രൗദ്രം ❤️: ഭാഗം 31

raudram

രചന: ജിഫ്‌ന നിസാർ

മുത്തശ്ശി അതികം സംസാരിക്കാൻ ശ്രമിക്കുന്നില്ല എങ്കിലും... ശിവയുടെയും അഞ്ജലിയുടെയും ശിവയുടെയും സംസാരത്തിന് കാത്തോർക്കുന്നുണ്ട്..

അവരോരുമിച്ചു കൊണ്ട് ഭക്ഷണം കഴിക്കുന്നതിനിടെ തന്നെയാണ് രുദ്രന്റെ വണ്ടിയുടെ ഹോൺ വീണ്ടും കേൾക്കാൻ ആയത്..

മൂന്നു പേരും ഒരുപോലെ വാതിലിലേക്ക് നോക്കി..

പോയിട്ട് അര മണിക്കൂർ ആയിട്ടില്ല..

എന്തിനാവോ പിന്നെയും..
എന്തെങ്കിലും പ്രശ്നം ഉണ്ടോ..

മൂന്നു പേരുടെയും നെറ്റി ചുളിഞ്ഞു...

"ഏട്ടൻ ആണല്ലോ... "

ശിവയാണ് ആദ്യം എണീറ്റത്..

അപ്പോഴേക്കും രുദ്രൻ ഓടി കയറി അകത്തേക്ക് വന്നിരുന്നു...

അവന്റെ മുഖം വലിഞ്ഞു മുറുകി നിന്നിരുന്നു..

"എന്താടാ... നീ പോയത് പോലെ ഇങ്ങ് വന്നത് "

ലക്ഷ്മി അവന്റെ വണ്ടിയുടെ ശബ്ദം കേട്ടിട്ടാവും... അടുക്കളയിൽ നിന്നും വന്നിട്ട്... അവനോട് ചോദിച്ചു..

അവൻ തല ചെരിച്ചു കൊണ്ട് ഒന്ന് അഞ്ജലിയെ നോക്കി..

"IG കൂടി ഉണ്ടായിരുന്നു വിളിക്കാൻ.. അതിപ്പോ പൂർത്തിയായി.. പരാതി.. ഇവളുടെ അപ്പന്റെ വക.. മോളെ ഞാൻ തട്ടി കൊണ്ട് പോയെന്ന്... അങ്ങോട്ട്‌ ചെല്ലാൻ... IG യുടെ ഓഫീസിൽ..."

അഞ്ജലിയെ നോക്കി കൊണ്ട് രുദ്രൻ പറയുബോൾ അവൾ മുഖം കുനിച്ചു..

അതിനിപ്പോ എന്നെ നോക്കി പേടിപ്പിച്ചിട്ട് എന്താ കാര്യം.. അപ്പൻ പരാതി കൊടുത്ത അപ്പനെ പോയി പേടിപ്പിക്കേണ്ട "

തൊട്ടാരികിൽ നിന്നിരുന്ന ശിവയുടെ നേരെ നോക്കി പതിയെ അവളതു പറയുമ്പോൾ.. ശിവ ഒന്ന് കണ്ണുരുട്ടി..

"കുഴപ്പമാണോടാ മോനെ "
മുത്തശ്ശി ചോദിക്കുമ്പോൾ അവൻ വീണ്ടും അഞ്ജലിയെ തന്നെ നോക്കി..

"അതിന് നീ അവളെ നോക്കിയിട്ട് എന്താ രുദ്ര കാര്യം.. അവൾ ഇറങ്ങി പോയിട്ടും നീ അല്ലേ വിളിച്ചോണ്ട് വന്നത് "

ലക്ഷ്മി പറയുമ്പോൾ അവന്റെ നോട്ടം അമ്മയുടെ നേരെ നീണ്ടു..

