രൗദ്രം ❤️: ഭാഗം 43

raudram

രചന: ജിഫ്‌ന നിസാർ

"അമ്മയെവിടെ ശിവാ?"

കൈ കഴുകി ടേബിളിനരികിൽ വന്നു നിന്നിട്ട് രുദ്രൻ ചോദിക്കുന്നത് അടുക്കളയിൽ നിന്നും അഞ്ജലി കേട്ടിരുന്നു.
പക്ഷേ അവന് മുന്നിലേക്ക് പോവാൻ ഒരു മടിയുണ്ടായിരുന്നു അവൾക്ക്.

"അമ്മ കിടന്നു ഏട്ടാ."

ഫോണും പിടിച്ചു കൊണ്ട് ശിവ രുദ്രന്റെ അരികിൽ വന്നു പറഞ്ഞു.

"ഉറങ്ങിയോ..?എനിക്ക് ചോറ് വേണം. വിശക്കുന്നു "
രുദ്രൻ അവളെ നോക്കി പറഞ്ഞു..

"അമ്മ ഉറങ്ങി കാണും .. ഇന്നലെ ഒട്ടും ഉറങ്ങിയില്ലല്ലോ. അഞ്ജു ഉണ്ടല്ലോ അടുക്കളയിൽ. അവളെടുത്തു തരും "

അത് പറഞ്ഞിട്ട് ശിവ ഫോണുമായി അകത്തേക്ക് തന്നെ വലിഞ്ഞു..

"ഇരുപത്തിനാലു മണിക്കൂറും ഫോണിൽ കിന്നരിക്കാൻ ഇതിനുമാത്രം വിശേഷമമെവിടുന്ന് കിട്ടുന്നവോ? "

അവളുടെ പോക്ക് നോക്കി രുദ്രൻ പിറുപിറുത്തു..

അവൻ വീണ്ടും അടുക്കളയിലേക്ക് നോക്കി.
അഞ്ജലിയെ വിളിക്കാൻ അവനും മടി ഉണ്ടായിരുന്നു..

ഇത് വരെയും ഇല്ലാത്തൊരു മടി..

'എഴുന്നേറ്റു പോയാലോ' എന്ന് വരെയും തോന്നി.

പക്ഷെ അതിന് മുൻപ്,കയ്യിൽ രണ്ടു പാത്രവുമായി അഞ്ജലി വന്നിരുന്നു.

അവനെ നോക്കുന്നില്ല.. അവനും നോക്കുന്നില്ല.

ഹൃദയം മിടിപ്പിന്റെ സ്വരം പോലും കാതോർത്താൽ കേൾക്കാം എന്നുള്ളത് പോലെ നിശബ്ദത..

ചോറും കറികളും അഞ്ജലി തന്നെയാണ് അവന് മുന്നിലേക്ക് നീക്കി വെച്ച് കൊടുത്തത്..
അപ്പോഴും അവനെ നോക്കുന്നില്ല..
രുദ്രന് ചിരി വരുന്നുണ്ട് അവളുടെ വെപ്രാളം കാണുമ്പോൾ.

അവളുടെ ഉറക്കം വിട്ട് തന്റെ നെഞ്ചിൽ നിന്നും ചാടി എഴുന്നേൽക്കുന്നതറിഞ്ഞാണ്  ഞെട്ടി എന്നീറ്റത്.

എന്നിട്ടും കണ്ണ് തുറക്കാതെ കള്ളയുറക്കം നടിച്ചു കിടന്നത് അവളുടെ ഭാവങ്ങൾ കാണുവാൻവേണ്ടി തന്നെയായിരുന്നു.

താൻ അവളുടെ മേലേക്ക് ചേർത്ത് പിടിച്ച കൈയ്യിലേക്ക് നിറഞ്ഞ ചിരിയോടെ നോക്കുന്നത്.. പാതി തുറന്നു പിടിച്ച കണ്ണിലൂടെ കണ്ടിരുന്നു.
അപ്പോഴും മിണ്ടാതെ കിടന്നു.

മുഖത്തേക്ക് നോക്കി ഒന്നുകൂടെ താൻ ഉണർന്നിട്ടില്ലെന്ന് ഉറപ്പിച്ചു കൊണ്ട് കള്ളിയെ പോലെ, നെഞ്ചിൽ ഉമ്മ വെക്കുന്ന അവളെ.. ഇനിയുമെങ്ങനെയാണ് അകറ്റി നിർത്തുകയെന്നാണ് തോന്നിയത്.
 ആ നിമിഷം.
അത്രമേൽ അവൾ തന്നെ പ്രണയിക്കയാണ്.
താൻ ആ പ്രണയം ആസ്വദിക്കയാണ്.

