രൗദ്രം ❤️: ഭാഗം 41

raudram

രചന: ജിഫ്‌ന നിസാർ

എത്ര വിളിച്ചിട്ടും രുദ്രനെ കിട്ടുന്നില്ല.
ഫോൺ ബെല്ലടിച്ചു നിൽക്കുന്നുമുണ്ട്.

അഞ്‌ജലിക്ക് ശ്വാസമെടുക്കാൻ ആവാത്തവിധം ഒരു വിങ്ങൽ അനുഭവപ്പെട്ടു.

അവൾക്കുള്ളിൽ ജെറിന്റെ പക നിറഞ്ഞ മുഖവും,ക്രൂരത നിറഞ്ഞ വാക്കുകളും നിറഞ്ഞു കൊണ്ടേയിരുന്നു.

രുദ്രൻ വരുന്ന സമയം വരെയും തുള്ളി വിറക്കുന്ന ഹൃദയത്തെ മറ്റുള്ളവരുടെ മുന്നിൽ നിന്നും കാണാതെ മറച്ചു പിടിച്ചു.

പുറത്ത് നല്ല മഴ ഉള്ളത് കൊണ്ട് സിറ്റൗട്ടിൽ ഇറങ്ങി അവനെ കാത്തിരിക്കാൻ,ലക്ഷ്മിയും മുത്തശ്ശിയും അഞ്‌ജലിക്ക് സമ്മതം കൊടുത്തില്ല.

"ആ തണുപ്പ് കൊണ്ട് പനി പിടിക്കാനോ.?അതൊന്നും വേണ്ട. അവനിങ്ങു വരും.. പോയിരുന്ന് വല്ലതും പഠിക്കാൻ നോക്ക് രണ്ടും. എക്സാം അല്ലേ വരുന്നത്?"

കണ്ണുരുട്ടി കൊണ്ട് ലക്ഷ്മി അത് പറയുമ്പോൾ, ശിവ അനുസരണയോടെ തലയാട്ടി.

അഞ്ജലി അവളെ ഒന്ന് തുറിച്ചു നോക്കി.

അകത്തു കയറി സാറിനെ വിളിച്ചു സംസാരിക്കാൻ ഒരു അവസരം കിട്ടിയ സന്തോഷമാണ് ആ മുഖം നിറയെ എന്ന് മനസ്സിലായി എന്ന മട്ടിൽ അഞ്ജലി നോക്കുമ്പോൾ, ശിവ പുച്ഛത്തോടെ അവളെ നോക്കി ചുണ്ട് കോട്ടി.

"ഞാൻ പോയി.. പഠിക്കട്ടെ ട്ടോ "

ശിവ അവളെ നോക്കി നിഷ്കളങ്കതയോടെ പറഞ്ഞു..

'ഞാൻ കൂടി വരാം ശിവ.. നമ്മുക്ക് ഒരുമിച്ചിരുന്ന് പഠിക്കാലോ?"
അഞ്ജലി ചോദിക്കുമ്പോൾ ശിവ അവളെ നോക്കി കണ്ണുരുട്ടി.

"ഏയ്. എനിക്കിഷ്ടമല്ല അത്.ഒരുവക മനസ്സിലാവില്ല.ചുമ്മാ കത്തിയടി മാത്രം നടക്കും..എനിക്കേ . നന്നായി ശ്രദ്ധിക്കണം.. എക്സാമല്ലേ വരുന്നത്.അത് കൊണ്ട് നീ നിന്റെ മുറിയിൽ പോയിരുന്നു പഠിച്ചോ ട്ടാ "

പിന്നെയും അവിടെ നിന്നാൽ അഞ്ജലി കൂടെ പോരുമോ എന്ന് പേടിയുള്ളത് പോലെ ഓടി പോകുന്ന ശിവയെ നോക്കി അഞ്ജലി ചിരി അമർത്തി..

"നീ ഇനി എന്ത് കാണാൻ നിക്കുവാ?"

ലക്ഷ്മി അഞ്ജലിയെ നോക്കി ചോദിച്ചു..

"ഞാൻ പോകുവല്ലേ.?"

അവൾ ചുണ്ട് കൂർപ്പിച്ച് മുറിയിലേക്ക് കയറി.

വാതിൽ ചാരി കിടക്കയിലിരുന്നു.

മനസ്സിൽ കൂടുതൽ അസ്വസ്ഥത പെരുകുന്നു.
രുദ്രന്റെ ചിരിയും സംസാരങ്ങളും ഹൃദയം മൊത്തം നിറയുന്നു.

രണ്ടു കൈ കൊണ്ട് തല തങ്ങി പിടിച്ചു ഇരിക്കുമ്പോൾ അവൾക്ക് കരച്ചിൽ വരുന്നുണ്ട്.

ആരോടാണ് ഈ സങ്കടമൊന്ന് പറയേണ്ടത് എന്നറിയാതെ അവൾക്കുള്ളം കൂടുതൽ കൂടുതൽ പിടഞ്ഞു..

പതിയെ കിടക്കിയിലേക്ക് കിടന്നു.
എപ്പഴോ ഉറങ്ങിപ്പോയിരുന്നു.
ഞെട്ടി എഴുന്നേറ്റ് ചുറ്റും പകച്ചു നോക്കി അഞ്ജലി.
അവളുടെ കണ്ണുകൾ ചുവരിലെ ക്ളോക്കിൽ പതിഞ്ഞു.
ഒരു മണി.!

വീണ്ടും അവൾക്കുള്ളിലേക്ക് പേടി അരിച്ചു കയറി.
കൈകാലുകൾ തണുത്തുമരവിച്ചു .

 ഫോണെടുത്തിട്ട് രുദ്രന്റെ നമ്പർ ഡയൽ ചെയ്യുമ്പോൾ ഹൃദയം പൂർവാധികം ശക്തിയോടെ മിടിച്ചു.
ഒടുവിൽ മറുവശം ആ ഫോണെടുത്തു എന്നറിഞ്ഞപ്പോൾ ഉള്ളൊന്ന് തണുത്തു 

"ഹലോ..."
മറുവശം കേട്ടത് അവന്റെ സ്വരമല്ലന്നുള്ള തിരിച്ചറിവ്,വീണ്ടും പേടി ഓടി വന്നു പൊതിഞ്ഞു.

"രുദ്രേട്ടൻ."

പേടി കൊണ്ടവൾക്ക് വാക്കുകൾ പോലും കിട്ടുന്നില്ല.
കൈകൾ ഫോണിൽ മുറുകി..

                        ❣️❣️❣️

"അമ്മേ.. "

ഉറക്കെ കരഞ്ഞ് അഞ്ജലി വാതിൽ തട്ടി വിളിക്കുമ്പോൾ ആ വീടിന്റെ ഉൾവശം മുഴുവനും ലൈറ്റ് തെളിഞ്ഞു..

"എന്താ.. എന്താ അഞ്ജു?"
ശിവയാണ് ആദ്യം വാതിൽ തുറന്നിറങ്ങി വന്നത്.
"ശിവാ..രുദ്രേട്ടൻ "

കരച്ചിൽ കാരണം അവൾക്ക് അത് പറയാൻ ആവുന്നില്ല.

ചെവിയിൽ ചേർത്ത് വെച്ച ഫോൺ മാറ്റി പിടിച്ചു കൊണ്ട് ശിവ അവളെ തോളിൽ പിടിച്ചു.

എന്താ.. എന്താ ഏട്ടന്?"

ചോദിക്കുമ്പോൾ അവളുടെ സ്വരം വിറച്ചു.

ലക്ഷ്മിയും വാതിൽ തുറന്നിറങ്ങി വന്നിരുന്നു.
അഞ്ജലിയുടെ കരച്ചിൽ കണ്ടിട്ട് അവരും അമ്പരന്നു.

"രുദ്രേട്ടൻ ഹോസ്പിറ്റലിൽ. ആക്സിഡന്റ് "

അഞ്ജലിയുടെ വാക്കുകൾ.
അവിടെ ഉള്ളവർ ഒരു നിമിഷം ശ്വാസം എടുക്കാൻ കൂടി മറന്നു പോയി.

"ശിവാ..."

ഫോണിൽ കൂടി ജീവൻ വിളിക്കുമ്പോൾ ശിവ കരഞ്ഞു കൊണ്ട് അവനോട് കാര്യങ്ങൾ പറഞ്ഞു..

'ടെൻഷനാവല്ലേ.. പത്തുമിനിറ്റ് കൊണ്ട് ഞാൻ വരാം 'എന്ന് പറഞ്ഞു ജീവൻ ഫോൺ കട്ട് ചെയ്തു..

                     ❣️❣️❣️❣️

തലയിലൊരു ചെറിയ കെട്ട്.
കയ്യിൽ ചതവുണ്ട്.അതിന്റെ ഒരു കെട്ടും.

അത്രയൊള്ളു അപകടത്തിൽ പരിക്കെന്ന് പറയാൻ.

ലക്ഷ്മി  അവന്റെ അരികിൽ ഇരുന്ന് മുടിയിൽ തലോടി.

ശിവ പോന്നിട്ടില്ല.
മുത്തശ്ശിയെ ആ നേരത്ത് കൊണ്ട് വരാൻ ആവില്ലെന്ന് അറിയാവുന്നത് കൊണ്ട് അവളെ അവരുടെ അരികിലാക്കി പെട്ടന്ന്  ജീവനൊപ്പം പോന്നതാണ് അഞ്‌ജലിയും ലക്ഷ്മിയും.

അതിന് മുന്നേ റെജിയുടെ ഫോണിലേക്ക് ലക്ഷ്മി വിളിക്കുമ്പോൾ,
'ഓടി പിടച്ചു ഇങ്ങോട്ട് വരേണ്ട.. ഞാനും സലീമും ഹോസ്പിറ്റലിൽ തന്നെ ഉണ്ട്.. വലിയ കുഴപ്പം ഒന്നുമില്ല.. രാവിലെ വീട്ടിലേക്കു പോരാം '
എന്നൊക്കെ അവൻ പറഞ്ഞിട്ടും,

ഒന്ന് കണ്ടില്ലെങ്കിൽ ഹൃദയം പൊട്ടി താനും മരിക്കുമെന്ന് തോന്നി അഞ്‌ജലിക്ക്.

അത് കൊണ്ട്  ലക്ഷ്മി എന്താണ് അവനോട് ഉത്തരം കൊടുക്കുക എന്നൊരു വേവലാതിയുണ്ടായിരുന്നു അവൾക്ക്.

"ഞങ്ങൾ വരാം.."

അഞ്ജലിയെ  നോക്കി അത് പറഞ്ഞു ലക്ഷ്മി ഫോൺ വെക്കുമ്പോഴേക്കും ജീവനും വന്നിരുന്നു.

അവർ ധൃതിയിൽ ചെല്ലുമ്പോൾ,ശ്രീയും ഗായത്രിയും കൂടി ഉണ്ടായിരുന്നു അവിടെ.

തനിക്കരികിൽ വരാതെ, ചുവരിൽ ചാരി,നിറഞ്ഞു തൂവുന്ന കണ്ണുകൾ ഇടയ്ക്കിടെ തുടച്ചു,തളർന്നു തൂങ്ങി നിൽക്കുന്ന അഞ്ജലിയുടെ നേരെ രുദ്രന്റെ കണ്ണുകൾ നീണ്ടു.

ആ നിൽപ്പ് അവന്റെ ഹൃദയം വേദനിപ്പിച്ചു.

തനിക്ക് വേണ്ടിയാണ് ആ കണ്ണുകൾ നിറയുന്നത്.
തനിക്ക് വേണ്ടിയാണ് അവൾ വേദനിക്കുന്നത് എന്നോർക്കുമ്പോൾ... മുറിവുകൾക്ക് പോലും വേദന തോന്നാത്ത വിധം ഒരു തണുപ്പ് അവനെ പൊതിഞ്ഞു.

ചുറ്റും കൂടിയവർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്,അവനോട്.
അപകടമെങ്ങനെ പറ്റി എന്നതാണ് അവൻ നേരിടുന്ന പ്രധാനചോദ്യം.

'വണ്ടിയൊന്ന് തെന്നി ' എന്ന 
മറുപടി പറയുന്നതിനിടയിലും അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും അവളിലേക്ക് പാഞ്ഞു ചെല്ലുന്നുണ്ട്.

അതൊന്നും അറിയാതെ അഞ്ജലി എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ആ ചുവരിൽ കൂടുതൽ തളർന്നു ചാരിനിന്നു.

                    ❣️❣️❣️❣️

രാവിലെ  രുദ്രനെ ഡിസ്ചാർജ് ചെയ്തിരുന്നു.

വീട്ടിലെത്തിയിട്ടും വാടിയ അഞ്ജലിയുടെ മുഖത്തേക്ക് രുദ്രന്റെ കണ്ണുകൾ പലവട്ടം തെന്നി മാറുന്നുണ്ട്.

അവളോട് ഒന്നും മിണ്ടിയിട്ടില്ല.
അവളൊന്നും ചോദിച്ചിട്ടുമില്ല.

ഇന്നലെ രാത്രി ഹോസ്പിറ്റലിൽ വെച്ചും, വീട്ടിൽ എത്തിയിട്ടും എല്ലാം എന്തോ മനസ്സിൽ അടക്കിപിടിച്ചൊരു ഭാവമാണ്, അഞ്‌ജലിക്ക്.

ചുറ്റും ഒരുപാട് ആളുകൾ ഉള്ളത് കൊണ്ട് തന്നെ അവനൊരു മടി ഉണ്ടായിരുന്നു, അവൾക്കെന്ത് പറ്റിയെന്ന് ചോദിക്കാൻ.

കാറിലിരുന്ന് ഇവിടെത്തുവോളം കണ്ണ് തോരാത്ത അഞ്ജുവിനെക്കുറിച്ച് ജീവനും, വീട്ടിൽ അവൾ കാണിച്ചു കൂട്ടിയതിനെപ്പറ്റി  ലക്ഷ്മിയും അവിടെയുള്ള എല്ലാവരെയും പറഞ്ഞു കേൾപ്പിച്ചു..
അപ്പോൾ പോലും യാതൊരു മാറ്റവുമുണ്ടായില്ല അവൾക്ക്.

ആ കണ്ണുകൾ നിറഞ്ഞു കൊണ്ട് തന്നെ.

മങ്ങിയ മുഖവും അൽപ്പം പോലും തെളിഞ്ഞില്ല.

ആ വാക്കുകൾ എല്ലാം പക്ഷെ രുദ്രന്റെ മനസ്സിലേക്ക് ആഴത്തിൽ പതിഞ്ഞു പോയിരുന്നു.

അവൾ തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നത് വ്യക്തമാക്കി കൊടുക്കാൻ പാകത്തിന് ശക്തമായ വെളിപെടുത്തൽ.

താനൊന്ന് മിണ്ടിയാൽ അവളുടെ പാതി സങ്കടം തീരുമെന്ന് തോന്നി അവന്.

അവളുടെയാ നിൽപ്പ് കണ്ടപ്പോൾ.

ലക്ഷ്മി തന്നെയാണ് വീട്ടിൽ എത്തിയിട്ടവന്,കഞ്ഞി കോരി കൊടുത്തതും,ദേഹം മുഴുവനും നനച്ചു തുടച്ചു മരുന്ന് എടുത്തു കൊടുത്തതുമെല്ലാം.

അപ്പോഴും നിർവികാരതയോടെ അതെല്ലാം നോക്കി അവളും നിൽക്കുന്നുണ്ട്, അടുത്ത് തന്നെ.

അവനും ആ നിൽപ്പ് കാണുമ്പോൾ. വല്ലാത്തൊരു വീർപ്പു മുട്ടൽ തോന്നുന്നുണ്ട്.

ചായ കുടിക്കാൻ വേണ്ടി ശിവ വന്നു വിളിക്കുമ്പോഴാണ്,പിന്നെ എല്ലാവരും രുദ്രന്റെ മുറി വിട്ട് ഇറങ്ങിയത്..

അപ്പോഴും അഞ്ജലി അതേ നിൽപ്പ് തന്നെ.

"വാ മോളെ.. ഇന്നലെ രാത്രി  നുള്ളി പെറുക്കി ഇത്തിരി തിന്നതല്ലേ.. വന്നു ചായ കുടിക്ക് "

ഇറങ്ങി പോവും മുന്നേ ലക്ഷ്മി അഞ്ജലിയെ കൂടി വിളിച്ചു.

അവൾ ഒന്ന് തലയാട്ടി കൊണ്ട് രുദ്രനെ നോക്കി പുറത്തേക്ക് ഇറങ്ങാൻ ആഞ്ഞു.

"ഡീ.. യൂദാസെ "

പിറകിൽ നിന്നും രുദ്രൻ വിളിക്കുമ്പോൾ,അഞ്ജലി തിരിഞ്ഞു നോക്കി.
"ഇങ്ങ് വാ"

കട്ടിൽ ക്രസിലേക്ക് ചാരി ഇരുന്നു കൊണ്ടവൻ വിളിച്ചു..

"ആ വാതിൽ ഒന്ന് ചാരിയിട്ട് വാ "

അഞ്ജലി തിരിച്ചു  വരുമ്പോൾ രുദ്രൻ പറഞ്ഞു.

അവൻ പറഞ്ഞത് പോലെ, വാതിൽ ചാരിയിട്ട് അഞ്ജലി വന്ന് അവന് മുന്നിൽ നിന്നു..
പക്ഷെ അവനെ നോക്കിയില്ല..

"എനിക്കൊന്നും ഒന്നും ഇല്ല. നീ ഇത്രേം സങ്കടപെടാനായിട്ട്.വണ്ടി ചെറുതായിട്ടൊന്ന് പാളി.നല്ലമഴയുണ്ടായിരുന്നു.അതാണ്.ചെറിയ രണ്ടു മുറിവല്ലേ.അത് രണ്ടു ദിവസം കൊണ്ട് കുറഞ്ഞോളും . പിന്നെന്താ "

രുദ്രൻ പറഞ്ഞിട്ടും അഞ്ജലി മുഖം ഉയർത്തി നോക്കുന്നില്ല.
പക്ഷേ കണ്ണുനീർ ഒഴുകി കവിളിലേക്ക് പതിക്കുന്നുണ്ട്.

"എന്നെ ഒന്ന് നോക്ക് യൂദാസെ "

ആർദ്രമായി പറയുന്നവന്റെ നേരെ അഞ്ജലി മുഖം ഉയർത്തി നോക്കി.

ചുണ്ട് കൂട്ടി പിടിച്ചു അമർത്തിയാ കരച്ചിൽ,പിന്നെ അവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല.
രുദ്രൻ അവളുടെ കൈ പിടിച്ചിട്ട് അരികിലിരുത്തി.

അവനൊട്ടും പ്രതീക്ഷിക്കാതെ അഞ്ജലിയവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു.

രുദ്രനെ കെട്ടിപിടിച്ചു കരയുമ്പോൾ,അന്നേരം വരെയും അവൾ അനുഭവിച്ച സങ്കടത്തിന്റെ ആഴം അവന് കൂടി മനസ്സിലാവും വിധമായിരുന്നു.
അവൻ പതിയെ അവളുടെ പുറത്ത് തട്ടി കൊടുത്തു.

രുദ്രന്റെ കവിളിൽ കൈ ചേർത്ത് വെച്ച് കൊണ്ടവൾ അവനെ നോക്കി.

അവന്റെ മുഖം മുഴുവനും അവളുടെ ചുണ്ടുകൾ പതിഞ്ഞു.
രുദ്രൻ പിടഞ്ഞു പോയി.
തള്ളി മാറ്റണമെന്നുണ്ട് അവന്.
പക്ഷേ അതിനാവുന്നില്ല.

എന്താണ് ചെയ്യുന്നത് എന്നത് പോലും അവൾക്ക് ബോധമില്ലായിരുന്നപ്പോൾ.

കണ്ണീരു പുരണ്ട അവളുടെ ഓരോ ചുംബനങ്ങളും അവനിൽ പുതിയൊരു ഭാവം തീർക്കുന്നുണ്ട്.
ആ കണ്ണുനീർ കൊണ്ടവന്റെ മുഖവും നനഞ്ഞു.

അവളെ തടയണം എന്നുണ്ട്.

പക്ഷെ കൈകൾ കൊണ്ടവൾ വീഴാതെ താങ്ങി പിടിച്ചു രുദ്രൻ.
അഞ്ജലി പക്ഷെ അതൊന്നും അറിയുന്നില്ല.
ഒടുവിൽ അവളുടെ പൊള്ളുന്ന ചുണ്ടിന്റെ ചൂട് സ്വന്തം ചുണ്ടിലമരുമ്പോൾ,രുദ്രനും കണ്ണുകൾ ഇറുക്കി അടച്ചു.
അവന്റെ കൈകൾ അവളിൽ മുറുകി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story