പുതുവസന്തം: ഭാഗം 9

puthuvasantham

എഴുത്തുകാരി: ശീതൾ

"എന്നെ ഈ കൂടെ കൂട്ടാമോ അജുവേട്ടാ...ഈ ഹൃദയത്തിൽനിന്ന് എനിക്കിനി ഒരു മോചനം വേണ്ട..." അർജുൻ എന്ത് പറയണം എന്നറിയാതെ തരിച്ചുനിന്നു...നീയെന്നും എന്റെ കൂടെത്തന്നെ ആണ് പെണ്ണേ...അവന്റെ മനസ്സ് അവളോട് പറയാതെ പറഞ്ഞുകൊണ്ടിരുന്നു.... അവന്റെ നെഞ്ചിലെ ഹൃദയതാളം ശ്രവിച്ചുകൊണ്ട് അവൾ അങ്ങനെതന്നെ നിന്നു...അത്രമേൽ അർജുൻ അവളിൽ ആഴ്ന്നിറങ്ങിയിരുന്നു.... ഇരുവരും അല്പനേരം അങ്ങനെതന്നെ നിന്നു...പെട്ടെന്ന് എന്തോ ബോധം വന്നതും അർജുൻ അവളെ അടർത്തിമാറ്റി...പല്ലവിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് അവന്റെ ഉള്ള് പിടഞ്ഞു... "നീ....നീയെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്.....??? അവളിൽനിന്ന് നോട്ടം മാറ്റിക്കൊണ്ട് അവൻ ചോദിച്ചു...പല്ലവി അവനെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുകയാണ്... "അജുവേട്ടാ....ഇനിയും എന്തിനാ ഒളിക്കുന്നത്...ഞാൻ എല്ലാം അറിഞ്ഞു...ആരോ ചെയ്ത തെറ്റിന്റെ പേരിൽ അജുവേട്ടൻ എന്തിനാ ഇപ്പോഴും ഇങ്ങനെ സ്വയം നശിക്കുന്നത്...??? അവൾ പറഞ്ഞതുകേട്ട് അവൻ ഞെട്ടി...എല്ലാം അറിഞ്ഞിട്ടും പല്ലവി വീണ്ടും എന്തിന് തന്റെ അടുത്തേക്ക് വന്നതെന്ന ചോദ്യം അവനിൽ ഉയർന്നു... "എല്ലാം അറിഞ്ഞിട്ടും വീണ്ടും എന്തിനാ നീ വന്നത്...നിന്റെ ഏട്ടൻ എന്നെ കണ്മുന്നിൽ കണ്ടാൽ കൊന്നുകളയും..അത്രയ്ക്കും അവൻ എന്നെ വെറുത്തു..അവൻ മാത്രമല്ല എല്ലാവരും.." അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകളിൽ നിഴലിച്ച സങ്കടം അവൾ കണ്ടു...

