രൗദ്രം ❤️: ഭാഗം 2

raudram

രചന: ജിഫ്‌ന നിസാർ

എത്ര നേരം ആ ഇരിപ്പ് തുടർന്നെന്ന് അവന് പോലും അറിയില്ലായിരുന്നു..

എത്ര നേരം വേണമെങ്കിൽ പോലും അവിടെ ഇരിക്കാൻ അവന്റെ മനസ്സ് കൊതിച്ചു..

തിരിഞ്ഞു നോക്കി തിരികെ നടക്കുമ്പോൾ വീണ്ടും പറയാൻ ആവാത്തൊരു സങ്കടം നിറയുന്നുണ്ട്.. മനസ്സ് നിറയെ.

ഷൂ അഴിച്ചു വെച്ച് കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ... അകത്തു നിന്നും ഉയരുന്ന ശബ്ദങ്ങൾക്ക് നേരെ അവന്റെ കാതുകൾ നീണ്ടു..

അമ്മയുടെ മുറിയിൽ.. ആ കട്ടിലിനരികിൽ ചെന്ന് നിൽക്കുമ്പോൾ... മാമ എന്നും വിളിച്ചു കൊണ്ട് ഓടി വന്നിട്ട്... രണ്ടു കുട്ടികൾ അവന്റെ കാലിൽ ചുറ്റി പിടിച്ചു..

അവരുടെ തലയിൽ ഒന്ന് തലോടി അതേ നിസംഗതായോടെ നിൽക്കുന്നവനെ കാണുമ്പോൾ ലക്ഷ്മി അമ്മയുടെ കണ്ണുകൾ നിറഞ്ഞു..

അവന്റെ ചേച്ചി... ഗായത്രിയുടെ കുഞ്ഞുങ്ങൾ.. ആമിയും... യാമിയും.

ഒരിക്കൽ അവരുടെ വരവ് ആഘോഷമാക്കിയിരുന്നവനാണ്.. ഇന്നിപ്പോ മനസ്സറിഞ്ഞു ഒന്ന് ചിരിക്കാൻ കൂടി കഴിയാത്ത വിധം മാറി പോയതെന്ന് ഓർക്കുമ്പോൾ അവർക്ക് കണ്ണീർ അടക്കി പിടിക്കാൻ ആയില്ല..

അവന്റെ നിസ്സഹകരണം കൊണ്ടായിരിക്കും... കുഞ്ഞുങ്ങൾ വേഗം പുറത്തേക്ക് ഇറങ്ങി ഓടി..

എന്തൊരു കോലാമാണ് രുദ്ര ഇത്.. എന്താ നിന്റെ തീരുമാനം... "

മൂർച്ചയുള്ള സ്വരം... ചേച്ചിയുടേതാണ്.

ഗായത്രി അവന്റെ മുന്നിൽ വന്നു നിന്നു..

"അച്ഛൻ മരിച്ചു... അതൊരു സത്യം ആണ്.. അത് ഉൾകൊള്ളാൻ ശ്രമിക്കാതെ നീ എന്താ ഡാ ഇങ്ങനെ... ഉണ്ടായിരുന്ന ജോലിക്ക് കൂടി പോവാതെ... ഇവിടുളോർക്ക് കൂടി സങ്കടം കൊടുക്കണം എന്നാണോ നിന്റെ ഉദ്ദേശം "..

ഗായത്രി വീണ്ടും ചോദിച്ചു..

എന്നിട്ടും ഒരക്ഷരം മിണ്ടാതെ രുദ്രൻ തല താഴ്ത്തി..

"നീ ഇങ്ങനെ മൗനവ്രതം കൊണ്ട് നടന്ന അച്ഛൻ തിരികെ വരുമോ. ഇല്ലല്ലോ "

ഗായത്രി പറയുബോൾ വീണ്ടും ഹൃദയം വേദനിക്കുന്ന പോലെ തോന്നി അവന്..

ഇനി തിരികെ വരാൻ പറ്റാത്തൊരു യാത്രയിൽ അച്ഛൻ തനിച്ചാണ് എന്നത് അവനെ അസ്വസ്ഥത പെടുത്തി.. മുഖം വലിഞ്ഞു മുറുകി..

