രൗദ്രം ❤️: ഭാഗം 46

raudram

രചന: ജിഫ്‌ന നിസാർ

കനത്ത നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് അഞ്ജലിയുടെ ഫോൺ ബെല്ലടിച്ചു.

ഹാളിലെ  സോഫയിൽ ചാരി ഇരുന്നിരുന്ന അവൾ ഞെട്ടി പോയി.

"മോളെ..."

റീത്തയാണ്.

അവൾക്കുള്ളിൽ ഇത്തിരി ആശ്വാസം പടർന്നു.
രുദ്രൻ പോയപ്പോൾ മുതൽ അരിച്ചെത്തിയ ഭയം അവളെ കീഴ്പ്പെടുത്തി കളഞ്ഞിരുന്നു.

ഒറ്റക്കിരിക്കാനുള്ള പേടിയല്ല. മറിച്ച് വല്ലാത്തൊരു അസ്വസ്ത്ഥത ഒന്നാകെ പൊതിഞ്ഞു.

"അഞ്ജു... എന്തേ വയ്യേ..?"

ശബ്ദത്തിലെ വിറയൽ അറിഞ്ഞു കൊണ്ടാണ് ആ ചോദ്യം.

അവളൊന്നു ശ്വാസം എടുത്തു.

"ഒന്നും ഇല്ല അമ്മേ. പെട്ടന്ന് അമ്മയുടെ വിളി കണ്ടപ്പോൾ "

അഞ്ജലി ചിരിച്ചു കൊണ്ട് പറയാൻ ശ്രമിച്ചു.
പക്ഷേ എന്തോ അവൾക്കതിനു കഴിഞ്ഞില്ല. ഹൃദയം പേരറിയാത്ത ഒരു ഭയത്തിന്റെ പിടിയിലാണ്.

വിശേഷം മുഴുവനും പറഞ്ഞു റീത്ത ഫോൺ വെച്ചിട്ടും അഞ്ജലി അതേ അവസ്ഥയിൽ തന്നെയായിരുന്നു.
എന്താ പറ്റിയത് എന്ന് റീത്ത വീണ്ടും വീണ്ടും ചോദിക്കുന്നുണ്ട്.

പക്ഷേ അവരോട് പറയാൻ മാത്രം എന്താണ് തന്റെ പ്രശ്നം എന്ന് അവൾക്കപ്പോഴും അറിയുന്നില്ല.

ഒടുവിൽ റീത്ത ഫോൺ വെച്ചതും.. കോളിങ് ബെൽ അടിച്ചതും അവൾ വാതിൽ തുറക്കാൻ ഓടി.

ഫോൺ വിളിച്ചത് കാരണം, വണ്ടി വന്നു നിന്നത് അറിഞ്ഞില്ലല്ലോ എന്നാണ് അവളോർത്തത്.

അത് വരെയും ഉള്ളിൽ ഉണ്ടായിരുന്നു ഭയം, അവന്റെ തിരിച്ചു വരവോടെ ഇല്ലാതായി പോയിരുന്നു.

പക്ഷേ വാതിൽ തുറന്നിറങ്ങിയവളെ അപ്പാടെ വിഴുങ്ങി കളയാൻ പാകത്തിന് നിറഞ്ഞ ചിരിയോടെ അവനുണ്ടായിരുന്നു പുറത്ത്.

ജസ്റ്റിൻ..

അവളെ ഒന്നാക്കെ ചുഴിഞ്ഞു നോക്കി കൊണ്ടവൻ നന്നായി ഒന്ന് ചിരിച്ചു കൊണ്ട് താടി ഉഴിഞ്ഞു.

വിറച്ചിട്ട് അവളുടെ മുഖം വിളറി വെളുത്തു പോയിരുന്നു.

"മറന്നു പോയോ മോളെ എന്നേ?"

