രൗദ്രം ❤️: ഭാഗം 15

raudram

രചന: ജിഫ്‌ന നിസാർ


കൈകൾ കെട്ടിയിട്ട അവന്റെ നേരെ നോക്കുമ്പോൾ... സ്റ്റീഫന്റെ കണ്ണുകൾക്ക് ചോര നിറമായിരുന്നു..

അവന്റെയും..

പക്ഷെ മുന്നിൽ രണ്ടാളുകൾ പിടിച്ചു വെച്ചിട്ടും നെഞ്ചുറപ്പോടെ പതറാതെ നിൽക്കുന്നയാളിലെ ഉറപ്പ്... അതും കണ്ണുകൾ വിളിച്ചു പറയുന്നുണ്ട്..

വെട്ടി തിരിഞ്ഞ് കൊണ്ടാ നെഞ്ചിലേക്ക് കത്തി താഴ്ത്തുമ്പോൾ തെറിച്ച ചോര തുള്ളിയോടെ സ്റ്റീഫൻ തിരിഞ്ഞു..

ഉറക്കെ കരഞ്ഞു കൊണ്ടാണ് അഞ്ജലി ചാടി എഴുന്നേറ്റത്...

കണ്ടതൊരു സ്വപ്നം ആണെന്നറിയെ... അവളുടെ മുഖത്തെ പേടി അൽപ്പം കുറഞ്ഞു...

വിറക്കുന്നു  ദേഹം മുഴുവനും.. വിയർത്തു നനഞ്ഞിട്ടുണ്ട്..

കൈ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു ഇരിക്കുമ്പോൾ.. കണ്മുന്നിൽ അപ്പോഴും അത് കാണും പോലെ..

കൈകൾ കെട്ടിയിട്ട് നിസ്സഹായതയോടെ നിൽക്കുവന് രുദ്രന്റെ മുഖമായിരുന്നുവോ..

വീണ്ടും അഞ്ജലി ഞെട്ടി വിറച്ചു..

വല്ലാത്ത പരവേശത്തിൽ അവൾ ഒന്നൂടെ ചുരുങ്ങി കൂടി..

ജോസ് അങ്കിൾ പറഞ്ഞതെല്ലാം മനസ്സിലൂടെ തെന്നി നീങ്ങുന്നു..

എല്ലാം കൂടി അവൾക്കാകെ പിടി വിട്ട് പോകും പോലെ.. മനസ്സിൽ ഉള്ളതൊന്നും ആരോടും പറയാൻ കൂടി വയ്യാത്ത നിസ്സഹായത

രുദ്രൻ പറഞ്ഞത് മുഴുവനും സത്യം തന്നെ ആയിരിക്കാം.. ഇത് വരെയും ഒരു സംശയം.. അതും വളരെ നേരിയ ഒരു സംശയം മാത്രം ഒള്ളായിരുന്ന കാര്യം ഇപ്പോൾ.. ഇനി യാതൊന്നും ഒളിച്ചു പിടിക്കാൻ ഇല്ലാത്തത് പോലെ.. അനാവൃതമായി മുന്നിൽ നിൽക്കുന്നുണ്ട്..

അതിന് ഒരു കാരണകാരൻ മാത്രം ആയിരിക്കും രുദ്രൻ..

ഒരുപാട് സ്നേഹത്തോടെ... അഹങ്കാരത്തോടെ കൊണ്ട് നടന്നിരുന്ന സ്ഥാനം... സ്റ്റീഫൻ തോമസിന്റെ മകൾ എന്നതിപ്പോൾ വളരെ ഭാരം തോന്നുന്നു..

ഹൃദയം പൊടിഞ് പോകാൻ മാത്രം പാകത്തിന്.. നെഞ്ചിൽ അമരുന്ന ഭാരം...

