പുതുവസന്തം: ഭാഗം 5

puthuvasantham

എഴുത്തുകാരി: ശീതൾ

രാവിലെ അമ്പലത്തിൽ തൊഴാൻ വന്നതാണ് പല്ലവി..ഞായറാഴ്ച ആയതുകൊണ്ട് ക്ലാസ്സ്‌ ഇല്ല.... ഉണ്ണിക്കണ്ണന്റെ തിരുസന്നിധിയിൽ നിന്ന് പ്രാർത്ഥിച്ചശേഷം ഇലചീന്തിൽ പ്രസാദവും വാങ്ങി അവൾ നേരെ അമ്പലത്തിനടുത്തുള്ള കുളത്തിലേക്ക് ചെന്നു.. അമ്പലത്തിൽ വന്നാൽ അവിടേക്ക് പോയി കൽപ്പടവിൽ കുറച്ചുനേരം ഇരിക്കുന്നത് അവളുടെ പതിവാണ്.... കൽപ്പടവിലേക്ക് പതിയെ ഇറങ്ങിയതും അവിടെ ഇരിക്കുന്ന ആളെക്കണ്ട് പല്ലവിയുടെ മുഖം വിടർന്നു... അവൾ ആവേശത്തോടെ താഴേക്കിറങ്ങി അർജുന്റെ അടുത്തുചെന്നു..അവൾ വന്നതൊന്നും അറിയാതെ അവൻ കുളത്തിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു... അന്ന് പല്ലവിയോട് ചേർന്നുനടന്നപ്പോൾ തോന്നിയതുപോലെയുള്ള കസ്തൂരിയുടെ ഗന്ധം അർജുന്റെ നാസികയിലേക്ക് തുളച്ചുകയറിയതും അവൻ പതിയെ തിരിഞ്ഞുനോക്കി... ഒരു പിങ്ക് നിറത്തിലുള്ള ധാവണിയും ഇട്ട് തലയിൽ മുല്ലപ്പൂവും ചൂടി ഒരു ദേവിയെപ്പോലെ നിൽക്കുന്ന പല്ലവിയെ കണ്ട് അവൻ അവളെത്തന്നെ നോക്കിയിരുന്നു...അവനെ കാണുമ്പോൾ മാത്രം തിളങ്ങുന്ന അവളുടെ കണ്ണുകളിൽ അവന്റെ കണ്ണുകൾ ഉടക്കിനിന്നു.. അവൾ മനോഹരമായ ഒരു പുഞ്ചിരി അവന് സമ്മാനിച്ച് അവന്റെ അടുത്തായി ഇരുന്നു...അർജുൻ കണ്ണുംമിഴിച്ച് അവളെനോക്കി..പിന്നെ പെട്ടെന്ന് നോട്ടം നിറയെ ആമ്പൽ വിരിഞ്ഞുനിൽക്കുന്ന കുളത്തിലേക്ക് തന്നെ പായിച്ചു... "ഏട്ടൻ എന്താ ഇവിടെ ഇരിക്കണേ..തൊഴുന്നില്ലേ...??

