പുതുവസന്തം: ഭാഗം 19

puthuvasantham

എഴുത്തുകാരി: ശീതൾ

പ്രണവ്..........!!! പെട്ടെന്ന് പിന്നിൽനിന്ന് ഒരു വിളി കേട്ടതും അവൻ തിരിഞ്ഞുനോക്കി... "ദേവൻ സർ.........!! അവന്റെ ചുണ്ടുകൾ മന്ത്രിച്ചു...നാളുകൾക്ക് ശേഷം പ്രണവിനെ കണ്ട സന്തോഷത്തിൽ ദേവൻ അവന്റെ അടുത്തേക്ക് വന്നു... "പ്രണവ്...സുഖമാണോടാ നിനക്ക്...??എത്രനാളായി കണ്ടിട്ട്..." അവന്റെ തോളിൽ തട്ടിക്കൊണ്ട് അയാൾ ചോദിച്ചു...പ്രണവ് ഒന്ന് പുഞ്ചിരിച്ചു... "എന്ത് കോലമാടാ നിന്റെ...താടിയൊക്കെ വളർത്തി..നീ ഒരുപാട് മാറിപ്പോയി.." "സാഹചര്യങ്ങളല്ലേ സർ ഒരാളെ മാറ്റുന്നത്...അതുപോലെയൊരു മാറ്റാം തന്നെയാണ് ഇപ്പോൾ എനിക്കും സംഭവിച്ചിരിക്കുന്നത്..." "പ്രണവ് നീ ഇപ്പോഴും പഴയതൊന്നും മറന്നില്ലേ...?? "അങ്ങനെ മറക്കാൻ എന്നെക്കൊണ്ട് കഴിയില്ല സർ...പ്രണവ് ഒന്നും മറക്കില്ല...എല്ലാം ഈ ഉള്ളിൽ തന്നെയുണ്ട്.."

അത് പറഞ്ഞപ്പോൾ അശ്വതിയുടെ മുഖം പ്രണവിന്റെ മനസ്സിലേക്ക് വന്നു...അവൻ കണ്ണുകൾ ഇറുക്കിയടച്ചു... "പ്രണവ് ഞാൻ പറയുന്നത് കേൾക്ക്...നീ കരുതുന്നതുപോലെ അർജുൻ...... "സർ..........." ദേവൻ സർ പ്രണവിനോട്‌ പറയാൻ തുടങ്ങിയതും പിന്നിൽനിന്ന് അർജുന്റെ വിളികേട്ടു...അവർ രണ്ടുപേരും തിരിഞ്ഞുനോക്കി... "സർ എന്താ ഇവിടെ...എവിടെയെങ്കിലും പോകുവാണോ..എങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം..."" അർജുൻ പുഞ്ചിരിയോടെതന്നെ സാറിനോട് സംസാരിക്കുന്നതുകണ്ട് പ്രണവ് അവനെത്തന്നെ നോക്കിനിന്നു...ദേവൻ സാറും അവനോട് സൗമ്യമായി സംസാരിക്കുന്നത് കണ്ട് പ്രണവ് അത്ഭുതപ്പെട്ടു...ആർക്കും അർജുനോട്‌ ഒരു ദേഷ്യവും ഇല്ല...അല്ലെങ്കിലും അവർ എന്തിന് ദേഷ്യപ്പെടാണം നഷ്ടപ്പെട്ടത് എനിക്കുമാത്രമല്ലെ.. പ്രണവ് മനസ്സിൽ ചിന്തിച്ചു..

"ഠോ......!!!!!! ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള പടിക്കെട്ടിൽ അർജുൻ പല്ലവിയെ കാത്തിരിക്കുമ്പോഴാണ് അവൾ പിന്നിലൂടെവന്ന് അവനെ പേടിപ്പിച്ചത്...പെട്ടെന്ന് അർജുൻ ഒന്ന് പതറിയെങ്കിലും അടുത്ത നിമിഷം അവൻ അവളെ വലിച്ച് അവന്റെ മടിയിലേക്ക് ഇരുത്തി... പല്ലവി ഞെട്ടി അവന്റെ ഷർട്ടിൽ പിടിമുറുക്കി...അർജുൻ ഒരു കള്ളച്ചിരിയോടെ അവളുടെ അരയിലൂടെ കയ്യിട്ട് പിടിച്ചു...അവന്റെ ചുടുശ്വാസം പല്ലവിയുടെ മുഖത്തേക്ക് പതിച്ചതും എന്തെന്നില്ലാതെ അവളുടെ ഹൃദയമിടിപ്പ് ഉയർന്നു.... ""എന്നെ ഒന്ന് പേടിപ്പിച്ചു..അപ്പൊ ഞാനും ഒന്ന് പേടിപ്പിച്ചു..."" അവളുടെ അരയിൽഒന്ന് അമർത്തിക്കൊണ്ട് അർജുൻ പതിയെ പറഞ്ഞു....പല്ലവി ഒന്ന് ഉയർന്നുപൊന്തി ശ്വാസം നീട്ടിയെടുത്തു...ആ സമയം അവന്റെ മിഴികൾ അവളുടെ പിടക്കുന്ന മിഴികളുമായി കൊരുത്തു....അവന്റെ മുഖം അടുത്തുവരുന്നതിനനുസരിച്ച് പല്ലവിയുടെ ശ്വാസഗതി ഉയർന്നുകൊണ്ടിരുന്നു...

ഇളംചുവപ്പ് നിറമുള്ള അവളുടെ കീഴ്ച്ചുണ്ടിൽ ഒരു നനുത്ത ചുംബനം...അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... ആകെ തളർന്നതുപോലെ തോന്നി... പതിയെ അകന്നുമാറിയപ്പോൾ പല്ലവിക്ക് അവന്റെ മുഖത്തുനോക്കാൻ എന്തോപോലെ തോന്നി...എന്നാൽ അർജുൻ അതേസമയം അവളിൽമാത്രം ലയിച്ച് ഇരിക്കുകയായിരുന്നു... "എന്റെ മാധവേട്ടാ...നിങ്ങളൊന്ന് വാ എന്റെ കൂടെ..അവനോട് ഞാൻ പറഞ്ഞോളാം..." പ്രണവിന്റെ മുറിയിലേക്ക് പോകാൻ മടിച്ചുനിൽക്കുന്ന മാധവിനോട്‌ പാർവതി പറഞ്ഞു... "എന്റെ പാറു നീതന്നെ പോയാൽ മതി..ഞാൻ വരുന്നില്ല..എനിക്കുവയ്യ അവൻ ഒച്ചയിടുന്നത് കേട്ടോണ്ട് നിൽക്കാൻ.." "അതിന് അവനെ കൊല്ലാൻ ഒന്നുമല്ലല്ലോ നമ്മൾ പോകുന്നത്..മക്കളുടെ വിവാഹം നടത്തിക്കൊടുക്കേണ്ടത് അവരുടെ മാതാപിതാക്കളുടെ കടമയാണ്..ഞാനും ചെയ്യുന്നത് അതുതന്നെയാണ്..."

"പാറു അതൊക്കെ ശരിയാണ്...എനിക്കും അറിയാം..പക്ഷെ നീ ഇപ്പോൾ ഈ ഫോട്ടോസുംകൊണ്ട് അങ്ങോട്ട് ചെന്നാൽ അവന്റെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടിവരും...നമുക്ക് പിന്നെ അവനോട് മയത്തിൽ ചോദിക്കാം..." "എന്നാ നിങ്ങള് വരണ്ടാ.. ഞാൻ തന്നെ പോയി ചോദിക്കാൻ പോകുവാ.. ഹോ ഇങ്ങനെ ഉത്തരവാദിത്തമില്ലാത്ത ഒരു മനുഷ്യൻ..." പിറുപിറുത്തുകൊണ്ട് പാർവതി പ്രണവിന്റെ മുറിയിലേക്ക് പോയി...മാധവ് ഒരു വളിച്ച ഇളി ഇളിച്ച് അവൻ പറയുന്നത് കേൾക്കാൻ കാതോർത്തിരുന്നു.... "മോനെ......." ബെഡിൽ എന്തോ ആലോചിച്ച് കിടക്കുന്ന പ്രണവിന്റെ അടുത്തുചെന്ന് പാർവതി വിളിച്ചു...പ്രണവ് ചോദ്യഭാവത്തിൽ അവരെനോക്കി... "എന്താ അമ്മേ...എന്തെങ്കിലും പറയാൻ ഉണ്ടോ...?? "അത് മോനെ...ഇന്നാ ബ്രോക്കർ ഇവിടെ വന്നിരുന്നു...നമുക്ക് പറ്റിയ നല്ല ഒരു പ്രൊപോസൽ കിട്ടിയിട്ടുണ്ട്...നീ ഒന്ന് നോക്ക്...നല്ല കുട്ടിയാടാ.."

അതുകേട്ടതും പ്രണവിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു.... "അമ്മയോട് എത്രതവണ ഞാൻ പറയണം...പലതവണ ഞാൻ പറഞ്ഞതാണ് ഈ വിഷയത്തെപ്പറ്റി ഒരു ചർച്ച വേണ്ട എന്ന്...ഇനി...ഇനിയൊരിക്കൽക്കൂടി ഈ കാര്യവും പറഞ്ഞോണ്ട് ആരും ഇങ്ങോട്ട് വന്നുപോകരുത്.." പ്രണവ് പാർവതിയുടെ മുൻപിൽ ഉറഞ്ഞുതുള്ളി...അവന്റെ മുഖം കണ്ട് പാർവതി തെല്ലൊന്ന് പതറിയെങ്കിലും...അവരുടെ ഉള്ളിൽ സങ്കടം കുമിഞ്ഞുകൂടിയിരുന്നു.. ഒന്നും മിണ്ടാതെ അവർ മുറിവിട്ട് പോയി... പ്രണവ് ദേഷ്യത്തിൽ ടേബിളിൽ ഇരുന്ന സിഗരറ്റ് പാക്കറ്റിൽനിന്നും ഒന്നെടുത്ത് കത്തിച്ച് ചുണ്ടിലേക്ക് വച്ചു...."അജുവേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട നിറമേതാ...?? അർജുന്റെ കൈകോർത്ത് പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ നടക്കുന്നതിനിടയിൽ പല്ലവി ചോദിച്ചു...അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞുനിന്നു.... "എന്തേ...ഇപ്പൊ അങ്ങനെയൊരു ചോദ്യം..മ്മ്...??? "മ്മ്ഹ്...പറ അജുവേട്ടാ....!!!