ഇത് പോലെ... നെഞ്ചിലെ താങ്ങാൻ കഴിയാത്തൊരു ഭാരവും സഹിച്ചു കൊണ്ടൊരുവൻ... അവനെത്ര നാളായി കാണും എല്ലാം മറന്നൊന്ന് ഉറങ്ങിയിട്ട്... ഒന്ന് ചിരിച്ചിട്ട്..

വീണ്ടും അവളിൽ ഹൃദയഭാരം കൂടി കൊണ്ടേ ഇരുന്നു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

റൂമിൽ ഇരുന്നിട്ടും ഗായത്രി പറയുന്ന വാക്കുകൾ... വേദനക്കും അപ്പുറം അവനിൽ സങ്കടം ആയിരുന്നു..

ആർക്കും എന്തേ തന്നെ ഒന്ന് മനസ്സിലാക്കാൻ കഴിയാത്തത്..

റെജിയുടെയും സലീമിന്റെയും വാക്കുകളിൽ പോലും ഇപ്പൊ ഒരു പരിഹാസം ഉള്ളത് പോലെ..

ഇത് വരെയും ധൈര്യം തന്ന് പിടിച്ചു നിർത്തിയവർ പോലും.. ഇനി നിന്നേ കൊണ്ട് ഒന്നിനും കഴിയില്ലെന്ന് പലപ്പോഴും ഓർമ പെടുത്തും പോലെ..

നീ ധീരൻ ആണോ... അതിന്.. പേടിച്ചു ഒളിച്ചു നിൽക്കുന്നവന് ഞാൻ വിളിക്കണ പേര് ഭീരു എന്നാണ് "

ഏതോ ദേഷ്യം ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് ഫോണിൽ കൂടി വിളിച്ചിട്ട് കാതിൽ പറഞ്ഞു രസിക്കുന്നവൾ വേറെയും..

തിരിച്ചങ്ങോട്ട് വിളിച്ചാൽ കിട്ടില്ല..

പക്ഷെ കഴിഞ്ഞ രണ്ട് ദിവസമായി ഇങ്ങോട്ട് വിളിച്ചിട്ട് മുടങ്ങാതെ തന്റെ നെട്ടെല്ലിന്റെ ബലത്തെയും മനസ്സിന്റെ ഉറപ്പിനെയും അങ്ങ് പാതാളത്തോളം ചവിട്ടി താഴ്ത്തി രസിക്കുന്നുണ്ട്..

എല്ലാം കൂടി ഓർക്കുമ്പോൾ രുദ്രന്റെയും പിടി വിട്ട് പോകുന്നുണ്ട് പലപ്പോഴും..

പക്ഷെ അപ്പോഴും മനസാക്ഷി ചെറിയൊരു ചിരിയോടെ അവന്റെ മുന്നിൽ ഒരുപാട് ചോദ്യങ്ങൾ നിരത്തി പിടിക്കും..

പലപ്പോഴും തല ഉയർത്തി ഉത്തരം കൊടുക്കാൻ കഴിയാത്ത നിരവധി ചോദ്യങ്ങൾ..

അതവനെയും വീർപ്പു മുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു..

😍😍😍😍😍😍😍😍😍😍😍😍😍😍

ബ്രേക്ക്‌ പിടിച്ചിട്ടും നിരങ്ങി നീങ്ങിയാണ് അഞ്ജലിയുടെ സ്കൂട്ടി നിന്നത്..

ദേഷ്യത്തോടെ ചീത്ത വിളിക്കാൻ വാ തുറന്നതും മുന്നിൽ അതിനേക്കാൾ കലിപ്പോടെ നോക്കി ബൈക്കിൽ തന്നെ ഇരിക്കുന്ന രുദ്രൻ.

ഇങ്ങനൊരു കൂടി കാഴ്ച മുൻകൂട്ടി കണ്ടിരുന്നു എങ്കിൽ കൂടിയും ആ നിമിഷം... അവന്റെയാ ഭാവത്തിനു മുന്നിൽ അവൾ വിറച്ചു പോയിരുന്നു..

