രൗദ്രം ❤️: ഭാഗം 24

raudram


രചന: ജിഫ്‌ന നിസാർ

"ഇപ്രാവശ്യം നീ ജയിച്ചു.. എന്നും കരുതി എപ്പോഴും അത് അങ്ങനെ ആവും എന്ന് കരുതിയോ.."

സ്റ്റീഫന്റെ ചുരുങ്ങിയ കണ്ണുകളിലെ പകയും ദേഷ്യവും ചിരിച്ചു കൊണ്ടാണ് രുദ്രൻ നോക്കി ഇരുന്നത്..

"ഒരിക്കൽ... എനിക്ക് കോടികൾ നഷ്ടം വന്നൊരു കളിയിലാണ് നിന്റെ അച്ഛൻ എനിക്കും നിനക്കും മുന്നിൽ പിടഞ്ഞു തീർന്നത്.. എനിക്കെതിരെ നിൽക്കുമ്പോൾ നീ അത് മറന്നു പോവരുത് "

പതിയെ രുദ്രന്റെ മുഖത്തെ ചിരി മാഞ്ഞു തുടങ്ങി..

കണ്ണിലേക്കു ഇരച്ചു കയറുന്ന ദേഷ്യത്തിന്റെ മുന്നിൽ... സ്റ്റീഫൻ ഒന്ന് പതറി...

പക്ഷെ അയാളത് വളരെ സമർത്ഥമായി മറച്ചു പിടിച്ചു..

"ഇപ്പൊ നീ വരുത്തിയ നഷ്ടം... അത് നിന്റെ അറിവില്ലായ്മയായി കാണാൻ എനിക്ക് കഴിയും... ഇനി അങ്ങോട്ട് കഴിഞ്ഞതെല്ലാം മറന്നിട്ട്  ജീവിക്കാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ.... പറഞ്ഞില്ലെന്നു വേണ്ട... കരയേണ്ടി വരും നീ... ഒറ്റക്കാണ് നീ... അതോർമ വേണം... എനിക്ക് പിന്നിൽ ഞാൻ ഒന്ന് വിരൽ ഞെടിച്ചാൽ അണി നിരക്കുന്നവർക്ക് മുന്നിൽ പൊന്നുമോനെ നിന്റെ എല്ല് പോലും പൊറുക്കി കൂട്ടാൻ കിട്ടില്ല "

രുദ്രനെ തുറിച്ചു നോക്കി... സ്റ്റീഫൻ അത് പറയുമ്പോൾ ഇമയൊന്നു വെട്ടാതെ നോക്കി ഇരിക്കുന്നവന്റെ കണ്ണിലെ പൊള്ളുന്ന കനൽകാറ്റ് അയാളിലേക്കും പടർന്നു പോകുന്നുണ്ട്..

"തോറ്റോടാൻ അല്ല സ്റ്റീഫാ ഞാൻ ഇപ്പൊ കളിക്കാൻ ഇറങ്ങിയത്.. മരണം വരെയും പൊരുതി നിൽക്കാൻ വേണ്ടുന്ന ഊർജം എനിക്കുള്ളിൽ ഇപ്പൊ നിറഞ്ഞു കിടപ്പുണ്ട്.. ഇനി ഒരിക്കൽ പോലും നിനക്കൊന്നും രുദ്രന്റെ പതനം കാണാൻ കഴിയില്ലെന്ന വാശിയോടെ തന്നെ.."

രുദ്രൻ അത് പറഞ്ഞിട്ടും സ്റ്റീഫന്റെ ചിരി മാഞ്ഞില്ല..

വിരൽ ഞെടിച്ചാൽ പാഞ്ഞെത്തുന്ന വേട്ട പട്ടികളെ മുന്നിൽ കണ്ടിട്ടുള്ള ഈ അഹങ്കാരത്തിന്റെ ചിരി ഉണ്ടല്ലോ.. അതിനി അതിക കാലം നിന്റെയും നിന്റെ മോന്റെയും മുഖത്തു ഉണ്ടാവില്ല...

അതേ ചിരിയോടെ തന്നെ രുദ്രൻ പറയുമ്പോൾ സ്റ്റീഫൻ ഒന്ന് തലയാട്ടി ചിരിച്ചു..

