രൗദ്രം ❤️: ഭാഗം 45

raudram

രചന: ജിഫ്‌ന നിസാർ

"അപ്പൊ ഇതായിരുന്നു നിന്റെ കണ്ണ് ഇടയ്ക്കിടെ തേടി കൊണ്ടിരുന്ന കാര്യം. ല്ലേ "

അഞ്ജലി പതിയെ ചോദിക്കുമ്പോൾ ശിവ നാണത്തോടെ മുഖം കുനിച്ചു കൊണ്ടവളെ നോക്കി തലയാട്ടി കാണിച്ചു.

"ഓ.. എന്താ അഭിനയം. രണ്ടും കൂടി കല്യാണത്തിന് അവസരം തരില്ലേ.നിങ്ങള് ? ഇങ്ങനെ പോയാൽ "

അഞ്ജലി വീണ്ടും ചോദിക്കുമ്പോൾ ശിവയുടെ മുഖം കൂർത്തു.

"കയറി വാ ജീവ "
രുദ്രൻ എഴുന്നേറ്റു നിന്ന് കൊണ്ട് ക്ഷണിച്ചു.

ജീവനും ചിരിച്ചു കൊണ്ട് കൈ നീട്ടി.

"ഇന്നലെ ഹോസ്പിറ്റലിൽ നിന്നും കൊണ്ട് വന്നയുടനെ പോയതല്ലേ ഞാൻ.?നിന്നെയൊന്നു കാണാം എന്ന് തോന്നി വന്നതാ "

അഞ്ജലിയെ ചാരി നിൽക്കുന്ന ശിവയെ നോക്കിയാണ് അവനത് പറയുന്നത്.
രുദ്രനും ചിരിച്ചു കൊണ്ട് ശിവയെ നോക്കി തലയാട്ടി.

അവൾ വേഗം അഞ്‌ജലിക്ക് പിന്നിൽ മറഞ്ഞു നിന്നിരുന്നു.

എങ്ങനുണ്ട്. വേദനയുണ്ടോ? "
വീണ്ടും ജീവൻ ചോദിച്ചു.

"ഏയ്‌.. ഇതൊരു ചെറിയ സംഭവമല്ലേ . കൈ രണ്ടു ദിവസം കൂടി കെട്ടി വെക്കാൻ പറഞ്ഞിട്ടുണ്ട്."

രുദ്രൻ കയ്യിലൊരു തട്ട് കൊടുത്തു കൊണ്ട് ജീവനെ നോക്കി ചിരിച്ചു.

"അമ്മയ്ക്ക് സുഖമാണോ മോനെ?"

ലക്ഷ്മി ചിരിച്ചു കൊണ്ടവനോട് ചോദിച്ചു.

"സുഖമാണ് "

അവനും അവരെ നോക്കി ചിരിച്ചു.

"അവന് കഴിക്കാൻ വല്ലതും എടുത്തു കൊടുക്ക് ശിവാ "

മുത്തശ്ശി പറയുമ്പോൾ, ശിവ അനുസരണയോടെ തലയാട്ടി അകത്തേക്കു നടന്നു.

വാല് പോലെ അഞ്‌ജലിയും.

"എന്നിട്ട് വിശേഷങ്ങൾ പറയെടോ "

രുദ്രൻ ജീവന് നേരെ തിരിഞ്ഞിരുന്നു..

                      ❣️❣️❣️
"എന്നാലും നീ എന്തിനാ ശിവാ സാറിനെ വിളിച്ചു വരുത്തിയത്?"
ശിവ ജ്യുസ് ഉണ്ടാക്കാൻ ഫ്രൂട്സ് എടുക്കുന്നതിനിടെ ആയിരുന്നു അഞ്ജലിയുടെ ചോദ്യം..

"സാറിനെ ഉപ്പിലിട്ട് വെക്കാൻ. ന്തേയ്‌ "
ശിവയ്ക്ക് അവളുടെ ചോദ്യം കേട്ടപ്പോൾ ദേഷ്യം വന്നു.

"എന്തോന്ന്..?

അഞ്ജലി കണ്ണ് തള്ളി കൊണ്ട് ചോദിച്ചു.

"കുന്തം.. അല്ലപിന്നെ. എടീ അങ്ങേര് എന്നെ കെട്ടാൻ പോകുന്നവനാ. കെട്ടുന്നേനു മുന്നേ ഇത്തിരി റോമാൻസിക്കാനും നീ ഒന്നും സമ്മതിച്ചു തരില്ലേ.. അവളുടെ ഒരു ചോദ്യം "

ശിവ കണ്ണുരുട്ടി..

