പുതുവസന്തം: ഭാഗം 13

puthuvasantham

എഴുത്തുകാരി: ശീതൾ

അർജുൻ ഒരു വശ്യമായ ചിരിയോടെ അവളുടെ കൈ പിടിച്ചുവലിച്ച് അവന്റെ നെഞ്ചിലേക്ക് ഇട്ടു... പെട്ടെന്നുള്ള പ്രവർത്തിയിൽ പല്ലവി ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി...അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ ചുറ്റിവരിഞ്ഞു.. പല്ലവി ശ്വാസം നീട്ടിയെടുത്തുകൊണ്ട് ഉയർന്നുപൊന്തി.... "അ....അജു..വേട്ടാ.....!! ഒരുതരം വിറയലോടെ അവൾ വിളിച്ചു...അർജുന്റെ ചുണ്ടിൽ അപ്പോഴും ആ വശ്യമായ ചിരി ഉണ്ടായിരുന്നു. കണ്ണുകൾ പല്ലവിയിൽ തന്നെ ഉടക്കിനിന്നു...അവൻ കൈ ഉയർത്തി പതിയെ അവളുടെ മുടിയിഴകളിൽ വിരലോടിച്ചു...ഞൊടിയിടയിൽ അവളുടെ മുടിയിൽ കൊരുത്തിരുന്ന ക്ലിപ്പ് അവൻ ഊരിമാറ്റി...അവളുടെ ഇടതൂർന്ന മുടിയിഴകൾ അഴിഞ്ഞുലഞ്ഞു.... പല്ലവി കണ്ണുംമിഴിച്ച് ചുണ്ട് കൂർപ്പിച്ച് അവനെനോക്കി..

"അജുവേട്ടാ....എന്ത് പണിയാ കാണിച്ചത്...നോക്ക് മുടി ആകെ അലങ്കോലമായി...അർജുൻ പുഞ്ചിരിയോടെ അവന്റെ മുഖം അവളുടെ മുഖത്തോട് കുറച്ചുകൂടി അടുപ്പിച്ചു... "ഇത് ഇങ്ങനെ അഴിഞ്ഞുലഞ്ഞ് കിടക്കുന്നത് കാണാനും ഒരു പ്രത്യേക ഭംഗിയാണ്.." അതുംപറഞ്ഞവൻ അവളുടെ മുടിയിലേക്ക് മുഖം ചേർത്തു...അതിൽനിന്ന് ഉതിർന്ന കാച്ചിയ എണ്ണയുടെയും മുല്ലപ്പൂവിന്റെയും ഗന്ധം അവൻ ആവോളം ആസ്വദിച്ചു...ട്രിമ്മ് ചെയ്ത അവന്റെ താടിരോമങ്ങൾ അവളുടെ ചെവിക്കുപിന്നിലേക്ക് തട്ടിയതും പല്ലവി ഒന്ന് പുളഞ്ഞു....കണ്ണുകൾ ഇറുക്കിയടച്ചു... എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല...അർജുൻ പതിയെ അകന്നുമാറുമ്പോൾ പല്ലവിയുടെ മുഖം നാണത്താൽ ചുവന്നുതുടുത്തിരുന്നു...അവൾ കണ്ണുകൾ അടച്ചുതന്നെ നിന്നു..അതുകണ്ട് അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "പല്ലവി........." അവൻ അവളുടെ കവിളിൽ തട്ടി പതിഞ്ഞ സ്വരത്തിൽ വിളിച്ചു...

