പുതുവസന്തം: ഭാഗം 24

puthuvasantham

എഴുത്തുകാരി: മഴത്തുള്ളി

നാളെയാണ് പല്ലവിയുടെ വിവാഹം...അടുത്ത ബന്ധുക്കളും മാറ്റും നേരത്തെ താന്നെ എത്തിയിട്ടുണ്ട്... പല്ലവി ആണെങ്കിൽ ടെൻഷൻ ആയി ഇരിക്കുകയാണ്..അർജുനെ വിളിച്ചിട്ടാണെങ്കിൽ ഫോൺ എടുക്കുന്നും ഇല്ല.. "പവി...നീ ഇവിടെവന്ന്‌ നിൽക്കുകയാണോ..അതുശരി ഇതുവരെ ഒരുങ്ങിയില്ലേ പെണ്ണേ നീ..വേഗം ഒരുങ്ങി താഴേക്ക് വരാൻനോക്ക്.." ബാൽക്കണിയിൽ നിൽക്കുന്ന പല്ലവിയുടെ അടുത്തേക്ക് വന്ന്‌ പൂജ പറഞ്ഞതുകേട്ട് അവൾ പൂജയെ തുറിച്ചുനോക്കി.. "ദേ...പൂജെ...വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ ഒന്ന് ഇറങ്ങി പോകുന്നുണ്ടോ..എല്ലാം തീരുമാനിച്ച ഒരാൾ താഴെയുണ്ടല്ലോ അയാളോട് ഒരുങ്ങി നിൽക്കാൻ പറ...." ദേഷ്യത്തിൽ അതുംപറഞ്ഞ് അവൾ പുറത്തേക്ക് നോക്കിനിന്നു...താഴെ മുഴുവൻ ലൈറ്റ്കൊണ്ട് അലങ്കരിച്ചിരിക്കുന്നുണ്ട്...

ഒരു സൈഡിലായി മണ്ഡപവും ഉണ്ടാക്കിയിട്ടുണ്ട്.. നാളെ ആ വേദിയിൽവച്ച് മറ്റൊരുത്തന്റെ താലി തന്റെ കഴുത്തിൽ വീഴുമോ എന്നോർത്ത് അവളുടെ ഹൃദയം ഭയത്താൽ മിടിച്ചുകൊണ്ടിരുന്നു... പൂജ വീണ്ടും അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ തോളിൽ കൈവച്ചു... "പവി...നീ എന്തിനാ ടെൻഷൻ അടിക്കുന്നത്..ഒന്നും പേടിക്കണ്ട പെണ്ണേ...അജുവേട്ടൻ അങ്ങനെ നിന്നെ ആർക്കും വിട്ടുകൊടുക്കില്ല...അതുകൊണ്ട് മോള് വേറൊന്നും ആലോചിക്കാതെ വേഗം ഒരുങ്ങി താഴേക്ക് വാ..പ്ലീസ്.." പൂജ വീണ്ടും പല്ലവിയെ നിർബന്ധിച്ചതും അവൾ മനസ്സില്ലാമനസ്സോടെ മുറിയിലേക്ക് ചെന്ന് റെഡി ആകാൻ തുടങ്ങി... ഒരു വൈറ്റ് കളർ ലഹങ്കയായിരുന്നു അവളുടെ വേഷം...അതിന്റെകൂടെ പൂജയുടെ വക ടച്ചപ്പ് കൂടിയായപ്പോൾ പല്ലവി സുന്ദരിയായി...