"പിന്നെ എന്നോട് നീ എല്ലാം മറക്കുക എന്ന് പറഞ്ഞല്ലോ...
എല്ലാ വിഷമങ്ങളും വേദനകളും മറക്കാൻ ആയേക്കും.. പക്ഷെ ആ വിഷമങ്ങളിലേക്കും... സാഹചര്യങ്ങളിലേക്കും നമ്മളെ കൊണ്ടെത്തിച്ചവരെ മറക്കാൻ.. അത് അത്ര എളുപ്പമല്ല... പ്രതേകിച്ചും എനിക്ക് അത് ഒട്ടും എളുപ്പമല്ല... അത് കൊണ്ട് തന്നെ നീയും നിന്റെ മകനും എന്റെ ഓരോ ശ്വാസത്തിലും ഉണ്ട് "

വല്ലാത്തൊരു ഭാവത്തോടെ രുദ്രൻ അത് പറയുമ്പോൾ... തന്റെ മനസ്സ് അസ്വസ്ഥമാവുന്നത്.. സ്റ്റീഫന് അറിയാം..

അവനെ ആ യൂണിഫോമിൽ തിരികെ കണ്ടത് മുതൽ തുടങ്ങിയ അസ്വസ്ഥ..

അതിങ്ങനെ അവന്റെ ഓരോ വാക്കും കേൾക്കുമ്പോൾ കൂടുതൽ കൂടുതൽ ആക്കുന്നുണ്ട്..

"ഞാൻ ഒറ്റക്കാണ് എന്നതാണ് നിന്റെ ധൈര്യം എങ്കിൽ... ആ ഒറ്റക്കാണ് എന്നുള്ളതാണ് സ്റ്റീഫാ എന്റെ കരുത്ത് ... ഒറ്റയ്ക്ക് ആവുകയെന്നാൽ... കൂടുതൽ കരുത്തരാവുക എന്നത് കൂടിയാണ് "

കണ്ണിലേക്കു നോക്കി നോക്കി അവനത് പറയുമ്പോൾ സ്റ്റീഫന്റെ ചിരി മാഞ്ഞു..

രുദ്രന്റെ ചിരിക്കപ്പോൾ കൂടുതൽ ഭംഗി ഉണ്ടായിരുന്നു..

"നിന്റെ മകനെവിടെ.. ഓടി നടപ്പല്ലേ.. എങ്കിൽ കേട്ടോ നീ.. നീയും നിന്റെ മകനും ഇനി എത്രയൊക്കെ ഓടിയാലും എന്നെ തോൽപ്പിക്കാൻ ആവില്ല.. ഓടി ഓടി വീണു പോകും എന്നുറപ്പാകുമ്പോൾ ഞാൻ വരും.. എനിക്ക് തന്നതെല്ലാം.. പലിശയും കൂട്ടി തിരികെ നൽകാൻ... കാത്തിരുന്നോ നീ... മകനോടും പറഞ്ഞേക്ക് "

രുദ്രൻ പറയുമ്പോൾ സ്റ്റീഫൻ വീണ്ടും ചിരി എടുത്തണിഞ്ഞു..

ഉളിലെ പേടിയുടെ മീതെ ഒരു കവജം പോലെ..

"ഒക്കെ നിന്റെ നടക്കാത്ത മോഹമാണ് മോനെ രുദ്ര.. ഞാൻ ഒന്ന് മനസ് വെച്ച തെറിപ്പിച്ചു കളയാൻ കഴിയുന്ന ഈ യൂണിഫോമിന്റെ ബലത്തിൽ അല്ലേ ഇപ്പൊ നിന്റെ കളികൾ.. നിനക്കും നിന്റെ അച്ഛനും മുന്നേ കളിക്കാൻ ഇറങ്ങി... തഴങ്ങിയ എന്നോട് മുട്ടാൻ ഇപ്പോഴും നീ ആയിട്ടില്ല.."

കളിയാക്കി കൊണ്ട് സ്റ്റീഫൻ പറഞ്ഞു..

"എന്റെ കളികൾ ഞാൻ വിളിച്ചു പറഞ്ഞു കൊണ്ട് നടക്കാറില്ല... പ്രവർത്തിച്ചു കാണികാറാണ് പതിവ്.. ഇപ്പൊ വാലിന് തീ പിടിച്ചത് പോലെ നീയും നിന്റെ മോനും ഓടി നടക്കുന്ന കളി... അത് എന്റെ സാമ്പിൾ ആണ്... "

രുദ്രനും ചിരിയോടെ പറഞ്ഞു..

