രൗദ്രം ❤️: ഭാഗം 40

raudram

രചന: ജിഫ്‌ന നിസാർ

കത്തുന്ന കണ്ണോടെ തനിക്കു നേരെ നോക്കുന്ന അപ്പനെ കണ്ടിട്ടും ജെറിന് വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല..

പക്ഷെ സ്റ്റെപ്പിറങ്ങി അവനൊപ്പം വരുന്നവൾക് സ്റ്റീഫന്റെ കണ്ണുകളിൽ നോക്കുമ്പോൾ പ്രാണഭയം തന്നെ ഉണ്ടായിരുന്നു..

കയറി പോകുമ്പോൾ ഇയാൾ ഇവിടെ ഇല്ലായിരുന്നു..
പിന്നെ എപ്പോൾ വന്നു ഹാജർ ആയോ ആവോ..അവളോർത്തു..

പേടിക്കണ്ട.. നീ വിട്ടോ "

തനിക്കു പിന്നിൽ മറഞ്ഞു നിൽക്കുന്നവളോട് അവൻ പറഞ്ഞു..

" ഇത് വീടിനുള്ളിലും തുടങ്ങിയോടാ നീ... അങ്ങേയറ്റം ദേഷ്യത്തോടെ അയാൾ മുരണ്ടു...

"അപ്പനിതിൽ ഇടപെടണ്ട "

ജെറിനും മറ്റെങ്ങോ നോക്കി പറഞ്ഞു..

"വേണ്ടടാ.. അല്ലേൽ തന്നെ ചെകുത്താൻ കുരിശ് കണ്ട കൂട്ട് വിളറി പിടിച്ചു ഓടി നടക്കുവാ ഞാൻ.. നിനക്കിനിയും ഇതൊന്നും മതിയാക്കാൻ ആയിട്ടില്ല അല്ല്യോ.. കുടുംബത്തോടെ മുടിപ്പിക്കുമെന്ന് പറഞ്ഞൊരുത്തൻ ചുറ്റും പാറി നടപ്പുണ്ട്.. എന്റേം നിന്റെം ചുറ്റും വല ഒരുക്കി.. കൃത്യമായി അതിനകത്തു പോയി ചാടി കൊടുത്തിട്ട്.. പിന്നെ നിലവിളിച്ചോണ്ട് നടന്നിട്ട് യാതൊരു കാര്യവുമില്ല "

സ്റ്റീഫന് അവനെ രണ്ടു കൊടുക്കണം എന്നുണ്ടായിരുന്നു..
പക്ഷെ അതിനുള്ള ധൈര്യം പോരാ..

അവനോടത് ചോദിക്കാനുള്ള അർഹതയില്ല എന്നത് തന്നെയാണ് ആ ധൈര്യമില്ലായ്മക്ക് കാരണം..

ജെറിന് ഇങ്ങോട്ട് ആരോപിക്കാൻ തനിക്കും ഒരുപാട് പോരായ്മകൾ ഉണ്ടെന്ന് ഓർക്കുമ്പോൾ... ഉള്ളിലെ രോഷം ആറി തണുത്തുറഞ്ഞു പോകും..

"അവനൊന്നും ചെയ്യാൻ ആവില്ല.. വെറുതെ ഡയലോഗടിക്കാൻ മാത്രം അറിയത്തൊള്ളൂ.. അപ്പൻ ഒന്ന് ചുമ്മാ ഇരി.. ഇനിയിപ്പോ അവനെ പേടിച്ചു ജീവിക്കാൻ ഒക്കുവോ.. ഇതൊക്കെ ഒരു എൻജോയ് അല്ലേ അപ്പാ "

അയാളെ നോക്കുന്നില്ല എങ്കിലും.. ജെറിന് യാതൊരു കൂസലും ഇല്ലെന്ന് സ്റ്റീഫന് തിരിച്ചറിയാൻ കഴിഞ്ഞു..

വീണ്ടും അയാളുടെ പല്ലുകൾ ഞെരിഞ്ഞു..