പ്രണവ് എല്ലാം വിചാരിച്ചപോലെ നടക്കുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു...വലിയ താല്പര്യം ഇല്ലെങ്കിലും അർജുന്റെ നിർബന്ധം കാരണം ജിത്തുവും ശ്യാമും പ്രണവിന്റെ കൂടെയുണ്ടായിരുന്നു... എല്ലാവരെയും ഒന്ന് കണ്ടെന്ന് വരുത്തി അവൾ വേഗം മുറിയിലേക്ക് തന്നെ വന്നു...അവളുടെ അവസ്ഥ അറിയുന്നതുകൊണ്ട് മാധവും പാർവതിയും അവളെ നിർബന്ധിക്കാൻ പോയില്ല... റൂമിൽ എത്തി ഡോർ ലോക്ക് ചെയ്ത് അവൾ ബെഡിൽ ഇരുന്ന ഫോൺ എടുത്ത് അർജുന്റെ നമ്പർ ഡയൽ ചെയ്തു...ആദ്യത്തെ റിങ്ങിൽ തന്നെ കോൾ എടുത്തു... "ബാൽക്കണിയുടെ ഡോർ തുറക്കടി..പുല്ലേ....." പല്ലവിയെ പറയാൻ സമ്മതിക്കാതെ അർജുൻ പറയുന്നത് കേട്ട് അവൾ വായുംപൊളിച്ച് നിന്നു...പിന്നെ എന്തോ ഓർത്തപോലെ വേഗം പോയി ബാൽക്കണിയുടെ ഡോർ തുറന്നു...അർജുൻ അവളെനോക്കി ഒന്ന് ഇളിച്ചുകൊണ്ട് അകത്തേക്ക് കയറി ബെഡിലേക്ക് ഇരുന്നു...

അവൾ അവനെനോക്കി കണ്ണുരുട്ടി നിന്നു... അർജുൻ പല്ലവിയെ അടിമുടി നോക്കി...അവന്റെ ചുണ്ടിൽ ഒരു വശ്യമായ പുഞ്ചിരി വിരിഞ്ഞു... അവൻ പതിയെ എഴുന്നേറ്റ് പല്ലവിയുടെ അടുത്തേക്ക് നടന്നു... ആ വരവിൽ എന്തോ പന്തികേട് തോന്നി അവളും ഉമിനീരിറക്കി പതിയെ പിന്നിലേക്ക് നീങ്ങി...പക്ഷെ അല്പം വെയിറ്റ് കൂടിയ ഡ്രസ്സ്‌ ആയതുകൊണ്ട് അവൾ അധികം പിന്നിലേക്ക് പോകാൻ കഴിഞ്ഞില്ല..അതുകൊണ്ട് പെട്ടെന്നുതന്നെ അവൻ അവളെ അവന്റെ കരവലയത്തിൽ ആക്കി.. അർജുൻ അവളുടെ പിടക്കുന്ന കരിമിഴികളിൽത്തന്നെ തന്നെ നോക്കിനിന്നു...അവന്റെ ശ്വാസം മുഖത്തേക്ക് ഓരോതവണ പതിക്കുമ്പോഴും പല്ലവി ശ്വാസഗതിയും കുതിച്ചുയർന്നുകൊണ്ടിരുന്നു... അവൻ പതിയെ അവളുടെ തോളിലേക്ക് മുഖം ചേർത്ത് അവളുടെ ടോപ്പിന്റെ പിന്നിലെ കെട്ടഴിച്ചു...

.അവൾ ഒരു വിറയലോടെ അവന്റെ പുറത്ത് കൈ അമർത്തി കണ്ണുകൾ ഇറുക്കിയടച്ചു... പല്ലവിയുടെ ഹൃദയതാളം കൂടുന്നത് അറിഞ്ഞതും അർജുൻ ഒരു കള്ളച്ചിരിയോടെ അവളിൽനിന്നും അകന്നുമാറി... "കുറച്ചുനേരമായില്ലേ ഇതിട്ട് നിൽക്കാൻ തുടങ്ങിയിട്ട്..ചെല്ല്...പോയി ഫ്രഷ് ആയി വാ..." അവൻ അതുംപറഞ്ഞ് ടേബിളിൽ ഇരുന്ന ചുരിദാർ എടുത്ത് അവളുടെ കയ്യിൽ വച്ചുകൊടുത്തു...അവൾ ഒരു പുഞ്ചിരിയോടെ അത് വാങ്ങി ഫ്രഷ് ആകാനായി ബാത്‌റൂമിലേക്ക് പോയി.. അവൾ ഫ്രഷ് ആയി വന്നപ്പോൾ അർജുൻ ബാൽക്കണിയുടെ സൈഡിൽ ഉള്ള പൂളിന്റെ അടുത്ത് ഇരിക്കുകയായിരുന്നു... അവൾ അവന്റെ അടുത്തുപോയി ഇരുന്ന് അവന്റെ തോളിലേക്ക് തല ചായ്ച്ചു...അർജുൻ ഒരു പുഞ്ചിരിയോടെ അവളുടെ തലയിൽ പതിയെ തലോടി... "ഹലോ..ഇങ്ങനെ ഇരിക്കാനാണോ പ്ലാൻ...നമുക്ക് പോകണ്ടേ...??? പെട്ടെന്ന് അവൻ ചോദിച്ചതുകേട്ട് അവൾ തലയുയർത്തി ചോദ്യഭാവത്തിൽ അവനെ മിഴിച്ചുനോക്കി.... "പോകാനോ...എങ്ങോട്ട്...??? "നിന്നെ കൊണ്ടുപോകാനാ ഞാൻ വന്നത്..

