രൗദ്രം ❤️: ഭാഗം 44

raudram

രചന: ജിഫ്‌ന നിസാർ

മുന്നിലൊരാൾ നിൽക്കുന്നുണ്ടെന്ന ഭാവം പോലുമില്ല രുദ്രന്.

അഞ്‌ജലിക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ട്.

ഇന്നലെ രാത്രി തിരിഞ്ഞു കിടന്നവൻ, ഒരുപാട് നേരം നോക്കി ഇരുന്നിട്ടും പിന്നൊന്നും മിണ്ടാതെ ഉറങ്ങിപോയിരുന്നു.

നേരം വെളുത്തിട്ടും ആ കനം അൽപ്പം പോലും കുറഞ്ഞിട്ടില്ലയെന്ന് ഗൗരവത്തോടെയുള്ള ആ ഇരിപ്പ് കണ്ടാലേ അറിയാം.

ഫോണിൽ എന്തോ നിധി ഒളിപ്പിച്ചു പിടിച്ചിട്ടുണ്ട്, അത് കണ്ടെത്തി എടുക്കാനുണ്ട് എന്നൊരു ഭാവമാണ് അപ്പോഴവന്.

"എനിക്ക് കോളേജിൽ പോണം "
ഒടുവിൽ സഹികെട്ട് അഞ്ജലി പറഞ്ഞു.

മ്മ് "

കനത്തിലൊരു മൂളൽ മാത്രം മറുപടി കിട്ടി.

"ഞാൻ പോയ ആരാ ചോറ് വാരി തരിക?"

കുഞ്ഞു കുട്ടികളെ പോലെ മുഖം വീർപ്പിച്ചു പിടിച്ചാണ് ചോദ്യം.

രുദ്രന് ആ നിൽപ്പും ഭാവവും കാണുമ്പോൾ ചിരി വന്നു.

"അതൊക്കെ ഞാൻ മാനേജ് ചെയ്‌തോളാം.. നീ പോയ്ക്കോ "

യാതൊരു അയവുമില്ലാത്ത ഉത്തരം.

അഞ്‌ജലിക്ക് കരച്ചിൽ വരുന്നുണ്ട്.

"എനിക്കത് കേൾക്കുമ്പോൾ, ഞാനങ്ങനെ എല്ലാവരോടും... അങ്ങനൊക്കെ ചെയ്തു നടപ്പാണ് എന്ന് രുദ്രേട്ടൻ പറയും പോലെ തോന്നുന്നു. അതാണ്‌ ഇന്നലെ അങ്ങനെ പറഞ്ഞത്."

അഞ്ജലി പതിയെ തല കുനിച്ചു കൊണ്ട് പറയുമ്പോൾ രുദ്രൻ ഫോണിൽ നിന്നും മുഖം ഉയർത്തി.

"രുദ്രേട്ടൻ ആയതു കൊണ്ടല്ലേ?. എനിക്കത്രയും ഇഷ്ടമുള്ളത് കൊണ്ടല്ലേ? അല്ലേൽ ഞാനങ്ങനെ ചെയ്യില്ല "

കണ്ണീർ നനവുള്ള വാക്കുകൾ.

രുദ്രൻ അവളെ സ്നേഹത്തോടെ നോക്കി.

"അതിനിങ്ങനെ എന്നോട് മിണ്ടാതെ നടക്കല്ലേ.എനിക്ക്.. സങ്കടം വരുവാ. നെഞ്ച് പൊട്ടും പോലൊക്കെ തോന്നുന്നു. അങ്ങനെ തന്നെ പറഞ്ഞോ. ഇനി പറയേണ്ടന്ന് ഞാനും പറയൂല.മിണ്ടുവോ.?ഒന്നെന്നോട് സംസാരിക്ക് രുദ്രേട്ടാ "

കണ്ണ് നിറച്ചു കൊണ്ടവൾ പറയുമ്പോൾ അവൻ ഫോൺ കിടക്കയിലെക്കിട്ട് കൊണ്ട് എഴുന്നേറ്റു.

