പുതുവസന്തം: ഭാഗം 6

puthuvasantham

എഴുത്തുകാരി: ശീതൾ

"ഓയ് അജുവേട്ടാ........" രാവിലെ കോളേജിലേക്ക് വന്ന പല്ലവി ശ്യാമിനോടും ജിത്തുവിനോടും സംസാരിച്ചുകൊണ്ട് ഇരിക്കുന്ന അർജുനെ കണ്ടതും അവൾ അവന്റെ അടുത്തേക്ക് ഓടി... പല്ലവി വരുന്നത് കണ്ട് ശ്യാമും ജിത്തുവും അർജുനെ അടിമുടി നോക്കി...എന്നാൽ അവനെക്കണ്ട് അർജുന്റെ മുഖം തിളങ്ങി... അവൾ ഓടി അവന്റെ അടുത്ത് എത്തിയതും ശ്യാമും ജിത്തുവും അവരെനോക്കി ഒരു ആക്കിയ ചിരി പാസ്സാക്കി അവിടുന്ന് പോയി... പല്ലവി അർജുനെ നോക്കി ഒന്ന് പുഞ്ചിരിച്ച് അവന്റെ അടുത്തായി ഇരുന്നു..അവിൾ നന്നേ കിതക്കുന്നുണ്ടായിരുന്നു.. "എന്തിനാടി ഓടിയത്...നടന്നുവരാൻ അറിയില്ലേ..നിനക്ക്...??? അവൻ ചോദിച്ചതുകേട്ട് അവളൊന്ന് ഇളിച്ചുകൊടുത്തു... "അത് പിന്നെ...അജുവേട്ടനെ കണ്ടപ്പോ..പെട്ടെന്ന് ഓടിവന്നതാ..." "എന്താ...ഇപ്പൊ എന്നെ കണ്ടിട്ട്......??? "അതില്ലേ...അജുവേട്ടാ...താങ്ക്സ്....." അവനെനോക്കിക്കൊണ്ട് അവൾ പറഞ്ഞതുകേട്ട് അവൻ നെറ്റി ചുളിച്ചു... "താങ്ക്സോ....എന്തിന്....??? "ഇന്നലെ എനിക്ക് അത്രയും നല്ലൊരു ഗിഫ്റ്റ് തന്നതിന്....എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടായി...ദേ എന്റെ ബാഗിൽ ഉണ്ട്...ഇപ്പൊ കാണിക്കാവേ..." അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് അലതല്ലിയ സന്തോഷം അവൻ ആവോളം ആസ്വദിച്ചു...അറിയാതെ അവന്റെ ചൊടികളിൽ ഒരുപാട് ചെറുപുഞ്ചിരി മൊട്ടിട്ടു.... പല്ലവി ബാഗിൽനിന്ന് അവൻ നൽകിയ ചിലങ്ക കയ്യിലെടുത്ത് അവനുനേരെ പിടിച്ച് ഒന്ന് കിലുക്കി...കൂടെ അവളും ഒന്ന് കുലുങ്ങി ചിരിച്ചു...

