രാഗലോലം: ഭാഗം 17

ragalolam new

രചന: മിത്ര വിന്ദ

അങ്ങനെ ഞായറാഴ്ച എത്തി.. ചെറിയ ഒരു സദ്യ ഒക്കെ ഒരുക്കി എല്ലാവരും പെൺകുട്ടിയുടെ വിട്ടുകാരെ നോക്കി കാത്തിരിക്കുക ആണ്.. രാജിയും സുമേഷും കുഞ്ഞും തലേദിവസം തന്നെ എത്തിയിരുന്നു.. ശോഭയുടെ ചേച്ചിയും ഭർത്താവും, പിന്നെ ഇളയ ആങ്ങളയും ഭാര്യയും ഞായറാഴ്ച കാലത്ത് എത്തിയിരുന്നു. രാജന്റെ വീട്ടിൽ നിന്നും അനിയനും, ഒരു പെങ്ങളും വന്നിട്ടുണ്ട്.. അത്യാവശ്യം തൊട്ടടുത്ത അയൽവക്കത്തും അവർ വിളിച്ചിരുന്നു.. അന്ന് ശ്രീക്കുട്ടിയുടെ പിറന്നാൾ ആയതിനാൽ ഇത്തിരി പായസവും കൂടെ ഉണ്ടാക്കിയിരുന്നു... എല്ലാവരും സന്തോഷത്തിലാണ്.. എന്നാൽ കണ്ണനു മാത്രം ചെറിയൊരു പേടി ഇല്ലാതില്ല. കാരണം എന്തെങ്കിലും തടസ്സം വന്ന്, കല്യാണം മുടങ്ങി പോകുമോ എന്ന് അവൻ ഭയപ്പെട്ടു.. 12:00 മണി ആകുന്നതിനു മുൻപ് കല്ലുവിന്റെ അച്ഛമ്മയും അപ്പച്ചിയും ചിറ്റപ്പനും എത്തിയിരുന്നു... അച്ഛമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യന്റെ കാറിലാണ് അവർ വന്നത്.. ശോഭയും രാജനും ഒക്കെ കൂടി എല്ലാവരെയും വളരെ സന്തോഷത്തോടെ സ്വീകരിച്ചു.

ഓടിട്ട ഒരു വീടാണ്, അതിനോട് ചേർന്ന് ഒരു ചായിപ്പ് കൂടെയുണ്ട്, അത് ഷീറ്റാണ് ഇട്ടിരിക്കുന്നത്,, മുറ്റത്ത് നിറയെ പല തരത്തിലുള്ള ചെടികളൊക്കെ വൃത്തിയായി ഭംഗിയായും നട്ടുപിടിപ്പിച്ചിട്ടുണ്ട്... കിഴക്കുവശത്തായി ഒരു ചെറിയ തൊഴുത്തുണ്ട്..... അച്ഛമ്മയുടെ കയ്യിൽ പിടിച്ചുകൊണ്ട് ശോഭ അവരെ അകത്തേക്ക് കയറ്റി.. നീണ്ടുകിടക്കുന്ന ഒരു വരാന്തയാണ്.. വെളുത്ത നിറമുള്ള ടൈൽ പാകിയിട്ടുണ്ട്... അമ്മയ്ക്ക് യാത്ര ചെയ്തു വന്നിട്ട് ബുദ്ധിമുട്ടുണ്ടോ..? രാജൻ ചോദിച്ചു. ഹേയ്...കുഴപ്പമൊന്നുമില്ല..... പിന്നെ ഇടയ്ക്കൊക്കെ കാലിന്റെ മുട്ടിനു വേദനയുണ്ടാകും. അതു വാതത്തിന്റെയാ....അച്ഛമ്മ പറഞ്ഞു. അപ്പോഴേക്കും ശോഭ അവർക്ക് കുടിക്കുവാൻ ആയി വെള്ളം എടുത്തു.. കൊണ്ടുവന്നു. " അമ്മേ... ഇതാണ് കണ്ണന്റെ അച്ഛൻ. അമ്മ പരിചയപ്പെട്ടില്ലായിരുന്നല്ലോ " "അതെയോ.... എനിക്ക് അറിയില്ലാരുന്നു.. അച്ഛൻ മാത്രം വന്നില്ലാലോ അവിടേക്ക് " "ഞാൻ ഇറങ്ങാം അമ്മേ.... മോളെ കാണാൻ വരുന്നുണ്ട് ഉടനെ " " അയാൾ സന്തോഷത്തോടെ പറഞ്ഞു. അച്ഛമ്മ തന്റെ മകളെയും മരുമകനെയും അവർക്ക് പരിചയപ്പെടുത്തി കൊടുത്തു.