അവൾ ചോദിച്ചതുകേട്ട് അവൻ ഒന്ന് മന്ദഹസിച്ചു... "ഇവരുമായുള്ള ബന്ധം ഞാൻ പണ്ടേ ഉപേക്ഷിച്ചതാ..ഇന്ന് അമ്മ നിർബന്ധിച്ചതുകൊണ്ട് കൂടെ വന്നുവെന്നേ ഒള്ളൂ.." അവൻ പറഞ്ഞതുകേട്ട് അവൾ അവനെ നോക്കി നെറ്റിചുളിച്ചു... "അതെന്താ അങ്ങനെ...??? "ആവശ്യനേരത്ത് ഒരിറ്റ് കരുണപോലും കാണിക്കാത്തവരെ ഞാൻ എന്തിന് പൂജിക്കണം...??? അവൾക്ക് ഒരേസമയം സങ്കടവും ദേഷ്യവും വന്നു... "സന്തോഷവും വിജയവും മാത്രം അടങ്ങുന്നതല്ല ജീവിതം..ഇടയ്ക്ക് പരാജയങ്ങളും ഉണ്ടാകും..അതിന് ദൈവത്തെ കുറ്റം പറയുന്നത് ശെരിയല്ല..." അതുംപറഞ്ഞ് അവൾ അവന്റെ മുഖം അവനുനേരെ പിടിച്ച് ഇലചീന്തിൽനിന്ന് കുറച്ച് ചന്ദനമെടുത്ത് അവന്റെ നെറ്റിയിൽ തൊട്ടുകൊടുത്തു... പെട്ടെന്ന് ആയതുകൊണ്ട് അവൻ ഞെട്ടി അവളെനോക്കി..അപ്പൊ അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു... "നോക്ക്യേ...ഇപ്പൊ കാണാൻ എന്തൊരു ചേലാ...ഇനി ഈ കാടുപോലെ വളർന്നുനിൽക്കുന്ന താടികൂടി ഒന്ന് റെഡി ആക്കിയാൽ സൂപ്പർ ആയിരിക്കും..." ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ പല്ലവി പറയുന്നതെല്ലാം കേട്ട് അന്തംവിട്ട് ഇരിക്കുകയായിരുന്നു അർജുൻ..അവളിൽനിന്ന് ഇങ്ങനെയൊരു പ്രവർത്തി അവൻ പ്രതീക്ഷിച്ചിരുന്നില്ല...പെട്ടെന്ന് എന്തോ ഓർത്തപോലെ അവൻ നോട്ടംമാറ്റി... "അജുവേട്ടാ..ഞാനൊരു കാര്യം ചോദിക്കട്ടെ....??? പല്ലവി വിളിച്ചതുകേട്ട് അവൻ അവളെനോക്കി.. "നീ എന്താ വിളിച്ചത്.....???

പുരികം പൊന്തിച്ച് കലിപ്പിൽ അവൻ ചോദിച്ചതുകേട്ട് അവൾ ഒന്ന് ഇളിച്ചുകൊടുത്തു... "അജുവേട്ടൻ...അങ്ങനെ വിളിക്കുന്നതിൽ എന്താ പ്രശ്നം..അതിന് മുഖം ഇങ്ങനെ വീർപ്പിക്കണ്ട ആവശ്യമില്ല..." ചുണ്ടിൽ ഊറിവന്ന ചിരിയോടെ അവൾ പറഞ്ഞു...അർജുൻ ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കി ഇരുന്നു.. പല്ലവി അവന്റെ മുഖഭാവങ്ങളെല്ലാം വീക്ഷിച്ച് ഒരു ചിരിയോടെ കുളത്തിലേക്ക് നോട്ടം പായിച്ചു...വിരിഞ്ഞുനിൽക്കുന്ന ആമ്പൽപ്പൂക്കൾ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു... അവൾ ഇലചീന്ത്‌ കൽപ്പടവിൽ വച്ച് എഴുന്നേറ്റ് ദാവണി അല്പം ഉയർത്തി പതിയെ വെള്ളത്തിലേക്ക് പകുതി മുങ്ങിക്കിടന്ന കല്ലിനുമുകളിൽ നിന്നു... അർജുൻ നെറ്റി ചുളിച്ച് അവളെനോക്കി..അവൾ വീഴുമോന്ന് അവൻ ഭയപ്പെട്ടു.... "ഡീ നീ എന്താ ചെയ്യുന്നത്...ഇങ്ങോട്ട് കയറി വാടി..വീഴാതെ..." അവൻ അവിടെനിന്ന് എഴുന്നേറ്റ് പറഞ്ഞു...അവൾ അവനെനോക്കി ചിരിച്ചു.. "ഞാൻ വീഴില്ലന്നേ...ഒരു പൂ പറിച്ചിട്ട് വരാമേ....!!! അവൾ അതുംപറഞ്ഞ് അടുത്ത കല്ലിലേക്ക് കാലെടുത്തു വയ്ക്കാൻ തുടങ്ങിയതും കാൽവഴുതി വെള്ളത്തിലേക്ക് വീഴാൻ പോയി...അതുകണ്ട് അർജുൻ അവളുടെ അടുത്തേക്ക് ഓടി അവളുടെ അരയിലൂടെ കയ്യിട്ട് തന്നോട് ചേർത്ത് കരയിലേക്ക് ഞെട്ടി... അവന്റെ കൈ ഇടുപ്പിൽ അമർന്നതും പല്ലവി ഞെട്ടി കണ്ണുംമിഴിച്ച് അവനെനോക്കി..അവന്റെ തോളിൽ അവളുടെ കൈ അമർന്നു....അവന്റെ നോട്ടം അവളുടെ വിറയ്ക്കുന്ന അധരങ്ങളിൽ എത്തിനിന്നു...

