രാഗലോലം: ഭാഗം 4

ragalolam new

രചന: മിത്ര വിന്ദ

അടുത്ത ദിവസം കാലത്തെ പതിവ് പോലെ ഉണർന്നു കാര്യങ്ങൾ ഒക്കെ ചെയ്തതിന് ശേഷം കാളിന്ദി കുട്ടികളെ പഠിപ്പിക്കുവാനായി പോയി. അവരെ പഠിപ്പിച്ചതിനു ശേഷം തിരികെ വരുമ്പോൾ അവൾ ഒരു ചേച്ചിയെ പരിചയപ്പെട്ടു. " കുട്ടിയുടെ വീട് എവിടെയാണ്" " ഇവിടെനിന്നും ഒരു അരമണിക്കൂർ നടക്കണം. കവലമുക്ക് കഴിയുമ്പോൾ ഒരു ആൽമരം ഇല്ലേ. അതിലെ കുറച്ചങ്ങ് പോയാൽ മതി" "ഞാൻ മിക്കവാറും മോളെ കാണാറുണ്ട്. അതുകൊണ്ട് ചോദിച്ചതാ" " ചേച്ചി എന്ത് ചെയ്യുന്നു "? " മണ്ണന്തലക്കാരെ മോൾക്ക് അറിയാമോ " " ഉlവ് ആ കൺസ്ട്രക്ഷൻ കമ്പനി ഒക്കെ ഉള്ളതല്ലെ". " അതെ അവരുടെ ഓഫീസ് അടിച്ചുവാരാനും തുടയ്ക്കാനും പോകും ഞാൻ... കാലത്തെ ഏഴു മണിയാകുമ്പോൾ ചെല്ലണം. ഒമ്പതരയ്ക്ക് ഇറങ്ങാം.. വീട്ടിൽ ചെന്നിട്ട് ഞാൻ തൊഴിലുറപ്പിനും പോകും... "

" ചേച്ചിയുടെ വീട് എവിടെയാണ്" " കവലമുക്കിന്റെ അവിടുന്ന് താഴേക്ക് കിടക്കുന്ന മൺപാതയിലൂടെ കുറച്ചങ്ങു പോയാൽ മതി" " മോളുടെ വീട്ടിൽ ആരൊക്കെയുണ്ട് " " അച്ഛമ്മ മാത്രമേയുള്ളൂ" " അച്ഛനും അമ്മയും ഒക്കെ " "അമ്മ മരിച്ചുപോയി. അച്ഛൻ വേറൊരു വിവാഹം കഴിച്ചു" "മോൾക്ക് വിഷമമായോ... ഞാൻ ചോദിച്ചത്" "ഹേയ് ഇല്ല ചേച്ചി...." അപ്പോഴേക്കും രണ്ടാളും പിരിയുന്ന സ്ഥലം എത്തിയിരുന്നു. എന്നാൽ ശരി നാളെ കാണാം... ഇരുവരും യാത്ര പറഞ്ഞു പോയി. ശോ.. ആ കുട്ടിയുടെ പേര് ചോദിക്കാനും മറന്നുപോയി... " എന്റെ രാജീ നല്ല മിടുക്കി പെൺകുട്ടിയാണ്...രാജിയുടെ ആങ്ങളക്ക് ചേരും.അച്ഛനും അമ്മയും ഒന്നുമില്ല.. ആകെയുള്ളത് ഒരു വലിയമ്മയാണ്. എന്തോ പഠിത്തമൊക്കെ ഉള്ള കുട്ടിയാണ്. അതല്ലേ ആ വലിയ വീട്ടിൽ ട്യൂഷൻ എടുക്കാൻ പോകുന്നത്"കനകമ്മ ചേച്ചി പറയുന്നത് കേട്ടുകൊണ്ട് രാജി കുഞ്ഞിനെ കുളിപ്പിക്കുകയാണ്. " ഞാൻ അമ്മയോട് വിളിച്ച് പറയാം ചേച്ചി.. എന്നിട്ട് നമ്മൾ ആലോചിക്കാം.. " " നോക്കു മോളെ... ഒരു പാവം കൊച്ചല്ലേ അത്.

