രൗദ്രം ❤️: ഭാഗം 28

raudram

രചന: ജിഫ്‌ന നിസാർ

അഞ്ജലിയെ തിരിച്ചാക്കി കൊണ്ടവൻ വരുമ്പോഴും അവരെല്ലാം അതേ ഇരിപ്പു തന്നെയാണ്..

"നിനക്കിപ്പോ സന്തോഷം ആയോ ഡാ.."

ലക്ഷ്മിയുടെ ചോദ്യതിന് പതിവില്ലാതെ ദേഷ്യം..

"ഇത്രേം മനസാക്ഷി ഇല്ലെടാ മോനെ നിനക്ക്.. നിനക്ക് അവളെ കല്യാണം കഴിക്കാൻ വയ്യെങ്കിൽ വേണ്ട... ആ പഠനം തീർന്ന് അവളൊന്നു സ്വന്തം കാലിൽ നിൽക്കുന്നത് വരെയും സംരക്ഷണം ചോദിച്ചിട്ടും നീ അതിനെ കൈ വിട്ടല്ലോ ഡാ "

ലക്ഷ്മി അമ്മയുടെ സങ്കടം അവന്റെ ചങ്കിലാണ് കൊള്ളുന്നത്..

അതിനേക്കാൾ ഭീകരമായി.. താൻ അവിടെ ഇറക്കി പോരുമ്പോൾ ദയനീയമായി തന്നെ നോക്കുന്ന ആ നിറഞ്ഞ കണ്ണുകൾ കത്തി പോലെ കുത്തി കീറുന്നുണ്ട്...

എന്നിട്ടും രുദ്രൻ ഒന്നും പറഞ്ഞില്ല..

തനിക്കവളെ കാണുമ്പോൾ... മരിച്ചു കിടക്കുന്ന അച്ഛനെ ഓർമ വരുന്നിടത്തോളം കാലം അവളെ സംരക്ഷണം കൊടുക്കാൻ ആവില്ല.. സ്നേഹിക്കാനും.

ഓരോ നിമിഷവും കുറ്റബോധം സഹിക്കാൻ ഉള്ള ഒരു കാരണമാവും അത്..

അതെല്ലാം സഹിച്ചു കൊണ്ടവളെ ഇവിടെ നിർത്താൻ തോന്നിയില്ല..

"വേണ്ടായിരുന്നു ഏട്ടാ... അവൾക്ക് ഏട്ടനെ ഒരുപാട് ഇഷ്ടം ഉണ്ടായിട്ടല്ലേ... വിശ്വാസം ഉണ്ടായിട്ടല്ലേ ഓടി വന്നത്.. ഏട്ടൻ രക്ഷിക്കും എന്ന് കരുതി കാണില്ലേ.. എന്നിട്ടും കൊണ്ട് പോയി അവർക്ക് ഇട്ടു കൊടുത്തു പോന്നപ്പോൾ എത്ര വേദനിച്ചു കാണും "

ശിവ അവന്റെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു..

അപ്പോഴും അവനൊന്നും മിണ്ടിയില്ല..

മുത്തശ്ശി അവനെ ഇടയ്ക്കിടെ നോക്കുന്നുണ്ട് എന്നല്ലാതെ ഒന്നും പറയുന്നില്ല..

"നിനക്കവളെ ഒട്ടും ആസെപ്റ് ചെയ്യാൻ ആവാത്ത കാരണം എന്താ രുദ്ര "

ഗായത്രി അവനെ കൂർപ്പിച്ചു നോക്കി..

എനിക്ക്.. എനിക്കിഷ്ടമല്ല "

അപ്പോഴും അത്ര മാത്രം പറയാനേ അവനായുള്ളൂ.

അവളാരാ എന്ന് പറയുമ്പോൾ ഈ കാണിക്കുന്ന അലിവ് ദേഷ്യം ആയേക്കും എന്നറിഞ്ഞു കൊണ്ട് തന്നെ അപ്പോഴും അത് പറയാൻ അവന് തോന്നിയില്ല..

"നിനക്കിഷ്ടമല്ല.. സമ്മതിച്ചു.. പക്ഷെ പോലീസ് യൂണിഫോം ഇല്ലെങ്കിൽ കൂടിയും നിന്നെ വിശ്വസിച്ചു വന്നൊരു പെണ്ണിനെ സംരക്ഷണം കൊടുത്തു പൊതിഞ്ഞു പിടിക്കാൻ ആണെരുത്തൻ എന്ന നിലയിൽ നിനക്ക് ബാധ്യതയുണ്ട്... ആ കുട്ടിയും അത് തന്നെ പറഞ്ഞു... സ്വന്തം കാലിൽ നിൽക്കും വരെയും അവൾക്കൊരു ഷെൽട്ടർ മതിയെന്ന്.. മറ്റെവിടെ ആയാലും അവളുടെ പേരന്റസ് പിടിച്ചു കൊണ്ട് പോകുമെന്ന്... എന്നിട്ടും നീ എന്തേ അത് കാണാതെ പോയത്.. അവൾ നിന്റെ ഫ്രണ്ട് ആണെന്ന് നീ തന്നെ പറഞ്ഞില്ലേ.. പിന്നെയും എന്തേ നീ വിട്ട് പോന്നത്... എനിക്കറിയാവുന്ന എന്റെ അനിയൻ ഇങ്ങനെ അല്ല "

യാതൊരു പഴുതും ഇല്ലാത്ത വിധം ചോദ്യം കൊണ്ട് അവനെ കുരുക്കി... ഗായത്രി..