ഒട്ടും ഇഷ്ടമില്ലാത്ത മട്ടിലാണ് പെണ്ണ് തന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റു മാറുന്നെന്നത് ആ മുഖം കാണുമ്പോൾ തന്നെ അറിയാം.

നെറ്റിയിലെ മുറിവിൽ തലോടും നേരം,പ്രണയം നിറഞ്ഞ അവളുടെ ഭാവം സങ്കടമായി മാറി.

വീണ്ടും തന്റെ കൈ പിടിച്ചു ചുണ്ടിൽ ചേർക്കുമ്പോൾ,തിരിച്ചവളെയും ചുംബനങ്ങൾ കൊണ്ട് മൂടണം എന്ന് തോന്നിയത്..ആത്മാർത്ഥമായി തന്നെയാണ്.
കാരണം രുദ്രൻ പ്രണയിക്കാൻ പഠിച്ചിരിക്കുന്നു.

ഇവളിലെ പ്രണയം പകർന്നു തന്ന് കൊണ്ടവൾ തന്നെ പഠിപ്പിച്ചിരിക്കുന്നു.

രുദ്രൻ മുന്നിലേക്ക് വെച്ച ചോറ് പാത്രത്തിലേക്കും വലതു കയ്യിലെ ബാന്റേജിലേക്കും മാറി മാറി നോക്കി.
മുന്നിലേക്ക് ഭക്ഷണം കിട്ടിയിട്ടും കഴിക്കാതിരിക്കുന്നവനേ അഞ്ജലി സംശയത്തോടെ നോക്കി.

അവളുടെ നോട്ടം കണ്ടിട്ട് രുദ്രൻ കൈ ഉയർത്തി കാണിച്ചു..
"ഞാനമ്മയെ വിളിക്കാം "

അഞ്ജലി പറഞ്ഞു..

"അമ്മ കിടന്നു. ഉറങ്ങിക്കോട്ടെ.. ഇന്നലെ ഉറക്കമൊഴിഞ്ഞതല്ലേ?"

രുദ്രൻ പറയുമ്പോൾ അഞ്ജലി വീണ്ടും അവനെ നോക്കി..

"എങ്കിൽ ശിവയെ വിളിക്കാം "വീണ്ടും അവൾ തിരിഞ്ഞു..

"അവളെ ജീവൻ ഫോണിൽ വിളിക്കുന്നുണ്ട് "

രുദ്രൻ അഞ്ജലിയെ നോക്കി..
ഇനിയെന്ത് ചെയ്യും എന്നൊരു നോട്ടത്തോടെ അവളും..

"നിനക്കെന്നെ കിസ്സ് ചെയ്യാൻ മാത്രമേ അറിയത്തൊള്ളോ  യൂദാസേ?"

ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചാണ് അവന്റെ ചോദ്യം.

അഞ്ജലി നിമിഷം കൊണ്ട് ചുവന്നു.
അവനിൽ നിന്നും വേഗം തിരിഞ്ഞു നിന്നു..

"ഇവിരിക്ക്.. എനിക്കെന്റെ ഭാര്യ വാരി തന്ന മതി "

അൽപ്പം കുറുമ്പോടെ തന്നെ പറഞ്ഞിട്ട് അവൻ അവളുടെ കൈ പിടിച്ചു വലിച്ചു അരികിലിരുത്തി..

അഞ്ജലിക്ക് അവന് നേരെ നോക്കാൻ കൂടി കഴിയുന്നില്ല..

"എനിക്ക് വിശക്കുന്നു . സമയം മൂന്നു കഴിഞ്ഞു.!"

വീണ്ടും രുദ്രൻ പറയുമ്പോൾ... അവൾ വിറക്കുന്ന കൈകൾ കൊണ്ട് ചോറ് ഉരുട്ടി തുടങ്ങി..

വാ തുറന്നു കൊണ്ട് അവനത് സ്വീകരിക്കുമ്പോൾ... അവന്റെ വായിലേക്കതു വെച്ച് കൊടുക്കുമ്പോൾ.. ആ ചുണ്ടുകളിൽ വിരൽ തൊടുമ്പോഴെല്ലാം... അഞ്ജലി കൂടുതൽ കൂടുതൽ വിറക്കുന്നുണ്ട്..