പതിയെ സ്കൂട്ടി സ്റ്റാൻഡിൽ വെച്ചിട്ട് അഞ്ജലി ഇറങ്ങി റോഡിൽ നിന്നു..

വല്ല്യ തിരക്കൊന്നും ഇല്ലാത്ത ഒരു പോക്കറ്റ് റോഡിൽ ആയിരുന്നു നിൽപ്പ് എന്നതവൾക്ക് ചെറിയൊരു ആശ്വാസം നൽകി..

രണ്ടടി കിട്ടിയാലും ആരും അറിയില്ലല്ലോ..

അല്ല.. വിളിച്ചവനോട് പറഞ്ഞ കാര്യങ്ങൾ എല്ലാം ഓർത്താൽ രണ്ടടി എന്നത് നാലും എട്ടും ഒക്കെ ആയി നീളാനുള്ള സ്കോപ്പ് ഉണ്ട് എന്നും അവൾക്കറിയാം...

സൂക്ഷിച്ചു നോക്കി നിൽക്കുന്ന അവന്റെ കണ്ണിലെ ദേഷ്യത്തിനൊപ്പം തന്നെ തന്നെ കണ്ടു പിടിച്ചു എന്നതൊരു വിജയതിളക്കമായി കാണുന്നുണ്ട് അവൾ..

സേറ പറഞ്ഞ പലതും ഒറ്റയടിക്ക് ആ നിമിഷം അവൾക്ക് ഓർമ വന്നു..

അപ്പോഴും അവനോട് തോന്നുന്ന ഫീലിന് എന്താണ് ഒരു തണുപ്പ് എന്നവൾക്ക്മനസ്സിലായില്ല..ഒട്ടും ദേഷ്യം ഇല്ലായിരുന്നു...

"എന്തേ... നിന്നെ ഞാൻ ഒരിക്കലും കണ്ട് പിടിക്കില്ലെന്ന് കരുതിയോ നീ,"

മൂർച്ചയുള്ള സ്വരം..

അഞ്ജലി ഒന്ന് ചിരിച്ചു..

"സ്റ്റീഫന്റെ മോൾക്ക് ആത്മ വിശ്വാസം ഇത്തിരി കൂടുതൽ ആണെന്ന് അറിയാം.. പക്ഷെ ഇപ്പുറം നിൽക്കുന്നത് രുദ്രൻ ആണെന്ന് മറന്നു പോവാതിരുന്നാ മതി "

നെഞ്ചിൽ കൈ കെട്ടി അവനത് പറഞ്ഞിട്ടും അവളുടെ ചിരി മാഞ്ഞില്ല..

സ്കൂട്ടിയുടെ സീറ്റിലേക്ക് ചാരി അവളും നിന്നു..

"കണ്ടു പിടിക്കും എന്നെനിക്ക് ഉറപ്പായിരുന്നു... ഇത്തിരി വൈകി പോയോ എന്നത് മാത്രം ആണ് സംശയം.. കാരണം എനിക്കറിയാവുന്ന രുദ്ര ദേവ് IPS മിടുക്കനാണ് "

അവളത് പറയുമ്പോൾ ഒരു നിമിഷം രുദ്രൻ മിണ്ടിയില്ല..

ആ വാക്കുകൾ തുളഞ്ഞു കയറി പോയത് അവന്റെ ഹൃദയത്തിലേക്കാണ്.

"പക്ഷെ... എന്നെ വിളിച്ചിട്ട് നീ വല്ല്യ പ്രസംഗം നടത്തിയ അന്ന്... ഈ ലോകം മുഴുവനും തിരഞ്ഞാലും എന്റെ അത്ര ഭീരുവിനെ കിട്ടില്ല എന്നായിരുന്നു നീ പറഞ്ഞത് "

രുദ്രൻ വീണ്ടും കടുപ്പത്തിൽ ചോദിച്ചു..