ഓർമകൾ എന്നും ഏറ്റവും സുന്ദരം അച്ഛനൊപ്പം ഉള്ളതാണ്...

അച്ഛനും അമ്മയും.മുത്തശ്ശിയും .. ഗായേച്ചിയും.. താനും ശിവദയും.. എന്ത് സുന്ദരമായിരുന്നു..

അച്ഛനൊപ്പം വളർന്നു തുടങ്ങിയതിൽ പിന്നെ... മകൻ ആയിരുന്നില്ല... കൂട്ടുകാരനെ പോലെ കൊണ്ട് നടന്നു...

ഒരച്ഛന്റെ ഉത്തരവാദിത്തം മുഴുവനും... വാത്സല്യം ഒട്ടും ചോർന്നു പോകാതെ പകർന്നു നൽകി..

എന്നിട്ടും ഒടുവിൽ... താൻ കാരണം അച്ഛന് ജീവൻ കൂടി പോയി..

ആ ഓർമയിൽ കൂടി അവനൊന്നു പൊള്ളിയത് പോലെ പിടഞ്ഞു..

ഗായേച്ചി എപ്പോ വന്നു... "

ഉള്ളിലെ സംഘർഷം അടക്കി കൊണ്ട് തന്നെ രുദ്രൻ ചോദിച്ചു..

"ഞാൻ കുറച്ചു നേരം ആയി.. ഇന്ന് ഹാഫ് ഡേ ലീവ് എടുത്തു..."

ഗായത്രി ഗൗരവം വിടാതെ തന്നെ പറഞ്ഞു..

ഒരു കോളേജ് അധ്യാപികക്ക് വേണ്ടുന്ന കാർകശ്യം മുഴുവനും അവളിൽ ഉണ്ടായിരുന്നു..

ശ്രീ ഏട്ടനോ "

വീണ്ടും അവൻ ചോദിച്ചു..

"ശ്രീ ഏട്ടൻ ഓഫീസിൽ പോയി "അവളുടെ ഭർത്താവ്... ശ്രീനാദ് ബിസിനസ് ചെയ്യുവാണ്.

മുത്തശ്ശിയെയും 

ലക്ഷ്മി അമ്മയെയും നോക്കി രുദ്രൻ തിരിഞ്ഞ് നടന്നു...

"രുദ്ര...

വീണ്ടും ഗായത്രി വിളിക്കുമ്പോൾ അവൻ നിന്ന് പോയി..

"നീ എന്തിന് ലീവ് എടുത്തു വീട്ടിൽ ഇരിക്കുന്നു..."

അധികാരം പോലെ ഗായത്രി ചോദിക്കുമ്പോൾ രുദ്രന് സത്യത്തിൽ ദേഷ്യം വന്നിരുന്നു..

അവൾ അല്ലങ്കിലും... അങ്ങനെയാണ്.. അവൾക്ക് തോന്നുന്നത് ചോദിക്കുമ്പോഴോ പറയുമ്പോഴോ... അത് മൂലം ആരെങ്കിലും വേദനിക്കുന്നുണ്ടോ എന്നൊന്നും ഓർക്കാറില്ല..

"ഡാ.. നീ ഞാൻ ചോദിച്ചത് കേട്ടില്ലേ.. എന്താ നിന്റെ പ്ലാൻ.. ചോദിക്കുന്നവരൊട് മറുപടി പറഞ്ഞു മടുത്തു ഞാനും ശ്രീ ഏട്ടനും "

ഗായത്രി ദേഷ്യത്തോടെ ചോദിക്കുമ്പോൾ രുദ്രൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നു..

"ഇപ്പൊ എനിക്കങ്ങനെ പ്രതേകിച്ചു പ്ലാൻ ഒന്നും തന്നെ ഇല്ല.ഇനി എങ്ങാനും ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ഗായേച്ചിയെ അറിയിക്കാം.. പിന്നെ ഞാൻ പഠിച്ചു നേടിയ ജോലി... അത് തുടരണോ ലീവ് എടുക്കണോ എന്നുള്ളത് എന്റെ മാത്രം തീരുമാനം ആണ്.. അതിലാരും ഇടപെടേണ്ട കാര്യമില്ല... നീയോ നിന്റെ ശ്രീ എട്ടനോ... എനിക്ക് നേടി തന്നതല്ല എന്റെ ജോലി.. ഞാൻ കഷ്ടപെട്ട് നേടി എടുത്തതാ... അത് കൊണ്ട് കൂടുതൽ ഭരണം വേണ്ട 

അറുത്തു മുറിച് പറയുന്നവനെ കാണുമ്പോൾ ഗായത്രി വിളറി പോയിരുന്നു..