"ഒറ്റയ്ക്ക് കളിച്ചു ജയിക്കാൻ ആവില്ലെന്ന് വിശ്വാസം ഉള്ളത് കൊണ്ടാണോ നീ എന്റെ മകളെ കള്ളപ്രേമം നടിച്ചു കൊണ്ട് കയ്യിൽ എടുത്തത് "

സ്റ്റീഫൻ വീണ്ടും ചോദിക്കുമ്പോൾ രുദ്രന്റെ ചിരി മാഞ്ഞു..

"എന്താടാ നിന‌ക്കുത്തരം ഇല്ലേ.. നീ എന്താ കരുതിയത്.. ഇക്കാലത്തും എന്നേം എന്റെ മകളെയും പറ്റിക്കാം എന്നോ... അവൾക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്.. ഇനി നിനക്കുള്ളതാ... അതും ഉടനെ കിട്ടും "

സ്റ്റീഫൻ വീണ്ടും ചിരിച്ചു..

'വെറും തെറ്റ് ധാരണയാണ് സ്റ്റീഫാ.. ഞാൻ നിന്റെ മകളുടെ പിറകെ ചെന്നിട്ടില്ല.നിന്നോട് ജയിക്കാൻ....എനിക്കൊരു തീരുമാനം എടുക്കാൻ എനിക്കങ്ങനെ ഒരു സഹായിയെ ആവിശ്യമില്ല.. പിന്നെ അവൾ ഇങ്ങോട്ട് വന്നപ്പോഴും ഞാൻ പറഞ്ഞത് തന്നെ നിന്നോടും പറയാൻ ഉള്ളത്..

രുദ്രന്റെ കണ്ണിലേക്കു നോക്കി സ്റ്റീഫൻ..

നിന്നോട് ചേരുന്നതെന്തും.. എനിക്ക് ശത്രുവാണ്.. അതിപ്പോ നിന്റെ മകൻ ആയാലും മകൾ ആയാലും എനിക്കൊരു പോലാ.. അപ്പൊ അതൊന്നും പറഞ്ഞിട്ട് നീ എന്റെ മെക്കിട്ട് കയറ്റാൻ വരണ്ട.. കേട്ടല്ലോ..

രുദ്രൻ പറയുമ്പോൾ സ്റ്റീഫന്റെ മുഖം ചുവന്നു പോയി...

"അത് നീ നിന്റെ മകളോട് കൂടി ഒന്ന് പറഞ്ഞു കൊടുത്തേക്ക്.. കേൾക്കുമോ എന്നറിയില്ല.. കാരണം ഇപ്പൊ സ്വന്തം അപ്പന്റേം ചേട്ടന്റേം ഒറിജിനൽ മുഖം അവൾക്ക് അറിയാം.."

രുദ്രൻ കളിയാക്കി കൊണ്ട് പറഞ്ഞു.

സ്റ്റീഫൻ പോകാൻ വേണ്ടി എഴുന്നേറ്റ് കൊണ്ടവനെ നോക്കി..

ആ നോട്ടം കണ്ടപ്പോൾ അവൻ ഒന്നൂടെ കസേരയിൽ ചാഞ്ഞു കിടന്നു..

"എങ്കിൽ നീയും കേട്ടോ.. അവളുണ്ടല്ലോ...എന്റെ പുന്നാര മോള്... അവള് പറഞ്ഞു.. അവൾക്ക് നീ ജീവൻ ആണെന്ന്.. ചാവേണ്ടി വന്നാലും നിന്നെ അല്ലാതെ മറ്റാരെയും കെട്ടില്ലെന്ന്..."

സ്റ്റീഫന്റെ  കണ്ണുകൾ കൂർത്തു..

"എങ്കിൽ അതൊന്ന് കാണണം എനിക്ക്.. ഏറ്റവും അടുത്തൊരു ദിവസം... ഞാൻ കണ്ടു പിടിച്ച ചെക്കനുമായി അവളുടെ കെട്ട് ഞാൻ നടത്തും.. നിന്നേ വിളിക്കും..തീർച്ചയായും വന്നേക്കണം... എനിക്കെതിരെ കളിച്ച എന്റെ മോൾക്ക് ഇത്രയെങ്കിലും ചെറിയ ഒരു സമ്മാനം ഞാനും കൊടുക്കണ്ടേ... വേണ്ട..

