രാഗലോലം: ഭാഗം 58

ragalolam new

രചന: മിത്ര വിന്ദ

കല്ലു ആണെങ്കിൽ ഒരു ചില്ലു കുപ്പിയിൽ അച്ഛമ്മ കൊടുത്ത എണ്ണയും ആയിട്ട് അമ്മയുടെ അടുത്തേക്ക് വന്നു. "മോളെ... നീയ് ഈ കസേരയിലേക്ക് ഇരുന്നോളു.. അമ്മ നന്നായി പുരട്ടി തരാം... " ശോഭ എണ്ണ കുപ്പി അവളോട് മേടിച്ചു കൊണ്ട് പറഞ്ഞു. അല്പം ചുരുണ്ട മുടി ആണ് കല്ലുവിന്റേത്.. ഗർഭകാലം ആയപ്പോൾ മുടിക്ക് ലേശം നീളം വെച്ചിരുന്നു. അവളുടെ ഉച്ചിയിലേക്ക് നന്നായി എണ്ണ ഇറ്റിച്ചു കൊടുത്തു അവർ.. എന്നിട്ട് ശരിക്കും എല്ലാ ഭാഗത്തും തേച്ചു പിടിപ്പിച്ചു... "കഷ്ടിച്ച് അര മണിക്കൂർ.. അതിൽ കൂടുതൽ എണ്ണ തലയിൽ ഇരിക്കാൻ പറ്റില്ല കേട്ടോ മോളെ..." "ശരി അമ്മേ " "മോളെ... കണ്ണൻ എന്നാ പറഞ്ഞു.. ഗൾഫിൽ പോകുന്നുണ്ടോ... അവനു ഭയങ്കര താല്പര്യം ആണെന്ന് തോന്നുന്നു അല്ലേ " "അതേ അമ്മേ... എന്നോട് പറഞ്ഞു ഏട്ടന് ജോലിക്ക് അവിടേക്ക് പോകാൻ ഒരുപാട് ആഗ്രഹം ഉണ്ടന്ന്.... കടം ഒക്കെ വീട്ടണം, വീട് പുതുക്കി പണിയണം, വണ്ടി മേടിക്കണം എന്നോക്കെ...." "എന്നിട്ടോ മോളെ "... "ഞാൻ പറഞ്ഞു വേണ്ടന്ന്... കടം ഒക്കെ മെല്ലെ വീട്ടാൻ ഈശ്വരൻ ഒരു വഴി കാണിച്ചു തരും അമ്മേ...

ഏട്ടൻ ഈ നാടും വീടും ഉപേക്ഷിച്ചു പോയാൽ പിന്നെ....." .. കല്ലുവിന്റെ വാക്കുകൾ മുറിഞ്ഞു. "അല്ലെങ്കിലും അങ്ങനെ അവനെ വിടാൻ പറ്റുമോ മോളെ.. കുഞ്ഞ് നെ കാണണ്ടേ.. അതിന്റെ കരച്ചിലും ബഹളവും ഒക്കെ കേട്ടും അറിഞ്ഞും അവൻ ഇവിടെ വേണം... അല്ലാതെ വെല്ലോ നാട്ടിലും പോയി കിടന്നാൽ നമ്മൾക്ക് സമാധാനം കിട്ടുമോ..." "ഹ്മ്മ്... ശരിയാ " . "എന്റെ പൊന്നു മോളെ... ഞാൻ എപ്പോളും ഓർക്കും പുറം നാട്ടിൽ ഒക്കെ വീടും കൂടും ബന്ധവും ഒക്കെ ഉപേക്ഷിച്ചു, സന്തോഷങ്ങൾ ഒക്കെ വേണ്ടാന്ന് വെച്ചു പോയി കിടക്കുന്ന ആളുകളെ... എല്ലാവരും ജീവിക്കാൻ വേണ്ടി ആണ്... പക്ഷെ ഓർക്കുമ്പോൾ നെഞ്ച് പിടയും... വടക്കേലെ ജാനു ചേച്ചി ഇല്ലേ... ഇവിടെ ഇടയ്ക്കു മുരിങ്ങ ഇല ഒക്കെ പൊട്ടിക്കാൻ വരുന്ന....." . "മ്മ്... അറിയാം അമ്മേ " "അവരുടെ മൂത്ത മകൻ പ്രകാശൻ.... ഗൾഫിൽ ആണ്..." .. . "ആഹ് കണ്ണേട്ടൻ പറഞ്ഞു..." "ഹ്മ്മ്... അവൻ വന്നിട്ട് പോകുമ്പോൾ ആ പിള്ളേരുടെ കരച്ചിൽ കാണണം.. ചങ്ക് പൊട്ടും എന്റെ മോളെ " "ഞാൻ ഏട്ടനോട് പറഞ്ഞു അമ്മേ... പൈസക്ക് ഒക്കെ ഉണ്ട്..

