രൗദ്രം ❤️: ഭാഗം 27

raudram

രചന: ജിഫ്‌ന നിസാർ

ബെല്ലടിച്ചു കാത്തു നിൽക്കുമ്പോൾ അഞ്ജലി ചെറുതായി വിറക്കുന്നുണ്ട്..

വാതിൽ തുറന്നു ചിരിച്ചു കൊണ്ടു വന്ന രുദ്രനെ അവൾ കണ്ണ് നിറച്ചു നോക്കി...

നീ എന്താ ഇവിടെ... "

അത് വരെയും അവനിൽ ഉണ്ടായിരുന്ന പുഞ്ചിരി അപ്പോൾ അവന്റെ മുഖത്തും... വാക്കിലും ഇല്ലെന്ന് അഞ്ജലി മനസ്സിലാക്കി.

അവന്റെ കുടുംബം മുഴുവനും ആ പിന്നിൽ അണി നിരക്കുന്നതും... ആ കണ്ണുകൾക്ക് എല്ലാം തന്നെ നോക്കുമ്പോൾ ഒരേ ഭാവം ആണെന്നും അഞ്ജലിക്ക് തോന്നി..

അവൾ മെല്ലെ തലയാട്ടി..

"അഞ്ജലി.. നിന്നോടാ ഞാൻ ചോദിച്ചത്.. നീ എന്താ ഇവിടെ ന്ന്.."

അൽപ്പം കൂടി ഗൗരവം നിറഞ്ഞ ചോദ്യം..

നിറഞ്ഞ കണ്ണോടെ അവനെ നോക്കി അവൾ...

"നീ അറിയോ മോനെ ഈ കുട്ടിയെ... ആരാ ഇത് "

ലക്ഷ്മി ഒന്നൂടെ മുന്നോട്ടു വന്നിട്ട് രുദ്രനോട് ചോദിക്കുമ്പോൾ... അവൻ അവളെ ഒന്ന് നോക്കി..

ആ നിറഞ്ഞ കണ്ണുകൾ... അവനിൽ അസ്വസ്ഥത പടർത്തി..

വീണ്ടും ആ നോട്ടം തനിക്കു നേരെയാണ്..

"ആരാടാ ഈ കുട്ടി.."

കുറച്ചു കൂടി ഉറക്കെ ചോദിച്ചു കൊണ്ട് ഗായത്രി കൂടി മുന്നോട്ടു വന്നതോടെ.. ഇനി ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരും എന്നവനും ഉറപ്പായി..

രുദ്ര...

കടുപ്പത്തിൽ വിളികൾ തുടരുന്നു... അറിയേണ്ടിയിരുന്നത്  ഒറ്റ ഉത്തരം മാത്രം..

"ഇത്... അഞ്ജലി... എന്റെ ഫ്രണ്ട് ആണ് "

യാതൊരു മാറ്റവും ഇല്ലാതെ ഗൗരവത്തിൽ തന്നെ രുദ്രൻ പറയുമ്പോൾ... അഞ്ജലിയുടെ കണ്ണ് നീർ കവിളിലേക്ക് ഒഴുകി...

"നീ എന്താ ഇവിടെ "

വീണ്ടും അവന്റെ ചോദ്യം അവളെ നേരിട്ടു..

"നിനക്കെന്താ ടി ചെവി കേൾക്കുന്നില്ലേ.. നിന്നോടല്ലേ ഞാനീ ചോദിക്കുന്നത്.. അതോ ഇനി നിന്റെ സംസാര ശേഷി എങ്ങാനും.. പോയോ.. വേണ്ടാത്തത് പറയാൻ നിനക്ക് പതിനാറ് നാവ് ആണല്ലോ "

ദേഷ്യം കൊണ്ടവന്റെ മുഖം ചുവന്നു പോയിരുന്നു..

അഞ്ജലി പേടിയോടെ വാ പൊതിഞ്ഞു കൊണ്ട് പിറകോട്ടു മാറി..

"മര്യാദക്ക് വാ തുറന്നു പറയാൻ വയ്യെങ്കിൽ ഇപ്പൊ ഇറങ്ങിക്കോ "

ഗേറ്റിലേക്ക് വിരൽ ചൂണ്ടി പറയുമ്പോൾ ദേഷ്യം കൊണ്ടവൻ വിറച്ചു പോയിരുന്നു..

"ഡാ..."

ലക്ഷ്മി അവന്റെ തോളിൽ നോവും വിധം ഒന്നടിച്ചു...