കണ്ണനോട് ഉഷയും ഭർത്താവും ഒക്കെ സംസാരിച്ചു... അവർക്ക് രണ്ടാൾക്കും അവനെ ഇഷ്ടമായി എന്ന് അച്ഛമ്മക്കും തോന്നി... ശോഭയുടെയും രാജന്റെയും സഹോദരങ്ങളേയും അവരുടെ കുടുംബത്തെയും ഒക്കെ അച്ഛമ്മയോടും മകളോടും മരുമകനോടും പറഞ്ഞു കൊടുത്തത് രാജിയുടെ ഭർത്താവ് സുമേഷ് ആണ്... ഒരുപാട് ആളുകളെ കണ്ടപ്പോൾ കുഞ്ഞു ഭയങ്കര കരച്ചിൽ ആയതുകൊണ്ട് രാജി കുഞ്ഞിനെയും കൊണ്ട് മുറിയിലേക്ക് പോയിരുന്നു.. അച്ഛമ്മയും ഉഷയും കൂടെ മുറിയിലേക്ക് പോയി രാജിയോട് വിശേഷങ്ങളൊക്കെ തിരക്കി.. സുമേഷിന്റെ അച്ഛന്റെ പെങ്ങളെ ഉഷയ്ക്ക് അറിയാമെന്നും അവർ ഒരുമിച്ച് പഠിച്ചതാണെന്നും ഉഷ പറഞ്ഞു... ഉഷയും അച്ഛമ്മയും കൂടെ വെള്ളമൊക്കെ കുടിച്ചു കഴിഞ്ഞപ്പോൾ എഴുന്നേറ്റു വീടൊക്കെ കാണുവാനായി സ്ത്രീകളുടെ കൂടെ അകത്തേക്ക് കയറി.. മൊത്തം നാലു മുറിയാണ്.. രണ്ടു മുറി അത്യാവിശം വലുപ്പം ഏറിയതാണ്, ബാക്കി രണ്ടു മുറി ഇടത്തരം വലിപ്പമേയുള്ളൂ, ഉമ്മറത്തു നിന്നും നേരെ കയറുന്നത് ചെറിയൊരു ഹാളിലേക്കാണ്,,

അവിടെ ടിവിയും മറ്റും ഇരിപ്പുണ്ട്, ഒരുവശത്തായി ഡൈനിങ് ടേബിളും 6 കസേരയും ഇട്ടിരിക്കുന്നു,, ചെറിയൊരു അടുക്കളയും ഒരു വർക്ക് ഏരിയയും ഉണ്ട്, വീടിന്റെ ഉമ്മറത്തും പിൻവശത്തും നീളത്തിൽ വരാന്തയാണ്,,, വെളിയിലാണ് ബാത്റൂം... പിറകുവശത്ത് മൂന്നാലു മാവ് നിൽപ്പുണ്ട്, അപ്പുറത്തായി ഒന്ന് രണ്ട് കശുമാവും കാണാം.. കിണറിന്റെ ഒരു വശത്തായി ചെറിയൊരു പാവല് കയറ്റി വിട്ടിട്ടുണ്ട്,, അതിൽ അഞ്ചാറു പാവയ്ക്ക വിരിഞ്ഞത് കൂട് കെട്ടി മൂടി വച്ചിരിക്കുന്നു,,, രണ്ട് തൈ തെങ്ങ് നിറയെ കായ്ച്ചും നിൽപ്പുണ്ട്... അച്ഛമ്മയ്ക്ക് ആ വീടും പരിസരവും ഒക്കെ നന്നായി ബോധിച്ചു, ഉഷയുടെ മുഖവും തെളിഞ്ഞാണ്.... അവർ കുറച്ച് സമയം അവരോടൊക്കെ സംസാരിച്ച് ഇരുന്നു.. കല്ലുമോളുടെ കാര്യങ്ങളൊക്കെ നിങ്ങൾക്ക് അറിയാമല്ലോ അല്ലേ രാജനോടും ശോഭയോടുമായി അച്ഛമ്മ പറഞ്ഞു തുടങ്ങി.. അവൾക്ക് കൊടുക്കുവാനായി ഒരുപാട് സ്ത്രീധനം ഒന്നും ഞാൻ കരുതി വെച്ചിട്ടില്ല.. എന്നാലും എനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി ഞാൻ അവൾക്ക് ചെയ്തു കൊടുക്കും...