ഞാൻ മിക്കവാറും കാണും. നല്ല അടക്കവും ഒതുക്കവും ഉണ്ട് അതിന്... നിങ്ങൾക്കൊക്കെ ഇഷ്ടമാകും അതിനെ... " "എന്റെ ചേച്ചി ഇതെങ്കിലും ഒന്ന് നടന്നാൽ മതിയായിരുന്നു.. ഞാൻ ചേച്ചിയോട് പറഞ്ഞിട്ടില്ലേ കണ്ണൻ ന്റെ കാര്യം. അമ്മാവന്റെ മകളുമായി വിവാഹം പറഞ്ഞു ഉറപ്പിച്ചു വെച്ചത് ആണ്.. പക്ഷേ അവർ അക്കരപ്പച്ച തേടി പോയി. കണ്ണനത് ഭയങ്കര ഷോക്ക് ആയിപ്പോയി ചേച്ചി... അതുകൊണ്ട് കണ്ണൻ കല്യാണത്തിന് ഒന്നും സമ്മതിക്കുന്നില്ല" " എന്റെ മോളെ അതൊക്കെ കഴിഞ്ഞ കാര്യങ്ങളെല്ലെ... പിന്നെ ഈ കുട്ടിയെ കണ്ടാൽ ഉറപ്പായിട്ടും മോളുടെ ആങ്ങളക്ക് ഇഷ്ടമാകും.. അത്രയ്ക്ക് നല്ല ഒരു ശാലീനതയുള്ള പെൺകുട്ടിയാണത് " "ആണോ ചേച്ചി... നമ്മുടെ അമലേ പോലെയൊക്കെ ആണോ ഇരിക്കുന്നത്" രാജി കുഞ്ഞിന്റെ തലതുവർത്തിക്കൊണ്ട് ചോദിച്ചു " ഏത് ആ ശശിയുടെ മോളുടെ കാര്യമാണോ നീ പറയുന്നത് " "ആ അതുതന്നെ..." "അയ്യോ അത്രയൊന്നും പ്രായം പറയില്ല കുട്ടി... ഒരു 22 വയസ്സിൽ കൂടുതൽ ഒട്ടും പോകില്ല... കൊച്ചു പെൺകുട്ടിയാ"

"ചേച്ചി അവനു 31 വയസ്സ് കഴിഞ്ഞു.... അതുകൊണ്ട്" "ഹാ.. നമ്മൾക്ക് നോക്കാ മോളെ... എന്തൊക്കെ കാര്യങ്ങൾ നോക്കിയാൽ ആണ്.. രണ്ടാൾക്കും പരസ്പരം ഇഷ്ടപ്പെടണം..പ്രായം... ജോലി സ്ത്രീധനം.. ഇതിനെക്കാളും എല്ലാം ഉപരി ജാതകം... ഇതൊക്കെ ചേർന്നാൽ അല്ലേ കല്യാണം നടക്കുള്ളൂ... ഞാനാ കുട്ടിയെ കണ്ടപ്പോൾ മോളോട് ഒന്ന് പറഞ്ഞെന്നേയുള്ളൂ.. എന്തായാലും മോള് അമ്മയെ വിളിച്ച് ഒന്ന് സംസാരിക്കു. എന്നിട്ട് ഒരു ദിവസം നമ്മൾക്ക് കുട്ടിയുടെ വീട്ടിൽ പോകാം" അപ്പോഴേക്കും സുമേഷ് ഓട്ടം കഴിഞ്ഞ് കാപ്പി കുടിക്കാനായി വീട്ടിലേക്ക് വന്നു.. "ആ സുമേഷേട്ടൻ വന്നല്ലോ.... കനകമ്മ ചേച്ചി നമ്മൾക്ക് പിന്നെ കാണാം കേട്ടോ... ഞാൻ ചേട്ടനോട് കൂടെ സംസാരിക്കട്ടെ " "ശരി മോളെ ഞാനും പോകുവാ.. ഇത്തിരി മത്തി മേടിച്ചിട്ടുണ്ട് ഇലുമ്പിക്കായിട്ട് പീര വറ്റിച്ചിട്ടു വേണം എനിക്ക് തൊഴിലുറപ്പിന് പോകാൻ..