രുദ്രൻ ഒരു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചു...

ഉത്തരം കൊടുത്തേ പറ്റൂ..

അവനറിയാം അത്..

"പറഞ്ഞത് സത്യമാണ്.. എനിക്കവളോട് ഒരു കടപ്പാടും ഉണ്ട്... പക്ഷെ അത് കരുതി അവളെ എന്റെ ജീവിതത്തിൽ ചേർത്ത് വെക്കാൻ.. ഒരിക്കലും ആവില്ല "

ഉറപ്പൊടെ അത് പറയുബോൾ അവനവിടെ ആരെയും നോക്കിയില്ല..

അതിനുള്ള റീസൻ.. അതാണ്‌ നീ പറയേണ്ടത്.. "

വീണ്ടും വിടാനുള്ള ഭാവം ഇല്ലാതെ ഗായത്രി ചോദിച്ചു..

"അവളുടെ അച്ഛൻ.. സ്റ്റീഫൻ ആയത് കൊണ്ട് "

അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു അത് പറയുമ്പോൾ..

അവരെല്ലാം ഞെട്ടി കൊണ്ടവനെ നോക്കി..

"സത്യമാണ്.. അഞ്ജലി സ്റ്റീഫന്റെ മോളാണ്.. സ്റ്റീഫൻ... ഞാൻ വെട്ടാൻ വേണ്ടി വില പറഞ്ഞു വെച്ച ബലി മൃഗമാണ്.. അവനോട് ചേരുന്നതിനെ എല്ലാം എനിക്ക് വെറുപ്പാണ്.."

രുദ്രൻ കിതച്ചു..

ആരും ഒന്നും മിണ്ടിന്നിൽ..

"ഇപ്പൊ മനസ്സിലായില്ലേ ഞാൻ അവളെ വിട്ട് കളഞ്ഞതൊന്റെ കാരണം... ഇനി ആർക്കും ഒന്നും പറയാൻ ഇല്ലല്ലോ "

വീണ്ടും പുറത്തേക്ക് നടന്നു കൊണ്ടവൻ ചോദിച്ചു..

"സ്റ്റീഫന്റെ മകളായി ജനിച്ചു എന്നത് ഇങ്ങനെ ആ കുട്ടിയുടെ തെറ്റാവും രുദ്ര "

പിന്നിൽ നിന്നും ലക്ഷ്മിയുടെ കൂർത്ത ചോദ്യം..

രുദ്രൻ നിന്ന് പോയി..

"തെറ്റ് ചെയ്തത് നീ ആണ്.. നിന്നെ വിശ്വസിച്ചു അഭയം ചോദിച്ചു വന്ന അവളെ നീ വീണ്ടും അവർക്കു തന്നെ പിടിച്ചു കൊടുത്തു.. ഇനി ആ കുട്ടി പറഞ്ഞത് പോലെ.. ഇഷ്ടമില്ലാത്ത ഒരു ജീവിതം ഒരായുസ്സ് മുഴുവനും അത് ജീവിച്ചു തീർത്തോട്ടെ എന്നാണോ.. ഏഹ് "

ലക്ഷ്മി അവന്റെ മുന്നിൽ വന്നു നിന്ന് കൊണ്ട് ചോദിച്ചു..

"അതാ അവളുടെ വിധി "

എങ്ങും തൊടാതെ രുദ്രൻ മറുപടി പറഞ്ഞു..

"ആണോ... ആണോ ഡാ മോനെ.. ഇത് അവളുടെ വിധി ആണോ... നീ അല്ലേ വിധിക്കുന്നത്.. നിനക്ക് മാറ്റി തിരുത്താൻ ആവുമല്ലോ..ഇപ്പൊ ഈ പറഞ്ഞ വിധിയെ..

ലക്ഷ്മി അവനെ പിടിച്ചു കൊണ്ട് ചോദിച്ചു...

രുദ്രൻ കണ്ണുകൾ ഇറുക്കി അടച്ചു..

പ്ലീസ് അമ്മാ.. എന്നെ ഒന്ന് മനസ്സിലാക്ക് "

അവൻ പതിയെ പറഞ്ഞു..

"ഒന്നും വേണ്ട.. നിന്റെ അച്ഛന് പോലും സങ്കടം ആവും ഈ തീരുമാനം.. ഈ മുറ്റത് നിന്നും ആരും കരഞ്ഞു കൊണ്ട് പോയിട്ടില്ല... നിനക്കും അറിയാമല്ലോ അത്.."
ലക്ഷ്മി വീണ്ടും അവനെ പുടിച്ചുലച്ചു..

