രൗദ്രം ❤️: ഭാഗം 5

raudram

രചന: ജിഫ്‌ന നിസാർ

അച്ഛനൊരു രുദ്രനെ അറിയോ... "

ഭക്ഷണം കഴിക്കുന്ന സ്റ്റീഫന്റെ അരികിലേക്ക് അടുക്കളയിൽ നിന്നും ഒരു ആപ്പിളും കടിച്ചു കൊണ്ട് വന്നു നിന്നിട്ട് അഞ്ജലി ചോദിക്കുമ്പോൾ അയാൾ ഒരു നിമിഷം സ്റ്റക്ക് ആയിരുന്നു..

പക്ഷെ പെട്ടന്ന് തന്നെ മുഖത്തെ ഭാവം മാറ്റിയിട്ട് അഞ്ജലിയെ നോക്കി..

അയാളുടെ അരികിൽ വിളമ്പി കൊടുത്തു നിൽക്കുന്ന റീത്തയുടെ കണ്ണിലും ചോദ്യം ഉണ്ടായിരുന്നു..

"പറയച്ചാ... അറിയോ "

വീണ്ടും അഞ്ജലി...

"എനിക്ക് ഒരുപാട് രുദ്രൻമാരെ അറിയാം മോളെ.. നീ ഉദ്ദേശിച്ചത് ഏതു രുദ്രനെയാണ് "

അയാളൊരു മറുചോദ്യം കൊണ്ടവളെ നേരിട്ടു..

"അതിപ്പോ... അവന്റെ അച്ഛന്റെ പേര്...."

അഞ്ജലി ആലോചിക്കുന്നത് പോലെ കണ്ണടച്ച് പിടിച്ചു..

"സ്വർഗം പോലുള്ള എന്റെ കുടുംബത്തിലേക്ക് വന്നു ചേർന്ന പിശാചിനെ പോലാണ് എനിക്ക് നിന്റെ അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ഫീൽ ചെയ്യുന്നത് "

കണ്ണിലെ പകയോടെ തന്നെ മുരണ്ട് പറയുന്ന രുദ്രന്റെ വാക്കുകളാണ് ആ നിമിഷം അഞ്ജലിയുടെ ഉള്ളിലേക്ക് പാഞ്ഞു വന്നത്..

അവൾ പെട്ടന്ന് കണ്ണ് വലിച്ചു തുറന്നിട്ട്‌ സ്റ്റീഫനെ നോക്കി..

ഉണ്ടോ... അവൻ പറയുന്ന അത്രയും ക്രൂരത നിറഞ്ഞ മുഖം തന്റെ അച്ഛനുണ്ടോ..

ഇന്നോളം മറ്റൊരു മുഖം കൂടി അച്ഛനുണ്ടെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല..

അതിനുള്ള അവസരം വന്നിട്ടില്ല..

ഒരിഷ്ടം പോലും അച്ഛൻ നടത്തി തരാതെ ഇരുന്നിട്ടില്ല ഇത് വരെയും..

അതികം വാക്കുകൾ കൊണ്ട് വാത്സല്യം പകർന്നു നൽകാൻ അറിയില്ല എങ്കിലും... തനിക്കു മുന്നിൽ നല്ലൊരു അച്ഛൻ ആണ്.. വ്യക്തിയാണ്..എല്ലാം കൊണ്ടും.

ഡീ...

റീത്ത തട്ടി വിളിക്കുമ്പോൾ അവൾ വേഗം നോട്ടം മാറ്റി..

ഇന്ന് വന്നപ്പോ മുതൽ ഈ പെണ്ണിനോരു കള്ളലക്ഷണം ഉണ്ട് കേട്ടോ ഇച്ചായ "

റീത്തയുടെ വാക്കുകൾ കേട്ടപ്പോൾ സ്റ്റീഫൻ അവളെ ഒന്ന് ഇരുത്തി നോക്കി..