ഇങ്ങനെയാണോടാ ഒരാളോട് ഒരു കാര്യം അന്വേഷണം നടത്തുന്നത്.. നീ ഒക്കെ എവിടുത്തെ പോലീസാ.. നിന്റെ ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞത്.. നീ അറിയുന്ന കുട്ടി ആണല്ലോ.. അതിനെന്തോ സങ്കടം കാണും... അതൊന്നും അറിയാതെ അവന്റെ ഒരു കലി... "

ലക്ഷ്മി... പറയുമ്പോഴും അവന്റെ മുഖം അൽപ്പം പോലും അയഞ്ഞില്ല..

"മോളിങ് കയറി വാ "

ലക്ഷ്മി ചെന്നിട്ട് അഞ്ജലിയുടെ കയ്യിൽ പിടിച്ചപ്പോ അവളുടെ നോട്ടം രുദ്രന് നേരെ നീണ്ടു..

"അമ്മേ.. വേണ്ട.. അവളെ വിട്ടേക്ക്.. ഇത് എന്തോ ഈടാകൂടം ഒപ്പിച്ചു വന്നു നിൽപ്പാ..."

രുദ്രൻ മുന്നറിയിപ്പ് പോലെ പറഞ്ഞു..

"നീ ഒന്ന് മിണ്ടാതെ നിലക്ക് രുദ്ര.. എനിക്കും ഉണ്ട് ഇത് പോലൊരു മോള്.. ഈ നേരത്ത് അവൾ ഇങ്ങോട്ട് വന്നെങ്കിൽ.. അത് അവൾക്ക് നിന്നിലുള്ള വിശ്വാസം കൊണ്ടല്ലേ.. അത് ആദ്യം മനസ്സിലാക് നീ "

അവളെ വലിച്ചു പോകുന്നതിനിടെ തന്നെ ലക്ഷ്മി അത് പറയുമ്പോൾ രുദ്രൻ അഞ്ജലിയെ ഒന്ന് തുറിച്ചു നോക്കി..

"അമ്മേ.. ഞാൻ വീണ്ടും പറയുന്നു.. ഇത് വേണ്ട... ശെരിയാവില്ല.."

രുദ്രൻ വീണ്ടും ഉറക്കെ പറയുമ്പോൾ... ലക്ഷ്മി അവനെ ഒന്ന് ദേഷ്യത്തോടെ നോക്കി..

"നിന്റെ അമ്മ ആയിട്ടല്ല... ഞാൻ എന്റെ സേതു ഏട്ടന്റെ ഭാര്യയായിട്ടാണ് ഇപ്പൊ ഈ തീരുമാനം എടുക്കുന്നത്... ഈ മുറ്റത്തു വന്നവരെ ഇത് വരെയും സങ്കടത്തോടെ മടക്കി വിട്ടിട്ടില്ല എന്റെ ഭർത്താവ്... ഇനി നിനക്ക് എന്തേലും പറയാൻ ഉണ്ടോ "

അമ്മയുടെ ചോദ്യം അവന് നേരെ കൂർത്തു..

"ആ അച്ഛനെ ഓർത്തിട്ട് തന്നെയാണ് ഞാൻ ഇത് പറഞ്ഞതും..."

അവനും വിളിച്ചു പറഞ്ഞു..

അപ്പോഴും അവൾ ആരെന്ന് പറയാൻ അവന്  തോന്നിയില്ല...

ഇപ്പൊ ഉള്ളത് പോലെ ആവില്ല.. പിന്നെ ഇവരുടെ സമീപനം എന്നവനും നന്നായി അറിയാം..

"പ്ലീസ്.. അഞ്ജലി.. ഒന്ന് പറ.. എന്താ നിന്റെ ഉദ്ദേശം.. നിന്റെ അപ്പനും ചേട്ടനും നിന്നെ കൊണ്ട് പോവാൻ ആണേലും ഈ മുറ്റത്തു വന്നാൽ.. അടിച്ചു ഞാൻ ആ കാൽ ഒടിക്കും പറഞ്ഞേക്കാം "

എത്ര കടിച്ചു പിടിച്ചു പറഞ്ഞിട്ടും രുദ്രന്റെ ദേഷ്യം ഉണ്ടായിരുന്നു ആ വാക്കുകളിൽ..

"അമ്മ പറഞ്ഞത് പോലെ.. നീ ഒന്ന് മിണ്ടാതെ ഇരിക്ക് രുദ്ര.. ആദ്യം ആ കുട്ടി ഒന്ന് പറയട്ടെ.. എന്നിട്ട് പോരെ നിന്റെ ഈ എടുത്തു ചാട്ടം.."