"ഇതാണോടാ നിന്റെ എൻജോയ്.."

അയാൾ വീണ്ടും അവനു പിന്നിൽ നിൽക്കുന്നവൾക്ക് നേരെ കൂർപ്പിച്ചു നോക്കി..

"എന്ത് കാണാൻ നിക്കുവാ നീ ഇനിയും.. ഇറങ്ങി പോവാൻ പറഞ്ഞത് നീ കേട്ടില്ലേ "

ജെറിൻ വീണ്ടും ഒച്ചയിടുമ്പോൾ അത് അവൻ തന്നോട് കൂടിയാണോ എന്ന് സ്റ്റീഫന് തോന്നി..

ആ പെൺകുട്ടി പേടിച്ചു കൊണ്ട് ജീവനും കൊണ്ടോടി പോയി..

'ദേ ജെറിനെ... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. ഇതിവിടെ നടക്കത്തില്ല.. "

സ്റ്റീഫൻ വീണ്ടും പറയുമ്പോൾ ജെറിന് പുച്ഛമായിരുന്നു..

"അപ്പന് വേറെ എന്തേലും പറയാനുണ്ടോ "

അവൻ വല്ല്യ താല്പര്യമില്ല എന്നത് പോലെ പറഞ്ഞു..

"ഇനി നിന്നോടൊക്കെ ഞാൻ എന്നാ പറയാനാ.. ഇനി ഉള്ളതൊക്കെ ആ മറ്റവൻ നല്ല വൃത്തിയായി ചെയ്‌തോളും.. അന്ന് നീ പഠിക്കും "

സ്റ്റീഫൻ നിരാശയിൽ പറഞ്ഞു കൊണ്ട് സോഫയിൽ ഇരുന്നു..

"അതാണ്‌ അപ്പന്റെ പേടി എങ്കിൽ... അത് വേണ്ട..ജെറിൻ തോമസ് വെറുംവാക്ക് പറയത്തില്ല എന്ന് അപ്പന് അറിയാമല്ലോ.. എത്ര പറഞ്ഞിട്ടും.. ഭീഷണി പെടുത്തിയിട്ടും ഒതുങ്ങാത്തവരെ നമ്മൾ എന്നതാ ചെയ്യുന്നേ.. സാധാരണ "

ക്രൂരത നിറഞ്ഞ ഒരു ചിരിയിൽ ജെറിൻ ചോദിക്കുമ്പോൾ.. സ്റ്റീഫൻ അവനെ പകച്ചു നോക്കി..

'ഡാ.. ജെറിനെ... വെറുതെ ആവിശ്യമില്ലാത്ത പ്രശ്നം കൂടി എടുത്തു ചാടി ചെയ്തു തലയിൽ എടുത്തു വെക്കരുത്.. ഇപ്പോൾ തന്നെ ആവിശ്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.. ഇനി കൂടുതൽ അത് മുറുക്കി വെറുതെ മരണം ചോദിച്ചു വാങ്ങരുത് നീ "

സ്റ്റീഫന് നല്ല പേടി ഉണ്ടായിരുന്നു..

"ഒന്ന് ചുമ്മാതിരി അപ്പാ.. അങ്ങനിപ്പോ അവൻ മാത്രം മിടുക്കൻ ആയ പോരല്ലോ.. അച്ഛന്റെ മരണം തെളിയിക്കാൻ നടക്കുന്നവന് ജെറിന്റെ വക ഒരു കുഞ്ഞു ഗിഫ്റ്റ് അണിയറയിൽ റെഡിയാണ്..."

ജെറിൻ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് കയറി പോയി..

                         ❣️❣️❣️

രുദ്രേട്ടൻ ആ വഴിയല്ലേ പോവുന്നത്.. ഒന്നവിടെ ഡ്രോപ്പ് ചെയ്ത എന്താ.. മാനം ഇടിഞ്ഞു വീഴുമോ "

ബെഡിൽ ഇരുന്നു പറയുന്നവളെ രുദ്രൻ നോക്കിയതേ ഇല്ല..