"അതും സത്യമാണല്ലോ.. അല്ലേൽ പിന്നെ ബുദ്ധി പരമായ ഒരു തീരുമാനം എടുക്കുന്നതിനു പകരം... ഒരു തെരുവ് ഗുണ്ടയുടെ റേഞ്ചിൽ ചിന്തിച്ചു തീരുമാനം എടുക്കില്ലല്ലോ "

അഞ്ജലി ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു..

രുദ്രന്റെ മുഖം ഒന്നൂടെ വലിഞ്ഞു മുറുകി..

ബൈക്കിൽ നിന്നും അവൻ പതിയെ താഴെ ഇറങ്ങി..

"നീ വല്ല്യ മിടുക്കി ആയിരിക്കും.. പക്ഷെ അതുമായി എനിക്ക് മുന്നിൽ വരരുത്.. സ്റ്റീഫന്റെ മകൾ ആയിട്ടും.. ഒരു തെറ്റും ചെയ്യാത്ത നിന്നെ ഇതിലേക്ക് വലിച്ചിടാത്തത് എന്റെ മാന്യതയാണ്.. എന്നും കരുതി എന്നെ കേറി ചൊറിയാൻ ആണ് നിന്റെ പരിപാടി എങ്കിൽ... അത് വേണ്ട അഞ്ജലി..."
അവൾക്ക് മുന്നിൽ വന്നു നിന്നിട്ട് രുദ്രൻ പറയുമ്പോൾ... അഞ്ജലി അലിവോടെ അവനെ നോക്കി..

എത്ര വലിയൊരു നോവിന്റെ കടലാണ് ഈ മനസ്സിൽ..

പുറമെ നിന്നും നോക്കുന്നവർക്ക് ആർക്കും അതിന്റെ ആഴവും അലകളും അറിയില്ലേലും... അതവനിൽ... ഏല്പിക്കുന്ന ആഘാതം വളരെ വളരെ വലുതാണ്..

ലോകം മുഴുവനും വെറുക്കാൻ അവന് മുന്നിലെ കാരണമാണ്...

ഡീ

വീണ്ടും രുദ്രൻ വിളിക്കുമ്പോൾ അഞ്ജലി ഞെട്ടി..

"എന്റെ തീരുമാനങ്ങളെ നീ ചോദ്യം ചെയ്യാൻ ആയിട്ടില്ല.. ഇനി മേലാൽ എന്റെ ഫോണിലേക്ക് നീ വിളിക്കരുത്.. ഇപ്പൊ കാണുന്നത് പോലല്ല.. ഞാൻ നിന്റെ വീട്ടിൽ വരും.. പറഞ്ഞേക്കാം.."

പറഞ്ഞു കൊണ്ടവൻ... വിരൽ ചൂണ്ടി..

അഞ്ജലി പതിഞ്ഞ ചിരിയോടെ അവനെ നോക്കി...

"രുദ്രേട്ടൻ എന്തൊരു പാവം ആണ്..."

പതിയെ ആണ് അവളത് പറഞ്ഞത് എങ്കിലും രുദ്രൻ അത് കേട്ടിരുന്നു..
അവന്റെ മുഖത്തു വീണ്ടും ദേഷ്യം നിറഞ്ഞു..

"ഈ ലോകത്തിലെ എല്ലാവർക്കും ഒരേ മുഖം അല്ല മാഷേ.. ഒരിക്കൽ നിങ്ങൾ തോറ്റു പോയിട്ടുണ്ടാകും.. എന്നും കരുതി.. എല്ലായ്പോഴും അങ്ങനെ ആവുമോ..ഇനി അങ്ങോട്ട്‌ ഒന്ന് ജയിക്കണ്ടേ നമ്മൾക്ക് "

അഞ്ജലി ചോദിക്കുമ്പോൾ അവന്റെ മുഖത്തു വല്ല്യ താല്പര്യമില്ല ഇത് കേൾക്കാൻ എന്നൊരു ഭാവം ആയിരുന്നു..

"നിങ്ങൾ പറഞ്ഞത് പോലൊരു മുഖം എന്റെ അച്ഛനുണ്ടോ എന്നെനിക്ക് ഇപ്പോഴും തീർച്ചയല്ല..

