രാഗലോലം: ഭാഗം 13

ragalolam new

രചന: മിത്ര വിന്ദ

അവൻ മെല്ലെ മിഴികൾ ഉയർത്തി അവളെ നോക്കി. വേഷം ഒക്കെ മാറിയിരിക്കുന്നു ഇത്ര പെട്ടന്ന്.... അവളുടെ മേൽചുണ്ടിന് മുകളിലായി വിയർപ്പ് കണങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു.. വല്ലാത്ത ഭയം ആണ് അവൾക്ക് എന്ന് അവനു തോന്നി. നീണ്ടു മെലിഞ്ഞ കൈകൾ ആണ് അവളുടേത്..ഒരു aആഡo ഭരവും ചമയങ്ങളും ഇല്ലാത്ത ഒരു പെൺകുട്ടി..കുട്ടിക്കുറ പൌഡറിന്റെ മണം അവൾ അടുത്ത് വന്നപ്പോൾ അവനു തോന്നി.. കണ്ണൻ ചായ മേടിച്ചു. .. അത് മേടിക്കാൻ നോക്കി ഇരുന്നതും അവൾ അകത്തേക്ക് ഓടി പോയി എന്തോ വല്ലാത്തൊരു വാത്സല്യമാണ് അവനു അപ്പോൾ തോന്നിയത് അവളോട്.... ശരിക്കും ഒന്ന് കണ്ടു കൂടിയില്ല... അപ്പോഴേക്കും ഓടിക്കളഞ്ഞു.. അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി മൊട്ടിട്ടു.... "പാവം ആണ് മോനെ എന്റെ കുട്ടി.... അച്ഛനും അമ്മയും ആരുമില്ലാതെ ആണ് അവൾ വളർന്നത്... ഒരുപാട് നൊമ്പരങ്ങൾ അനുഭവിച്ചവളാണ് അവൾ.... അവൾക്ക് സ്വന്തം എന്നു പറയാൻ ഈ ഭൂമിയിൽ ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ... എനിക്കും പ്രായമായി വരികയാണ്..

എപ്പോഴാ മുകളിലേക്ക് പോകേണ്ടത് എന്നറിയില്ല. അതുകൊണ്ടാണ് കല്ലു മോളെ കെട്ടിച്ച് അയക്കാം എന്ന് ഞാൻ തീരുമാനിച്ചത്.... ആ തീരുമാനം ഇത്തിരി മുൻപേ ആയി " അച്ഛമ്മയുടെ മിഴികൾ നിറഞ്ഞുവന്നു. കല്ലു എന്നാണോ പേര്.... പേരുപോലും സത്യത്തിൽ തനിക്കറിയില്ലായിരുന്നു എന്ന് അവനപ്പോൾ ഓർത്തത്.... ശ്രീക്കുട്ടി തന്നോട് പറഞ്ഞോ ആവോ... താൻ മറന്നിരിക്കുന്നു.... കൂടുതലായി ഒന്നും താൻ ചോദിച്ചിരുന്നില്ല.... ശരിക്കും പറഞ്ഞാൽ ഇവരോട് ഈ വിവാഹബന്ധത്തിൽ നിന്നും പിന്മാറണം എന്നു പറയുവാനാണ് താൻ ഇവിടെ വന്നത്.. പക്ഷേ അവളെ കണ്ടപ്പോൾ, മനസ്സിൽ എവിടെയോ ഒരു പനിനീർ ദളം പോലെ.... ശരിക്കും കല്ലുമോളുടെ നാട് ഇവിടെയല്ല.. മോൻ കേട്ടിട്ടുണ്ടോ മുണ്ടക്കയം... അവിടെ നിന്ന് കുറച്ചു ഉള്ളിലോട്ട് കയറി പാലൂർക്കാവ് എന്നു പറഞ്ഞ സ്ഥലത്താണ് കല്ലുമോൾ ജനിച്ചത് അച്ഛമ്മ പറഞ്ഞു തുടങ്ങി " കല്ലുമോൾ ജനിച്ചു കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് അവളുടെ അമ്മയ്ക്ക് അമിതമായ രക്തസ്രാവം ഉണ്ടായത്...