അതിന് നീ എന്തിനാ പെണ്ണെ ചാടി കടിക്കാൻ വരുന്നേ. ഞാൻ ചോദിച്ചതല്ലേ ഒള്ളു "

അഞ്ജലി മുഖം വീർപ്പിച്ചു.

"നീയും നിന്റെ കെട്ട്യോനും ഒട്ടും റൊമാന്റിക് അല്ലാട്ടോ അഞ്ജുസേ "

ശിവ അവളുടെ താടി പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

"പോ അവിടുന്ന്. നീ എന്നോട് മിണ്ടണ്ട. "

അഞ്ജലി അവളുടെ കൈ തട്ടി മാറ്റി.

"അതെന്താ. പെട്ടന്നൊരു പിണക്കം. മ്മ് "

ശിവ അവളെ നോക്കി.

"നിന്നോട് ഞാൻ അമ്മയുടെയും മുത്തശ്ശിയുടെയും കൂടെ ഗായേച്ചിയുടെ വീട്ടിലോട്ട് പോണ്ടാന്ന് പറഞ്ഞിട്ട്, അത് കേട്ടില്ലല്ലോ "

അഞ്ജലി മുഖം വീർപ്പിച്ചു പിടിച്ച് എണ്ണി പെറുക്കി പറയുന്നത് കേട്ട് ശിവ വാ പൊത്തി ചിരിച്ചു.

"അതിന് നീ എന്നോട് നന്ദി പറയും. പിന്നീടൊരിക്കൽ. നോക്കിക്കോ "
ശിവ അതേ ചിരിയോടെ തന്നെ പറഞ്ഞു.

അഞ്‌ജലിക്ക് അവൾ പറഞ്ഞത് മനസ്സിലായില്ല.

അവൾ നെറ്റി ചുളിച്ചു കൊണ്ട് ശിവയെ നോക്കി.

"എന്റെ പിള്ളേരെ.. ഇങ്ങനെ മുഖത്തോട് മുഖം നോക്കി ഇരുന്ന ആ കുട്ടി പോയാലും നിങ്ങൾ ജ്യുസ് ഉണ്ടാക്കി തീരില്ലല്ലോ?"

ലക്ഷ്മി അങ്ങോട്ട്‌ വന്നു ചോദിച്ചു.

ശിവ വേഗം.. കയ്യിലുള്ളതെല്ലാം അമ്മയെ ഏല്പിച്ചു.

ലക്ഷ്മി ഒന്ന് കണ്ണുരുട്ടി കാണിച്ചു.

"വാ, നമ്മുക്ക് രുദ്രേട്ടന്റെ അടുത്ത് പോയി നിൽക്കാം "

ലക്ഷ്മി ജോലി ഏറ്റെടുത്തതോടെ അഞ്ജലിയെ വലിച്ചു കൊണ്ട് ശിവ പറഞ്ഞു.

"ഞാനെങ്ങുമില്ല. നീ ഒറ്റയ്ക്കങ്ങു പോയി വായി നോക്കിയ മതി."

അഞ്ജലി അവിടെ തന്നെ ബലം പിടിച്ചിരുന്നു.

ശിവ അവളെ നോക്കി കണ്ണുരുട്ടി നോക്കിയിട്ടും അഞ്ജലി പുച്ഛത്തോടെ അവിടെ തന്നെയിരുന്നു.

"കൊണ്ട് പോയി കൊടുക്ക് "
ശിവയുടെ കയ്യിലേക്ക് ഗ്ലാസ്‌ വെച്ച് കൊടുത്തു ലക്ഷ്മി പറഞ്ഞു.

അവൾ വീണ്ടും അഞ്ജലിയെ നോക്കി.

"ശിവാ "

രുദ്രന്റെ വിളി കേട്ടപ്പോൾ ശിവ പിന്നെ നിൽക്കാതെ വേഗം അങ്ങോട്ട്‌ നടന്നു.

കയ്യിലുള്ള ജ്യുസ് ജീവനും രുദ്രനും കൊടുത്തു കൊണ്ടവൾ രുദ്രന്റെ അരികിൽ പോയി നിന്നു.

"റെഡിയായി വാ. നമ്മുക്കൊന്ന് പുറത്ത് പോവാം "
ജീവൻ ശിവയോട് പറഞ്ഞു.