അവൻ പോവാനുള്ള ഒരുക്കങ്ങൾ തുടങ്ങി..

അഞ്‌ജലിയും ശിവയും അന്ന് കോളേജിൽ പോയി തുടങ്ങാനുള്ള പ്ലാൻ ആണ്..

അവൾക്ക് അവനൊപ്പം അവിടെ ചെന്നിറങ്ങി ഇത്തിരി ജാഡ കാണിക്കണം എന്നുള്ള മോഹം.. അത് രുദ്രൻ മുളയിലേ നുള്ളി.. അതിന്റെ എണ്ണി പൊറുക്കലാണ് അവിടെ നടക്കുന്നത്..

കുറെ നേരം സോപ്പിട്ടു പറഞ്ഞു നോക്കി.. പിന്നെ ഇത്തിരി കലിപ്പിട്ടു.. കെഞ്ചി നോക്കി..

എവിടുന്ന്... അവൻ ഇത്തിരി പോലും അയഞ്ഞില്ല..

"ഒന്ന് വല്ലതും മൊഴിയുന്നുണ്ടോ.. എനിക്കും റെഡിയാവാൻ ഉള്ളതാ.."

അഞ്ജലി വീണ്ടും വിളിച്ചു ചോദിച്ചു..

'അതിനുള്ള ഉത്തരം അല്ലേടി യൂദാസെ നീ ആദ്യത്തെ പ്രാവശ്യം ചോദിച്ചപ്പോൾ തന്നെ ഞാൻ നല്ല വൃത്തിയായി പറഞ്ഞു തന്നത്.. നീ അത് കേട്ടില്ലേ.. "

രുദ്രൻ തല ചെരിച്ചു നോക്കി കൊണ്ട് പറയുമ്പോൾ.. അവളുടെ മുഖം വീർത്തു..

"യാതൊരു മാറ്റവുമില്ല.. അല്ലേ "

അവൾ ഒന്നൂടെ ചോദിക്കുമ്പോൾ അവൻ ഇല്ലെന്ന് തലയാട്ടി കാണിച്ചു..

അഞ്ജലി നിരാശയിൽ ബെഡിൽ നിന്നും ഇറങ്ങി..

"ഡീ... യൂദാസെ...ഒരു പത്തു മിനിറ്റ് തരാം... പെട്ടന്ന് റെഡിയായി വന്ന ഞാൻ കൊണ്ട് പോവാം "

അവൾ വാതിൽ കടന്നിറങ്ങും മുന്നേ രുദ്രൻ കുസൃതിയോടെ വിളിച്ചു പറഞ്ഞു..

"ഇത് തന്നെ അല്ലെടോ പേടി തൊണ്ടൻ പോലീസേ ഞാൻ ഇത്രേം നേരം ഇവിടെ ഇരുന്നു തൊണ്ട പൊട്ടി... യാതൊരു നാണവും ഇല്ലാതെ ചോദിച്ചു കൊണ്ടിരുന്നത്.. അന്നേരം ഈ വായ നിറച്ചും പഴം വല്ലതും ഉണ്ടായിരുന്നോ.. മറുപടി പറയാൻ പറ്റാത്ത വിധം.."

അഞ്ജലി മുന്നിൽ വന്നു നിന്ന് ചോദിക്കുമ്പോൾ.. രുദ്രൻ ഒന്ന് കണ്ണുരുട്ടി..
"ശിവയോട് പറഞ്ഞിട്ട് വരാവേ..."
ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട്... അഞ്ജലി മുറി വിട്ട് ഓടുമ്പോൾ രുദ്രൻ ചിരിച്ചു കൊണ്ട് തലയാട്ടി..

സെക്കന്റ് കൊണ്ട് തിരിച്ചു കയറി വന്നവൾ വാതിൽ അടച്ചു..ഇട്ടിരുന്ന ടോപ് വലിച്ചു പൊക്കി..

ഡീ.... രുദ്രൻ ഉറക്കെ വിളിക്കുമ്പോൾ ആയിരുന്നു അഞ്‌ജലിക്ക് ബോധം വന്നത്..

