പുതുവസന്തം: ഭാഗം 21

puthuvasantham

എഴുത്തുകാരി: ശീതൾ

തന്റെ പ്രിയപ്പെട്ടവന്റെ ചുടുനിശ്വാസം കാതിലേക്ക് പതിച്ചതും അവൾ ഞെട്ടിത്തിരിഞ്ഞുനോക്കി.. ബെഡിൽ അവൾക്ക് തൊട്ടരുകിലായി പുഞ്ചിരിയോടെ കിടക്കുന്ന അർജുനെ കണ്ടതും അവളുടെ മുഖം വിടർന്നു.... "അ...അജുവേട്ടാ........!!!! പെട്ടെന്ന് അവനെക്കണ്ട് അത്ഭുതത്തോടെ എഴുന്നേറ്റിരുന്ന് അവൾ വിളിച്ചു...അർജുൻ കൈ തലക്ക് താങ്ങുകൊടുത്ത് അവളെത്തന്നെ നോക്കിക്കിടക്കുകയാണ്.. "അജുവേട്ടൻ എങ്ങനെ ഇവിടെ വന്നു...???? "ബാൽക്കണിയുടെ ഡോർ ഒക്കെ തുറന്നിട്ട്‌ ചക്ക വെട്ടിയിട്ടതുപോലെ ഇങ്ങനെ കിടന്നാൽ പിന്നെ എനിക്ക് വാരാൻ എന്താ ഇത്ര ബുദ്ധിമുട്ട്...!!! ഒരു കള്ളച്ചിരിയോടെ അർജുൻ പറഞ്ഞതുകേട്ട് പല്ലവി അബദ്ധം പറ്റിയ രീതിയിൽ ബാൽക്കണിയുടെ ഡോറിലേക്കും പിന്നെ അവന്റെ മുഖത്തേക്കുംനോക്കി ഒന്ന് ഇളിച്ചു... "അല്ല അജുവേട്ടാ...എന്നാലും എങ്ങനെ...അച്ഛയും ഏട്ടായിയും ഒന്നും കണ്ടില്ലേ....???

അവൾ വീണ്ടും സംശയത്തോടെ അവനെനോക്കി...അവൻ ഒരു വശ്യമായ ചിരിയോടെ അവളെ വലിച്ച് അവന്റെ മേലേക്ക് ഇട്ടു...പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അവൾ ഞെട്ടി... അർജുന്റെ മുഖത്തേക്ക് അലസമായി വീണ അവളുടെ മുടിയിഴകൾ അവൻ പതിയെ വകഞ്ഞുമാറ്റി...അവന്റെ ചുടുശ്വാസം കഴുത്തിലേക്ക് പതിച്ചതും പല്ലവി ഒന്ന് വിറച്ചു...അവളൊന്ന് കുതറിമാറാൻ ശ്രമിച്ചെങ്കിലും അവന്റെ കരവലയത്തിൽ അത് നിശ്ഫലമായി.... അവൻ അവളെയുംകൊണ്ട് ഒന്ന് മറിഞ്ഞു...പല്ലവി ഞെട്ടി അവന്റെ ഷർട്ടിൽ പിടിമുറുക്കി കണ്ണുകൾ ഇറുക്കിയടച്ചു... അവളുടെ ചുവന്നുതുടുത്ത വൈരക്കല്ല് മൂക്കുത്തി പതിപ്പിച്ച നാസികയിലേക്കും വിറയാർന്ന ചൊടികളിലേക്കും അവന്റെ നോട്ടം തറഞ്ഞുനിന്നു... അവന്റെ മുഖം പതിയെ അവളിലേക്ക് അടുത്തുവന്നു...അപ്പോഴും പല്ലവി കണ്ണുകൾ അടച്ചുതന്നെ കിടക്കുകയായിരുന്നു...