"കിസ്സ് ചെയ്യുമ്പോ പോലും നീ ഇത്ര വിറച്ചിട്ടില്ലല്ലോ യൂദാസേ "

അവളെ നോക്കി... രുദ്രൻ വീണ്ടും ചിരിച്ചു.

"അതിങ്ങനെ ഇടക്കിടെ പറയണ്ട.. ഞാൻ.. ഞാനറിയാതെ ചെയ്തതാ "

അഞ്ജലി അവനെ നോക്കി പറഞ്ഞു..

"ഏയ്... എനിക്കങ്ങനെ തോന്നിയില്ല.. നല്ല എക്സ്പീരിയൻസ് ഉള്ളത് പോലാണ് എനിക്ക് തോന്നിയത് "

ചുണ്ടിൽ തഴുകി അവൻ പറയുമ്പോൾ അഞ്ജലി വീണ്ടും അവനെ നോക്കി കണ്ണുരുട്ടി..
"അനാവശ്യം പറയല്ലേ രുദ്രേട്ടാ.. ഞാൻ വഴിയേ പോവുന്നോരെ മുഴുവനും കിസ്സ് ചെയ്യുകയായിരുന്നു എന്ന് തോന്നുമല്ലോ ഈ പറച്ചില് കേട്ടാ "

അഞ്ജലി പറഞ്ഞു..

"എന്ന് ഞാനും പറഞ്ഞില്ല...  എനിക്ക് കിട്ടിയത് പൊളിയായിരുന്നു.പക്ഷെ എന്റെ ഫസ്റ്റ് കിസ്സാ.ആസ്വദിക്കാൻ പറ്റിയില്ല.അതെങ്ങനെ... ഞാനോർത്തോ നീ അങ്ങനെ കേറി അറ്റാക്ക് ചെയ്യുമെന്ന് "

രുദ്രൻ അവളെ നോക്കി കണ്ണിറുക്കി.
അവൾ ദയനീയമായി അവനെ ഒന്ന് നോക്കി..

"നീ ഒന്ന് പറഞ്ഞിട്ട് ചെയ്തിരുന്നെങ്കിൽ എനിക്കും കൂടെ എൻജോയ് ചെയ്യാമായിരുന്നു.. ഇനി പറഞ്ഞിട്ടെന്താ... യോഗമില്ല "

അവൻ താടിക് കൈ കൊടുത്തു പറഞ്ഞു കൊണ്ടവളെ ഒളിഞ്ഞു നോക്കി..

"പ്ലീസ്... അഞ്ജലി വീണ്ടും പറഞ്ഞു..

"എനിക്കതല്ല യൂദാസേ പേടി.. ഇനി ഈ കിസ്സടിച്ച പേരും പറഞ്ഞ് ഇവിടെ തന്നെ പറ്റി കൂടാൻ വല്ല പ്ലാനും ഉണ്ടോ നിനക്ക് "

അൽപ്പം ഗൗരവവത്തോടെ രുദ്രൻ ചോദിക്കുമ്പോൾ അഞ്ജലി ചാടി എഴുന്നേറ്റു..

"ഇന്നാ... പറ്റും പോലെ തിന്നോ വേണേൽ.. എനിക്ക് വയ്യ വാരി തരാൻ "

അഞ്ജലി പോവാൻ തിരിഞ്ഞു..

അവൾ മുഖം വീർപ്പിച്ചു.

"അയ്യോ.. പോവല്ലേ.. വിശന്നിട്ടു വയ്യെടി യൂദാസേ.. ചതിക്കല്ലേ "

അവൻ അവളെ നോക്കി..
"ഇനി അതിന്റെ കാര്യം മിണ്ടരുത്.. പറ്റുവോ "

അഞ്ജലി പുരികം പൊക്കി കൊണ്ട് ചോദിച്ചു.
"ഏതിന്റെ കാര്യം "
അവൻ അറിയാത്ത പോലെ നെറ്റി ചുളിച്ചു..

അഞ്ജലി വീണ്ടും അവനെ തുറിച്ചു നോക്കി..

"ആഹാ.. പറ ഏതിന്റെ കാര്യം.. എനിക്കറിയാത്തത് കൊണ്ടല്ലേ ചോദിച്ചത്.. പറഞ്ഞു താ യൂദാസേ "

അവന്റെ മുഖത്തൊരു കള്ളചിരിയുണ്ട്..

"അത്.. ഞാൻ.. കിസ് ചെയ്ത കാര്യം "

അഞ്ജലി വിക്കി കൊണ്ട് പറഞ്ഞു..

