രാഗലോലം: ഭാഗം 1

ragalolam new

രചന: മിത്ര വിന്ദ

സമയം വെളുപ്പിന് മൂന്ന് മണി ആയതേ ഒള്ളു കല്ലു മോളെ........മോളെ... ഒന്ന് എഴുനേൽക്കുവോ..... നിലത്തു പായ വിരിച്ചു കിടന്ന് ഉറങ്ങുന്ന കാളിന്ദി യെ നോക്കി ജാനകിയമ്മ വിളിച്ചു.. മോളെ...മോളെ എന്താ....അച്ഛമ്മേ... എന്ത് പറ്റി... അവൾ ചാടി എഴുനേറ്റു. വല്ലാത്ത പരവേശം കുഞ്ഞേ, ഇത്തിരി കട്ടൻ കാപ്പി വെച്ചു തരാമോ.. യ്യോ... എന്ത് പറ്റി അച്ഛമ്മേ... സുഖം ഇല്ലേ? കുഴപ്പം ഒന്നും ഇല്ല മോളെ..... ഒരു സ്വപ്നം കണ്ടു എഴുന്നേറ്റത് ആണ്...ഇത്തിരി കാപ്പി കിട്ടിയിരുന്നു എങ്കിൽ.... അവൾ വേഗം പോയി കൈപ്പിടി ഇല്ലാത്ത അലുമിനിയം പാത്രത്തിൽ അവർക്ക് ഉള്ള കാപ്പിക്ക് വെള്ളം വെച്ചു.... ഏലക്കയും ജീരകവും ഉലുവയും കൂട്ടി വറുത്തു പൊടിച്ചു വെച്ച കാപ്പി പൊടി ആണ്...

അല്പം എടുത്തു തിളച്ച വെള്ളത്തിലേക്ക് ഇട്ടപ്പോൾ നല്ല മണം പൊന്തി വന്നു.. ആവശ്യത്തിന് മധുരവും ചേർത്തു കൊണ്ട് അവൾ വേഗം അവർക്ക് ഉള്ള കാപ്പി കൊണ്ട് പോയി കൊടുത്തു. അല്പഅല്പമായി അവർ അത് ഊതി ഊതി കുടിക്കുക ആണ്.. ഇപ്പോൾ എങ്ങനെ ഉണ്ട് അച്ഛമ്മേ...ആശ്വാസം ഉണ്ടോ.. ഹ്മ്മ്... കുഴപ്പമില്ല മോളെ... നിയ് ലൈറ്റ് കെടുത്തിയിട്ട് കിടന്നോ. അത് ഒന്നും സാരമില്ല... അച്ഛമ്മക്ക് എന്തെങ്കിലും വേണോ ഇനി... വേണ്ട..... മോള് കിടന്നോ.. കാലത്തെ എഴുനേൽക്കണ്ടേ... അവർ പറഞ്ഞപ്പോൾ അവൾ വീണ്ടും കിടന്നു.. ഇവളാണ് കാളിന്ദി എന്ന കല്ലു മോൾ... അച്ഛമ്മയോട് സ്വപ്നത്തെ കുറിച്ച് ചോദിക്കണമെന്ന് ഉണ്ട്.. പക്ഷെ ഇനീ അത് ഓർത്തു പോയാൽ അച്ഛമ്മക്ക് വിഷമം ആകുമോ എന്ന് അവൾ ഭയപ്പെട്ടു.. ജാനകിയമ്മയുടെ മനസ്സിൽ കൂടെ പല വിചാരങ്ങൾ കടന്നു പോയി..

ഏതോ ഒരു വലിയ മലയുടെ മുകളിൽ നിന്നും താഴേക്ക് എടുത്തു ചാടാൻ പോകുന്ന കാളിന്ദി.... ആരോ ഒരാൾ വന്നു അവളെ തള്ളി ഇടുക ആണോ അതോ രക്ഷപ്പെടുത്തുക ആണോ എന്ന് അറിയും മുൻപു കണ്ണ് തുറന്നു... ൻറെ മുരുകാ... എല്ലാവരും ഉണ്ടെങ്കിലും ആർക്കും വേണ്ടാത്ത ജന്മം ആണ് എന്റെ കുട്ടീടെ.... അവളെ കാത്തു രക്ഷിക്കണേ.... അവർ മനം ഉരുകി പ്രാർത്ഥിച്ചു കൊണ്ട് കിടന്നു. കൃത്യം 6മണി ആയപ്പോൾ കാളിന്ദി കണ്ണ് തുറന്നു. അച്ഛമ്മ അപ്പോൾ എഴുനേറ്റ് പോയിരുന്നു.. അവൾ കണ്ണും തിരുമ്മി എഴുന്നേറ്റു.. പായ എടുത്തു മടക്കി അച്ഛമ്മയുടെ കട്ടിലിന്റെ അടിയിൽ വെച്ചു. തലയിണ എടുത്തു അച്ഛമ്മയുടെ കട്ടിലിലും വെച്ചു. പുതപ്പ് മടക്കി അതിന്റെ മീതെ വെച്ചിട്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി... തലേ ദിവസം മഴ പെയ്തിരുന്നു... അതുകൊണ്ട് മുറ്റത് ആകെ ഒരു നനവ് ഉണ്ട്.....