അവൻ അവളിലെ പിടി ഒന്നുകൂടി മുറുക്കി...ഇരുവരുടെയും ഹൃദയമിടിപ്പുകൾ ഒന്നായ നിമിഷം...അവനിൽനിന്ന് നോട്ടം പിൻവലിക്കാൻ ആകാതെ പല്ലവി അവനോടുചേർന്നുതന്നെ നിന്നു... അർജുൻ പെട്ടെന്ന് എന്തോ ഓർത്തപോലെ അവളിലെ പിടിവിട്ടു...പല്ലവി ഒരു വിറയലോടെ തല താഴ്ത്തി.. അർജുനും പെട്ടെന്ന് എന്തുപറയണം എന്ന് അറിയാതെ അമാന്തിച്ചുനിന്നു...എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ മുഖത്ത് ഗൗരവം വരുത്തി.. "നിന്നോട് ഞാൻ പറഞ്ഞതല്ലേടി വീഴുമെന്ന്...ഇപ്പൊ പിടിച്ചില്ലേൽ കാണാമായിരുന്നു..." അവൻ കലിപ്പിൽ പറഞ്ഞതുകേട്ട് അവൾ ചുണ്ട് പിളർത്തി അവനെനോക്കി... "ഞാൻ പൂ...പറിക്കാൻ....." "മിണ്ടരുത്....കേറിപ്പോടി....അവളുടെ ഒരു പൂ...." അവൻ അലറിയതും അവൾ ഞെട്ടി കൽപ്പടവിളിച്ചാൽ ഇരുന്ന ഇലചീന്തും എടുത്ത് ധാവണിത്തുമ്പും പിടിച്ച് ഓടി.... അവൾ പോയപിറകെ ഒരു ചെറുപുഞ്ചിരിയോടെ അവനും കയറി...അപ്പോഴേക്കും ഹേമ വഴിപാടും പ്രാർത്ഥനയും കഴിഞ്ഞ് അവന്റെ അടുത്തേക്ക് വന്നു... "ഏതാടാ ആ കുട്ടി..നിനക്ക് അറിയോ...??? പല്ലവി പോകുന്നതുനോക്കി ഹേമ ചോദിച്ചു... "ആഹ് എനിക്ക് അറിയില്ല..വാ പോകാം..." ഹേമക്ക് മുഖം കൊടുക്കാതെ അവൻ അങ്ങനെപറഞ്ഞ് തിരിഞ്ഞെങ്കിലും അവർ അവനെ അവിടെ പിടിച്ചുനിർത്തി...അവന്റെ നെറ്റിയിലെ ചന്ദനക്കുറി കണ്ട് അവരുടെ മുഖമൊന്ന് വിടർന്നു... "എടാ മോനെ...ഇത്...അപ്പൊ നീ തൊഴുതോ....??