ഒന്നൂടെ അടുത്തേക്ക് നിന്ന് കൊണ്ട് അവൻ ചോദിക്കുമ്പോൾ അഞ്ജലി പെട്ടന്ന് വാതിലടക്കാൻ ഒരു ശ്രമം നടത്തി.
പക്ഷേ അത് മുൻകൂട്ടി കണ്ടിരുന്ന പോലെ അവളെ അകത്തേക്ക് തള്ളി നീക്കി കൊണ്ട് അവനും അകത്തു കയറി.
ഒരക്ഷരം മിണ്ടാൻ കഴിയാതെ വിറച്ചു നില്കുന്നവളെ നോക്കി... ചുണ്ട് കടിച്ചു കൊണ്ടവൻ വാതിൽ അടച്ചു.

ഇറങ്ങി പോവാൻ പറയണമെന്നും, മുഖം അടച്ചോന്ന് കൊടുക്കണം എന്നുമുണ്ടായിരുന്നു അവൾക്.

പക്ഷേ അനങ്ങാൻ പോലും പറ്റുന്നില്ല.

"എത്ര നാളായിട്ട് ഇങ്ങനൊരു അവസരം കൊതിച്ചു നടക്കുന്നുണ്ട് എന്നറിയോ നിനക്ക്. ജസ്റ്റിൻ മോഹിച്ചതൊന്നും എനിക്ക് കിട്ടാതെ പോയിട്ടില്ല അഞ്ജു മോളെ "

ഈണത്തിൽ ജസ്റ്റിൻ പറഞ്ഞു.
അവൾ കൂടുതൽ ചുവരിലേക്ക് ചേർന്ന് നിന്നു കൊണ്ടവനെ ഭയത്തോടെ നോക്കി.

"നിന്റെ മറ്റവന്റെ സമ്മാനം.. നിന്നെ ഒന്ന് തൊട്ടതിന്. അതിപ്പോഴും എന്റെ മുഖത്ത് നീറുന്നുണ്ട് "

അവൻ ദേഷ്യത്തോടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.

"അന്ന്.. അന്ന് ഞാനും കരുതി വെച്ചതാ അവനൊരിക്കലും മറക്കാത്ത ഒരു സമ്മാനം എനിക്ക് തിരിച്ചു കൊടുക്കണം എന്ന് "

അവൻ വീണ്ടും അവളെ നോക്കി ചിരിച്ചു.

"രുദ്രൻ സ്നേഹം കൊണ്ട് മൂടാൻ കൊതിച്ചവൾക്ക് ഞാൻ എന്റെ മുഴുവൻ സ്നേഹവും കൊടുത്തു തീർക്കുന്നു. ഒരു മധുരപ്രതികാരം "

ചുണ്ടിൽ ഒരു വഷളൻ ചിരിയോടെ ജസ്റ്റിൻ പറയുമ്പോൾ.. അഞ്ജലി മനസ്സിൽ പ്രാർത്ഥനയിലാണ്.
രുദ്രേട്ടൻ ഒന്ന് വേഗം വന്നിരുന്നെങ്കിൽ.
അല്ലാതെ ഒറ്റയ്ക്ക് ഇവനെ നേരിടാൻ ആവില്ല.

"നിനക്കെന്താ അഞ്ജു മോളെ. എന്നോടൊന്നും പറയാനില്ലേ. എവിടെ പോയി നിന്റെ വീറും വാശിയും. ചേട്ടനൊന്ന് കാണട്ടെ ഡി. അപ്പോഴല്ലേ കളിക്കൊരു ഹരം കൂടുന്നത് "

അവൻ അവൾക്ക് തൊട്ടരികിൽ എത്തിയിരുന്നു.

അവൻ വരുന്നെന്നാവും നിന്റെ വിചാരമല്ലേ?എങ്കിൽ അത് വേണ്ട.അവനിറങ്ങി പോവുന്നത് കണ്ടിട്ട് തന്നെയാണ് ഞാൻ ഇങ്ങോട്ട് കയറി വന്നത്.. സമയം വളരെ കുറവാണ്. അവൻ വരും മുൻപ് ചേട്ടനും പോവണ്ടേ. അത് കൊണ്ട് മോളിങ് വന്നേ. നല്ല കുട്ടിയായി"

ജസ്റ്റിൻ കയ്യിൽ പിടിക്കും മുന്നേ അഞ്ജലി തെന്നി മാറി.

അത് കണ്ടതും ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ജസ്റ്റിൻ തലയാട്ടി.