മുല്ലയും തെച്ചിയും മന്ദാരവും ഒക്കെ ഒന്ന് നനഞു കുളിച്ചു ഉഷാറായി നിൽക്കുന്നു... വീടിന്റെ വടക്ക് വശത്തു ഉള്ള വേലിക്കു ഇരു പുറവും പയറും പാവലും പടർന്നു പന്തലിച്ചു കിടക്കുക ആണ്.... ഒരു വശത്തായി ചീരയും വഴുതനയും ഇഞ്ചിയും മഞ്ഞളും ഒക്കെ നിൽക്കുന്നു. മഴ പെയ്തത് കൊണ്ട് ആവും എല്ലാവരും നാണത്തോടെ കുനിഞ്ഞു നിൽക്കുക ആണ്.... കാളിന്ദി ചൂലെടുത്തു മുറ്റം നാലു വശവും അടിച്ചു വാരി.... അതിന് ശേഷം അടുക്കളയിൽ വന്നപ്പോൾ അച്ഛമ്മ അവൾക്ക് ചായ ഇട്ട് വെച്ചിട്ടുണ്ട്.. ചായ ഒരു കവിൾ ഇറക്കി കൊണ്ട് അവൾ തലേ ദിവസം പറിച്ചു വെച്ചിരുന്ന പാവക്ക എടുത്തു മേശമേൽ വെച്ചു. . അത് ഒരു മെഴുക്കുപുരട്ടി വെയ്ക്കാം അല്ലേ അച്ഛമ്മേ... ഹ്മ്മ്... മോളുടെ ഇഷ്ടം എന്താണോ അങ്ങനെ ചെയ്യു.. അവർ കഞ്ഞിക്കുള്ള വെള്ളം ഒരു ചെറിയ മൺകലത്തിൽ എടുത്തു വെച്ചിരുന്നു. ചെറിയ കൊതുമ്പു കീറിയതും അല്പം ചകിരി യും ഒക്കെ വെച്ചു അവൾ വേഗം തീ പിടിപ്പിച്ചു. എന്നിട്ട് വെള്ളം എടുത്തു അടുപ്പത്തു വെച്ചു.. കാപ്പിക്കെന്താ ഇന്ന്....? അവല് നനയ്ക്കാം മോളെ...

ഇന്നലെ കാറ്റു വീശി ചെറുതായിട്ട്... അപ്പോൾ നമ്മുടെ ആ കഥളി കുല ഒടിഞ്ഞുപോയി.. അഞ്ചാറ് പഴം മൂത്തത് ആണ്.... അതും കൂട്ടി കഴിയ്ക്കാം.... അവർ പറഞ്ഞു. എങ്കിൽ അങ്ങനെ ചെയാം മുത്തശ്ശി.. അവൾ വെള്ളം ചൂട് ആയപ്പോൾ ഇരു നാഴി അരി എടുത്തു കഴുകി അടുപ്പത്തു ഇട്ടു. പാവയ്ക്ക യും ചുവന്നുള്ളിയും രണ്ട് പച്ചമുളകും അല്പം ഉപ്പും ഒഴിച്ച് ചെറു തീയിൽ വേവിക്കാൻ വെച്ചു. അവലിനു വേണ്ട നാളികേരം ചിരകി മുത്തശ്ശിയുടെ കയ്യിൽ കൊടുത്തു.. കാളിന്ദി ....... സാരോമ്മ ആണല്ലോ.... എന്താ ഇത്ര ആവശ്യം.. അവൾ മുറ്റത്തേക്ക് ഇറങ്ങി ചെന്ന്. എന്താ സരോമ്മേ... മോളെ... എന്റെ ഫോൺ il ആരെങ്കിലും വിളിച്ചാൽ പാട്ട് കേൾക്കുന്നില്ല. ഒന്ന് നോക്കുമോ... ആഹ്... കാണിച്ചേ നോക്കട്ടെ... അവൾ ഫോൺ എടുത്തു പരിശോധിച്ച്.... . സൈലന്റ് ആയി പോയത് ആണ്....