"ഒരിക്കലും കൈ നീട്ടി ഗായേച്ചിയുടെയും ശ്രീ ഏട്ടന്റെയും മുന്നിൽ വരില്ല ഞാൻ.. ആ ഉറപ്പ് പോരെ... പിന്നെ... അത്രേം എന്റെ കാര്യം ചോദിച്ചു ചൊറിയുന്നവരെ നേരെ അഡ്രസ്സ് കൊടുത്തിട്ട് ഇങ്ങോട്ട് പറഞ്ഞു വിട്.. ഞാൻ ഡീൽ ചെയ്‌തോളാം അവരെ..നിങ്ങളുടെ സമാധാനം തിരികെ കിട്ടുമല്ലേ..."

കടുപ്പത്തിൽ പറഞ്ഞു കൊണ്ട് വെട്ടി തിരിഞ്ഞു പോയവന്റെ നേരെ ഗായത്രി തുറിച്ചു നോക്കി നിന്നു പോയി..

ഇവൻ എന്താ അമ്മേ ഇങ്ങനെ "

ഗായത്രി ലക്ഷ്മി അമ്മയെ നോക്കി ചോദിച്ചു..

അവരൊന്നു വിതുമ്പി എന്നതല്ലാതെ ഒന്നും പറഞ്ഞില്ല..

മരിച്ചു പോയത് അവന്റെ മാത്രം അച്ഛൻ അല്ലല്ലോ.. ഞങ്ങളുടെ കൂടി അല്ലേ... മാസങ്ങൾ കഴിഞ്ഞിട്ടും പിന്നെ എന്താ അവന് മാത്രം തീരാത്ത സങ്കടം.. "

കടുപ്പത്തിൽ ഗായത്രി പറയുന്നത്.. ഹാളിലെ ടേബിളിൽ നിന്നും... ജഗ്‌ കൊണ്ട് വെള്ളം കുടിക്കുന്ന രുദ്രനും കേട്ടിരുന്നു..

ആ വാക്കുകൾ അവന്റെ ഹൃദയം തുരന്നു കയറി ഇറങ്ങി പോയി..

അച്ഛൻ വിട്ട് പോയിട്ട് മാസങ്ങൾ കഴിഞ്ഞു.. എന്നിട്ടും തീരാത്ത ഈ സങ്കടം... അത് അച്ഛനോടുള്ള നിറഞ്ഞ സ്നേഹം ആയിരുന്നു...അതിലവനും സംശയങ്ങൾ ഏതും ഇല്ല...

അതേ... ഗായേച്ചി പറഞ്ഞത് പോലെ.. അവരുടെ കൂടി അച്ഛനാണ്.. പക്ഷെ എന്നിട്ടും തനിക്കു മാത്രം ഇപ്പോഴും ഒന്നും ഉൾകൊള്ളാൻ ആവാതെ ഈ നീറുന്നത് എന്താവോ..

അവനങ്ങനെ കൊണ്ട് നടന്നതല്ലേ ഗായേ എന്റെ കുട്ടീനെ.. ആ സങ്കടം ആരോടും ഒന്ന് പങ്ക് വെക്കാൻ ആവാതെ പിടയുന്നുണ്ട് അവൻ.. അതൊന്നും ഓർക്കാതെ നീ അവനെ കുറ്റപ്പെടുത്തി പറയാൻ പാടില്ലായിരുന്നു "
മുത്തശ്ശി പറയുന്നത് രുദ്രൻ കേട്ടിരുന്നു.. അതിന് ഗായത്രി മുത്തശ്ശിയോടെ കയർത്തു പറയുന്നതും..

അവളോട് ഉത്തരം പറയാൻ നിൽക്കാതെ... രുദ്രൻ... നേരെ മുറിയിലേക്ക് നടന്നു..