ഓഹോ.. അതിപ്പോ അങ്ങനെ ആയല്ലേ.. ഇവളെ വിളിച്ചോണ്ട് വരാഞ്ഞിട്ട് അമ്മയ്ക്ക് യാതൊരു കുഴപ്പവുമുണ്ടായില്ല അല്ലേ.. എന്നോട് അതും പറഞ്ഞിട്ട് മെക്കിട്ട് കയറാൻ വന്നിട്ടില്ല.... അല്ലേ.. എനിക്ക് അറിയാമായിരുന്നു ഇതെന്റെ തലയിലേക്ക് ഉള്ളതാ എന്ന് "

രുദ്രൻ ലക്ഷ്മിയെ നോക്കി ചോദിക്കുമ്പോൾ അവരൊന്നും മിണ്ടിയില്ല..

"ഇനി അതും ഇതും പറഞ്ഞു നിക്കാതെ എന്താ പ്രശ്നം ന്ന് വെച്ച അത് പോയി തീർത്തിട്ട് വാ ചെക്കാ "

ലക്ഷ്മി അവന്റെ നേരെ നോക്കി പറഞ്ഞു..

രുദ്രൻ ഒന്ന് അമർത്തി മൂളി കൊണ്ട് അഞ്ജലിയെ നോക്കി..

നിനക്ക് പേടി ഉണ്ടോ.. "

ശിവ പതിയെ... അഞ്ജലിയെ തോണ്ടി കൊണ്ട് ചോദിച്ചു.

ഇല്ലെന്ന് അഞ്ജലി ചുമൽ പൊക്കി കാണിച്ചു..

ഇല്ലേ... ശിവ വീണ്ടും അത്ഭുതത്തോടെ ചോദിച്ചു..

ഇല്ലന്ന്.. അഞ്ജലി വീണ്ടും പറഞ്ഞു..

അതെന്താ ഇല്ലാതെ... ശിവ ചോദിക്കുമ്പോൾ.. അഞ്ജലിയുടെ മുഖം നിറയെ ഒരു കള്ളചിരിയോടെ രുദ്രനെ... നോക്കി കണ്ണ് കാണിച്ചു..

ശിവ ഒന്ന് തലയാട്ടി കൊണ്ടവളെ ചുഴിഞ്ഞു നോക്കി...

"ഇനി എന്തോ നോക്കി നിൽക്കുവാ.. ഇറങ്ങി നടക്ക്.. പോയി പറഞ്ഞിട്ട് പോരാം.. ഞാൻ തട്ടി കൊണ്ട് പോയി എന്നൊരു തെറ്റ് ചെയ്തിട്ടുണ്ട്.. അത് പക്ഷെ ഇന്നലെ അല്ലായിരുന്നു എന്ന്.."

രുദ്രൻ അഞ്ജലിയെ നോക്കി പറഞ്ഞു..

ലക്ഷ്മിയെ ഒന്ന് നോക്കി തലയാട്ടിയിട്ട് അവൾ രുദ്രനൊപ്പം ഇറങ്ങി നടന്നു..

പോവും വഴിയൊന്നും ഒരു നോട്ടം പോലും അവനിൽ നിന്നും പാറി വീഴുന്നില്ല എന്നവൾക്ക് തോന്നി.. ഒന്നും മിണ്ടാതെ അവനെതോ കണക്കുകൂട്ടലിൽ ആണെന്ന് തോന്നിയത് കൊണ്ട് തന്നെ... ആ വലിഞ്ഞു മുറുകിയ മുഖത്തു നോക്കി ഒന്നും ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു അപ്പോൾ അവൾക്കും..

IG യുടെ ഓഫീസിന് മുന്നിൽ കാർ നിർത്തി അഞ്ജലിയെ ഒന്ന് നോക്കി അവനിറങ്ങി...

മിഡിയകാരുടെ വലിയൊരു നിര തന്നെ രുദ്രൻ... കണ്ടിരുന്നു അവിടെ.
അത് കണ്ടപ്പോൾ അവന്റെ മുഖം ഒന്നൂടെ കടുത്തു..