ഇതാ ഇപ്പോൾ ശരി ആക്കി കെട്ടോ.. അവൾ ഫോൺ തിരികെ അവരുടെ കൈയിൽ ഏൽപ്പിച്ചു. അപ്പോളേക്കും മമ്മുക്ക മീനും ആയിട്ട് വന്നു... അര കിലോ അയില മേടിച്ചു കൊണ്ട് അച്ഛമ്മ അടുക്കള വശത്തേക്ക് പോയി.. കാളിന്ദി അത് എല്ലാം വെട്ടി കഴുകി വേഗം വൃത്തിയാക്കി വെച്ചു. അപ്പോളേക്കും സമയം 8മണി ആയിരുന്നു. മോളെ.... കുളി കഴിഞ്ഞോ... സമയം പോയിരിക്കുന്നു. ദാ കഴിഞ്ഞു അച്ഛമ്മേ.... ഇപ്പോൾ വരാം.. കുളി കഴിഞ്ഞു വേഗത്തിൽ അവൾ ഇറങ്ങി വന്നു.നരച്ചു തുടങ്ങിയ ഒരു ചുരിദാർ എടുത്തു ഇട്ടു കൊണ്ട് വേഗത്തിൽ അവൾ ഇത്തിരി ചന്ദനം എടുത്തു നെറ്റിയിൽ വരച്ചു അവൾ മുറ്റത്തേക്ക് ഇറങ്ങി... കുളിച്ചെങ്കിലും മീനിന്റെ മണം കൈയിൽ നിന്ന് പോയിട്ടില്ല. അല്പം കർപ്പുര തുളസി യുടെ ഇല എടുത്തു അവൾ കൈയിൽ ഞെരടി.... അടുത്ത വീട്ടിലെ മൂന്ന് കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്.. കാലത്തും വൈകിട്ടും...

അവൾ വേഗത്തിൽ അവരുടെ വീട്ടിലേക്ക് നടന്നു. ശോ.. ഈ കുട്ടി ഒന്നും കഴിക്കാതെ പോകുവാണോ... മോളെ..... ടി.. എന്തെങ്കിലും കഴിച്ചിട്ട് പോ.... സാരമില്ല അച്ഛമ്മേ... ഞാൻ വന്നിട്ട് കഴിച്ചോളാം... ചെമ്പരത്തി വേലി മറി കടന്നു പോകുമ്പോൾ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.. ഇവൾ ആണ് നമ്മുടെ കഥയിലെ നായിക....കാളിന്ദി....വടക്കേപറമ്പിൽ രാഘവന്റെയും ദേവയാനിയുടെയും ഒരേ ഒരു മകൾ.. കുഞ്ഞു പിറന്നു ഒരാഴ്ചക്ക് ഉള്ളിൽ ദേവയാനി അമിതമായ രക്ത ശ്രാവത്തെ തുടർന്ന് മരിച്ചു പോയി.. അന്ന് മുതൽ തുടങ്ങിയത് ആണ് രാഘവൻ മദ്യപാനം.. ഒപ്പം അയാൾക്ക് കുഞ്ഞിനോട് കാണുന്നത് പോലും വെറുപ്പ് ആയിരുന്നു.തന്റെ ഭാര്യയുടെ ജീവൻ എടുപ്പിച്ച മുടിഞ്ഞ സന്തതി ആണ് ഇവൾ എന്ന് പറഞ്ഞു കൊണ്ട് അയാൾ ആടി ആടി വീട്ടിലേക്ക് വരും.. കുഞ്ഞിനെ ഉപദ്രവിക്കും..

ഇത് കണ്ട് സഹിക്കാൻ വയ്യാതെ രാഘവന്റെ അമ്മ (അച്ഛമ്മ )കുഞ്ഞിനേയും ആയിട്ട് അവരുട അച്ഛന്റ്റെ കാലത്ത് വീതം ആയി കൊടുത്ത ഒരു ചെറിയ വീട്ടിലേക്ക് താമസം മാറിയത് ആണ്. രാഘവൻ ആ കുഞ്ഞിനേയും അമ്മയെയും കാണാൻ പോലും ഒരിക്കലും വന്നിട്ടില്ല... പിന്നീട് ആരോ പറഞ്ഞു അറിഞ്ഞു അയാൾ വേറെ വിവാഹം കഴിച്ചു എന്നും രണ്ട് മക്കൾ ഉണ്ടായി എന്നും.. എവിടെ ആണ് താമസം എന്നൊന്നും അറിയില്ല... അച്ഛമ്മയുടെ പെൻഷൻ തുകയും പിന്നെ അവരുടെ ബാക്കി മക്കൾ ഒക്കെ കൊടുക്കുന്ന പൈസ സ്വര് കൂട്ടി വെച്ചും ഒക്കെ ആണ് അവർ കാളിന്ദിയെ ഡിഗ്രി വരെ പഠിപ്പിച്ചത്.. അത് കഴിഞ്ഞു അവൾ ചെറിയ കുട്ടികൾക്ക് ഒക്കെ ട്യൂഷൻ എടുത്തു കൊണ്ട് അതിലെ വരുമാനം ഒക്കെ ആയി ആ രണ്ട് പേരും കഴിഞ്ഞു പോകുന്നു. ****** ശോഭ ചേച്ചിയേ....... ഓഹ്.... എന്റെ നൈറ്റി തയ്ച്ചോ....