സ്റ്റീഫൻ അവനെ ചുഴിഞ്ഞു നോക്കി..

"അത് നീയും നിന്റെ മകളും തമ്മിലുള്ള വിഷയം, അതിലേക്കൊന്നും ഞാൻ വരുന്നില്ല.. പക്ഷെ എന്നെ സഹായിച്ച ഒരാൾക്ക് ഞാനും ഒരു വാക്ക് കൊടുത്തിട്ടുണ്ട്... പാലിക്കും എന്നെനിക്ക് ഉറപ്പുള്ള ഒരു വാക്ക് "

സ്റ്റീഫന്റെ കണ്ണിലേക്കു നോക്കി അവനതു പറയുമ്പോൾ അയാളിൽ ഒരു വെപ്രാളം ആയിരുന്നു...

പിന്നൊന്നും പറയാതെ വെട്ടി തിരിഞ്ഞു കൊണ്ടു ഒരൊറ്റ പോക്കാണ്..

അത് കാണെ രുദ്രൻ ചിരിച്ചു പോയി..

"നിന്നേ അവൾക്ക് ജീവനാണ്.. ചാവേണ്ടി വന്നാലും നിന്നെ അല്ലാതെ മറ്റാരെയും അവൾ കെട്ടില്ലെന്ന് "

സ്റ്റീഫന്റെ വാക്കുകൾ അവന്റെ ഉള്ളിലേക്കു ഓടി വന്നപ്പോൾ ആ മുഖത്തെ ചിരി മാഞ്ഞു..

എന്നാലും അവളെന്തിനാ അങ്ങനെ പറഞ്ഞത്..

സ്റ്റീഫനും ജെറിനും മുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടി ആവും..

അപ്പോഴും അവരുടെ ദേഷ്യം കൂടുകയല്ലേ ചെയ്തത്..

രുദ്രൻ അസ്വസ്ഥതയോടെ സ്വയം ചോദിച്ചു..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

എന്നെ ഇവർക്കു മുന്നിൽ നാണം കൊടുത്താൻ ആണ് മോളുടെ ഉദ്ദേശം എങ്കിൽ...പറഞ്ഞേക്കാം ഞാൻ.. അനുഭവിക്കുന്നത് നിന്റെ തള്ളയാവും "

റീത്തയെ  മുന്നിലേക്ക് തള്ളി കൊണ്ട്... സ്റ്റീഫൻ പറയുമ്പോൾ...

അഞ്ജലി പുച്ഛത്തോടെ അമ്മയെ ആണ് നോക്കിയത്..

"ഇനിയും സ്വന്തം കാര്യത്തിൽ പ്രതികരിക്കാൻ പഠിച്ചില്ലെങ്കിൽ.. അത് അമ്മയുടെ തെറ്റ്.. അതിന് കിട്ടുന്ന ശിക്ഷ... അത് അമ്മയുടെ വിധി.. അതിനൊന്നും വേണ്ടി എനിക്കെന്റെ ജീവിതം വേണ്ടന്ന് വെക്കാൻ ആവില്ല "
അമ്മയുടെ ദയനീയ മുഖം വേദന നൽകി എങ്കിലും... ഇനിയും അത് പറയാതെ വയ്യായിരുന്നു അഞ്‌ജലിക്ക്..അപ്പോൾ.

അമ്മക്ക് വേണ്ടി ഇനിയെങ്കിലും അമ്മ തന്നെ പ്രതികരിച്ചു തുടങ്ങട്ടെ..

"അത്രക്കായോ നീ... ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഞാൻ തീരുമാനിച്ചത് തന്നെ നടക്കും.. സ്റ്റീഫൻ അഞ്ജലിയെ ഭിത്തിയിൽ ചേർത്ത് നിർത്തി..കൊണ്ട് ദേഷ്യത്തോടെ മുരണ്ടു...

"എങ്കിൽ അപ്പനും കേട്ടോ.. ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അത് നടക്കുകയും ഇല്ല "

അയാളുടെ കൈ പിടിയിൽ നിന്നും വളരെ പ്രയാസപെട്ടാണ് അഞ്ജലി അത് പറഞ്ഞത്..