ആശുപത്രിയിൽ ഒന്ന് രണ്ട് ദിവസം കിടന്നു എങ്കിലും, ഫലവൊന്നും ഉണ്ടായില്ല.. അവൾ മരിച്ചതോടെ എന്റെ മകനോട് കുറച്ച് ആളുകൾ ഓരോന്നു പറഞ്ഞ് പേടിപ്പിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കി... അമ്മയെ കൊന്നവൾ ആണെന്നും അടുത്തത് അച്ഛനെ ആണെന്നും ഒക്കെ പറഞ്ഞ് ഏതൊക്കെയോ വിവരദോഷികൾ അവനെ ഈ കുഞ്ഞിൽ നിന്നും അകറ്റി.. ഒരു സുപ്രഭാതത്തിൽ ആരോടും പറയാതെ അവൻ നാടുവിട്ടുപോയി... ഇത്തിരി പോന്ന ഈ പിഞ്ചുകുഞ്ഞിനെ നോക്കാൻ ആരുമില്ലായിരുന്നു മോനെ,, ആദ്യത്തെ കുറച്ചുദിവസം അവളുടെ അമ്മയുടെ വീട്ടുകാരൊക്കെ കൊണ്ടുപോയി പരിചരിച്ചു.. അമ്മിഞ്ഞ പാലിന്റെ മണം ചുണ്ടിൽ നിന്നും മാറാത്ത ഈ കുഞ്ഞിനെ എന്ത് ചെയ്യാൻ.. അങ്ങനെ ആണ് ഞാൻ കല്ലുമോൾടെ അമ്മവീട്ടിൽ ചെന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു പോന്നത്...കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവളുടെ അച്ഛൻ തിരിച്ചുവന്നു.. അവനവന്റെ തെറ്റ് മനസ്സിലായി തിരിച്ചു വന്നതാണ് എന്നാണ് ഞാൻ കരുതിയത്... പക്ഷേ അല്ലായിരുന്നു..

അവന് പുതിയൊരു ബന്ധം ഉടലെടുത്തിരുന്നു. അവളെ വിവാഹം കഴിച്ച് അവനവിടെ താമസിക്കണം എന്നും ഞാൻ ഈ കുഞ്ഞിനെയും കൊണ്ട് അവിടെ നിന്നും ഇറങ്ങി മാറണമെന്നും അവൻ എന്നോട് ആവശ്യപ്പെട്ടു.... ആകെ തരിച്ചു നിന്നുപോയി ഞാൻ.... എന്ത് ചെയ്യണമെന്ന് ഒരു ഊഹവും ഇല്ലായിരുന്നു... അങ്ങനെയിരിക്കെ ഇവിടേക്ക് വരാൻ ഞാൻ തീരുമാനിച്ചത്. ഇത് എന്റെ വീടാണ് മോനെ ഞാൻ ജനിച്ചു വളർന്ന വീട്... എനിക്ക് വേറെ സഹോദരങ്ങൾ ആരുമില്ലായിരുന്നു.. അതുകൊണ്ട് ഇവിടെ നിന്നും എന്നെ ഇറക്കി വിടാൻ ആരും വന്നില്ല.. ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട് എന്റെ കുഞ്ഞ്... പക്ഷേ നല്ല ഒന്നാന്തരമായി അവൾ പഠിക്കുമായിരുന്നു.. ഞാൻ കൂലിപ്പണി ചെയ്താണ് ഇവളെ വളർത്തിയത്. ഇപ്പോൾ എന്റെ കുട്ടിക്ക് ട്യൂഷൻ എടുക്കാൻ കുറച്ചു കുട്ടികളെ കിട്ടി . ആ കിട്ടുന്ന വരുമാനം കൊണ്ട് ഞങ്ങൾ രണ്ടാളും കഴിഞ്ഞു പോകും പിന്നെ എന്റെ പെൻഷനും ഉണ്ട്.... എന്റെ കുട്ടി പാവമാണ് മോനെ... ഒരു മനുഷ്യരോട് പോലും എതിർത്തൊരു വാക്കുപോലും അവൾ പറയില്ല,