"ഒരിത്തിരി ആഹാരം കൊടുത്താൽ... അല്ലെങ്കിൽ കിടക്കാൻ ഒരിത്തിരി സ്ഥലം കൊടുത്താൽ അതിവിടെ മനഃസമാദാനത്തോടെ നിന്നോളും... നിനക്കും ഇല്ലെ മോനെ ഒരു പെങ്ങൾ.. സ്വന്തം കുടുംബം കൈ വെടിഞ്ഞ അവളെ.. നമ്മൾ ഉപേക്ഷിച്ച.. അത് വല്ല അബദ്ധവും ചെയ്താലോ...

അമ്മയുടെ നിറഞ്ഞ കണ്ണിലേക്കു നോക്കുമ്പോൾ രുദ്രന് ഒരു തീരുമാനം എടുക്കാൻ ആയില്ല..

യാതൊന്നും മിണ്ടാതെ അവൻ ഇറങ്ങി പോയി നിന്നത് സേതുവിന്റെ അരികിലാണ്..

'ഞാൻ.. ഞാൻ എന്ത് വേണം അച്ഛാ... എനിക്കൊരു തീരുമാനം എടുക്കാൻ ആവുന്നില്ല... അമ്മയുടെ മാത്രം അല്ല.. അഞ്ജലിയുടെയും കണ്ണുനീർ എനിക്ക് കാണാൻ വയ്യ.. എനിക്ക് വേണ്ടിയാണ് അവൾ...."

രുദ്രൻ കണ്ണടച്ച് നിൽക്കുമ്പോൾ ചാറിയ മഴയിൽ... അവന്റെ എരിയുന്ന മനസ്സിനെ തണുപ്പിക്കാൻ കഴിയുന്നത്ര മാന്ത്രികത ഉണ്ടായിരുന്നു..

"എനിക്കറിയാം... സ്റ്റീഫന്റെ മകളാണ് എന്നത് അഞ്ജലിയുടെ കുറവല്ല.. യാതൊന്നും പ്രതീക്ഷിക്കാതെ... അവളുടെ അച്ഛൻ ചെയ്തതിനു പ്രായശ്ചിതം പോലെ... യാണ് അവൾ എന്നെ സഹായിച്ചത്..അവളുടെ ഓരോ പ്രവൃത്തി
കളും ജെറിൻ നോട്ട് ചെയ്യുന്നുണ്ട് എന്നറിഞ്ഞിട്ട് തന്നെ ആണ് അവളെ ഞാൻ എന്നിൽ നിന്നും മാറ്റി പിടിച്ചത്..

ലൈഫിൽ... ഒരു നിർണായക തീരുമാനം എടുക്കാൻ എന്നെ ഏറെ സഹായിച്ചവൾ.. ഇന്നിപ്പോൾ എന്റെ സഹായം തേടി വന്നത് ഞാൻ നിഷ്കരുണം... മടക്കി അയച്ചു...

അവന്റെ ചിന്തകൾക്ക് തീ പിടിച്ചു തുടങ്ങിയ സമയം തന്നെ ആയിരുന്നു... മഴയുടെ ശക്തിയും കൂടിയത്..

നനഞ്ഞു കുതിർന്നിട്ടും... അവൻ അനങ്ങിയില്ല..

അഞ്ജലിയുടെ നിറഞ്ഞ കണ്ണുകൾ.. ദയനീയമായ ചോദ്യം... എല്ലാം എല്ലാം അവന്റെ ഉള്ളിൽ വീണ്ടും വീണ്ടും അലയടിച്ചു..

തിരിച്ചു കൊണ്ടു വിടുമ്പോൾ...അങ്ങെത്തുവോളം മിണ്ടാതെ ഇരുന്നവൾ...പിന്നിൽ നിന്നും കെട്ടിപിടിച്ചു കരഞ്ഞതിന്റെ അടയാളം ഷർട്ടും മനസ്സും ഇപ്പോഴും കാണിക്കുന്നുണ്ട്..

എന്നേലും ഒരിത്തിരി ഇഷ്ടം തോന്നിയ തേടി വന്നേക്കണേ രുദ്രേട്ടാ.. ഞാൻ ഇവിടെ ഉണ്ടാവും...

ഗേറ്റിൽ ഇറക്കി വിടുമ്പോൾ അവൾ പറഞ്ഞത് വീണ്ടും വീണ്ടും അവനു കേൾക്കാം അപ്പോൾ..

"എനിക്കൊരു ദേഷ്യവുമില്ല.. എനിക്ക് മനസ്സിലാവും ഇപ്പോഴത്തെ ഈ അവസ്ഥ.. ഈ മനസ്സ്.. ഞാൻ കാത്തിരുന്നോളാം "

കണ്ണ് തുടച്ചു ചിരിച്ചു കൊണ്ടാണ് അവൾ പറയുന്നത്..