അവൻ വീണ്ടും അടുത്തേക്ക് വരുന്നതിന് അനുസരിച്ചു അഞ്ജലി കുതറി മാറി.

ഭയം അവളെ പൂർണമായും കീഴടക്കിയ പോലായിരുന്നു.

"നീ എത്ര നേരം പിടിച്ചു നിൽക്കും.."

അവൻ ചോദിച്ചതും അഞ്ജലിയെ ഒറ്റ വലിക്ക് ചേർത്ത് പിടിച്ചു.

കരയും മുന്നേ ജസ്റ്റിൻ അവളുടെ വാ പൊതിഞ്ഞു പിടിച്ചു.

"അടങ്ങി നിന്നാൽ ജീവനെങ്കിലും നിനക്ക് ബാക്കി കിട്ടും. ഇല്ലെങ്കിൽ അതും ഇല്ലാതെയാവും. അതിന്റെ പേരിൽ നിന്റെ മറ്റവനെ ഞങ്ങൾ വളരെ എളുപ്പത്തിൽ പൂട്ടും "

കാതിൽ അവന്റെ ദുഷിച്ച വാക്കുകൾ.

അഞ്ജലി കണ്ണുകൾ ഇറുക്കി അടച്ചു.

ജസ്റ്റിന്റ കൈകൾ അവളിൽ മുറുകി തുടങ്ങിയ അതേ നിമിഷം തന്നെയാണ് വാതിൽ തുറന്നു കൊണ്ട് രുദ്രൻ കയറി വന്നത്.

മുന്നിലെ കാഴ്ചകൾ കണ്ടു ഞെട്ടി പോവേണ്ടത്തിന് പകരം അവന്റെ ചുണ്ടിൽ ചിരിയാണ്.
ഇരയെ കെണി വെച്ചു പിടിച്ച വേട്ടകാരന്റെ ശൗര്യം നിറഞ്ഞ ചിരിച്ചു.

അത് കണ്ടപ്പോൾ തന്നെ ജസ്റ്റിന്റെ പിടി അയഞ്ഞിരുന്നു.

കുതറി മാറി നീങ്ങിയ അഞ്ജലി അപ്പോഴാണ് രുദ്രനെ കണ്ടത്.

കരഞ്ഞു കൊണ്ട് നിൽക്കുന്നവൾക്ക് നേരെ അവന്റെയും കണ്ണുകൾ പാഞ്ഞു.

അഞ്ജലി കരഞ്ഞു കൊണ്ട് തന്നെ അവന്റെ നേരെ ഓടി.

രുദ്രൻ രണ്ടു കയ്യും കൊണ്ടവളെ സ്വീകരിച്ചു.

"കരയണ്ട... ഞാൻ വന്നില്ലേ "

പതിയെ പുറത്ത് തട്ടി കൊണ്ടവൻ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു.

ആ സമയം രക്ഷപെട്ടു പോകാൻ പഴുതു തേടിയവനെ ഞെട്ടിച്ചു കൊണ്ട് വാതിൽ അടച്ചു കൊണ്ട് റെജിയും സലീമും കൂടി കയറി വന്നിരുന്നു.

                   ❣️❣️❣️❣️❣️

"രുദ്രന്റെ പെണ്ണിനെ മോഹിക്കാൻ നിനക്കീ ഉശിര് പോരാ ജസ്റ്റിൻ."
താഴെ വീണു കിടക്കുന്നവന്റെ നേരെ നോക്കി രുദ്രൻ പുച്ഛത്തോടെ പറഞ്ഞു.

ജസ്റ്റിന് ഒന്ന് മൂളാൻ കൂടി ആവാതില്ല.
ആ പരുവത്തിൽ കിട്ടിയിട്ടുണ്ട്.
റെജിയും സലീമും അവരെ നോക്കി സോഫയിൽ ഇരിക്കുന്നു.

"നീ ഇങ്ങ് വന്നേ യൂദാസേ "
രുദ്രൻ കൈ കാട്ടി വിളിക്കുമ്പോൾ അഞ്ജലി പേടിയോടെ തന്നെ അവന്റെ അരികിലേക്ക് ചെന്നു.