ജെറിനും ജസ്റ്റിനും എന്തോ പക തീർക്കും പോലാണ് അവളോട് ചെയ്യുന്നത് നോക്കി നിൽക്കുന്നത്..

എന്താ ഇവിടെ... വർഗീസ് മുഴക്കത്തോടെ ചോദിച്ചു കൊണ്ട് സ്റ്റെപ്പ് കയറി വരുമ്പോൾ.. സ്റ്റീഫൻ ദേഷ്യം നുരയുന്ന കണ്ണോടെ അവളെ ഒന്നൂടെ നോക്കി..

"ഒരുപാട് പ്രാവശ്യം ഒരു കാര്യം റിപീറ്റ് ചെയ്തു പറയുന്നത് എനിക്കിഷ്ടമല്ല.. അത് ആരായാലും ശെരി.. എന്നെ നാണം കെടുത്തിയിട്ട് പിന്നെ നീ ജീവിച്ചിരിക്കില്ല "

മുരണ്ട് കൊണ്ടയാൾ പറഞ്ഞിട്ടും അവളുടെ മുഖം തെളിഞ്ഞിയിട്ടില്ല.. അതേ കടുത്ത ഭാവം തന്നെ..

എന്നതാ സ്റ്റീഫാ "

വാതിൽക്കൽ വന്നു നിന്ന് കൊണ്ട് വർഗീസ് അകത്തേക്ക് നോക്കി ചോദിച്ചു..ജെറിനും ജസ്റ്റിനും പരസ്പരം നോക്കി ചിരിച്ചു...

"അതൊന്നും ഇല്ലെടോ.. ഇവൾക്കിപ്പോ കെട്ട് വേണ്ടന്ന്.. ഞാൻ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ നോക്കിയതാ "

സ്റ്റീഫൻ അഞ്ജലിയെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് പറയുമ്പോൾ വർഗീസിന്റെ കണ്ണിൽ കൗശലം ആയിരുന്നു..

ആന്നോ മോളെ.. വന്നേ.. അങ്കിൾ പറയട്ടെ "

വർഗീസ് ചേർത്ത് പിടിക്കുമ്പോൾ അഞ്ജലി ഒന്ന് കുതറി..

'ആഹാ.. പറയട്ടെന്ന് "

അയാൾ ഒന്നൂടെ അവളുടെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് തന്നോട് ചേർക്കുമ്പോൾ സ്റ്റീഫനെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു..

എത്ര കുതറിയിട്ടും വിടില്ലെന്ന് ഉറപ്പുണ്ടായിട്ടും അഞ്ജലി വീണ്ടും വീണ്ടും കുതറി..

"അവൻ അവിടെ കാത്തിരിപ്പാണ്.. പെണ്ണ് ചെല്ലുന്നതും കാത്ത്.. എന്റെ ചെക്കൻ അങ്ങ് അമേരിക്കയിൽ നിന്നും ഓടി പിടഞ്ഞു വന്നതല്ല്യോ.. അപ്പൊ മോളിങ്ങനെ ഇടഞ്ഞു നിന്നാൽ ഒക്കുവോ..അവനത് വെഷമം ആവതില്ല്യോ... കെട്ടൊന്നും ഇപ്പൊ ഉണ്ടാവില്ല.. അക്കാര്യത്തിൽ അങ്കിൾ ഉറപ്പ് തരാം... ഇപ്പൊ നല്ല കുട്ടിയായിട്ട് വന്നേ..

അഞ്ജലിയെ നോക്കി പറഞ്ഞു കൊണ്ട് തന്നെ അയാൾ സ്റ്റെപ്പ് ഇറങ്ങി തുടങ്ങി..

ആ കരുത്തിനു മുന്നിൽ അഞ്ജലിയുടെ കുതറൽ എല്ലാം നിസ്സഹായത നിറഞ്ഞ പ്രതിരോധമായി മാറുന്നുണ്ട്..

അവൾക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ട്..

ചേർത്ത് പിടിക്കേണ്ടവർ തന്നെയാണ് തന്നെ തള്ളി വിടുന്നത് എന്നാ ഓർമ അവളെ പൊള്ളിച്ചു...