എനിക്ക് വേണ്ടി നീ കാത്തിരുന്നു വെറുതെ നിന്റെ ലൈഫിലെ നല്ല നിമിഷങ്ങൾ വേസ്റ്റ് ചെയ്യരുത് എന്നവന് പറയണം എന്നുണ്ടായിരുന്നു..

പക്ഷെ കഴിഞ്ഞില്ല...

അകത്തേക്ക് കൂടെ ചെല്ലാൻ ഇറങ്ങിയ അവനെ അഞ്ജലി തടഞ്ഞു..

വേണ്ട.. ഇനിയും മറ്റൊരു പ്രശ്നം ഉണ്ടാക്കേണ്ട.. ഞാൻ... ഞാൻ എന്തേലും നുണ പറഞ്ഞോളാം... പ്ലീസ് "

എത്ര പറഞ്ഞിട്ടും... എന്തൊക്കെ പറഞ്ഞിട്ടും അവൾ അതിന് സമ്മതിച്ചു കൊടുത്തില്ല..

അവരിനിയും നിന്നേ വാക്കുകൾ കൊണ്ടു വേദനിപ്പിക്കും രുദ്രേട്ടാ.. എനിക്ക് വേണ്ടി.. ഇനിയും നീ... വേണ്ട.. നീ തിരിച്ചു പോ... പ്ലീസ്.. "

ഓരോ വാക്കും അവനുള്ളിൽ വളരെ വലിയ മുറിവുകൾ തീർത്തു കൊണ്ടേ ഇരുന്നു...

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ചുറ്റും നിൽക്കുന്നവരുടെ പരിഹാസ ചിരികൾ കൂർത്ത അമ്പു പോലെ അവളുടെ കാതിൽ തറഞ്ഞു കയറി..

ചിലതെല്ലാം നേരിട്ട് ഹൃദയമാണ് സ്വീകരിച്ചത്..

അവരുടെ നേരെ ഒന്ന് മുഖം ഉയർത്തി നോക്കാൻ കൂടി വയ്യാത്ത അവസ്ഥ..

ജസ്റ്റിനെ അവൾ അവിടെ കണ്ടില്ല..

തന്നെ തുറന്നു വിട്ടതിന്റെ സമ്മാനം... ആവും..അതല്പം കനത്തിൽ കിട്ടിയത് റീത്തയുടെ കവിളും പൊട്ടിയ ചുണ്ടും പൊക്കി പിടിച്ചു കാണിക്കുന്നുണ്ട്..
വേറൊന്നും ഇവർ അറിഞ്ഞിട്ടില്ല..

ഇവരുടെ വേട്ട പ..ട്ടി സ്വന്തം മോളെ...

അവൾ പല്ല് ഞെരിച്ചു..

അല്ലെലും സ്വന്തം ആണെന്ന് തനിക്കു തോന്നുന്നതല്ലേ...

ഇവരുടെ മനസ്സിൽ അങ്ങനെ അല്ലല്ലോ..
എല്ലാം കൂടി അഞ്‌ജലിക്ക് ആകെ ഭ്രാന്ത് പിടിക്കും പോലെ..

എന്നാലും... രുദ്രേട്ടൻ.

അവൾ ഒന്ന് വിതുമ്പി..

അറിയാം.. അത്ര പെട്ടന്നൊന്നും തന്നെ സ്വീകരിക്കാൻ ആ മനസ്സ് ഒരുങ്ങില്ല എന്നത്..

പക്ഷെ... സ്നേഹിക്കാൻ പറഞ്ഞില്ലല്ലോ.. എനിക്ക് സ്നേഹമാണെന്നല്ലേ പറഞ്ഞത്..

പഠനം കഴിഞ്ഞിറങ്ങി... ഒരു ജോലിക്ക് കയറ്റുവോളം.. ആ തണലിൽ നിൽക്കാനുള്ള ഒരു അവകാശം അല്ലേ ചോദിച്ചത്..

അഞ്‌ജലിക്ക് അതോർക്കുമ്പോൾ വീണ്ടും വീണ്ടും സങ്കടം വന്നു നിറയുന്നുണ്ട്...

ഇനി അപ്പനും ചേട്ടനും പറയും പോലെ... സാജനെ,

ആ ഓർമയിൽ പോലും അവൾ ഒന്ന് വിറച്ചു..

അതിന് ഒരിക്കലും കഴിയില്ല...

എവിടെ പോയതാണെന്ന് ഇവരെത്ര ചോദിച്ചിട്ടും പറഞ്ഞില്ല..

പക്ഷെ ആ മുഖങ്ങളിലെ പുച്ഛം കാണുമ്പോൾ അറിയാം... അവരുടെ മനസ്സിൽ എന്താണ് എന്ന്.

രുദ്രേട്ടൻ തന്നെ സ്വീകരിക്കില്ല എന്നത് ഇവർക്ക് ഉറപ്പായത് പോലൊരു ഭാവം..

അഞ്ജലി ആരെയും നോക്കാതെ... ആരോടും മിണ്ടാതെ തല കുനിച്ചിരുന്നു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ബെഡിൽ മുഖം അമർത്തി കിടന്നിട്ടും ഹൃദയം ചുട്ടു പുകയുന്നു..

പലപ്പോഴും അവന് ശ്വാസം പോലും കിട്ടാത്ത അവസ്ഥ..

ചെയ്തത് ശെരിയാണെന്ന് മനസ് പറയുമ്പോൾ... വലിയൊരു തെറ്റാണ് എന്ന് അതേ മനസ്സ് തന്നെ മറുകണ്ടം ചാടും..

മുന്നേ ഇത് പോലൊരു തീരുമാനം എടുക്കാൻ കഴിയാതെ പിടഞ്ഞു തീർന്നൊരു സമയത്ത്.. മറ്റാർക്കും നൽകാൻ ആവാത്ത വിധമൊരു ആശ്വാസം പകർന്നവളാണ്... ഇന്ന് അതേ കാരണം കൊണ്ട് ഒരുപാട് വേദനിക്കുന്നത്..

എത്രയൊക്കെ മാറ്റി ചിന്തിച്ചു നോക്കിയിട്ടും ഹൃദയത്തിലെ ആ വിങ്ങൽ അവനിൽ അൽപ്പം പോലും കുറഞ്ഞില്ല..

അതങ്ങനെ അനുനിമിഷം വലുതായി കൊണ്ടേ ഇരുന്നു..

പിന്നെയും ആ മനസ്സിന്റെ വടം വലിയിൽ പിടിച്ചു നിൽക്കാൻ ആവില്ലെന്ന് തോന്നിയിട്ടാണ് ഹെൽമറ്റും കീയും എടുത്തിട്ട് രുദ്രൻ ചാടി ഇറങ്ങി പോയത്..

ഹാളിൽ ഉണ്ടായിരുന്നവരെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ഓടി ഇറങ്ങി പോയവന്റെ നേരെ അവരെല്ലാം ഒരു ചിരിയോടെയാണ് നോക്കിയത്..

നേർത്ത മഴ നൂലുകൾ പൊഴിയുന്ന... സ്ട്രീറ്റ് ലൈറ്റിന്റെ നേരിയ വെളിച്ചം നിറഞ്ഞ വഴിയിലൂടെ പരമാവധി സ്പീഡിൽ പോകുമ്പോൾ... അവൻ മനഃപൂർവം മറ്റൊന്നിനെ കുറിച്ചും ഓർത്തില്ല...

മനസ്സിൽ അപ്പോൾ... അവളെ രക്ഷപെടുത്തണം എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു...

സ്വന്തം കാര്യം പോലും മറന്നിട്ടു അച്ഛനും ചേട്ടനും ചെയ്ത വലിയ തെറ്റുകൾക്ക് അവളെ കൊണ്ടാവും വിധം പ്രായശ്ചിത്തം ചെയ്യാൻ ഒരുങ്ങിയ... അവളിലെ നന്മ മാത്രമാണ് അവനുള്ളിൽ നിറഞ്ഞത്..

അഞ്ജലിയുടെ വീടിന്റെ ഗേറ്റിന് മുന്നിൽ ബൈക്ക് നിർത്തി... ഹെൽമെറ്റ്‌ ഊരി ബൈക്കിൽ തന്നെ കൊളുത്തി ഇട്ട്... മഴ നനച്ച മുടി കൈ കൊണ്ട് കൊതി.... അവൻ താഴെ ഇറങ്ങി..

ഗേറ്റ് തള്ളി തുറന്നു കയറുമ്പോൾ... വീണ്ടും സ്റ്റീഫന്റെയും ജെറിന്റെയും പൈശാചിക്കത നിറഞ്ഞ മുഖം ഓർമ വന്നപ്പോൾ... അകത്തേക്ക് വെക്കാൻ ഒരുങ്ങിയ കാൽ ഒന്ന് വിറച്ചു..

വീണ്ടും അവന്റെ മുഖം നിറയെ ദേഷ്യം പടർന്നു..

ഒട്ടും പതറാതെ മുന്നോട്ടു നടക്കുബോൾ... അകതെവിടെയോ ഒരുപാട് സങ്കടം തളർത്തി ഇട്ടൊരു പെണ്ണുണ്ട് എന്ന് മാത്രം ഓർക്കാൻ ശ്രമിച്ചു അവൻ..

മുൻവശത്തെ വാതിൽ തുറന്നു തന്നെ കിടപ്പുണ്ട്...

അകത്തേക്ക് കയറാൻ അവന് മനസ്സ് വന്നില്ല...

പോക്കറ്റിൽ നിന്നും ഫോൺ എടുത്തിട്ട് അവൻ അഞ്ജലിയുടെ നമ്പറിൽ വിളിച്ചു..