അത്രയും ദേഷ്യത്തോടെ അവനെ അവൾ കണ്ടിട്ടേയില്ലായിരുന്നു.

ജസ്റ്റിനെ തല്ലി ചതച്ചു കൊണ്ടവൻ പറഞ്ഞ വാക്കുകൾ..
അതിലേറെയും മുഴച്ചു നിന്നത്, അഞ്ജലി രുദ്രന്റെ പെണ്ണാണ് എന്നത് തന്നെയായിരുന്നു.

"ഒരിക്കൽ.. ഇവൾക്ക് നേരെ നിന്റെ ദുഷിച്ചനോട്ടം ചെന്നതിനുള്ളത് അന്നേ നിനക്ക് ഞാൻ തന്നതല്ലേ ജസ്റ്റിനെ. പിന്നെയും ജെറിന്റെ ധൈര്യത്തിലാവും നീ വീണ്ടും വന്നത് അല്ലെ?"

രുദ്രൻ ചോദിക്കുമ്പോൾ അഞ്ജലി ഞെട്ടി കൊണ്ട് രുദ്രനെയും ജസ്റ്റിനെയും മാറി മാറി നോക്കി.

'ചേട്ടായിയാണോ ഇവനെ ഇങ്ങോട്ട് വിട്ടത്.'

എത്ര ഒതുക്കി പിടിച്ചിട്ടും അവളിൽ നിന്നും ഒരു കരച്ചിൽ ഉയർന്നു.

അതേ നിമിഷം രുദ്രന്റെ കൈകൾ അവളിൽ ഒന്നൂടെ മുറുകി.

തളർന്നു തൂങ്ങിയത് പോലെ തന്റെ നെഞ്ചിൽ പതുങ്ങിയ അവളെ അവനെത്ര മുറുക്കി പിടിച്ചിട്ടും മതിയാവാത്ത പോലെ.. ആ കൈകൾ വീണ്ടും വീണ്ടും മുറുകി.

"ഒരു ആക്സിഡന്റ്.. അങ്ങനെയേ ഇവനെ കുറിച്ച് പുറം ലോകം അറിയാൻ പാടുള്ളു. കോടതിവഴി ജയിലിൽ പോയി സുഖിച്ചു ജീവിക്കാൻ നിന്നെ ഞാൻ വിടില്ല ജസ്റ്റിൻ .ചെയ്തു കൂട്ടിയത് ഓർത്തു ജീവിക്കാൻ വേണ്ടിയുള്ള വെറുമൊരു പാഴ്ത്തടി. അങ്ങനെ വേണം ഇനി എനിക്ക് ഇവനെ കാണാൻ..ബാക്കി വരുന്നത് ഞാൻ നോക്കിക്കൊള്ളാം. മനസ്സിലാവുന്നുണ്ടോടാ "

രുദ്രൻ റെജിയെയും സലീമിനെയും നോക്കി കൊണ്ട് പറഞ്ഞു.

ജസ്റ്റിന്റെ ഞരക്കവും അഞ്ജലിയുടെ കരച്ചിലും മാത്രം കേൾക്കാം.

സലീമും റെജിയും തലയാട്ടി കൊണ്ട് എഴുന്നേറ്റു.

"നീ വിഷമിക്കണ്ട ജസ്റ്റിൻ. നിന്നെ വിട്ടവനുള്ളതും അതികം വൈകാതെ തന്നെ കിട്ടിയിരിക്കും."

രുദ്രന്റെ മുഖത്ത് ക്രൂരത നിറഞ്ഞ ഒരു ചിരിയുണ്ടായിരുന്നു, അത് പറയുമ്പോൾ.

                 ❣️❣️❣️❣️❣️

"ഇനിയും എന്തിനാ യൂദാസേ നീ വിറക്കുന്നെ? "

അവരിറങ്ങി പോയിട്ടും കിടക്കയിൽ കൂനി കൂടി ഇരിക്കുന്നവൾക്ക് നേരെ നോക്കി ചോദിച്ചു കൊണ്ടാണ് രുദ്രൻ ബാത്റൂമിൽ നിന്നും ഇറങ്ങി വന്നത്.