ശ്രീനാദ് കൂടി പറഞ്ഞതൊടെ രുദ്രൻ ഒന്ന് അടങ്ങി..

അല്ല അങ്ങനെ അങ്ങ് ഭാവിച്ചു അവൻ..

രോഷം ഉള്ളിൽ കത്തി പടർന്നു കയറുന്നുണ്ട്..

വാ... ലക്ഷ്മി അഞ്ജലിയെയും കൊണ്ട് അകത്തേക്ക് കയറി..

"ഈ നേരത്ത് അവളെന്തിന് നിന്നെ തേടി വന്നു "

ഗായത്രി രുദ്രനെ ഒന്ന് കൂർപ്പിച്ചു നോക്കി..

"അതെങ്ങനെ എനിക്കറിയാം.. ദോണ്ട്.. അമ്മ പൊക്കി അകത്തേക്കു പോയിട്ടുണ്ടല്ലോ.. പോയി നോക്ക്..അവൾ വല്ലതും മൊഴിയുന്നുണ്ടോ എന്ന് "

അഞ്ജലിയോടുള്ള ദേഷ്യം ഉണ്ടായിരുന്നു അപ്പോഴും അവൻ അത് പറയുമ്പോൾ..

"അതിന് നീ എന്തിനാ ചാടി കടിക്കുന്ന.. ചോദിക്കാൻ തന്നെ ആണ് പോകുന്നത്..."

ഗായത്രിയും വിട്ട് കൊടുക്കാതെ അവനോട്‌ പറഞ്ഞു..

അത് പറഞ്ഞു കൊണ്ടവൾ അകത്തേക്കു കയറി പോകുന്നത് കൊണ്ട് നടുവിന് കൈ കൊടുത്തു തലയിൽ തടവി കൊണ്ടവൻ നോക്കി നിന്നു..

"എന്താണ്.. അളിയന് ആകെ ഒരു പരവേശം.. ചുറ്റി കളി വല്ലതും ആണോ ഇനി "

ശ്രീ അവന്റെ തോളിൽ തട്ടി കൊണ്ട് ചോദിക്കുമ്പോൾ... രുദ്രൻ അവനെ നോക്കി കണ്ണുരുട്ടി..

"ദേ.. ശ്രീ ഏട്ടാ.. അനാവശ്യം പറയല്ലേ.. അവളും ഞാനും ഒരു ബന്ധവുമില്ല "

രുദ്രൻ ദേഷ്യത്തോടെ പറഞ്ഞു..

"മ്മ്.. ഞാനും വിശ്വസിക്കാം.. ആദ്യം അവൾക്ക് പറയാൻ ഉള്ളത് കേൾക്കട്ടെ.. വാ നമ്മുക്ക് പോയി നോക്കാം "

ശ്രീ വിളിക്കുമ്പോൾ രുദ്രനും അവനൊപ്പം അകത്തേക്കു നടന്നു..

ഹാളിൽ ഇരുത്തി... ലക്ഷ്മി അവൾക്ക് വെള്ളം കൊടുക്കുന്നുണ്ട്..

പക്ഷെ കണ്ണുകൾ.. അപ്പോഴും അവന് നേരെ ആയിരുന്നു..

ആ അഞ്ജലിയെയും.. ആ ഭാവത്തെയും അവന് ഒട്ടും പരിജയം ഇല്ലായിരുന്നു..

തനിക്കു മുന്നിൽ നിന്നും വീറോടെ പറഞ്ഞു കത്തി കയറുന്ന ആ പെണ്ണിന്റെ നിഴൽ പോലും ഇപ്പൊ ഇവളിൽ ഇല്ലല്ലോ എന്നാ അവൻ ഓർത്തത്...

"ഇനി പറ... എന്താ നിന്റെ പ്രശ്നം.. എന്തിനാ നീ മൂവന്തി നേരത്ത്... ഇങ്ങോട്ട് വന്നത് "

ലക്ഷ്മി... രുദ്രനെ ഒന്ന് പാളി നോക്കി കൊണ്ട് അഞ്ജലിയോട് സൗമ്യമായി ചോദിച്ചു..

"ഞാൻ.. എനിക്കിത് പറയാൻ ഇപ്പൊ ആരും ഇല്ല അമ്മേ... ആരും ഇല്ല എന്നെ സഹായിക്കാൻ ".
പറയുന്നത് ലക്ഷ്മിയോട് ആണേലും... അവളുടെ കണ്ണുകൾ... രുദ്രന് നേരെ ആണ്..