ആവേശത്തിൽ റെഡിയാവാൻ നിൽക്കുമ്പോൾ... അവനവിടെ ഉണ്ടെന്ന് മറന്നു പോയി...

അയ്യോ..

മുഖം പൊതിഞ്ഞു കൊണ്ട് അഞ്ജലി തിരിഞ്ഞ് നിന്നു..

നിനക്കെന്താടി തീരെ വെളിവില്ലേ "

അവൻ മുന്നിൽ വന്നു നിന്നു ചോദിക്കുമ്പോഴും... അഞ്ജലി അവനെ നോക്കിയില്ല..

പുറത്ത് ഉണ്ട്.. വേഗം റെഡിയായി വാ.. താൻ പോവാതെ അവൾ ആ കൈ മാറ്റില്ലെന്ന് തോന്നിയപ്പോൾ.. രുദ്രൻ വാതിൽ തുറന്നിറങ്ങി പോയി..

അവൻ പോയതും അഞ്ജലി വേഗം വാതിൽ ലോക്ക് ചെയ്ത് കൊണ്ട് ഒന്ന് ശ്വാസം വിട്ടു.

ശേ.. ഇനി എങ്ങനെ രുദ്രേട്ടനെ ഫേസ് ചെയ്യും..

അവൾക് വല്ലാത്ത നാണകേട് തോന്നി..

പത്തു മിനിറ്റ് കൊണ്ട് തന്നെ ഒരുങ്ങി ഇറങ്ങി... ശിവയുടെ മറവിൽ നടന്നു വരുന്നവൾക്ക് നേരെ നോക്കുമ്പോൾ അവനും ചിരി വരുന്നുണ്ട്..
ലക്ഷ്മിയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞു.കൊണ്ട് രണ്ടാളും കാറിന്റെ പിന്നിലാണ് കയറിയത്..

"നിനക്കെന്ത് പറ്റി... അല്ലേൽ ഒരു നേരവും നിന്റെ വായ അടച്ചു വെക്കാറില്ലല്ലോ "

പതിവില്ലാതെ അഞ്ജലിയുടെ മൗനം കണ്ടിട്ടാണ് ശിവ അങ്ങനെ ചോദിച്ചത്..

ആ നിമിഷം തന്നെ രുദ്രന്റെയും അഞ്ജലിയുടെയും കണ്ണുകൾ മുന്നിലെ ഗ്ലാസ്സിലേക്ക് നീണ്ടു..

അവന്റെ മുഖം നിറഞ്ഞ കള്ള ചിരിയിലേക്ക് നോക്കുമ്പോൾ... അഞ്ജലിയുടെ കണ്ണുകൾ പിടഞ്ഞു..

അവൾ വേഗം നോട്ടം മാറ്റി..

സുഖകരമായൊരു മൗനം... ഉള്ളിലൂടെ പാഞ്ഞു പോകുന്ന ഒരു കാരണമില്ലാത്ത സന്തോഷം...

അഞ്ജലി ഡോറിലേക്ക്... ചാഞ്ഞു കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു..

ഇനി ഇവനിൽ നിന്നൊരു മടങ്ങി പോക്ക് കഴിയാത്ത വിധം... മനസ്സിൽ വേരുറച്ചു പോയി..

മനോഹരമായൊരു ചിരിയോടെ പുറത്ത് നോക്കി ഇരിക്കുന്നവൾക്ക് നേരെ അവന്റെ കണ്ണുകൾ പിന്നെയും പിന്നെയും അനേകം തവണ പാറി വന്നു വീണിരുന്നു..

അവനും അവളും അറിയാതെ തന്നെ..

                     ❣️❣️❣️❣️

നനുത്തൊരു ചിരിയോടെ ക്‌ളാസിലേക്ക് കയറി വരുന്ന ജീവനെ കാണെ ശിവയുടെ കൈകൾ അശ്വതിയുടെ മേൽ മുറുകി..

കയറി വന്നവനും കണ്ണുകൾ കൊണ്ടവളെ തിരഞ്ഞു..