ആ രംഗം കണ്ട് അർജുന്റെ മുഖം തിളങ്ങി...അവളുടെ മുഖത്തേക്ക് പതിച്ച സൂര്യവെളിച്ചത്തിൽ ആ വൈരക്കൽ മൂക്കുത്തി ഒന്നുകൂടി തിളങ്ങി...അവൻ ഇമചിമ്മാതെ അവളെനോക്കി... "ഓയ് അജുവേട്ടാ....ഇതേത് ലോകത്താ....?? അവന്റെ മുഖത്തിന്‌ നേരെ അവൾ വിരൽഞൊടിച്ചപ്പോഴാണ് അവൻ അവളിൽനിന്ന് നോട്ടം മാറ്റിയത്... "അല്ല അജുവേട്ടാ...അജുവേട്ടന് എങ്ങനെ മനസ്സിലായി ഞാൻ നൃത്തം ചെയ്യും എന്ന്...എന്നെ ഇതിനുമുൻപ് കണ്ടിട്ടുണ്ടോ....??? ചിലങ്കയിൽ തലോടിക്കൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് അവനൊന്ന് പുഞ്ചിരിച്ചു... "കലയെ സ്നേഹിക്കുന്നവർക്ക് കലാവാസനയുള്ളവരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും..പിന്നെ പത്രങ്ങളിൽ നിറഞ്ഞുനിന്ന കലാതിലകം പല്ലവി മാധവിനെ അങ്ങനെയങ്ങോട്ട് മറക്കാൻ പറ്റുമോ...?? ചുണ്ടിൽ ഒരു ചെറുചിരി ഒളിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞതുകേട്ട് പല്ലവിയുടെ കണ്ണുകൾ വിടർന്നു...എങ്കിലും അവൾ മുഖത്ത് കള്ളപരിഭവം വരുത്തി... "അപ്പൊ നേരത്തെ..അറിയാമായിരുന്നു...ല്ലേ...എന്നിട്ടും മൈൻഡ് ചെയ്യാത്തതാ..ജാഡ കലിപ്പൻ....ഹും..." പല്ലവി അതുംപറഞ്ഞ് ചുണ്ട് കോട്ടി..എന്നാൽ അർജുന് ചിരിയാണ് വന്നത്...ഒരുപാട് നാളുകൾക്ക് ശേഷം പല്ലവിയുടെ സാമീപ്യം അവനിൽ ഒരു പുത്തൻ ഉണർവ് സൃഷ്ടിച്ചു... "എന്തിനാ നോക്കണേ...ഞാൻ മിണ്ടൂല..അപ്പൊ ഇന്നലെയൊക്കെ എന്നോട് വെറുതെ ദേഷ്യപ്പെട്ടതല്ലേ..നിക്ക് വിഷമായി ട്ടോ...."

കുറുമ്പോടെ അവൾ പറയുന്നതുകേട്ട് അർജുൻ ഞൊടിയിടയിൽ അവളുടെ കയ്യിലിരുന്ന ചിലങ്ക കൈക്കലാക്കി... "എന്നോട് പിണങ്ങിയവർക്ക് അപ്പൊ ഞാൻ തന്ന ഗിഫ്റ്റും വേണ്ടായിരിക്കുമല്ലോ...അതുകൊണ്ട് ഇത് ഞാൻ അങ്ങോട്ട് എടുക്കുവാ..." അവൻ പറഞ്ഞതുകേട്ട് പല്ലവി പണി പാളിയ മട്ടിൽ കണ്ണുംമിഴിച്ച് ഇരുന്നു... "അജുവേട്ടാ...അതിങ്ങ് താ..എനിക്ക് വേണം..." അവൾ അത് അവന്റ കയ്യിൽനിന്ന് വാങ്ങാൻ നോക്കി...പക്ഷെ അവൻ അതിന് സമ്മതിക്കാതെ കൈ അല്പം ഉയർത്തി പിടിച്ചു... "ഇല്ലല്ലോ...ഞാൻ തരില്ല..എന്നോട് പിണക്കമല്ലേ...അപ്പൊ ഇത് വേണ്ട..." "ഹ്...താ അജുവേട്ടാ...ഞാൻ ചുമ്മാ പറഞ്ഞതാ...എനിക്കൊരു പിണക്കവും ഇല്ല..." അവൾ ചിണുങ്ങി...എന്നാൽ അർജുൻ അവളുടെ പ്രവർത്തി ചിരി കടിച്ചുപിടിച്ച് ആസ്വദിക്കുകയായിരുന്നു.. അവൾ അത് വാങ്ങാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും കിട്ടിയില്ല...അവസാനം പല്ലവി മടുത്ത് നടുവിന് കയ്യുംകൊടുത്ത് അവനെനോക്കി ചുണ്ട് കൂർപ്പിച്ചു...അതുകണ്ട് അർജുൻ പൊട്ടിച്ചിരിച്ചു... അവന്റെ ചിരി അവളിലേക്കും പകർന്നു...അവൾ കണ്ണുംവിടർത്തി അവനെത്തന്നെ നോക്കിനിന്നു..ചിരിക്കുമ്പോൾ അവന്റെ താടിക്കിടയിൽ വിരിയുന്ന നുണക്കുഴി അവൾ കണ്ടു... അവളുടെ ഉള്ളിൽ അവനോടുള്ള അടങ്ങാത്ത പ്രണയം ഓരോ നിമിഷവും കൂടിക്കൊണ്ടിരുന്നു... എവിടെനിന്നോ ഒഴുകിയെത്തിയ ഇളംകാറ്റ് അവരെ തട്ടിതലോടി പോയി...