സന്തോഷത്തോടെയും ആകാംഷയോടെയുമുള്ള ഹേമയുടെ ചോദ്യംകേട്ട് അർജുൻ എന്ത് പറയും എന്ന് അറിയാതെ കുഴങ്ങി... "അത്...ആ അറിയില്ല....." "ഓഹോ..മോൻ അറിയാതെ മോന്റെ നെറ്റിയിൽ കുറി വരുമോ..അത് കൊള്ളാല്ലോ..." "വാട്ട്‌ തെ..അമ്മക്ക് ഇപ്പൊ എന്താ...ഈ നെറ്റിയിൽ കിടക്കുന്ന സാധനമല്ലേ ഇപ്പൊ കുറ്റം..അതങ്ങോട്ട് കളഞ്ഞേക്കാം..അപ്പോ പ്രോബ്ലം തീരുമല്ലോ....?? അതുംപറഞ്ഞ് അർജുൻ ദേഷ്യത്തിൽ അത് മായ്ക്കാൻ തുടങ്ങിയതും ഹേമ അത് തടഞ്ഞു... "പോന്നുമോനെ...വർഷങ്ങൾക്ക് ശേഷം മോന്റെ നെറ്റിയിൽ ഇതൊന്ന് കണ്ടതിന്റെ സന്തോഷത്തിൽ അമ്മ ചോദിച്ചു എന്നേയൊള്ളു..അതവിടെ കിടന്നോട്ടെ...ഞാനൊന്നും പറയുന്നില്ല..പോരേ...?? ഹേമ പറഞ്ഞതുകേട്ട് അവൻ ഒന്നും മിണ്ടാതെ നടന്നു...അവർ പല്ലവിപോയ വഴിയേ ഒന്നുകൂടി നോക്കി ചിരിയോടെ അർജുന്റെ ഒപ്പം നടന്നു...  "അച്ഛേ....ഒന്ന് വാ അച്ഛേ....എനിക്ക് ഇവിടെ ഇരുന്നിട്ട് ശരിക്കും ബോർ അടിക്കുന്നു...." വീട്ടിലിരുന്ന് ബോർ അടിച്ചപ്പോൾ ഒരു ഔട്ടിങ്ങിന് കൊണ്ടുപോകാൻ മാധവിനോട്‌ കെഞ്ചുകയാണ് പല്ലവി.... അയാൾ ലാപ്പിൽ കാര്യമായ ഓഫീസ് വർക്കിൽ ആണ്... "അച്ഛേ....കൊണ്ടുപോ...അച്ഛേ...ഇച്ചിരി സമയം മതി..നമുക്ക് വേഗം വരാം..." അതുകേട്ട് മാധവ് അവളെയൊന്ന് ഇരുത്തിനോക്കി....പല്ലവി ഒന്ന് ഇളിച്ചു കൊടുത്തു.. "മ്മ് ഉവ്വാ...നിന്റെ കൂടെ വന്നാൽ എന്റെ ഇന്നത്തെ ഒരു ദിവസമാ പോകുക..പോയാൽപ്പിന്നെ തിരിച്ചുവരാൻ മോൾക്ക് വല്യ ബുദ്ധിമുട്ട് ആണല്ലോ..."

"അ..അതുപിന്നെ...അത്ര പെട്ടെന്ന് ഇങ്ങോട്ട് തിരിച്ചുപോരാൻ പറ്റുമോ..എല്ലാം ഒന്ന് ആസ്വദിക്കണ്ടെ....!! "പൊന്നുമോളേ...തത്കാലം അച്ഛന് ഇപ്പൊ ഒക്കില്ല..വർക്ക്‌ ഒരുപാട് ഉണ്ട്..." അതുകേട്ട് പല്ലവി ചുണ്ട് കൂർപ്പിച്ച് മാധവിനെ നോക്കി... "അല്ലേലും അച്ഛന് എന്നോട് ഒരു സ്നേഹവും ഇല്ല...എന്നേ എവിടേം കൊണ്ടോവൂല...ദുഷ്ടനാ ദുഷ്ടൻ....പാവം എന്റെ എട്ടായി ഉണ്ടായിരുന്നേൽ എന്നേ എല്ലായിടത്തും കൊണ്ടോയെനെ..." ചുണ്ട് ചുളുക്കി ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് പല്ലവി പറഞ്ഞതുകേട്ട് മാധവ് ചിരി കടിച്ചുപിടിച്ച് ഇരുന്നു.. പിന്നെ ലാപ് അടച്ചുവച്ച് അവൾക്കുനേരെ തിരിഞ്ഞു... "പാർക്കിൽ കൊണ്ടുപോകാം...ഒരുപാട് സമയമൊന്നും ഇരിക്കില്ല..കുറച്ചുസമയം..ഓക്കെ...??? അതുകേട്ട് പല്ലവി സന്തോഷംകൊണ്ട് മാധവിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് റെഡി ആകാൻ പോയി... വെയിലാറി തുടങ്ങിയ സന്ധ്യാനേരത്ത് ഇരുസൈഡിലുമായി നിൽക്കുന്ന ആൽമരങ്ങൾക്കിടയിലൂടെ പല്ലവി നടന്നു...പിറകിലായി മാധവും പാർവതിയും ഉണ്ട്.. വീശുന്ന ഇളംകാറ്റിൽ പല്ലവിയുടെ മുടി പാറിപ്പറക്കുന്നുണ്ടായിരുന്നു...അവൾ ഒരു ചെറുചിരിയോടെ ഇരുകയ്യും വിരിച്ച് ആ കാറ്റിനെ തന്നിലേക്ക് ആവാഹിച്ചു.... ഓരോ ആൽമരച്ചുവട്ടിലും ഇരുന്ന് പ്രണയം പങ്കുവയ്ക്കുന്ന യുവമിഥുനങ്ങളെനോക്കി അവൾ നടന്നു...