അവൻ അവൾ നോക്കുന്നത് കണ്ടപ്പോൾ.. വേഗം നോട്ടം മാറ്റി.

"സമ്മതിച്ചു... അതിന് മാത്രം എന്താ നിന്റെ പ്രശ്നം കുട്ടി.. നീ അതൊന്നു പറഞ്ഞു താ "

മുത്തശ്ശി അവളുടെ തലയിൽ തലോടി ചോദിച്ചു..

"എനിക്ക് ഇഷ്ടമില്ലാത്ത ഒരുത്തനുമായി എന്റെ മാരെജ് ഫിക്സ് ചെയ്തു.. ഞാൻ ആവും പോലെ എതിർത്തു.. പക്ഷെ അവരെന്നെ മുറിയിൽ പൂട്ടി ഇട്ടു.. എന്നെ കൊന്നിട്ടായാലും അപ്പനും ഏട്ടനും എന്നെ അയാളെ കൊണ്ട് കെട്ടിക്കും.. അതിലും ഭേദം ഞാൻ മരിക്കുന്നതാ.. അത്രയും വൃത്തികെട്ടവനൊപ്പം ജീവിക്കുന്നതിലും നല്ലത്...അതാണ്‌ "

കരഞ്ഞു കൊണ്ട് തന്നെയാണ് അവളത് പറയുന്നത്..

"അപ്പനും ചേട്ടനും എന്നോടുള്ള വാശിക്കാണ്.. അവർക്ക് ജയിക്കാൻ എന്തും ചെയ്യും.."

അഞ്ജലി രുദ്രനെ നോക്കിയാണ് പറഞ്ഞത്..

അവൻ അവളെ നോക്കിയില്ല..

ഇത് തന്നെയാണ് അവൾക്ക് പറയാനുള്ള കാരണം എന്നവന്  ഉറപ്പായിരുന്നു എന്നത് പോലെ..

"നിന്നോട് അവർക്ക് ഇത്രേം ദേഷ്യവും വാശിയും തോന്നാൻ എന്താ കാരണ '

ഗായത്രി ചോദിക്കുമ്പോൾ അറിയാതെ തന്നെ രുദ്രൻ അവളെ നോക്കി..

അവനപ്പോൾ മാത്രം ചെറിയൊരു കുറ്റബോധം തോന്നി..

പറ.. തന്നോട് അവർക്ക് ഇത്രേം ദേഷ്യം തോന്നാൻ അതിന് മാത്രം വലിയൊരു കാരണം കാണുമല്ലോ.. നീ അവരുടെ മകളല്ലേ.. ആ നിന്റെ ജീവിതം പോലും മറന്നിട്ടു വാശി തീർക്കാം എന്നവർ കരുതി എങ്കിൽ... നീ എന്താണ് അവർക്ക് പൊറുക്കാൻ പറ്റാത്തത് ചെയ്തത് "

ശ്രീ ഒന്നൂടെ കടുപ്പത്തിൽ... വളരെ വ്യക്തമായി അത് ചോദിക്കുമ്പോൾ... രുദ്രന്റെ ഹൃദയം ഒരു നിമിഷം നിലച്ചു പോയത് പോലെ ആയിരുന്നു..

"അവർക്കൊക്കെ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരാളെ ഞാൻ എന്റെ ജീവനേക്കാൾ സ്നേഹിക്കുന്നത് കൊണ്ട് "

അഞ്ജലിയുടെ വെളിപെടുത്തൽ..

രുദ്രന് ശ്വാസം വിലങ്ങി..

അവളുടെ പ്രണയം നിറഞ്ഞ കണ്ണുകൾ അവന്റെ ഹൃദയം തുളഞ്ഞു കയറി..

"എങ്കിൽ ആ കുട്ടിയെ വിളിച്ചിട്ട് നീ നിന്റെ അവസ്ഥ പറ മോളെ.. നിന്നേ വന്നു കൂട്ടിയിട്ട് പോവാൻ പറ..."

മുത്തശ്ശി വീണ്ടും അഞ്ജലിയെ നോക്കി പറഞ്ഞു..

അവൾ അപ്പോഴും അവന്റെ നേരെ നോക്കുമ്പോൾ അവൻ കണ്ണുരുട്ടി കാണിച്ചു..

ഗായത്രിയും ശിവയും അവന്റെ നേരെ തന്നെ നോക്കി നിൽപ്പുണ്ട്..