ഒരു പ്രാവശ്യം മുഴുവനും ബെല്ലടിച്ചു തീർന്നിട്ടും അവളത്‌ എടുക്കാഞ്ഞത് അവന്റെ ഹൃദയമിടിപ്പ് കൂട്ടി..

വീണ്ടും അവൻ വിളിച്ചു നോക്കി..

ഒന്നോ രണ്ടോ ബെല്ലിന് ശേഷം അടഞ്ഞ ശബ്ദത്തിൽ അവൾ ഹലോ എന്ന് പറയുമ്പോൾ.. ഫോണിലേക്ക് നോക്കാതെയാവും അവളത് എടുത്തത് എന്നവന് തോന്നി..

കാരണം ആ ശബ്ദം അത്രമേൽ പ്രതീക്ഷ മരവിച്ചത് പോലെയായിരുന്നു..

"ഫോണും എടുക്കാതെ നീ അവിടെ ആർക്ക്....."

ദേഷ്യം അതിന്റെ ഏറ്റവും അവസാന പടിയിലാണ്..

പക്ഷെ അവളോട് അത് പ്രകടമാക്കാൻ വയ്യ...

അത്രമാത്രം തകർന്ന് പോയൊരു അവസ്ഥയിലാണ്..

"ഞാൻ.. നിന്റെ വീടിന്റെ താഴെ ഉണ്ട്... ഇറങ്ങി വാ "

ഉറപ്പോടെ അവനത് പറയുമ്പോൾ അഞ്ജലി ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് കൊണ്ട് ഫോണിലേക്ക് തുറിച്ചു നോക്കി..

കേട്ടത് വിശ്വാസം വരാതെ അവൾ ഒരിക്കൽ കൂടി ഹലോ പറഞ്ഞു..

"അപ്പനും ചേട്ടനും കൂടി നിന്റെ ചെവി അടിച്ചു പൊട്ടിച്ചോ ടി യൂദാസെ.. ഞാൻ പറയുന്നത് കേൾക്കാൻ വയ്യേ.."

അവൻ വീണ്ടും ചോദിച്ചു..

അവളുടെ പിടുത്തം ഫോണിൽ മുറുകി..

"ഞാൻ ഇവിടെ താഴെ ഉണ്ട്.. ഇനി എന്നെ സഹായിച്ച കുറ്റത്തിന്.. നീ വേദനിക്കണ്ട.. ഇറങ്ങി വാ...ഞാൻ നിന്നേ കൊണ്ട് പോവാൻ വന്നതാ..പുറത്തുണ്ട് '

ഇപ്രാവശ്യം പഴയ കടുപ്പം ഇല്ലായിരുന്നു ആ വാക്കുകൾക്ക്..

അഞ്ജലി ബെഡിൽ നിന്നും ധൃതിയിൽ താഴെ ഇറങ്ങി..

ഡോർ ഒന്ന് വലിച്ചു നോക്കി..

ഭാഗ്യം.. പൂട്ടിയിട്ടില്ല.. ഇറങ്ങി പോയാലും തന്നെ ഇനി സ്വീകരിക്കാൻ ആരും ഇല്ലെന്ന് അവർ ഉറപ്പിച്ചു വെച്ചത് പോലെ..

"ഒളിച്ചും പാത്തും വരണ്ട.. നിന്റെ അപ്പനും ചേട്ടനും കാണണം.. നിന്നെ ഞാൻ കൊണ്ട് പോകുന്നത് "

ഫോണിൽ കൂടി വീണ്ടും അവനത് പറയുമ്പോൾ... അത് അങ്ങനെ തന്നെ വേണം എന്നവൾക്കും തോന്നി..

"മനസ്സിലായോ നിനക്ക് "

വീണ്ടും അവൻ ചോദിച്ചു..

അഞ്ജലി ഒന്ന് മൂളി..
പിന്നെ ഒന്നും പറയാതെ... രുദ്രൻ ഫോൺ കട്ട് ചെയ്തു..

ഓടി സ്റ്റെപ്പിറങ്ങി ചെല്ലുമ്പോൾ ഹാളിൽ തന്നെ... സ്റ്റീഫനും ജെറിനും ഇരിക്കുന്നു..

അഞ്ജലിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..

കരഞ്ഞു വീർത്ത കണ്ണുകൾക്ക് പുതിയൊരു തിളക്കം കിട്ടി...

"എന്താടി "
ചിരിച്ചു കൊണ്ട് മുന്നിൽ വന്നു നിൽക്കുന്നവളെ നോക്കി ജെറിൻ നെറ്റി ചുളിച്ചു...

അവളതേ ചിരിയോടെ തന്നെ സ്റ്റീഫനെ നോക്കി..

"അടി കിട്ടി ഇവൾക്ക് വട്ടായോ ഇനി "

ജെറിൻ അവളുടെ ആ നിർത്തം കണ്ടിട്ട് സ്റ്റീഫനെ നോക്കി ചോദിച്ചു..

"എനിക്കല്ല.. ഇനി നിങ്ങൾക്കാണ് വട്ട് പിടിക്കാൻ പോകുന്നത് "

അതേ ചിരിയോടെ... അവളത്‌ പറയുമ്പോൾ അവർ രണ്ടാളും പരസ്പരം നോക്കി..

"ഒടുവിൽ എന്റെ ഹീറോ വന്നിട്ടുണ്ട്.. എന്നെ കൊണ്ട് പോവാൻ "

അഭിമാനവും അൽപ്പം അഹങ്കാരവും ഉണ്ടായിരുന്നു അപ്പോൾ അവളിൽ...

അഞ്ജലി....

മുഴക്കമുള്ള രുദ്രന്റെ സ്വരം..

അഞ്ജലി വാതിലിലേക്ക് ഒന്ന് നോക്കിയിട്ട് അവരെ കളിയാക്കി ചിരിച്ചു..

സ്റ്റീഫന്റെയും ജെറിന്റെയും മുഖത്തേക്ക് ദേഷ്യം വിറഞ് കയറുന്നത് അഞ്ജലി നോക്കി നിന്നു..

"കേറി പോടീ അകത്ത് "

ജെറിൻ ചീറി കൊണ്ട് അഞ്ജലിയെ നോക്കി ചാടി എഴുന്നേറ്റു..

"അതങ്ങ് പള്ളീൽ പോയി പറഞ്ഞ മതി.. രുദ്രേട്ടൻ വന്നത് എന്നെ കൊണ്ട് പോവാൻ ആണേൽ ഞാൻ പോവും "

അതേ ഭാവത്തിൽ അവളും പറഞ്ഞു..

സ്റ്റീഫനും ജെറിനും അവൾക്ക് നേരെ വന്നതും.. അഞ്ജലി ഓടി ഇറങ്ങി... രുദ്രന്റെ അരികിൽ പോയി നിന്നു...

തല... ചെരിച്ചു കൊണ്ടവൻ നോക്കുന്നത് കണ്ടപ്പോൾ അവളും ഒന്ന് ചിരിച്ചു കൊടുത്തു..

മനോഹരമായൊരു ചിരി... അവന്റെ മുഖത്തും ഉണ്ട്..

"ഡാ... എന്ത് ധൈര്യതിലാ നീ ഈ മുറ്റത്തു വന്നത് "

സ്റ്റീഫൻ... ചാടി ഇറങ്ങി ചെല്ലുമ്പോൾ..രുദ്രൻ കൈ കെട്ടി നിന്ന് കൊണ്ട് അയാളെ നോക്കി..

"നിന്നോട് ഞാൻ പറഞ്ഞല്ലേ സ്റ്റീഫാ.. ഇനി അങ്ങോട്ട്‌ കളിക്കാൻ പോകുന്നത് ഈ ഞാൻ ആണെന്ന് "

രുദ്രൻ വിളിച്ചു പറയുമ്പോൾ... ജെറിന്റെയും സ്റ്റീഫാന്റെയും ഭാവം കണ്ടു അഞ്ജലി ചിരി അമർത്തി..

"ഇവളെ കൂട്ടി കൊണ്ട് പോയിട്ടാണ് ഈ കളിയിൽ നീ ജയിക്കാൻ കാത്തിരിക്കുന്നത് എങ്കിൽ...അത് നിന്റെ ആഗ്രഹം മാത്രം ആണ് മോനെ രുദ്ര.. കൊല്ലേണ്ടി വന്ന പോലും ഇവളെ നിനക്കൊപ്പം വിടില്ല "

ജെറിൻ പുച്ഛത്തോടെ അത് പറയുമ്പോൾ... രുദ്രൻ ചിരിച്ചു കൊണ്ട് തലയാട്ടി..

അതൂടെ ആയപ്പോൾ അവരുടെ പിടി വിട്ട് പോയിരുന്നു..

"ഇങ്ങോട്ട് വാടി നാശം പിടിച്ചവളെ "

ജെറിൻ അഞ്ജലിയെ പിടിക്കാൻ കൈ നീട്ടി കൊണ്ട് മുന്നോട്ടു ആഞ്ഞു..

പക്ഷെ... അവനെ ഒരൊറ്റ തള്ള് വെച്ച് കൊടുത്തു കൊണ്ട് രുദ്രൻ അഞ്ജലിയെ ചേർത്ത് പിടിച്ചു..

"ഞാൻ ഇവളെ കൊണ്ട് പോവാൻ തന്നെ വന്നതാണ് ജെറിനെ.. അത് തടയാൻ നീയല്ല.. നിന്റെ അപ്പൻ വിചാരിച്ചാലും നടക്കില്ല... ഇനി ഇവൾ എനിക്ക് ഒപ്പം ജീവിക്കും.. പതിനെട്ടു വയസ്സ് പൂർത്തിയായില്ലേ ഇവൾക്ക്... ഇനി തീരുമാനം എടുക്കാൻ നിന്റെ ഒന്നും ആവിശ്യമില്ലെടോ...

യാതൊരു ഭാവമാറ്റവുമില്ല... രുദ്രന് അത് പറയുമ്പോൾ..