അവൾ പതിയെ കണ്ണുതുറന്നു...തന്നിൽ നോട്ടമുടക്കി നിക്കുന്ന അർജുനെ കണ്ടതും അവൾക്ക് അവന്റെ മുഖത്തുനോക്കാൻ ചടപ്പുതോന്നി... "ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ...?? അവൻ ചോദിച്ചതുകേട്ട് അവൾ എന്തെന്ന ഭാവത്തിൽ മുഖമുയർത്തി അവനെനോക്കി.... "പ്രണവ് നിന്നെ എനിക്ക് തരില്ല എന്ന് പറഞ്ഞാൽ..നീ എന്നെ മറക്കുമോ പല്ലവി....??? ചോദിക്കുമ്പോൾ അവന്റെ മുഖത്ത് നിഴലിച്ചിരുന്ന നിരാശ പല്ലവി കണ്ടിരുന്നു..അവൾക്ക് ഒരേസമയം സങ്കടവും ദേഷ്യവും തോന്നി.... അവൾ അർജുന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി... "ഇപ്പോഴും എന്നെ വിശ്വാസമില്ലേ അജവേട്ടാ...പ്രണവേട്ടന്റെ തെറ്റിദ്ധാരണ ഞാൻ മാറ്റും...ഞാൻ പറഞ്ഞാൽ എട്ടായി കേൾക്കും അതെനിക്ക് ഉറപ്പാ..ഈ കൈവിട്ട് ഞാനെങ്ങും പോകില്ല...കൂടെത്തന്നെ ഉണ്ടാകും..." പല്ലവി അതുംപറഞ്ഞ് അവന്റെ കയ്യിൽ പിടിമുറുക്കി...അത് മതിയായിരുന്നു അർജുന്റെ മനസ്സ് ശാന്തമാകാൻ...

 "ആഹാ കള്ളക്കാമുകൻ വന്നല്ലോ...!!! പല്ലവിയെ പറഞ്ഞയച്ച് വരുന്ന അർജുനെനോക്കി ജിത്തു ഒരു കളിയാലെ...അതുകേട്ട് അർജുൻ അവനെനോക്കി ചിരിച്ചു.... "എന്തായാലും പല്ലവി ആള് കിടുവാണ്...നിന്നെ പഴയപോലെ ആക്കിത്തന്നല്ലോ..അതിനവൾക്ക് സ്പെഷ്യൽ താങ്ക്സ് ഉണ്ട്...." ശ്യാം പറഞ്ഞതുകേട്ട് അർജുന്റെ മനസ്സിൽ പല്ലവിയുടെ മുഖം തെളിഞ്ഞു...അവന്റെ ഹൃദയം പല്ലവി എന്ന് ആയിരം തവണ ഉരുവിടുന്നത് പോലെ തോന്നി അവന്.... '"എടാ അതൊക്കെ ഓക്കെ...പക്ഷെ പ്രണവ് അവൻ ഇവരുടെ കാര്യം അറിഞ്ഞാൽ വെറുതെയിരിക്കുമോ..?? ജിത്തു പറഞ്ഞതുകേട്ട് ഇരുവരുടെയും ചുണ്ടിലെ പുഞ്ചിരി മാഞ്ഞു...ശ്യാമിനും അതേ ഭയം ഉണ്ടായിരുന്നു... "അത് ശരിയാടാ അജു...അവനെ നമ്മൾ എത്ര പ്രാവശ്യം ഇങ്ങോട്ട് വരുത്താൻ ശ്രമിച്ചു...ഒന്നും നടന്നില്ല..

അവനെ സത്യങ്ങൾ എല്ലാം പറഞ്ഞ് മനസ്സിലാക്കണമെങ്കിൽ ഒന്ന് നേരിൽ കാണണ്ടേ..അപ്പൊപ്പിന്നെ എന്തുചെയ്യും....??? ശ്യാം പറഞ്ഞതുകേട്ട് അർജുൻ മനസ്സിൽ ചിലത് തീരുമാനിച്ചു... "അജു നീ എന്താ ഒന്നും മിണ്ടാത്തത്....??? ജിത്തു അവന്റെ തോളിൽ തട്ടി ചോദിച്ചു..അർജുൻ അവർക്ക് എന്തൊക്കെയോ ചിന്തിച്ച് ഉറപ്പിച്ച ഒരു ചിരി നൽകി.. "പ്രണവ് വരും...നമ്മളെ കാണും...നമ്മൾ പറയുന്നത് കേൾക്കുകയും ചെയ്യും...എനിക്ക് അറിയാം എന്താ ചെയ്യേണ്ടത് എന്ന്..."  വൈകുന്നേരം ഇളംവെയിൽ പതിക്കുന്ന മണൽത്തരികളെ തൊട്ടുണർത്തിക്കൊണ്ട് കരയിലേക്ക് ആർത്തിരമ്പുന്ന തിരമാലകൾ നോക്കി അവർ നടന്നു...ആവേശത്തോടെ കരയിലേക്ക് പതിക്കുന്ന വെള്ളം പതിയെ ഇരുവരുടെയും കാലിൽ മുത്തമിട്ട് തിരിച്ചുപൊയ്ക്കൊണ്ടിരുന്നു... അവർക്കിടയിൽ അപ്പോൾ ഉണ്ടായിരുന്ന മൗനം പോലും വാചാലമാകുന്നതുപോലെ അവർക്കുതോന്നി...

റ്റിൽ പാറിപ്പറക്കുന്ന പല്ലവിയുടെ മുടിയിഴകൾ അർജുന്റെ മുഖത്ത് ഉരസിക്കൊണ്ടിരുന്നു...അതവന്റെ ചൊടികളിൽ പുഞ്ചിരി വിരിയിച്ചു... "അജുവേട്ടാ....എന്താ ഒന്നും മിണ്ടാത്തെ...?? മുന്നിലേക്ക് പാറിവീണ മുടി മാടിയൊതുക്കിക്കൊണ്ട് പല്ലവി ചോദിച്ചു... "നിശബ്ദമായി കടലിന്റെ ആരവം കേട്ട് ഇങ്ങനെ നടക്കാനും ഒരു സുഖം..." അവളുടെ മുഖത്ത് നോക്കാതെതന്നെ അവൻ പറഞ്ഞു... "അങ്ങനെയിപ്പോ നടക്കേണ്ട...എന്നോട് സംസാരിക്ക്....." അവനെനോക്കി ചുണ്ട് കൂർപ്പിച്ച് അവൾ പറഞ്ഞു.. "ഇല്ലെങ്കിൽ....മ്മ്...?? ഒരു കുസൃതിയോടെ അവൻ ചോദിച്ചു...അവൾ പിരികംപൊന്തിച്ചുകൊണ്ട് അവനെനോക്കി അവന്റെ നെഞ്ചിൽ കൈവച്ച് തള്ളി.. "മിണ്ടില്ല....എന്നോട് മിണ്ടില്ല.....??? അവന്റെ നെഞ്ചിൽ തള്ളിക്കൊണ്ട് ചോദിച്ചു...അർജുൻ ചിരിയോടെ ബാലൻസ് കിട്ടാതെ പിന്നോട്ട് പൊയ്ക്കൊണ്ടിരുന്നു... "ഏയ്...ടി...വേണ്ടാട്ടോ....നിർത്ത്...." അവൻ പറഞ്ഞത് വകവയ്ക്കാതെ അവൾ വീണ്ടും തള്ളിക്കൊണ്ടിരുന്നു... "മിണ്ടില്ലല്ലോ...എന്നോട്...??

അവൾ വീണ്ടും ചോദിച്ചതുകേട്ട് അവൻ ഒരു ചിരിയോടെ അവളെ വലിച്ച് അവനിലേക്ക് അടുപ്പിച്ചു...തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് പല്ലവി അവന്റെ നെഞ്ചിൽ തട്ടി സ്റ്റക്ക് ആയിനിന്നു.... "എന്തേയ്...ഇപ്പൊ തള്ളുന്നില്ലേ....??? അവളെ പൊതിഞ്ഞുപിടിച്ചുകൊണ്ട് അർജുൻ ചോദിച്ചു..പല്ലവി നിശബ്ദമായ ചിരിയോടെ അവന്റെ നെഞ്ചിൽ മുഖം അമർത്തി.... "എന്നോട് മിണ്ടിയില്ലെങ്കിൽ ഞാൻ ഇനിയും തള്ളും..." "ഓഹോ അങ്ങനെയാണോ...പെണ്ണിന് ഇപ്പൊ കുറച്ച് കുറുമ്പുകൂടുന്നുണ്ട്..." അവൻ പറഞ്ഞതുകേട്ട് പല്ലവി കുലുങ്ങിച്ചിരിച്ചു... "സ്വന്തമായവരോടല്ലേ....നമുക്ക് കുറുമ്പ് കാണിക്കാൻ പറ്റൂ...അജുവേട്ടാ..." അവൻ താടിയിൽ പിടിച്ച് ഒരു കൊഞ്ചലോടെ അവൾ പറഞ്ഞു... "മ്മ്മ്....ഇങ്ങനെ പോയാൽ ഞാനും പല കുറുമ്പുകളും കനിക്കും..." പല്ലവിയെ അടിമുടി നോക്കിക്കൊണ്ട് അർജുൻ ഒരു വശ്യമായ ചിരിയോടെ പറഞ്ഞു...പല്ലവിയുടെ മുഖം ചുവന്നുതുടുത്തു..

