രൗദ്രം ❤️: ഭാഗം 48

raudram


രചന: ജിഫ്‌ന നിസാർ

"എങ്ങോട്ടാണാവോ.. ഇത്രേം വെളുപ്പിന് "

ഒരുങ്ങി വരുന്ന സ്റ്റീഫനെ നോക്കി ഹാളിൽ ഇരിക്കുന്ന ജെറിൻ ചോദിച്ചു.
അയാളാ ചോദ്യം കേട്ടതായി പോലും ഭാവിച്ചില്ല.

ഷർട്ടിന്റെ കൈ മടക്കി കൊണ്ട് വാതിൽ ലക്ഷ്യം വെച്ചു നടന്നു.

"നിങ്ങക്കെന്നാ.. ചെവി കേട്ടൂടെ.."
പിറകിൽ നിന്നും ജെറിന്റെ ശബ്ദം ഉയർന്നു.

സ്റ്റീഫൻ അവന് നേരെ തിരിഞ്ഞു നിന്നു.

യാതൊരു ദയവുമില്ലാത്ത ക്രൂരത നിറഞ്ഞ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ വീണ്ടും സ്റ്റീഫന്റെ ഉള്ളിലെ വേദന തിങ്ങി.

കുറ്റബോധം തല പൊക്കി..

മുറിവേറ്റ ഹൃദയം വീണ്ടും പിടഞ്ഞു..

താൻ തെറ്റ് ചെയ്തു.. അവൻ ചെയ്തു കൂട്ടിയ തെറ്റുകൾക്ക് നേരെ കണ്ണടച്ച് പിടിച്ചു.

ഇന്നിപ്പോൾ തിരുത്താൻ ആവാത്ത വിധം വളർന്നു വലുതായി തന്നെ അപ്പാടെ വിഴുങ്ങികളയാൻ വായും പൊളിച്ചു നിൽക്കുന്ന പോലെ.

"അപ്പാ... നിങ്ങളോടാ ഞാൻ ചോദിക്കുന്നത് "

ജെറിൻ വീണ്ടും ശബ്ദമുയർത്തി.

"ഞാൻ നിന്റെ അമ്മയുടെ അടുത്തേക്കാണ് ജെറിൻ."
പറയുമ്പോൾ സ്റ്റീഫന്റെ സ്വരം ശാന്തമായിരുന്നു.
മുഖവും.

ഓ... ജെറിൻ പരിഹാസത്തോടെ അയാളെ നോക്കി.

"നിങ്ങൾക്ക് നാണമുണ്ടോ അപ്പാ. നമ്മളെ വേണ്ടന്ന് പറഞ്ഞു.. എല്ലാം ഇട്ടെറിഞ്ഞു പോയവരെ വീണ്ടും തിരികെ വിളിക്കാൻ. ഛേ "

അവൻ തല കുടഞ്ഞു.

"നിന്റെ അമ്മ ഇട്ടെറിഞ്ഞു പോയതാ. സത്യം തന്നെ. പക്ഷേ അത് നമ്മളെ അല്ലേടാ മോനെ. നമ്മളിൽ ഉണ്ടായിരുന്ന ക്രൂരതകളെയാണ്. അനീതികളെയാണ്. തെറ്റ് പറ്റിയത് അമ്മയ്‌ക്കൊ അഞ്ജലിക്കോ അല്ല ജെറിൻ. നമ്മൾക്കാണ്. എനിക്കും നിനക്കുമാണ്."

പറയുമ്പോൾ സ്റ്റീഫൻ ചെറുതായി കിതച്ചു.

ജെറിന്റെ ചുണ്ടിൽ അപ്പോഴും പുച്ഛമാണ്.

