പുതുവസന്തം: ഭാഗം 15

puthuvasantham

എഴുത്തുകാരി: ശീതൾ

"പ്രണവേട്ടാ............!!!!!! പല്ലവിയുടെ ചുണ്ടുകൾ മന്ത്രിച്ചു.....മൂവർക്കും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു...എത്ര നിർബന്ധിച്ചിട്ടും വരാതിരുന്ന പ്രണവ് പെട്ടെന്ന് ഒരു മുന്നറിയിപ്പും നൽകാതെ വന്നത് അവരെ അത്ഭുതപ്പെടുത്തി.... "മോനെ........!! പാർവതി പുറത്തേക്കിറങ്ങി അവന്റെ അടുത്തേക്ക് ചെന്നു...മാധവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു... "പ്രണവ്...ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ..ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞങ്ങൾ എയർപോർട്ടിലേക്ക് വരുമായിരുന്നല്ലോ..." മാധവ് പറഞ്ഞു...പല്ലവിയും എന്ത് പറയണം എന്നറിയാതെ നിൽക്കുകയായിരുന്നു..ഏട്ടൻ വന്നതിന്റെ സന്തോഷമാണോ അതോ ഏട്ടൻ എല്ലാം അറിയുമ്പോൾ ഉണ്ടാകുന്ന പ്രശ്നം ഓർത്താണോ അവൾക്ക് നല്ല പേടിതോന്നി... മാധവും പാർവതിയും ചോദിക്കുന്നതിന് ഒന്നും മറുപടി കൊടുക്കാതെ ദേഷ്യം കടിച്ചമർത്തി നിൽക്കുകയായിരുന്നു പ്രണവ്...

ദേഷ്യത്തിൽ അവരെയെല്ലാം ഒന്ന് നോക്കിയതിന് ശേഷം പ്രണവ് ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി... പ്രണവ് അകത്തേക്ക് പോയതും പല്ലവിയും വേഗം മുറിയിലേക്ക് ഓടി ഫോൺ എടുത്ത് അർജുന്റെ നമ്പർ ഡയൽ ചെയ്തു... "എങ്ങനെയുണ്ടടി എന്റെ സർപ്രൈസ്....??? പ്രതീക്ഷിച്ചിരുന്നതുപോലെ പല്ലവി വിളിച്ചതുകണ്ട് അർജുൻ ഒരു പുഞ്ചിരിയോടെ കോൾ അറ്റൻഡ് ചെയ്ത് ചോദിച്ചു.... "അജുവേട്ടാ...എന്താ ഇതൊക്കെ...ഇത്രനാളും ഞങ്ങൾ മാറിമാറി വിളിച്ചിട്ടും വരാത്ത എട്ടായി ഇന്ന് ഒരു മുന്നറിയിപ്പും തരാതെ വന്നത് എന്താ...?? ഒന്നും മനസ്സിലാകാതെ പല്ലവി ചോദിച്ചതുകേട്ട് അർജുൻ പൊട്ടിച്ചിരിച്ചു...തന്റെ ഫസ്റ്റ് പ്ലാൻ വിജയിച്ചതിന്റെ എല്ലാ സന്തോഷവും അവന് ഉണ്ടായിരുന്നു... "പല്ലവി...നിനക്കൊരു ഗുഡ് ന്യൂസ്‌ ഉണ്ട്...ഞാനൊരു ചെറിയച്ഛൻ ആകാൻ പോകുവാടി...ഏട്ടത്തി വൺ മന്ത് ക്യാരയിങ് ആണ്..." അതുകേട്ട് പല്ലവിക്ക് സന്തോഷം തോന്നിയെങ്കിലും ഒന്നും വിട്ടുപറയാതെ അവൻ വിഷയം മാറ്റിയത് ഓർത്ത് അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു....

"ചെറിയച്ഛൻ അല്ലേ അല്ലാതെ അച്ഛൻ അല്ലല്ലോ ഇത്രയും excited ആകാൻ...അജുവേട്ടാ വിഷയം മാറ്റാൻ നോക്കണ്ട...സത്യം പറ..എന്താ ചെയ്തത്...വന്നപ്പോഴേ ഒന്നും മിണ്ടാതെ ദേഷ്യത്തിൽ മുറിയിലേക്ക് പോയി...അപ്പൊ കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്..." "ജോലി പോയാൽ പിന്നെ അവൻ അവിടെ നിൽക്കുന്നത് എന്തിനാടി...??? ഒരു ചിരിയോടെ അർജുൻ പറഞ്ഞത് കേട്ട് പല്ലവി ഞെട്ടി...അർജുൻ പറയുന്നത് ഒന്നും മനസ്സിലാകാതെ അവൾ നെറ്റി ചുളിച്ചു... "അജുവേട്ടാ...ഇത്...ഇതെന്തൊക്കെയാ ഈ പറയുന്നത്...എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..." "നീ ഇപ്പൊ കൂടുതൽ ഒന്നും ആലോചിച്ച് ആ കുഞ്ഞുതല പുണ്ണാക്കണ്ട..പോയി എന്റെ അളിയന്റെ വിശേഷങ്ങൾ ഒക്കെ ചോദിച്ച് അറിയാൻ നോക്ക്..ആഹ് പിന്നെ അവന്റെ മൂഡ് ശരിയാണ് എന്ന് ഉറപ്പുവരുത്തിയിട്ട് ചോദിച്ചാൽ മതിട്ടോ..അല്ലെങ്കിൽ അവൻ ചിലപ്പോ സംഹാരതാണ്ടവം ആടും..."

അർജുൻ അതുംപറഞ്ഞ് പല്ലവിയുടെ മറുപടി കാക്കാതെ ഫോൺ കട്ട് ചെയ്തു....അപ്പോഴേക്കും അശോക് റൂമിലേക്ക് വന്നു... "അർജുൻ എന്താ നിന്റെ ഉദ്ദേശം....നീ ശരിക്ക് ആലോചിച്ച് തന്നെയാണോ ഈ തീരുമാനം എടുത്തത്..?? അർജുന്റെ തോളിൽ കൈവച്ച് അശോക് ചോദിച്ചതുകേട്ട് അർജുൻ ഒന്ന് പുഞ്ചിരിച്ചു... "എന്താ ഏട്ടാ...നമ്മുടെ കമ്പനിയുടെ മുഴുവൻ ഉത്തരവാദിത്തവും തലയിൽ ഏറ്റി അവസാനം ഞാൻ എല്ലാം കുളമാക്കും എന്ന് പേടിയുണ്ടോ ഏട്ടന്...?? "ഏയ് നീ എന്താടാ പറയുന്നേ..ഞാൻ അതൊന്നും ഉദ്ദേശിച്ചില്ല...എനിക്കതിൽ ഒരു പേടിയും ഇല്ല...പക്ഷെ നീ ഉദ്ദേശിച്ച കാര്യം നടക്കുമെന്ന് ഉറപ്പുണ്ടോ..?? അശോക് സംശയഭാവത്തിൽ അർജുനെ നോക്കി...എന്നാൽ അർജുന്റെ മുഖത്ത് പുഞ്ചിരി തന്നെയായിരുന്നു... "എന്നിലെ ആ പഴയ അർജുനെ ഏട്ടൻ ഇത്രവേഗം മറന്നോ...വെറുതെ പാഴ്വാക്ക് ആയിട്ട് അർജുൻ ഒന്നും പറയാറുമില്ല..പറഞ്ഞത് ചെയ്യാതെ ഇരുന്നിട്ടുമില്ല...എനിക്കറിയാം എന്താ ചെയ്യേണ്ടത് എന്ന്..." 

"ഹേ....അപ്പൊ അജുവേട്ടൻ ഇനി കോളേജിലേക്ക് വരുന്നില്ലേ.....???? ആൽമരക്കൂട്ടങ്ങൾ കൊണ്ട് തണൽ തീർത്ത ബെഞ്ചിൽ ഇരിക്കുന്ന അർജുന്റെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നുകൊണ്ട് ചുണ്ട് പിളർത്തി പല്ലവി ചോദിച്ചു... അർജുൻ എരിയുന്ന സിഗരറ്റ് ചുണ്ടിലേക്ക് വച്ച് തല ചെരിച്ച് അവളെനോക്കി...പല്ലവി അവനെ തുറിച്ചുനോക്കിക്കൊണ്ട് അവന്റെ ചുണ്ടിൽ ഇരുന്ന സിഗരറ്റ് വലിച്ചെടുത്ത് നിലത്തേക്ക് ഇട്ട് ചവിട്ടിയരച്ചു.... "എത്രതവണ പറയണം അജുവേട്ടാ എന്നോട് സംസാരിക്കുമ്പോൾ ഈ കുന്തം യൂസ് ചെയ്യരുത് എന്ന്....its too bad..." ചുവന്നുതുടുത്ത മുഖവുമായി അവൾ പറഞ്ഞതുകേട്ട് അർജുന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു...അവൻ കുറച്ചുനേരം ഇമവെട്ടാതെ അവളെനോക്കി... "മ്മ്മ്...എന്താ നോക്കുന്നത്...?? ചുണ്ട് കൂർപ്പിച്ചുകൊണ്ട് തന്നെ അവൾ ചോദിച്ചു.. "അധികാരത്തോടെ നീ എന്നെ സ്നേഹിക്കുന്നതും ശാസിക്കുന്നതും കാണാനും അനുഭവിക്കാനും ഒരു സുഖം...."