മനസ്സിൽ ഒരു കുറ്റബോധം തോന്നി അഞ്‌ജലിക്ക് അങ്ങനെ പറയുമ്പോൾ..

എല്ലാം ഇപ്പോൾ ഏറെക്കുറെ അറിയാം..

എന്നിട്ടും പക്ഷെ അവനോട് അങ്ങനെ പറയാൻ ആണ് തോന്നിയത്...

"പക്ഷെ നിങ്ങളെ കുറിച്ച്.. നിങ്ങളുടെ അവസ്ഥയെ കുറിച്ച് എല്ലാം എനിക്കറിയാം ഇപ്പൊ... അതിലെ സത്യം അറിയാം.. അത് കൊണ്ടു തന്നെ.. നിങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ റെഡിയാണ്.."

ഉറപ്പോടെ.. വല്ല്യ പ്രതീക്ഷയോടെ അവന് മുന്നിൽ വന്നു നിന്നിട്ട് അവൾ പറയുബോൾ... രുദ്രൻ പുച്ഛത്തോടെ അവളെ നോക്കി..

"ഇങ്ങനൊക്കെ പറയാൻ ആരാണ് നിന്നെ പറഞ്ഞു വിട്ടത്... ആദ്യം നീ അത് പറ "

അവളെ കൂർപ്പിച്ചു നോക്കി അവനത് ചോദിക്കുമ്പോൾ അഞ്ജലിയുടെ മുഖത്തും ദേഷ്യം നിറഞ്ഞു...

"മര്യാദക്ക് പറഞ നിനക്ക് പിന്നെ മനസ്സിലാവില്ലല്ലോ..."

അഞ്ജലി ചോദിക്കുമ്പോൾ രുദ്രൻ ചിരിച്ചു..

"നിന്റെ ത..ന്തക്ക് നേരായ ബുദ്ധി അല്ല... പിന്നിൽ നിന്നും കുത്തിയാണ് പരിചയം മുഴുവനും..അത് കൊണ്ടു അങ്ങേരോട് ചേരുന്നതൊന്നും ഞാൻ വിശ്വസിക്കില്ല..."
രുദ്രൻ പറഞ്ഞിട്ടും അഞ്ജലിക്ക് വല്ല്യ കുലുക്കമില്ല..

ഇതെല്ലാം പ്രതീക്ഷിക്കുന്നു എന്നൊരു ഭാവം..

"ഇതൊക്കെ മുടന്തൻ ന്യായം ആണ് മാഷേ... സ്വയം ഒതുങ്ങി കൂടാനുള്ള കാരണം.. നിനക്കിപ്പോഴും പേടിയാണ്.. അത് വിട്ട് പോയിട്ടില്ല.. ഇനി പോവും എന്നും തോന്നുന്നില്ല "

അഞ്ജലി വീണ്ടും പരിഹാസത്തോടെ പറഞ്ഞു..

അവന്റെ ഭാവം മാറി അത് കേട്ടപ്പോൾ..

സൂക്ഷിച്ചു സംസാരിക്കാൻ ശ്രമിക്ക്.. ഇല്ലേൽ വായിൽ പല്ല് കാണില്ല "

അവൻ വീണ്ടും അവൾക്ക് മുന്നിൽ വന്നു നിന്നു..

"നീ ഒന്നും ചെയ്യില്ല..രുദ്രേട്ടാ അതിനുള്ള ധൈര്യം നിനക്കില്ല.. ഉണ്ടായിരുന്നു എങ്കിൽ.. സർവീസിൽ ഇരുന്നു കൊണ്ടു നീ നിന്റെ  അച്ഛന് ന്യായമായ നീതി വാങ്ങിച്ചു കൊടുക്കുമായിരുന്നു... അതിന് പകരം.. നീ എന്താ ചെയ്തത് "

ഇപ്രാവശ്യം അഞ്ജലിയുടെ സ്വരത്തിൽ നിറഞ്ഞ ദേഷ്യം...