💞💞💞💞💞💞💞💞💞💞💞💞💞💞💞

തണുത്ത വെള്ളം കോരി ഒഴിക്കുമ്പോൾ ഉള്ള് കൂടി കുളിരണിയുന്നു..

പഴയ രീതിയിൽ ഉള്ള വലിയൊരു വീടാണ്..

ധാരാളം മരങ്ങൾ നിറഞ്ഞ വീട്ടു വളപ്പിൽ... തണുപ്പാണ്.

അതേ തണുപ്പ് വീടിന്റെ ഉള്ളിലും.

അച്ഛന്റെ ആഗ്രഹം ആയിരുന്നു അത്..

തറവാട്ടിൽ ഇളയ മകനായ അച്ഛനാണ് വീടിന്റെ അവകാശം കിട്ടിയത്..
സേതു മാധവനു രണ്ടു ഏട്ടന്മാരും ഒരു പെങ്ങളും കൂടി ഉണ്ടായിരുന്നു...

അന്ന് പക്ഷെ... ഇവിടെ ഇത്രേം തണൽ വിരിപ്പില്ല..

എല്ലാം അച്ഛന്റെ അധ്വാനമാണ്..

വില്ലേജ് ഓഫീസർ ആയിരുന്ന അച്ഛന് മണ്ണിന്റെ മനസ്സ് കൂടി നല്ലത് പോലെ അറിയാം..

ആർഭാടം ഒട്ടും ഇഷ്ടമല്ലാത്ത അച്ഛന്റെ ജീവിതം ലളിതമാണ്..

ആ ജീവിതം ഒരു റോൾ മോഡൽ പോലെ മുന്നിൽ തണൽ വിരിയിക്കാൻ ഉള്ളത് കൊണ്ട് തന്നെ.... അതേ ലാളിത്യം ആ വീടിന് മുഴുവനും ഉണ്ടായിരുന്നു..

തല തുവർത്തി കൊണ്ട്... രുദ്രൻ പുറത്തിറങ്ങി..

അടുക്കളയിൽ കൂടി... ആണ് അകത്തേക്ക് കയറിയത്..

അടുത്തെത്തിയപ്പോൾ മാത്രം ആയിരുന്നു വാതിൽ പടിയിൽ ചാരി തന്നെ നോക്കി നിൽക്കുന്ന ശിവദയെ അവൻ കണ്ടത്..

വിളറിയ ചിരിയോടെ ഒന്നവളെ നോക്കി കടന്നു പോകുന്നവനെ കണ്ടപ്പോൾ.. അവൾ കൈ കൊണ്ട് ചുണ്ടുകൾ കൂട്ടി പിടിച്ചു..

എന്നിട്ടും കരച്ചിൽ കണ്ണിൽ കൂടി തടവ് പൊട്ടിച്ചു പുറത്ത് ചാടി..

എന്തൊരു ഉത്സാഹത്തിൽ ഇവിടം മുഴുവനും ഓടി നടന്നവനാണ്...

സംസാരിക്കാൻ ഇരുന്നാൽ വാ തോരാതെ വിശേഷം പറയാൻ അറിയുന്നവനാണ്..

സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ച പ്രിയപ്പെട്ട ഏട്ടനാണ്...

ഇന്നിപ്പോൾ പരിചയം മാത്രം ഉള്ളൊരു വ്യക്തിയെ പോലെ... മിണ്ടാട്ടം ഇല്ല.. ചിരിയില്ല.. കളിയുമില്ല..

മുന്നേ ഉണ്ടായിരുന്ന രുദ്രന്റെ ഒരു നിഴൽ പോലെ...അച്ഛൻ ആഗ്രഹിച്ചത് പോലെ... അവനും ഏറെ കൊതിച്ചു നേടിയ ജോലി പോലും ശ്രദ്ധിക്കാതെ....

അച്ഛൻ എന്നത് അവന്റെ ആത്മാവ് കൂടി ആയിരുന്നു എന്നത് തിരിച്ചറിയാൻ... ഒരു ഉദാഹരണം കൂടി ആയിരുന്നു... അവന്റെ അവസ്ഥ..