"അത് ഉള്ളതല്ലേ.. നീ ചെയ്തതല്ലേ... ഞാൻ ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ?"

വീണ്ടും രുദ്രൻ അതേ ചിരി തന്നെ ആയിരുന്നു..

പിന്നൊന്നും പറയാതെ അവൾ പോവാൻ തിരിഞ്ഞു..

"ശെരി.. ഇനി പറയൂല.. നീ ഇരിക്ക് "

അവൻ വീണ്ടും അവളെ പിടിച്ചിരുത്തി.

വീണ്ടും അവൾ ചോറ് വാരി നീട്ടുമ്പോൾ അവളെ തന്നെ നോക്കി അവൻ വാ തുറന്നു..

ആ നോട്ടത്തിന് മുന്നിൽ അഞ്ജലി പതറി പോവുന്നുണ്ട്..

അത് കാണുമ്പോൾ അവനും മനോഹരമായൊരു ചിരിയോടെ അവൾക്ക് മുന്നിലിരുന്നു..

"നീയും കഴിക്ക്... വിശക്കുന്നില്ലേ "
ഇടയിൽ എപ്പോഴോ അവൻ പറഞ്ഞു..

"ഞാൻ പിന്നെ കഴിക്കാം.."
അഞ്ജലി പതിയെ പറഞ്ഞു..

"അതെന്തിനാ യൂദാസേ അത് പിന്നേക്ക് നീട്ടുന്നത്. നീ വല്ല ആനയേയും പിടിച്ചു വിഴുങ്ങിയോ?. ഇന്നലെ രാത്രി മുതൽ ഒന്നും കഴിച്ചില്ലല്ലോ? "

രുദ്രൻ ചോദിക്കുമ്പോൾ അഞ്ജലി അവനെ തന്നെ നോക്കി.

"എനിക്ക് മതി. ഇനി നീ കഴിച്ചോ "
അവളുടെ നോട്ടം കണ്ടപ്പോൾ രുദ്രൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

അവളൊന്നുംഒന്നും മിണ്ടാതെ തലയാട്ടി.

                       ❣️❣️❣️

അന്നത്തെ ദിവസം മുഴുവനും പിന്നെ അഞ്ജലി രുദ്രന് മുന്നിൽ വന്നിരുന്നില്ല.

ഓരോ കാലടികൾക്ക് പിന്നിലും താൻ അറിയാതെ തന്നെ കണ്ണും ഹൃദയവും അവളെ തേടുന്നുണ്ട് എന്ന് രുദ്രനും തോന്നി.

സ്വന്തം പ്രവർത്തിയിലും, മനസ്സിന്റെ വികൃതിയിലും അവന് തന്നെ അതിശയമുണ്ട്.

പ്രണയം മനുഷ്യനെ ഇങ്ങനെയല്ലാം മാറ്റി മറിക്കുമോ എന്നോർക്കുമ്പോൾ.

അന്ന് രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് രുദ്രന് മുന്നിൽ പിന്നെ അഞ്ജലിയെത്തിയത്.

അപ്പോഴും കുട്ടി നോക്കുന്നില്ല.!
കള്ളികളെ പോലെ ഓരോ ഒളിഞ്ഞു നോട്ടങ്ങൾ മാത്രം ഇടയ്ക്കിടെ പാറി വീഴുന്നുണ്ട്.

രുദ്രനത് കണ്ട് ചിരി വരുന്നുണ്ട്.

"നിനക്കെന്താ അഞ്ജു ഒരു മൗനം?"
ഭക്ഷണം എടുത്തു വെച്ച് കഴിഞ്ഞു കഴിക്കാൻ ഇരിക്കുമ്പോൾ ശിവ പതിയെ അഞ്ജലിയോട് ചോദിച്ചു.

"എനിക്കെന്താ.? ഒന്നുമില്ല "

പറയുന്നത് ശിവയോടാണങ്കിലും.. അവളുടെ കണ്ണുകൾ രുദ്രന് നേരെയാണ്.

അവൻ ചുണ്ടുകൾ കൂട്ടി പിടിച്ചു  ഒറ്റ കൈ കൊണ്ട് ടേബിളിൽ താളമിട്ടു.
കണ്ണുകൾ അവൾക്ക് നേരെയാണ്.
അഞ്ജലി വെപ്രാളത്തോടെ തല താഴ്ത്തി.