"നീ എപ്പഴാ യൂദാസേ ഇത്രേം പാവമായി പോയത്.? എനിക്കറിയാവുന്ന ഒരു പുലികുട്ടി ഉണ്ടായിരുന്നു. ഇപ്പൊൾ ഒരുമാതിരി.. അയ്യേ "

രുദ്രൻ അവൾക്ക് മുന്നിൽ പോയി നിന്ന് പറഞ്ഞു.

"നിങ്ങളാ എന്നെ ഇങ്ങനെയാക്കിയത്. നിങ്ങളുടെ പ്രണയത്തെ കൊതിച്ചാണ് ഞാൻ..."

അവൾ പാതിയിൽ നിർത്തി അവനെ നോക്കി വിരൽ ചൂണ്ടി.

"ആണോ? അത്രേം ഇഷ്ടമുണ്ടോ.? മ്മ് "

അവൻ അഞ്ജലിയുടെ കണ്ണിലേക്കു നോക്കി ചോദിച്ചു.

അഞ്ജലി അതേയെന്ന് തലയാട്ടി മുഖം കുനിച്ചു.

രുദ്രൻ അവളുടെ അരികിലേക്ക് നീങ്ങി നിന്നിട്ട് വിരൽ കൊണ്ടവളുടെ മുഖമുയർത്തി.

"ഇഷ്ടം പറയുമ്പോൾ അത് അഭിമാനത്തോടെ പറയെന്റെ യൂദാസേ "

അവന്റെ ഹസ്കി വോയിസ്‌..
കാതിനരികിൽ.

അഞ്ജലി പിടഞ്ഞു കൊണ്ടവനെ നോക്കി.

രുദ്രൻ കണ്ണിറുക്കി കാണിച്ചു.

"ഞാൻ നിന്നോട് മിണ്ടുന്നുണ്ടല്ലോ..ഇല്ലേ?"
രുദ്രൻ ചോദിച്ചു.

"പക്ഷേ.. ഇന്നലത്തെ പോലല്ല ഇന്ന് "
അഞ്ജലി പരിഭവം പറഞ്ഞു.

"അങ്ങനെ വേണ്ടന്ന് നീ തന്നെ എന്നോട് പറഞ്ഞത്. ഞാനത് അനുസരിച്ചു. എന്നിട്ടിപ്പോ എനിക്കാണോ യൂദാസേ കുറ്റം?."

അവനും തിരിച്ചു ചോദിച്ചു.

അഞ്ജലി ഒന്നും മിണ്ടാതെ അവനെ നോക്കി.

അവനും.

ആ നോട്ടത്തിന് മുന്നിൽ അതികനേരമൊന്നും പിടിച്ചു നിൽക്കാൻ അവൾക്കായില്ല.

ഒരൊറ്റ കുതിപ്പിന് അഞ്ജലിയവന്റെ കഴുത്തിലൂടെ കയ്യിട്ട് ഇറുക്കി പിടിച്ചു.

മുറിവുള്ള കൈ അവർക്കിടയിൽ പെട്ട് നന്നായി വേദനിച്ചു.

പക്ഷേ അവനൊന്നും പറഞ്ഞില്ല.

മറുകൈ കൊണ്ടവളെ ചുറ്റി പിടിച്ചു.

"എന്റെയാണ് "ഇത്തിരി നേരം കഴിഞ്ഞു പതിയെ മുഖം ഉയർത്തി അവനെ നോക്കി അഞ്ജലി വാശിയോടെ പറഞ്ഞു.

"ആണോ?"കുസൃതിയോടെ അവനും തിരികെ ചോദിച്ചു.

അഞ്ജലി തലയാട്ടി. അതിനവൻ മറുപടിയൊന്നും പറഞ്ഞില്ല.
മനോഹരമായൊരു ചിരിയുണ്ടായിരുന്നു അവന്റെ ചുണ്ടുകളിൽ.