പല്ലവി അവന്റെ മുഖം കൈകളിൽ കോരിയെടുത്തു... "നിങ്ങളെപ്പോലെ മറ്റാരും എന്റെ ഹൃദയത്തിൽ പതിഞ്ഞിട്ടില്ല അജുവേട്ടാ...ആ നിങ്ങളെ വെറുക്കാനും എനിക്ക് കഴിയില്ല..എനിക്കറിയാം ഈ ഉള്ളിൽ ഇപ്പോഴും ഞാൻ ഉണ്ടെന്ന്...എനിക്ക് വേണം അജുവേട്ടന്റെ സ്നേഹം മുഴുവൻ..." അവളുടെ ആർദ്രമായ വാക്കുകൾ ഒരു ഇളംതെന്നൽ പോലെ അവനിലേക്ക് വീശി...വിടർന്ന കണ്ണുളോടൊപ്പം അവന്റെ ചൊടികളിൽ ചെറു പുഞ്ചിരി മൊട്ടിട്ടു...അവന്റെ മുഖത്ത് വന്ന മാറ്റം അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിയിച്ചു.....മനസ്സിൽനിന്ന് എന്തോ ഭാരം ഒഴിഞ്ഞതുപോലെ അവനുതോന്നി..വർഷങ്ങൾക്കുശേഷം..ഒരു പുത്തൻ ഉണർവ് അവനിൽ വന്നതുപോലെ... "മ്മ്...അപ്പൊ വേഗം പറഞ്ഞോ എന്നോട്....." അവനിൽനിന്ന് കുറച്ച് വിട്ടുനിന്ന് ഇരുകയ്യും മാറിൽകെട്ടി അവൾ പറഞ്ഞു...അർജുൻ ഒന്നും മനസ്സിലാകാതെ അവളെനോക്കി നെറ്റി ചുളിച്ചു..... "എന്ത് പറയാൻ....???? "അതില്ലേ....അജുവേട്ടാ...!!! അവൾ ചിണുങ്ങിക്കൊണ്ട് അവനെ വിളിച്ചു.... "ഏതില്ലേ....നിന്ന് കൊഞ്ചാതെ കാര്യം പറയെടി......" അർജുൻ വീണ്ടും കലിപ്പ് മോഡ് ഓൺ ആക്കി.... "ഈൗ ഐ ലവ് യൂ ന്ന്...പറയോ..അജുവേട്ടാ...പ്ലീച്ച്...." ഇളിച്ചുകൊണ്ട് ചെറിയ കൊഞ്ചലോടെ അവൾ പറഞ്ഞതുകേട്ട് അവന് ചിരി വന്നെങ്കിലും അത് പുറത്തുകാണിക്കാതെ കലിപ്പിൽ തന്നെ നിന്നു... "അതിന് ഐ ലവ് യൂ പറയാൻ...നിന്നെ എനിക്ക് ഇഷ്ടമാണെന്ന് ആര് പറഞ്ഞു...???

ഇരുകയ്യും മാറിൽകെട്ടി അവൻ ചോദിച്ചു...അതുകേട്ട് പല്ലവി ചുണ്ട് പിളർത്തി അവനെനോക്കി.... "എന്നെ ഇഷ്ടാണ്....അതെനിക്ക് അറിയാ...ശ്യാമേട്ടനും ജിത്തുവേട്ടനും പറഞ്ഞല്ലോ..." "അവരാണോ എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്...നിന്നെ ഇഷ്ടമാണെന്ന് ഞാൻ അവരോട് പറഞ്ഞിട്ടേ ഇല്ലല്ലോ......" പല്ലവി ചുണ്ട് കൂർപ്പിച്ച് അവനെനോക്കി...പുറമെ ഗൗരവത്തിൽ നിന്നുകൊണ്ട് അവൻ ഉള്ളിൽ എല്ലാം ആസ്വദിക്കുകയായിരുന്നു.. "അപ്പൊ പറയൂലേ....??? "നോ......." പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.... "ശരി...ഇപ്പോൾ പറയണ്ട...പക്ഷെ നിങ്ങൾ ഒരിക്കൽ പറയും മിസ്റ്റർ അർജുൻ മേനോൻ...എന്നോടുള്ള നിങ്ങളുടെ അടങ്ങാത്ത പ്രണയം ഞാൻ പുറത്തുകൊണ്ടുവരും...അന്ന് അജുവേട്ടൻ പറയും എന്നോട്.. നീയില്ലാതെ എന്നിൽ ഒരു പുതുവസന്തമില്ലന്ന്...." __________________ രാത്രി ഭക്ഷണം കഴിക്കാതെ പ്ലേറ്റിൽ കളംവരച്ചുകൊണ്ടിരുന്ന പല്ലവിയെ കണ്ട് മാധവ് അവളെ സൂക്ഷിച്ചുനോക്കി... "ഡീ...നീ എന്ത് ആലോചിച്ച് ഇരിക്കാ...ഭക്ഷണം കഴിക്കുന്നില്ലേ...??? എന്തോ ആലോചനയിൽ ഒരു കൈ തലക്ക് താങ്ങുകൊടുത്ത് ഇരിക്കുന്ന പല്ലവിയെ നോക്കി പാർവതി ചോദിച്ചു..എന്നാൽ അവൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല....അവളുടെ മനസ്സിൽ മുഴുവൻ അർജുൻ ആയിരുന്നു... "ഡീ...നീ ഏത് സ്വപ്നലോകത്താ....??? മാധവ് അവളുടെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ട് ചോദിച്ചപ്പോൾ ആണ് അവൾക്ക് ബോധം വന്നത്... ""ങേ....എന്താ......????