അവരുടെ മുന്നിൽ ജയിക്കാനാണ് അവനാ പറയുന്നത് എന്ന് നല്ലത് പോലെ അറിയാമായിരുന്നിട്ടും... അത് വരെയും സഹിച്ച വേദനിപ്പിക്കുന്ന മുറിവുകൾക്ക് മീതെ മരുന്ന് തൂവിയത് പോലൊരു ആശ്വാസം... ആ വാക്കുകൾ...അവൾക്ക് നൽകി.

"ഇവൾ എന്നെ സ്നേഹിക്കുന്നു എന്നതല്ലേ നിങ്ങൾ ഇവളിൽ കണ്ട ഏറ്റവും വലിയ തെറ്റ്... അതിനേക്കാൾ ആയിരം ഇരട്ടി ഗൗരവമെറിയ തെറ്റ് ചെയ്ത... ഇപ്പോഴും ചെയ്യുന്ന.. നിനക്കും നിന്റെ അപ്പനും എന്ത് യോഗ്യതയുണ്ട് ജെറിനെ... ഇവളെ ചോദ്യം ചെയ്യാൻ "

രുദ്രൻ ചോദിച്ചു...

ജെറിൻ പല്ല് കടിച്ചു പിടിച്ചു കൊണ്ടവനെ നോക്കി..

"നീ ഇപ്പൊ എന്റെ കുടുംബത്തിൽ കയറിയാണ് രുദ്ര കളിക്കുന്നത്.. അത് ഓർമ വേണം... നിനക്കത് ഒരിക്കലും നല്ലതല്ല... പറഞ്ഞേക്കാം "

സ്റ്റീഫൻ ഭീക്ഷണി പോലെ പറഞ്ഞത് രുദ്രൻ പുച്ഛിച്ചു തള്ളി..

"നീ എന്റെ കുടുംബത്തിൽ കയറി കളിച്ചതിനുള്ള മറുമരുന്നാണ് സ്റ്റീഫാ ഇത്.. എന്നെ ഇവൾ സ്നേഹിച്ചത് അറിഞ്ഞു വിളറി പിടിച്ചു നടക്കുന്ന നീ ഇനി... ഇവൾ എന്റെ കൂടെ ജീവിക്കുന്നത് കണ്ടു അതിനേക്കാൾ ഭ്രാന്ത് പിടിച്ചു നടക്ക് "

അവൻ അഞ്ജലിയെ ഒന്നൂടെ ചേർത്ത് പിടിച്ചു..

"വിളിച്ചു കൊണ്ട് പോവാൻ എനിക്കും... ഇറങ്ങി വരാൻ ഇവൾക്കും യാതൊരു പേടിയും ഇല്ലെന്ന് ഇപ്പൊ മനസ്സിലായില്ലേ... ഇനി നീ ഇവിടെ ഇരുന്നിട്ട് ബാക്കി കളിക്കാൻ പ്ലാൻ ചെയ്യ്.. പക്ഷെ സൂക്ഷിച്ചു വേണം.. നിന്റെ പ്ലാൻ.. നിനക്കും നിന്റെ മോനും തന്നെ തിരിച്ചടി കിട്ടാൻ കാരണമാവരുത്.. ഇതൊന്നും ഒന്നിന്റെയും അവസാനം അല്ല... ഞാൻ തുടങ്ങി വെച്ചിട്ടേ ഒള്ളു...

അവൻ ഒന്നൂടെ ഓർമ്മിപ്പിച്ചു..

വാ... പോവാം.. അഞ്ജലിയുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ തിരിഞ്ഞു നടന്നു..

അവനൊപ്പം നടക്കുമ്പോൾ അഞ്ജലി ഒന്ന് വെറുതെ തിരിഞ്ഞു നോക്കി..

വാതിലിന് മറവിൽ നിന്നും റീത്ത കൈ വീശി കാണുന്നുണ്ട്... അവൾക്ക് അത് കണ്ടപ്പോൾ മാത്രം നല്ല സങ്കടം തോന്നി..

ഗേറ്റിൽ എത്തിയപ്പോൾ രുദ്രൻ കൈ വിട്ടു..

അഞ്ജലി ഒരിക്കൽ കൂടി വീടിന്റെ നേരെ നോക്കി..

ജെറിൻ തിരിഞ്ഞു നിന്നിട്ട് കൈ കൊണ്ട് ചുവരിൽ ആഞ്ഞു ഇടിച്ചു കൊണ്ട് ദേഷ്യം തീർക്കുന്നുണ്ട്..

"കാഴ്ച കണ്ടു കഴിഞ്ഞെങ്കിൽ ഇങ്ങോട്ട് കയറി ഇരിക്കെടി.. യൂദാസെ 

ഹെൽമെറ്റ്‌ വെച്ച്... ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് രുദ്രൻ ഉറക്കെ പറയുമ്പോൾ... അഞ്ജലി വേഗം പോയി അവന് പിറകെ കയറി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story