പക്ഷേ നിങ്ങൾ ഒരുപാട് ഒന്നും പ്രതീക്ഷിക്കരുത് " ഞങ്ങൾ ആരെങ്കിലും അമ്മയോട് സ്ത്രീധനത്തെക്കുറിച്ച് ചോദിച്ചോ ... മോൾക്ക് എന്തു കൊടുക്കുമോ അത് കൊടുക്കുക, അത് കുറഞ്ഞുപോയെന്നോ കൂടിപ്പോയെന്നോ പറഞ്ഞു ഒരു പരാതിയുമായി ഞങ്ങൾ ആ വീടിന്റെ പടികയറില്ല അമ്മേ .... ശോഭ അച്ഛമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. അച്ഛമ്മയുടെ കണ്ണ് നിറഞ്ഞു... എനിക്കറിയാ മോളെ.....ഈ വീട്ടിൽ എന്റെ കുഞ്ഞിന് സന്തോഷം ആയിരിക്കുമെന്നു... ഈശ്വരനോട് ഞാൻ എന്നും പ്രാർത്ഥിച്ചു കൊണ്ടിരുന്നത് അവൾക്ക് നല്ലൊരു ജീവിതം കിട്ടണമെന്നാണ്.... ഇത്രയും ചെറിയ പ്രായത്തിൽ അവളെ കെട്ടിച്ചു വിടുന്നത് എനിക്ക് വിഷമമുണ്ട്, പക്ഷേ എന്റെ ആരോഗ്യവും ഒന്നിനൊന്നു മോശമായി വരികയാണ്, എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ കല്ലുമോൾക്ക് ആരുമില്ല.... എങ്ങനെയെങ്കിലും പഠിച്ച സ്വന്തമായി ഒരു ജോലി നേടണം എന്നാണ് അവളുടെ ഒരേയൊരു ആഗ്രഹം.... കണ്ണൻ മോനോട് ഞാൻ അത് പറയുകയും ചെയ്തു... അച്ഛമ്മ മിഴികൾ ഒപ്പിക്കൊണ്ട് അവരോട് പറഞ്ഞു...

അമ്മ വിഷമിക്കേണ്ട, മോൾക്ക് പഠിക്കണമെന്നാണ് ആഗ്രഹമെങ്കിൽ, അവൾ എത്ര വേണമെങ്കിലും പഠിച്ചോട്ടെ, ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.... രാജനാണ് അത് പറഞ്ഞത്.. അതുമതി മോനെ... അതുമാത്രം മതി..... അവൾ ചെറുപ്പം മുതലേ ഒന്നാം സ്ഥാനം മേടിച്ചാണ് പഠിച്ചു വന്നത്. അവൾക്ക് പഠിക്കാൻ നല്ല ഉത്സാഹം ഉള്ള കുട്ടിയായിരുന്നു..... ആഹ്... എല്ലാം എന്റെ കുഞ്ഞിന്റെ വിധി... ഇത്രയും നാളും അവൾ വിഷമിച്ചു, സ്വന്തം അച്ഛനെയും അമ്മയുടെയും സ്നേഹം കിട്ടാതെയാണ് അവൾ വളർന്നത്. ആ കുറവൊക്കെ നിങ്ങൾ നികത്തണം.... അതു മാത്രമേയുള്ളൂ എന്റെ പ്രാർത്ഥന.. അപ്പോഴേക്കും ശ്രീക്കുട്ടിയും ഉഷയും കൂടി മുറിയിലേക്ക് വന്നു.. എനിക്ക് ഒരേയൊരു മോളാണുള്ളത്.. കല്ലു മോളെ കെട്ടിച്ചുവിട്ടു കഴിഞ്ഞാൽ ഞാൻ പിന്നെ ഒറ്റയ്ക്കാവും, അതുകൊണ്ട് ഇവളോട് എന്റെ ഒപ്പം വന്നു താമസിക്കുവാൻപറഞ്ഞു..... അമ്മ പറയുന്നതുപോലെ അതൊന്നും നടക്കില്ല.. ചേട്ടൻ അവിടെ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്, 25000 രൂപ മാസം കിട്ടും, അതൊക്കെ ഇട്ടെറിഞ്ഞ് നമ്മൾക്ക് ഇങ്ങോട്ട് മാറാൻ പറ്റില്ലെന്നേ...