💞💞💞💞💞💞💞💞💞💞💞💞💞💞💞

കട്ടിലിലേക്ക് കിടക്കുമ്പോൾ വീണ്ടും അവന്റെ മനസ്സിൽ സംഘർഷം നിറഞ്ഞു..

യാതൊരു പേടിയും ഇല്ലാതെ തന്നെ വെല്ലുവിളി നടത്തിയ... അഞ്ജലിയെ കുറിച്ചോർക്കുമ്പോൾ... അവന്റെ മുഖം ഒന്നൂടെ കടുത്തു..

സ്റ്റീഫൻ തോമസ്... പകയോടെ ആ പേര് ഉരുവിട്ട് കൊണ്ടവൻ.. കണ്ണടച്ച് കിടന്നു...

💞💞💞💞💞💞💞💞💞💞💞💞💞💞💞

രുദ്രേട്ടാ.... ശിവദ കുലുക്കി വിളിക്കുമ്പോൾ രുദ്രൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു..

എന്താ...

ദേഷ്യത്തോടെ അവളുടെ നേരെ ചീറുമ്പോൾ ശിവദയുടെ കണ്ണ് നിറഞ്ഞു...

മോളെ എന്നല്ലാതെ വിളിച്ചിരുന്നില്ല....കരച്ചിൽ വിങ്ങിയ മുഖം കണ്ടപ്പോൾ വീണ്ടും അവന്റെ ഹൃദയം വേദനിച്ചു..

എന്താ... ഇപ്രാവശ്യം സ്വരത്തിൽ അൽപ്പം മയം ഉണ്ടായിരുന്നു അവനത് ചോദിക്കുമ്പോൾ...

രവി മാമ വന്നേക്കുന്നു.. രുദ്രേട്ടനെ വിളിക്കാൻ പറഞ്ഞു "

പുറം കൈ കൊണ്ട് കണ്ണ് തുടച്ചിട്ട് ശിവദ അത് പറയുമ്പോൾ... രുദ്രന്റെ മുഖം വീണ്ടും ഇരുണ്ടു പോയിരുന്നു..

"അമ്മ വിളിച്ചിട്ടുണ്ടാവും അല്ലേ..രവി മാമയെ "

ദേഷ്യത്തോടെ ശിവദയെ നോക്കി... അവനത് ചോദിക്കുമ്പോൾ... ആ ഭാവത്തിന് മുന്നിൽ മറുപടി പറയാനുള്ള ധൈര്യം അവൾക്കും ഇല്ലായിരുന്നു..

അത് കൊണ്ട് തന്നെ.. അവളൊന്നും മിണ്ടാതെ പെട്ടന്ന് ഇറങ്ങി പോയി..

നാശം... കൈ കൊണ്ട് തല താങ്ങി ഇരുന്നു കൊണ്ടവൻ പിറു പിറുത്തു...
ലക്ഷ്മി അമ്മയുടെ ഒരേ ഒരു സഹോദരൻ ആണ് രവി ശങ്കർ...

അൽപ്പം കഴിഞ്ഞു എഴുന്നേറ്റ്... ഒരു ഷർട്ട് എടുത്തിട്ട് കൊണ്ട് പുറത്തേക്ക് നടന്നു...

ചെല്ലുമ്പോൾ അമ്മയുടെ മുറിയിലാണ്..

ഗായത്രി അവൻ കയറി ചെല്ലുന്നത് കണ്ടപ്പോൾ പെട്ടന്ന് പറയുന്നത് നിർതിയിട്ട് മുഖം തിരിച്ചു പിടിച്ചു..

നേരത്തെ പറഞ്ഞിട്ട് പോയതിന്റെ കെറുവാണ്..

അതിനി ഒരാഴ്ചയോളം കൊണ്ട് നടക്കും...

രുദ്രൻ പോയിട്ട് മുത്തശ്ശിയുടെ അടുത്തായി ചുവരിൽ ചാരി നിന്നു..അവരുടെ കണ്ണിലെ വേദന അവനും കണ്ടിരുന്നു... ഒന്നും പറയാതെ ആ കയ്യിൽ കോർത്തു പിടിച്ചു രുദ്രൻ.

അവന്റെ നേരെ ഗായത്രി കണ്ണ് കാണിച്ചപ്പോൾ... രവിയുടെ ശ്രദ്ധ അവനിൽ പതിഞ്ഞു..

ഒടിഞ്ഞു തൂങ്ങിയ പോലുള്ള ആ നിൽപ്പ് കണ്ടിട്ട്... അയാളുടെ ഹൃദയം വിങ്ങി..

എന്തൊരു ഊർജസ്വലനായി നടന്നിരുന്നവനാണ്.. ഇന്നിങ്ങനെ..

രവി മാമ.. എപ്പോ വന്നു "

അയാളുടെ നോട്ടം കണ്ടപ്പോൾ രുദ്രൻ ചോദിച്ചു..

"കുറച്ചു നേരമായി.. വന്നപ്പോ നീ നല്ല ഉറക്കം ആയിരുന്നു.. അതാണ് അപ്പോൾ വിളിക്കാഞ്ഞത്.. ഇനിയും കാത്ത ചിലപ്പോൾ എനിക്ക് വീട് പിടിക്കാൻ ആവില്ലെന്ന് തോന്നിയപ്പോ.. ഞാൻ തന്നെയാണ് ശിവ മോളോട് നിന്നേ വിളിക്കാനും പറഞ്ഞത് "

തന്റെ മുഖത് കാണുന്ന നീരസം തിരിച്ചറിയാൻ കഴിഞ്ഞത് കൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത് എന്നവനും പൂർണ ബോധ്യം ഉണ്ടായിരുന്നു..

എന്നിട്ടും ഒന്നും മിണ്ടാതെ നിന്നു..

"എന്താടാ മോനെ ഇങ്ങനൊക്കെ... ലക്ഷ്മി ചേച്ചിക്കും..അമ്മയ്ക്കും ഈ പിള്ളേർക്കും ഇനി നീ അല്ലേ ഒള്ളു.. ആ നീ ഇങ്ങനെ തുടങ്ങിയ ഇതുങ്ങള് പിന്നെ എങ്ങനെ പിടിച്ചു നിൽക്കും "

അങ്ങേയറ്റം വേദനയോടെ തന്നെ ആയിരുന്നു... രവി അത് ചോദിച്ചത്.

അവന്റെ അവസ്ഥയിൽ അവനോളം തന്നെ വേദന അയാൾക്കും ഉണ്ടായിരുന്നു..

രുദ്രൻ ലക്ഷ്മിയെ ഒന്ന് നോക്കി എന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..

"ഉണ്ടായിരുന്ന ജോലിക്കും പോവാതെ ഇങ്ങനെ നടന്ന  സേതു തിരിച്ചു വരുമോ... ആത്മാവ് എന്ന ഒന്നുണ്ടെങ്കിൽ നീ ഈ കാണിച്ചു കൂട്ടുന്നത് കാണുമ്പോൾ നിന്റെ അച്ഛന്റെ ആത്മാവിനു എത്ര വേദന
തോന്നുണ്ടാവും എന്നോർത്ത് നോക്കിയോ നീ... തോളോട് ചേർത്ത് പിടിച്ചു നടത്തിയിട്ടു... നീ അവന് കൊടുക്കുന്ന സമ്മാനം ഇതാണോ രുദ്ര...."

സങ്കടം വിങ്ങുന്ന അവന്റെ നേരെ നോക്കി അങ്ങനെ ഒക്കെ വിളിച്ചു പറയുമ്പോൾ... രവിക്ക് കൂടി സങ്കടം വരുന്നുണ്ട്..

"കഴിഞ്ഞത് കഴിഞ്ഞു... നീ അതിൽ നിന്നും പുറത്ത് വാ.. ഇനിയും എത്രയോ ജീവിതം ബാക്കി ഉണ്ട് നിനക്ക് മുന്നിൽ.. നിന്നെ പ്രതീക്ഷിക്കുന്ന ഇവർക്ക് നീ ഇനിയും ഇങ്ങനെ സങ്കടം കൊടുക്കരുത് മോനെ... മരിച്ചു പോയെങ്കിൽ കൂടിയും... സേതു പൊറുത്തു തരില്ല നിനക്കത് "

രവി അത് പറയുമ്പോൾ ചുവന്നു തുടങ്ങിയ കണ്ണോടെ രുദ്രൻ അയാളെ നോക്കി..