ഞെട്ടിക്കൊണ്ട് പല്ലവി ചോദിച്ചു.... "നിനക്കെന്താ പവി പറ്റിയത്...ഇവിടെയൊന്നുംഅല്ലല്ലോ ചിന്ത...?? മാധവ് ചോദിച്ചതുകേട്ട് അവൾ ഒന്ന് ചിരിച്ചു... "അതേ...എനിക്ക് വിശപ്പില്ല..നിങ്ങള് കഴിച്ചോ ഞാൻ ഉറങ്ങാൻ പോകുവാ...ഗുഡ് നൈറ്റ്..." അതുംപറഞ്ഞവൾ എഴുന്നേറ്റ് റൂമിലേക്ക് ഓടി...ടേബിളിൽ ഇരുന്ന ഫോൺ അവൾ കയ്യിലെടുത്ത് പെട്ടെന്ന് എന്തോ ഓർത്തപോലെ ഫേസ്ബുക്കിൽ കയറി അർജുന്റെ പേര് സെർച്ച്‌ ചെയ്തു... ലിസ്റ്റിൽ ആദ്യംതന്നെ അവന്റെ പേര് കണ്ടതും അവളുടെ മുഖമൊന്ന് വിടർന്നു...ആവേശത്തോടെ അവന്റെ അക്കൗണ്ട് ഓപ്പൺ ചെയ്തു.. താടിയൊക്കെ ട്രിമ്മ് ചെയ്ത് ഒതുക്കി ചുണ്ടിൽ പുഞ്ചിരിയുമായി നിൽക്കുന്ന അർജുന്റെ ഫോട്ടോ കണ്ടതും അവൾ സ്വയം മറന്ന് നോക്കിയിരുന്നു..അവര് കോളേജിൽ പഠിക്കുന്ന സമയത്ത് എടുത്ത ഒരുപാട് ഫോട്ടോസ് അതിൽ ഉണ്ടായിരുന്നു..അർജുൻ പ്രണവിന്റെ കൂടെ അവന്റെ തോളിൽ കയ്യിട്ടുനിൽക്കുന്ന ഫോട്ടോ ഒക്കെ പല്ലവി ഒരു കൗതുകത്തോടെ നോക്കിക്കണ്ടു.... അതിനിടയിൽ അർജുൻ കുറിച്ചിട്ട ചില വരികൾ അവളുടെ ശ്രദ്ധയിൽപ്പെട്ടു.. "ആരും കാണാതെ ഒരു മയിൽപ്പീലി നിനക്കായി ഞാൻ കാത്തുവച്ചു..നിലാവുപെയ്യുന്ന രാത്രികളിലെ നിശാഗന്ധിയായി,,ഒരു മൃദു പുഷ്പമായി ഞാൻ കാത്തിരുന്നു...എന്നിട്ടും മനസ്സിൽ ഒരു മുറിവായി നീ മറഞ്ഞു..താളം തെറ്റിയ മനസ്സുമായി കാണാമറയത്ത് ഞാൻ അകന്നു...എങ്കിലും നിൻ പാദത്തിൽനിന്ന് ഉതിരുന്ന ചുവടുകൾ ഇന്നും കണ്ണിൽ മായാതെ കിടക്കുന്നു....💕"