"നീ നമ്പർ പറഞ്ഞു കൊടുക്ക് മോളെ.. രുദ്ര... നീ അതൊന്ന് വിളിച്ചു കൊടുത്തേ "

ലക്ഷ്മി പറയുമ്പോൾ.. രുദ്രൻ അഞ്ജലിയെയാണ് നോക്കിയത്..

അഞ്ജലി എഴുന്നേറ്റ് കൊണ്ട് രുദ്രന്റെ മുന്നിൽ പോയി നിന്നു..

'പ്ലീസ്... എന്നെ അങ്ങോട്ട്‌ വിടരുത്.. അവരെല്ലാം കൂടി എന്നെ... "

അവന് മുന്നിൽ കൈ കൂപ്പി പറയുമ്പോൾ... രുദ്രൻ പകച്ചുപോയി..

അവന്റെ കണ്ണുകൾ നാല് പാടും ഓടി നടന്നു..

അതേ താൻ വിചാരിച്ചത് പോലെ തന്നെ... അവിടെ ഉള്ള എല്ലാവരുടെ കണ്ണിലും... സംശയങ്ങൾ.. നിറയെ സംശയങ്ങൾ മാത്രം..

"ഇവനെയാണോ... നീ സ്നേഹിക്കുന്നത് "

ശ്രീ രുദ്രനെയും അഞ്ജലിയെയും മാറി മാറി നോക്കി കൊണ്ട് ചോദിക്കുമ്പോൾ.. അവന്റെ നെഞ്ച്... വളരെ വേഗത്തിൽ മിടിച്ചു..

പറ.. കുട്ടി... രുദ്രനെയാണോ... നീ സ്നേഹിക്കുന്നു എന്ന് പറഞ്ഞത്...

വീണ്ടും ഗായത്രി അഞ്ജലിയുടെയും രുദ്രന്റെയും നേരെ നോക്കി...

അങ്ങോട്ട്‌ പറഞ്ഞു കൊടുക്കെടി.. ഞാനും നീയും തമ്മിൽ ഒന്നും ഇല്ലെന്ന് "

രുദ്രൻ പറയുമ്പോൾ അഞ്ജലി മിണ്ടിയില്ല..

"ഞാൻ... എനിക്കത് പറയാൻ ആവില്ല.. ഞാൻ അങ്ങനെ പറയില്ല...കാരണം.... ഐ... ലവ്.. യൂ "

ചുവരിൽ ചാരി അവളത് പറയുബോൾ രുദ്രന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി..
അവൻ അവൾക്ക് നേരെ വെട്ടി തിരിഞ്ഞു..

നിനക്കെന്താ ഭ്രാന്ത് ഉണ്ടോ അഞ്ജലി "

അങ്ങേയറ്റം ദേഷ്യം ഉണ്ടായിരുന്നു അവനിൽ..

അവളൊന്നും മിണ്ടിയില്ല..

"നിന്നോട് ഞാൻ പറഞ്ഞതല്ലേ... കുറച്ചു കൂടി വെയിറ്റ് ചെയ്യ്.. ഞാൻ എന്തേലും വഴി കാണാം എന്ന്.. എന്നിട്ടവള് അതൊന്നും കേൾക്കാതെ ഇല്ലാത്തൊരു പ്രേമത്തിന്റെ പേരും പറഞ്ഞിട്ട് വീട്ടിൽ നിന്നും ചാടി വന്നേക്കുന്നു.. നിനക്ക് ഭ്രാന്ത് അല്ലാതെ പിന്നെ എന്താണ്"

അവന് ദേഷ്യം സഹിക്കാൻ ആവുന്നില്ല..

"നീ അല്ലേ പറഞ്ഞത്.. ഇവള് നിന്റെ ഫ്രണ്ട് ആണെന്ന് "

ഗായത്രി അവന്റെ അരികിൽ വന്നു നിന്നിട്ട് ചോദിച്ചു..

അവനൊന്നും മിണ്ടിയില്ല..

"പക്ഷെ ഈ കുട്ടി പറയുന്നുണ്ട്.. അവൾക്ക് നിന്നേ ഇഷ്ടം ആണെന്ന്.. എന്തൊക്കെ ആണെടാ ഇതിന് പിന്നിൽ "
ഗായത്രി വീണ്ടും അഞ്ജലിയെ നോക്കി രുദ്രനോട് ചോദിച്ചു..