അവൾ ഞെട്ടി കൊണ്ട് ഒന്നൂടെ പിറകിലേക്ക് വലിഞ്ഞു.

അത്രമാത്രം പേടിച്ചു പോയത് കൊണ്ടായിരിക്കും അതെന്ന് അവനും മനസിലായി.

ജസ്റ്റിനും ജെറിനും രണ്ടു ദിവസമായി ഈ പരിസരത്ത് ചുറ്റി കറങ്ങി നടപ്പുണ്ടെന്ന് അറിഞ്ഞിരുന്നു.
പറ്റിയൊരു അവസരമാണ് അവര് തേടുന്നത് എന്നും മനസ്സിലായി.
അങ്ങനൊരു അവസരമൊരുക്കി കൊടുത്തത് മനഃപൂർമാണ്.

റെജി വിളിച്ചിട്ടാണ് പുറത്തേക്ക് പോയതും.

അവൻ നെടു വീർപ്പോടെ അഞ്ജലിയെ നോക്കി.

കൈ കൊണ്ട് തന്നെ മുടി ഒന്ന് ചീകി ഒതുക്കി കിടക്കയിൽ വന്നിരുന്നു.

"ഡീ... യൂദാസേ "
തല കുനിച്ചിരിക്കുന്നവളെ തട്ടി വിളിക്കുമ്പോൾ ഞെട്ടി കൊണ്ടവൾ ചുവരിൽ ചാരി ഇരുന്നു.

"നിനക്കെന്നെയാണോ യൂദാസേ, ഭയം "
അത് ചോദിക്കുമ്പോൾ അവന്റെ സ്വരത്തിൽ വേദനയാണ്.

അഞ്ജലി അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
അപ്പോഴും ആ കണ്ണിലെ നനവ് മാറിയിട്ടില്ല.

"പേടിക്കണ്ട.. ആരും നിന്നെ ഇനി ഒന്നും ചെയ്യില്ല.. ഞാനുണ്ടാകും. എന്നും ഉണ്ടാവും "

അവനറിയാതെ തന്നെ ഉള്ളിലെ സ്നേഹം പുറത്ത് വരുന്നുണ്ട്.
കാരണം അത്ര മേൽ തകർന്നിരിക്കുന്നവളെ കാണുമ്പോൾ അവൾ അനുഭവിക്കുന്നതിനേക്കാൾ വേദന.. അത് അവനിലാണ്.

"വാ. നേരം ഒരുപാടായി. വല്ലതും കഴിക്കണ്ടേ?"
അവൻ അലിവോടെ അഞ്ജലിയുടെ കൈയ് പിടിച്ചു.

"എനിക്ക് വേണ്ട.. രുദ്രേട്ടാ .

അഞ്ജലി അടഞ്ഞു പോയ ശബ്ദത്തിൽ മറുപടി പറഞ്ഞു.

"അതെന്താ യൂദാസേ നിനക്ക് വേണ്ടാത്തെ?"

രുദ്രൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

"വേണ്ടാഞ്ഞിട്ടാ.."
അഞ്ജലി വീണ്ടും പറഞ്ഞു.

"ഞാൻ വാരി താരാടി "
കണ്ണിലേക്കു നോക്കി അവൻ പറയുമ്പോൾ അഞ്ജലി മുഖം കുനിച്ചു.

"എന്നാ എനിക്കും വേണ്ട "
രുദ്രനും കിടക്കാൻ ഒരുങ്ങി.

"വാ.. കഴിക്കാം"
അവനുംഒന്നും കഴിക്കാതെ കിടക്കാൻ ഒരുങ്ങുന്നത് കണ്ടു കൊണ്ടാണ് അഞ്ജലി വേഗം പറഞ്ഞത്.

രുദ്രന്റെ മുഖത്ത് നിറയെ ഒരു കള്ളചിരിയുണ്ടായിരുന്നു അത് കേൾക്കുമ്പോൾ.

കിടക്കയിൽ നിഞ്ഞും നിരങ്ങി ഇറങ്ങി പോയവൾക്ക് പിറകെ തന്നെ അവനും ചെന്നു.