അവൾ അവൻ നൽകിയ ചിലങ്ക കയ്യിലെടുത്ത് നെഞ്ചോട്‌ ചേർത്തു...അതിലെ ഓരോ മണിയിലൂടെ വിരൽ ഓടിക്കുമ്പോഴും ആ വരികൾ അവൻ പറയുന്നതുപോലെ അവളുടെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു... ഇതേസമയം അർജുന്റെ മനസ്സിലും പല്ലവിയെക്കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു...വിണ്ണിൽ നിലാവ് പൊഴിച്ചുനിൽക്കുന്ന പൂർണ്ണചന്ദ്രനിൽ അവളുടെ മുഖം തെളിഞ്ഞതുപോലെ അവനുതോന്നി...രാത്രിയെ അത്രമേൽ പ്രണയിക്കുന്നതുകൊണ്ടാകാം നിശാഗന്ധി അത്രമേൽ സുഗന്ധം പരത്തുന്നത്.... നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടാൻ പോകുന്നതുപോലെ അവനുതോന്നി...അതിന്റെ പ്രതിഫലനമെന്നോണം ചൊടികളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു... __________________ "അജുവേട്ടാ...........!!!! വിളികേട്ട് തിരിഞ്ഞുനോക്കിയപ്പോൾ അർജുൻ കണ്ടത് പടിക്കെട്ട് കയറി തന്റെ അടുത്തേക്ക് ഓടിവരുന്ന പല്ലവിയെ ആണ്....അവൻ പുഞ്ചിരിയോടെ തന്നെ അവളെ നോക്കിയിരുന്നു.. "അമ്മേ...മടുത്തു...." അവന്റെ അടുത്തെത്തി കിതപ്പോടെ അവൾ നടുവിന് കയ്യുംകൊടുത്ത് നിന്നു... "എന്തിനാ ഓടുന്നെ...നടന്നു വന്നാൽ പോരേ നിനക്ക്....???

"നടന്നാൽ പെട്ടെന്ന് അജുവേട്ടന്റെ അടുത്ത് എത്താൻ പറ്റില്ലല്ലോ..." ഒരു പ്രത്യേക ആക്ഷൻ ഇട്ട് അവൾ പറയുന്നത് കേട്ട് അവൻ ചിരിച്ചു... "ഹൈ...അപ്പൊ മര്യാദക്ക് ചിരിക്കാനോക്കെ അറിയാം അല്ലേ....ഇന്നെന്താ അജുവേട്ടാ അമ്പലത്തിൽ വരാഞ്ഞത്...ഞാൻ കൊറേനോക്കി...." അവന്റെ അടുത്ത് ഇരുന്നുകൊണ്ട് അവൾ ചോദിച്ചു.... "അതിന് ഇന്ന് ഞാൻ അമ്പലത്തിൽ വരുമെന്ന് നിന്നോട് പറഞ്ഞോ ഇല്ലല്ലോ...." തലചെരിച്ച് അവളെ നോക്കിക്കൊണ്ട് അർജുൻ ചോദിച്ചു... "ഇല്ല...എന്നാലും...വരണമല്ലോ...ഉണ്ണിക്കണ്ണനോട്‌ താങ്ക്സ് പറയണ്ടേ അജുവേട്ടന്....??? "താങ്ക്സോ...എന്തിന്....???? "അല്ല എന്നെപ്പോലെ ഒരു ചുന്ദരിക്കുട്ടിയെ കിട്ടിയില്ലേ...അതിന് താങ്ക്സ് പറയണ്ടേ പിന്നെ...!! വലിയ ഗമയിൽ അവൾ പറഞ്ഞതുകേട്ട് അവൻ വാ പൊത്തി ചിരിച്ചു...അതുകണ്ട് പല്ലവി അവനെ തുറിച്ചുനോക്കി തിരിഞ്ഞിരുന്നു....അർജുൻ അവളുടെ കാട്ടിക്കൂട്ടൽ കണ്ട് അങ്ങനെ ഇരുന്നു...പിന്നെ ഫോൺ എടുത്ത് അതിൽ നോക്കാൻ തുടങ്ങി... "ഹേ അജുവേട്ടന്റെ ഫോൺ ആണോ...നോക്കട്ടെ..." അവൻ ഫോണിൽ നോക്കുന്നത് കണ്ട് തിരിഞ്ഞിരുന്ന ആൾ പൊടുന്നനെ അവനുനേരെ ഇരുന്ന് ഫോൺ തട്ടിപ്പറിച്ചു നോക്കാൻ തുടങ്ങി... "ശ്ശോ....ഇതിൽ അജുവേട്ടന്റെ ഫോട്ടോസ് ഒന്നും ഇല്ലല്ലോ...." "ഞാൻ അല്ലേടി നിന്റെ മുന്നിൽ ഇരിക്കുന്നത്...ഇനി നിനക്ക് എന്റെ ഫോട്ടോ കൂടി കാണണോ....?? അവൻ പറഞ്ഞതുകേട്ട് അവൾ ഒന്ന് ഇളിച്ചുകൊടുത്തു... "ഹാ...ഇല്ലെങ്കിൽ പോട്ടെ...ബാ നമുക്ക് ഇപ്പോൾ ഒരു ഫോട്ടോ എടുക്കാം..."

അവൾ പറഞ്ഞതുകേട്ട് അവൻ നെറ്റിചുളിച്ചു... "ഫോട്ടോയോ...അതിപ്പോ എന്തിനാ....??? അവൾ അവനെനോക്കി ഒന്ന് പുഞ്ചിരിച്ചു.... "അജുവേട്ടന് ഇന്നലെ രാത്രി എന്നെ മിസ്സ്‌ ചെയ്തില്ലേ....??? അവന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു...മനസ്സിൽ തെളിഞ്ഞ പല്ലവിയുടെ മുഖം കാരണം ഉറക്കം വരാതെ കിടന്നത് അവൻ ഓർത്തു...പക്ഷെ അവൻ അത് പുറത്തുകാണിച്ചില്ല.. "ആര് പറഞ്ഞു....ഇന്നലെ ഞാൻ നിന്നെ ഓർത്തതുകൂടി ഇല്ല...." അവൻ പറഞ്ഞതുകേട്ട് അവൾ തലയാട്ടി ചിരിച്ചു... "അജുവേട്ടൻ ഇങ്ങനെയേ പറയൂന്ന് എനിക്ക് അറിയാമല്ലോ...എന്നാലും ഇപ്പോൾ ഈ മനസ്സിൽ നിറയെ മായാതെ കിടക്കുന്നത് ഞാൻ ആണെന്നും എനിക്ക് അറിയാം..." അവൻ അവളെത്തന്നെ നോക്കിയിരുന്നു...അവന്റെ കൂടെ അവൾ എത്ര സന്തോഷവതിയാണെന്ന് അവൻ ഓർത്തു... "എനിക്ക് എപ്പോഴും അജുവേട്ടന്റെ കൂടെത്തന്നെ ഇരിക്കാൻ തോന്നുവാ...വിട്ടുപോകാനെ തോന്നുന്നില്ല...അതല്ലേ അജുവേട്ടാ പ്രണയം...??? അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി അവൾ ചോദിച്ചു...ഇരുവരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു....അവളുടെ കണ്ണുകളിൽ നിറഞ്ഞുനിന്ന അവനോടുള്ള പ്രണയം അവൻ കണ്ടു... അവനിൽ നിന്നൊരു മറുപടി ഉണ്ടായില്ല...എന്നാൽ പല്ലവി ഒരു പുഞ്ചിരിയോടെ വീണ്ടും പറഞ്ഞുതുടങ്ങി..

. *"ആരും കാണാതെ എനിക്കായി കാത്തുവച്ച മയിൽപ്പീലി എന്നു നീ എനിക്ക് തരും..നിലാവുപെയ്യുന്ന രാത്രികളിലെ നിശാഗന്ധിയായി ഒരു മൃദു പുഷ്പമായി നീ ഇത്രയുംനാൾ എനിക്കുവേണ്ടി കാത്തിരുന്നില്ലേ...പക്ഷെ ഞാൻ ഈ നെഞ്ചിൽത്തന്നെ ഉണ്ടായിരുന്നു... മായാത്ത വസന്തമായി..എന്തുകൊണ്ട് നീ എന്നെ അറിഞ്ഞില്ല...?? ആർദ്രമായ അവളുടെ വാക്കുകൾ...അവന് ഒന്നും പറയാൻ കഴിഞ്ഞില്ല...പല്ലവിയുടെ മുഖം പല രാത്രികളിലും അവന്റെ ഉറക്കം നഷ്ടപ്പെടുത്തിയപ്പോൾ അവൻ കുറിച്ചിട്ട വരികൾ മനസ്സിലേക്ക് വന്നു.. ആ പ്രണയത്തിന് അവൾ അത്രയും മനോഹരമായ ഒരു മറുപടി കൊടുത്തു.....പതിയെ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... "പല്ലവി....വേഗം വാ...ക്ലാസ്സ്‌ ഇപ്പോൾ തുടങ്ങും....." പൂജ വിളിച്ചതുകേട്ടാണ് അവരുടെ മിഴികൾ വ്യതിചലിച്ചത്....അവൾ തിരിഞ്ഞുനോക്കി.... "നീ പൊയ്ക്കോ...ഞാൻ വന്നോളാം...." അതുംപറഞ്ഞവൾ വീണ്ടും അർജുന് നേരെ തിരിഞ്ഞു...അവൻ അവളെ ഒരു പിരികം ഉയർത്തി നോക്കി.. "എന്താ നിനക്ക് ക്ലാസ്സിലൊന്നും കയറണ്ടേ...പോടീ ക്ലാസ്സിൽ.." "വേണ്ട..അജുവേട്ടൻ പോകുമ്പോൾ ഞാനും പോകാം...." "ഞാൻ ഇപ്പോൾ പോകുന്നില്ലെങ്കിലോ....??? "എങ്കിൽ ഞാനും പോകുന്നില്ല....." ഇളിച്ചുകൊണ്ട് പല്ലവി പറഞ്ഞു....

"അങ്ങനെയിപ്പോ വേണ്ട...എന്റെ സ്വഭാവം മാറ്റാതെ മര്യാദക്ക് പോയിരുന്ന് പഠിക്കാൻ നോക്കടി...." അർജുൻ കലിപ്പായതും പല്ലവി അവനെനോക്കി ചുണ്ട് പിളർത്തി...ഹും ദുഷ്ടൻ ഇത്തിരിനേരം കൂടി ഇരിക്കാൻ സമ്മതിക്കില്ലെ ജാഡ കലിപ്പൻ..അവൾ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റ് നടന്നു... "എന്താടി വിളിച്ചത്......?? ചുണ്ടിൽ ഊറിവന്ന ചിരി മറച്ചുകൊണ്ട് അവൻ ചോദിച്ചു....അവൾ പോണ വഴിയിൽ ഒന്നുമില്ലന്ന് ചുമൽ കൂച്ചിക്കാനിച്ചു... പെട്ടെന്ന് അവൾ എന്തോ ഓർത്തതുപോലെ വീണ്ടും അവന്റെ അടുത്തേക്ക് ഓടിവന്നു....അവൻ എന്തെന്ന അർഥത്തിൽ അവളെനോക്കി...അവൾ അവന്റെ കയ്യിൽനിന്ന് ഫോൺ പിടിച്ചുവാങ്ങി അവളുടെ നമ്പർ അതിൽ സേവ് ചെയ്തുവച്ചു... "രാത്രി എന്തായാലും വിളിക്കണേ അജുവേട്ടാ...ഇല്ലെങ്കിൽ ഞാൻ മിണ്ടില്ലാട്ടോ...." ഫോൺ അവന്റെ കയ്യിൽത്തന്നെ കൊടുത്ത് അതുംപറഞ്ഞുകൊണ്ട് അവൾ ക്ലാസ്സിലേക്ക് ഓടി...അവൻ അവൾ പോകുന്നതും നോക്കി ചിരിയോടെ ഇരുന്നു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story