ബീന തൊഴിലുറപ്പിനു പോയിട്ട് തിരിച്ചു വരുമ്പോൾ ഞാൻ തയ്ച്ചു വെച്ചേക്കാം..... അആഹ്... ശരി ചേച്ചി...മറക്കല്ലേ... ഇല്ല.... പോയിട്ട് വരുമ്പോൾ വിളിച്ചാൽ മതി.... ഓ..... ശ്രീക്കുട്ടി... എടി...നിയ് ആ ആടിന് ഇത്തിരി പ്ലാവില്ല ഇട്ട് കൊടുത്തേക്ക് കേട്ടോ.. ഞാൻ ഈ പുട്ട് ഒന്ന് നനയ്ക്കട്ടെ... കണ്ണൻ 9.30ആകുമ്പോൾ വരും. വിശന്നാൽ പിന്നെ അവനു കണ്ണ് കാണില്ല.... ശ്രീക്കുട്ടി കോളേജിൽ പോകാനായി ഒരുങ്ങി ഇറങ്ങി വന്നു.. അമ്മേ..... ആഹ്ഹ്.. ഇന്നെന്നാ കറി.. ഉരുളകിഴങ്ങ് മെഴുക്കുപുരട്ടിയും മാങ്ങാ ചമ്മന്തിയും.. പിന്നെ മുട്ട പൊരിച്ചു വെച്ചിട്ടുണ്ട്.. അടിപൊളി.... അവൾ വായിലേക്ക് വെള്ളം നറച്ചു കൊണ്ട് പറഞ്ഞു. ഹ്മ്മ്.... നീ ചെല്ല് ചെല്ല്.... സമയം പോകുന്നു... ബസ് വരും ഇപ്പോൾ.. അമ്മ പറഞ്ഞപ്പോൾ അവൾ അമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തിട്ട് കോളേജിൽ പോകാനായി ഇറങ്ങി.. മോളെ...

ഇത്തിരി പ്ലാവില്ല ഇട്ട് കൊടുക്കണേ മണിക്കുട്ടിക്ക്.... ഓ ശരി അമ്മേ... ഇത് ശങ്കര വിലാസത്തിൽ രാജന്റെയും ശോഭയുടെയും വീട്. രാജൻ റബർ ടാപ്പിംഗ് തൊഴിലാളി ആണ്..ശോഭയ്ക്ക് തയ്യലുണ്ട്.. പിന്നെ ഒരു കറവ പശുവും രണ്ട് ആടും കോഴിയും ഒക്കെ ഉണ്ട്..അവർക്ക് മൂന്ന് മക്കൾ ആണ്.കണ്ണനും രാജിയും ശ്രീകുട്ടിയും . രാജി വിവാഹ കഴിഞ്ഞു ഭർത്താവും ഒരു കുഞ്ഞും ആയിട്ട് കഴിയുന്നു.. ഭർത്താവ് സുമേഷ് ഓട്ടോ ഡ്രൈവർ. കണ്ണൻ ഡിഗ്രി ഒക്കെ കഴിഞ്ഞത് ആണ്. തുടർന്ന് പഠിക്കാൻ പോകാൻ അവനു മടി ആയിരുന്നു.. ഇടയ്ക്ക് അവന്റെ അമ്മവൻ അവനെ ഡ്രൈവിംഗ് പഠിപ്പിച്ചു.. ഇപ്പോൾ ആ നാട്ടിലെ പുത്തൻ പണക്കാരൻ ആയ ജോസഫ് മാത്യു ന്റെ പാറമടയിൽ നിന്നും ടിപ്പർ il കല്ലടിക്കുക ആണ് കണ്ണന്റെ ജോലി... കാലത്തെ പോകും അവൻ.. അത് കഴിഞ്ഞു പിന്നെ 9ആകും മുൻപ് തിരിച്ചു വരും.