ഏയ്‌... ഇല്ല അച്ഛാ... അമ്മയ്ക്ക് വെറുതെ തോന്നുന്നതാ"

അഞ്ജലി വേഗം പറഞ്ഞപ്പോൾ... സ്റ്റീഫൻ ഒന്ന് മൂളി..

"നീ എന്താ... പെട്ടന്ന് രുദ്രനെ അറിയോ എന്നൊക്കെ ചോദിച്ചത്.. അത് പറ "

അവളെ നോക്കി സ്റ്റീഫൻ ചോദിച്ചു..

"അത്... അഞ്ജലി ആദ്യം ഒന്നറച്ചു.

പക്ഷെ ചോദ്യം ചോദിച്ചു പോയില്ലേ.. ഇനി ഇപ്പൊ ഒരു ഉത്തരം കൊടുത്തേ തീരൂ..

"അത് ഉണ്ടല്ലോ.. ഞാൻ ഇന്ന് ഫ്രണ്ട്ന്റെ വീട്ടിൽ പോയിരുന്നു... അവിടെ വെച്ചൊരു രുദ്രനെ പരിജയപെട്ടു.. അവന് അച്ഛനെ ശെരിക്കും അറിയാം എന്നൊക്കെ പറഞ്ഞു എന്നോട്.. അപ്പൊ അത് ഞാൻ അച്ഛനോട് ഒന്ന് ചോദിച്ചു എന്ന് മാത്രം "

അഞ്ജലി പറഞ്ഞിട്ടും സ്റ്റീഫന്റെ മുഖം തെളിഞ്ഞിട്ടില്ല.. അത് പക്ഷെ അവൾക്ക് മനസ്സിലായില്ല...

ഗുഡ് നൈറ്റ്‌...

കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ പെട്ടു പോകുമോ എന്നൊരു പേടി ഉള്ളത് കൊണ്ട് തന്നെ അഞ്ജലി പിന്നെ അവിടെ നില്കാതെ പെട്ടന്ന് സ്വന്തം മുറിയിലേക്ക് നടന്നു...

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

കുറച്ചു കൂടി നേരത്തെ വന്നൂടെ ഏട്ടാ.. "

ഭക്ഷണപാത്രം മുന്നിലേക്ക് നീക്കി വെച്ചിട്ട് അപേക്ഷ പോലെ ശിവദ പതിയെ അത് പറയുമ്പോൾ രുദ്രന്റെ കണ്ണുകൾ അവളിലേക്ക് നീണ്ടു..

വിഷാദം നിഴലിക്കുന്ന കണ്ണിലേക്ക് നോക്കുമ്പോൾ അവന്റെയും... നെഞ്ച് നീറി പുകഞ്ഞു..

ഈ വീടിന്റെ... കിലുക്കം ആയിരുന്നവൾ.

അവളാണ് എണ്ണ വറ്റിയ വിളക്ക് പോലെ....

ഗായേച്ചി പൊതുവെ ഗൗരവത്തിന്റെ മേൽമൂടിയെ കൂട്ട് പിടിച്ചിട്ടേ നടക്കാറുള്ളു.

പക്ഷെ... ശിവദ അതിന്റെ നേരെ എതിരെയാണ്.എപ്പോഴും ചിരിച്ചു കൊണ്ട്.. ചിരിപ്പിച്ചു കൊണ്ട് നടക്കാൻ ആണ് അവളക്കിഷ്ട്ടം...

മെഡിക്കൽ വിദ്യാഭ്യാസം തീരാൻ അവൾക്ക് മുന്നിൽ ഇനി ഉള്ളത് ഒറ്റ വർഷം മാത്രം ആണ്..

ശിവാ.. മോളെ...

തനിക്ക് ഭക്ഷണം വിളമ്പി നൽകി ചുവരിൽ ചാരി... നിൽക്കുന്ന ശിവദ....രുദ്രൻ വിളിക്കുമ്പോൾ ഞെട്ടി പോയിരുന്നു..