അവൾ രുദ്രന്റെ നേരെയാണ് നോക്കിയത്.

അവനും തലയാട്ടി കാണിച്ചു.

"നീ കൂടി വാ രുദ്ര.. ഇവിടെ ഏതായാലും വെറുതെ ഇരിപ്പല്ലേ. പുറത്തൊക്കെ പോയി ഒന്ന് ചുറ്റി റിലാക്സ് ആയിട്ട് വരാം "

പോവാനിറങ്ങും നേരം ജീവൻ രുദ്രനെ കൂടി വിളിച്ചു.

"ഇല്ലെടാ. നിങ്ങൾ പോയിട്ട് വാ ഇപ്പൊ. ഒരുമിച്ച് നമ്മുക്ക് മറ്റൊരിക്കൽ പോവാം. "

രുദ്രൻ ചിരിച്ചു കൊണ്ട് തന്നെ അവന്റെ ക്ഷണം നിരസിച്ചു.

"എങ്കിൽ നീ വാ അഞ്ജലി.?"

ജീവൻ അഞ്ജലിയെ നോക്കി.

"പോയാലോ.?റെഡിയായി വാ "

ശിവയും അഞ്‌ജലിയെ നോക്കി പറഞ്ഞു.

"ഇല്ല.. നിങ്ങൾ പോയിട്ട് വരൂ. രുദ്രേട്ടൻ പറഞ്ഞത് പോലെ നമ്മൾക്ക് മറ്റൊരിക്കൽ പോവാം "

അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു.

ശിവയുടെ മുഖം ഒന്ന് മങ്ങി.

"പോയിട്ട് വാ ശിവ. ഞാനെന്തിനാ നിങ്ങൾക്കിടയിലെ കട്ടുറുമ്പാവുന്നത്.?ഈ മോന്ത വീർപ്പിച്ചു പിടിക്കാതെ പോയി എൻജോയ് ചെയ്തു വാ "

സന്തോഷത്തോടെ തന്നെ അഞ്ജലി അവരെ യാത്രയാക്കി.

                   ❣️❣️❣️

"എന്താണ്, മുഖം ഇങ്ങനെ. ഒരു സന്തോഷമില്ലല്ലോ?ഞാൻ പറഞ്ഞിട്ടല്ലേ വന്നത്. എന്നോട് ഒക്കെ പറഞ്ഞത് നീയല്ലേ ശിവ?"

പ്രതീക്ഷിച്ച ഒരു സന്തോഷം അവളിൽ ഇല്ലെന്ന് തോന്നിയിട്ടാണ് ജീവൻ അങ്ങനെ ചോദിച്ചത്.

"ഏയ്‌. ഒന്നുല്ല സർ. ഞാൻ ഹാപ്പിയാണ് "

ശിവ വേഗം അവനെ നോക്കി വെപ്രാളത്തോടെ പറഞ്ഞു.

"ഏയ്‌. ടെൻഷനാവണ്ട. മുഖം കണ്ടപ്പോൾ എനിക്കങ്ങനെ തോന്നി. അത് തന്നോട് പറഞ്ഞു. അത്രേ ഒള്ളു "
ജീവൻ അവളുടെ ഭാവം കണ്ടപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

"രുദ്രനും അഞ്‌ജലിയും ഇനിയും സെറ്റായിട്ടില്ല,അല്ലേ?"

ജീവൻ ചോദിക്കുമ്പോൾ അവനോട് ഒരുത്തരം പറയാൻ ശിവ വല്ലാതെ ബുദ്ധിമുട്ടി.

"എനിക്കങ്ങനെ തോന്നി.. അവരുടെ കൂടെ ഇരിക്കുമ്പോൾ "

ശിവയുടെ കൈയ്യിൽ വിരൽ കോർത്തു പിടിച്ചു കൊണ്ട് ജീവൻ പറഞ്ഞു.

"രുദ്രന് അവളെയും അവൾക്ക് അവനെയും ഒരുപാട് ഇഷ്ടമാണ് ശിവ. അതോർത്തു കൊണ്ട് നീ വെറുതെ സങ്കടപെടേണ്ട "

ജീവൻ അവളുടെ വിരൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

അതെങ്ങനെയറിയാം? "
ശിവ അത്ഭുതത്തോടെ നോക്കി.