"വിശക്കുന്നില്ലേ പെണ്ണേ നിനക്ക്.....??? അവളുടെ കാതോരം അവൻ പതിയെ മൊഴിഞ്ഞു....അവൾ കണ്ണുംമിഴിച്ച് അവനെനോക്കി.. "അജുവേട്ടനെങ്ങനെ മനസ്സിലായി....??? അതുകേട്ട് അവൻ പുഞ്ചിരിച്ചു...പതിയെ അവളുടെ മുകളിൽനിന്ന് അടർന്നുമാറി ബെഡിലേക്ക് ഇരുന്നു... "I know that...because you are in me...."" പല്ലവിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു...അർജുൻ അവളെ ഇരുകൈകളിൽ കോരിയെടുത്തു...ഇത്തവണ അവൾ പതറിയില്ല...ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവൻ മാറിലേക്ക് ചേർന്നുകിടന്നു.... അവൻ അവളെ ബാൽക്കണിയിലേക്ക് കൊണ്ടുപോയി അവിടെയുള്ള പൂളിന്റെ സൈഡിൽ ഇരുത്തി...ശേഷം തിരികെ മുറിയിലേക്ക് പോയി ടേബിളിൽനിന്ന് അവൻ കൊണ്ടുവന്ന പൊതിയെടുത്തുകൊണ്ട് വന്ന് അവളുടെ അടുത്തായി ഇരുന്നു... പല്ലവി അതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കിയിരുന്നു...

അർജുൻ പൊതിയഴിച്ചതും നല്ല ചൂട് മസാലദോശയുടെ ഗന്ധം അവളുടെ നാസികയിലേക്ക് തുളച്ചുകയറി... അർജുൻ അതിൽനിന്നും ഒരു കഷ്ണം മുറിച്ചെടുത്ത് അവൾക്കുനേരെ നീട്ടി...പല്ലവി ഒരു കള്ളച്ചിരിയോടെ എഴുന്നേറ്റ് അവന്റെ മടിയിൽ കയറിയിരുന്ന് അവന്റെ കഴുത്തിലൂടെ കൈചുറ്റിപ്പിടിച്ചു.... അർജുൻ ആദ്യമൊന്ന് ഞെട്ടി എങ്കിലും പതിയെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...അവൻ നീട്ടിയ ഭക്ഷണം അവളുടെ വായിലേക്ക് വച്ചുകൊടുത്തു...ഒരു കുഞ്ഞിനെപ്പോലെ പല്ലവി അതെല്ലാം ആസ്വദിച്ചുകഴിച്ചു...ഇടയ്ക്ക് അവളുടെ കൈകൊണ്ട് അവനെയും ഊട്ടി.... "ഇനി നല്ല കുട്ടിയായി കിടന്ന് ഉറങ്ങിക്കോട്ടോ...നാളെ മര്യാദക്ക് ക്ലാസ്സിൽ പോയിക്കോണം..." അവളെ തിരിച്ച് ബെഡിൽ കൊണ്ടുപോയി കിടത്തിക്കൊണ്ട് അവൻ പറഞ്ഞു... "അജുവേട്ടൻ പോവാണോ....?? ചുണ്ട് ചുളുക്കിക്കൊണ്ട് അവൾ ചോദിച്ചു... "പിന്നെ പോകാതെ....??? "