കണ്ണുകൾ ഇടഞ്ഞ നിമിഷം തന്നെ ശിവയുടെ മുഖം കുനിഞ്ഞു..

ജീവന്റെ ചുണ്ടിലും മനോഹരമായൊരു ചിരി ഉണ്ടായിരുന്നു..
ക്ലാസിൽ നിന്നും ചില അപശബ്ദങ്ങൾ കേട്ടു തുടങ്ങിയതോടെ ശിവയുടെ കണ്ണുകൾ വെപ്രാളത്തോടെ... ശാസനയോടെ ജീവനിൽ എത്തി നിന്നു..

അതിനുള്ളിലെ അർഥം മനസ്സിലായത് പോലെ... അവനൊന്ന് കണ്ണ് ചിമ്മി കാണിച്ചു..

പിന്നീട് ക്ലാസ് തീർന്ന് അവനിറങ്ങി പോകും വരെയും... ശിവയുടെ മുഖം ഉയർന്നതെ ഇല്ല.. ഡെസ്കിൽ കൊട്ടിയും... പതിവുപോലെ തമാശകൾ പറഞ്ഞും അവൻ വിളിക്കുന്നത് തന്നെയാണ് എന്നറിയാമായിരുന്നിട്ടും ശിവ അവനെ നോക്കിയില്ല..

പക്ഷെ... മനസ്സിൽ നിറഞ്ഞ സന്തോഷത്തോടെ അവന്റെ ഓരോ ഭാവങ്ങളും അവൾക്കറിയാൻ കഴിഞ്ഞിരുന്നു.. ആ ഇരിപ്പിലും.

                      ❣️❣️❣️❣️

ഇങ്ങനെയാണെങ്കിൽ പൊന്നു മോള് എക്സാമിന് കുറെ കഷ്ടപെടും കേട്ടോ.. "

തിരിച്ചു പോരും വഴി.. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ശിവയുടെ ചുവന്ന് നാണം നിറഞ്ഞ മുഖം കണ്ടു കൊണ്ടാണ് അഞ്ജലി അവളെ കളിയാക്കിയത്..

"ഓ.. ഞാനങ്ങ് സഹിക്കും.. എനിക്കെന്റെ സാറ് പഠിപ്പിച്ചു തന്നോളും "

ശിവ അവളെ മനോഹരമായി പുച്ഛിച്ചു വിട്ടു..

അഞ്ജലി ഒന്ന് അമർത്തി മൂളി കൊണ്ട് തലയാട്ടി..

"ഇന്നെന്താണ് അഞ്ചൂസേ എന്റെ ഏട്ടനൊരു കള്ളലക്ഷണം.. നീ എന്റെ ഏട്ടനെ കേറി പിടിച്ചോ ടി "

അഞ്ജലിയുടെ നേരെ നോക്കി ശിവ ചോദിച്ചു..

നിമിഷനേരം കൊണ്ട് അഞ്ജലി രാവിലെത്തെ കാര്യം ഓർത്തു പോയി..

"പറഞ്ഞോ.. ഞാൻ ആരോടും പറയൂല "

അവളുടെ മുഖത്തു തന്നെ നോക്കി ശിവ ഒന്നൂടെ പതിയെ ചോദിച്ചു..

"ഓ.. നിന്റെ റിങ് എക്സ്ചേഞ്ച് അല്ലേ കഴിഞ്ഞിട്ടുള്ളൂ.. മോള് കുഞ്ഞാ.. ഇതൊന്നും അറിയാൻ ആയിട്ടില്ല കേട്ടോ.. ആവുമ്പോൾ ഏട്ടത്തി പറഞ്ഞു തരാവോ "

ശിവയുടെ താടിയിൽ പിടിച്ചു കൊണ്ട് അഞ്ജലി അത് പറയുമ്പോൾ ശിവയുടെ ചുണ്ട് കൂർത്തു..