അവനൊപ്പം അകത്തേക്ക് നടക്കുമ്പോൾ അഞ്ജലിക്ക് ചെറുതായി പേടി തോന്നുന്നുണ്ട്...

അവൾ ഇടയ്ക്കിടെ അവനെയും നോക്കുന്നുണ്ട്.

അതറിഞ്ഞിട്ടും കടുത്ത മുഖത്തോടെ നടക്കുന്ന അവനോട് എന്തെങ്കിലും പറയാനുള്ള ധൈര്യം അപ്പോഴും അവൾക് ഇല്ലായിരുന്നു..

അകത്തു ചെല്ലുമ്പോൾ തന്നെ കണ്ടിരുന്നു.. വിജയീഭാവത്തിൽ സ്റ്റീഫനും ജെറിനും ഇരിക്കുന്നത്..

രുദ്രൻ പുച്ഛത്തോടെ ഒന്നവരെ നോക്കി ചിരിച്ചിട്ട് അഞ്ജലിയെ തല ചെരിച്ചു നോക്കി..

വാ.. അവർ കാണെ അവൾക്ക് നേരെ അവൻ കൈ നീട്ടി..

അഞ്‌ജലിയും ഞെട്ടി പോയിരുന്നു അവന്റെയാ മാറ്റത്തിൽ..

പക്ഷെ..സ്റ്റീഫാന്റെയും ജെറിന്റെയും മുഖത്തു കാണുന്ന ദേഷ്യം കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി... അതെന്ത് കൊണ്ടാണ് രുദ്രൻ അങ്ങനെ ചെയ്തത് എന്ന്...

അവരെ ഒന്ന് നോക്കിയിട്ട് തന്നെയാണ് അവളാ കയ്യിൽ പിടിച്ചത്...

ശബ്ദം നിറഞ്ഞ അന്തരീക്ഷം പെട്ടന്ന് മൗനമായി.. രുദ്രൻ കയറി ചെല്ലുമ്പോൾ..

യാതൊരു പേടിയുമില്ലാതെ കയറി വരുന്നവനെ കാണെ IG ഒന്ന് സ്റ്റീഫനെ നോക്കി..

ഗുഡ്മോർണിംഗ്  ... രുദ്രൻ ചിരിച്ചു കൊണ്ട് പറയുമ്പോൾ ആയാളും ഒന്ന് ചിരിച്ചു..

ഇരിക്ക്...

രുദ്രന് നേരെ നോക്കി പറയുമ്പോൾ... IG പറയുമ്പോൾ അവൻ പരിഹാസത്തോടെ.. സ്റ്റീഫനെ നോക്കി...

എന്തൊക്കെയാണെടോ തന്നെ കുറിച്ച് കേൾക്കുന്നത്...

IGഗൗരവത്തിൽ ചോദിച്ചു...

താൻ ഈ ഇരിക്കുന്ന സ്റ്റീഫൻ ജോസഫിന്റെ മകളെ തട്ടി കൊണ്ട് പോയെന്ന് ഒരു റിട്ടൺ പരാതി കിട്ടിയിട്ടുണ്ട്..

"എന്നെയാരും തട്ടി കൊണ്ടു പോയിട്ടൊന്നും ഇല്ല സർ "

അഞ്ജലി പെട്ടന്ന് പറയുമ്പോൾ ജെറിൻ ചാടി എഴുന്നേറ്റു..

"നീ മിണ്ടരുത്... എല്ലാം ചെയ്തു വെച്ചിട്ട് "

ജെറിൻ അവൾക്ക് നേരെ കൈ ചൂണ്ടി ചീറി...

"ഞാൻ മിണ്ടാതെ നിന്നത് കൊണ്ടു ഒന്നും ആയില്ല ചേട്ടായി.. എന്റെ ജീവിതം നിങ്ങളെല്ലാം കൂടി അമ്മാനമാടി കളിക്കുമ്പോൾ പിന്നെ ഞാൻ എങ്ങനെ മിണ്ടാതെ നിൽക്കും..."