എനിക്ക് അറിയാം...എങ്ങനെ എങ്കിലും ആ പരീക്ഷ ഒന്ന് പാസ്സ് ആകണം... ഒരു ജോലി മേടിക്കണം.. ആ ഒരു വിശ്വാസത്തിൽ ആണ് അമ്മേ ഞാന്.." "എന്റെ മോൾക്ക് കിട്ടും... നീ ഒരുപാട് പഠിക്കുന്നത് അല്ലേ.. എനിക്ക് അറിയാം മോളെ...ഗുരുവായൂരപ്പൻ നിന്നെ കൈ വെടിയില്ല...".... അവർ കല്ലുവിനോട് പറഞ്ഞു. "ആഹ് മോളെ ...ശ്രീക്കുട്ടീടെ മുറിയിലേക്ക് വാ.. എന്നിട്ടമ്മ നന്നായി കുഴമ്പ് തേച്ചു തരാം...." "അത് സാരമില്ല അമ്മേ... ഞാൻ മെല്ലെ തേച്ചോളാം " അവൾക്ക് അമ്മയെ കൊണ്ട് ചെയ്യിപ്പിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നി. ശോഭ നിർബന്ധിച്ചു എങ്കിലും കല്ലു അതു സ്നേഹത്തോടെ നിരസിച്ചു. അതിന് ശേഷം അവള് ശ്രീക്കുട്ടീടെ റൂമിലേക്ക് പോയി.. എന്നിട്ടല്ല്പം കുഴമ്പ് എടുത്തു പറ്റുന്നത് പോലെ ഒക്കെ പുരട്ടി...അപ്പോളേക്കും ശോഭ താളിയും ഇഞ്ചയും ഒക്കെ പതപ്പിച്ചു എടുത്തു വെച്ചിരുന്നു...അവൾക്ക് കുളിക്കുവാനായി വെള്ളത്തിലേക്ക് അല്പം കൊടിയില കൂടി ഇട്ടു തിളപ്പിച്ച്‌ വെച്ചിട്ടുണ്ട് നേരത്തെ തന്നെ.. അര മണിക്കൂറിനുള്ളിൽ തന്നെ കല്ലുവിനെ അവർ കുളിക്കാനായി വിട്ടു... ഇനി തലനീര് എങ്ങാനും ഇറങ്ങി വല്ലോ ജലദോഷം പിടിച്ചാലോ എന്ന് അവർ ഭയപ്പെട്ടു.