"അതൊക്കെ അറിയാടോ. "ജീവൻ കുസൃതിയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

"പ്രണയിക്കുമ്പോൾ നമ്മളെത്ര പിടി കൊടുക്കാതിരിക്കാൻ ശ്രമിച്ചാലും.. ചിലപ്പോഴൊക്കെ നമ്മുടെ കണ്ണുകൾ ചതിക്കും ശിവ. തേടുന്നവരെ മുന്നിൽ കാണുമ്പോൾ നക്ഷത്രം പോലെ തിളക്കമുണ്ടാവും.."

ജീവൻ പറയുമ്പോൾ ശിവയവനെ നോക്കി.

"ഇപ്പോഴുള്ള നിന്റെ കണ്ണുകളിലെ തിളക്കം പോലെ "

അവളുടെ വിരൽ തുമ്പിൽ ചുണ്ട് ചേർത്ത് കൊണ്ടവൻ പറഞ്ഞു.
                     ❣️❣️❣️❣️

ശിവ ഇല്ലാത്തത് കൊണ്ടാവാം.. അഞ്ജലി പതിവുപോലെ മിണ്ടുന്നില്ല.

തൂങ്ങി പിടിച്ചു ഒരു മൂലയിൽ ഒതുങ്ങി പോയിരുന്നു.
ഇല്ലെങ്കിൽ ഏത് നേരവും എന്തെങ്കിലും പറഞ്ഞും ചിരിച്ചും നടക്കുന്നത് കാണാം.. രണ്ടും.

"നീ എന്താ യൂദാസേ, ജീവൻ വിളിച്ചപ്പോൾ പോവാതിരുന്നത് "

ഉറങ്ങാൻ കിടന്നിട്ടും മൗനം വിടാതെ കിടക്കുന്നവളെ നോക്കി രുദ്രൻ പതിയെ ചോദിച്ചു.

"ഡീ.. നീ ഉറങ്ങിയോ?"

ഇത്തിരി കഴിഞ്ഞും ചോദ്യത്തിന് ഉത്തരം കിട്ടാതെയായപ്പോൾ രുദ്രൻ ചോദിച്ചു.

"ഇല്ല.."

അരികിൽ കിടന്നവളുടെ സ്വരം.. അവൻ അവൾക് നേരെ ചെരിഞ്ഞു കിടന്നു.

അഞ്ജലി ഒന്നുക്കൂടി ചുവരോട് ചേർന്ന് കിടന്നുവപ്പോൾ.

"എങ്കിൽ ഉത്തരം പറ. എന്തേ പോവാഞ്ഞേ?"

അവനാ ചോദ്യം ഒന്നുക്കൂടി ആവർത്തിച്ചു.

"എന്നെ കെട്ടിയത് ജീവേട്ടൻ അല്ലല്ലോ. രുദ്രേട്ടനല്ലേ?"

അവളുടെ ചോദ്യം.

"ഓഹോ. അതായിരുന്നോ?"

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

"ശിവയില്ലാഞ്ഞിട്ടാണോ, നിനക്കൊരു മിണ്ടാട്ടം ഇല്ലാത്തെ?"

അവനത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടിയില്ല.

"ഏറിയാൽ ഒരു മൂന്ന് മാസം കൂടി. അതിനിടയിൽ അവളുടെ വിവാഹമാണ്. അപ്പൊ നീ എന്ത് ചെയ്യും.? ഇപ്പഴേ ഇങ്ങനെയാണെങ്കിൽ "

രുദ്രൻ ചോദിച്ചു.

"ഒപ്പം ജനിച്ചിട്ടും കൂടപ്പിറപ്പിന് തരാൻ കഴിയാത്ത സ്നേഹം എനിക്ക് നൽകുന്നത് ശിവയാണ് രുദ്രേട്ടാ. പക്ഷേ അവളുടെ സന്തോഷത്തിനേക്കാൾ വലുതല്ല, എന്റെ സങ്കടം."

അഞ്ജലി പറയുമ്പോൾ രുദ്രന് മനസ്സിലാവുന്നുണ്ട്.. ആ മനസ്സിലെ വിങ്ങൽ.

അവൾ പറഞ്ഞത് ശെരിയാണ്.

ഇവിടൊന്നു മനസ്സ് തുറന്നു മിണ്ടാൻ അഞ്‌ജലിക്ക് ശിവയല്ലാതെ വേറെ ആരാണ് ഉള്ളത്.