ആ ഇളംകാറ്റിൽ അവന്റെ കുറുനിരകൾ നെറ്റിയിലേക്ക് പാറിവീഴുന്നത് അവൾ കൗതുകത്തോടെ നോക്കിനിന്നു...അവന്റെ കണ്ണുകളിൽ അവളോട് പറയാതെപോയ ദിവ്യപ്രണയം ഉണ്ടെന്ന് അവൾക്ക് തോന്നി... "സ്വപ്നങ്ങളൊക്കെയും വീണ്ടും പുണരുമ്പോൾ അലിഞ്ഞൊഴുകുകയാണ് മനസ്സിലെ പ്രണയം...അന്തമായ ഒരു സാഗരം പോൽ നിന്നോടുള്ള എന്റെ പ്രണയവും അനന്തമായിരിക്കും...💕" "ഡീ...ഞാൻ പറഞ്ഞത് വല്ലതും കേട്ടോ...നീ....??? അവന്റെ ശബ്ദമാണ് അവളെ ചിന്തയിൽനിന്ന് ഉണർത്തിയത്.... "ഹേ...എന്താ....??? '"നീ എന്താ ദിവാ സ്വപ്നം കാണാ....ക്ലാസ്സിൽ പോടീ...കോപ്പേ....!!!! അവന്റെ അലർച്ച കേട്ട് അവൾ കാത് പൊത്തി അവനെ രൂക്ഷമായി നോക്കി...പിന്നെ അവന്റെ കയ്യിൽനിന്ന് ചിലങ്ക തട്ടിപ്പറിച്ച് ഓടി.... "അതേ അജുവേട്ടാ......!!! പെട്ടെന്ന് അവൾ തിരിഞ്ഞുനോക്കി അവനെ വിളിച്ചു...അവൻ എന്തെന്ന ഭാവത്തിൽ അവളെനോക്കി... "എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയണേ...വെയ്റ്റിംഗ് ആണ് ഞാൻ..." അവൾ ഇളിച്ചുകൊണ്ട് പറഞ്ഞ് ക്ലാസ്സിലേക്ക് ഓടി..അർജുൻ അവൾ പോകുന്നതും നോക്കിനിന്നു... "പല്ലവി പല്ലവി ഒന്നൊരുങ്ങി വാ...നാളെയാണ് താലിമംഗലം...." ക്ലാസ്സിൽ ഇരുന്ന് അർജുനെ കേൾപ്പിക്കാനായി പാടുകയാണ് ജിത്തു... "പല്ലവിയോ..അങ്ങനെയല്ലല്ലോ..സുന്ദരി എന്നല്ലേ...??? അവന്റെ പാട്ട് കേട്ട് ശ്യാം ചോദിച്ചു...ജിത്തു അവനെനോക്കി പല്ല് കടിച്ചു... "അതവിടെ....ഇതിവിടെ...ഹോ ഒരാൾക്ക് എന്തൊക്കെയായിരുന്നോ....കോളേജിൽ വന്നാൽ പഠിച്ചിട്ട് പോണം.

.അതിനിടയിൽ വേറെ ബിസ്സിനെസ്സ് വേണ്ട...എന്നിട്ടിപ്പോ ഇവിടെ ഒരുത്തൻ സദാസമയവും പല്ലവിയുടെ കൂടെയാ...." ജിത്തു ആക്കി പറയുന്നതുകേട്ട് ശ്യാം അർജുനെ ഇടംകണ്ണിട്ട് നോക്കി...അവൻ കലിപ്പിട്ട് ഇരിക്കുകയാണ്... "എന്താ മോനെ അജു..ഇപ്പൊ ഒന്നും പറയാനില്ലേ...ഹേ നിനക്ക് ദേഷ്യം വരുന്നുണ്ടോടാ..നിനക്ക് തല്ലാൻ തോന്നുന്നുണ്ടോടാ..എന്നാ തല്ലടാ ഒന്ന് തല്ലിനോക്കടാ..." ജിത്തു പറഞ്ഞതും അർജുൻ അവന്റെ മോന്തക്കിട്ട് രണ്ടെണ്ണം കൊടുത്തു...അവൻ പെട്ടെന്ന് കിട്ടിയ ഷോക്കിൽ ശ്യാമിന്റെ അടുത്തേക്ക് പോയി ജാമായി...ശ്യാം ജിത്തുവിനെ വല്ല കാര്യവും ഉണ്ടായിരുന്നോ എന്ന അർഥത്തിൽ നോക്കി... "ആ വാ അടച്ചുവയ്ക്കുന്നത് ആയിരിക്കും നിനക്ക് നല്ലത്...ഇല്ലെങ്കിൽ നിന്റെ അന്ത്യം എന്റെ കൈകൊണ്ട് ആയിരിക്കും.." അർജുൻ അതുംപറഞ്ഞ് ജിത്തുവിനെ അടിക്കാൻ ഓങ്ങിയതും ശ്യാം തടഞ്ഞു.. "ഡാ..നീ എന്തിനാ വെറുതേ അവന്റെ മെക്കിട്ട് കേറുന്നത്...അവൻ പറഞ്ഞത് ശരിയല്ലേ..പല്ലവിയും നീയും തമ്മിൽ എന്തോ ഇല്ലേ..മ്മ്....??? "മണ്ണാങ്കട്ട....നിനക്കൊക്കെ എന്താ...?? അർജുൻ കലിപ്പിൽ പറഞ്ഞ് തിരിഞ്ഞിരുന്നു... ശ്യാം അർജുനെ വീണ്ടും അവനുനേരെ തിരിച്ചു.. "ഡാ..ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടരുത്...പല്ലവി നല്ല കുട്ടിയാടാ...അവളെ കാണുമ്പോൾ മാത്രം ഈ മുഖം തിളങ്ങുന്നത് ഞങ്ങൾ കാണാറുണ്ട്..നിന്നെ മൊത്തത്തിൽ മാറ്റാൻ അവളെക്കൊണ്ട് പറ്റും..എല്ലാം മറന്ന് പുതിയൊരു ലൈഫ് തുടങ്ങടാ അജു..."