"അച്ഛേ...ഐസ്ക്രീം..." പിന്നിലേക്ക് തിരിഞ്ഞ് മാധവിനെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു...അതുകേട്ട് മാധവും പാർവതിയും പരസ്പരം നോക്കി ചിരിച്ചു...മാധവ് ഐസ്ക്രീം വാങ്ങാൻ പോയപ്പോൾ പല്ലവി പാർവതിയെക്കൂട്ടി ഒരു ആൽമരച്ചുവട്ടിൽ പോയിരുന്നു.... അവളുടെ കണ്ണുകൾ ചുറ്റും വീക്ഷിച്ചു...അപ്പോഴാണ് അവൾ കുറച്ചുമാറി ഒരു എക്സിബിഷൻ നടക്കുന്നത് കണ്ടത്...കണ്ടപ്പോൾ അവൾക്ക് അങ്ങോട്ട് പോകണമെന്ന് തോന്നി.. "അമ്മ ദേ നോക്ക്യേ...വാ നമുക്ക് അവിടെവരെ ഒന്ന് പോയി നോക്കാം..." അവൾ അവിടെനിന്ന് നോട്ടം മാറ്റാതെ തന്നെ പാർവതിയോട് ചോദിച്ചു.. "എന്തിന് അങ്ങോട്ടൊന്നും പോകണ്ട മോളേ...അച്ഛൻ ഇപ്പൊ വരും..നമുക്ക് വേഗം വീട്ടിൽ പോകാം..." "മ്മ്ഹ്...പറ്റില്ല...ഞാനൊന്ന് പോയി കണ്ടിട്ട് വരാം അമ്മേ...അച്ഛൻ വരുമ്പോൾ പറഞ്ഞാൽ മതി...ജസ്റ്റ്‌ ഫൈവ് മിനിറ്റ്സ്...." അവൾ അതുംപറഞ്ഞ് അങ്ങോട്ട് ഓടി...പാർവതി പിന്നിൽനിന്ന് വിളിച്ചെങ്കിലും അവൾ അത് വകവച്ചില്ല... പഴയകാല വാദ്യോപകരണങ്ങളുടെയും ചില ശില്പങ്ങളുടെയും വുഡൻ വർക്സ് ഒക്കെ ചെയ്ത പല വസ്തുക്കളുടെയും ചെറിയ കളക്ഷൻ ആയിരുന്നു അവിടെ...ഇഷ്ടപ്പെട്ടത് ആവശ്യക്കാർക്ക് വാങ്ങുകയും ചെയ്യാം... അവൾ എല്ലാം പതിയെ തൊട്ടും തലോടിയും വീക്ഷിച്ചു...കൂടാതെ കാശിമാല,മുല്ലമൊട്ടുമാല, മാങ്ങാമാല,നെറ്റിച്ചുട്ടി..ഇതെല്ലാം ഉണ്ടായിരുന്നു..ഇതിനെല്ലാം ഇടയിൽ ഇരിക്കുന്ന ചിലങ്ക കണ്ടപ്പോൾ പല്ലവിയുടെ കണ്ണുകൾ വിടർന്നു...