അമ്മയെ ഞാൻ എന്റെ ഒപ്പം കൊണ്ടുപോകാനാണ് തീരുമാനം.... ഉഷ പറഞ്ഞപ്പോൾ അച്ഛമ്മ നിഷേധാർത്ഥത്തിൽ തലയാട്ടി.. "അച്ഛമ്മ ഇങ്ങോട്ട് പോരെ.. ഇവിടെ താമസിക്കാം,, ഞങ്ങളെല്ലാവരും ഇല്ലേ ഇവിടെ... ശ്രീക്കുട്ടിയാണത് പറഞ്ഞത്.. അതുതന്നെ.... ഇവിടെ നിൽക്കാം അമ്മേ... ഉള്ള സൗകര്യത്തിൽ നമ്മൾക്ക് ഒക്കെ കഴിയാം... ശോഭയും പിന്തങ്ങി... ആഹ് .. അതൊക്കെ പിന്നീട് അല്ലെ മക്കളെ... വാ എന്നാൽ നമ്മൾക്ക് ഇറങ്ങാം അല്ലെ ഉഷേ.... ഇവൾക്ക് ഇന്ന് തിരിച്ചു പോകണം.. അച്ഛമ്മ ഇരിപ്പീടത്തിൽ നിന്നും എഴുന്നേറ്റു. അയ്യോ.. അതെന്ന പോക്കാ... നമ്മൾക്ക് ഊണ് ഒക്കെ കഴിച്ചിട്ട് പോകാം.... രാജനും ശോഭയും കൂടെ വേഗം ഭക്ഷണം വിളമ്പനായി പോയി. കണ്ണൻ അപ്പോൾ പ്രസന്നനും ആയിട്ട് സംസാരിക്കുക ആണ്. ശോഭയുടെ സഹോദരിയും രാജന്റെ പെങ്ങളും ഒക്കെ അച്ഛമ്മയോടും ഉഷയോടും കല്ലുവിന്റെ വിശേഷം ഒക്കെ തിരക്കി. എല്ലാവരും നല്ല മനുഷ്യർ ആണല്ലോ എന്ന് കരുതി അച്ഛമ്മ സന്തോഷിച്ചു. പായസം കൂട്ടി വിഭവ സമർദ്ധമായ സദ്യ ഇലയിൽ വിളമ്പി.....

ശ്രീക്കുട്ടിയുടെ പിറന്നാൾ ആണെന്ന് അറിഞ്ഞപ്പോൾ അച്ഛമ്മയ്ക്ക് വിഷമമായി... ശോ... അറിഞ്ഞിരുന്നില്ലല്ലോ എന്റെ കുട്ടി.... ഒന്നും കരുതാതെ ആണ് വന്നത്.. അതൊന്നും സാരമില്ല അമ്മേ... ഞങ്ങളുടെ ഒരു സന്തോഷത്തിനായി അല്പം പായസം കൂടി വെച്ചതാണ്.. രാജി പറഞ്ഞു... എന്നാൽ പിറന്നാളുകാരി കൂടെ ഞങ്ങളുടെ ഒപ്പം ഇരിക്കൂ... അച്ഛമ്മ നിർബന്ധിച്ചപ്പോൾ ശ്രീക്കുട്ടി ആദ്യം എതിർത്തുവെങ്കിലും, പിന്നീട് അവളും മനസ്സില്ല മനസ്സോടെ അവർക്കൊപ്പം ഇരുന്നു.. " മോനെ കണ്ണാ ഇന്ന് ഓട്ടം പോയില്ലായിരുന്നോ " ഊണൊക്കെ കഴിഞ്ഞ് എഴുന്നേറ്റപ്പോൾ അച്ഛമ്മ കണ്ണനോട് ചോദിച്ചു.. "ഞായറാഴ്ച ദിവസം മിക്കവാറും അവധിയാണ്,," അവൻ മറുപടി പറഞ്ഞു.. "അച്ഛനോടും അമ്മയോടും ഒക്കെ ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്,,, വീട്ടിൽ ചെന്നിട്ട് ഞങ്ങൾ വിളിക്കാം കേട്ടോ" അച്ഛമ്മ കണ്ണന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവനെ നോക്കി. അവൻ തലകുലുക്കിയതേ ഒള്ളൂ... ഏകദേശം രണ്ടു മണി കഴിഞ്ഞിരുന്നു അവർ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ....