അവൻ പറഞ്ഞതുകേട്ട് അർജുൻ അവന്റെ തോളിൽ അമർന്ന ശ്യാമിന്റെ കൈ തട്ടിമാറ്റി..അവനെ തുറിച്ചുനോക്കി... "നിനക്ക് അങ്ങനെ എല്ലാം മറക്കാൻ പറ്റുമായിരിക്കും..കാരണം നഷ്ടം നിനക്കല്ലായിരുന്നല്ലോ എനിക്കായിരുന്നു..എല്ലാവരുടെയും മുൻപിൽ ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെട്ടത്...ശിക്ഷ അനുഭവിച്ചത്..എല്ലാം ഞാനാണ്...ആ കറുത്ത ദിനങ്ങൾ എന്റെ മനസ്സിൽനിന്ന് ഒരിക്കലും മായില്ല ശ്യാം..." "എടാ അതൊക്കെ തെറ്റിധാരണയുടെ പുറത്ത് അല്ലേ..ശെരിക്കും ഒന്നും ചെയ്തിട്ടില്ലല്ലോ..." "അത് ആർക്കൊക്കെ അറിയാം...നിങ്ങൾക്ക് എല്ലാം അറിയാമെന്നല്ലാതെ വേറാർക്കും ഒന്നും അറിയില്ലല്ലോ..ലോകത്തിന് മുൻപിൽ ഞാൻ ഇപ്പോഴും കുറ്റക്കാരൻ അല്ലേ....അല്ലെന്ന്...അത് നിങ്ങൾക്ക് മാറ്റാൻ പറ്റുമോ....പറയെടാ...!! അർജുൻ ശ്യാമിന്റെ കോളറിൽ കുത്തിപ്പിടിച്ച് ചോദിച്ചു...അവന്റെ ഭാവമാറ്റം കണ്ട് ശ്യാമും ഞെട്ടി പോയിരുന്നു...ജിത്തുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു..അർജുൻ ദേഷ്യത്തിൽ അവരെ തള്ളിമാറ്റി അവിടെനിന്ന് പോയി...  രാത്രി മാധവിന്റെ മടിയിൽ തലവച്ച് കിടക്കുകയാണ് പല്ലവി...മനസ്സിൽ മുഴുവൻ അർജുന്റെ പുഞ്ചിരിയോടെയുള്ള മുഖമാണ്.... ഏതോ ലോകത്തെന്നപോലെ പുഞ്ചിരിയോടെ കിടക്കുന്ന പല്ലവിയെ കണ്ട് മാധവ് പാർവതിയെ ഇടംകണ്ണിട്ട് നോക്കി..പാർവതിയും എന്താ കാര്യമെന്തെന്ന് അറിയാതെ ഇരിക്കുകയായിരുന്നു... "അച്ഛേ......" അവൾ മാധവിന്റെ താടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് വിളിച്ചു...

"എന്താടാ......." "പ്രേമിക്കുന്നത് തെറ്റാണോ??? അവളുടെ ചോദ്യം കേട്ട് മാധവും പാർവതിയും പരസ്പരം നോക്കി... "പാതിരാത്രിയിൽ പെണ്ണിന്റെയൊരു ചോദ്യം..പോയി കിടന്നുറങ്ങ് കൊച്ചേ....!! പാർവതി പല്ലവിയെ എഴുന്നേൽപ്പിച്ചുവിടാൻ നോക്കി...പക്ഷെ മാധവിനെ ചുറ്റിപ്പിടിച്ചു...മാധവ് ഒരു ചിരിയോടെ അവളുടെ തലയിൽ തലോടി... "പറ അച്ഛേ...തെറ്റാണോ...?? "ആരാ ആള്...മ്മ്...??? മാധവ് അവളോട് ചോദിച്ചതും പല്ലവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "ഒരു ജാഡ കലിപ്പൻ...." അവൾ പറഞ്ഞതുകേട്ട് മാധവ് നെറ്റി ചുളിച്ചു... "എന്നിട്ട് കലിപ്പൻ വളഞ്ഞോ..?? "വളഞ്ഞില്ല...പക്ഷെ വളയും..ആ ഹൃദയത്തിന്റെ താക്കോൽ ഞാൻ എന്റെ കയ്യിൽ ഭദ്രമാക്കി വയ്ക്കുകയും ചെയ്യും..." "ഓൾ തെ ബെസ്റ്റ് പുത്രി....." മാധവ് പല്ലവിയുടെ തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞതുകേട്ട് പാർവതി കണ്ണുരുട്ടി... "ആഹാ..നല്ല ബെസ്റ്റ് അച്ഛൻ...മോളോട് ഇങ്ങനെതന്നെ പറയണം കേട്ടോ..." പാർവതി പറഞ്ഞതുകേട്ട് പല്ലവി അവരെനോക്കി കൊഞ്ഞനം കുത്തി...പിന്നെ മാധവിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് പാർവതിയുടെ കവിൾ പിച്ചിവലിച്ചു.... "ആഹ് ഡീ...പെണ്ണേ......!!! പാർവതി വേദനകൊണ്ട് അവളെ അടിക്കാൻ ഓങ്ങിയതും അവൾ ചിരിയോടെ മുറിയിൽനിന്ന് ഇറങ്ങിയോടി..അവർ പല്ലവി പോകുന്നതും നോക്കി ചിരിയോടെ ഇരുന്നു... 