"ഞാൻ.. ഞാൻ ശ്രമിക്കാഞ്ഞിട്ടാണോ രവി മാമേ. എനിക്ക് പറ്റുന്നില്ല..."

അങ്ങേയറ്റം ദയനീയമായി അവനത് പറയുമ്പോൾ.. പൊട്ടി വന്ന കരച്ചിലോടെ.. ശിവയും ലക്ഷ്മി അമ്മയും അവനെ നോക്കി..മുത്തശ്ശി അത് കാണാൻ വയ്യെന്നത് പോലെ എഴുന്നേറ്റു പോയി...

ഗായത്രി പക്ഷെ ഭാവഭേദങ്ങൾ ഒന്നും ഇല്ല..

രവിയുടെ മുഖതും വേദന നിറഞ്ഞു..

"രവി മാമ ഇപ്പൊ പറഞ്ഞതെല്ലാം എനിക്കും അറിയാവുന്ന കാര്യം ആണ്... ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചതുമാണ്... മാറ്റം വേണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നും ഉണ്ട്... പക്ഷെ... പക്ഷെ ഞാൻ തോറ്റു പോകുന്നു..."

മുഖം കുനിച്ചു പറയുന്നവൻ...

ആ പറയുന്നതെല്ലാം സത്യത്തിൽ അവന്റെ ഹൃദയം കൊണ്ടാണ്...

തണുത്ത് മരവിച്ച... സേതുവിന്റെ ശരീരത്തെയും തുറിച്ചു നോക്കി ഇരിക്കുന്ന..... ഒന്ന് കരയാൻ കൂടി കഴിയാത്ത വിധം തകർന്ന് പോയ... അവന്റെ രൂപം... അന്നത്തെ ആ കാഴ്ച ഇന്നും അവരുടെയെല്ലാം ഓർമയിൽ തെളിഞ്ഞു ആ നിമിഷം...

തുടർന്നുള്ള ദിവസങ്ങളിൽ.. ശ്വാസം ഉള്ളത് കൊണ്ട് മാത്രം അവനിൽ ജീവന്റെ തുടിപ്പുണ്ടെന്ന് വിശ്വസിച്ചു..

മെന്റൽ ഡിപ്രഷൻ കൊണ്ടവൻ മുറിയിൽ ഒതുങ്ങി കൂടിയ നാളിന്റെ ഭീകരത അന്നും അവർ അവന്റെ കണ്ണിൽ കണ്ടിരുന്നു...

"എല്ലാം വിധിയാണ്... മോനെ... അല്ലങ്കിൽ ഒരു ഉറുമ്പിനെ പോലും അറിഞ്ഞു കൊണ്ട് നോവിക്കാൻ മനസ്സില്ലാത്ത... അവനിങ്ങനെ..."

രുദ്രന്റെ തീക്ഷണത നിറഞ്ഞ നോട്ടത്തിൽ.. പറയാൻ വന്നത് പാതിയിൽ നിർത്തി.. രവി.

വിധിയോ... ഇതോ... "

അവന്റെ വാക്കുകൾ പോലും പൊള്ളിച്ചു..

മോനെ... ആ ഭാവമാറ്റം അറിഞ്ഞത് പോലെ... ലക്ഷ്മി അമ്മ എഴുന്നേറ്റു വന്നു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു..

വിധിയാണോ.. അമ്മേ.. എന്റെ കണ്മുന്നിൽ വെച്ചിട്ടാ... ഞാൻ "

കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടവൻ... പറയുമ്പോൾ... ശിവ വാ പൊത്തി കരഞ്ഞു...

എന്താ ഞാനും എന്റെ അച്ഛനും ചെയ്ത തെറ്റ്... തെറ്റ് ചെയ്യാൻ കൂടെ നിൽക്കാഞ്ഞതോ... കണ്ടത് മുഴുവനും ഞാൻ എവിടെല്ലാം വിളിച്ചു പറഞ്ഞു... അവർക്കെല്ലാം തെളിവ് വേണം പോലും... കണ്മുന്നിൽ കണ്ടു നിന്ന ഞാൻ സാക്ഷി പോലും അല്ല.. കെട്ടി ചമച്ച കഥയാണ്..ഞാൻ എന്ന് വരെയും കേട്ടില്ലേ ഞാൻ... "

വികാര ക്ഷോഭം കൊണ്ടവൻ ചുവന്നു പോയിരുന്നു..