. "അയ്യേ....ബാഡ് അജുവേട്ടൻ......!!! അതുംപറഞ്ഞ് അവൾ അവന്റെ നെഞ്ചിൽ ഇടിച്ചു...പിന്നെ വീണ്ടും അവിടേക്ക് മുഖമമർത്തി...അർജുൻ ഒരു പൊട്ടിച്ചിരിയോടെ അവളെ ചേർത്തുപിടിച്ച് കടലിലേക്ക് നോക്കിനിന്നു... അവന്റെ നെഞ്ചിലെ ഹൃദയതാളം ആസ്വദിച്ചുതന്നെ അവൾ നിന്നു...ഒരിക്കലും പിരിയാൻ ആകില്ലെന്നപോലെ അവൾ അവനെ ഇറുകെപ്പുണർന്നു..എത്രനേരം അങ്ങനെ നിന്നെന്ന് അറിയില്ല..... "പല്ലവി....സമയം ഒരുപാടായി....പോയാലോ..??? "മ്മ്ഹ്...പോകാൻ തോന്നുന്നില്ല അജുവേട്ടാ....ലൈഫ് ലോങ്ങ്‌ ഇങ്ങനെതന്നെ ചേർന്നുനിൽക്കാൻ തോന്നുന്നു...റിയലി ലവ് യൂ സോ മച്ച്...." പല്ലവിയുടെ വാക്കുകൾ അർജുന്റെ കാതിനെ കുളിരണിയിപ്പിച്ചു... "ഈ നെഞ്ചിൽ നിനക്കല്ലാതെ മറ്റാർക്കും സ്ഥാനമില്ല...എന്നിൽ ഒരു പുതുവസന്തം വിരിയിക്കാൻ സാധിച്ചതും അത് എന്നിൽ നിലനിർത്താൻ കഴിയുന്നതും നിനക്കുമാത്രമാണ്...i cant lose you...." അർജുന്റെ അധരങ്ങൾ പല്ലവിയുടെ നെറുകയിൽ അമർന്നു...അവൾ ആദ്യമൊന്ന് ഞെട്ടി പിടഞ്ഞു എങ്കിലും പതിയെ അവനിലേക്ക് ചേർന്നുനിന്നു....

"അജുവേട്ടാ...നമുക്ക് ഒരിക്കൽ ഇവിടേക്ക് വരണം....സൂര്യൻ കടലിലേക്ക് മുങ്ങിത്താഴാൻ ഒരുങ്ങുന്ന സായംസന്ധ്യനേരത്ത് ഇവിടെവച്ച് നമ്മളെ തട്ടിത്തഴുകി പോകുന്ന ഈ ഇളംകാറ്റിൽ ലയിച്ച് അജുവേട്ടന് വേണ്ടി മാത്രമായി എനിക്ക് ചുവടുകൾ വയ്ക്കണം..." തിരിച്ചുനടക്കവേ അവന്റെ കയ്യിൽ കോർത്തുപിടിച്ചുകൊണ്ട് പല്ലവി പറഞ്ഞതുകേട്ട് അർജുൻ സമ്മതമെന്നോണം അവളിലെ പിടി ഒന്നുകൂടി മുറുക്കി.... "നിനക്ക് ഒരു സർപ്രൈസ് ഉണ്ട്...." പെട്ടെന്ന് അർജുൻ പറഞ്ഞതുകേട്ട് അവൾ തല ചെരിച്ച് ചോദ്യഭാവത്തിൽ അവനെനോക്കി...അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു... "എന്താ അജുവേട്ടാ സർപ്രൈസ്....?? "സർപ്രൈസ് ഈസ്‌ സർപ്രൈസ്...അധികം വൈകാതെ അത് നിന്റെ അടുക്കലേക്ക് എത്തും..." അർജുൻ എന്താണ് ഉദ്ദേശിച്ചത് എന്നവൾക്ക് മനസ്സിലായില്ല....പക്ഷെ അർജുൻ മനസ്സിൽ എല്ലാം തീരുമാനിച്ചിരുന്നു... 