"ഏയ് അർജുൻ.........!!! ജിത്തുവിനെ ടൗണിൽ ഡ്രോപ്പ് ചെയ്ത് തിരിച്ചുപോകാൻ ഒരുങ്ങുമ്പോൾ ഒരു വിളികേട്ട് അവൻ തിരിഞ്ഞുനോക്കി... "ദേവൻ സർ........." അവന്റെ ചുണ്ടുകൾ മന്ത്രിച്ചു....അയാൾ അവന്റെ അടുത്തേക്ക് വന്ന് അവനെ ചേർത്തുപിടിച്ചു... "സുഖമല്ലേടാ........??? പുഞ്ചിരിയോടെ ദേവൻ സർ ചോദിച്ചു....അവനും അതേ പുഞ്ചിരിയോടെ തലയാട്ടി..അർജുൻ ഇതിനുമുൻപ് പഠിച്ച കോളേജിലെ സർ ആണ് ദേവൻ.... "എന്ത് കൊലമാടാ ഇത്...നിന്റെ പണ്ടത്തെ ആ പ്രസരിപ്പും കണ്ണുകളിലെ തിളക്കവും ഒക്കെ പോയി..എന്തിനാടാ ഇങ്ങനെ സ്വയം നശിക്കുന്നത്...??? "ഞാനായിട്ട് തുടങ്ങിവച്ചതല്ലല്ലോ സർ...എല്ലാവരും കൂടി എന്നെ ഇങ്ങനെ ആക്കിയതല്ലേ....!!! അർജുൻന്റെ ശബ്ദം ഇടറിയിരുന്നു... "അർജുൻ നീ ഇപ്പോഴും പഴയതൊക്കെ മനസ്സിൽ വച്ച് നടക്കുകയാണോ..അതൊക്കെ കഴിഞ്ഞില്ലേടാ..ഇനി അതൊക്കെ എന്തിനാ ഓർക്കുന്നത്...എല്ലാവരും അതൊക്കെ മറന്നു..." "എല്ലാവരും മറന്നിട്ടില്ല സർ...ഓർക്കേണ്ടവർ കൃത്യമായി ഓർത്തുവച്ചിട്ടുണ്ട്...." അർഥം വച്ച് അർജുൻ പറഞ്ഞതുകേട്ട് ദേവൻ സർ നെറ്റി ചുളിച്ചു.... "പ്രണവ്....???? അയാൾ ചോദിച്ചതുകേട്ട് അവന്റെ ചുണ്ടിൽ ഒരു മങ്ങിയ ചിരി വിരിഞ്ഞു... "അവൻ ഇപ്പോഴും നിന്നെ തെറ്റിധരിച്ചിരിക്കുകയാണോ..നീ പേടിക്കണ്ട ഞാൻ സംസാരിക്കാം അവനോട്..." "വേണ്ട സർ..സർ അവനോട് ഒന്നും പറയണ്ട..അവനെ പറഞ്ഞുമനസ്സിലാക്കാൻ പലരും ശ്രമിച്ചതാണ്..അവൻ അന്നത്തെ ആ അവസ്ഥയിൽ കണ്ടതേ വിശ്വസിക്കൂ..പക്ഷെ ഒരുനാൾ അവൻ സത്യം മനസ്സിലാക്കും..അതെനിക്ക് ഉറപ്പുണ്ട്...കൂടെപ്പിറപ്പിനെ പോലെ കണ്ടുസ്നേഹിച്ച എന്നെ അത്രപ്പെട്ടെന്ന് വെറുക്കാൻ അവന് കഴിയില്ല...."...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story