"അടങ്ങിയിക്കെട ചെക്കാ "

മുത്തശ്ശി അവന്റെ നേരെ നോക്കി പറഞ്ഞു കൊണ്ട് അവിടെ വന്നിരുന്നു.

ലക്ഷ്മി വന്നിട്ട് ചോറ് വിളമ്പി നീക്കി വെച്ച് കൊടുക്കുമ്പോൾ രുദ്രൻ ചുണ്ട് ചുളുക്കി.

"വാരി താ അമ്മാ.. എന്റെ കൈക്ക് വയ്യല്ലോ? "
രുദ്രൻ ലക്ഷ്മിയെ നോക്കി പറഞ്ഞു.

"എന്റെ കയ്യിനും വയ്യ.. മുറിവാണ് "
അഞ്ജലിയെ ഒന്ന് നോക്കിയിട്ട് ലക്ഷ്മി രുദ്രന് നേരെ വിരൽ നീട്ടി കാണിച്ചു കൊടുത്തു.

"ശിവാ.. "

"സോറി ഏട്ടാ. എനിക്കിത് കഴിച്ചു കഴിഞ്ഞു ഒത്തിരി എഴുതാനുണ്ട്. റിയലി സോറി "

രുദ്രൻ വിളിക്കുമ്പോൾ തന്നെ ശിവ ധൃതിയിൽ പറഞ്ഞു.

പിന്നെ അവന്റെ കണ്ണുകൾ എത്തി നിന്നത് അഞ്‌ജലിയിലാണ്.

അവൻ നോക്കുന്നത് കണ്ടപ്പോൾ തന്നെ അഞ്ജലി വിയർത്തു തുടങ്ങി.

"ഓ അല്ലേലും എനിക്കെന്തിനാ നിങ്ങളുടെ സഹായം. എനിക്കെന്റെ ഭാര്യ വാരി തരുമല്ലോ.. ല്ലേ ടി? "

ലക്ഷ്മിയെയും ശിവയെയും പുച്ഛത്തോടെ ഒന്ന് നോക്കി രുദ്രൻ ചോദിച്ചു.

അവൾ മുഖം ഉയർത്തി നോക്കിയില്ല പിന്നെ.

"ഓ എങ്കിൽ പുന്നാര ഭാര്യ ചെന്ന് വാരി കൊടുക്ക് "
ലക്ഷ്മി അങ്ങനെയാണ് പറഞ്ഞതെങ്കിലും അവരുടെ മുഖം നിറഞ്ഞ ചിരിയിൽ.. ആ മനസ്സിലെ സന്തോഷം മുഴുവനും ഉണ്ടായിരുന്നു.

                           ❣️❣️❣️

"രുദ്രേട്ടാ "

വളരെ പതിയെയാണ് വിളിക്കുന്നത്.
നേർത്ത വെളിച്ചതിലും,അവളുടെ കണ്ണിലെ തിളക്കം അവന് കാണാം.

"പറഞ്ഞോ.. കേൾക്കുന്നുണ്ട് "

അവളുടെ വിളി കേട്ടപ്പോൾ രുദ്രൻ പറഞ്ഞു.

"ചേട്ടായി... ചേട്ടായിയാണോ ഈ ആക്സിഡന്റിന് പിന്നിൽ?"

ഇത് വരെയും ഈ ചോദ്യമെന്താ വരാത്തത് എന്നായിരുന്നു രുദ്രൻ അപ്പോൾ ഓർത്തത്.

"എന്നോട് പറഞ്ഞിരുന്നു."
വീണ്ടും അഞ്ജലി പറഞ്ഞു.

"എന്ത്?"

രുദ്രൻ എഴുന്നേറ്റ് കിടക്കയിൽ ചാരി ഇരുന്നു കൊണ്ടവളെ നോക്കി.

അവളും എഴുന്നേറ്റിരുന്നു.

"രുദ്രേട്ടന്റേയും എന്റേയും അഹങ്കാരമെല്ലാം അവസാനിപ്പിച്ചു തരും എന്നൊക്കെ "

അഞ്ജലി നല്ല ടെൻഷനോടെയാണ് പറയുന്നത്.

"എവിടെ വെച്ച്?"

രുദ്രൻ വീണ്ടും ചോദിച്ചു.

"ഇന്നലെ കോളേജിൽ നിന്നും വരും വഴി. ബസ്സ്സ്റ്റോപ്പിൽ നിന്നപ്പോൾ "
അഞ്ജലി അവനെ നോക്കി.