.വാ ആരെങ്കിലും വരുന്നതിന് മുൻപ് പോകാം..." ചുണ്ടിൽ ഊറിവന്ന ചിരി അവൾക്കുമുൻപിൽ വെളിപ്പെടുത്താതെ അവൻ ഗൗരവത്തിൽ പറഞ്ഞു... "അ....അജുവേട്ടാ...ആരും അറിയാതെ..നമ്മൾ എവിടെക്കാ പോണേ..എനിക്കൊന്നും മനസ്സിലാകുന്നില്ല..." "പിന്നെ നീ നാളെ വരുന്ന ആ അമേരിക്കക്കാരൻ കോന്തനെ കെട്ടാൻ പോകുവാണോ...എന്തായാലും പ്രണവ് നമ്മുടെ വിവാഹത്തിന് സമ്മതം തരില്ല...അപ്പൊ ഞാൻ നോക്കിയിട്ട് വേറൊരു വഴിയും കാണുന്നില്ല..ഇതാകുമ്പോൾ ഒന്നും പേടിക്കണ്ട..ഒരു രജിസ്റ്റർ മാര്യേജ്..പിന്നെ ആർക്കും നിന്നെ എന്നിൽനിന്ന് പറിച്ചുമാറ്റാൻ കഴിയില്ല..." അവളുടെ കയ്യിൽ പിടിമുറുക്കി അർജുൻ പറഞ്ഞതുകേട്ട് പല്ലവി ദയനീയമായി അവനെനോക്കി..

.മാധവിനോടും പാർവതിയോടും ഒരുവാക്കുപോലും പറയാതെ പോകുന്നതോർത്ത് അവളുടെ നെഞ്ച് പിടഞ്ഞു... "അ...അത്...അജുവേട്ടാ...അച്ഛൻ അറിയാതെ..നമ്മൾ പോയാൽ....!!! അതുകേട്ട് അവൻ നെറ്റിചുളിച്ചു... "എന്താ പല്ലവി മുഖമൊക്കെ മാറിയതുപോലെ...നിനക്കെന്നെ ഇഷ്ടമല്ലെ..എന്റെ കൂടെ വരാൻ താല്പര്യമില്ലേ...?? അവൻ വീണ്ടും ചോദിച്ചതും പല്ലവിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി..എന്ത് പറയണം ചെയ്യണം എന്നറിയാതെ അവൾ തലതാഴ്ത്തി....അതുംകൂടിയായപ്പോൾ അർജുന് ചിരി അടക്കാൻ കഴിഞ്ഞില്ല... പ്രതീക്ഷിക്കാതെയുള്ള അവന്റെ ചിരി കണ്ട് പല്ലവി നിറഞ്ഞ മിഴികളാലെതന്നെ അവനെനോക്കി...ഇപ്പൊ നടന്നത് അവന്റെ അഭിനയമാണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം സമയം വേണ്ടിവന്നില്ല... അവൾ കണ്ണുകൾ അമർത്തി തുടച്ച് ദേഷ്യത്തിൽ അവന്റെ ഇരുതോളിലും നെഞ്ചിലും ഒക്കെ അടിക്കാൻ തുടങ്ങി...