കുറച്ചുനേരം കൂടി ഇരിക്ക് അജുവേട്ടാ...പ്ലീസ്...." അവൾ ചിണുങ്ങിക്കൊണ്ട് പറയുന്നത് കേട്ടപ്പോൾ അവന് നിഷേധിക്കാൻ തോന്നിയില്ല...അവനും അവളുടെ കൂടെ ബെഡിലേക്ക് ഇരുന്നു...അവൾ അപ്പൊത്തന്നെ അവന്റെ മടിയിലേക്ക് തലവച്ചുകിടന്നു... അർജുൻ ഒരു പുഞ്ചിരിയോടെ അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടിരുന്നു..നിദ്രയെപ്പുൽകി അവളുടെ മിഴികൾ കൂമ്പിയടയുന്നത് വരെ അവൻ നോട്ടം മാറ്റിയതേയില്ല.... പല്ലവി ഉറങ്ങിയെന്ന് മനസ്സിലായതും അവൻ പതിയെ അവളെ ബെഡിലേക്ക് കിടത്തി പുതപ്പിച്ചുകൊടുത്തു...ആ വിരിനെറ്റിയിൽ പതിയെ ചുണ്ടുകൾ അമർത്തുമ്പോൾ അവനിൽ വാത്സല്യം നിറഞ്ഞുനിന്നിരുന്നു...ഉറക്കത്തിലും അവളുടെ ചൊടികളിൽ ഒരു ചെറുപുഞ്ചിരി നിറഞ്ഞുനിന്നു...  "പ്രണവേ നീയീ ചെയ്യുന്നത് ഒട്ടും ശരിയല്ല...എടാ ഞങ്ങൾ പറയുന്നത് ഒന്ന് മനസ്സിലാക്ക്....!!!! പ്രണവിന്റെ തോളിൽ കൈവച്ചുകൊണ്ട് ശ്യാം പറഞ്ഞു...പ്രണവ് അവനെ തുറിച്ചുനോക്കി...

"എന്താടാ നിനക്ക് പറയാൻ ഉള്ളത്...അർജുൻ ഒന്നും ചെയ്തിട്ടില്ല അവൻ പാവമാണ്..എന്നൊക്കെയല്ലേ....??നിന്നെയൊക്കെ അവൻ അതുംപറഞ്ഞ് പറ്റിച്ചോണ്ടിരിക്കുവാണല്ലൊ...പക്ഷെ ഈ പ്രണവിനെ അതിന് കിട്ടില്ല.." "കുന്തം....എടാ...നിനക്ക് എങ്ങനെയാടാ നമ്മുടെ അജു അങ്ങനെ ചെയ്തു എന്ന് വിശ്വസിക്കാൻ പറ്റുന്നത്...അവനെ ഞങ്ങളെക്കാൾ കൂടുതൽ അറിയുന്നത് നിനക്ക് അല്ലേ...എന്തിനേറെ പറയുന്നു...അന്ന് പല്ലവിയെ അവനുകൊടുക്കാൻ വരെ നീ തീരുമാനിച്ചതല്ലായിരുന്നോ...!!എന്നിട്ടിപ്പോ...നിനക്ക് എന്താടാ പറ്റിയത്...?? അവന്റെ തോളിൽ പിടിച്ചുലച്ചുകൊണ്ട് ജിത്തു ചോദിച്ചു...അവൻ ചോദിച്ച ഒന്നിനും അപ്പോൾ പ്രണവിന്റെ കയ്യിൽ ഒരു ഉത്തരം ഇല്ലായിരുന്നു.. അർജുൻ തെറ്റുകാരനായി തന്റെ മുന്നിൽ നിൽക്കുന്നതുകണ്ടപ്പോൾ ഏതോ ഒരു നിമിഷം താനും അങ്ങനെ വിശ്വസിച്ചുപോയി..

പക്ഷെ എത്ര ശ്രമിച്ചിട്ടും അതൊന്നും മനസ്സിൽനിന്ന് മായ്ക്കാനും കഴിയുന്നില്ല...അശ്വതിയുടെ മുഖം ഓർക്കുമ്പോഴേ കൂടെ അർജുന്റെ മുഖവും തന്റെ മനസ്സിലേക്ക് തെളിഞ്ഞുവരുന്നു... പ്രണവിന് ആകെയെന്തോ അസ്വസ്ഥത തോന്നി... "അജുവേട്ടാ.............."" ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയപ്പോഴേ ഗേറ്റിന് വെളിയിൽ നിൽക്കുന്ന അർജുനെ കണ്ട് പല്ലവി അവന്റെ അടുത്തേക്ക് ഓടി.... അർജുൻ ഒരു ചിരിയോടെ അവളെ അവനിലേക്ക് ചേർത്തണച്ചു... "ഇപ്പൊ സമാധാനമായോ...??? ഒരു കുസൃതിയോടെ അവൻ അവളുടെ താടിയിൽ പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു... "മ്മ്മ് ആയി....എന്നാലും ഇന്നലെ അജുവെട്ടൻ എന്താ എന്നോട് പറയാതെ പോയത്...ഞാൻ അറിയാതെ ഉറങ്ങിപ്പോയി.." അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് അവൾ ചോദിച്ചു...