ഇളം ചൂട് വെള്ളത്തിൽ, താളി ഒക്കെ ഒഴിച്ച് എണ്ണ മെഴുക്കു കളഞ്ഞു, കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ കല്ലുവിന് വല്ലാത്ത സുഖം തോന്നി... തോർത്ത്‌ കൊണ്ട് മുടിയിലെ നനവ് എല്ലാം പിഴിഞ്ഞ് കളഞ്ഞു കൊണ്ട് അവൾ വടക്ക് വശത്തെ മുരിങ്ങയുടെ ചുവട്ടിൽ നിൽക്കുക ആണ്... മുരിങ്ങ പൂവിന്റെ സുഗന്ധം അവളുടെ നാസികയിലേക്ക് കയറി... "മോളെ കല്ലു " "എന്തോ... ഞാൻ ഇവിടെ ഉണ്ട് അമ്മേ " . അപ്പോളേക്കും ശോഭ അല്പം രസ്നദി പൊടി കൊണ്ട് വന്നു അവളുടെ നെറുകയിൽ തിരുമ്മി.. "ആദ്യം ആയിട്ട് അല്ലേ മോളെ... ജലദോഷം വെല്ലോം പിടിച്ചാലോ എന്ന് എനിക്ക് പേടിയാ.. നിനക്ക് ക്ഷീണം ഒന്നും ഇല്ലല്ലോ അല്ലേ " . "വല്ലാത്ത സുഖം ഉണ്ട് അമ്മേ...." അവൾ അവരെ നോക്കി ചിരിച്ചു.. "ഹ്മ്മ്... കേറി വാ മോളെ... ഞാൻ ചായ എടുത്തു വെച്ചിട്ടുണ്ട്...." .. കല്ലുവും അമ്മയുടെ പിന്നാലെ പോയി. അച്ഛനും കണ്ണേട്ടനും കൂടി ഇരുന്നു ക്രിക്കറ്റ്‌ കാണുക ആണ്.. കല്ലു അമ്മയ്ക്ക് ഒപ്പം ഇരുന്നു ചായ യും കാലത്തെ ഉണ്ടാക്കിയ ഇല അടയും കൂടി കഴിച്ചു.. "മറ്റന്നാൾ അല്ലേ മോളെ ഹോസ്പിറ്റലിൽ പോകേണ്ടത് " .

"അതേ അമ്മേ.... ഇനി എന്നാണ് സ്കാനിംഗ് എന്ന് ചെല്ലുമ്പോൾ അവർ അറിയിക്കും " "ആഹ്.. എല്ലാം ചോദിച്ചിട്ട് പോരണം കേട്ടോ " "മ്മ്..ചോദിക്കാം അമ്മേ..." .. അന്ന് രാത്രിയിൽ കിടക്കുന്ന സമയത്തു കണ്ണൻ ഒന്നൂടെ ജോലി കാര്യം കല്ലുവിനോട് സംസാരിക്കാൻ ശ്രെമിച്ചു.. "കണ്ണേട്ടൻ ഇഷ്ടം പോലെ ചെയ്തോളു.. എന്നോട് ഒന്നും ചോദിക്കേണ്ട... പറയാൻ ഉള്ളത് ഒക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു." "എടി പെണ്ണെ... ഞാൻ പോകുന്ന കാര്യം അല്ലന്നേ...... ഈ കാര്യം ശ്രീക്കുട്ടിയോട് പറഞ്ഞു.. അപ്പോൾ അവള് പറയുവാ രാമു നോട്‌ പറയാൻ... നമ്മുടെ ദേവി ചിറ്റേടെ മോൻ ഇല്ലേ..." "ഹ്മ്മ്...അങ്ങനെ എന്തെങ്കിലും ചെയ്തോ.. എനിക്ക് കുഴപ്പമില്ല.... പക്ഷെ കണ്ണേട്ടൻ പോകാൻ ഞാൻ സമ്മതിക്കില്ല..." "ഞാൻ നിന്നെ വിട്ട് എവിടെയും പോകുന്നില്ല പെണ്ണേ .... അത് തീരുമാനിച്ച കാര്യം അല്ലേ " പക്ഷെ സാമ്പത്തികമായി നല്ല ഞെരുക്കത്തിൽ ആയിരുന്നു അവൻ.. കല്ലുവിന്റെ പ്രസവ തീയതി അടുത്ത് വരുന്നു.. വീട്ടിലെ ചിലവ്, അച്ഛന്റെ മരുന്ന് ലോൺ.. എല്ലാം കൂടി ഓർക്കുമ്പോൾ ശരിക്കും ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആണ്..ഓട്ടവും തീരെ കുറവ്...