"ഇപ്പോ എന്നോട് ഒരിത്തിരി ഇഷ്ടമൊക്കെ തോന്നുന്നില്ലേ?"

കൂടുതൽ പറ്റി ചേർന്ന് നിന്ന് കൊണ്ടവൾ ചോദിക്കുമ്പോൾ അവനൊരുപാട് സ്നേഹം തോന്നിയവളോട്.

ഇല്ലല്ലോ "മറുപടി പറയുമ്പോൾ അവന്റെ സ്വരം നിറയെ കുസൃതിയായിരുന്നു.

അവൾ മുഖം ഉയർത്തി കണ്ണുരുട്ടി നോക്കുമ്പോൾ അവൻ കവിളിൽ നാവ് മുഴപ്പിച്ചു കൊണ്ടവളെ നോക്കി പുരികം ഉയർത്തി.

'പ്രിയപ്പെട്ടവളെ... മറ്റാർക്കും പകരമാവാത്തൊരു നിറവോടെ നിന്നെ ഞാനും പ്രണയിക്കുന്നു...

രുദ്രദേവിന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം.. അത് ഇനി നീയായിരുന്നാൽ മതി.

ഇറങ്ങിപോവേണ്ടവളാണ് എന്ന് ഞാൻ ഓർമപെടുത്തിയിട്ടും, പരമാവധി നിന്നിലെ പ്രണയത്തെ അകറ്റിനിർത്തിയിട്ടും ഉപാതികളില്ലാത്ത നിന്റെ സ്നേഹത്തിന് നേരെ ഇനിയുമെങ്ങനെയാണ് ഞാനെന്റെ കണ്ണും മനസ്സും അടച്ചു പൂട്ടുന്നത്..

നിന്നോടല്ല.. അങ്ങനെ ചെയ്യുമ്പോൾ ഞാനെന്നോട് തന്നെയല്ലേ തെറ്റ് ചെയ്യുന്നത്.

എനിക്ക് നിന്നെ പ്രണയിക്കണം. നിന്റെ പ്രണയം നാണിച്ചു തല താഴ്ത്തും വിധം എന്റെ പ്രണയം കൊണ്ട് എനിക്ക് നിന്നെ പൊതിഞ്ഞു പിടിക്കണം.

പക്ഷേ അത് നിന്നെ അറിയിക്കാൻ സമയമായിട്ടില്ല.'

രുദ്രന്റെ കൈകൾ അവളിൽ കൂടുതൽ മുറുകി..
                        ❣️❣️❣️

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാണ് രുദ്രൻ ലാപ്പിൽ നിന്നും തലയുയർത്തി നോക്കിയത്.

അഞ്‌ജലിയും ശിവയുമാണ്.
എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ടാണ് വരുന്നത്.

അവരെ കണ്ടപ്പോൾ രുദ്രന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.

ശിവയോട് സംസാരിച്ചു കൊണ്ട് വന്നിരുന്ന അഞ്ജലി, അവരെ തന്നെ നോക്കി ഇരിക്കുന്ന രുദ്രനെ കണ്ടപ്പോൾ പെട്ടന്ന് തന്നെ ശിവയുടെ പിന്നിലേക്ക് മാറി.

രുദ്രൻ ചുണ്ടുകൾ കൂട്ടി പിടിച്ചുകൊണ്ട് നോട്ടം മാറ്റി.

അവനെ നോക്കിയൊന്നു ചിരിച്ചിട്ട് ശിവ അകത്തേക്ക് പോയപ്പോൾ, അഞ്ജലി പിന്നെയും അവിടെ തന്നെ നിന്നു.

രുദ്രനെ നോക്കുന്നുണ്ട്.

"മ്മ് "
അവൻ പുരികം പൊക്കിക്കൊണ്ട് അവളെ നോക്കി.