അവന്റെ കയ്യും അവളുടെ ഇടുപ്പിൽ ചുറ്റിവരിഞ്ഞു... "ഉറക്കം കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല...അതുകൊണ്ട് പറയാതെ പോയി.." അതുംപറഞ്ഞ് അവൻ അവളെയുംകൂട്ടി നടന്നു... "ഏഹ് കാർ ആണോ...ഹ്...ബുള്ളറ്റ് മതിയായിരുന്നു അജുവേട്ടാ...." അവൾ ചിണുങ്ങിക്കൊണ്ട് ചുണ്ട് പിളർത്തി അവനെനോക്കി..അർജുൻ ചിരി കടിച്ചുപിടിച്ച് അവളെനോക്കി... "പോടീ ലൂസ്...നടുറോട്ടിൽ കിടന്ന് എന്റെ അളിയനുമായി അടി ഉണ്ടാക്കാൻ എനിക്ക് തീരെ താല്പര്യമില്ല..." അവൻ അവളെ കോ ഡ്രൈവർ സീറ്റിലേക്ക് ഇരുത്തി അവനും പോയി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.... "എന്താ നോക്കുന്നെ...അജുവേട്ടന് വേണോ...?? ബീച്ചിലെ മണൽപ്പരപ്പിലൂടെ അർജുൻ വാങ്ങിക്കൊടുത്ത ഐസ്ക്രീം നുണഞ്ഞുകൊണ്ട് നടക്കുമ്പോൾ അവൻ നോക്കുന്നത് കണ്ട് അവൾ ചോദിച്ചു... "അയ്യോ വേണ്ട...നീ തന്നെ കഴിച്ചോട്ടോ.....""

അവൻ പറഞ്ഞതുകേട്ട് അവൾ തലയാട്ടി വീണ്ടും കഴിക്കാൻ തുടങ്ങി...അവൻ അതുകണ്ട് ചിരിച്ച് അവളെയുംകൂട്ടി ഒരു ഒഴിഞ്ഞ ബെഞ്ചിൽ പോയിരുന്നു.... "ഇന്നലെ പ്രണവ് വേറെന്തെങ്കിലും നിന്നോട് പറഞ്ഞോ...?? അവൻ ചോദിച്ചതുകേട്ട് അവൾ മുഖമുയർത്തി അവനെനോക്കി... "മ്മ് ഇല്ല...ഇന്നലെ എന്നോട് മിണ്ടാനെ വന്നില്ല...പക്ഷെ ആ മുഖം കണ്ടാൽ അറിയാം എന്നോട് മിണ്ടാൻ പറ്റാതെ വീർപ്പുമുട്ടി ഇരിക്കുകയാണെന്ന്...മിണ്ടിക്കാൻ ഞാൻ ഒരു ശ്രമം നടത്തിയിരുന്നു..പക്ഷെ ചീറ്റിപ്പോയി.." അതുംപറഞ്ഞ് അവൾ കുലുങ്ങിച്ചിരിച്ചു...അവൾ പറഞ്ഞത് കേട്ടിരുന്ന അർജുന്റെ നോട്ടം അവളുടെ മുഖത്ത് പറ്റിപ്പിടിച്ചിരുന്ന ഐസ്ക്രീമിൽ എത്തിനിന്നു... "നീ എന്താടി കൊച്ചുകുട്ടിയാണോ..ഇങ്ങനെ കഴിക്കാൻ..മര്യാദക്ക് കഴിച്ചൂടെ....??? അവൻ അവളുടെ കവിളും ചുണ്ടുകളും എല്ലാം തുടച്ചുകൊണ്ട് കപടദേഷ്യത്തിൽ ചോദിച്ചു..പല്ലവി ഒരു കള്ളച്ചിരിയോടെ അവന്റെ ചെയ്തികൾ നോക്കിയിരുന്നു...

അവൻ തുടച്ചുകഴിഞ്ഞ് കൈ മാറ്റിയതും അവൾ വീണ്ടും ചുണ്ടിലെ ചിരി മായ്ക്കാതെ സ്പൂണിൽ കുറച്ച് ഐസ്ക്രീം എടുത്ത് അവളുടെ ചുണ്ടിൽ തേച്ച് മുഖം അവനുനേരെ കാണിച്ചുകൊടുത്തു... അർജുന്റെ ചുണ്ടിലും ഒരു കള്ളച്ചിരി വിരിഞ്ഞു..അവൻ പതിയെ അതും തുടച്ചുകൊടുത്തു..അവൾക്ക് ചെറുതായി ഇക്കിളി തോന്നിയെങ്കിലും അവന്റെ പ്രവർത്തി ആസ്വദിച്ചിരുന്നു.... അവൻ തുടച്ചശേഷം വീണ്ടും അവൾ അതു പോലെ ചെയ്തു...ഇത്തവണ അവൻ അവളെ എടുത്ത് അവന്റെ മടിയിൽ ഇരുത്തി.. പ്രതീക്ഷിക്കാതെയായതുകൊണ്ട് അവൾ ഞെട്ടി.. പിടിക്കുന്ന മിഴികളാലെ അവനെനോക്കി...അവനും അവളെത്തന്നെ നോക്കിയിരുന്നു..അവളുടെ വൈരക്കൽമൂക്കുത്തി ഒന്നുകൂടി തിളങ്ങിയതുപോലെ അവൾക്ക് തോന്നി..അവൻ പതിയെ അവളിലേക്ക് അടുത്ത് ആ മൂക്കിൻതുമ്പിൽ മെല്ലെ ചുണ്ടുകൾ ഉരസി...

പല്ലവിയുടെ ശരീരമാകെ ഒരു വിറയൽ കടന്നുപോയി..അവന്റെ മുഖം വീണ്ടും അടുത്തുവരുന്നതിനനുസരിച്ച് ..അവളുടെ ശ്വാസഗതി ക്രമാതീതമായി കുതിച്ചുയർന്നു.. പെട്ടെന്ന് എന്തോ ഓർത്തപോലെ അവനെ തള്ളിമാറ്റി വെപ്രാളത്തോടെ ചുറ്റുംനോക്കി... "അവരൊക്കെ അവരുടെതായ ലോകത്താണ് പെണ്ണേ...." കള്ളച്ചിരിയാലെ പറഞ്ഞ് അവൻ അവളെ വലിച്ചടുപ്പിച്ച് ഞൊടിയിടയിൽ അവളുടെ അധരങ്ങൾ കവർന്നു....പല്ലവി കണ്ണുകൾ ഇറുക്കിയടച്ചു..അവളുടെ കയ്യിൽ ഇരുന്ന ഐസ്ക്രീം താഴേക്ക് വീണു... അർജുന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നു...അവളുടെ അധരങ്ങളിൽ പറ്റിപ്പിടിച്ച മധുരം അവൻ നുകർന്നുകൊണ്ടിരുന്നു.. കീഴ്ചുണ്ടിൽനിന്നും അവന്റെ സ്നേഹചുംബനം മേൽചുണ്ടിലേക്കും പടർന്നു...ആദ്യചുംബനത്തിന്റെ തീവ്രതയിൽ പല്ലവി ആകെ തളർന്നു... ഇരുവരുടെ ഹൃദയമിടിപ്പും ഒരുപോലെ കുതിച്ചുയർന്ന് ഒന്നായ നിമിഷം...