"അത് ശെരി.. ഇപ്പൊ അങ്ങനായോ.. ഏട്ടത്തിയാദ്യം എന്റെട്ടന്റെ ഹൃദയം പിടിച്ചെടുക്കാൻ ഉള്ള വഴി കണ്ടു പിടിക്ക് ട്ടാ.. എന്നിട്ട് പോരെ ഈ ഏട്ടത്തി കളിക്കല് "

അഞ്ജലി ചെയ്തത് പോലെ.. ശിവയും അവളുടെ താടി പിടിച്ചു കൊണ്ട് പറഞ്ഞു..

"അതിന് വേണ്ടി ഞാനിനി വല്ല തപസും ചെയ്യേണ്ടി വരുവോ ശിവാ "

അഞ്ജലി ശിവയെ നോക്കി ചിരിച്ചു..
"അതൊന്നും വേണ്ടി വരില്ലെന്റെ അഞ്ജുസേ.. ഏട്ടന് നിന്നോടുള്ള... സമീപനത്തിൽ നല്ല മാറ്റമുണ്ട്.. നിനക്കെങ്ങനെ തോന്നിയോ "

അഞ്ജലിയെ നോക്കി ശിവ ചോദിച്ചു...
"തോന്നിയിട്ടൊക്കെയുണ്ട്.. പക്ഷെ.. നിന്റെട്ടനെ പെട്ടന്നൊന്നും പ്രെഡിക്ട് ചെയ്യാൻ പറ്റൂല മോളെ..."

അഞ്ജലി അൽപ്പം നിരാശയിൽ തന്നെ പറഞ്ഞു..

പഠനം തീർന്നിട്ടവൻ തിരിച്ചിറങ്ങി പോവാൻ പറഞ്ഞത് അഞ്ജലി മനഃപൂർവം അവളോട് പറഞ്ഞില്ല... പറയാൻ അവൾക്ക് തോന്നിയില്ല എന്നതാണ് സത്യം.

എന്നെങ്കിലും രുദ്രേട്ടൻ തന്നെ സ്നേഹിച്ചു തുടങ്ങും എന്നവളും വിശ്വസിച്ചു.. കൊതിച്ചു..

"നിനക്കിതൊക്കെ പുതുമയുള്ള കാര്യങ്ങൾ അല്ലേ അഞ്ജു.. നീ ബസിനല്ലല്ലോ പോന്നിരുന്നത്..."

ബസ് കാത്ത് നിൽക്കുമ്പോൾ ശിവയല്പം സങ്കടത്തോടെയാണ് അഞ്ജലിയോടത് ചോദിച്ചത്..

"ഇങ്ങനൊക്കെയല്ലേ ശിവാ ഓരോന്നു പഠിക്കുന്നത്.. എനിക്കിഷ്ടമാണ്.. ബസിൽ പോകുന്നത്.. സൈഡ് സീറ്റിൽ നല്ല അടിപൊളി പൊളി പാട്ടൊക്കെ കേട്ട്.. ഐവ.. പൊളിക്കും.. അതിനുള്ള ഒരവസരമായി കണ്ടോളാം ഞാനിത് "

അഞ്ജലി കണ്ണിറുക്കി പറയുമ്പോൾ ശിവയവളെ നോക്കി ഒന്ന് തലയാട്ടി..

"കുട്ടിക്ക് ഇതിനെ കുറിച്ച് വല്ല്യ ധാരണയില്ലല്ലേ... അത് കൊണ്ട് തോന്നുന്ന പ്രശ്നങ്ങളാണ്.. സാരമില്ല.. സ്കൂൾ ടൈമിൽ ഒറ്റ പ്രാവശ്യം ബസിൽ യാത്ര ചെയ്ത തീരാവുന്ന പ്രശ്നമുള്ളു..ശെരിയായികൊള്ളും "

അഞ്ജലി ഒന്നും മിണ്ടാതെ ശിവയെ നോക്കി..

അതെന്താണ് അവളങ്ങനെ പറഞ്ഞത് എന്നൊരു ചോദ്യം ഉണ്ടായിരുന്നു അഞ്ജലിയുടെ നോട്ടത്തിൽ..