രുദ്രൻ നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി..

"നിന്റെ അച്ഛന് വേണ്ടി പോരാടാൻ നിനക്കെന്തിനാ രുദ്രേട്ടാ വേറൊരു സഹായി.. ചങ്കുറപ്പോടെ.. ക്ഷമയോടെ നിന്നാൽ നീ മാത്രം മതിയതിന്.. അതിനുള്ള വീര്യം നിന്നിൽ നിന്റെ അച്ഛൻ നിറച്ചു തന്നിട്ടല്ലേ പോയത്... മരണം കൊണ്ടു പോലും തോൽപ്പിക്കാൻ ആവാത്ത ഒരാളാണ് സേതു മാധവൻ എന്ന നിന്റെ അച്ഛൻ എന്നാ ഞാൻ അറിഞ്ഞത്.. ആ അച്ഛന്റെ മകനെ ലോകം അറിയേണ്ടത് തോറ്റു പോയവനായി ആണോ... ചിന്തിച്ചു നോക്ക് നീ.. മരിച്ചിട്ടും നിന്റെ അച്ഛനെ അപമാനിക്കുന്നതിന് തുല്യമല്ലേ അത്... ഇനിയും അത് തുടരുമ്പോൾ.. നിന്നെ പിന്നെ ഞാൻ എങ്ങനെ ധീരൻ എന്ന് വിളിക്കും...

നിനക്ക് ചേരുന്ന പേര് ഭീരു എന്ന് തന്നെയാണ് "

വാശിയോടെ അഞ്ജലി വിളിച്ചു പറഞ്ഞു..

ദേഷ്യം കൊണ്ട് രുദ്രൻ ചുവന്നു പോയിരുന്നു..

എങ്കിലും അവൾ പറയുന്നത് എല്ലാം സത്യമാണ് എന്നൊരു തോന്നൽ അവനുള്ളിൽ ശക്തമായിരുന്നു...

അത് കൊണ്ടു തന്നെ ഒന്നും മിണ്ടാൻ വയ്യ..

"ഇപ്പോഴും നീ തോറ്റിട്ടില്ല... ജയിക്കും എന്നുറപ്പിച്ചു കൊണ്ടു നീ തിരികെ വാ.. രുദ്രേട്ടാ.. സത്യത്തിനൊപ്പം ഈ ലോകം മുഴുവനും ഉണ്ടാവും..പ്രതികാരം ചെയ്യാൻ അല്ല... അതിനിനിയും സമയം ഉണ്ട്.. ഇപ്പൊ നിന്നെ ഈ നാടിനു ആവിശ്യമുണ്ട്.. നീ അത് അറിയുന്നില്ല "

അഞ്ജലി പറയുമ്പോൾ രുദ്രൻ അവളെ അത്ഭുതത്തോടെ നോക്കി..

ഒരിക്കൽ ഇവളോട് ചെയ്ത ക്രൂരത... അത് പോലും മറന്നു പോയോ..

ആ വാക്കിലും മുഖത്തും നിറഞ്ഞ ആത്മാർത്ഥ മാത്രം.. അവൾ മുന്നേ പറഞ്ഞത് പോലെ...

ഈ ലോകം സ്വാർത്ഥൻമാരുടെത് മാത്രം അല്ലെന്ന് തെളിയിക്കും പോലെ..

"നിന്റെ അമ്മയുടെ പ്രതീക്ഷയാവാൻ.. നിന്റെ പെങ്ങമാരുടെ ധൈര്യം ആവാൻ. നിന്റെ കൂട്ടുകാരുടെ അഭിമാനം ആവാൻ.. നിന്റെ നാടിനു നിന്റെ അച്ഛനോടുള്ള ബഹുമാനം ആവാൻ.. ഒരിക്കൽ കൂടി നീ തിരികെ വാ.. രുദ്ര ദേവ് IPS  ആയിട്ട് "

അഞ്‌ജലി മുന്നിൽ വന്നു നിന്നിട്ട് പറയുമ്പോൾ രുദ്രൻ അവളെ തന്നെ നോക്കി...