ശ്വാസം വിലങ്ങി ഒരു കിതപ്പോടെ അകന്നുമാറുമ്പോൾ പല്ലവിയുടെ ചുണ്ടിൽ അവന്റെ കുസൃതിയുടെ അടയാളം രക്തവർണ്ണമായി കിടപ്പുണ്ടായിരുന്നു... നാണത്താൽ അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാത്തതുപോലെ തോന്നി....അർജുൻ അവളുടെ താടിയിൽ പിടിച്ച് മുഖം അവനുനേരെ ഉയർത്തി അവളുടെ നെറ്റിൽ ചുണ്ടുകൾ അമർത്തി...അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.. പിറ്റേന്ന് രാവിലെതന്നെ പല്ലവി കുളിച്ച് അമ്പലത്തിൽ പോയി പ്രണവിന്റെയും അർജുന്റെയും പേരിൽ ഒരു അർച്ചന നടത്തി... തിരുനടയുടെ മുൻപിൽനിന്ന് അവൾ കണ്ണുകളടച്ച് പ്രാർത്ഥിച്ചു..എന്തോ സംഭവിക്കാൻ പോകുന്നതുപോലെ അവൾക്കുതോന്നി... തിരിച്ച് വീട്ടിൽ എത്തിയപ്പോൾ പരിചയമില്ലാത്ത ഒരു കാർ മുറ്റത്തുകിടക്കുന്നതുകണ്ടു...ആദ്യം ഒന്ന് അമാന്തിച്ചുനിന്നെങ്കിലും പതിയെ അവൾ അകത്തേക്ക് കയറി... "ആഹ് മോള് വന്നല്ലോ...." അകത്തേക്ക് കയറിയപ്പോൾ ഒരു സ്ത്രീ പല്ലവിയെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..മാധവും പാർവതിയും ഒരു വിളറിയ ചിരി ചിരിച്ച് അവളെനോക്കി...

പ്രണവിന്റെ മുഖത്ത് ഗൗരവമാണെങ്കിലും വന്നിരിക്കുന്നവർ കാണാതെ അവൻ അത് മറച്ചു... "അപ്പൊ ഇനി കൂടുതൽ ചർച്ച വേണ്ടല്ലോ മാധവ് എല്ലാം തീരുമാനിക്കാം അല്ലേ...?? ആ സ്ത്രീയുടെ അടുത്തിരുന്നയാൾ മാധവിനോട്‌ ചോദിച്ചു..പല്ലവി അപ്പോഴും ഒന്നും മനസ്സിലാകാതെ നിൽക്കുകയായിരുന്നു.. "അല്ല അത്...പവിയുടെ പഠിപ്പ് ഇതുവരെ കഴിഞ്ഞില്ലല്ലൊ..അതുകൂടി കഴിഞ്ഞിട്ട് പോരേ എല്ലാം...??? പ്രണവിനെ ഒന്ന് പാളിനോക്കിക്കൊണ്ട് മാധവ് അവരോട് ചോദിച്ചു.. "അതിപ്പോ വിവാഹം കഴിഞ്ഞായാലും പഠിക്കാമല്ലോ..അതുകൊണ്ട് ഇനി നീട്ടിവയ്ക്കണ്ട അച്ഛാ..."

പ്രണവ് ചാടിക്കയറി പറഞ്ഞു...മാധവ് അവനെ രൂക്ഷമായി നോക്കി.. "അതേ..അല്ലെങ്കിലും മോൾടെ ജാതകം നോക്കിച്ചപ്പോൾ പണിക്കര് പറഞ്ഞതാണല്ലോ ഈ മാസം തന്നെ മംഗല്യയോഗം ഉണ്ടെന്ന്..പിന്നെ നമ്മളായിട്ട് എന്തിനാ ഒരു മുടക്ക് വയ്ക്കുന്നത്..!! ആ സ്ത്രീ പറഞ്ഞു...പ്രണവ് പല്ലവിയെനോക്കി ഒന്ന് പുഞ്ചിരിച്ചു..അവൾ പ്രണവിനെ തന്നെ തുറിച്ചുനോക്കി നിൽക്കുകയായിരുന്നു.. "അപ്പൊ ഈ മാസം 18ന് അതായത് അടുത്ത ഞായറാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ തന്നെ ചടങ്ങ് നടത്താം.." ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story