അവളുടെ കയ്യിൽ ഉള്ളതിനെക്കാൾ കുറച്ചുകൂടി ഭംഗിയെറിയതായിരുന്നു ആ ചിലങ്ക..ബോർഡറിൽ ബ്രൗൺ നിറവും നിറയെ മണികളും ഉള്ള ചിലങ്ക..അവൾ അതിൽ പതിയെ തലോടി... "എന്താ...അത് വേണോ...?? പെട്ടെന്ന് പിന്നിൽനിന്ന് അങ്ങനെയൊരു ചോദ്യം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞുനോക്കി..മുന്നിൽ ഇരുകയ്യും മാറിൽ പിണച്ചുകെട്ടി അവളെത്തന്നെ നോക്കി നിൽക്കുന്ന അർജുനെ കണ്ട് അവൾ കണ്ണുംമിഴിച്ച് നിന്നു... "അജുവേട്ടാ...എന്താ ഇവിടെ.....??? "എന്താ എനിക്കിവിടെ വന്നൂടെ...നീ എന്താ ഒറ്റക്ക് ഇവിടെ നിൽക്കുന്നത്..?? "മ്മ്ഹ്...ഞാൻ ഒറ്റക്കല്ല..ദേ അവിടെ അച്ഛനും അമ്മയും ഉണ്ടല്ലോ...." പുറത്തേക്ക് കൈചൂണ്ടി കാണിച്ചുകൊണ്ട് അവൾ പറഞ്ഞു...അവൻ അവളുടെ മുഖത്തെക്കും കൈലേക്കും മാറിമാറി നോക്കി... "ഇവിടെ ഒറ്റക്ക്നിന്ന് ചുറ്റിത്തിരിയാതെ ഇറങ്ങിപ്പോടി....!!! അവന്റെ ശബ്ദം കനത്തതും അവൾ തിരിച്ചോന്നും പറയാൻ കിട്ടാതെ...വാടിയ മുഖത്തോടെ കയ്യിലെ ചിലങ്ക അവിടെവച്ച് തിരിഞ്ഞുനടന്നു... "ഡീ...ഒന്ന് നിന്നെ......!!! പെട്ടെന്നുള്ള അവന്റെ പിൻവിളിയിൽ അവൾ പൊടുന്നനെ തിരിഞ്ഞു...അവൾ അവിടെവച്ച ചിലങ്കയും കയ്യിലെടുത്ത് അവൻ അവൾക്കരികിലേക്ക് വന്നു.... "കാണികൾക്ക് ഇത് വെറുമൊരു കൊലുസ്സ് ആയിരിക്കും..പക്ഷെ നീ എന്ന നർത്തകിക്ക്...ഇത് ആത്മാവിന്റെ ധ്വനിയാണ്..നീ വേദിയിൽ ആടിത്തീർത്ത പ്രണയത്തിന്റെ ധ്വനി..💕" അവൻ ആ ചിലങ്ക അവളുടെ കയ്യിൽ വച്ചുകൊടുത്ത് അവിടെനിന്ന് നടന്നുനീങ്ങി...

പല്ലവി കേട്ടത് വിശ്വസിക്കാൻ ആകാതെ നിശ്ചലയായി ഒരുനിമിഷം നിന്നു.. അർജുൻ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചുകൊണ്ടിരുന്നു..തന്നിലെ നർത്തകിയെ അവൻ മനസ്സിലാക്കിയതിൽ അവൾക്ക് അതിയായ സന്തോഷം തോന്നി... അവൻ സമ്മാനിച്ച ചിലങ്ക കാലിലേക്ക് അണിഞ്ഞപ്പോൾ ശരീരമാകെ കോരിത്തരിച്ചതുപോലെ പല്ലവിക്ക് തോന്നി...ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ഒരു മായാലോകത്തെന്നപോലെ അവൾ ഓരോ ചുവടും വച്ചു...മുറിയിലെ ജനാലയിലൂടെ ഒഴുകിയെത്തിയ മന്ദമാരുതൻ അവളുടെ ചുവടുകളെ ആസ്വദിച്ചെന്നപോലെ അവളെ തഴുകി പോയി..പൂർണ്ണചന്ദ്രൻ കണ്ണുചിമ്മി...അവളുടെ കണ്ണിലും മനസ്സിലും അർജുൻ മാത്രമായിരുന്നു... ഇതേ സമയം അർജുനും ബാൽക്കണിയിൽനിന്ന് നീലനിലാവ് പൊഴിച്ചുനിൽക്കുന്ന പൂർണ്ണചന്ദ്രനെ നോക്കി നിൽക്കുകയായിരുന്നു..അതിൽ പല്ലവിയുടെ മുഖം തെളിഞ്ഞതുപോലെ അവനുതോന്നി... "പറിച്ചെറിയാൻ ശ്രമിക്കുമ്പോഴും വീണ്ടും വീണ്ടും എന്തിന് നീ എന്നിലേക്ക് പടർന്നുകയറുന്നു...???സ്വന്തമാക്കാൻ കഴിയില്ലന്ന് അറിഞ്ഞിട്ടും സ്നേഹിക്കാതിരിക്കാൻ ആകുന്നില്ല..അത്രമേൽ മനസ്സിൽ പതിഞ്ഞുപോയി നീ...അറിയില്ല..നമ്മുടെ വിധിയെന്തെന്ന്....." ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story