."അവർ വേഗം യാത്ര പറഞ്ഞു പോയി. "രാജി... അമ്മ എവിടെ" " ഷുഗർ നോക്കാൻ ഗവൺമെന്റ് ആശുപത്രിയിൽ പോയതാണ് സുമേഷേട്ടാ" ഹ്മ്മ്.... ഞാൻ അറിഞ്ഞില്ലാലോ.. ഇപ്പോൾ അവിടെ ഒരാളെ ഇറക്കിയിട്ട് ആണ് ഞാൻ വരുന്നത്... നാളെ പോകാൻ ആയിരുന്നു... പക്ഷെ ഇന്ന് തെയ്യമ്മ ചേച്ചി പോകുന്നുണ്ടെന്നു ഇന്നലെ അമ്മയോട് പറഞ്ഞിരുന്നു. അമ്മ ആ കാര്യം പറയാൻ മറന്ന് പോയതാ ആണ്... ആഹ്...... നി കഴിക്കാൻ എടുത്തു വെയ്ക്ക്.. കുഞ്ഞിനെ അവളുടെ കൈയിൽ നിന്നും മേടിച്ചു കൊണ്ട് അവൻ പറഞ്ഞു.. ഇടിയപ്പവും തലേ ദിവസത്തെ ഇത്തിരി ഇറച്ചി കറിയും കൂട്ടി അവൾ സുമേഷിനു കഴിക്കാൻ എടുത്തു വെച്ച്. നി കഴിച്ചോ... ഞാൻ കഴിച്ചോളാം... ഏട്ടൻ കഴിക്ക്... നീയും കൂടെ ഇരിക്ക്.... നമ്മൾക്ക് ഒരുമിച്ചു കഴിക്കാം.. കുഞ്ഞി വഴക്ക് ഉണ്ടാക്കും ഏട്ടാ അവൻ ഇടിയപ്പം മുറിച്ചു ചാറിൽ മുക്കിയിട്ട് അവളുടെ വായിലേക്ക് വെക്കാൻ തുടങ്ങി അയ്യോ വേണ്ട സുമേഷേട്ടാ... അമ്മ എങ്ങാനും വന്നാൽ എടി അതിന് ഹോസ്പിറ്റലിൽ നിറയെ ആൾ ആണ്.

നി ഇപ്പോൾ ഇത് കഴിക്ക് പെണ്ണേ... അവൻ പറഞ്ഞപ്പോൾ അവൾ കഴിച്ചു. ഹ്മ്മ്... അങ്ങനെ വഴിക്ക് വാ... അല്ലേ കുഞ്ഞാവേ.... അവൻ കുഞ്ഞിനെ നോക്കി പറഞ്ഞു. സുമേഷേട്ടാ.... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. എന്താടി.... അത് പിന്നെ.....കനകമ്മ യിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ മുഴുവൻ വള്ളി പുള്ളി വിടാതെ അവൾ പറഞ്ഞു കേൾപ്പിച്ചു.. ഹ്മ്മ്.... ഞാൻ ഒന്ന് അന്വേഷിക്കട്ടെ... രാജീവന്റെ വീട് ആ ഭാഗത്തു ആണ്‌.. ഏത് നമ്മുടെ ചിറ്റേട്ടെയോ.. ഹ്മ്മ്.. അത് തന്നെ... എന്നാൽ പെട്ടന് ഒന്ന് വിളിച്ചു തിരക്ക് ചേട്ടാ.. എന്നിട്ട് വേണം എനിക്ക് വിട്ടിൽ വിളിച്ചു പറയാൻ.. ഹ.. നി ധൃതി വെച്ചാൽ എങ്ങനെ ആണ് പെണ്ണേ.... ഞാൻ കളത്തിലോട്ട് ചെല്ലട്ടെ.. എന്നിട്ട് നിന്നെ വിളിക്കാം.. അവൻ കഴിച്ചു കഴിഞ്ഞു എഴുനേറ്റു.. അവൾക്ക് ആണെങ്കിൽ ഇരിക്ക പൊറുതി ഇല്ലായിരുന്നു. കാരണം ഇത് ഒന്ന് അറിയാഞ്ഞിട്ട..എങ്ങനെ എങ്കിലും ആങ്ങളക്ക് ഒരു കല്യാണം നടന്നാൽ മതി എന്ന് ആയിരുന്നു അവളുടെ പ്രാർത്ഥന മുഴുവൻ...അത്രയ്ക്ക് വിഷമം ഉണ്ടായിരുന്നു അവൾക്ക് കണ്ണനെ കുറിച്ച് ഓർക്കുമ്പോൾ.... ****

അച്ഛമ്മേ......അച്ഛമ്മോ..... കൂയ്യ്..... . ഞാൻ ഇവിടെ ഉണ്ട് മോളെ... പിന്നാമ്പുറത്തു നിന്നും അവർ വിളി കേട്ടു.. . ആഹ്ഹ....ഇത് എന്നാ പരിപാടി.. തൊടിയിൽ നട്ടിരിക്കുന്ന ചേമ്പ് പറിച്ചു കിഴങ്ങ് ഉണ്ടോ എന്ന് നോക്കുക ആണ് അവർ എന്റെ അച്ഛമ്മേ... ഈ വയ്യാത്ത ആൾ എന്തിനാണ് ഇതൊക്കെ ചെയുന്നത്. ഇങ്ങോട്ട് മാറിക്കെ. ഞാൻ പറിക്കാം.... നീ പോയി ഈ വേഷമൊക്കെ ഒന്നു മാറി കുഞ്ഞേ.. അപ്പോഴേക്കും ഞാൻ വരാം... അച്ഛമ്മ അവളെ വിലക്കി. കാളിന്ദി അത് കേട്ടില്ല.. അവൾ തന്റെ ഷോളെടുത്ത് ചായത്തിൽ കിടന്ന ഒരു പൊട്ടിയ പ്ലാസ്റ്റിക് കസേരയിലേക്ക് ഇട്ടു. എന്നിട്ട് അച്ഛമ്മയോട് കൈക്കോട്ട് മേടിച്ച് ചേമ്പിന് വിത്ത് ഉണ്ടോ എന്ന് പരിശോധിക്കുകയാണ്.. ഒരു ചെറിയ പുഴുക്കിനുള്ള വിത്ത് കിട്ടി.അച്ഛമ്മ അപോളേക്കും തൊടിയിലെ കാന്താരി ചെടിയിൽ നിന്നു അഞ്ചെട്ട് മുളകും കൂടി പറിച്ചു കൊണ്ടുവന്നു. കാളിന്ദി ചെമ്പിൻറെ തൊലിയൊക്കെ ചുരണ്ടി കളഞ്ഞു.. എന്നിട്ട് അവയെല്ലാം പെറുക്കി കഴുകാൻ ആയിട്ട് പോയി. ഹോ... തീയും എന്റെ പിറകെ പോന്നോ.....

അച്ഛമ്മ അടുപ്പിലേക്ക് രണ്ട് മൂന്ന് ചെറിയ വിറക് കഷണങ്ങൾ പെറുക്കി വെച്ചുകൊണ്ട് പിറു പിറുത്തു.. " ആ കൊതുമ്പെടുത്ത് വെയ്ക്കാ അച്ചമ്മേ.. പെട്ടെന്ന് തീ പിടിച്ചോളും " " മോൾ എന്തെങ്കിലും എടുത്ത് കഴിക്ക് വിശക്കുന്നില്ലേ... " " ഇനി ഈ ചേമ്പു പുഴുങ്ങിയത് കഴിക്കാം. എനിക്ക് അത്രയ്ക്ക് വിശക്കുന്നൊന്നുമില്ല " എന്നാൽ അച്ഛമ്മ അപ്പോഴേക്കും ഒരു ചെറിയ സ്റ്റീൽ പാത്രത്തിൽ കുറച്ച് ചോറും, തലേദിവസം വറ്റിച്ച മീൻകറിടെ ഇത്തിരി ചാറും, പച്ചക്കായ തോരനും, അല്പം മോരു കറിയും കൂടി എടുത്ത് കൊണ്ടുവന്നു.. "അയ്യോ എന്റെ അച്ഛമ്മേ എനിക്ക് ഇതൊന്നും വേണ്ട.... " "ദേ... കല്ലു മോളെ.. ഈയിടെ ആയിട്ട് മോൾ ആകെ ക്ഷീണിച്ചു. ഭക്ഷണം ഒന്നും ശരിയാകാഞ്ഞിട്ടാണ്, ഇതെങ്കിലും എടുത്ത് കഴിക്ക് എന്റെ കുഞ്ഞേ" "അച്ഛമ്മേ... പ്ലീസ്... ഞാൻ പറയുന്നത് ഒന്ന് കേൾക്കു..." അതു പറഞ്ഞപ്പോഴേക്കും സ്നേഹനിധിയായ അച്ഛമ്മ അവൾക്ക് ഒരു ഉരുള ചോറ് ഉരട്ടിയിരുന്നു... മീൻ ചാറിലേക്ക് മുക്കിയിട്ട് അത് അവൾക്ക് കൊടുത്തു.. ഈ അച്ഛമ്മയെ കൊണ്ട് ഞാൻ തോറ്റു... വേണ്ടെന്നു പറഞ്ഞാലും അച്ഛമ്മ സമ്മതിക്കില്ല.

ഇനി ഈ ചേമ്പ് പുഴുങ്ങിയത് എനിക്ക് കഴിക്കാൻ വയറ്റിലൊട്ടും സ്ഥലമില്ല.. അവൾ വയറ്റിൽ. തൊട്ടുകൊണ്ടു പറഞ്ഞു.. ഈ ചേമ്പ് വേകുമ്പോഴേക്കും നിന്റെ വയറ്റിൽ സ്ഥലം ഒക്കെ ഉണ്ടാകും.. കുറുമ്പിത്തിരി കൂടുന്നുണ്ട് പെണ്ണിന്.. മുത്തശ്ശി അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. അവൾ അപ്പോഴേക്കും മുത്തശ്ശിയെ നോക്കി കൊഞ്ഞനം കാണിച്ചു. " ഈ മാസത്തെ ശമ്പളം കൂടി കിട്ടുമ്പോൾ നമ്മൾ സൂക്ഷിച്ചുവെച്ച കാശ് 7000 രൂപയാകും അച്ഛമ്മേ.. എന്നിട്ട് നമ്മൾക്ക് ഒരു ഫോൺ മേടിക്കാം അല്ലേ" ഒരു സെക്കൻഡ് ഹാൻഡ് ഫോൺ ആയിരുന്നു കാളിന്ദിയുടെ കൈവശം ഉണ്ടായിരുന്നത്. ഈയിടെ ആയിട്ട് എപ്പോഴും അത് പണിമുടക്കുകയാണ്. അതുകൊണ്ട് ഒരു പുതിയ ഫോൺ മേടിക്കുവാൻ ഇരിക്കുകയാണ് കാളിന്ദി... " അത്രയും പൈസ മതിയോ മോളെ" " പിന്നെ പോരെ അച്ഛമ്മേ... അതിനുള്ളത് മതി.. "