"നിനക്ക് പേടിയുണ്ടോ യൂദാസേ?"

അത് വരെയും ഉള്ളത് പോലൊരു കനം ഇല്ലായിരുന്നു, അപ്പോഴവന്റെ ശബ്ദത്തിന് .

"ഇല്ല "
ഒട്ടും ആലോചിച്ച് നോക്കാതെ അവളത് പറയുമ്പോൾ അവൻ ചിരിച്ചു.

"ഇത് എന്റെ വണ്ടി തെന്നിപോയതാണ്. നിന്റെ ചേട്ടായി ഒന്നും ചെയ്‌തതല്ല "

അത് പറയുമ്പോൾ അവന്റെ പല്ലുകൾ ഞെരിഞ്ഞു.

അവളത് കണ്ടതുമില്ല.

പിന്നെയും ഏറെനേരം അവരൊന്നും മിണ്ടാതെയിരുന്നു.
ഉച്ചക്ക് നല്ലത് പോലൊന്നു ഉറങ്ങി എഴുന്നേറ്റത് കൊണ്ട് ഉറക്കം വരുന്നുമില്ല.

"കിടക്കുന്നില്ലേ..? നാളെ കോളേജിൽ പോവണ്ടേ?"

ഒടുവിൽ രുദ്രൻ ചോദിക്കുമ്പോൾ അഞ്ജലി പതിയെ തലയാട്ടി.

"എങ്കിൽ കിടന്നോ "

രുദ്രൻ പറയുമ്പോൾ അഞ്ജലി നിരങ്ങി നീങ്ങി കൊണ്ട് കിടന്നു.

"ഇന്നെന്തേ... തടവൊന്നും വേണ്ടേ യൂദാസേ?"
അൽപ്പം ഈണത്തിൽ അവനത് ചോദിക്കുമ്പോൾ വീണ്ടും അവളുടെ മുഖം ചുവന്നു.

അവൾ വേഗം തിരിഞ്ഞു കിടന്നു.

"എനിക്കെന്റെ ജീവൻ രക്ഷിക്കാൻ ഒരു തടവ് വേണം.. നിന്നെ എനിക്കത്ര വിശ്വാസം പോരാ.ഇന്ന് എന്നെ കേറി കിസ്സടിച്ച നീ.. ഇനി പീഡിപ്പിക്കാൻ ശ്രമിക്കില്ലെന്ന് ആര് കണ്ടു.. റിസ്‌ക്കെടുക്കാൻ വയ്യ "

അവൾക്കരികിൽ കിടന്നു കൊണ്ടവൻ പറയുമ്പോൾ അഞ്ജലി തലയിണയിൽ മുഖം അമർത്തി.

ഇത്തിരി കഴിഞ്ഞ് അവൻ നോക്കുമ്പോൾ അവൾ അനങ്ങുന്നില്ല.

"ഡീ... യൂദാസേ. നീ ഉറങ്ങിയോ? "

രുദ്രൻ ചോദിച്ചിട്ടും മിണ്ടുന്നില്ല.

അവൻ തിരിഞ്ഞു കിടന്നു കൊണ്ടവളെ ഒന്നുകൂടി വിളിച്ചു നോക്കി.

ദുർബലമായി മൂളുന്നവളിൽ ഒരു കണ്ണീർ നനവ്.

"എന്തിനാ നീ ഇപ്പൊ കരയുന്നേ?"

രുദ്രൻ ചോദിച്ചു.

അവൾ മുഖം ഉയർത്തി നോക്കി.

"ഞാൻ അന്നേരത്തെ ഒരു ആവേശത്തിൽ ചെയ്തു പോയതാ രുദ്രേട്ടാ.അല്ലാതെ "

അവൾ കരച്ചിലമർത്തി കൊണ്ടവനെ നോക്കി.

"അതിന് കരയാൻ മാത്രം ഞാൻ എന്താ നിന്നെ പറഞ്ഞത്.?"
രുദ്രൻ ചോദിക്കുമ്പോൾ... അഞ്ജലി ഒരു നിമിഷം മിണ്ടിയില്ല.

"ഞാനൊരു കളിയായിട്ടാ പറഞ്ഞത്.അത് നിനക്ക് വേദനിച്ചെങ്കിൽ.. റിയലി സോറി "

അതും പറഞ്ഞിട്ടവൻ തിരിഞ്ഞു കിടക്കുമ്പോൾ, അവളിലെ ഹൃദയവേദന ഒന്നുകൂടെ വലുതായി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story