാറാൻ തുടങ്ങിയതും അവൾ വേഗം അവന്റെ പിന്നിൽ കയറിയിരുന്നു...

അവന്റെ വയറിലൂടെ കൈചുറ്റിപ്പിടിച്ച് അവൾ ഇരുന്നു...അപ്പോൾ രണ്ടുപേരുടെയും മനസ്സിൽ വല്ലാത്തൊരു സന്തോഷവും സംതൃപ്തിയും നിറഞ്ഞിരുന്നു... കോളേജ് ഗേറ്റ് കടന്ന് ബുള്ളറ്റ് എത്തിയതും എല്ലാവരും ഒരുതരം അത്ഭുതത്തോടെ അവരെനോക്കി...അതിൽ അസൂയയോടുള്ള ചില നോട്ടം കണ്ടതും പല്ലവി അർജുനെ ചുറ്റിപ്പിടിച്ചിരുന്ന അവളുടെ പിടി ഒന്നുകൂടി മുറുക്കി അവന്റെ പുറത്ത് തലവച്ചിരുന്നു...  "അജുവേട്ടാ....എനിക്ക് ശരിക്കും ബോർ അടിക്കുന്നുണ്ട് ട്ടോ...!! ഗ്രൗണ്ടിന്റെ സൈഡിലുള്ള പടിക്കെട്ടിൽ ഇരുന്ന് കോളേജ് ടീമിന്റെ ഫുട്ബോൾ കളി കാണുകയാണ് പല്ലവിയും അർജുനും... അർജുന്റെ ശ്രദ്ധ കളി കാണുന്നതിൽ ആണെങ്കിലും പല്ലവി ആകെ ബോർ അടിച്ചിരിക്കുകയാണ്... അവൾ പറഞ്ഞതുകേട്ട് അവൻ തലചെരിച്ച് അവളെനോക്കി... "ഇതിപ്പോ കഴിയും...ജസ്റ്റ്‌ ഫൈവ് മിനിറ്റ്സ്...അല്ലെങ്കിൽ ഇപ്പൊ പോണോ..?? അവൻ ചോദിച്ചതുകേട്ട് അവൾ തലയാട്ടി അവന്റെ തോളിലേക്ക് തല ചായ്ച്ചു...അർജുൻ ഒരു ചെറുചിരിയോടെ വീണ്ടും ഗ്രൗണ്ടിലേക്ക് ഫോക്കസ് ചെയ്തു...

പല്ലവി ബാഗിൽനിന്ന് അർജുൻ കൊടുത്ത ചിലങ്ക കയ്യിലെടുത്ത് ഒരു കൈകൊണ്ട് പതിയെ അതിൽ തലോടിക്കൊണ്ടിരുന്നു...മറുകൈ അർജുന്റെ കയ്യിലേക്ക് കോർത്തിരുന്നു.. പല്ലവി ചിലങ്ക കയ്യിലെടുത്തത് കണ്ടതും അർജുൻ ചിരിയോടെ ഇരുന്നു..മാച്ച് കഴിഞ്ഞതും അവളെക്കൂട്ടി അവിടെനിന്ന് എഴുന്നേറ്റ് നടന്നു... ഒരു ഒഴിഞ്ഞ സ്ഥലമെത്തിയപ്പോൾ അവൻ അവളിലെ പിടി വിട്ടു...അവൾ ചോദ്യഭാവത്തിൽ അവനെനോക്കി... "എന്താ അജുവേട്ടാ...ഇവിടെ എന്തിനാ വന്നത്...??? അവൻ മറുപടി പറയാതെ അവളുടെ കയ്യിലിരുന്ന ചിലങ്ക വാങ്ങി കുനിഞ്ഞ് അവളുടെ കാലിൽ അണിയിച്ചുകൊടുത്തു.. അവന്റെ പ്രവർത്തി കണ്ട് അവൾ പുഞ്ചിരിയോടെ നിന്നു... തന്റെ പ്രണയത്തിന്റെ മുൻപിൽ അവനുവേണ്ടി മാത്രമായി ചുവടുവയ്ക്കുമ്പോൾ പല്ലവിയുടെ മനസ്സ് ആനന്ദത്താൽ തുടികൊട്ടുകയായിരുന്നു..

ഒരുനിമിഷം പോലും അർജുനെ വിട്ടുപിരിയുന്നത് അവൾക്ക് ആലോചിക്കാൻ പോലും കഴിയാത്ത അവസ്ഥ.. ഓരോ ചുവടുകൾക്ക് ഒപ്പം അവളുടെ കൃഷ്ണമണികളുടെ ചലനവും മുഖത്ത് വിരിയുന്ന ഭാവവും അവൻ വീക്ഷിച്ചുകൊണ്ടിരുന്നു...എന്നാൽ അവന്റെ നോട്ടം തറഞ്ഞുനിന്നത് ചുവന്നുതുടുത്തിരിക്കുന്ന അവളുടെ നാസികയിലെ വൈരക്കൽ മൂക്കുത്തിയിലായിരുന്നു...... അവസാന ചുവടും അവനായി വച്ച് അവൾ ഒരു കിതപ്പോടെ അവനെനോക്കി എങ്ങനെയുണ്ട് എന്ന് ഇരുപിരികവും ഉയർത്തി ആംഗ്യം കാണിച്ചു... അർജുൻ ഒരു വശ്യമായ ചിരിയോടെ അവളുടെ കൈ പിടിച്ചുവലിച്ച് അവന്റെ നെഞ്ചിലേക്ക് ഇട്ടു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story