" ശമ്പളം എന്ന് കിട്ടും " " അറിയില്ല... എന്നാലും അധികം വൈകാണ്ട് കിട്ടും " " ഈയാഴ്ച കിട്ടുവാണെങ്കിൽ നമ്മൾക്ക് ശനിയാഴ്ച ടൗണിൽ ഒന്ന് പോകാം " "ഹമ്.... നോക്കട്ടെ... സാധാരണ അവരു 31 തീയതി ട്യൂഷന്റെ ഫീസ് തരുന്നതാണ്." "നാളെയല്ലേ 31... " അതേ അച്ഛമ്മേ... അതുകൊണ്ടാണ് ഞാൻ പറഞ്ഞത് " " അങ്ങനെയാണെങ്കിൽ ശനിയാഴ്ച പോകാം അല്ലേ മോളെ... തിരുനക്കര അമ്പലത്തിലും കൂടി ഒന്ന് നമ്മൾക്ക് കേറാമായിരുന്നു. കഴിഞ്ഞവർഷം പൂരത്തിനു പോയതാണ് " " പോകാം അച്ഛമ്മേ " അവൾ പറഞ്ഞു. അടുപ്പത്തു ഇരുന്ന ചേമ്പ് തിളക്കുകയാണ്.. കാളിന്ദി അപ്പോഴേക്കും രണ്ട് ചുവന്നുള്ളി പൊളിച്ചു, അല്പം കല്ലുപ്പും എടുത്ത്, കാന്താരിയുടെ ഞെട്ടെല്ലാം പൊട്ടിച്ചു വെച്ചു. ലേശം വാളൻപുളിയും കൂടെ എടുത്ത്, അവൾ അരകല്ലിൽ വെച്ച് ഒന്ന് ചതച്ചെടുത്തു. എന്നിട്ട് അത് എടുത്ത് ഒരു ചെറിയ കിണ്ണത്തിലേക്ക് വെച്ചു, അല്പം പച്ച വെളിച്ചെണ്ണ എടുത്തു ഒഴിച്ച്, ഒന്നുകൂടി എല്ലാം കൈകൊണ്ട് ഞെരടി എടുത്തു..

ഒരല്പം ചൂണ്ടുവിരലിൽ തോണ്ടിയെടുത്ത് അവൾ നാവിൻതുമ്പിലേക്ക് വെച്ചു.. വൗ... സൂപ്പർ..... ഒരു ആത്മപ്രശംസ നടത്തിക്കൊണ്ട് അവൾ പറഞ്ഞു. കുറച്ചുകഴിഞ്ഞതും ചേമ്പിന്റെ വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് അച്ഛമ്മ അതെടുത്ത് കൊണ്ടുവന്നു. " അച്ഛമ്മ എനിക്കിപ്പോൾ ഒട്ടും വിശക്കുന്നില്ല കേട്ടോ, ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം " ഒരു കഷണം എടുത്ത് കഴിക്കു മോളെ..ബാക്കി പിന്നെ കഴിക്കാം..... അവർ നിർബന്ധിച്ചപ്പോൾ ഒരു ചെറിയ കഷണം എടുത്ത് അവൾ മുളക് ചമ്മന്തി കൂട്ടി കഴിച്ചു.. "നാലുമണിക്ക് പുഴുങ്ങിയാൽ മതിയായിരുന്നു,ഒന്നുമല്ലാത്ത നേരത്താണ് നമ്മൾ ഇത് പുഴുങ്ങിയത്," ആരോടെന്നല്ലാതെ അവൾ പറഞ്ഞു. " ആ സാരമില്ല മോളെ....അടുത്ത തവണ പറിക്കുമ്പോൾ നമുക്ക് നാലുമണിക്ക് പുഴുങ്ങാം " അച്ഛമ്മ ആസ്വദിച്ചിരുന്നു കഴിക്കുകയാണ് .....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story