ഇതുവരെ ഒരു ചീത്ത പേരുപോലും എന്റെ കുട്ടി കേൾപ്പിച്ചിട്ടില്ല... ആകെ ഉള്ള വിഷമം അവൾക്ക് സ്വന്തം അച്ഛന്റെയും അമ്മയുടെയും ഒരിറ്റു സ്നേഹം പോലും കിട്ടിയിട്ടില്ല..... ആദ്യമൊക്കെ ചെറിയ പ്രായത്തിൽ എന്നോട് ഓരോന്ന് പറഞ്ഞ് അവൾ കരയുമായിരുന്നു.. കൂട്ടുകാരൊക്കെ അവരുടെ അച്ഛനെയും അമ്മയെയും ഒക്കെ ആയിട്ട് സ്കൂളിൽ വരുമ്പോൾ ഇവിടെ വന്നിരുന്ന് എന്റെ മടിയിൽ കിടന്നു വിതുമ്പും..... ഞാൻ എത്രയൊക്കെ പറഞ്ഞ ആശ്വസിപ്പിച്ചാലും അവളുടെ സങ്കടം തീരില്ലായിരുന്നു.... അച്ഛമ്മയുടെ ശബ്ദമിടറി .... കല്ലു മോളെ.... അവർ അകത്തേക്ക് നോക്കി വിളിച്ചു... അവനും താൻ അറിയാതെ അകത്തെ വാതിലിലേക്ക് കണ്ണു നട്ടു... പെട്ടെന്ന് അവൾ വാതിലിന്റെ മറവിൽ വന്നു നിന്നു... മോളെ ഈ ചായ കുടിച്ച ഗ്ലാസ്സ് എടുത്തുകൊണ്ടുപോയിക്കോ.... കണ്ണൻ ചായ കുടിച്ചതിനുശേഷം ഗ്ലാസ് അരഭിത്തിയിൽ വച്ചിട്ടുണ്ടായിരുന്നു ... അവൾ അപ്പോഴേക്കും ഇറങ്ങി വന്നു.. കരഞ്ഞിട്ടുണ്ടെന്ന് മുഖം കാണുമ്പോഴേ മനസ്സിലാകു... കണ്ണൻ ഗ്ലാസ് എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു...

അവൾ പക്ഷെ മുഖം ഉയർത്തി ഒന്ന് നോക്കുക പോലും ചെയ്തില്ല.. വേഗം തന്നെ അവൾ അകത്തേക്ക് വീണ്ടും കയറി പോയി... കല്ലുമോൾക്ക് ഒരേ യൊരു ആഗ്രഹമേ ഉള്ളൂ, പഠിച്ച് പിഎസ്സി എഴുതിയ ഒരു ജോലി മേടിക്കണം എന്ന്.. അതിനു മോന്റെ അമ്മയ്ക്ക് സമ്മതമാണ്, എത്ര വേണമെങ്കിലും ഇവളെ പഠിപ്പിക്കാം എന്ന് ശോഭ ഞങ്ങൾക്ക് വാക്ക് നൽകിയിട്ടുണ്ട്...അച്ഛമ്മ വീണ്ടും പറഞ്ഞു.. മോന് എതിർപ്പ് ഉണ്ടോ.... കല്ലു മോള് തുടർന്ന് പഠിക്കുന്നതിൽ... ഇല്ല മുത്തശ്ശി..... കല്ലു പഠിച്ചോട്ടെ.... ഞങ്ങൾക്ക് സന്തോഷം ഒള്ളൂ.... കണ്ണൻ പറഞ്ഞു.. അവരുടെ മനസു നിറഞ്ഞു.. " മോൻ....കുടിക്കുവോ.... " ഇടയ്‌ക്ക് ഒക്കെ കുടിക്കും.... എന്ന് കരുതി ഞാൻ ഒരു മദ്യപാനി ഒന്നും അല്ല... എന്തെങ്കിലും വിശേഷം ഒക്കെ ഉള്ളപ്പോൾ കൂട്ടുകാരൊക്കെ നിർബന്ധിച്ചാൽ ഇത്തിരി കുടിക്കും അത്രേയുള്ളൂ.... മ്മ്..... അത് മതി മോനെ... അതാ നല്ലത്. എനിക്ക് വേറെ ദുശീലങ്ങളും ഇല്ല മുത്തശ്ശി.... കല്ലുവിന് എന്റെ വീട്ടിൽ യാതൊരുവിധ ദുഃഖങ്ങളും ഉണ്ടാകില്ല... എനിക്ക് ജീവനുള്ളിടത്തോളം കാലം ഞാൻ കല്ലുവിനെ സംരക്ഷിക്കും..