അഞ്‌ജലിയും ദേഷ്യത്തോടെ അവന് നേരെ നോക്കി പറഞ്ഞു..

"ഒന്നും തുടങ്ങി വെച്ചത് ഞാൻ അല്ലല്ലോ.. നിങ്ങളല്ലേ..."

വീണ്ടും അവൾ സ്റ്റീഫന് നേരെ നോക്കി..

രുദ്രൻ ഇതെല്ലാം നോക്കി... ചെറിയൊരു ചിരിയോടെയാണ് ഇരിക്കുന്നത്..

"എന്നെ ആരും തട്ടി കൊണ്ടു വന്നതൊന്നും അല്ല സർ ..സ്വന്തം വീട്ടിൽ എന്റെ ജീവനും മാനത്തിനും സംരക്ഷണം കിട്ടില്ലെന്ന്‌ ഉറപ്പായപ്പോൾ ഞാൻ സ്വയം ഇറങ്ങി വന്നതാണ്.. അതിനെതിരെ എന്ത് ആക്ഷൻ ഉണ്ടേലും അതെല്ലാം എന്റെ പേരിൽ മാത്രം.. മതി. രുദ്രേട്ടനെ ഒന്നിലേക്കും വലിചിഴക്കരുത് "

അഞ്ജലി യാതൊരു പേടിയും ഇല്ലായിരുന്നു അത് പറയുമ്പോൾ.. രുദ്രൻ തല ചെരിച്ചിട്ട് സ്റ്റീഫനെയും ജെറിനെയും നോക്കി..

"ഡീ.. സൂക്ഷിച്ചു സംസാരിക്കാൻ ശ്രമിക്ക് നീ "

ജെറിൻ വിളിച്ചു പറയുമ്പോൾ... അഞ്ജലി അവന്റെ അരികിലേക്ക് ചെന്നു..

"എന്നെ സൂക്ഷിച്ചു നടക്കാൻ വേണ്ടിയിട്ട് തന്നെ ആണ് ചേട്ടായി ഞാൻ അവിടുന്ന് ഇറങ്ങി പോന്നത്.. അതിന് പിന്നിൽ നിങ്ങൾ കരുതുന്നതിനേക്കാൾ വ്യക്തമായൊരു കാരണം ഉണ്ട്.. ഇപ്പൊ ഞാൻ എത്രയൊക്കെ വിളിച്ചു പറഞ്ഞാലും അതൊന്നും നിങ്ങൾക്ക് അപ്പനും മോനും വിശ്വാസം ആവില്ല.. പക്ഷെ ഒരിക്കൽ നിങ്ങൾ അറിയും.. എല്ലാം "

അഞ്ജലി ശബ്ദം കുറച്ചു.. ദേഷ്യത്തോടെ പറയുമ്പോൾ... ജെറിൻ അവളെ ഒന്ന് തുറിച്ചു നോക്കി..

സൈലൻസ്.... IG ടേബിളിൽ ഉറക്കെ കൊട്ടി...

"തനിക്ക് അറിയാമല്ലോ ടോ..പരാതിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് ആക്ഷൻ എടുത്തേ പറ്റൂ.. സ്വയം ഇറങ്ങി പോയി എന്ന് ഈ കുട്ടി പറഞ്ഞാലും.. അതിന് വ്യക്തമായൊരു എവിടൻസ് ഇല്ലാതെ... ഐ മീൻ.. നിങ്ങൾ തമ്മിലുള്ള റിലേഷൻ പ്രൂവ് ചെയ്യാതെ.. "

IG രുദ്രനെ നോക്കി അത് പറയുമ്പോൾ... അത് തന്നെ ആയിരുന്നു അവന്റെ മനസ്സിലും..