"ഞാൻ ഇപ്പൊ ഒരു കല്യാണത്തിന് പ്രിപ്പേഡ് അല്ല.. അങ്കിൾ..ഈ ചെക്കൻ എന്നല്ല... ഏതൊരു ചെക്കനും എന്നെ കാണേണ്ട ആവിശ്യവുമില്ല... കാരണം എന്റെ ചെക്കനെ ഞാൻ തന്നെ കണ്ടു പിടിച്ചു വെച്ചിട്ടുണ്ട്.."

പറഞ്ഞിട്ടും യാതൊരു കാര്യവും ഇല്ലെന്നാലും അത്രയെങ്കിലും അയാളോട് പറയണം എന്നവൾക്ക് തോന്നി..

"ഓ.. അതാണോ ഇത്രേം വല്ല്യ കാര്യം.. അതൊക്കെ അങ്കിളിന് അറിയാം.. ഇന്നത്തെ കാലത്ത് ഒരു പ്രേമം ഒക്കെ ഇല്ലേലാ പേടി വേണ്ടത്... അതൊക്കെ നമ്മൾക്ക് പിന്നെ സംസാരിക്കാം.. ഇപ്പൊ മോള് നല്ല കുട്ടിയായി വന്നേ "

തീർത്തും നിസാരമായി തന്നെ അയാളത് പറയുമ്പോൾ... അഞ്‌ജലിക്ക് ഉറപ്പായി... അപ്പൻ എല്ലാം ഇയാളോട് പറഞ്ഞു കാണും..

എന്ത് വന്നാലും രുദ്രേട്ടൻ രക്ഷപെടുത്തി കൊള്ളാം എന്നൊരു വാക്ക് തന്നത് കൊണ്ട് തന്നെ... വലിയ പേടിയൊന്നും അവളിൽ ഇല്ലായിരുന്നു..

ഇതാണ്... നമ്മുടെ മണവാട്ടി "

താഴെ ഇറങ്ങി... അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു കൊണ്ട് വർഗീസ് അത് പറയുമ്പോൾ... അഞ്ജലി ശക്തിയായി കുതറി മാറി നീങ്ങി നിന്നു..

അവർക്ക് പിറകിൽ ബാക്കി ഉള്ളവരും ഇറങ്ങി വന്നിരുന്നു..

ഹാളിൽ അത്യാവശ്യം ഒരുങ്ങി ചമഞ്ഞു നിൽക്കുന്ന ഒരു സ്ത്രീയും.. ഇതിലൊന്നും വല്ല്യ താല്പര്യമില്ല എന്നാ മട്ടിൽ അലസമായി ഇരിക്കുന്ന ഒരു ചെറുപ്പകാരനും..

വർഗീസ് പറഞ്ഞത് കേട്ടപ്പോൾ അവന്റെ മുഖം ഫോണിൽ നിന്നും ഒന്ന് പൊന്തി..

ഒറ്റ നോട്ടത്തിൽ.. അത് വീണ്ടും പഴയ പോലെ... ഫോണിലേക്ക് തന്നെ പൂഴ്ത്തി..

അഞ്‌ജലിക്ക് എന്തോ... സന്തോഷമാണ് ആ കാഴ്ച നൽകിയത്.

കൂടെയുള്ള സ്ത്രീ നല്ല കാര്യമായി സ്കാൻ ചെയ്യുന്നുണ്ട്..

അഞ്ജലി അവരെയും ഒന്ന് തുറിച്ചു നോക്കി...

തുടർന്ന് അങ്ങോട്ട് അവിടെ സ്റ്റീഫൻ വലിയൊരു സൽക്കാരം നടത്തുന്നതും... അവരെല്ലാം പലതും പറഞ്ഞു പൊട്ടി ചിരിക്കുന്നതും എല്ലാം യാതൊരു താല്പര്യവുമില്ല എന്നാ രീതിയിൽ അഞ്ജലി നോക്കി ഇരുന്നു...

ഇടക്ക് മണവാളൻ ചെക്കൻ ഫോണും കൊണ്ട് പുറത്തേക്ക് മുങ്ങിയത് കണ്ടപ്പോൾ അവൾക്കും ഉറപ്പായി...

തന്നെ പോലെ... അവനെയും നേർച്ചക്കിട്ടതാണ് എന്ന്...

അതവൾക്ക് ചെറുതല്ലാത്ത ഒരു സന്തോഷം തന്നെ നൽകി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story