രാഗലോലം: ഭാഗം 47

ragalolam new

രചന: മിത്ര വിന്ദ

എല്ലാവരും എത്തിയപ്പോൾ അമ്മ കുഞ്ഞിനേയും എടുത്തു കൊണ്ട് മുറ്റത്തു നിൽപ്പുണ്ട്. രാജി ഓടി വന്നു കുഞ്ഞിനെ എടുക്കാനായി. "പോയി കുളിച്ചിട്ട് വാടി... അല്ലെങ്കിൽ എന്തെങ്കിലും അസുഖം കുഞ്ഞിന് കൂടി പകരും... കണ്ട സ്ഥലത്തുകൂടി എല്ലാം പോയിട്ട് വന്നത് അല്ലെ." ശോഭ ദേഷ്യപ്പെട്ടു. രാജി വേഗം കുളിക്കാനായി പോയി. അമ്മയെയും അച്ഛനെയും ഒക്കെ മേടിച്ച ഡ്രെസ്സുകൾ എല്ലാം നിരത്തി കാണിക്കുക ആണ് ശ്രീക്കുട്ടി. കല്ലു ആ സമയത്ത് എല്ലാവർക്കും ഉള്ള ചായ വെയ്ക്കുക ആയിരുന്നു. കണ്ണൻ ആണെങ്കിൽ വണ്ടി കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് അപ്പോൾ തന്നെ പോയിരുന്നു. "കല്ലു മോൾക്ക് ഒന്നും മേടിച്ചില്ലെടി " "എന്റെ അമ്മേ.. എത്ര വട്ടം പറഞ്ഞു എന്ന് അറിയാമോ.. കേൾക്കണ്ടേ...." "നീ എന്നാ പറഞ്ഞു.... നിനക്ക് ഒരു ജോഡി മേടിച്ചു കൊടുത്താൽ പോരേ.. അതിനെന്ന പറഞ്ഞെന്നാ "

"അമ്മേ.. അങ്ങനെ അല്ല... ഞാനും ചേച്ചിയും ഒരുപാട് നിർബന്ധിച്ചതാണ് പക്ഷേ കല്ലു സമ്മതിച്ചില്ല ഇനി കല്യാണത്തിന്റെ അന്ന് എടുത്താൽ മതി എന്നു പറഞ്ഞു " " നിന്നോട് ഞാൻ എന്തായിരുന്നു പറഞ്ഞുവിട്ടത്... "? " അമ്മേ കാര്യമൊക്കെ ശരിയാണ് ഇതിപ്പോൾ.... ഏട്ടനും പറഞ്ഞു പിന്നീട് എടുത്താൽ മതിയെന്ന് " അപ്പോഴേക്കും കല്ലു അവർക്കായുള്ള ചായയുമായി വന്നിരുന്നു. " നീ എന്താ കല്ലു ഒന്നും മേടിക്കാതിരുന്നത്" " അമ്മേ... എനിക്ക് രാജി ചേച്ചി ചെരുപ്പ് വാങ്ങിത്തന്നു " " ചുരിദാർ ഒരെണ്ണം എടുക്കാൻ മേലായിരുന്നോ... നിശ്ചയത്തിനു ഇടാന് " " അതൊന്നും സാരമില്ലമ്മേ...ഇനി കല്യാണം വരുവല്ലേ.. അപ്പോൾ മേടിക്കാം " അവൾ ഒരു പ്ലേറ്റിൽ കണ്ണൻ മേടിച്ച എണ്ണ പലഹാരങ്ങളും നിരത്തിവച്ചു.. " വാ....കല്ലു.. നമ്മൾക്കെല്ലാവർക്കും കൂടിയിരുന്ന് ചായ കുടിക്കാം" " ഞാൻ ഒന്ന് കുളിച്ചിട്ട് വരാ ശ്രീക്കുട്ടി.നിങ്ങളെ കഴിക്ക് "

" ചായ കുടിച്ചിട്ട് കുളിക്കാം കല്ലു.... " രാജിവന്നു കുഞ്ഞിനെ മേടിച്ചു കൊണ്ട് പറഞ്ഞു... "മ്മ് ശരി ചേച്ചി..." എല്ലാവരും കൂടി ഇരുന്ന് ചായ ഒക്കെ കുടിച്ചു. സുമേഷ് ആണെങ്കിൽ വൈകുന്നേരം രാജിയേ കൂട്ടി കൊണ്ട് പോവാനായി എത്തിയിരുന്നു. അന്ന് ഒരു ദിവസം കൂടി നിൽക്കാൻ എല്ലാവരും നിർബന്ധിച്ചു എങ്കിലും രാജി അന്ന് തന്നെ മടങ്ങിയിരുന്നു. കാരണം മൂന്നുനാലു ദിവസം കൂടി കഴിയുമ്പോൾ നിശ്ചയം പ്രമാണിച്ച് വീണ്ടും വരണം. ഒരുപാട് ദിവസം നിന്നാൽ സുമേഷിന്റെ അമ്മയ്ക്ക് ദേഷ്യം ആകും.. അതുകൊണ്ടാണ് അവർ അന്ന് തന്നെ തിരികെ പോയത്" കണ്ണൻ വന്നപ്പോൾ അന്ന് നേരം വൈകിയിരുന്നു. " നീ എന്താടാ ഇത്രയും താമസിച്ചത് " മകനെ കാണാഞ്ഞ് ശോഭ ഉമ്മറത്തു തന്നെ ഇരിക്കുകയായിരുന്നു.. " രണ്ടിbലോഡ് കല്ല് കേറ്റി തോമാച്ചൻ ചേട്ടന്റെ വീട്ടിൽ അടിക്കണമായിരുന്നു.... ഞാൻ അതിനു പോയതാണ് "

"മ്മ്... എങ്കിൽ നിനക്കൊന്നു വിളിച്ചു പറഞ്ഞു കൂടെ " " എന്റെ അമ്മേ... ഇത് പെട്ടെന്ന് കിട്ടിയ ഓട്ടമാണ്... ഒന്നാമത് കയ്യിൽ പൈസ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ വേഗം പോയത്.. " " ഇപ്പോൾ ഓട്ടം തീരെ കുറവാണല്ലോ മോനേ " "ആഹ്....ശരിയാകും അമ്മേ...." അവൻ അകത്തേക്ക് കയറി പോയി. *** പിന്നീട് അങ്ങോട്ട് വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ ആയിരുന്നു.. അടുത്ത ദിവസം കാലത്തെ തന്നെ ശ്രീക്കുട്ടിയും കല്ലുവും തയ്ക്കുവാനുള്ള തുണിത്തരങ്ങളും ആയി അവരുടെ അടുത്തുള്ള സ്റ്റിച്ചിങ് സെന്ററിലേക്ക് പോയി.. രണ്ടുദിവസത്തിനുള്ളിൽ തരണമെന്ന് ശ്രീക്കുട്ടി അവരോട് പറഞ്ഞു.. മോതിരം മാറ്റം ഉള്ളതിനാൽ ചെറുക്കനും എത്തും.. ഇടയ്ക്കൊക്കെ ശ്രീക്കുട്ടിയും സുനീഷും തമ്മിൽ ഫോണിൽ വിളിച്ച് സംസാരിക്കും. അത്യാവശ്യ കുറച്ച് ആളുകളെ ഒക്കെ മാത്രമേ നിശ്ചയത്തിന് ക്ഷണിക്കുന്നുള്ളൂ..