അവൾക്ക് പറ്റുന്നിടത്തോളം പഠിച്ചോട്ടെ.. അവിടെ ആരും ഒരു തടസ്സമാകില്ല.... എന്നെക്കുറിച്ചും എന്റെ വീട്ടുകാരെ കുറിച്ചും മുത്തശ്ശിക്ക് അന്വേഷിക്കാം.... സമ്മതമാണെങ്കിൽ ഞങ്ങളെ വിളിച്ച് അറിയിച്ചാൽ മതി... അവൻ പോകാനായി എഴുനേറ്റു. അച്ഛമ്മക്ക് അവനെ ഒരുപാട് ഇഷ്ടം ആയിരുന്നു അപ്പോൾ... അവന്റ തുറന്ന് ഉള്ള സംസാരം സത്യസന്തം ആണെന്ന് അവർ വിശ്വസിച്ചു. മോന്റെ നമ്പർ ഒന്ന് തരാമോ... ഞാൻ വിവരം വിളിച്ചു പറയാം.. അല്ലെങ്കിൽ മോന്റെ അമ്മയുടെ നമ്പർ തന്നാലും മതി. ഞാൻ അമ്മയുടെ നമ്പർ തരാം.. കുറിച്ചോളൂ... കല്ലു മോളെ..... ഒരു പേനയും ബുക്കും എടുത്തേ.... അച്ഛമ്മ പറഞ്ഞപ്പോൾ കല്ലു പേന എടുത്തു കൊണ്ട് വന്നു.കൈയിൽ ഒരു ചെറിയ ഡയറി യും ഉണ്ടായിരുന്നു. അവൻ ഫോൺ നമ്പർ പറഞ്ഞു കൊടുത്തത് അവൾ എഴുതി എടുത്തു. എന്നാൽ ഞാൻ ഇറങ്ങട്ടെ..... അവൻ അച്ഛമ്മയെ നോക്കി പറഞ്ഞു. അങ്ങനെ ആട്ടേ മോനെ.. ഞാൻ വിളിക്കാം... അവർ നിറഞ്ഞ മനസോടെ പറഞ്ഞു. അവൻ ഒരു വേള കല്ലുവിനെയും നോക്കി. അവൾ ചെറുതായ് ഒന്ന് പുഞ്ചിരി തൂകി.

കല്ലുവിനോട് അവൻ കണ്ണാലെ യാത്ര പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി പോയി. ബൈക്ക് ഓടിച്ചു അവൻ പോയ വഴിയിലേക്കു നോക്കി അച്ഛമ്മ നിന്നും.. ഒപ്പം കല്ലുവും. മോളെ..... എന്താ അച്ഛമ്മേ.. എന്റെ കുട്ടിക്ക് ഇഷ്ടമായോ ആ പയ്യനെ.... അവർ ചോദിച്ചു. എനിക്കങ്ങനെ പ്രത്യേകിച്ച് ഇഷ്ടവും അനിഷ്ടവും ഒന്നുമില്ലച്മ്മേ..... അച്ഛമ്മയ്ക്ക് ഇഷ്ടമായെങ്കിൽ അത് മതി.. മോളെ.... സത്യം പറഞ്ഞാൽ എനിക്ക് ആ പയ്യനെ ബോധിച്ചു. അവൻ ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു. പിന്നെ ഒരുപാട് കൊമ്പത്തെ ആൾക്കാർ ഒന്നുമല്ല നമ്മളെപ്പോലെ ഒരു സാധാരണ കുടുംബമാണ്.. ആ പയ്യന് അത്യാവശ്യ വിദ്യാഭ്യാസവും ഉണ്ട്. പിന്നെ എന്റെ കുട്ടിയെ പഠിപ്പിക്കാം എന്നും അവൻ വാക്ക് തന്നിട്ടുണ്ട്.. അതൊക്കെ ധാരാളം മതി ഈ അച്ഛമ്മയ്ക്ക് ബാക്കിയെല്ലാം സാക്ഷാൽ ഈശ്വരൻ നടത്തി തരട്ടെ. നിനക്ക് വിധിച്ച ആള് ഇവൻ ആണെങ്കിൽ നിന്നിലേക്ക് തന്നെ ഇവൻ വന്നുചേരും.. അതുറപ്പ്.. അപ്പച്ചിയോടും ഒക്കെ ആലോചിച്ചിട്ട് അച്ഛമ്മ എന്താണെന്ന് വെച്ചാൽ തീരുമാനിച്ചോ.. എനിക്കെങ്ങനെയായാലും കുഴപ്പമില്ല..