'അവൾ പറഞ്ഞത് അവളുടെ കാര്യം.. ഞാൻ പറഞ്ഞത് എന്റെ കാര്യം.. എനിക്കിവള് ഒരു ഉപകാരം ചെയ്തു തന്നിട്ടുണ്ട്.. അതിന്റെ കുറച്ചു നന്ദി ഉള്ളതോണ്ട ഞാൻ ഇന്ന് ഈ അനുഭവിക്കുന്നത് മുഴുവനും.. ആ നന്ദി അല്ലാതെ മറ്റൊന്നും എനിക്കിവളോട് ഇല്ല. ഇനി ഉണ്ടാകാനും പോണില്ല "

രുദ്രൻ കടുപ്പത്തിൽ പറഞ്ഞിട്ട് അഞ്‌ജലിക്ക് നേരെ തിരിഞ്ഞു..

"ഞാൻ എപ്പഴേലും പറഞ്ഞിട്ടുണ്ടോ ടി നിന്നെ എനിക്ക് ഇഷ്ടം ആണെന്ന്... ഉണ്ടോ "

അവന്റെ ചോദ്യം കേട്ടപ്പോൾ... അതിലെ ദേഷ്യം അറിഞ്ഞപ്പോൾ അവൾ അറിയാതെ തന്നെ ഇല്ലെന്ന് തലയാട്ടി..

അവൾക്ക് മനസ്സിലാവും അവന്റെ മനസ്സ്.. പെട്ടന്ന് അങ്ങനൊക്കെ കേട്ടതിന്റെ ഷോക്ക് ആണ്.. അതും സ്വന്തം കുടുംബത്തിന്റെ മുന്നിൽ..

പക്ഷെ തന്നിക്കിവിടെ പിടിച്ചു നിൽക്കേണ്ടത് ആവിശ്യം ആണ്.. ഇപ്പോൾ വിട്ട് കളഞ്ഞാൽ ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം അവനെ നഷ്ടം വരും..

ആദ്യമായി സ്വന്തമാണെന്ന് തന്നെ മനസ്സിൽ കരുതി...സ്നേഹിച്ചവനാണ്..
ഇനി അവനെ മറക്കാൻ ആവാത്ത വിധം ഹൃദയം മുഴുവനും പറ്റി പിടിച്ചു പോയിട്ടുണ്ട്..

"രുദ്രേട്ടാ... പ്ലീസ്.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ആദ്യം "

അഞ്ജലി മുഖം തുടച്ചിട്ട് അവന് മുന്നിൽ വന്നു നിന്നു..

ദേഷ്യം കൊണ്ടു ചുവന്ന അവന്റെ നേരെ നോക്കാൻ അവൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു..

പക്ഷെ പറയാതെ വയ്യ..

"എനിക്കറിയാം.. എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞത് മറന്നതുമില്ല.. രുദ്രേട്ടനെ ട്രാപ്പിൽ പെടുത്താൻ വേണ്ടി ഓടി ഇറങ്ങി വന്നതുമല്ല... നിന്നെ എനിക്ക് വിശ്വാസം ആയിരുന്നു.. എത്ര വേണമെങ്കിൽ പോലും ഞാൻ വെയിറ്റ് ചെയ്യുകയും ചെയ്യുമായിരുന്നു... പക്ഷെ... പക്ഷെ... എനിക്കവിടെ ഒട്ടും വയ്യായിരുന്നു... ചുറ്റും വന്യ മൃഗങ്ങൾ നിറഞ്ഞൊരു കാട്ടിൽ ഞാൻ ഒറ്റ പെട്ടു പോയി... അവരെന്നെ കൊന്നു കളയും '

കരച്ചിലടക്കി അഞ്ജലി അത് പറഞ്ഞപ്പോൾ രുദ്രൻ ഒന്നവളെ നോക്കി..

"ഇഷ്ടം ഉള്ളത് എനിക്കാണ്.. എനിക്കറിയില്ല... എങ്ങനെയാണ് എന്റെ ഉള്ളിൽ നി കയറി കൂടിയത് എന്നെനിക് പറഞ്ഞു തരാൻ ആവില്ല..."

പതിയെ അഞ്ജലി അത് പറയുമ്പോൾ രുദ്രൻ ചുറ്റും ഒന്ന് കണ്ണോടിച്ചു..എന്നിട്ടവളുടെ കയ്യും പിടിച്ചിട്ട് കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു..

അവരുടെ എല്ലാം മുന്നിൽ നിന്നും അവളെങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ എന്തോ ഒരു അസ്വസ്ഥത തോന്നി അവന്..