കിതച്ചു തുടങ്ങിയ അവനെ ലക്ഷ്മി അമ്മ പൊത്തി പിടിച്ചു.. ശബ്ദം ഇല്ലാതെ കരഞ്ഞു..

എന്നിട്ടും വിധിയെന്ന് പറഞ്ഞു വിട്ട് കളയാൻ എനിക്ക് മനസ്സില്ല.. ഞാൻ കാരണമാണ്.. എനിക്ക് വേണ്ടി കൂടിയാണ് എന്റെ അച്ഛൻ.. പിടഞ്ഞു തീർന്നത്.. വിടില്ല ഞാൻ... ഒറ്റ എണ്ണത്തിനെയും "

പകയോടെ അവൻ മുരണ്ടു..

ലക്ഷ്മി അമ്മ പേടിയോടെ അവനെ നോക്കി..

രുദ്ര... അമ്മക്കിനി നീ മാത്രം ഒള്ളോടാ മോനെ.. ജീവിക്കാൻ ഉള്ള പ്രതീക്ഷ... "

വേദനയോടെ.. ഇടറി കൊണ്ടവർ പറയുബോൾ അവന്റെ മുഖം അൽപ്പം അയഞ്ഞു...

വിട്ടേക്ക് മോനെ... ദൈവം കൊടുത്തോളും... "

വീണ്ടും അവന്റെ കവിളിൽ തഴുകി ലക്ഷ്മി അമ്മ പറയുമ്പോൾ.... രുദ്രൻ.. അവരെ തുറിച്ചു നോക്കി..

ജീവിച്ചിരുന്ന കാലം അത്രയും ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത അച്ഛന്റെ മകനാണ് നീ.. പറ്റുന്നത് പോലെ ആളുകളെ സഹായിക്കാൻ എന്നും നിന്റെ അച്ഛൻ മുന്നിൽ ഉണ്ടായിരുന്നു... ആ അച്ഛന്റെ പേരും പറഞ്ഞു കൊണ്ട്... ആ നന്മകൾ നീ ഇല്ലാതെ ആക്കരുത് മോനെ... ഒരിക്കലും സേതുവേട്ടൻ അത് ക്ഷമിച്ചു തരില്ല..."

കരഞ്ഞു തുടങ്ങിയ അമ്മയെ നെഞ്ചിൽ ഒതുക്കി പിടിക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു പോയിരുന്നു..

അടങ്ങി ഒതുങ്ങി ജോലിക്ക് തിരികെ ജോയിൻ ചെയ്തേക്കണം... അതാണ്‌ നിനക്ക് നല്ലത് രുദ്ര.... അവന്റെ ഒരു പ്രതികാരം "

ഗായത്രി കടുപ്പത്തിൽ തന്നെ പറയുമ്പോൾ അവൻ ഒന്നും മിണ്ടിയില്ല.

പ്രതികാരം ചെയ്യാൻ ഇറങ്ങി പുറപ്പെടും മുന്നേ... നീ നിന്റെ അമ്മയെ അങ്ങ് കൊ..ന്ന് കളഞ്ഞിട്ട് പോണേ ഡാ മോനെ.. കാരണം അതിന്റെ ശിക്ഷ കൂടി താങ്ങാൻ അവൾക്കിനി വയ്യ "

രുദ്രനോടുള്ള വാത്സല്യത്തിനും അപ്പുറം... പെങ്ങളോടുള്ള കരുതൽ ആയിരുന്നു രവി അത് പറയുമ്പോൾ രുദ്രൻ തിരിച്ചറിഞ്ഞത്..

എത്ര ഒതുക്കിയിട്ടും ആ വാക്കുകൾ കൊണ്ട മുറിവിൽ നിന്ന് വേദന അവന്റെ കവിളിലേക്ക് പടർന്നിറങ്ങി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story