അർജുന്റെ ചിരിയുടെ ആക്കം കൂടിക്കൊണ്ടിരുന്നു... അതുംകൂടിയായപ്പോൾ അവൾ കലിച്ചുകയറി അവന്റെ കഴുത്തിലൂടെ കൈചുറ്റി ആ നെഞ്ചിൽ പല്ലുകൾ ആഴ്ത്തി...വേദനകൊണ്ട് അർജുന്റെ മുഖം ചുളിഞ്ഞു... "ആഹ് ഡീീ...വിടടി.......!!! "എന്തേയ് ഇപ്പൊ ചിരിക്കാൻ തോന്നുന്നില്ലേ....??? അവന്റെ നെഞ്ചിൽനിന്ന് മുഖം ഉയർത്തി അവൾ കലിപ്പിൽ ചോദിച്ചതും അവൻ ഇളിച്ചുകൊണ്ട് ഇല്ലന്ന് തലയാട്ടി...അവൻ നെഞ്ച് പതിയെ ഉഴിയുന്നത് കണ്ടതും അവൾ വേഗം അവന്റെ കൈതട്ടിമാറ്റി അവിടെ ചുണ്ടുകൾ അമർത്തി... അർജുൻ ഒരു ചിരിയോടെ അവളെ പൊതിഞ്ഞുപിടിച്ചു... "എന്തിനാ അജുവേട്ടാ...ഇങ്ങനെയൊക്കെ പറയണേ...എന്നെ പരീക്ഷിക്കുകയാണോ..?? അവൻ അവളുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി അവളെ ഒന്നുകൂടി ഇറുകെപ്പുണർന്നു... "അങ്ങനെയൊരു പരീക്ഷണവസ്തു ആയിട്ടല്ല ഞാൻ നിന്നെ കണ്ടത്..

.ആരുമറിയാതെ ഒരു താലി ചാർത്തി നിന്നെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചിട്ടുമില്ല...പ്രണയം എന്താണെന്ന് അറിഞ്ഞത് ഞാൻ നിന്നിലൂടെയാണ്...ഒരു പുതുവസന്തം വിരിയിച്ചുകൊണ്ട് നീ കടന്നുവന്നതുമുതലാണ് പ്രണയത്തിന് അത്രമേൽ ലഹരിയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്...ആ നിന്നെ നാളെ എല്ലാവരുടെയും മുൻപിൽ വച്ചുതന്നെ എനിക്ക് എന്റേത് മാത്രമാക്കണം..ഈ അർജുന്റെ പല്ലവിയാക്കണം.." പല്ലവിയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാൻ പ്രാപ്തിയുള്ളതായിരുന്നു അവന്റെ ആ വാക്കുകൾ...അവളുടെ ശ്വാസഗതിപോലും അവനോടുള്ള പ്രണയം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു... ഇന്നാണ് പല്ലവിയുടെ വിവാഹം.. പ്രണവിന് അർജുന്റെ കാര്യമോർത്ത് അല്പം ടെൻഷൻ ഉണ്ടെങ്കിലും അത് പുറമെ കാണിച്ചില്ല...എങ്കിലും പല്ലവിയുടെ ഇഷ്ടം താൻ ജയിക്കാൻവേണ്ടി കാണാത്തതുപോലെ നടിക്കുന്നതിൽ അവന് അല്പം കുറ്റബോധം തോന്നി... പൂജയും പാർവതിയും ആണ് പല്ലവിയെ ഒരുക്കുന്നത്...