വീട്ടിലെത്തിയ അർജുൻ നേരെ പോയത് ഓഫീസ് മുറിയിലേക്ക് ആണ്..മുകുന്ദനും അശോകും അവിടെ ഉണ്ടാകുമെന്ന് അവന് അറിയാമായിരുന്നു... പ്രതീക്ഷിച്ചതുപോലെ അവർ അവിടെത്തന്നെ ഉണ്ടായിരുന്നു..കമ്പനിയുടെ പുതിയ പ്രൊജക്ടിനെപ്പറ്റി ചർച്ചയിൽ ആയിരുന്നു അവർ... പെട്ടെന്ന് അർജുനെ ഓഫീസ് റൂമിൽ കണ്ടപ്പോൾ രണ്ടുപേരും അമ്പരന്നു....അർജുൻ ആദ്യമായിട്ടാണ് അവിടേക്ക് വരുന്നത്.... "എന്താ അജു...എനി പ്രോബ്ലം...??? ഷോക്ക് മാറാതെ തന്നെ അശോക് ചോദിച്ചു..മുകുന്ദനും അർജുന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു... "എനിക്ക് ചില കാര്യങ്ങൾ പറയാൻ ഉണ്ട്...strictly official...." അർജുൻ പറഞ്ഞതുകേട്ട് രണ്ടുപേരും മുഖത്തോട് മുഖം നോക്കി...ഒരുതരം ഞെട്ടലോടെ അർജുന്റെ മുഖത്തേക്ക് നോക്കി... 

"നിങ്ങടെ മോൾക്ക് ഇപ്പൊ കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്...ഏത് നേരവും ഏതോ സ്വപ്നലോകത്താണ്.." പാർവതി മാധവിനോട്‌ പറഞ്ഞു...പക്ഷെ അയാൾ അതൊന്നും ശ്രദ്ധിക്കാതെ ലാപ്പിൽ കാര്യമായിട്ട് എന്തോ നോക്കുകയാണ്... പാർവതി ദേഷ്യത്തിൽ ബെഡിൽ ഇരുന്ന പില്ലോ എടുത്ത് മാധവിന് നേരെ എറിഞ്ഞു... "ഞാൻ പറയുന്നതുവല്ലതും നിങ്ങൾ കേൾക്കുന്നുണ്ടോ മനുഷ്യാ....??? മാധവിനുനേരെ ഉറഞ്ഞുതുള്ളിക്കൊണ്ട് പാർവതി ചോദിച്ചു....മാധവ് വായുംപൊളിച്ച് അവരെനോക്കി... "നിനക്കിത് എന്താ എന്റെ പാറുക്കുട്ട്യേ....മനുഷ്യനെ ഒരു പണി എടുക്കാൻ സമ്മതിക്കില്ലെ....??? "ഓ...നിങ്ങടെ ഒരു പണി...ഇരുപത്തിനാല് മണിക്കൂറും ആ കുന്തത്തിലും നോക്കി ഇരുന്നോ...പെണ്ണ് ഏതെങ്കിലും ഒരുത്തനെ വിളിച്ചോണ്ട് വരുമ്പോഴും ഇങ്ങനെ തന്നെ ഇരുന്നോണേ.....!!! "അവളും ഒരു മനുഷ്യൻ അല്ലേടി....അവൾക്കും ഇല്ലേ...വികാരവും വിചാരവും ഒക്കെ...??

അന്തംവിട്ടുകൊണ്ട് മാധവ് ചോദിച്ചതുകേട്ട് പാർവതി തലക്ക് കൈകൊടുത്ത് അയാളെനോക്കി...പിന്നെ കൂടുതൽ ഒന്നും പറയാതെ ബെഡിൽ പോയികിടന്നു... മാധവ് ഒരു ചിരിയോടെ ലാപ് അടച്ച് ടേബിളിൽ വച്ച് ലൈറ്റ് ഓഫ് ചെയ്ത് കിടന്നു..... എന്തോ അനക്കം കേട്ടാണ് മാധവ് ഉറക്കത്തിൽ നിന്ന് ഉണർന്നത്...പതിയെ കണ്ണുകൾ വലിച്ചുതുറന്നുനോക്കി...ഡിം ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ വാതിൽക്കൽ ഒരു നിഴൽ കണ്ടതും അയാൾ ഒന്ന് ഞെട്ടി.... പതിയെ ആ നിഴൽരൂപം അടുത്തേക്ക് വരുന്നതുകണ്ടതും അയാൾ കിതപ്പോടെ ഒരുവിധം എഴുന്നേറ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തു... "ഹാപ്പി വെഡിങ് ആനിവേഴ്സറി അച്ഛേ ആൻഡ് അമ്മേ.....!!!!......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story