"നീ മാറ്റം തുടങ്ങേണ്ടത് നിന്നിൽ നിന്നും തന്നെയാണ്.. മാറ്റുവിൻ ചട്ടങ്ങളെ... അല്ലങ്ങിലത് മാറ്റും നിങ്ങളെ എന്നല്ലേ...പറയുന്നത് ഞാൻ ആയത് കൊണ്ടു നിനക്ക് ദഹിക്കില്ല.. പക്ഷെ.. ശെരിക്കും പോയിരുന്നു ഒന്ന് ആലോചിച്ചു നോക്ക്... അപ്പൊ നിനക്ക് മനസ്സിലാവും നിന്നെ... നിന്റെ തീരുമാനത്തിലെ പോരാഴ്മകളെ എല്ലാം.."

വീണ്ടും അഞ്ജലി പറഞ്ഞു..

"നല്ലൊരു തീരുമാനം എടുക്കുക.. നിന്റെ കൂടി നീതിയും ഉണ്ടാവും... അതിന് വേണ്ടി നീ നീയായയിട്ട് പോരാടുക.. സേതു മാധവൻ എന്നാ വല്ല്യ മനുഷ്യന്റെ മകനാണ് നീ.. ഒരു നാടിന്റെ മുഴുവനും പ്രതീക്ഷ നിന്നിലുണ്ട്.. എന്നിട്ടും പ്രതികാരം.. മാങ്ങ തൊലി എന്നൊക്കെ പറഞ്ഞിട്ട് ഒതുങ്ങി കൂടാൻ തന്നെ യാണ് ഇനിയും നിന്റെ തീരുമാനം എങ്കിൽ... ആയിക്കോ.എനിക്കൊന്നുമില്ല . നഷ്ടം നിനക്ക് മാത്രം അല്ല.. നിന്നെ ഒരുപാട് സ്നേഹിച്ച നിന്റെ അച്ഛന്റെ സൽപേരിനു കൂടിയാണ്..

അവൾ പറയുന്ന ഓരോ വാക്കും നേരിട്ട് ഹൃദയം സ്വീകരിക്കും പോലെ..

മുൻപും... പലരും പല രീതിയിൽ.. പലവട്ടം പറഞ്ഞിട്ടും അന്നൊന്നും തോന്നാത്തൊരു ഫീൽ... ധൈര്യം..

രുദ്രൻ ചെന്നിട്ട് ബൈക്കിൽ കയറി...

"സ്റ്റീഫൻ തോമസ് നിന്റെ ശത്രു ആയിരിക്കും.. നിന്നോട് അനീതി ചെയ്തിട്ടുണ്ട് എന്നാണങ്കിൽ നിന്റെ ശിക്ഷ ഏറ്റു വാങ്ങേണ്ടിയും വരും.. അതിലൊന്നും എനിക്ക് ഒന്നും പറയാനില്ല...പക്ഷെ ഇപ്പൊ ഞാൻ നിനക്ക് മുന്നിൽ നിക്കുന്നത് സ്റ്റീഫൻ തോമസിന്റെ മകളായിട്ട് അല്ല. നിന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു വ്യക്തിയായിട്ടാണ്.. എന്നെ നീ വിശ്വാസിക്കുമോ ... ഇല്ലയോ... എന്നൊന്നും എനിക്കറിയില്ല പക്ഷെ..ഇപ്പൊ നിനക്ക് മുന്നിൽ നിൽക്കുന്ന അഞ്ജലിക്ക് മുഖമൂടി ഇല്ല..."

അവന്റെ നോട്ടത്തിലെ ആവിശ്വാസനീയത നൽകിയ വേദന കൊണ്ടാണ് അഞ്ജലി അത് പറഞ്ഞത്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story