കാരണം സ്കൂൾ സമയത്ത് വണ്ടി ഇറക്കാൻ പറ്റില്ല... വണ്ടിയും ആയിട്ട് തിരികെ വരുമ്പോൾ കാപ്പി റെഡി ആക്കി വെച്ചില്ലെങ്കിൽ അമ്മയോട് അവൻ നല്ല അസ്സലായി വഴക്ക് കൂടും... അതുകൊണ്ട് ആണ് ശോഭ വേഗത്തിൽ പുട്ട് ഉണ്ടാക്കുന്നത്.. ശ്രീകുട്ടിക്ക് എന്നും ഇത്തിരി ചൂട് ചോറ് മതി.. രാജൻ പോകുമ്പോൾ അയാൾക്ക് ഇത്തിരി പഴങ്കഞ്ഞിയും എന്തെങ്കിലും കറിയും കൂട്ടി കൊടുത്തു വിടും. അയാൾക്ക് അതാണ് ഇഷ്ടം... മകന്റെ കാര്യത്തിലേ ഒള്ളു ഈ പ്രശ്നം... അവൻ ഇത്തിരി ദേഷ്യക്കാരൻ ആണ്... മുത്തച്ഛന്റെ സ്വഭാവം ആണ് അവനു കിട്ടിയിരിക്കുന്നത് എന്നും പറഞ്ഞു എല്ലാവരും അവനെ കളിയാക്കും.... ടിപ്പർ വന്നു ഒതുക്കുന്ന ശബ്ദം കേട്ടതും ശോഭ അടുക്കളയിലെ ജനാലയിൽ കൂടെ റോഡിലേക് നോക്കി. ഹ്മ്മ്.... എത്തി... . അവർ ആവി പറക്കുന്ന പുട്ടും കടല കറിയും എടുത്തു ചെറിയ ഡൈനിംഗ് ടേബിളിൽ വെച്ച്.. പാൽ എടുത്തു അടുപ്പത്തു വെച്ചു ചായ ഉണ്ടാക്കാനായി.. അമ്മേ...... കണ്ണൻ വിളിച്ചു. എന്താ മോനെ... ഇന്നാ .....

അവൻ എന്തോ ഒരു പൊതി അവരുടെ കൈലേക്ക് കൊടുത്തു. ഇത് എന്നാടാ..... ബാപ്പുട്ടീടെ ഉമ്മ തന്നത് ആണ്.... കണ്ണന്റെ ഉറ്റ ചങ്ങാതി ആണ് ബാപ്പുട്ടി.. ആഹ്ഹ... നല്ല പത്തിരിയും കോഴി കറിയും... ശോഭയുടെ കണ്ണുകൾ തിളങ്ങി. ഇന്നെന്താ മോനെ വിശേഷം... നാസിയക്ക് ഒരു ആലോചന.... ചെക്കന്റെ വിട്ടിൽ നിന്നും മൂന്നാല് ആളുകൾ വരും... അതിനുണ്ടാക്കിയത് ആണ്.. അവൻ കിണറ്റിൽ നിന്നും വെള്ളം കോരി കൊണ്ട് കുളിപ്പുരയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു. കാലത്തെ കുളി കഴിഞ്ഞു ആണ് പോകുന്നത് അവൻ.... വന്നു കഴിഞ്ഞാലും രണ്ട് തൊട്ടി വെള്ളം എടുത്തു മെത്തൊഴിച്ചിട്ടേ വീട്ടിലേക്ക് കയറു.... അവൻ കേറി വന്നപ്പോൾ ശോഭ ചായ എടുത്തു വെച്ച്.. എടാ... പുട്ടും കടലയും ആണ് ഇവിടെ.. നിനക്കെന്നതാ മോനെ വേണ്ടത്.. എനിക്ക്പുട്ട് മതി.. അവൻ ആവി പറക്കുന്ന പുട്ട് കൈ കൊണ്ടൊന്നു പൊടിച്ചു... അല്പം കടലക്കറി മീതെ ഒഴിച്ച് കുഴച്ചു....... എന്നിട്ട് ആസ്വദിച്ചു ഇരുന്നു കഴിച്ചു. (കാളിന്ദിയുടെയും കണ്ണന്റെയും കഥ ഇവിടെ തുടങ്ങുക ആണ്...തനി നാടൻ ആണ് കെട്ടോ.... 🥰🥰🥰എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിച്ചു കൊണ്ട് സ്നേഹത്തോടെ മിത്ര 😍)

Share this story