പിന്നെ ഒന്ന് വിതുമ്പി കൊണ്ടവൾ അവന്റെ നേരെ നോക്കി... എത്രയോ നാളുകൾക്ക് ശേഷമാണ്.. രുദ്രൻ വീണ്ടും സ്നേഹത്തോടെ വിളിക്കുന്നത്...

അവൾ വേഗം... കൈ കൊണ്ട് വാ പൊതിഞ്ഞു പിടിച്ചു..

ശിവാ... വീണ്ടും രുദ്രൻ വിളിക്കുമ്പോൾ അവൾ കവിൾ തുടച്ചു കൊണ്ട്... അവനെ നോക്കി ചിരിച്ചു..

"എത്ര.. നാളായി... ഏട്ടൻ.. എന്നെ ഒന്നിങ്ങനെ വിളിച്ചിട്ട് "

പറയുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തൂവി..

ഹൃദയം പൊടിയുന്ന വേദനയോടെ രുദ്രൻ ഒരു നിമിഷം കണ്ണടച്ച് പിടിച്ചിരുന്നു..

എന്നിട്ട് എഴുന്നേറ്റു ചെന്നവളുടെ അരികിൽ പോയി നിന്നു..

"ഏട്ടന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ശിവാ.. മോൾക്ക് അറിയാലോ.. പറ്റാഞ്ഞിട്ടാ..."

അവളുടെ മുഖം കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു കൊണ്ടവൻ പറയുമ്പോൾ... തേങ്ങി കൊണ്ടവൾ... അവന്റെ കയ്യിൽ പിടിച്ചു..

നീ വല്ലതും കഴിച്ചോ "

അലിവോടെ അവൻ ചോദിച്ചു..

ഇല്ലെന്ന് തലയാട്ടി കാണിക്കുമ്പോൾ... ശിവദയുടെ കണ്ണുനീർ രുദ്രന്റെ കയ്യിലേക്ക് തെറിച്ചു..

അച്ഛൻ ഉള്ളപ്പോൾ.. വെറുതെ പോലും ആ കണ്ണുകൾ നിറഞ്ഞു കണ്ടിട്ടില്ല..

അവളുടെ എന്നല്ല... ആരുടേയും..

വിളക്കണയുമ്പോൾ മാത്രം അല്ല ഒരാൾ ഇരുട്ടിൽ ആവുന്നത്... വിളക്കായി കൂടെ ഉള്ളവരെ നഷ്ടം വരുമ്പോൾ കൂടി മനുഷ്യൻ ഇരുട്ടിന്റെ ഒറ്റപെട്ട ഒരു തുരുത്തിലേക്ക് എടുത്തെറിയപെടുന്നുണ്ട്..

വീണ്ടും അവനുള്ളിലേക്ക് പകയുടെ കനലുകൾ ജ്വലിച്ചു... കയറി.

മുഖം വലിഞ്ഞു മുറുകി..

പക്ഷെ മുന്നിൽ നിൽക്കുന്നവളുടെ വേദന തിങ്ങിയ മുഖം കണ്ടപ്പോൾ... അവൾക്കിനി ഈ സങ്കടം ഒന്നിറക്കി വെക്കാൻ താൻ മാത്രം ഒരു ആശ്രയം ഒള്ളു എന്നൊരു ഓർമ തിങ്ങിയപ്പോൾ... പക മുറ്റിയ മനസ്സവൻ തത്കാലം... ഒളിപ്പിച്ചു പിടിച്ചു..

"വാ... നമ്മുക്കിന്ന് ഒരുമിച്ചു കഴിക്കാം "

വാത്സല്യത്തോടെ രുദ്രൻ പറയുമ്പോൾ... ശിവ... ചിരിയോടെ തലയാട്ടി..

കസേര വലിച്ചു നീക്കി... രുദ്രൻ തന്നെയാണ് അവളെ പിടിച്ചിരുത്തിയത്..

മുത്തശ്ശി മരുന്ന് കഴിച്ചില്ലേ "

ചോറ് കുഴച്ചുരുട്ടി.. ശിവക്ക് നേരെ നീട്ടി കൊണ്ടവൻ ചോദിക്കുമ്പോൾ അവൾ ഒന്ന് മൂളി..

അവൻ ഉരുട്ടി നൽകുന്നത് സ്വീകരിക്കുമ്പോൾ... കഴിഞ്ഞു പോയ കുറെ നല്ല നിമിഷങ്ങളുടെ ഓർമകൾ അവളെ വീർപ്പിച്ചു മുട്ടിച്ചു..

തൊണ്ടയിൽ തടഞ്ഞ ഭക്ഷണം ഇറക്കാൻ ആവാതെ കരച്ചിൽ അമർത്തി ഇരിക്കുന്ന ശിവയെ... അതിനേക്കാൾ വേദനയോടെ രുദ്രൻ നോക്കി..

എന്താ പറ്റിയത് എന്ന് ചോദിക്കാൻ കൂടി അവൻ പേടിച്ചു..

കാരണം ഹൃദയം പൊടിയുന്ന ആ ഉത്തരം... വീണ്ടും തന്നിലെക്ക് ശൂന്യത വലിച്ചു കൊണ്ട് വരും എന്നത് അവനും ഉറപ്പായിരുന്നു..

ഒരു കൈ കൊണ്ടവളെ ഒതുക്കി പിടിച്ചിട്ട്... തല കുനിച്ചു പിടിച്ചിരിക്കുന്നവന്റെ രൂപം...

നിലവിട്ട് കരഞ്ഞു പോകുമോ എന്ന് പേടിച്ചിട്ടാണ്.. ലക്ഷ്മി അമ്മ അത് കണ്ടിട്ടും ഒന്നും പറയാൻ ആവാതെ... തിരികെ മുറിയിലേക്ക് തന്നെ തിരികെ നടന്നത്...

അന്നാ വീട്ടിലെ കാറ്റിനു പോലും ഒരു സ്വാന്തനത്തിന്റെ ഈണം ആയിരുന്നു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ സ്റ്റീഫന്റെ കാതിൽ അഞ്ജലിയുടെ ചോദ്യം ഉണ്ടായിരുന്നു..

അച്ഛൻ ഒരു രുദ്രനെ അറിയുമോ എന്ന്....

അയാളുടെ കണ്ണുകൾ കൂർത്തു..

കൈകൾ കൊണ്ട് തലയിൽ തടവി..

ഇവൾക്കിന്ന് വന്നപ്പോൾ മുതൽ ഒരു കള്ളലക്ഷണം ഉണ്ട് കേട്ടോ ഇച്ചായ "

റീത്ത പറഞ്ഞതും അയാൾക്ക് ഓർമ വന്നു..

നടത്തം നിർത്തിയിട്ടു... ബെഡിൽ കിടന്ന ഫോൺ എടുത്തു കൊണ്ടയാൾ... ജെറിന്റെ നമ്പറിൽ വിളിച്ചു..

"ആ... നീ എവിടെ ഡാ... എനിക്കൊന്ന് കാണണം... എവിടെ ആണെങ്കിലും... നാളെ വെളുക്കുമ്പോൾ എനിക്ക് മുന്നിൽ നീ ഉണ്ടാവണം... കേട്ടല്ലോ "

മറുപടിക്ക് പോലും കാത്തു നില്കാതെ... അത് പറഞ്ഞിട്ട് ഫോൺ ഓഫ്‌ ചെയ്തു തിരികെ ബെഡിലേക്ക് ഇട്ടു..

വീണ്ടും താടി തടവി കൊണ്ട് നടത്തം തുടർന്നു..

അവളെ കണ്ടു എന്ന് പറയുന്ന രുദ്രൻ ഇനി...

ആ ഓർമയിൽ തന്നെ അയാളുടെ കണ്ണുകളിൽ രൗദ്രം നിറഞ്ഞു നിന്നിരുന്നു...

രുദ്രൻ... സൺ ഓഫ്... സേതു മാധവൻ..

പല്ലിനിടയിൽ കൂടി ആ വാക്കുകൾ ചതഞാണ് പുറത്ത് ചാടിയത്..

ഉറ്റ ചങ്ങാതി ആയിരുന്നു... ഒന്നും ഇല്ലാത്ത നാളുകളിൽ... ജീവിതം കരുപിടിപ്പിക്കാൻ ഉള്ള ഓട്ടത്തിനിടെ... താൻ ചെയ്യുന്നതിലെ പാകപിഴവുകൾ... ചൂണ്ടി കാണിച്ചവനോട് ആദ്യം നീരസം ആണ് തോന്നിയത്..

പിന്നെയും പിന്നെയും തെറ്റ് താനും... തിരുത്തുന്നത് അവനും തുടർന്നപ്പോൾ... ഉപേക്ഷിച്ചു മടങ്ങിയത്... തെറ്റിനെ അല്ല.. അവന്റെ സൗഹൃദം ആയിരുന്നു...

എങ്ങനെ എങ്കിലും കാശ് സാമ്പത്തിക്കുക എന്നതിനപ്പുറം മറ്റൊന്നും മുന്നിൽ ഉണ്ടായിരുന്നില്ല.. അന്ന്.

ഇന്നും..

അതിന് വേണ്ടി ചെയ്യാത്തത് ഒന്നും ഇല്ല... പണം കുമിഞ്ഞു കൂടി... ആരും അറിയാത്തൊരു മുഖം കൂടി ഒളിപ്പിച്ചു പിടിക്കാൻ പണ്ടേ സമർദ്ധൻ ആയിരുന്നത് കൊണ്ട്.. കൂടെ കഴിഞ്ഞവൾക്ക് പോലും.. ഭർത്താവിന്റെ.... ദുഷ്ട മുഖം കണ്ടു പിടിക്കാൻ ആയില്ല..

സ്വന്തങ്ങളും ബന്ധങ്ങളും അതിനൊപ്പം കൊഴിഞ്ഞു..

കള്ളത്തരം മറച്ചു പിടിക്കാൻ മനഃപൂർവം അകൽച്ചയുണ്ടാക്കി എടുത്തു.... വേണ്ടപെട്ടവരിൽ നിന്നും.പുതിയ ബന്ധങ്ങൾ മുളച്ചു പൊന്തി.. യാതൊരു ആത്മാർത്ഥയും ഇല്ലാത്ത.. പണം കൊണ്ടു കെട്ടി പടുത്തുയർത്തിയ പൊള്ളയായ ബന്ധങ്ങളിൽ അഹങ്കരിച്ചു...

അതോടെ പേടി എന്നാ വാക്ക് തന്നെ... പുച്ഛത്തോടെ മാത്രം ഓർത്തു..

എതിർക്കുന്നവർ പിന്നെ ജീവിച്ചിരിന്നിട്ടില്ല... അതിന് അനുവദിച്ചിട്ടില്ല എന്നത് സത്യം..

അതിന് വേണ്ടി മാത്രം... കൂലി കൊടുത്തു വളർത്തുന്ന വേട്ട പട്ടികൾ... വിളിപുറത്ത് തന്നെ..
തല്ലാൻ പറഞ്ഞു വിട്ടാൽ.. കൊ..ന്നിട്ട് വരുന്നവർ തന്നെ ആയിരുന്നു ധൈര്യം മുഴുവനും..

അധികാരവും പദവികളും പണത്തിന്റെ ഹുങ്കിൽ.. കാൽ ചുവട്ടിൽ ഒച്ചാനിച്ചു കിടന്നു..

പക്ഷെ ഒരിക്കൽ മാത്രം പ്ലാൻ ചെയ്തത് പോലെ നടന്നില്ല...
വീണ്ടും സ്റ്റീഫന്റെ പല്ല് ഞെരിഞ്ഞു... അന്ന് നഷ്ടം വന്ന കോടികൾക്ക് പകരം... ഇന്നും മനസ്സിൽ ദേഷ്യം വിട്ടു പോയിട്ടില്ല..

ഇന്നിപ്പോൾ അഞ്ജലിയെ... തേടി എത്തിയ രുദ്രൻ... അവൻ വന്നിരിക്കുന്നു എങ്കിൽ... അതൊരു പക തീർക്കാൻ തന്നെ ആവും എന്നത് യാതൊരു സംശയവും വേണ്ട..

സ്റ്റീഫന്റെ കണ്ണുകളിൽ വീണ്ടും ഒരു ചിരി വിരിഞ്ഞു...

💞💞💞💞💞💞💞💞💞💞💞💞💞💞

നിന്റെ അച്ഛനും അമ്മയ്ക്കും നീ ഇല്ലാതെ തീരെ വയ്യ.. അല്ലേ ജെറിൻ "

ബെഡ് ഷീറ്റ് വലിച്ചു വാരി ചുറ്റി... ബെഡിൽ ഇരുന്നവൾ കുലുങ്ങി ചിരിച്ചു കൊണ്ട് പറയുമ്പോൾ...

ജെറിൻ പുച്ഛത്തോടെ അവളെ ഒന്ന് നോക്കി..

അതോ... അച്ഛനും അമ്മയ്ക്കും ഇനി മോന്റെ നല്ല കുട്ടി സ്വഭാവം അറിഞ്ഞിട്ടാണോ ഈ കരുതൽ.. "

വീണ്ടും കളിയാക്കി കൊണ്ടവൾ പറയുമ്പോൾ ജെറിൻ അതേ ചിരിയോടെ അവളെ നോക്കി..

"ജെറിൻ തോമസ് നിനക്കൊക്കെ മുന്നില് മാത്രം ആണെടി ഇങ്ങനെ.. നാട്ടിലും വീട്ടിലും എനിക്കുള്ളത് നല്ല കുട്ടി പട്ടം തന്നെയാണ്.. അത് കൊണ്ടല്ലേ... ഞങ്ങളുടെ ഇടവകയിലെ ഏറ്റവും മാന്യനും കാശുകാരനുമായ കുന്നേൽ പീറ്ററിന്റെ ഒരേ ഒരു മോൾ... എലീന.. ഈ സുന്ദരനും സുമുഖനും... സർവോപരി... നല്ല നടപ്പുകാരനുമായ ജെറിൻ തോമസിനെ മതിയെന്ന് പറഞ്ഞിട്ട്.. അവളുടെ അപ്പൻ എന്നെ വന്നു കണ്ടതും.. മനസമ്മതം നടത്തിയതും... "

മീശ പിരിച്ചു മുകളിലേക്ക് ഉയർത്തി വെച്ച് കൊണ്ടവൻ അത് പറയുമ്പോൾ വീണ്ടും അടുത്തിരിക്കുന്നവൾ പൊട്ടി ചിരിച്ചു...

"തീർന്നില്ല... ഇനി ദിവസങ്ങൾ മാത്രം കല്യാണത്തിന് അവശേഷിക്കേ.. ഈ നല്ലവനായ തെമ്മാടി ഇപ്പോഴും ചൂട് തേടി പുറത്ത് പോകുന്നു എന്നതും ഭാവി ഭാര്യ അറിയുമ്പോ ആയിരിക്കും.. ശെരിക്കും നിനക്ക് പള്ളി പെരുന്നാൾ "

ചിരിയുടെ അവസാനം അവളത് പറയുമ്പോൾ... ജെറിൻ ഒന്നൂടെ വിടർന്നു ചിരിച്ചു..

എന്നിട്ടവളെ പിടിച്ചു വലിച്ചിട്ട് അരികിലേക്ക് ചേർത്തിരുത്തി..

"ഒന്നും ഉണ്ടാവില്ല.. ഞാനും എന്റെ അപ്പനുമൊക്കെ കക്കാനും നിക്കാനും പഠിച്ച കള്ളന്മാരാണ് മോളെ.. അത്ര പെട്ടന്നൊന്നും പിടി വീഴില്ല.. ഇക്കാര്യത്തിൽ എന്റെ അച്ഛൻ ആണ് എനിക്ക് ഗുരു.. തെറ്റുകