രൗദ്രം ❤️: ഭാഗം 42

raudram

രചന: ജിഫ്‌ന നിസാർ

"ഈ പറഞ്ഞതൊന്നും സ്റ്റീഫന് ഇനി മാറ്റി പറയേണ്ടി വരില്ലല്ലോ? "
കമ്മീഷണർ അലി അക്തർ ചോദിക്കുമ്പോൾ,
സർ എന്ന് വിളിച്ചു തനിക്ക് പിറകിൽ നടന്നിരുന്ന അലിയെയാണ് സ്റ്റീഫന് ഓർമ വന്നത്.

ഇന്നാ പോലീസ് ഓഫിസർക്ക് അറിയുന്ന ഭാവം പോലുമില്ല.

"തനിക്കെന്താടോ, ചോദിക്കുന്നതിന് ഉത്തരം പറയാനൊരു താമസം?"

അലി അക്തർ ദേഷ്യത്തോടെ സ്റ്റീഫനെ നോക്കി ചോദിച്ചു.

"സർ ഒന്നൂടെ ചോദിക്ക്. ഞാൻ ശെരിക്കും കേട്ടില്ല "

സ്റ്റീഫന് നേരെ അലിയുടെ കണ്ണുകൾ കൂർത്തു വന്നു.

പക്ഷേ അലി ആ ചോദ്യം ഒന്നുക്കൂടി ആവർത്തിച്ചു എന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.

"ഞാനങ്ങനെ വാക്ക് മാറുന്ന കൂട്ടത്തിലൊന്നും അല്ല സാറേ.സ്റ്റീഫന് ആരെയും പേടിക്കാനുമില്ല "
അലിക്കുള്ളൊരു കൊട്ട് കൂടിയായിരുന്നു സ്റ്റീഫന്റെ ആ മറുപടി.

"ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാൽ മതി.തന്നെ ഞാൻ ഇവിടെ വിരുന്നിന് വിളിച്ചിട്ട് വന്നതല്ല എന്നോർമ വേണം "

അലിയുടെ ശബ്ദം ഗൗരവത്തിലാണ്.

സ്റ്റീഫൻ ഒന്നും മിണ്ടിയില്ല. പക്ഷേ അയാളുടെ മുഖം നിറയെ അലിയോടുള്ള ദേഷ്യവും പ്രതിഷേധവുമുണ്ടായിരുന്നു.

അലിക്കത് വ്യക്തമായി മനസ്സിലായിട്ടുമുണ്ട്. എന്നിട്ടും അതിന്റെതായ യാതൊരു ദാക്ഷണ്യവും അലി കാണിക്കുന്നില്ല എന്നത് തന്നെയാണ് സ്റ്റീഫന്റെയും പ്രശ്നം.

ഉള്ളിൽ അയാൾക്കും നല്ല വേവലാതിയും ഭയവുമുണ്ട്.

രുദ്രനാണ് എതിരെയുള്ളത്.
ഇന്നിപ്പോൾ അലി വിളിപ്പിച്ചു എന്നേയൊള്ളു.
അലിയുടെ കയ്യിലുണ്ടന്ന് പറയുന്ന തെളിവുകളും രുദ്രന്റെ കണ്ടുപിടുത്തങ്ങളാണ്.

രാവിലെ അലി വിളിച്ചുവരുത്തുമ്പോൾ ഏത് നിമിഷവും അങ്ങനൊരു വിളി കാത്തിരുന്നുവെങ്കിലും, മനസ്സിൽ എന്തോ ആപത്ത് വരുന്നത് പോലൊരു തോന്നലായിരുന്നു.

ജെറിനെ വിളിച്ചിട്ട് കിട്ടിയതുമില്ല.
എല്ലാം കൂടി പേടി പെടുത്തുന്ന മാനസികാവസ്‌ഥ.

"സേതുമാധവന്റെ മരണത്തിന് പിന്നിൽ തനിക്കൊരു റോളും ഇല്ലെന്ന വാദത്തിൽത്തന്നെ, സ്റ്റീഫൻ ഉറച്ചുനിൽക്കുന്നു. അങ്ങനല്ലേ? "
അലി വീണ്ടും സ്റ്റീഫന്റെ കണ്ണിലേക്ക് നോക്കി  ചോദിച്ചു.

"അതേ "
സ്റ്റീഫൻ മറുപടി കൊടുത്തു.
"ശെരി.ഇപ്പൊ സ്റ്റീഫന് പോകാം. പക്ഷേ തീർച്ചയായും ഇനിയും വിളിപ്പിക്കും. അന്ന് വരുമ്പോഴും ഇതൊന്നും മാറ്റി പറയേണ്ട അവസ്ഥ തനിക്ക് വരരുത്."

അലി ഒന്നുകൂടി ഓർമിപ്പിച്ചു.

"സ്റ്റീഫൻ ആദ്യമായൊന്നും അല്ല ഇങ്ങനെ ഓലപടക്കം കാണുന്നത്.അത് സാറിനും നല്ലത്പോലെ അറിയാമല്ലോ."

അലിയുടെ നേരെ പുച്ഛത്തോടെ നോക്കി കൊണ്ട് സ്റ്റീഫൻ എഴുന്നേറ്റു.
അലി കസേരയിൽ ചാഞ്ഞിരുന്നു കൊണ്ട് സ്റ്റീഫനെ നോക്കി.

അയാളുടെ മുഖത്ത് നിറയുന്ന ഭാവം ഏതെന്ന് സ്റ്റീഫന് അപ്പോഴും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

                      ❣️❣️❣️

രുദ്രന്റെ നോട്ടം നേരിടാൻ വയ്യാതെ അഞ്ജലി അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു.

"ഡീ "

പിടച്ചിലോടെ അവൻ വിളിച്ചിട്ടും അവൾ കൂടുതൽ പറ്റിചേർന്നു എന്നല്ലാതെ വിട്ടു മാറിയില്ല.

വിട്ടു പോവില്ല എന്ന വാശി പോലെ.

"യൂദാസേ.. കുറച്ചു മാറി ഇരിക്കെടി "
പതിയെ രുദ്രൻ പറയുമ്പോൾ കള്ളിയെപ്പോലെ അവൾ അവനെ ഒന്ന് ഒളിഞ്ഞു നോക്കി.

"നീ ആള് കൊള്ളാലോ "

ഒന്നൂടെ കയറിയിരുന്നു കൊണ്ടവൻ ചോദിക്കുമ്പോൾ,  അവളുടെ മുഖം ചുവന്നു.

"ഞാൻ... ഞാൻ പേടിച്ചു പോയി "
വീണ്ടും അഞ്ജലിയുടെ കണ്ണ് നിറഞ്ഞു. കൈകൾ അവന്റെ കയ്യിൽ മുറുകി.

"അത് കൊണ്ടാണോ നീ എന്നെ കേറി കിസ്സടിച്ചത് "

രുദ്രൻ അവളെ നോക്കി കള്ളച്ചിരിയോടെ ചോദിക്കുമ്പോൾ,അഞ്ജലിയുടെ മുഖം കുനിഞ്ഞു പോയി.

രുദ്രൻ അവളെ അലിവോടെ നോക്കി.

അഞ്ജലി വീണ്ടും അവനിൽ ചേർന്നിരുന്നു.
വേണ്ടന്ന് ഉള്ളിലുണ്ടായിട്ടും അവനറിയാതെ തന്നെ കൈകൾ കൊണ്ടവളെ പൊതിഞ്ഞു പിടിച്ചു.

രണ്ടാളും ഒന്നും മിണ്ടുന്നില്ല.
പക്ഷേ ഹൃദയങ്ങൾ തമ്മിൽ ആ മൗനത്തിലും എന്തൊക്കെയോ മൊഴിയുന്നുണ്ട്.

തന്നെ ചുറ്റി പിടിച്ചിരുന്ന അഞ്ജലിയുടെ കൈകൾ പതിയെ അയഞ്ഞത് പോലെ തോന്നിയപ്പോൾ രുദ്രൻ അവളെയൊന്ന് നോക്കി.

ഉറങ്ങിപോയിരിക്കുന്നു.
ഒരു കുഞ്ഞിനെ പോലെ തന്റെ നെഞ്ചിൽ പറ്റി ചേർന്നുറങ്ങുന്നവളോട്, 'നീ തിരിച്ചിറങ്ങി പോവേണ്ടവളാണ് 'എന്ന് ഇടയ്ക്കിടെ ഓർമപ്പെടുത്തി കൊണ്ടിരിന്ന ഹൃദയമെവിടെ പോയി ഒളിച്ചാവോ?

അവൾ പിടിച്ചതിനേക്കാൾ ഇറുക്കി, അവളെ പിടിച്ചിരിക്കുന്ന സ്വന്തം കയ്യിലേക്കും.. മറ്റെല്ലാം മറന്നു കൊണ്ട് തന്നോട് ചേർന്നുറങ്ങുന്നവളിലേക്കും നോക്കുമ്പോൾ രുദ്രന് അവനെ തന്നെ മനസ്സിലാക്കാനായില്ല.

ഒന്നുറപ്പാണ്.
തന്റെ മനസ്സും അഞ്ജലിയെ സ്നേഹിച്ചു തുടങ്ങാൻ പാകത്തിന് കീഴ്പ്പെട്ടുപോയിരിക്കുന്നു.

രുദ്രൻ അഞ്ജലിയെ സ്നേഹിക്കുന്നു..

തിരിച്ചിറങ്ങി പോവേണ്ടവൾ അവന്റെ ഹൃദയം തുറന്ന് , ഇനിയൊരിക്കലും ഒരു മടങ്ങിപ്പോക്കോ ഇറക്കി വിടലോ അസാധ്യമെന്നത് പോലെ.. അവനിലലിയാൻ തുടങ്ങിയിരിക്കുന്നു.

ഒറ്റ കൈ കൊണ്ട് തന്നെ രുദ്രൻ അവളെ കിടക്കിലേക്ക് കിടത്തി.

"ഈ പെണ്ണെവിടെ പോയി "

ചോദ്യത്തോടെ ലക്ഷ്മി വാതിൽ തുറന്നു വന്നു.
രുദ്രൻ കിടക്കയിൽ എഴുന്നേറ്റിരുന്നു.

"അഞ്ജു എവിടെ ടാ. അതിന് വിശക്കുന്നുണ്ടാവും. നേരം ഒരുപാടായി "
ലക്ഷ്മി രുദ്രനോട് ചോദിച്ചു.

അവന്റെ കണ്ണുകൾ അഞ്‌ജലിക്ക് നേരെ നീണ്ടു.

ലക്ഷ്മിയും അവന്റെ നോട്ടം കണ്ടപ്പോൾ കിടക്കയിലേക്ക് നോക്കി.
"അയ്യോ.. ഒന്നും കഴിക്കാതെ ഈ കുട്ടി ഇതെന്ത് പണിയാ കാണിച്ചത്."
ലക്ഷ്മി കിടക്കയുടെ അരികിൽ വന്നു നിന്നിട്ട് പറഞ്ഞു.

"അവളുറങ്ങുമ്പോൾ നിനക്കൊന്ന് പറയാൻ വയ്യായിരുന്നോ ടാ ചെക്കാ.. വല്ലതും വന്നു കഴിച്ചിട്ട് കിടക്കാൻ "
ലക്ഷ്മി രുദ്രന് നേരെ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.

"പിന്നെ...എനിക്കതല്ലേ പണി "
അങ്ങനെയാണവൻ മറുപടി പറഞ്ഞതെങ്കിലും മനോഹരമായൊരു ചിരി ഉണ്ടായിരുന്നു ആ മുഖം നിറയെ.

"നിനക്കിനി ഇപ്പൊ വേറെന്താ ഇത്രേം പണി? "
നടുവിന് കൈ കുത്തി കൊണ്ട് ലക്ഷ്മി അവനെ നേരിടാനെന്നത് പോലെ നിന്നിട്ട് ചോദിച്ചു.

അവനൊന്നും മിണ്ടിയില്ല.

"പാവാണ്‌ മോനെ.ഇന്നലെ ഒറ്റ ദിവസം കൊണ്ടത് എനിക്ക് മനസ്സിലായി.അവള് നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഇനിയുമെങ്ങനെയാണ് നിനക്കതിനോട് ഇങ്ങനെ സ്നേഹം കാണിക്കാതെ അകന്ന് നിൽക്കാൻ കഴിയുന്നെ?"

ലക്ഷ്മിയുടെ കണ്ണുകൾ അഞ്ജലിയെ ഒന്ന് തഴുകി തലോടി രുദ്രനിലെത്തി നിന്നു.

"എനിക്കുള്ളിൽ ഇല്ലാത്ത സ്നേഹം, ഞാനെങ്ങനെ കാണിക്കാനാണ് അമ്മേ?"

തിരിച്ചു ചോദിക്കുമ്പോൾ രുദ്രന്റെ കണ്ണുകളും അഞ്ജലിയുടെ നേരെയാണ്.
അമ്മയുടെ മറുപടി ഒന്നും കേൾക്കാതെ രുദ്രൻ നോക്കുമ്പോൾ, തന്നിലെ ഓരോ ഭാവങ്ങളും ഒപ്പി എടുക്കുന്ന തിരക്കിലാണ് ആള്.

അവൻ ഒന്ന് ചിരിച്ചു കാണിക്കുമ്പോൾ ലക്ഷ്മിയും തലയാട്ടി.

"ഉറങ്ങിക്കോട്ടെ അമ്മാ.. അവളെണീക്കുമ്പോൾ വന്നു കഴിച്ചോളും. ഇന്നലെ ഉറങ്ങികാണില്ലല്ലോ!"

അഞ്ജലിയെ വിളിച്ചുണർത്താൻ തുടങ്ങിയ ലക്ഷ്മിയെ തടഞ്ഞു കൊണ്ട് രുദ്രൻ പറഞ്ഞു.

കുനിഞ്ഞു നിന്നിരുന്ന ലക്ഷ്മി ഒന്നവനെ നോക്കി, എന്നിട്ട് ഒന്നമർത്തി മൂളി കൊണ്ട് തിരിച്ചു നടന്നു.

രുദ്രനും ചിരി വരുന്നുണ്ട്.

അരികിൽ, അവളെ നോക്കി ചെരിഞ്ഞു കിടക്കുമ്പോൾ ഹൃദയം മുഴുവനും ഒരു സന്തോഷം വന്നു മൂടുന്നുണ്ട്.

പ്രണയത്തിന്റെ സുഖം..

അരികിൽ ചേർന്ന് കിടക്കുന്നതറിഞ്ഞാണോ എന്തോ.. വീണ്ടും അഞ്ജലി അവനിലേക്ക് തന്നെ നീങ്ങി വന്നിരുന്നു.
അവൾക് കിടക്കാൻ അവൻ കൈ മടക്കി കൊടുത്തു.

നെഞ്ചിൽ കവിൾ ചേർത്തവൾ കിടക്കുമ്പോൾ, അവനൊരു വെപ്രാളമൊക്കെ തോന്നുന്നുണ്ട്.

അതിനേക്കാളുപരി എന്റേതെന്നാ ഓർമപ്പെടുത്തല് കൂടി അവന്റെ ഉള്ളിലുണ്ട്.

ക്ഷീണം കാരണം കണ്ണുകൾ അടഞ്ഞുപോകുമ്പോഴും അവന്റെ കൈകൾ അവളെയും ചേർത്ത് പിടിച്ചിട്ടുണ്ട്.

                         ❣️❣️❣️

"എത്രപ്രാവശ്യം നിന്നോട് ഞാൻ ചോദിച്ചതാ ജസ്റ്റിൻ.. വിശ്വസിച്ച് ഏല്പിക്കാൻ കൊള്ളാവുന്നവർ ആണോ എന്ന്. അപ്പോഴെല്ലാം നീ ഒടുക്കത്തെ ആത്മവിശ്വാസത്തിലായിരുന്നു. എന്നിട്ടിപ്പോൾ എന്തായി.?"

ജെറിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.

കൈകൾ കൂട്ടിത്തിരുമ്മി  ഒന്നും മിണ്ടാതെ നിൽക്കുന്ന ജസ്റ്റിനെ നോക്കി ജെറിൻ പല്ല് കടിച്ചു.

"എന്റെ ജെറി.. ഇങ്ങനൊക്കെ വരുമെന്ന് ഞാനറിഞ്ഞോ.?പണി അറിയാവുന്ന ടീം തന്നെ ആയിരുന്നു.ഇതിപ്പോൾ അവന്റെ ഭാഗ്യം. അങ്ങനെ കരുതിയാൽ മതി "

നിസ്സാരമായി ജസ്റ്റിൻ അത് കൂടി പറഞ്ഞപ്പോൾ, ജെറിന് അവന്റെ മുഖമടച്ചൊന്ന് കൊടുക്കണം എന്നുണ്ടായിരുന്നു.

"ഇതിപ്പോ അവന്റെ ഭാഗ്യമൊന്നും അല്ല ജെസ്റ്റിൻ.നമ്മുടെയൊക്കെ ഭാഗ്യക്കേട്.അങ്ങനെ വേണം കരുതാൻ."

ജെറിൻ പറഞ്ഞു.

ഉള്ളിലെ ഭയം കാരണം അവന്റെ മുഖം വിളറിവെളുത്തു പോയിട്ടുണ്ട്.

"അവന്റെ അച്ഛന്റെ കൊലപാതകത്തിന്റെ അന്വേഷണം റീ ഓപ്പൺ ചെയ്തതിന്റെ പിറകെ, ഇന്ന് അപ്പനെ കമ്മീഷണർ വിളിപ്പിച്ചിട്ടുണ്ടായിരുന്നു."

ജെറിൻ  കൈ കൊണ്ട് തല താങ്ങി പിടിച്ചു സോഫയിലേക്കിരുന്നു.

ജസ്റ്റിന് അത് കേട്ടിട്ടും അത്ര ഭാവമാറ്റങ്ങൾ ഒന്നും തന്നെ ഇല്ല.

"അതിൽ നിന്നും ഇനി ഊരിപോരാൻ നല്ലപോലെ ബുദ്ധിമുട്ടേണ്ടി വരും. കാരണം തെളിവുകല്ലാം ശേഖരിച്ച് വെച്ചതിന് ശേഷമായിരിക്കും രുദ്രൻ അത് റീ ഓപ്പൺ ചെയ്യാനുള്ള തീരുമാനം എടുത്തത് തന്നെ "

തലമുടിയിൽ പിടിച്ചു വലിച്ചുക്കൊണ്ട് ജെറിൻ പറഞ്ഞു.

"അതിന്റെയെല്ലാം ഇടയിൽക്കൂടിയാണ് ഇപ്പൊ നിന്റെ വാക്കും കേട്ട് അവനെ പോയി ചൊറിഞ്ഞുവിട്ടത്.അവനാവട്ടെ ഒന്നും പറ്റിയതുമില്ല. ഇനി ഇതിനുള്ളത് കൂടി അവൻ ചീട്ടെഴുതും "

ജെറിന്റെ മുഖത്തും ഭയത്തിന്റെ അടയാളങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story