അമ്പടി കള്ളി. നീ ആളു കൊള്ളാല്ലോ.. ഇപ്പോഴൊന്നും കല്യാണം വേണ്ടെന്നും പറഞ്ഞ് നടന്ന പെണ്ണാ.. പയ്യനെ കണ്ടപ്പോൾ അച്ഛമ്മയ്ക്ക് ഇഷ്ടമുള്ളതുപോലെ എന്താണെന്ന് വെച്ചാൽ ചെയ്തോളാൻ.. എനിക്ക് മനസ്സിലായി കേട്ടോ... അച്ഛമ്മാ ഒരു ഈണത്തിൽ അവളെ കളിയാക്കി... പോ അച്ഛമ്മേ.... ചുമ്മാ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കുവാ... നല്ല അടിടെ കുറവ് ഉണ്ട് കേട്ടോ... അവൾ കപട ദേഷ്യത്തിൽ പറഞ്ഞു. മോളെ നീ ആ ഫോൺ എടുത്തോണ്ട് വാ ഞാൻ ഉഷയെ ഒന്ന് വിളിക്കട്ടെ...... കല്ലു അപ്പോൾ തന്നെ ഫോൺ എടുത്തു കൊണ്ടുവന്ന അച്ഛമ്മയെ ഏൽപ്പിച്ചു.. എടി പെണ്ണേ നീ ആ നമ്പർ ഒന്ന് ഞെക്കിത്താ. എനിക്ക് ഈ കുന്ത്രാണ്ടം...ഒന്നും വിളിക്കാൻ അറിയില്ല.. ഓ ശരിയാ ഞാൻ അത് മറന്നു... പഴയ ഫോൺ ആയിരുന്നപ്പോൾ അച്ഛമ്മയ്ക്ക് വിളിക്കാൻ ഒക്കെ അറിയാമായിരുന്നു.. ഇത് കല്ലൂ പുതിയ ഫോൺ മേടിച്ചതിൽ പിന്നെ അച്ഛമ്മയ്ക്ക് തന്നെ വിളിക്കാൻ ഒന്നും അറിയില്ല.. അവൾ അപ്പച്ചിയുടെ നമ്പർ ഡയൽ ചെയ്ത് അച്ഛമ്മയുടെ കയ്യിലേക്ക് കൊടുത്തു..