ഡാർക്ക്‌ മെറൂൺ കളർ കാഞ്ചിപുരം പട്ടുസാരിയും അതിനോടൊപ്പം traditional ആയിട്ടുള്ള വൈരക്കല്ല് പതിപ്പിച്ച നെക്ളെസും നെറ്റിചുട്ടിയും സിമ്പിൾ മേക്കപ്പ് കൂടി ആയപ്പോൾ അവൾ അതീവസുന്ദരിയായി... പക്ഷെ പല്ലവിക്ക് ഒന്ന് മനസ്സറിഞ്ഞ് സന്തോഷിക്കാൻപോലും കഴിയുന്നില്ല...അർജുന്റെ വാക്കുകൾ ഇപ്പോഴും കാതിൽ അലയടിക്കുന്നുണ്ടെങ്കിലും പ്രണവിനെ അവൻ എങ്ങനെ അനുനയിപ്പിക്കും എന്നോർത്ത് അവൾ ഭയപ്പെട്ടു... മാധവിന്റെയും പാർവതിയുടെയും കാലിൽതൊട്ട് അനുഗ്രഹം വാങ്ങി സദസ്സിനെ വണങ്ങി ഇരിപ്പിടത്തിൽ ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ അർജുന് വേണ്ടി തിരഞ്ഞുകൊണ്ടിരുന്നു... ഒരുവേള അവളുടെ നോട്ടം...സദസ്സിന് ഏറ്റവും മുന്നിൽ ഇരിക്കുന്ന അർജുനിൽ എത്തിനിന്നു..ചന്ദന കളർ കസവ് ഷർട്ടും മുണ്ടുമാണ് അവന്റെ വേഷം...അവൻ അവളെനോക്കി ഒന്ന് പുഞ്ചിരിച്ചശേഷം മണ്ഡപത്തിനടുത്തായി അവനെത്തന്നെ ഉറ്റുനോക്കി നിൽക്കുന്ന പ്രണവിനെനോക്കി...

തന്നെ ചുട്ടെരിക്കാൻ പാകത്തിനുള്ള ദഹിപ്പിക്കുന്ന നോട്ടവുമായി നിൽക്കുന്ന അവന്റെ നോട്ടംകണ്ട് അർജുൻ ചിരി അടക്കിപ്പിടിച്ചുകൊണ്ട് അവന്റെ അടുത്തേക് ചെന്നു.... മുകുന്ദനും ഹേമയും അശോകും വൃന്ദയും അർജുനെത്തന്നെ നോക്കിനിൽക്കുകയാണ്.. "പെങ്ങളുടെ വിവാഹം ആയിട്ടെങ്കിലും ഇങ്ങനെ മസില് പിടിച്ചുനിൽക്കാതെ ഒന്ന് ചിരിക്ക് അളിയാ..!! പ്രണവിന്റെ തോളിലേക്ക് കൈചേർത്തുകൊണ്ട് അർജുൻ പറഞ്ഞതും എല്ലാവരുടെയും മുന്നിൽ ഒരു സീൻ create ചെയ്യണ്ട എന്ന് കരുതി പ്രണവ് ഒന്നും സംയമനം പാലിച്ചു... "നിന്നോട് ഞാൻ പറഞ്ഞു എന്നെ അളിയാ എന്ന് വിളിക്കരുത് എന്ന്..അത് വിളിക്കാൻ യോഗ്യതയുള്ള ആള് ഇപ്പൊ വരും..മോൻ കൺകുളിർക്കെ കണ്ടോ.." അർജുൻ തലയാട്ടി ചിരിച്ചുകൊണ്ട് പ്രണവിന്റെ തോളിൽനിന്ന് കയ്യെടുത്ത് ഇരുകയ്യും മാറിൽ പിണച്ചുകെട്ടി...

"ഓക്കെ...വിളിക്കുന്നില്ല..ബട്ട്‌ മിസ്റ്റർ പ്രണവ്...എവിടെ താങ്കളുടെ അളിയൻ..എത്തേണ്ട സമയം കഴിഞ്ഞല്ലോ..ഇനി വരുന്നവഴി നേരെ അമേരിക്കക്ക് തന്നെ വിട്ടോ...?? വളരെ പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചതുകേട്ട് പ്രണവ് അവനെ ഒന്ന് തുറിച്ചുനോക്കി ഫോൺ എടുത്ത് അവർക്ക് വിളിച്ചു...പക്ഷെ റിങ് പോകുന്നുണ്ട് എന്നല്ലാതെ ആരും ഫോൺ എടുക്കുന്നില്ല.... "പ്രണവ് അവരെന്താ വരാത്തത്...മുഹൂർത്തം ആകാറായല്ലോ....." ഒന്നും അറിയാത്തതുപോലെ മാധവ് ചോദിച്ചതും പ്രണവിനും ചെറിയ ടെൻഷൻ തോന്നി...അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story