"കുറ്റബോധം തോന്നാനും.. തെറ്റിൽ നിന്നു വിട്ട് നിൽക്കാനും ഒക്കെ എനിക്ക് തോന്നി തുടങ്ങിയ സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു.. ഇനി ഒരു രക്ഷയില്ലെന്നു അറിഞ്ഞു കൊണ്ട് തന്നെയാണ് എന്റെ ഓരോ നിമിഷവും മുന്നോട്ടു പോകുന്നത്. ഞാനും നശിച്ചു.. നിന്നെയും നശിപ്പിച്ചു "

അങ്ങേയറ്റം കുറ്റബോധം തന്നെ ആയിരുന്നു സ്റ്റീഫനിൽ.

"പരാജയം മനുഷ്യനെ വിജയിപ്പിക്കും എന്നാണ്. പക്ഷേ രുദ്രൻ നൽകിയ പരാജയങ്ങൾ എന്റെ കണ്ണ് തുറപ്പിച്ചു. ഇനി അങ്ങോട്ട് വല്ല്യ ആയുസ്സൊന്നും കാണത്തില്ല. പക്ഷേ ഒരു തെറ്റ് തിരുത്താൻ ആയാൽ.. അത്രയും സമാധാനം കിട്ടുമല്ലോ. എന്റെ മനസ്സിൽ ഇപ്പൊ അത്രെയേ ഒള്ളു "

സ്റ്റീഫൻ തളർച്ചയോടെ പറഞ്ഞിട്ട് തിരിഞ്ഞു..

"ഓ.. അപ്പൊ സ്റ്റീഫൻ ഇനി അങ്ങോട്ട് പുണ്യാളൻ ആണ് എന്ന് "

ജെറിൻ ഒരു കുതിപ്പിന് അയാളുടെ മുന്നിൽ വന്നു നിന്നു.

"പക്ഷേ എനിക്കിപ്പോഴും നല്ല ധൈര്യം ഉണ്ട്. വിശ്വാസവും ഉണ്ട്. അവന്റെ അച്ഛന്റെ മരണം അപ്പന്റെ കൈ കൊണ്ട് ആയിരുന്നു. ഇനി ഉള്ളത് മകനാണ്.. അവൻ... അവൻ എനിക്കുള്ളതാ.. തീർക്കും ഞാൻ. എനിക്ക് വരുത്തിയ നഷ്ടങ്ങൾക്കൊക്കെ പകരം ചോദിച്ചു കൊണ്ട് തന്നെ ഞാനും തീർക്കും. അപ്പൻ നോക്കിക്കോ "

ജെറിൻ വെല്ലുവിളിയോടെ ചോദിച്ചു.അവന്റെ കണ്ണിലെ പക. ആദ്യം ആ പകയും ദേഷ്യവും സ്റ്റീഫന്റെ ധൈര്യം ആയിരുന്നു എങ്കിൽ ഇന്നത് കാണുമ്പോൾ വല്ലാത്ത പേടിയാണ് അയാൾക്.

"നടക്കില്ല ജെറിനെ. കാരണം സത്യം അവന്റെ കൂടെയാണ്. നീതി അവന്റെ ഭാഗത്താണ്. ന്യായം അവൻ പറയുന്നതാണ്. പിടിച്ചു നിൽക്കാൻ ആവില്ല.."

സ്റ്റീഫൻ പറയുമ്പോൾ ജെറിന്റെ മുഖം  ദേഷ്യം നിറഞ്ഞു.

"അപ്പൻ ചെല്ല്.. പോയിട്ട് കെട്ട്യോളേം വിളിച്ചു ഒന്ന് പള്ളിയിലും പോയി കുമ്പസരിച്ചു പോരെ.. ഇനി അതാണ്‌ നല്ലത് "

ജെറിൻ ചുണ്ട് കോട്ടി.

സ്റ്റീഫൻ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി.

പറയുന്നത് രുദ്രനെ ഇല്ലാതെയാക്കുന്ന കാര്യമാണ്. പക്ഷേ അവന്റെ കണ്ണുകളിൽ രുദ്രനോടുള്ള.... ഭയം കറുത്ത് കരുവാളിച്ചു കിടക്കുന്നു.