"വേദന.. വേദന കുറവുണ്ടോ? "

പതിയെ ചോദിക്കുമ്പോൾ അത് വരെയും ചിരിച്ചുക്കളിച്ചു വന്നവളുടെ മുഖം വാടി പോയിരുന്നു.

"കുറവില്ലെങ്കിൽ...?."
അത് ചോദിക്കുമ്പോൾ രുദ്രന്റെ മുഖത്ത് കുസൃതിയാണ്.

അഞ്ജലിയുടെ മുഖം നിമിഷനേരം കൊണ്ട്  ചുവന്നു തുടുത്തു.

"പറ യൂദാസേ.. കുറവില്ലെങ്കിൽ, നിന്റെ കയ്യിലുള്ള മരുന്ന് തരുവോ?"

അഞ്ജലി മുഖം ചുളിച്ചുക്കൊണ്ടവനെ നോക്കി.

"എന്ത് മരുന്ന്? എന്റെ കയ്യിൽ "
അവൾ നെറ്റി ചുളിച്ചു

"അതൊക്കെയുണ്ട്.ആദ്യം തരുവോ ഇല്ലയോ. അത് പറ "

അവന്റെ മുഖത്തെ ചിരി കണ്ടപ്പോൾ അഞ്ജലികാര്യം മനസ്സിലായി.

അവളുടെ മുഖം ചുവന്നു തുടുത്തു.

അത് കണ്ടപ്പോൾ അവനുറക്കെ പൊട്ടിച്ചിരിച്ചു.

"വേദനയൊക്കെ കുറഞ്ഞു.."
അവളുടെ നിൽപ്പ് കണ്ടപ്പോൾ രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അഞ്ജലി തലയാട്ടി കൊണ്ട് അകത്തേക്കു പോയി.

                      ❣️❣️❣️❣️

"ഇനിയെന്ത് ചെയ്യും "

സ്റ്റീഫൻ ജെറിനെ നോക്കി.

അവനൊന്നും മിണ്ടിയില്ല.

പക്ഷേ മനസ്സിലെ സംഘർഷം മുഖത്ത് കാണാം.

"നമ്മുക്ക്.. നമ്മുക്ക് ഒന്നവനെ പോയി കണ്ടാലോടാ "

സ്റ്റീഫൻ വീണ്ടും ജെറിനെ നോക്കി ചോദിച്ചു.
അവന്റെ നെറ്റി ചുളിഞ്ഞു.

"അത് കൊണ്ടെന്താ കാര്യം.? അവന് മുന്നിൽ ഒരിക്കൽ കൂടി നാണം കെടും. അതിന് വേണ്ടിയോ?"

ജെറിന് വല്ലാത്ത ദേഷ്യം വന്നിരുന്നു.
കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചു പോയി.

"നിന്റെ ദേഷ്യവും വാശിയും കൊണ്ട് ഇനിയൊരിക്കലും രക്ഷപെട്ടു പോവാനാവില്ല ജെറി. എല്ലാംകൊണ്ടും നമ്മളിപ്പോൾ രുദ്രന്റെ കുരുക്കിലാ.ഇനിയൊരു രക്ഷ.. അത് അവൻ തന്നെ കനിയണം "

അങ്ങേയറ്റം തളർന്നു പോയൊരു സ്വരം സ്റ്റീഫനിൽ നിന്നും, ജെറിൻ ആദ്യമായി കേൾക്കുകയാണ്.

എത്ര വലിയ പ്രതിസന്ധികൾ തരണം ചെയ്തിട്ടുണ്ട്.
ഒരു പൂവ് നുള്ളി ഏറിയും ലാഘവത്തോടെ എത്ര പേരുടെ ജീവൻ പറിച്ചെടുത്തിട്ടുണ്ട്.

എത്രയോ പേരുടെ സ്വപ്നങ്ങളും കണ്ണീരും കണ്ടിട്ടുണ്ട്.
അന്നൊന്നും തോന്നാത്തൊരു മാനസികാവസ്ഥാ..

"അപ്പനിങ്ങനെ തളർന്നു തൂങ്ങി പോയാലോ. ഒന്നും വരില്ല. ഇതിനേക്കാൾ വലിയ എത്രയോ പ്രശ്നങ്ങൾ നമ്മൾ നേരിട്ടിട്ടുണ്ട്. പിന്നല്ലേ ഒരു രുദ്രൻ "

നല്ല ഭയം ഉണ്ട് അവനും. പക്ഷേ സ്റ്റീഫന്റെ ഇരിപ്പ് കണ്ടപ്പോൾ അവനുള്ളിൽ ആ ഭയം ഒന്നുകൂടി വർദ്ധിച്ചു.

"ഇത് അത് പോലൊന്നും അല്ലേടാ. എനിക്കെന്തോ.. ഇതിൽ നിന്നും നമ്മുക്കൊരു രക്ഷയില്ലെന്ന് തോന്നുന്നു."
സ്റ്റീഫൻ കസേരയിൽ തളർന്നിരുന്നു.

ജെറിൻ അയാൾക്ക് എതിരെയിരുന്നു.

"നീ ആദ്യം ഞാൻ പറയുന്നതൊന്നു കേൾക്ക്. ഒരു ഏറ്റു പറച്ചിൽ കൊണ്ടെല്ലാം തീരുമെങ്കിൽ, അവനെല്ലാത്തിനും കൂട്ടി നല്ല കനത്തിൽ നമ്മുക്കുള്ള തിരിച്ചടി തരുന്നതിനു മുന്നേ ക്ഷമിക്കാൻ രുദ്രന് ആവുമെങ്കിൽ..അതല്ലേ നല്ലത് "

സ്റ്റീഫന് തന്നെ വലിയ ഉറപ്പൊന്നും ഇല്ലായിരുന്നു,ആ കാര്യത്തിൽ. അതയാളുടെ വാക്കുകളിലെ പതർച്ച തന്നെ എടുത്തു പറയുന്നുണ്ട്.

"അപ്പനുറപ്പുണ്ടോ, അങ്ങനെ ചെന്ന് പട്ടിയെ പോലെ നിന്നാലും അവനെല്ലാം ക്ഷമിച്ചു തരുമെന്ന്?"

ജെറിൻ സ്റ്റീഫനെ നോക്കി ചോദിച്ചു.

ഇല്ലെന്ന് അയാൾ തലയാട്ടി കാണിച്ചു.

"പിന്നെന്തിന് അങ്ങനൊരു ചീഞ്ഞ പരിപാടിക്ക് പോണം? "

ജെറിൻ ദേഷ്യത്തോടെ ചോദിച്ചു.

"ഇനിയും അവന് മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ല ജെറിനെ.ചെയ്തതിനെല്ലാം.. എല്ലാത്തിനും കൂട്ടിയാണ് അവൻ പകരം തരുന്നത് "

സോഫയിലേക്ക് തല ചാരി വെച്ച്, ഭയത്തോടെ സ്റ്റീഫൻ പറഞ്ഞു.
"എല്ലാം അപ്പന്റെ തോന്നലാണ്. ഒന്നും അവസാനിച്ചിട്ടില്ല. അവസാനിക്കുകയുമില്ല. നമ്മൾ ഇങ്ങനെ തന്നെ ജീവിക്കും. അതിനു തടയിടാൻ മാത്രം ചങ്കുറപ്പൊന്നും ഇപ്പോഴും അവനില്ല.നല്ലൊരവസരം വരുമ്പോൾ.... അവനെ പൂട്ടാനുള്ള കുരുക്ക് ഇപ്പോഴും എന്റെ കയ്യിലുണ്ട്. അഴിച്ചാലും അഴിച്ചാലും കൂടുതൽ മുറുക്കി അവനെ ശ്വാസം മുട്ടിച്ചു കൊല്ലാൻ പാകത്തിനുള്ള ഒരു കെണി "

വന്യമായി തിളങ്ങുന്ന ജെറിന്റെ കണ്ണിലേക്കു നോക്കുമ്പോൾ സ്റ്റീഫന്റെ അസ്വസ്ഥത വീണ്ടും കൂടി.

മറുത്തൊരക്ഷരം പറയാതെ അയാളപ്പോഴും തളർന്നിരുന്നു.

                      ❣️❣️❣️

നിനക്കെന്താ ശിവ കോങ്കണ്ണുണ്ടോ? "

ചായ കുടിച്ചു കൊണ്ടിരിക്കെ, ഇടയ്ക്കിടെ ഗേറ്റിലേക്ക് നോക്കുന്ന ശിവയോട് രുദ്രൻ ചോദിച്ചപ്പോൾ അവൾ ചമ്മലോടെ ഇല്ലെന്ന് തലയാട്ടി.
അത് കണ്ടു അഞ്ജലി അവളെ നോക്കി ചിരി അമർത്തി.

ശിവയവളെ അമർത്തിയൊരു നുള്ള് കൊടുത്തു.

"ഇളിക്കല്ലേ "കണ്ണുരുട്ടി കൊണ്ട് ശിവ പറയുമ്പോൾ അഞ്ജലി വേദന കൊണ്ടവളെ നോക്കി പല്ല് കടിച്ചു.

"അടുത്ത ഞ്യായാറാഴ്ച്ചയല്ലേ രുദ്ര.. ശ്രീയുടെ അനിയത്തിയുടെ വിവാഹം.ഇന്നിപ്പോൾ വ്യാഴം ആയില്ലേ. നാളെ ഞങ്ങളങ് ചെല്ലാനാ ഗായത്രി വിളിച്ചു പറഞ്ഞത്."

ഒരുമിച്ചിരുന്നു ചായ കുടിക്കുന്നതിനിടെ ലക്ഷ്മി പറഞ്ഞു.

"നാളെ പോണോ അമ്മേ. മറ്റന്നാൾ പോയാൽ പോരെ. നിങ്ങളെല്ലാം പോയാൽ ഞാൻ ഈ വയ്യാത്ത കയ്യും വെച്ചിട്ട് എന്തോ ചെയ്യും?"

രുദ്രൻ ലക്ഷ്മിയെ നോക്കി ചോദിച്ചു.

"നിന്നെ നോക്കാൻ നിന്റെ ഭാര്യയില്ലേ.?ഞാനും ശിവയും മുത്തശ്ശിയും പോവുന്നുള്ളു "

ലക്ഷ്മി പറഞ്ഞപ്പോൾ അഞ്ജലി ചാടി എഴുന്നേറ്റു.

"ഏയ്‌. ഞാനും വരും. എനിക്കിവിടെ ഒറ്റക്ക് പേടിയാ"

അവൾ പറഞ്ഞു.

രുദ്രന് പോലും ചിരി വന്നു അവളുടെ ഭാവം കണ്ടപ്പോൾ.

"അതിന് നീയെങ്ങനെ ഒറ്റക്കാവും അഞ്ചുസെ.ദേ നോക്ക് ആറടി പൊക്കത്തിൽ, നിന്റെ കെട്ട്യോൻ ഇരിക്കുന്നു.വണ്ണം ഇച്ചിരി കുറവാണ്.അത് നീ കാര്യമാക്കണ്ട. നല്ല ഉശിരുള്ള ചെക്കനാടി "

ശിവ അഞ്ജലിയുടെ താടിയിൽ പിടിച്ചു കൊഞ്ചിക്കും പോലെ ചോദിച്ചു.

"അതൊന്നും ശെരിയാവൂല. ഞാനും വരും അമ്മാ. എനിക്ക് നിങ്ങടെ കൂടെ പോന്ന മതി "
അഞ്ജലി ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

"കയ്യിലും നെറ്റിയിലും മുറിവ് പറ്റി അവശനായി കിടക്കുന്ന.. ഛെ.. ഇരിക്കുന്ന ഈ സ്നേഹനിധിയായ നിന്റെ പ്രിയപ്പെട്ട ഭർത്താവിനെ വിട്ട് നിനക്ക് പോരണോ അഞ്ജുസേ.. വേണോ ന്ന് "

അഞ്ജലിയുടെ രണ്ടു തോളിലും പിടിച്ചു കുലുക്കി കൊണ്ട് ശിവ ചോദിക്കുമ്പോൾ അഞ്ജലി അവളെ നോക്കി പല്ല് കടിച്ചു.

"ഞാനൊന്ന് ചിരിച്ചതിന്, നീ പക വീട്ടുവാണ്.അല്ലേടി "

അഞ്ജലി ചോദിക്കുമ്പോൾ അതേ എന്ന് ശിവ തലയാട്ടി കാണിച്ചു.

"എങ്കിൽ രുദ്രേട്ടനെയും കൊണ്ട് പോവാം "
അഞ്ജലി വേഗം ലക്ഷ്മിയെ നോക്കി പറഞ്ഞു.

"മ്മ്.. നിന്റെ രുദ്രേട്ടൻ പോന്നത് തന്നെ. ഒരു രാത്രി പോലും വേറെവിടെയും പോയി ഇവൻ കിടന്നുറങ്ങിയ ചരിത്രം പറയാനില്ല മോളെ ."

മുത്തശ്ശി പറയുമ്പോൾ അഞ്ജലി രുദ്രനെ നോക്കി.
അവൻ പക്ഷേ മറ്റെങ്ങോ നോക്കി ഇരിപ്പാണ്. ചുണ്ടിൽ ചിരിയോടെ തന്നെ.

"രണ്ടൂസം അല്ലേ മോളെ. ചെന്നില്ലെങ്കിൽ പിന്നെ ശ്രീക്ക് അത് മതി. ഇവിടെ എല്ലാത്തിനും ഓടി നടക്കുന്നവനല്ലേ. പോയില്ലേ മോശമല്ലേ. നീയും ഇവനും കൂടി ഞ്യായാറാഴ്ച്ച രാവിലെ അങ്ങ് എത്തുമല്ലോ "
ലക്ഷ്മി പറഞ്ഞിട്ടും അഞ്ജലിയുടെ മുഖം തെളിഞ്ഞിട്ടില്ല.

"എങ്കിൽ നീ കൂടി ഇവിടെ നിൽക്കേടി ശിവ "

അഞ്ജലി മെല്ലെ ശിവയെ തോണ്ടി കൊണ്ട് പറഞ്ഞു.

"അയ്യോ. അത് പറ്റൂല. എനിക്ക് പോണം "

ശിവ പറഞ്ഞപ്പോൾ അഞ്ജലിയുടെ ചുണ്ടുകൾ കൂർത്തു.

അവളുടെ കണ്ണുകൾ വീണ്ടും രുദ്രനിൽ എത്തി നിന്നു.

'ഇവിടെ എന്ത് നടന്നാലും എനിക്കൊന്നൂല്ല 'എന്ന ഭാവത്തിലാണ്, ദ്രോഹി.

"എനിക്ക് വേണ്ടിയാരും റിസ്ക് എടുത്തു നിൽക്കണമെന്നില്ല. പോവേണ്ടവർക്ക് പോവാം "

അഞ്ജലിയുടെ നോട്ടം കണ്ട് രുദ്രൻ പറഞ്ഞു.

അത് പറഞ്ഞത് തന്നോട് മാത്രമാണെന്ന് അഞ്‌ജലിക്ക് മനസ്സിലായി.

ദേഷ്യമല്ല.. അതവന്റെ പരിഭവമാണെന്നും തോന്നിയിരുന്നു അവൾക്ക്.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story