"എനിക്ക് മനസ്സിലാവും അഞ്ജലി.. പക്ഷെ.. ഒരിക്കലും... ഒരിക്കലും അങ്ങനൊരു ആഗ്രഹം നീ നിന്റെ മനസ്സിൽ പോലും സൂക്ഷിച്ചു വെക്കരുത്.. എനിക്കൊരിക്കലും നിന്നേ സ്നേഹിക്കാൻ ആവില്ല... അതിന്റെ കാരണം ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ.. പ്ലീസ്.. എന്നെ ഒന്ന് മനസ്സിലാക്ക് "

അവനത് പറയുമ്പോൾ നിറഞ്ഞ കണ്ണുകളെ അഞ്ജലി അമർത്തി തുടച്ചു..

"എനിക്കറിയാം രുദ്രേട്ടാ.. നീ ടെൻഷൻ ആവണ്ട.. ഞാനും എന്റെ സ്നേഹവും നിനക്കൊരു ശല്യം ആവില്ല.. ഒരിക്കലും.."

വിളറിയ ചിരിയോടെ അഞ്ജലി പറഞ്ഞു..

"നിന്നേ തേടി നിന്റെ അപ്പനോ... ചേട്ടനോ ഈ മുറ്റത്തു വന്നാൽ.. അതെന്റെ അച്ഛനോട് ഞാൻ ചെയ്യുന്ന നീതികേടാണ്.. So...."

പറഞ്ഞിട്ടവൻ അവളെ നോക്കാതെ നോട്ടം മാറ്റി..

"മറ്റെവിടെ പോയാലും... അവരെന്നെ തേടി പിടിച്ചു കൊണ്ടു പോകും.. എനിക്കുറപ്പുണ്ട്.. അത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് തന്നെ വന്നത്.. എന്റെ സ്നേഹം സ്വീകരിക്കും എന്ന് കരുതി അല്ല അത്... ഞാൻ എന്റെ പഠനം പൂർത്തിയാക്കി സ്വന്തമായിട്ട് നിൽക്കാൻ പഠിക്കുന്നത് വരെയും ഒരു ഷെൽട്ടർ.. വേണം..എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ എങ്കിലും... അതെങ്കിലും..."

അഞ്ജലി വീണ്ടും പ്രതീക്ഷയോടെ അവനെ നോക്കി..

"സോറി... നിന്നെ കാണുമ്പോൾ... സംസാരിക്കുമ്പോൾ എല്ലാം എനിക്കോർമ്മ വരുന്നത്...."

ബാക്കി പറയാൻ ആവാതെ അവൻ പാതിയിൽ നിർത്തുമ്പോൾ...

അഞ്ജലിക്ക് ഉറപ്പായി...അവൻ തിരികെ പോവാൻ ആണ് പറയുന്നത് എന്ന്..

"ഒരുപാട് കാലത്തെ ആഴമൊന്നും എന്റെ സ്നേഹത്തിന് അവകാശപെടാൻ ഇല്ലായിരിക്കും.. പക്ഷെ നീ വേദനിക്കുന്നത് എനിക്ക് കാണാൻ വയ്യ.. എന്റെ.. എന്റെ ഹൃദയം വേദനിക്കും..."

അഞ്ജലി പറഞ്ഞിട്ടും അവൻ നോട്ടം മാറ്റിയില്ല..

"തിരിച്ചു പോയാൽ എന്താവും എന്നെനിക് ശെരിക്കും അറിയാം.. പക്ഷെ.. ഇനിയും ഞാൻ കാരണം നീ വേദനിക്കരുത് എന്നെനിക് നിർബന്ധം ഉണ്ട്... അതിന് വേണ്ടി മാത്രം ഞാൻ... ഞാൻ പോയിക്കൊള്ളാം "

അവളത് പറയുമ്പോൾ രുദ്രൻ അവളെ ഒന്ന് നോക്കി..

കരയുന്നില്ല.. പക്ഷെ ആ കല്ലിച്ച മുഖത്തിനപ്പുറം അവളൊരു പെരുമഴ ഒളിപ്പിച്ചു പിടിച്ചിട്ടുണ്ട്..

അവനത് അറിയാം... പക്ഷെ... കഴിയില്ല... എന്തിന്റെ പേരിൽ ആണേലും ഇവിടെ ഇവളെ പിടിച്ചു നിർത്താൻ മനസ്സ് വരുന്നില്ല..

"എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ് രുദ്രേട്ടാ.. ഇനി ഒരിക്കൽ കൂടി ഈ മുന്നിൽ വന്നു നിന്നിട്ട് എനിക്കിത് പറയാൻ ആവുമോ എന്നറിയില്ല.. എന്നും അഞ്ജലിയുടെ പ്രണയം... അതീ പേടി തൊണ്ടൻ പോലീസ് മാത്രം ആയിരിക്കും... നിനക്ക് എന്നെ സ്നേഹിക്കാതിരിക്കാൻ അല്ലേ നൂറു നൂറു കാരണം.. എനിക്ക് പക്ഷെ ഓരോ കാരണങ്ങളും നിന്നേ കൂടുതൽ സ്നേഹിക്കാൻ ഉള്ളത..."

ഇനി ഇത്രയും ധൈര്യത്തിൽ അവന് മുന്നിൽ പോയി നിന്നിട്ട് തന്റെ ഇഷ്ടം പറയാൻ മറ്റൊരു അവസരം കിട്ടില്ലേ എന്നവൾക്ക് ശെരിക്കും പേടി ഉണ്ടായിരുന്നു.. അത് കൊണ്ടു തന്നെയാണ്.. മനസ്സിൽ ഉള്ളത് അപ്പാടെ അവന് മുന്നിലേക്ക് കുടഞ്ഞിട്ടത്...

'വീട്ടിൽ അല്ലാതെ മറ്റെവിടെ എങ്കിലും നിന്നെ ഞാൻ സേഫ് ആക്കി തരട്ടെ അഞ്ജലി.. ഞാൻ ആയിക്കോള്ളാം നിന്റെ ലോക്കൽ ഗാർഡിയൻ "

അവളുടെ പ്രണയം തുളുമ്പി വിങ്ങുന്ന മുഖത്തു നോക്കി അപ്പോൾ അങ്ങനെ ചോദിക്കാനാണ് രുദ്രന് തോന്നിയത്....

"ഒരു കാര്യവും ഇല്ല രുദ്രേട്ടാ.. ആ വഴിയൊക്കെ ഞാനും ആലോചിച്ചു... എവിടെ ആയിരുന്നാലും അവരെന്നെ പിടിച്ചു കൊണ്ടു പോകും.. പക്ഷെ.. കൊന്നു കളഞ്ഞാലും.. അവരുടെ ആഗ്രഹം നടക്കില്ല.. നടത്തില്ല ഞാൻ "

വാശിയോടെ അവളത് പറയുമ്പോൾ അവന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമായി..

"എങ്കിൽ പോട്ടെ ഞാൻ.. ഇനിയും നിന്നിട്ട് ഈ ടെൻഷൻ കൂട്ടുന്നില്ല "

അഞ്ജലി... പതിയെ അവന് മുന്നിൽ വന്നു നിന്നു..

"റിയലി... ഐ ലവ്.. യൂ "

രുദ്രൻ എന്തെങ്കിലും പറയും മുന്നേ അഞ്ജലി അവനെ  ഇറുക്കി പിടിച്ചു..

അവളുടെ പെട്ടന്നുള്ള ആ പ്രവർത്തിയിൽ അവൻ ഒന്ന് വിറച്ചു പോയി..

പിന്നൊന്നും പറയാതെ തിരിച്ചിറങ്ങി പോയവളെ ഹൃദയവേദനയോടെ തന്നെ അവൻ നോക്കി..

പിന്നെ എന്തോ ആലോചനയോടെ.. ടേബിളിൽ ഉണ്ടായിരുന്ന ബൈക്കിന്റെ കീ എടുത്തു കൊണ്ടു അവളുടെ പിറകെ നടന്നു..

ഒരൊറ്റ ചിരിയിൽ അവരോട് യാത്ര ചോദിച്ചു കൊണ്ടു ഇറങ്ങി പോയവൾക്ക് പിറകെ അവനും ഇറങ്ങി..

ഡാ...

പിറകിൽ നിന്നും അവരെല്ലാം വിളിച്ചിട്ടും അത് കേൾക്കാതെ അവൻ പോയി ബൈക്ക് എടുത്തിട്ട് അഞ്‌ജലിക്ക് മുന്നിൽ കൊണ്ടു ചെന്ന് നിർത്തി..

വാ കയറ്.. ഞാൻ കൊണ്ടു വിടാം "

വേറൊന്നും പറയാതെ തന്നെ അഞ്ജലി അവന്റെ പിറകിൽ കയറി ഇരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story