"കർമ്മ എന്നൊന്ന് ഉണ്ട് ജെറിനെ. ചെയ്യുന്നതിനുള്ളത് തീർച്ചയായും കിട്ടും.."

അതും പറഞ്ഞിട്ട് സ്റ്റീഫൻ തിരിഞ്ഞു നടന്നു.

ജെറിൻ കലിയോടെ തന്നെ അത് നോക്കി നിന്നു.

സ്റ്റീഫന്റെ കാർ കണ്ണിൽ നിന്നും മറഞ്ഞ ഉടനെ തന്നെ അവൻ അകത്തേക്കു കയറി.

ഫോൺ എടുത്തിട്ട് വീണ്ടും ജസ്റ്റിനെ ഒന്നൂടെ വിളിച്ചു നോക്കി.

"നീ ധൈര്യമായിട്ടിരിക്ക്.. അവനുള്ള പണി ഞാൻ കൊടുത്തോളം 'എന്ന് വാക്കും പറഞ്ഞു പോയവനാണ്.
എത്ര വിളിച്ചിട്ടും കിട്ടുന്നില്ല.

ഫോൺ വലിച്ചെറിഞ്ഞു കളഞ്ഞു കൊണ്ടവൻ വീണ്ടും കണ്ണടച്ച് കസേരയിൽ ചാരി കിടന്നു.

ഒരു സ്വസ്ഥതയും കൊടുക്കാതെ മനസ്സ് അവനെ കൂടുതൽ കൂടുതൽ ശല്യപെടുത്തി കൊണ്ടേയിരുന്നു.. അപ്പോഴും.

                      ❣️❣️❣️❣️

ഇളം വെയിൽ അരിച്ചെത്തുന്ന മുറ്റത്തേക്ക് നോക്കി.. കയ്യിലെ ചായ ഗ്ലാസ്‌ അഞ്ജലി ചുണ്ടോട് ചേർത്തു.

ഹൃദയം ശാന്തമായി മിടിക്കുന്നു.
വേദനകളോ വേവലാതികളോ ഇല്ല.

ഉള്ളിലെ എല്ലാ നോവുകളും ഒരൊറ്റ ദിവസം കൊണ്ടവൻ മായ്ച്ചു കളഞ്ഞിരുന്നു.

അവന്റെ ഓർമയിൽ തന്നെ അവളിൽ ഒരു കുളിര് പാഞ്ഞു കയറി..

"നീ എന്നേ സ്വപ്നം കാണുവാണോ, യൂദാസേ "

പിന്നിൽ നിന്നും ചുറ്റി പിടിച്ചു കൊണ്ട് രുദ്രൻ കാതോരം ചോദിക്കുമ്പോൾ അവൾ ഞെട്ടി പിടഞ്ഞു.

"നീ എപ്പഴാ എന്നീറ്റ് പോന്നത്. ഞാൻ അറിഞ്ഞില്ലല്ലോ. വിളിച്ചൂടായിരുന്നോ എന്നേ "

അവളുടെ തോളിൽ താടി മുട്ടിച്ചു കൊണ്ടവൻ പതിയെ ചോദിച്ചു.

"ഇന്ന് എവിടെങ്കിലും പോണുണ്ടോ അതിന് "

അഞ്ജലി അവന് നേരെ മുഖം ചരിച്ചു കൊണ്ട് ചോദിച്ചു.

"ഇല്ല.."
അവൻ കണ്ണ് ചിമ്മി കാണിച്ചു.

"പിന്നെന്തേ "
അഞ്ജലി വീണ്ടും ചോദിച്ചു.

" മോർണിംഗ് റോമാൻസ് നല്ല രസമാണ് യൂദാസേ "

അവൻ കള്ളചിരിയോടെ പറയുമ്പോൾ വീണ്ടും അവളുടെ മുഖം ചുവന്നു.

"അതാണ്‌.. നീ മിസ്സാക്കിയത് "

അവൻ പറയുമ്പോൾ അഞ്ജലി കണ്ണുരുട്ടി നോക്കി.

അവൻ തിരികെ കിസ്സ് ചെയ്യും പോലെ ചുണ്ട് കൂർപ്പിച്ചു കാണിച്ചു.

"സാർ റോമാൻസ് തുടങ്ങിയപ്പോ തന്നെ ഓവർ ആണല്ലോ "

അഞ്ജലി ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.

"ഞാൻ അങ്ങനെയാണ് യൂദാസേ. എന്താണെങ്കിലും അതിന്റെ എക്സ്ട്രീം ലെവൽ "
അവൻ പുരികം പൊക്കി കാണിച്ചു.

"പക്ഷേ ഞാൻ... ഇത്രേം എക്സ്പെക്ട് ചെയ്തില്ലാട്ടോ.."

അഞ്ജലി അവന് നേരെ നോക്കാതെ പറഞ്ഞു.

രുദ്രൻ അവളെ തിരിച്ചു നിർത്തി.

"നീ പിന്നെ എന്താണ് എന്നെ കുറിച്ച് കരുതിയിരുന്നത്. ഒന്ന് പറഞ്ഞേ. കേൾക്കട്ടെ "

രുദ്രൻ അവളെ നോക്കി.

"ഇങ്ങനൊരു പേടി തൊണ്ടൻ പോലീസ്.. ഈ ലോകത്ത് വേറെ കാണില്ലെന്ന് "

അതും പറഞ്ഞിട്ട് അഞ്ജലി ഉറക്കെ പൊട്ടിചിരിച്ചു.

നിനക്കൊരു മാറ്റം ഉണ്ടല്ലോ യൂദാസേ. എന്താ കാര്യം "

വീണ്ടും അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു.

എനിക്കെന്ത് മാറ്റം.. രുദ്രേട്ടന് തോന്നുന്നതാ "

അഞ്ജലി ആ നോട്ടത്തിൽ പതറി കൊണ്ടാണ് മറുപടി പറയുന്നത്.

"അതേ.. രുദ്രേട്ടന് മാത്രം ഫീൽ ചെയ്യുന്നൊരു മാറ്റം.. എന്റെ പെണ്ണിനുണ്ട്."

അവൻ ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് പറയുമ്പോൾ അഞ്ജലി കുതറി മാറാൻ നോക്കി.

പക്ഷേ അവന്റെ പിടി ഒന്നൂടെ മുറുകി.

അടങ്ങി നിൽക്കേടി യൂദാസേ "
അവൻ കണ്ണുരുട്ടി കൊണ്ട് അവളെ നോക്കി പറഞ്ഞു.

"എനിക്ക് ജോലിയുണ്ട് രുദ്രേട്ടാ."
അഞ്ജലി അവനെ നോക്കാതെ പറഞ്ഞു.
എനിക്കും "

പതിയെ അവനും പറയുബോൾ അഞ്ജലി വീണ്ടും ആ പിടി വിടുവിക്കാൻ തന്നെ ശ്രമിച്ചു.

അവനൊന്നു ചലിക്കുക കൂടി ചെയ്യാതെ അവളെ നോക്കി ചിരിച്ചു.

"തീർന്നോ നിന്റെ പിടച്ചിൽ. മ്മ് "

രുദ്രൻ ചോദിച്ചപ്പോൾ അഞ്ജലി ചുണ്ട് കൂർപ്പിച്ചു കാണിച്ചു.

"ഇത്രേം ഒതുക്കി പിടിക്കുന്നത് എന്തിനാ. ഞാൻ ഇറങ്ങി പോവേണ്ടവളാ "

അവന്റെ നേരെ നോക്കി അഞ്ജലി പറഞ്ഞു.
അപ്പോഴും അവന് ചിരി തന്നെയാണ്.

"ആണല്ലോ. നിനക്ക് പോണമെന്ന് തോന്നുമ്പോൾ പറഞ്ഞ മതി.ഞാൻ കൊണ്ട് വിടാം "
യാതൊരു ഭാവഭേദവുമില്ല അവനത് പറയുമ്പോൾ.

അഞ്ജലിയുടെ മുഖം മങ്ങി പോയി.

"അപ്പൊ ഞാൻ പോയാലും രുദ്രേട്ടന് ഒന്നുമില്ലേ "

പരിഭവം പറയുമ്പോൾ പോലും അവളുടെ കണ്ണുകൾ നിറഞ്ഞു.

അവനൊന്നും മിണ്ടിയില്ല.

പകരം അവളെ ഒന്നൂടെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

"ഈ ലോകത്തിലെ ഒന്നിനും വേണ്ടി നീ എന്നെ ഉപേക്ഷിച്ചു പോവില്ലെന്ന് എനിക്കറിയാം യൂദാസേ "

കാതിൽ അവന്റെ പ്രണയവാക്കുകൾ ഇക്കിളി കൂട്ടി.

വീണ്ടും അവൾക്ക് ശ്വാസം മുട്ടി തുടങ്ങി.

"നീ എനിക്കാരാണ് എന്നതല്ലേ നിന്റെ സംശയം.."
അവൻ അവളുടെ നേരെ നോക്കി.

"നീ എനിക്ക് നിഴലാവണ്ട..നിലാവുമാകേണ്ട.എന്റെതല്ലേ എന്ന് ചോദിക്കുമ്പോൾ, നിന്റെ മാത്രമാണെന്ന് പറയാനൊരാൾ "

അഞ്ജലി അവനിലേക്ക് ഒന്നൂടെ ചേർന്ന് നിന്നിട്ട് രുദ്രന്റെ കഴുത്തിലൂടെ കൈ കോർത്തു പിടിച്ചു.

"പിന്നെയും എന്തിനാണ് പ്രാണനാഥാ, അങ്ങെന്നോട് ഇടയ്ക്കിടെ ഇറങ്ങി പോവാൻ പറയുന്നത് "
അഞ്ജലി അവന്റെ വാക്കുകൾ നൽകിയ ഊർജത്തോടെ രുദ്രന്റെ കാതിൽ ചോദിച്ചു

"അത് ഞാൻ നിനക്ക് പറഞ്ഞു തരാം പ്രിയേ "

അവനും ചിരിച്ചു കൊണ്ട് അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു.

"ജീവൻ പോലും നഷ്ടപെടാൻ സാധ്യതയുള്ളൊരു യാത്രയിലാണ് ഞാൻ. എന്റെ ലക്ഷ്യതിനോടുവിൽ ഒരുപക്ഷേ നിന്നിലേക്ക് തിരിച്ചു വരാൻ എനിക്ക് കഴിയാതെ വന്നാൽ, എന്റെ സ്നേഹം നിനക്കൊരു ബാധ്യതയായി തുടരാൻ പാടില്ല. മറന്നു കളഞ്ഞേക്കണം. എല്ലാം."

അഞ്ജലിയുടെ നെറ്റിയിലേക്ക് സ്വന്തം നെറ്റി മുട്ടിച്ചു കൊണ്ട് രുദ്രൻ പറഞ്ഞു.

അഞ്ജലിയുടെ മുഖം മാറി തുടങ്ങി.

"ഒന്നും വരില്ല. രുദ്രേട്ടൻ ജയിക്കും "

അവൾ അവനെ നോക്കി പറഞ്ഞു.

"ജയവും തോൽവിയും അല്ലെന്റെ യൂദാസേ. എനിക്ക് വേണ്ടത് നീതിയാണ്. അത് നേടി എടുക്കാൻ ഞാൻ ഏതറ്റം വരെയും പോകും "

അവൻ ചിരിച്ചു കൊണ്ടാണ് പറയുന്നത്.

പക്ഷേ ആ സ്വരത്തിലെ ഗൗരവം അവൾക്ക് മനസ്സിലാവുന്നുണ്ട്.

"ഞാനും നീയും സ്നേഹിക്കുന്നുണ്ട്. എല്ലാ അർഥത്തിലും നിന്നെ എനിക്കെന്റെ സ്വന്തമാക്കാൻ വേണ്ടുന്ന സാഹചര്യമാണ്. നീ അത് കൊതിക്കുന്നുണ്ട്. എല്ലാം.. എല്ലാം എനിക്കറിയാം"

അവന്റെ വിരൽ തുമ്പുകൾ വീണ്ടും അവളുടെ മുഖത്തു കൂടി ഇഴഞ്ഞു.

"പക്ഷേ..

ആ പക്ഷേയിൽ അവനൊരുപാട് ഉത്തരങ്ങൾ ഒളിപ്പിച്ചു പിടിച്ചിട്ടുണ്ട്.

അഞ്ജലി അവനെ ചുറ്റി പിടിച്ചു.

"എനിക്ക് വിശക്കുന്നു യൂദാസേ "

അൽപ്പം കഴിഞ്ഞും വിട്ട് മാറാതെ നിൽക്കുന്ന അഞ്ജലിയോട് രുദ്രൻ പറഞ്ഞു.

അഞ്ജലി അവനെ ഒന്നൂടെ ഇറുക്കി പിടിച്ചതിനു ശേഷം പതിയെ അകന്ന് മാറി.

"ദോശയുണ്ട്.. വാ "

അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

"അതവിടെ നിൽക്കട്ടെ തത്കാലം "

വീണ്ടും അവളെ വലിച്ചു ചേർത്ത് കൊണ്ടവൻ മുഖം കൈ കൊണ്ട് ഉയർത്തി.

ആ ഭാവത്തിൽ അഞ്‌ജലിക്ക് വീണ്ടും വെപ്രാളമായി.

"വിശക്കുന്നു ന്ന് പറഞ്ഞിട്ട് "

അഞ്ജലി ചുണ്ട് കൂർപ്പിച്ചു.

"പറഞ്ഞു. അത് സത്യമാണ്. എനിക്ക് വിശക്കുന്നുണ്ട് "

അവന്റെ കണ്ണുകൾ അഞ്ജലിയുടെ ചുണ്ടുകളിലാണ്.

കൈകൾ അവളുടെ കവിളിൽ മുറുകി തുടങ്ങി.
ഏറ്റവും മനോഹരമായ ആ നിമിഷം..

അത് ചുംബനം സ്വീകരിക്കുമ്പോഴല്ല. അതിന് തൊട്ട് മുന്നേയുള്ള ഇത്തിരി നിമിഷങ്ങളിലാണ്.

അഞ്ജലി ആ നിമിഷങ്ങളുടെ നിർവൃതിയിലാണ്..

                    ❣️❣️❣️❣️

"വേറെ എന്തെങ്കിലും പറയാനുണ്ടോ?"

ഒട്ടും ദാക്ഷണ്യമില്ലാത്ത റീത്തയുടെ സ്വരം.
സ്റ്റീഫന്റെ മുഖം കുനിഞ്ഞു.

ഇതിനും വേണ്ടി ഇത്രേം വണ്ടി ഓടിച്ചു വരേണ്ടിയിരുന്നില്ല. ആ സമയം കൂടി എന്തെല്ലാം ചെയ്യാനുണ്ടായിരുന്നു അപ്പനും മോനും "

പരിഹാസമാണ്.

സ്റ്റീഫന് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.

"തെറ്റ് പറ്റിയെന്നു പറഞ്ഞു കാല് പിടിച്ചാൽ ഞാനും കൂടെ വരുമെന്ന് നിങ്ങൾ കരുതിയല്ലേ. എങ്കിൽ അത് തെറ്റാണ്. തിരികെ ഞാൻ ഒരിക്കൽ കൂടി അങ്ങോട്ട് വരും എന്ന് പറഞ്ഞതല്ലേ. അത് പക്ഷേ ഇപ്പോഴല്ല "

റീത്ത പരുക്കമായി തന്നെ പറഞ്ഞു.

ഹാളിലെ കനത്ത നിശബ്ദത.

ടേബിളിൽ നിരത്തി വെച്ച ചായ ആറി തണുത്തു പോയിരുന്നു.

അകത്തുള്ള ആരും അവർക്കിടയിലേക്ക് ഇറങ്ങി വന്നിരുന്നില്ല.

അത് റീത്ത തന്നെ കൈകാര്യം ചെയ്യട്ടെ എന്നവർ കരുതി.

മുഖം കുനിച്ചു ഇരിക്കുന്ന സ്റ്റീഫനെ എത്ര നോക്കിയിട്ടും അലിവിന്റെ നേർത്തൊരു കണിക പോലും റീത്തയ്ക്ക് തോന്നിയില്ല അയാളോട്.

യാത്ര പോലും പറയാൻ നിൽക്കാതെ ഇറങ്ങി പോവുമ്പോൾ സ്റ്റീഫന്റെ മനസ്സിൽ വലിയൊരു ശൂന്യത നിറഞ്ഞിരുന്നു.

കഴിഞ്ഞ കാലത്തിന്റെ കുത്തൊഴുക്കിൽ.. സ്വയം വരുത്തി തീർത്ത,മറ്റാർക്കും നികത്താനാവാത്ത വളരെ വലിയൊരു ശൂന്യത.!

                     ❣️❣️❣️❣️

കുനിഞ്ഞു നിന്ന് ഫോം പൂരിപ്പിച്ചു കൊടുക്കുന്ന രുദ്രനിലാണ് അഞ്ജലിയുടെ കണ്ണുകൾ.

ചുണ്ടിൽ ഒരു കുഞ്ഞു ചിരിയുണ്ട്.

എത്ര നോക്കിയിട്ടും മതിയാവാത്ത അത്രയും ഭംഗിയായി... അവളെ ഏറെ മോഹിപ്പിക്കുന്ന ആ ചിരി.

സൈൻ ചെയ്തിട്ട് ആ പേപ്പർ അരികെ നിൽക്കുന്നവന്റെ കയ്യിലേൽപ്പിച്ചു തിരിഞ്ഞു നോക്കിയ രുദ്രൻ കണ്ടത്.. അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന അഞ്ജലിയെയാണ്.

"മ്മ്..
അവൾക്ക് നേരെ നോക്കി അവൻ പുരികം ഉയർത്തി.

ഒന്നുമില്ലെന്ന് അഞ്ജലി തോളുയർത്തി കാണിച്ചു.

"നോക്കി കണ്ണ് വെക്കാതെടി യൂദാസേ "

അവൻ കുസൃതിചിരിയോടെ അവളുടെ തലയിൽ ഒന്ന് മേടി.
അഞ്ജലി അപ്പോഴും ചിരിച്ചു കൊണ്ടവനെ നോക്കി.

രാവിലെ ചായ കുടി കഴിഞ്ഞതിനു ശേഷം രുദ്രൻ തന്നെയാണ് പറഞ്ഞത്.

"ഇന്നിനി ഫുഡ്‌ ഒന്നും ഉണ്ടാക്കേണ്ട. നമ്മുക്കൊന്ന് പുറത്ത് പോവാം എന്ന്.

കേട്ടപാതി ഓടി പോയി ഒരുങ്ങി ഇറങ്ങി.