ഉഷ ഫോൺ എടുത്തപ്പോൾ അച്ഛമ്മ അതുവരെ സംഭവിച്ച കാര്യങ്ങൾ ഓരോന്നായി അവളെ പറഞ്ഞു കേൾപ്പിച്ചു.. എന്തായാലും വലിയ കുഴപ്പമില്ലാത്ത പയ്യനാണെന്ന് ഉഷയും അഭിപ്രായപ്പെട്ടു. പിന്നെ ഉഷയുടെ കൂട്ടുകാരി രമണിയെ കെട്ടിച്ച് അയച്ചിരിക്കുന്നത് ഈ പയ്യന്റെ നാട്ടിലേക്ക് ആണെന്നും അവളോട് ഈ കുടുംബത്തെക്കുറിച്ചും പയ്യനെക്കുറിച്ചും അന്വേഷിക്കണം എന്നും ഉഷ പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ടായിരുന്നു... രമണി വിളിച്ചതിനുശേഷം നമ്മൾക്ക് അവരെ വിളിച്ച് കാര്യങ്ങൾ സംസാരിക്കാം എന്ന് ഉഷ പറഞ്ഞു.. **** എന്റെ ദൈവമേ എനിക്ക് എന്താണ് ഇപ്പോൾ സംഭവിച്ചത്.. കല്യാണവും വേണ്ട പെണ്ണും വേണ്ട പിടക്കോഴിയും വേണ്ട എന്നും പറഞ്ഞ് നടന്നിരുന്ന ഞാനാ... ഇപ്പോൾ ദേ എന്തൊക്കെ സംഭവവികാസങ്ങളാണ് അരങ്ങേറിയത്.. ഈ പെൺകുട്ടിയോടും അവളുടെ മുത്തശ്ശിയോടും ചെന്ന് തനിക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ ഒന്നും ആഗ്രഹം ഇല്ലെന്നും, ഈ കല്യാണത്തിൽ നിന്ന് പിന്മാറണം എന്നും പറയാനാണ്, താൻ കാലത്തെ തന്നെ ഇറങ്ങിപ്പുറപ്പെട്ടത്.

പക്ഷേ എന്നിട്ടോ... താൻ നേരിട്ട് തന്നെ കല്യാണം ഉറപ്പിച്ചിട്ട് ഇറങ്ങിപ്പോന്നു.. അതിനു കാരണം എന്താണ്... തന്റെ മനസ്സ് ഇത്രയും ഇളകാൻ എന്താണ് അവിടെ സംഭവിച്ചത്... ആരോരുമില്ലാത്ത ആ പെൺകുട്ടിയല്ലേ അതിന് കാരണം.... അവളെക്കുറിച്ച് അറിഞ്ഞ ഓരോരോ കാര്യങ്ങളിലൂടെയും, തനിക്ക് അവളോട് ആദ്യം തോന്നിയത് ഒരു സഹതാപമായിരുന്നു... പിന്നീട് അവളുടെ പിടഞ്ഞ മിഴികൾ കണ്ടപ്പോൾ, എന്തോ മനസ്സിൽ വല്ലാത്ത ഒരു വേലിയേറ്റം ഉണ്ടായി.... ആദ്യത്തെ കാഴ്ചയിൽ തന്നെ അവളെ ഒരു പാവം പെൺകുട്ടിയായിട്ടാണ് തനിക്ക് തോന്നിയത്,. എന്തോ ഒരു ആകർഷണം,,,

അവളിലേക്ക് തന്നെ അടുപ്പിക്കും പോലെ,തനിക്ക് തോന്നിയത്.... ഒരു ചെറിയ കൈത്തോടിന്റെ വക്കത്ത് ബൈക്ക് ഒതുക്കി നിർത്തിയിട്ട് അവളെക്കുറിച്ച് ഓർക്കുകയായിരുന്നു കണ്ണൻ... എന്റെ ദൈവമേ.... ആകെ കൂടി ഇത്തിരി യേ ഒള്ളൂ... ഷർട്ടും പാവാടയും ഇട്ട് ഇറങ്ങി വന്നപ്പോൾ ശ്രീക്കുട്ടിയെക്കാൾ ചെറിയ ഒരു പെൺകുട്ടി.... തന്റെ തോളിന്റെ ഒപ്പം പോലുമില്ല എന്നാണ് തോന്നുന്നത്... അവൾ 23 വയസ്സ് കഴിഞ്ഞു എന്നാണ് അമ്മ പറഞ്ഞത്... പക്ഷേ കണ്ടാൽ ഒരു 18 വയസ്സ് തോന്നിക്കുവൊള്ളൂ..... ആഹ്.... എന്തായാലും തനിക്ക് ആ കുട്ടിയെ ഇഷ്ടമായി... പിന്നെ അവരെ... ആലോചിച്ചു തീരുമാനിക്കട്ടെ അപ്പോഴേക്കും കണ്ണന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.. നോക്കിയപ്പോൾ സുമേഷ് അളിയനാണ്..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story