അവന്റെ കയ്യിൽ തൂങ്ങിക്കൊണ്ട് അവൾ ചിണുങ്ങി...അവൻ ചിരിച്ചു.. "എല്ലാ നിറവും ഇഷ്ടമാണ്...പക്ഷെ ചുവപ്പിനോട്‌ അന്നും ഇന്നും എന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട് എനിക്ക്...." "മ്മ്...അതെന്താ അങ്ങനെ അജുവേട്ടാ....??? ചൂണ്ടുവിരൽ താടിയിൽ വച്ച് അവനെനോക്കി അവൾ ചോദിച്ചു...അവൻ നടത്തം നിർത്തി അവൾക്കുനേരെ തിരിഞ്ഞ് അവളുടെ ഇരുതോളിലും കൈവച്ചു... "അന്ന് ആ വേദിയിൽ ചുവന്ന പട്ടുചേല ചുറ്റി നീ ചുവടുകൾ വച്ചപ്പോൾ നിന്റെ സൗന്ദര്യത്തെ പൂർണ്ണശോഭയോടെ എടുത്തുകാണിച്ച ആ നിറത്തിനോട്‌ വല്ലാത്ത കൊതിതോന്നി..." അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് പ്രണയാർദ്രമായി അവൻ പറഞ്ഞു....പല്ലവിയുടെ മനസ്സിൽ അവൾ മാസങ്ങൾക്ക് മുൻപ് മാധവിന്റെ ബിസിനെസ്സ് പാർട്ടിയിൽവച്ച് ചുവടുകൾ വച്ചത് ഓർമ്മവന്നു...

അന്ന് അവളുടെ ഉള്ളിൽ നുരഞ്ഞുപൊന്തിയ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വികാരം അവന്റെ സാമീപ്യം കൊണ്ടാണെന്ന് അവൾക്ക് മനസ്സിലായി... "അപ്പൊ...അന്ന്...അന്ന് അജുവേട്ടൻ അവിടെ ഉണ്ടായിരുന്നോ...??? വിടർന്ന കണ്ണുകളോടെയും അതിലുപരി ആകാംഷയോടെയും അവൾ ചോദിച്ചു...അവനൊരു ചിരിയോടെ തലയാട്ടി... പല്ലവി ഒരുനിമിഷം അവന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നു...പതിയെ ആ നെഞ്ചിലേക്ക് ചാഞ്ഞ് അവനെ ഇറുകെപ്പുണർന്നു....അവന്റെ കൈകളും അവളിൽ ഒരു വലയം തീർത്തു....ഹൃദയമിടിപ്പുകൾ തമ്മിൽ ഒന്നായി പ്രണയം കൈമാറിക്കൊണ്ടിരുന്നു..ഭൂമിയിലേക്ക് പെയ്യാനായി വെമ്പൽക്കൊണ്ട് നിൽക്കുന്ന ജലത്തുള്ളികളെയൊന്നും അവർ ആ സമയത്ത് അറിഞ്ഞതെയില്ല... തിരിച്ച് പല്ലവിയെ കൊണ്ടുവിടാനായി പോകുന്നസമയത്ത് മഴ അതിന്റെ ശക്തിയാർജിച്ചിരുന്നു..

അവൾ അവന്റെ വയറിലൂടെ ചുറ്റിപ്പിടിച്ച് അവന്റെ പുറത്തേക്ക് തലവച്ചിരുന്നു...അർജുൻ ഒരു പുഞ്ചിരിയോടെ അവന്റെ അരയിലൂടെ ചുറ്റിയിരുന്ന അവളുടെ കൈക്കുമുകളിൽ ഒരു കൈവച്ച് പതിയെ വണ്ടിയോടിച്ചു.... പല്ലവിയുടെ വീടിന്റെ മുൻപിലെത്തിയപ്പോഴേക്കും അർജുന്റെ ബുള്ളെറ്റ് താനേ സ്ലോ ആയി... "അയ്യോ..ഒരുപാട് ലേറ്റ് ആയി...ഇന്നെനിക്ക് അമ്മയുടെ വക അടി ഉറപ്പാ..." പല്ലവി അതുംപറഞ്ഞ് വണ്ടിയിൽനിന്ന് ഇറങ്ങി... "നാളെ നേരത്തെ വരണേ അജുവേട്ടാ...ഇല്ലെങ്കിൽ നാളേം ലേറ്റ് ആകും...രാത്രി വിളിക്കാമേ.." അവൾ അതുംപറഞ്ഞ് അർജുന്റെ കവിളിൽ ഒന്ന് മുത്തി തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെക്കണ്ട് ഞെട്ടി... ""എട്ടായി..........!!!!!! .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story