പക്ഷെ ആരെയും അറിയിക്കാൻ പറ്റില്ല..... ഹ്മ്മ്... എന്തെങ്കിലും വഴി കണ്ടേ തീരു എന്നവൻ ഓർത്തു. "ഏട്ടാ..." കല്ലു അവനെ വിളിച്ചു. "എന്താ കല്ലു " "ഏട്ടൻ ഇത് ഏത് ലോകത്ത് ആണ്... കുറച്ചു സമയം ആയല്ലോ ഈ ആലോചന തുടങ്ങിട്ട് " "ഹേയ്.. ഒന്നുല്ല പെണ്ണേ... നീ കിടന്നു ഉറങ്ങാൻ നോക്ക്" അവൾ ഇത്തിരി ബദ്ധപ്പെട്ട് അവനു നേരെ തിരിഞ്ഞു കിടന്നു.. വയറു ഒക്കെ ഉള്ളത് കൊണ്ട് നേരത്തെത് പോലെ വേഗം തിരിയാനൊന്നും പറ്റുല്ല.. കണ്ണന്റെ ദേഹത്തേക്ക് അവൾ തന്റെ വലത് കരം എടുത്തു വെച്ചു. ഏട്ടാ.... "ഹ്മ്മ് " "എന്താ ഇത്രയും വലിയ ആലോചന " "ഒന്നുല്ല പെണ്ണേ... ഭാവിയെ കുറിച്ചു ഒക്കെ വെറുതെ ചിന്തിച്ചു... അത്ര തന്നെ " "ഏട്ടൻ വെറുതെ നുണ പറയുവാ.. എനിക്ക് അറിയാം.." "ഹേയ്... അല്ലടാ..ഒക്കെ നിന്റെ തോന്നൽ ആണ് " "പിന്നേ... എന്ന് പറഞ്ഞാൽ ഞാൻ ആദ്യം ആയിട്ടല്ലേ ഏട്ടനെ കാണുന്നത് " അവൾ ചുണ്ട് കൂർപ്പിച്ചു.. "ഞാൻ എന്തിനാ കല്ലുവേ നിന്നോട് നുണ പറയുന്നത്.. അങ്ങനെ ആണോ നീ എന്നേ കണ്ടിരിക്കുന്നത്..." "ഒക്കെ ശരിയാണ്... പക്ഷെ ഇപ്പോൾ ഏട്ടൻ പറയുന്നത് ഒന്നും ഞാൻ വിശ്വസിക്കില്ല....

എന്തോ മനസിൽ കിടന്ന് എരിയുന്നുണ്ട് എന്ന് ഈ മുഖം കണ്ടാൽ അറിയാം " . "അതിന് മാത്രം ഒന്നും ഇല്ല കൊച്ചേ...വണ്ടിക്ക് ഓട്ടം ഇത്തിരി കുറവ് ആണ്‌.. അച്ചനു മരുന്ന് മേടിക്കാൻ ഉണ്ട്.. പിന്നെ ലോൺ കുടിശിക.....അതൊക്കെ ഓർത്തു എന്നേ ഒള്ളൂ.. അല്ലാതെ നിന്നോട് എന്താണ് ഞാൻ നുണ പറയുന്നത് മോളെ " അവന്റ വാക്കുകൾ കേട്ടപ്പോൾ കല്ലുവിന് മനസിൽ എവിടെയോ ഒരു നൊമ്പരം തോന്നി. താൻ വിചാരിച്ചത് കണ്ണേട്ടന് ഗൾഫിൽ പോകാൻ പറ്റാത്തതിന്റെ വിഷമം ആണെന്ന് അതുകൊണ്ട് വെറുതെ ഏട്ടനെ ശുണ്ഠി പിടിപ്പിക്കാൻ ആണ് ഇത്തരത്തിൽ ഓരോന്ന് ചോദിച്ചു കൊണ്ട് ഇരുന്നത പോലും..പക്ഷെ ഏട്ടന്റെ മനസിൽ ഇതായിരുന്നു എന്ന് താൻ അറിഞ്ഞില്ല... കല്ലുവിന് വല്ലാത്ത ഒരു കുറ്റബോധം തോന്നി.. "ഏട്ടാ....വിഷമം ആയോ ഞാൻ അങ്ങനെ ചോദിച്ചത്..." കുറച്ചു നിമിഷങ്ങൾക്ക് ശേഷം കല്ലു ചോദിച്ചു.. "ഇല്ല പെണ്ണെ... എന്തിനാ ഓരോന്ന് കാട് കയറി ചിന്തിക്കുന്നത്... അതും ഈ സമയത്ത്..ഒന്നും വേണ്ട കേട്ടോ കല്ലുസേ " സ്നേഹപൂർവ്വം അവൻ കല്ലുവിനെ ശാസിച്ചു..

എന്നിട്ട് തന്നിലേക്ക് ചേർത്തു. പെട്ടന്ന് കുഞ്ഞ് ഒന്നു അനങ്ങി.. "ഓഹ്... അച്ഛന്റെ കണ്മണി ഉറങ്ങാതെ കിടക്കുവാണോ...".. അവൻ എഴുനേറ്റ് അവളുടെ വയറിന്മേൽ ഒരു മുത്തം കൊടുത്തു. "കിടന്നു ഉറങ്ങിക്കോ കേട്ടോ... നമ്മൾക്ക് നാളെ സംസാരിക്കാം..." അവൻ മെല്ലെ വേദനിപ്പിക്കാതെ അവളുടെ വയറിൽ ഒന്നു തട്ടി കൊടുത്തു.. കല്ലുവിന്റെ നെറുകയിലും തന്റെ അധരം ചേർത്തിട്ട് അവൻ അവളെയും ചേർത്തു അണച്ചു കിടന്നു.. അടുത്ത ദിവസം ശ്രീക്കുട്ടിയും സുനീഷും വരുന്നുണ്ടായിരുന്നു...അതറിഞ്ഞു രാജിയും വരാം എന്നേറ്റു..അതു പ്രമാണിച്ചു ശോഭ അടുക്കള പണിയിൽ ആണ്. കല്ലുവും കറി ഒക്കെ വെയ്ക്കാൻ അരിയാൻ കൂടുന്നുണ്ട്.. മീൻ മുളകിട്ടതും പുളിശേരി യും പയർ തോരനും ഒക്കെ ആയി കഴിഞ്ഞിരിക്കുന്നു.. പോത്തിറച്ചി നല്ല നാടൻ വെളിച്ചെണ്ണയിൽ കിടന്നു ഉലർന്ന് വരുന്നുണ്ട്.. നല്ല ചുവന്നുള്ളിയും കറിവേപ്പിലയും, കുരുമുളകും ഒക്കെ കൂടി അതു അങ്ങനെ പൊടി പൊടിക്കുക ആണ്.. ആ ഗന്ധം അവിടമാകെ നിറഞ്ഞു നിൽക്കുന്നുണ്ട്.

കല്ലു ആണെങ്കിൽ സവാള കനം കുറച്ചു അരിഞ്ഞു ഇത്തിരി വെളിച്ചെണ്ണയും ഉപ്പും ചേർത്തു പിഴിഞ്ഞ് നീര് കളഞ്ഞിട്ട് പച്ചമുളകും വിനാഗിരിയും ഒക്കെ ചേർത്ത് ഇളക്കി സലാഡ് ഉണ്ടാക്കി തണുക്കാനായി ഫ്രിഡ്ജിൽ കയറ്റി വെച്ചു... ശോഭ ആണെങ്കിൽ ആ സമയത്തു അയില മീൻ വറക്കാനായി വെളുത്തുള്ളിയും വറ്റൽ മുളകും കുരുമുളകും ഉപ്പും കറിവേപ്പിലയും ഒക്കെ ചേർത്തു തരി തരിയായി അരച്ച് ചേർത്തു മീനിലേക്ക് പുരട്ടി വെച്ചു... കൃത്യം 12.30ആയപ്പോൾ ശ്രീക്കുട്ടി ഒക്കെ എത്തി.. അവർക്ക്ക് കല്ലു വേഗം നാരങ്ങ പിഴിഞ്ഞ് വെള്ളം കൊടുത്തു. അതു കുടിച്ചുകൊണ്ട് ഇരുന്നപ്പോൾ രാജിയും സുമേഷും കുഞ്ഞുമൊക്കെ കൂടി വന്നത്.. എല്ലാവരും കൂടെ ഒത്തു ചേർന്നപ്പോൾ ഓണം പോലെ ആഘോഷം ആയിരുന്നു. രണ്ട് പേരും കല്ലുവിന് ഏറെ പലഹാരം ഒക്കെ മേടിച്ചു ആണ് വന്നത് അപ്പോളേക്കും കണ്ണനും എത്തി.. കാലത്തെ അത്യാവശ്യം ഓട്ടം ഒക്കെ കിട്ടിയത് കൊണ്ട് അവനും അല്പം സമാധാനം ഉണ്ടായിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story