കല്ലുവിനെ പ്രത്യേകം അന്വേഷിച്ചതായി പറയണമെന്ന് രാജീയും ശ്രീക്കുട്ടിയും ഒക്കെ അച്ഛമ്മയോട് പറഞ്ഞുവിട്ടു അവർ വളരെ സന്തോഷത്തിലാണ് പോയതൊന്നും ഇവിടെ വന്നിട്ട് അവർക്ക് എല്ലാം ഇഷ്ടപ്പെട്ടുവെന്നും രാജന്റെ അനിയൻ അഭിപ്രായപ്പെട്ടു... അത് ശരിയാണെന്ന് മറ്റുള്ളവർക്കും തോന്നി.. എന്നാൽ കണ്ണന്റെ മനസ്സിൽ മാത്രം എന്തൊക്കെയോ ദുരൂഹതകൾ.. എന്താണ് അച്ഛനോട് അമ്മയോടും അച്ഛമ്മ പറഞ്ഞത് എന്നോർത്ത് അവൻ... " കണ്ണൻ എന്താ ഇത്ര ആലോചിക്കുന്നത് "സുമേഷ് ചോദിച്ചു.. " ഹേയ് ഞാൻ വെറുതെ" "അവൻ പെട്ടെന്ന് ഒഴിഞ്ഞുമാറി പോയി.. " ചേട്ടൻ ഈ കല്യാണം കഴിയുന്നതുവരെ ടെൻഷനാണ്.... അതുകൊണ്ടാ " ശ്രീക്കുട്ടി ഉറക്ക പറഞ്ഞു.. കണ്ണൻ അവളെ നോക്കി പേടിപ്പിച്ചപ്പോൾ അവൾ അകത്തേക്ക് ഓടിപ്പോയി.... എന്തായാലും ഈ കല്യാണം നടക്കുമെന്നും കണ്ണനു വിധിച്ച പെൺകുട്ടി ഇതാണെന്നും എല്ലാവരും അഭിപ്രായപ്പെട്ടു.... അടുത്തയാഴ്ച തന്നെ നമ്മൾക്ക് ഇവിടുന്ന് വേണ്ടപ്പെട്ട ആളുകൾക്ക് പെൺകുട്ടിയെ കാണാൻ പോകാം എന്ന് ശോഭയുടെ ആങ്ങളയും രാജന്റെ അനിയനും ഒക്കെ അഭിപ്രായപ്പെട്ടു.

. ആദ്യം അവർ വിളിക്കുമോ എന്നറിയട്ടെ .. എന്നിട്ട് പോരെ അവിടേക്ക് പോകുന്ന കാര്യങ്ങളൊക്കെ... " " അതെന്താണ് കണ്ണാ നിനക്ക് എന്തെങ്കിലും സംശയമുണ്ടോ " ശോഭയുടെ നെറ്റി ചുളിഞ്ഞു. അവൻ പക്ഷേ അതിനു മറുപടിയൊന്നും കൊടുത്തില്ല... അമ്മ എല്ലാവർക്കും ഊണ് കൊടുക്ക് സമയം രണ്ടു കഴിഞ്ഞു എന്നും പറഞ്ഞുകൊണ്ട് അവൻ ബാപ്പുട്ടിയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് ബൈക്കും എടുത്തു പോയി.. *** അച്ഛമ്മയും അപ്പച്ചിയും ഒക്കെ പറയുന്ന കാര്യങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണ് കല്ലു.. അത്യാവശ്യം കുഴപ്പമില്ലാത്ത ചുറ്റുപാടൊക്കെയാണ് മോളെ... നല്ലൊരു വീടും പരിസരവും ഒക്കെയാണ്, അവിടുത്തെ ആളുകളൊക്കെ സ്നേഹമുള്ളവരാണ്,,, അതല്ലേ വേണ്ടത്,, പിന്നെ നിനക്ക് എന്തുമാത്രം പഠിക്കണോ അത്രയും അവർ പഠിപ്പിക്കാം എന്നും പറഞ്ഞു,,, എന്റെ മോളുടെ ഭാഗ്യമാണ് ഈ ബന്ധം, അച്ഛനും അമ്മയും ഒക്കെ നന്മ നിറഞ്ഞ മനുഷ്യരാണ്.... അച്ഛമ്മ വാതോരാതെ പറയുകയാണ്.... കല്ലു എല്ലാം കേട്ടിരിക്കുന്നതേയുള്ളൂ.... നീ എന്താ മോളെ ഒന്നും പറയാത്തത്,,