അവളിലെ വേദന പതിയെ തന്നിലേക്കും പടർന്നു കയറുന്നത് രുദ്രൻ അറിഞ്ഞു.

പിന്നൊന്നും പറയാതെ.. ഹൃദയവേദനയോടെ തന്നെ അവനും  കണ്ണടച്ച് കിടന്നു.

                  ❣️❣️❣️

രുദ്രനും അഞ്‌ജലിക്കും ഉച്ചക്ക് കഴിക്കാൻ ഉള്ള ഭക്ഷണമെല്ലാം റെഡിയാക്കി വെച്ചിട്ടാണ് അവർ പോവാനിറങ്ങിയത്.

"പറ്റുമെങ്കിൽ നാളെ വൈകുന്നേരം തന്നെ അങ്ങോട്ട്‌ വാ മോനെ.. മോളേം കൂട്ടി. ശ്രീക്ക് അത് വല്ല്യ സന്തോഷമാവുമല്ലോ?"

ഒരുങ്ങി ഇറങ്ങി ലക്ഷ്മി രുദ്രനോട് പറഞ്ഞത് അഞ്ജലിയുടെ നിൽപ്പ് കണ്ടിട്ട് തന്നെയായിരുന്നു.

അവനൊന്നും മിണ്ടാതെ വെറുതെ ഒന്ന് തലയാട്ടി കാണിച്ചു.

"ഏട്ടനെ ഇങ്ങനെ ഇട്ടിട്ട് പോന്നാലും നിനക്കൊരു സമാധാനം ഉണ്ടാവില്ല അഞ്ജുസേ.അല്ലേൽ നിനക്കൂടെ പോരായിരുന്നു."

ശിവ അഞ്ജലിയുടെ മുന്നിൽ ചെന്ന് നിന്ന് കൊണ്ട് പറഞ്ഞു.

"കുഴപ്പമില്ലടി. നീ പോയിട്ട് വാ. പറ്റിയാ ഞാൻ ഈ പേടിതൊണ്ടനെയും കൊണ്ട് നാളെ വൈകുന്നേരം അങ്ങോട്ട്‌ വരാം "

അഞ്ജലി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു.

"എന്റേട്ടൻ പേടിതൊണ്ടനൊന്നുമല്ല "

ശിവ അഞ്ജലിയെ നോക്കി ചുണ്ട് കോട്ടി.

അഞ്ജലി ചിരി കടിച്ചു പിടിച്ചു കൊണ്ടവളെ നോക്കി.

"സത്യം പറഞ്ഞോ. മുന്നേ ഒരു ദിവസവും നീ ഇത് തന്നെ പറഞ്ഞു. നീ എന്താ ഏട്ടനെ ചെയ്തത്? "

അഞ്ജലിയെ ഒന്ന് അടിമുടി നോക്കി കൊണ്ട് ശിവ ചോദിച്ചു.

"ജസ്റ്റ്‌ ഒരു ലിപ് ലോക്ക് "

ചൂണ്ടു വിരൽ ഉയർത്തി കാണിച്ചു കൊണ്ട് അഞ്ജലി പറയുമ്പോൾ ശിവ ഞെട്ടി കൊണ്ട് അവളെ നോക്കി.അവളുടെ കണ്ണുകൾ പുറത്ത് ചാടുമെന്ന പരുവത്തിലായിരുന്നു.

"ഏട്ടൻ സമ്മതിച്ചോ അതിന്.. ഏട്ടന് നിന്നോട്...."
ശിവ പാതിയിൽ നിർത്തി കൊണ്ടവളെ നോക്കി.

"പിന്നെ.. നിന്റേട്ടൻ എന്ന് പറയുന്ന ആ പേടി തൊണ്ടൻ എന്റെ കെട്ട്യോൻ കൂടിയ.ഒരു കിസ് ചെയ്യാൻ ഞാൻ അങ്ങേരുടെ സമ്മതം കാത്തു നിൽക്കാൻ പോവല്ലേ. അതിന് അഞ്ജലി വേറെ ജനിക്കണം.

അഞ്ജലി പുച്ഛത്തോടെ പറയുമ്പോൾ, ശിവ അവളെ നോക്കി ഒന്ന് തലയാട്ടി.

"ശിവാ.. കഴിഞ്ഞില്ലേ.?"

പുറത്ത് നിന്നും ലക്ഷ്മി വിളിച്ചു ചോദിക്കുന്നത് കേട്ടു.