"നിനക്ക് ഡ്രൈവിംഗ് അറിയാലോ അഞ്ജു.. എട്ടനോട് നമ്മുക്കൊരു സ്കൂട്ടി വാങ്ങിച്ചു തരാൻ പറഞ്ഞാലോ "

ശിവ അഞ്ജലിയെ നോക്കി ചോദിച്ചു..

"നിന്റെ ഏട്ടനല്ലേ.. നീ ചോദിച്ചോ "
അഞ്ജലി വലിയൊരു താല്പര്യമില്ല എന്ന മട്ടിൽ ശിവയോട് പറഞ്ഞു..

"നടന്നത് തന്നെ.. ഞാൻ മുന്നേ കുറെ പ്രാവശ്യം പറഞ്ഞതാ.. ഏട്ടന് വല്ല്യ താല്പര്യമില്ലാത്ത പോലെ.. അമ്മയ്ക്കും മുത്തശ്ശിക്കും അതിനേക്കാൾ പേടി.. അച്ഛൻ ഉള്ളപ്പോൾ ഡ്രൈവിംഗ് ഒക്കെ പഠിച്ചെടുത്തു.. പക്ഷെ ഒരു വണ്ടി കിട്ടാനുള്ള യോഗമില്ല "

ശിവ അഞ്ജലിയെ നോക്കി പറഞ്ഞു..

"അങ്ങനെ ഉള്ള നിന്റയാ പേടിതൊണ്ടൻ ഏട്ടൻ... ഞാൻ പറയുമ്പോൾ പിന്നെങ്ങനെ വാങ്ങിച്ചു തരും..."

അഞ്ജലി ചുണ്ട് കോട്ടി..

"എന്റെട്ടൻ പേടിതൊണ്ടനൊന്നും അല്ല "
ശിവ കണ്ണുരുട്ടി..
എന്നോട് തന്നെ പറയണം "

അഞ്ജലി തിരിച്ചും..

"ഞാൻ എവിടേലും പോയി കുത്തി മറിഞ്ഞാലോ എന്ന് കരുതിയാ അഞ്ജു എനിക്ക് വണ്ടി വാങ്ങിച്ചു തരാത്തെ "

ശിവ വീണ്ടും പറഞ്ഞു..

"അപ്പൊ ഞാൻ എവിടേലും പോയി കുത്തി മറിഞ്ഞാലും നിനക്കും നിന്റേട്ടനും കുഴപ്പമില്ലന്ന്.. ല്ലേ "
അഞ്ജലി വീണ്ടും ശിവയെ നോക്കി..

"അങ്ങനല്ല അഞ്ജുസേ.. നിനക്ക് നന്നായി ഡ്രൈവിംഗ് അറിയാലോ.. നീ മുന്നേ തന്നെ സ്കൂട്ടിയിൽ അല്ലേ പോയികൊണ്ടിരുന്നേ.."

ശിവ ഒന്നൂടെ പറഞ്ഞു നോക്കി..

"എനിക്ക് വേണ്ടന്ന്.. ഞാൻ ബസ്സിൽ പൊയ്ക്കോളാം.. എനിക്കതാ ഇഷ്ടന്ന് പറഞ്ഞില്ലേ "

അഞ്ജലി ബസ് വരുന്നുണ്ടോ എന്ന് പാളി നോക്കി കൊണ്ട് പറഞ്ഞു..

"ഇന്ന് ബസ്സിറങ്ങി കഴിഞ്ഞും ഇത് തന്നെ പറയണം കേട്ടോ നീ "

ശിവ പുച്ഛത്തോടെ അവളെ നോക്കി..

രണ്ടാളും പിണങ്ങിയ പോലെ മുഖം വീർപ്പിച്ചു പിടിച്ചു നിന്നു..

പക്ഷെ ഇടയ്ക്കിടെയുള്ള ആ പിണക്കങ്ങൾക്ക് നീർ കുമിളയുടെ അത്രയും മാത്രം ആയുസ്സുള്ളൂ..

കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ... അത്യാവശ്യം നല്ല ഉറപ്പിൽ അവരിൽ ഒരു അടിത്തറ പണിത് അതിലൊരു സൗഹൃദം വളർന്നു വന്നിരുന്നു..

അരികിൽ വന്നൊരു കാർ വലിയ ശബ്ദത്തിൽ ബ്രേക്കിട്ട് നിൽക്കുമ്പോൾ... ശിവയും അഞ്‌ജലിയും മാത്രമല്ല.. ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന കുറച്ചു പേര് കൂടി ഞെട്ടി പോയിരുന്നു..

ചേട്ടായി... അഞ്ജലി പറയുന്നതിന് അനുസരിച്ച് ശിവയിൽ അവളുടെ പിടി മുറുകി...

ജെറിന്റെ ചുണ്ടിൽ പുച്ഛമാണ്.. ഒറ്റ നോട്ടത്തിൽ തന്നെ അഞ്‌ജലിക്കതു മനസ്സിലായി..

"നിങ്ങൾ സംസാരിക്ക് അഞ്ജു.. ഞാൻ അങ്ങോട്ട്‌ മാറി നിൽക്കാം "

അഞ്ജലി എന്തെങ്കിലും പറയും മുൻപ് തന്നെ ശിവ കുറച്ചു മാറി നിന്നിരുന്നു..

"കൊള്ളാം... നല്ല അടിപൊളി കാഴ്ചകൾ ആണല്ലോ കർത്താവെ നീ മുന്നിലേക്ക് ഇട്ടു തരുന്നത് "

ഡോർ തുറന്നിറങ്ങി വരുന്നതിനിടെ തന്നെ ജെറിൻ പറഞ്ഞു...

അഞ്ജലി ചുറ്റും ഒന്ന് നോക്കി.. അവൻ എന്തൊക്കെ വിളിച്ചു പറയും എന്നൊന്നും പറയാൻ പറ്റില്ല..

അതോർക്കുമ്പോൾ അവൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു..

"ഇതൊന്നും ഒന്നുമായില്ല പ്രിയപ്പെട്ട അനിയത്തി.. നീ ഇനിയും അനുഭവിക്കാൻ കിടക്കുന്നതേ ഒള്ളു...നീ തെണ്ടി തിരിഞ്ഞു നടക്കുന്നത് കൂടി ഞാൻ കാണും "

പക നുരയുന്ന കണ്ണുകളോടെ ജെറിൻ അഞ്ജലിയെ നോക്കി..

"ഇത്രേം മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടും ചേട്ടായി ഇനിയും പഠിച്ചില്ലല്ലോ... "

അവളും അവനെ നോക്കി..

"അവന്റെ ധൈര്യത്തിലല്ലേ നീ ഈ കിടന്നു തുള്ളുന്നത്...അതിനി വല്ല്യ ആയുസ്സൊന്നും ഉണ്ടാവില്ല ഡി "

ക്രൂരത നിറഞ്ഞ ചിരിയോടെ ജെറിൻ അവളെ നോക്കി..

അഞ്‌ജലിക്ക് അവന്റെയാ ഭാവത്തിൽ നല്ല പേടിയുണ്ട്.. പക്ഷെ അവളത് പുറമെ കാണിച്ചില്ല..

കുറച്ചു മാറി നിൽക്കുന്ന ശിവയെ കൂടി ഒന്ന് തുറിച്ചു നോക്കി ജെറിൻ തിരിഞ്ഞു നടന്നു..

അവന്റെ കാറ് കണ്മുന്നിൽ നിന്നും അകന്ന് പോകുന്നതും നോക്കി നിൽക്കുന്ന അഞ്ജലിയുടെ അരികിലേക്ക് തന്നെ ശിവ ചേർന്നു നിന്നു..

മങ്ങി പോയ അഞ്ജലിയുടെ മുഖത്തേക്ക് നോക്കുമ്പോൾ.... പിന്നെ ഒന്നും അവളോട് ചോദിക്കാൻ തോന്നിയില്ല ശിവക്ക്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story