വൈകിട്ട് അവരോട് വിളിച്ചു കാര്യങ്ങൾ പറയാം എന്നാണ് ചിറ്റപ്പൻ പറഞ്ഞിട്ട് പോന്നത്.. ഉഷ കല്ലുവിന്റെ മുഖത്തേക്ക് നോക്കി... എനിക്ക് അങ്ങനെ പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല അപ്പച്ചി.... നിങ്ങളൊക്കെ കണ്ട് ഇഷ്ടപ്പെട്ടത് ആണെങ്കിൽ എനിക്ക് സമ്മതമാണ്.... പിന്നെ എന്റെ അച്ഛമ്മ തനിച്ചകുമല്ലോ എന്ന വിഷമം മാത്രമേ ഉള്ളൂ... അതോർത്തും നീ വിഷമിക്കേണ്ട മോളെ..... അച്ഛമ്മയോട് കൂടെ അവിടെ വന്നു താമസിക്കുവാനാണ് കണ്ണന്റെ ഇളയ പെങ്ങളും അമ്മയും പറഞ്ഞത്.... അത് കേട്ടതും കല്ലുവിന്റെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി..... സത്യമാണോ അപ്പച്ചി... അതെ മോളെ.... അമ്മ പറഞ്ഞു എന്നെ ഇവിടെ കൊണ്ടുവന്ന് നിർത്താൻ ആണെന്ന്, അപ്പോൾ ഞാൻ പറഞ്ഞു അതൊന്നും ഒക്കത്തില്ല അമ്മയെ ഞാൻ എന്റെ ഒപ്പം കല്യാണം കഴിയുമ്പോൾ കൊണ്ടുപൊയ്ക്കോളാം എന്ന്.... അന്നേരമാണ് ശ്രീക്കുട്ടി മുറിയിലേക്ക് കയറി വന്നത്, ഉള്ള സൗകര്യത്തിന് അച്ഛമ്മ ഇവിടെ നിന്നോളൂ,

ഒറ്റയ്ക്ക് ഇവിടെ കഴിയേണ്ട എന്ന് ശ്രീക്കുട്ടിയും ശോഭയും പറഞ്ഞു.... ഉഷ പറഞ്ഞപ്പോൾ കല്ലു അച്ഛമ്മയെ നോക്കി പുഞ്ചിരിച്ചു.. ഇപ്പോൾ സമാധാനമായോ എന്റെ കുട്ടിക്ക്.... അച്ഛമ്മ ചോദിച്ചു.. കല്ലു മോളെ നിനക്ക് എന്തെങ്കിലും ഇഷ്ടക്കുറവ് ഉണ്ടെങ്കിൽ ഇപ്പോൾ പറയണം കേട്ടോ... നാളെ ഒരിക്കൽ വാക്ക് മാറ്റാൻ പറ്റില്ല .. നിനക്ക് ചെറുക്കനെ ശരിക്കും ഇഷ്ടമായോ.... അപ്പച്ചി ചോദിച്ചു... നിങ്ങൾക്കൊക്കെ ഇഷ്ടമായാൽ മതി,. എനിക്ക് സമ്മതമാണ്... അങ്ങനെ പറഞ്ഞാൽ പോരല്ലോ കുട്ടി.... ഞങ്ങളുടെ ആരുടെയും ഇഷ്ടമല്ല നോക്കേണ്ടത് നീയാണ് അവന്റെ ഒപ്പം കഴിയേണ്ടത്.... നിനക്ക് 100% ഇഷ്ടമുണ്ടെങ്കിൽ മാത്രം കല്യാണം നടക്കത്തുള്ളൂ.... അല്ലേ അമ്മേ... അതെ മോളെ .... എന്റെ കുഞ്ഞിന് ഇഷ്ടമായെങ്കിൽ മാത്രമേ ഞാൻ അവരോട് വാക്കു പറയത്തുള്ളൂ...... നിനക്ക് ആ ചെറുക്കനെ ഇഷ്ടമായോ കല്ലു... ഹ്മ്മ് ... അവൾ നാണത്തോടെ മൂളി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story