അവൻ അവളെനോക്കി കണ്ണുചിമ്മി...പല്ലവിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു...അവൾ അവന്റെ വിരിമാറിലേക്ക് ചാഞ്ഞു...കാറ്റിൽ ഇളകിയാടുന്ന ആൽമരങ്ങൾ അവരുടെ മേലെക്ക് ഇലകൾ പൊഴിച്ചുകൊണ്ടിരുന്നു... "അജുവേട്ടനില്ലാതെ കോളേജിൽ ഒരു രസോണ്ടാവൂല...വരാതിരിക്കല്ലേ അജുവേട്ടാ..." അവന്റെ നെഞ്ചിൽ വിരലോടിച്ചുകൊണ്ട് അവൾ പറഞ്ഞതുകേട്ട് അവൻ അവളെ ചേർത്തുപിടിച്ച് ആ നെറുകയിൽ ചുണ്ടുകൾ അമർത്തി... "നിന്നിലേക്കുതന്നെ എത്തിച്ചേരാൻ ഇങ്ങനെയൊരു അകൽച്ച ആവശ്യമാണ്..." അവളുടെ മുടിയിഴകളിലേക്ക് മുഖം അമർത്തി അവൻ പറഞ്ഞു...അവരെ തട്ടിതഴുകി പോയ ഇളംകാറ്റിന്റെ ചെറുകുളിരിൽ ഇരുവരും വാരിപ്പുണർന്നിരുന്നു...

കയ്യിൽ കരുതിയ അഡ്രെസ്സ് നോക്കി കാർ ഡ്രൈവ് ചെയ്യുമ്പോൾ പ്രണവിന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു... മനസ്സിലെ ഓർമ്മകൾ കുഴിച്ചുമൂടാനായി ഈ നാട്ടിൽനിന്ന് കടൽ കടന്നിട്ട് വീണ്ടും ഇവിടേക്ക് പെട്ടെന്ന് വരേണ്ടി വന്നതിൽ അവന് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി...സ്റ്റിയറിങിൽ അമർന്നിരുന്ന വിരലിൽ അശ്വതി അണിയിച്ചുകൊടുത്ത മോതിരത്തിൽ കണ്ണുകൾ ഉടക്കിയതും അവന്റെ മനസ്സ് ആകെ കലങ്ങിമറിഞ്ഞു..ആക്സിലേറ്ററിൽ അവൻ കാൽ അമർത്തി.... മുന്നിൽ തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ കെട്ടിടത്തിനുമുൻപിൽ വണ്ടി ചെന്നുനിന്നതും പ്രണവ് ഇറങ്ങി... എംകെ ഗ്രൂപ്പ്‌ ഓഫ് കമ്പനിസ് എന്ന ബോർഡ്‌ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുച്ഛം നിറഞ്ഞു... എങ്കിലും മുകുന്ദൻ എന്തിന് തന്നെ അവിടുത്തെ കമ്പനിയിൽനിന്ന് ഒഴിവാക്കാൻ recommend ചെയ്തു എന്ന് പ്രണവിന് മനസ്സിലായില്ല....

അതിന് പിന്നിലും താൻ ഉദ്ദേശിക്കുന്ന ആൾ ആകുമോ എന്ന സംശയം അവനിൽ ഉയർന്നു... തനിക്ക് അനുവാദം നൽകി ഒരു സ്റ്റാഫ്‌ പറഞ്ഞതനുസരിച്ച് എംഡിയുടെ റൂമിലേക്ക് പ്രണവ് കയറി... എംഡിയുടെ ചെയറിൽ പിന്നിലേക്ക് തിരിഞ്ഞിരിക്കുന്നതുകണ്ട് പ്രണവ് അങ്ങനെതന്നെ നിന്നു... "സർ....someone has come to see you...." പ്രണവിനെ കണ്ട് റൂമിൽനിന്ന ഒരു സെക്യൂരിറ്റി ഗാർഡ് പറഞ്ഞതും പ്രണവിന് മുന്നിലേക്ക് അയാൾ തിരിഞ്ഞു... ആ മുഖം കണ്ട് പ്രണവിന്റെ മുഖം വലിഞ്ഞുമുറുകി...അവന്റെ നോട്ടം ടേബിളിൽ വച്ചിരിക്കുന്ന നെയിം ബോർഡിലേക്ക് ചെന്നു... "MD of MK group..Mr.Arjun menon...."....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story