ചെറിയൊരു യാത്രയാണെങ്കിൽ കൂടി.. അത് പ്രിയപ്പെട്ടവരുടെ കൂടെയാവുമ്പോൾ അതിനിത്തിരി ഭംഗി കൂടുതലല്ലേ..

അവനൊപ്പമുള്ള ഓരോ നിമിഷങ്ങളും അവൾക്ക് ആഘോഷം തന്നെയാണ്.

ആദ്യം ഡ്രസ്സ്‌ എടുക്കാനാണ് കയറിയത്.
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ തോന്നിയത് പോലുള്ള ഒരു കൺഫ്യൂഷൻ ഇപ്രാവശ്യം അഞ്‌ജലിക്ക് തോന്നിയില്ല.

മനസ്സിനെ പിടിച്ചു കെട്ടിയ ആ വലിയൊരു കെട്ട്. അത് അവളിൽ നിന്നും പൊട്ടി പോയിരുന്നു.

ഇഷ്ടമായൊരു ജീൻസും ടോപ്പും തന്നെ അവൾ തിരഞ്ഞെടുത്തു.

ഞാൻ സെലക്ട് ചെയ്തു തരട്ടെ എന്ന് രുദ്രൻ അവനുള്ള ഡ്രസ്സ്‌ നോക്കി കൊണ്ട് നിൽക്കുമ്പോൾ വെറുതെ ചോദിച്ചതാണ്.

"അങ്ങോട്ട്‌ നോക്കി എടുക്കെടി യൂദാസേ "എന്നും പറഞ്ഞു കൊണ്ടവൻ മാറി നിൽക്കുമ്പോൾ ഹൃദയം സന്തോഷത്തിന്റെ ഏറ്റവും മുകളിലായിരുന്നു.

ഒരുപാട് നാളുകൾക്ക് ശേഷം മനസ്സറിഞ്ഞു ചിരിക്കാൻ ദൈവം കൊടുത്ത കാരണങ്ങൾ.

അവിടെ നിന്നിറങ്ങി സർപ്രൈസ് പോലെ അവന്റെ ഫ്രണ്ട് വിശാലിന്റെ ബൈക്ക് ഷോറൂമിൽ എത്തിയപ്പോഴും.. ജസ്റ്റ്‌ ഒരു വിസിറ്റ് എന്നാണ് കരുതിയത്.

"നിനക്ക് പറ്റിയ ഒരെണ്ണം നോക്കി എടുത്തോ യൂദാസേ "എന്ന് പറഞ്ഞു കൊണ്ടവൻ സ്കൂട്ടികളിലേക്ക് വിരൽ ചൂണ്ടി.

എനിക്കിപ്പോ ഇതൊന്നും വേണ്ട രുദ്രേട്ടാ.. ഞാനും ശിവയും ബസ്സിൽ പൊയ്ക്കോളാം എന്ന് അഞ്ജലി പറഞ്ഞതിന് കടുപ്പത്തിൽ ഒരു നോട്ടമാണ് പകരം കിട്ടിയത്.

പിന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ തർക്കിച്ചു നിന്നില്ല.

അവൻ തന്നെയാണ് അത് സെലക്ട് ചെയ്തതും.

ഡീ..

വീണ്ടും രുദ്രന്റെ വിളിയിൽ അഞ്ജലി ഞെട്ടി കൊണ്ട് മുന്നിൽ നിൽക്കുന്നവനെ നോക്കി.

"സ്വപ്നം കണ്ടു തീർന്നെങ്കിൽ ഇനി പോയാലോ "

ഇട്ടിരുന്ന ബനിയന്റെ കൈ മുകളിലേക്ക് വലിച്ചു കയറ്റി കൊണ്ടവൻ ചോദിക്കുമ്പോൾ അഞ്ജലി ഒന്ന് ഇളിച്ചു കാണിച്ചു.

വാ..

അതേ ചിരിയോടെ അവൻ അവളുടെ കൈ പിടിച്ചിട്ട് മുന്നോട്ടു നടന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story