കാരണം രണ്ടു മാസം കൂടി കഴിഞ്ഞാൽ വിവാഹമാണ്. അതുകൊണ്ട് ഇപ്പൊ പരമാവധി ആളുകളെ ഒഴിവാക്കാനാണ് കണ്ണനും അച്ഛനും അമ്മയും ഒക്കെ തീരുമാനിച്ചത്.. രണ്ട് ദിവസം മുന്നേ രാജിയും എത്തി. അവൾ വന്നപ്പോൾ കല്ലുവും ശ്രീകുട്ടിയും പാർലറിൽ പോയത് ആയിരുന്നു.. സുമേഷ് അവളെയും കുഞ്ഞിനേയും കൊണ്ട് വിട്ടിട്ട് വേഗം തന്നെ തിരിച്ചു പോയി "അമ്മേ... വിശക്കുന്നു... എന്തെങ്കിലും എടുക്ക് " രാജി ഉറങ്ങി കിടന്ന കുഞ്ഞിനെ കൊണ്ടുപോയി കിടത്തിയിട്ട് അമ്മയുടെ അടുത്തേക്ക് വന്നു. "അതെന്നാടി മോളെ, നീയൊന്നും കഴിച്ചില്ലേ " "കഴിച്ചു അച്ഛാ.. എന്നാലും എനിക്ക് ഇങ്ങോട്ട് ഓട്ടോയിൽ വരുമ്പോൾ, തെയ്യാമ്മ ചേച്ചിടെ അവിടെ എത്തുമ്പോൾ,നമ്മുടെ ചെമ്പരത്തി വേലി കാണും.. ആ സമയം മുതല് വയറു എന്നോട് മന്ത്രിക്കും ഓടി പോയി അമ്മോട് ചോറ് മേടിച്ചു ഉണ്ണാൻ..." അവളുട പറച്ചിൽ കേട്ട് ശോഭയും രാജനും ചിരിച്ചു. "നിന്റെ അമ്മയും ഇതുപോലെ ആയിരുന്നു മോളെ.. ഇവളുടെ തീറ്റി കാണുമ്പോൾ നിങ്ങളുടെ അമ്മമ്മ എന്നോട് ചോദിക്കും, എന്റെ മോളെ പട്ടിണി ഇടുവാണോടാ രാജാ എന്ന് "

രാജി അതു കേട്ടു ചിരിച്ചു കൊണ്ട് അമ്മ കൊണ്ട് വന്നു കൊടുത്ത ചോറിലേക്ക് തക്കാളി പഴം ഇട്ടു ഉണ്ടാക്കിയ രസവും, മുരിങ്ങ ഇല തോരനും കൂടി കുഴക്കുക ആണ്. അപ്പോളേക്കും ശോഭ മാന്തൾ വറുത്തത് കൂടി കൊണ്ട് വന്നു അവളുട പാത്രത്തിലേക്ക് ഇട്ടു. "ആഹ്ഹ... എന്താ രുചി " രാജി ആസ്വദിച്ചു ഇരുന്നു കഴിക്കുക ആണ്. "എടി മോളെ.. സത്യം പറയു.. നീ അവിടെ പട്ടിണി ആണോ " "എന്റെ അച്ഛാ ഇത് തന്നെ അല്ലെ അച്ഛനോട് അമ്മുമ്മയും ചോദിച്ചത്.. അപ്പോ തെറ്റ് പറയാൻ ഇല്ല കേട്ടോ..." "അത് തന്നെ.. അങ്ങനെ പറഞ്ഞു കൊടുക്കെടി മോളെ " "ഓഹ്.. നി എന്നാ ഒന്നും മിണ്ടാത്തത് എന്ന് ഞാൻ ഓർക്കുക ആയിരുന്നു " രാജൻ ഭാര്യയെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് മുറ്റത്തേക്ക് ഇറങ്ങി. "എപ്പോൾ ആണ് അമ്മേ അവര് പോയത് " "രണ്ട് മണി ആയപ്പോൾ..." "അതെന്ന താമസിച്ചത് " "തുണി തയ്ച്ചത് കിട്ടുമ്പോൾ 6മണി ആകും..

അതുകൊണ്ട് കണ്ണൻ പറഞ്ഞു ഉച്ച കഴിഞ്ഞു പോയാൽ മതി എന്ന് " "മ്മ്... അതാ നല്ലത്," "മ്മ് " "കല്ലു പാവം അല്ലെ അമ്മേ " "അതേടി മോളെ.. അതൊരു പാവം ആണ്... " "ഏട്ടന് വല്യ കാര്യമാണ് അല്ലെ " "പിന്നില്ലേ.. അവനു ജീവനാടി " "പ്രിയ ആയിരുന്നു എങ്കിൽ ഇപ്പൊ കാണാമായിരുന്നു " "അതേ അതേ... അഹങ്കാരി... അവള് പോയത് നന്നായി " 'മ്മ്.... " അപ്പോളേക്കും കുഞ്ഞ് ഉണർന്നു. രാജി അകത്തേക്ക് കയറി പോയി. ശോഭ ആണെങ്കിൽ സന്ധ്യ നാമം ചൊല്ലുക ആയിരുന്നു.അപ്പോളാണ് അവർ മൂവരും എത്തിയത് "കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ... "എന്താടി ഇത്രയും താമസിച്ചത്.. എത്ര നേരം ആയിരുന്നു പോയിട്ട് " ശോഭ ആണെങ്കിൽ ശ്രീകുട്ടിയെ നോക്കി ദേഷ്യപ്പെട്ടു. "എന്റെ അമ്മേ.. തുണി തയ്ച്ചത് കിട്ടാൻ താമസിച്ചു അതുകൊണ്ടാണ് " ശ്രീക്കുട്ടി കയ്യിലിരുന്ന പായ്ക്കറ്റുകൾ എല്ലാം എടുത്ത് മേശമേൽ കൊണ്ടുപോയി നിരത്തി വച്ചു.. " നിങ്ങൾ എന്തെങ്കിലും കഴിച്ചായിരുന്നോ " രാജി കുഞ്ഞിനെയും എടുത്തുകൊണ്ട് അവർ ക്കരിയിലേയ്ക്ക് വന്നു

" വന്നിട്ട് ഒരുപാട് നേരമായോ ചേച്ചി " കല്ലു കുഞ്ഞിന്റെ കവിളിൽ ഒന്ന് തോണ്ടി കൊണ്ട് രാജിയോട് ചോദിച്ചു.. " ഞാൻ നാലു മണി ആകാറായപ്പോഴേക്കും എത്തിയിരുന്നു" സുമേഷേട്ടൻ കൊണ്ടു വിട്ടിട്ട് പോയി അല്ലേ " " അതേ കല്ലൂ...ചേട്ടൻ ഇനി ശനിയാഴ്ച വരും" അപ്പോഴേക്കും ശ്രീക്കുട്ടി ദാവണിയെടുത്ത് രാജിയെ കാണിച്ചു. "നീ ഒന്ന് പോയി ഇട്ടോണ്ട് വാടി.. കാണട്ടെ " "ചേച്ചി ഞാൻ ആകെ മടുത്തു.. ഒന്ന് മേല് കഴുകിയിട്ട് വന്നിട്ട് ചേച്ചിയെ ഇട്ട് കാണിക്കാം " "മ്മ്... മതി മതി" കണ്ണനും അച്ഛനും കൂടി പന്തൽ ഇടുന്ന കാര്യത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു. കണ്ണന്റെ കല്യാണത്തിന് പന്തൽ ഇട്ട ആളുകൾ ആണ് ഇതിനും ഇടുന്നത്.. പിന്നെ ഭക്ഷണവും അവർക്ക് ആണ് കൊടുത്തേക്കുന്നത്. നാളെ ഉച്ചയ്ക്ക് മുന്നേ പന്തൽ ഇടുന്ന ആളുകൾ എത്തും എന്ന് കണ്ണൻ അച്ഛനോട് പറഞ്ഞു. "അച്ഛൻ ഇവിടെ ഉണ്ടല്ലോ അല്ലെ... ഞാൻ ചിലപ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറി എന്ന് വരും.. അച്ഛൻ എല്ലാം വേണ്ടത് പോലെ ചെയ്തോണം.." "ആഹ് ശരി മോനെ " ... രാജനും ഇപ്പൊൾ ക്ഷീണം ഒക്കെ കുറവ് ഉള്ളത് കാരണം അത്യാവശ്യം കാര്യങ്ങളൊക്കെ നോക്കി നടത്തും

"എടാ കണ്ണാ.... നാളെ വൈകിട്ട് ചിറ്റയും അപ്പച്ചിയുമൊക്കെ വരും... എന്തെങ്കിലും മേടിക്കണ്ടേ " ശോഭ നനഞ്ഞ തലമുടി ഒന്നൂടെ തോർത്തി ചുറ്റി കെട്ടി വെച്ചുകൊണ്ട് മകന്റെ അടുത്തേക്ക് വന്നു. "എന്റെ അമ്മേ... ആവശ്യം ഉള്ള സാധനം ഒക്കെ അവളുമാരെ ആരെ എങ്കിലും കൊണ്ട് മെസ്സേജ് അയപ്പിച്ചാൽ മതി.... എത്ര തവണ ഞാൻ പീടികയിൽ പോകുന്നത് ആണ് " "മ്മ്...ഇത്തിരി മീൻ മേടിക്കണം... പിന്നെ രണ്ട് കിലോ പോത്തിറച്ചി കൂടി മേടിക്കാം ". "ആഹ്.." അവൻ അകത്തേക്കു കയറി ചെന്നപ്പോൾ കല്ലു രാജിയുടെ കുഞ്ഞിനേയും കളിപ്പിച്ചു കൊണ്ട് ഇരിക്കുക ആണ്. ശ്രീക്കുട്ടി ദാവണി ഇട്ടു കൊണ്ട് ചേച്ചിയോട് അഭിപ്രായം ചോദിക്കുന്നു. "കല്ലു " . "എന്തോ " കണ്ണൻ വിളിച്ചപ്പോൾ അവൾ കുഞ്ഞിനെ കൊടുത്തിട്ട് അവന്റ അടുത്തേക്ക് പോയി. "എന്താ ഏട്ടാ " "അച്ഛമ്മയോട് നാളെ വരാൻ പറയട്ടെ... ഒരു ദിവസം ഇവിടെ നിക്കട്ടെ " . "അത് വേണ്ട ഏട്ടാ... നാളെ ഇവിടെ എല്ലാവരും വരില്ലേ.. അച്ഛമ്മ കൂടി വന്നാൽ പിന്നെ ബുദ്ധിമുട്ട് ആകും .. പിന്നെ ഒരിക്കൽ അച്ഛമ്മയെ കൊണ്ട് വന്നു നിർത്താം " .

"അത് മതിയോ...' ."മ്മ്... മതി ഏട്ടാ " അവൾ അവനെ നോക്കി ചിരിച്ചു... "ഹ്മ്മ്.. പെണ്ണിന് ഈയിടെ ആയിട്ട് ഇത്തിരി തുടിപ്പ് ഒക്കെ കൂടില്ലോ... ഫേഷ്യൽ വെല്ലോം ചെയ്തോ " അവൻ അവളുടെ മുഖം തന്റെ കൈ കുമ്പിളിൽ എടുത്തു കൊണ്ട് ചോദിച്ചു. "ഒന്ന് പോയെ കണ്ണേട്ടാ.. കളിയാക്കാതെ "... "അല്ലടി.. സത്യം.. നീ ഇത്തിരി മിനുങ്ങിയിട്ടുണ്ട്..." . "പിന്നെ പിന്നെ..' "ആഹ് . എന്നാൽ വിശ്വസിക്കേണ്ട... ദേ ഇങ്ങോട്ട് നോക്കി ക്കെ " അവൻ അവളെ പിടിച്ചു കണ്ണാടിയുടെ നേർക്ക് തിരിച്ചു നിറുത്തി. "സത്യം ആണോ ഏട്ടാ " "കണ്ടിട്ട് എന്നാ തോന്നി " ഇത്തിരി വണ്ണം വെച്ച് അല്ലെ... " അവൾ ചുരിദാർ ന്റെ ടോപ് ന്റെ ഇരു വശവും പിടിച്ചു വലിച്ചു നോക്കി കൊണ്ട് പറഞ്ഞു. "ആഹ്.. ഇത്തിരി അല്ല.... നന്നായി വെച്ചു... നീ നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട്..." . "ശരിക്കും " "മ്മ്...." അതു കേട്ടതും കല്ലു അവനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു. "കല്ലു...ഒരു കാര്യം കൂടി ഉണ്ട് കേട്ടോ " "എന്താ ഏട്ടാ...." "അല്ല.. നിന്നെ ഇത്രയും പുഷ്ടിപ്പെടുത്തി എടുത്തതിന്റെ ക്രെഡിറ്റ് മുഴുവനും ഈ നിൽക്കുന്ന നിന്റെ കെട്ടിയോന് ഉള്ളത് ആണ്...." .അവൻ അത് പറഞ്ഞതും കല്ലു അവന്റെ നെഞ്ചിലേക്ക് നാണത്താൽ മുഖം പൂഴ്ത്തി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story