"പറ രുദ്ര.. ഇനി എന്താ നിന്റെ തീരുമാനം.. കാര്യങ്ങളെ കുറിച്ചൊന്നും ഞാൻ നിനക്ക് പറഞ്ഞു തരേണ്ടല്ലോ... തനിക്കറിയാമല്ലോ...

IG ചോദിക്കുമ്പോൾ അവനൊന്നു തലയാട്ടി..

പുറത്ത് മിഡിയകാരെ കണ്ടിരുന്നു... അത് ജെറിൻ മനഃപൂർവം വിളിച്ചു കൂട്ടയതാണ് എന്ന് അപ്പോൾ തന്നെ മനസ്സിലായി..

അവന് വല്ലാത്ത ദേഷ്യം വരുന്നുണ്ട്..

ഇനി അവരുടെ ചോദ്യങ്ങൾക്ക് കൂടി ഉത്തരം കൊടുക്കേണ്ടിയും വരും...

അവൻ അതേ ദേഷ്യത്തോടെ തന്നെ അഞ്ജലിയെ നോക്കി..

അവരുടെ മുന്നിൽ വല്ല്യ ഡയലോഗ് ഒക്കെ പറഞ്ഞു പെണ്ണ് എങ്കിലും.. താൻ പറയുന്ന മറുപടി ഓർത്തിട്ട് അവൾക്ക് നല്ല പേടി ഉണ്ട്..

അവർക്കൊപ്പം തന്നെ തിരിച്ചു പോകേണ്ടി വരുമോ എന്നതാവും ആ പേടിയിൽ മുന്നിട്ട് നിൽക്കുന്നത്..

"പറഞ്ഞു വിടരുത് എന്നൊരു യാചന ഉണ്ട് അവളുടെ നോട്ടത്തിൽ എന്ന് രുദ്രന് തോന്നി..

പരസ്പരം കൊരുത്തു കളിക്കുന്ന കൈ വിരലുകളിൽ വിറയൽ പടർന്നു കയറിയിരുന്നു..

രുദ്രൻ ഒരു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചു..

ശേഷം.. സ്റ്റീഫനെയും ജെറിനെയും ഒന്ന് നോക്കി..

വിജയം മുന്നിൽ കണ്ടൊരു ചിരി ഉണ്ട് രണ്ടാൾക്കും ഇപ്പൊ..

രുദ്രൻ ചിരിച്ചു കൊണ്ടു തന്നെ എഴുന്നേറ്റു..

അഞ്ജലിയുടെ അരികിൽ പോയി നിന്നിട്ട് ഒന്ന് കൂടി സ്റ്റീഫാനെയും ജെറിനെയും നോക്കി..

തന്റെ നീക്കം എന്തെന്ന് അറിയാനുള്ള ആകാംഷ ആ കണ്ണിൽ പിടയുന്നത് അവൻ കണ്ടിരുന്നു..

ശേഷം അവന്റെ കണ്ണുകൾ അഞ്ജലിയുടെ നേരെ തിരിഞ്ഞു..

വല്ലാത്തൊരു വീർപ്പു മുട്ടൽ തന്നെ അവളിലും ഉണ്ട്..

ചെറിയൊരു ചിരിയോടെ അവൻ അവളുടെ തോളിൽ കയ്യിട്ട് ചേർത്ത് പിടിക്കുമ്പോൾ തള്ളിയ കണ്ണോടെ അഞ്ജലി അവനെയും ആ കയ്യിനെയും മാറി മാറി നോക്കി.

അവൻ ഒന്ന് കണ്ണടച്ച് കാണിച്ചു..

"ഞങ്ങൾ തമ്മിലുള്ള റിലേഷൻ അറിഞ്ഞ തീരുമല്ലോ ഈ കളി... അങ്ങനല്ലേ..

അവൻ ചിരിയോടെ തന്നെ... ചുറ്റും നോക്കി..

"എന്റെ പെണ്ണാണ്.. ഞാൻ സ്വന്തമാക്കാൻ കാത്തിരിക്കുന്ന എന്റെ പെണ്ണ് "

ഒന്നൂടെ അവളെ ചേർത്ത് പിടിച്ചു കൊണ്ടു അവനത് പറയുബോൾ അഞ്‌ജലിക്ക് ശ്വാസം വിലങ്ങി..

ഞെട്ടി തരിച്ചു പോയവൾ അവനെ മുഖം ഉയർത്തി നോക്കി..

അവനൊന്നു കണ്ണടച്ച് കാണിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു..

അവൾക്കറിയാം... ഇവിടെ നിന്നും ഊരി പോവുക എന്നോരൊറ്റ ഉദ്ദേശം മാത്രമാണ് അവന്റെ മനസ്സിൽ..

എല്ലാമറിഞ്ഞാലും എന്റെ പെണ്ണ് എന്ന് പറഞ്ഞു ചേർത്ത് പിടിക്കുമ്പോൾ... ആ മനസ്സിൽ അങ്ങനെ തന്നെ ആയിരിക്കണേ എന്ന് ആഗ്രഹിക്കുന്നു...

അതേ ചിരിയോടെ തന്നെ അവൻ ജെറിനെയും സ്റ്റീഫാനെയും നോക്കി..

വിളറി വെളുത്ത മുഖം.. പക്ഷെ ദേഷ്യം കാണുന്നുണ്ട്..

അവനങ്ങനെ ഒരു ഉത്തരം പറയുമെന്നവർ ഒരിക്കൽ പോലും കരുതിയിട്ടില്ല..

സ്റ്റീഫനോട് ചേരുന്നതിനെ ഒക്കെയും വെറുപ്പോടെ നോക്കുന്നവൻ അവളെയും അവിടെ ഉപേക്ഷിച്ചു മടങ്ങും എന്നുറപ്പിച്ചാണ് വന്നത്..

പക്ഷെ അവൻ തിരിഞ്ഞു കളിച്ചു...

ജെറിന്റെ കണ്ണിലെ പക... രുദ്രൻ പുച്ഛത്തോടെ അവനെ നോക്കി..

'അതങ്ങനെ വെറുതെ പറഞ്ഞത് കൊണ്ടായില്ലല്ലോ മക്കളെ... ഇവൾ നിന്റെ ആണെന്ന് വെറുതെ വിളിച്ചു പറഞ്ഞത് കൊണ്ടായില്ലല്ലോ.. എന്ന്.തെളിവ് കാണിക്ക് നീ.. ഇവളെ നീ സ്വന്തമാക്കിയ തെളിവ് കിട്ടും വരെയും.. നിനക്കിവൾ ആരും അല്ല "

നനഞ്ഞു പോയൊരു പടക്കം പോലെ.. ജെറിൻ അത് പറഞ്ഞത്.. ഒന്നെറിഞ്ഞു നോക്കുക എന്നാ ഉദ്ദേശത്തോടെ മാത്രം ആണ്..

IG വീണ്ടും രുദ്രനെ നോക്കി..

അഞ്‌ജലിയും..

"മാരേജ് രെജിസ്റ്റർ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്.. ഇന്നോ നാളെയോ അതിനൊരു തീരുമാനം ആവും.."

തെല്ലും ഭാവമാറ്റം ഇല്ലാതെ രുദ്രൻ അത് പറയുമ്പോൾ... സ്റ്റീഫനും ജെറിനും ഒന്ന് തമ്മിൽ തമ്മിൽ നോക്കി..

"നീ അല്ലേടാ ഇവളെ ഇഷ്ടം അല്ലെന്നും നിങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞത്..'

സ്റ്റീഫൻ അവന്റെ അരികിൽ വന്നിട്ട് പല്ല് കടിച്ചു..

'അത് അന്നല്ലേ.. ഇപ്പോ എനിക്ക് നിന്റെ മകളോട് വല്ല്യ പ്രേമം ആണ് സ്റ്റീഫാ "

രുദ്രൻ ചിരിച്ചു കൊണ്ടു ഉത്തരം കൊടുത്തു...

"ഇവളെ വെച്ച് എന്നോട് ജയിക്കാൻ അല്ലേടാ.. നിന്റെ ഉദ്ദേശം "

സ്റ്റീഫൻ വീണ്ടും ചോദിച്ചു..

"ആണെങ്കിൽ.."

രുദ്രൻ പുരികം ഉയർത്തി കൊണ്ടു ചോദിച്ചു..

"ഇവനെ നീ വിശ്വസിക്കണ്ട അഞ്ജലി.. ഇവന്റെ ആവിശ്യം കഴിഞ്ഞാൽ നിന്നേ പുല്ല് പോലെ വലിച്ചെറിഞ്ഞു കളയും.. സ്വന്തം നോട്ടത്തിനാ ഇപ്പൊ ഇവൻ നിന്നേ കള്ളപ്രേമം പറഞ്ഞു കൂട്ടി കൊണ്ടു പോകുന്നത് "

രുദ്രന്റെ അരികിൽ നിൽക്കുന്ന അഞ്ജലിയെ നോക്കി സ്റ്റീഫൻ പറഞ്ഞു..

"നിങ്ങളുടെ ഉദ്ദേശവും അത് തന്നെ അല്ലേ അപ്പാ.."

അവൾ തിരിച്ചു ചോദിക്കുമ്പോൾ... സ്റ്റീഫൻ അവൾക്ക് നേരെ കൈ ഉയർത്തി..

പക്ഷെ രുദ്രൻ അത് തടഞ്ഞു..

"ഇനി.. ഇവളെ നിങ്ങൾ തൊടില്ല "

അവന്റെ കൈ പിടിയിൽ സ്റ്റീഫന്റെ കൈ ഞെരിഞ്ഞു..

അഞ്‌ജലിക്ക് അവനെ ഒന്ന് ഇറുക്കെ കെട്ടിപ്പിടിക്കാൻ തോന്നി..

"ഇപ്പൊ എല്ലാ സംശയങ്ങളും തീർന്നില്ലേ.."

അവൻ ചുറ്റും നോക്കി കൊണ്ടു ചോദിച്ചു..

ഇനി പൊയ്ക്കോട്ടേ "

രുദ്രൻ IG യെ നോക്കി ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു..

"അപ്പൊ ഇനി ഞാൻ എന്റെ പെണ്ണിനേയും കൊണ്ടു പോകുന്നു.. കല്യാണത്തിന് തീർച്ചയായും വിളിക്കും.. വരണേ..."

സ്റ്റീഫനും ജെറിനും അരികിൽ ചെന്ന് നിന്നിട്ട് പതിയെ പറഞ്ഞിട്ട്...
അവൻ മനോഹരമായി ചിരിച്ചു കൊണ്ടു തിരിഞ്ഞു നടന്നു..

വാതിൽ കടന്നിറങ്ങിയപ്പോൾ തന്നെ മിഡിയകാർ അവനെ പൊതിഞ്ഞു..

"എല്ലാം.. അറിയിക്കും... സമയം ആവട്ടെ "
എന്ന് മാത്രം പറഞ്ഞു കൊണ്ടവൻ അവർക്കിടയിൽ കൂടി അഞ്ജലിയെ ചേർത്ത് പിടിച്ചു തന്നെ നടന്നു..

കല്യാണം ഉടനെ ഉണ്ടാവുമോ സർ.. എന്നൊക്കെ അവർ പിറകെ വന്നു കൊണ്ട് ചോദിക്കുന്നുണ്ട്..

പക്ഷെ ഒരക്ഷരം മിണ്ടാതെ... അഞ്ജലിയെ ഒതുക്കി പിടിച്ചു ആ ആൾക്കൂട്ടത്തിൽ നിന്നും അവനിറങ്ങി നടന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story