ദാ വരുന്നു "

ശിവ മറുപടി പറഞ്ഞു കൊണ്ട് ബാഗ് എടുത്തു ചുമലിൽ തൂക്കി.

"ഇത്രേം ഒക്കെ ആയ സ്ഥിതിക്ക്.. എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് അഞ്ജുസേ "

ശിവ അഞ്ജലിയെ നോക്കി.

"എന്താ.. പറഞ്ഞോ?. എന്നെ കൊണ്ട് പറ്റുന്നതാണേൽ ഞാൻ നടത്തി തരാം "
അഞ്ജലി അൽപ്പം ജാഡയിട്ട് കൊണ്ട് പറഞ്ഞു.

"നിന്നെ കൊണ്ട് പറ്റും. നിന്നെ കൊണ്ടേ പറ്റൂ "

ശിവയവളുടെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു.

"കിസ്സടിച്ചപ്പോൾ ഏട്ടൻ നിന്നോട് ദേഷ്യം കാണിച്ചില്ല എങ്കിൽ.. ഇനി നീ ഒന്നും നോക്കണ്ട.. അങ്ങേരുടെ ഭാര്യയാണെന്ന് കൂടി വേഗം തെളിയിച്ചു കൊടുക്ക്.."

ശിവ സ്വകാര്യം പോലെ പറയുമ്പോൾ ആദ്യം അഞ്ജലി അവളെ ഒന്ന് നോക്കി.
ശിവയുടെ മുഖത്തെ കള്ളചിരി കണ്ടിട്ടാണ് പിന്നെയവൾക്ക് കാര്യം മനസ്സിലായത്.

ഡീ "

ദേഷ്യത്തോടെ വിളിച്ചു കൊണ്ട് അഞ്ജലി പിടിക്കും മുൻപ് ശിവ ഓടി പോയിരുന്നു.

സിറ്റൗട്ടിൽ.. രുദ്രൻ ഇരിക്കുന്നത്തിന്റെ അരികിൽ പോയി നിന്നിട്ട് പുരികം ഉയർത്തി കാണിക്കുന്ന ശിവയെ നോക്കി അഞ്ജലി പല്ല് കടിച്ചു.

"രണ്ടും കൂടി തല്ല് പിടിക്കാതെ, ഇരിക്കണം. കേട്ടോ "

ഇറങ്ങും മുന്നേ ലക്ഷ്മി അഞ്ജലിയെ നോക്കി ഓർമിപ്പിച്ചു.

അവൾ രുദ്രനെ ഒന്ന് നോക്കി.

അവൻ തിരിച്ചും.

"ഞാൻ പറഞ്ഞത് മറക്കണ്ട ട്ടോ "

അഞ്ജലിയുടെ അരികിൽ വന്നിട്ട് ശിവ ഒന്ന്കൂടെ ഓർമിപ്പിച്ചു കൊണ്ട് ഓടി ഇറങ്ങി പോയി.

ഓട്ടോയിലാണ് അവർ പോയത്.

കൈ വീശി യാത്ര പറഞ്ഞു പോയവർക്ക് നേരെ നോക്കി സിറ്റൗട്ടിലെ പടിയിൽ ചാരി നിൽക്കുന്നവളുടെ ചിരി പതിയെ മാഞ്ഞു പോകുന്നത് നോക്കി രുദ്രൻനിരുന്നു.

"ചോറ് കഴിക്കാൻ ആവുമ്പോൾ പറഞ്ഞ മതി.. ഞാൻ അകത്തുണ്ടാവും "

അഞ്ജലി അവനെ നോക്കി പറഞ്ഞു കൊണ്ട് അകത്തേക്കു നടന്നു.

                 ❣️❣️❣️❣️

"എനിക്ക് ഇപ്പൊ എന്തായാലും വരാൻ പറ്റില്ല. "

വെറുതെ ബുക്കിന് മുന്നിൽ ഇരിക്കുമ്പോഴാണ് അഞ്ജലി രുദ്രൻ ഉറക്കെ പറയുന്നത് കേട്ടത്.
വൈകുന്നേരം ഏഴ് മണി ആവുന്നേയുള്ളൂ.

വീട്ടിലാരും ഇല്ലാത്തത് കൊണ്ട് തന്നെ മൈന്റ് ഒട്ടും ശെരിയല്ല.

ഇത്തിരി നേരം പഠിക്കാം എന്ന് കരുതി ഇരുന്നതാണ്.
പക്ഷേ അതിനും പറ്റുന്നില്ല.

രുദ്രനെ ചെന്ന് നോക്കുമ്പോൾ ലാപ്പ് തുറന്നു വെച്ച് കൊണ്ട്.. വളരെ ഗൗരവത്തോടെ എന്തോ ചെയ്യുന്നത് കണ്ടു.
പിന്നെ അങ്ങോട്ട്‌ പോയി ശല്യം ചെയ്യാതെ നേരെ മുറിയിലേക്ക് പോന്നു.

എല്ലാം കൂടി വല്ലാത്തൊരു വിങ്ങൽ.

ബുക്ക്‌ അടച്ചു വെച്ചിട്ട് അഞ്ജലി രുദ്രന്റെ അരികിലേക്ക് നടന്നു.

അവൻ നല്ല ടെൻഷനിലാണ് എന്നവൾക്ക് മനസ്സിലായി.

"എന്താ രുദ്രേട്ടാ "

അടുത്ത് ചെന്ന് നിന്ന് ചോദിക്കുമ്പോൾ, അവൻ തല ചരിച്ചു നോക്കി.

"പ്രശ്നം വല്ലതുമുണ്ടോ "

ചോദിക്കുമ്പോൾ അവൾക്കുള്ളിലും ഭയം തോന്നി തുടങ്ങിയിരുന്നു.

ജെറിന്റെ വാക്കുകൾ വീണ്ടും ഹൃദയം തപ്പി എടുത്തു ഓടി കൊണ്ട് വന്നു കയ്യിൽ പിടിപ്പിച്ചു.

അവന്റെ മുഖം ഓർക്കുമ്പോൾ ഉണ്ടായിരുന്ന ധൈര്യം കൂടി ചോർന്നുപോയി.

"ഏയ്‌.. ഒന്നുമില്ല "

പതിവില്ലാതെ ഒരു മുറുക്കം, ആ വാക്കുകൾക്ക്.

അവനൊന്നും പറയില്ലെന്ന് തോന്നിയിട്ടാണ് അഞ്ജലി തിരികെ നടക്കാൻ തുടങ്ങിയത്.

"ഡീ... യൂദാസേ "

അഞ്ജലിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് രുദ്രൻ അവളെ അരികിൽ ഇരുത്തി.

" ടെൻഷനാവണ്ട.നീ ഉദ്ദേശിച്ചത് പോലൊരു പ്രശ്നവുമില്ല. കമ്മീഷണർ ആണ് വിളിച്ചത്. അയാൾക്കെന്നെ അത്യാവശ്യമായിട്ടൊന്ന് കാണണം. അത് പറഞ്ഞിട്ട്. "
അവളുടെ കണ്ണിലെ ഭയം പതിയെ വിട്ട് പോവുന്നത് അവനറിയാൻ കഴിഞ്ഞു.

"പോവുന്നില്ലേ.."

അൽപ്പം കഴിഞ്ഞു അഞ്ജലി രുദ്രനെ നോക്കി ചോദിച്ചു.

"ഇല്ല."

അവൻ പറഞ്ഞു.

"എന്തേ..?"

അഞ്ജലി വീണ്ടും അവനെ നോക്കി.

"നിന്നെ തനിച്ചാക്കി എങ്ങോട്ടും പോവരുതെന്നാ അമ്മയുടെ ഓർഡർ.അത് അനുസരിക്കണ്ടേ "

ചിരിച്ചു കൊണ്ട് അവൻ പറയുമ്പോൾ അവളുടെ ചുണ്ടുകൾ കൂർത്തു.

"എനിക്ക് പേടിയൊന്നുമില്ല "

അവൾ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.

"എനിക്ക് പേടിയുണ്ടല്ലോ? നിന്റെ കണക്കിൽ ഞാൻ പേടിതൊണ്ടൻ അല്ലേ? നിന്നെ പോലെ ചാടി കയറി കിസ്സ് ചെയ്യാനൊന്നും നമ്മൾക്ക് ധൈര്യമില്ലേ.."

അതേ ചിരിയോടെ അവൻ പറഞ്ഞു.
അവൾ ഇരിക്കാനും എഴുന്നേറ്റു പോവാനും പറ്റാത്ത അവസ്ഥയിലാണ്.

അവനൊന്നും മിണ്ടാതെ അവളെ തന്നെ നോക്കി ഇരുന്നു.

വീണ്ടും അവന്റെ ഫോൺ അടിക്കുന്നത് കേട്ടു.

"എനിക്ക് ഒട്ടും പറ്റാത്തൊരു സിറ്റുവേഷൻ ആയത് കൊണ്ടാണ്. ഇല്ലെങ്കിൽ ഞാൻ വന്നിരുന്നു."

അഞ്ജലിയെ ഒന്ന് നോക്കി കൊണ്ട് അവൻ പറഞ്ഞു.

"ഏയ്‌.. കൈ വേദന കൊണ്ടൊന്നും അല്ല. എന്റെ.. എന്റെ വൈഫ്‌ ഇവിടെ ഒറ്റയ്ക്കാണ്."

അഞ്ജലിയെ ഒന്ന് നോക്കി പതിയെ രുദ്രൻ അത് പറയുമ്പോൾ, അവൾ വിടർന്ന കണ്ണോടെ അവനെ നോക്കി.

പിന്നീട് രുദ്രൻ പറഞ്ഞതൊന്നും അഞ്ജലി കേട്ടില്ല.
ഹൃദയം അവന്റെയാ ഒറ്റ വാക്കിന്റെ ചിറകിലേറി ദൂരേക്ക് ദൂരേക്ക് പറന്നു പോയി..

ഡീ.. യൂദാസേ "

രുദ്രൻ തട്ടി വിളിക്കുമ്പോൾ അവൾ ഞെട്ടി പോയി.

"നിനക്കൊറ്റയ്ക്ക് ഇരിക്കാൻ പേടിയില്ലെന്ന് പറഞ്ഞത് സത്യമാണോ "

അവൻ ചോദിച്ചു.

അഞ്ജലി നെറ്റി ചുളിച്ചു.

"എനിക്കൊന്ന് പുറത്ത് പോയെ പറ്റൂ."

അവൻ അവളുടെ ഭാവം കണ്ടപ്പോൾ പറഞ്ഞു.

"പോയിട്ട് വരൂ.. എനിക്ക് പേടിയൊന്നുമില്ല "

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നിട്ടും രുദ്രന്റെ മുഖം തെളിഞ്ഞിട്ടില്ല.

"പേടിക്കണ്ട.. ആരും അറിയേം വേണ്ട.ഞാൻ അകത്തിരുന്നോളാം. പെട്ടന്ന് വന്നാൽ മതി "

അഞ്ജലി വീണ്ടും പറഞ്ഞു.

"അല്ലെങ്കിൽ നീയും കൂടി വാ..വണ്ടിയിൽ ഇരുന്നാ മതിയല്ലോ "

രുദ്രൻ പറയുമ്പോൾ, അഞ്ജലിയുടെ ഉള്ളം സന്തോഷം കൊണ്ട് നിറഞ്ഞു.

തന്നെ ഓർത്തുള്ള വേവലാതി, അതും സ്നേഹം തന്നെയല്ലേ.

"അതൊന്നും വേണ്ട. ഏഴ് മണിയല്ലേ ആയിട്ടുള്ളു. വേഗം പോയിട്ട് വന്നാൽ മതി "

അവൾ വീണ്ടും പറഞ്ഞു.
             ❣️❣️❣️❣️

"ഒറ്റയ്ക്ക് ഇരിക്കുമല്ലോ അല്ലേ?"

ഡ്രസ്സ്‌ മാറി കൊണ്ട് വന്നിട്ട് രുദ്രൻ വീണ്ടും ചോദിച്ചു.
അഞ്ജലി ചിരിച്ചു കൊണ്ട് തലയാട്ടി.

"അര മണിക്കൂർ കൊണ്ട് ഞാൻ തിരിച്ചു വരും. വാതിൽ അടച്ചു അകത്തിരുന്നോ "

ഇറങ്ങും മുന്നേ രുദ്രൻ പറഞ്ഞു.

അതിനും അവൾ തലയാട്ടി.

"സൂക്ഷിച്ചു പോണേ. കൈ വയ്യാത്തതല്ലേ?"

കാറിൽ കയറി ഇരുന്നവനോട്‌ അഞ്ജലി വിളിച്ചു പറഞ്ഞു.

അവനും തലയാട്ടി.

"വാതിൽ അടച്ചു പോ. ഞാൻ വിളിച്ചിട്ട് തുറന്നാൽ മതി "

അവൻ പറയുമ്പോൾ, കൈ വീശി കാണിച്ചു കൊണ്ട് അഞ്ജലി അകത്തേക്ക് നടന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story