അഞ്ജലി ആദ്യം ചെന്ന് മുഖമൊന്നു കഴുകി തുടച്ചു.
അവൾ ചൂടാക്കി എടുത്തു വെച്ച ഭക്ഷണം ഓരോന്നും ടേബിളിൽ കൊണ്ട് വെച്ചത് രുദ്രനാണ്.

ഒടുവിൽ കഴിക്കാൻ അവൾ വരുവോളം അവനും കാത്തിരുന്നു.

അഞ്ജലി വന്നിരുന്നപ്പോൾ ഒരു പ്ളേറ്റ് മാത്രം അവൻ എടുത്തിട്ടുള്ളു.

"എവിടെ പോകുവാ?"
വീണ്ടും എഴുന്നേറ്റു പോകാൻ നിന്നവളെ അവൻ പിടിച്ചിരുത്തി.

"ഒരു പ്ളേറ്റ്..

അഞ്ജലി പ്ളേറ്റിനു നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.

"രണ്ട് ദിവസം നീയല്ലേ യൂദാസേ എനിക്ക് ചോറ് വാരി തന്നത്. ഇന്ന് ഞാൻ അത് തിരികെ ചെയ്യും. അതെന്റെ അവകാശമാണ്  "

രുദ്രൻ പറയുന്നതിനിടെ തന്നെ ചോറ് ഉരുട്ടി അവൾക്ക് നേരെ നീട്ടി.

തികച്ചും ശാന്തമായ ആ മുഖം... അൽപ്പം മുന്നേ രൗദ്ര രൂപത്തിൽ മുന്നിൽ നിന്നവനല്ല എന്ന് പോലും തോന്നി അഞ്‌ജലിക്ക്.

"ഭക്ഷണത്തിന് മുന്നിൽ ഇരുന്നു കരഞ്ഞാൽ.. ചവിട്ടി എടുത്തു ഞാനാ തോട്ടിൽ കളയും ട്ടാ യൂദാസേ "

വീണ്ടും കണ്ണ് നിറച്ചവളെ നോക്കി.. രുദ്രൻ പറഞ്ഞു.

അവൾ പുറം കൈ കൊണ്ട് കണ്ണ് തുടച്ചു.

"നിന്റെ ഈ വാടിയ സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ല. സത്യം പറയമല്ലോ. നിനക്കാ പഴയ വീറും വാശിയുമുള്ള സ്വഭാവം ആയിരുന്നേ ഞാനൊന്ന് പ്രണയിക്കാൻ ട്രൈ ചെയ്തേനെ "

ചിരിച്ചു കൊണ്ട് അവൻ പറയുമ്പോൾ അഞ്ജലി ചിരിച്ചു.

കഴിഞ്ഞ കുറച്ചു സമയം മുൻപ്.. രുദ്രന്റെ പെണ്ണിനെ തൊട്ടു എന്നുള്ള കലിപ്പോടെ ഒരുത്തനെ കൊല്ലാ കൊല ചെയ്തു വിട്ടവനാണ്.

സ്വന്തം നെഞ്ചിൽ ചേർത്ത് പിടിച്ചു ഇവളെന്റെ പെണ്ണാണ് എന്ന് ചങ്കുറപ്പോടെ... പ്രണയത്തോടെ വിളിച്ചു പറഞ്ഞവനാണ് പ്രണയിക്കാൻ ശ്രമിക്കാം എന്ന് പറയുന്നത്.

ചിരിക്കയല്ലാതെ മറ്റെന്തു ചെയ്യും.

അവനെ തന്നെ നോക്കി ഇരുന്നു കൊണ്ടവൾ ബാക്കി കൂടി വാങ്ങി കഴിച്ചു.
അവൾക് കൊടുക്കുന്നതിനൊപ്പം തന്നെ അവനും കഴിക്കുന്നുണ്ട്.

കഴിച്ചു കഴിഞ്ഞു അവൾ അതെല്ലാം ഒതുക്കി വരുന്നത് വരെയും ഫോണും നോക്കി.. അവളുടെ അരികിൽ തന്നെ അവനും ഉണ്ടായിരുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story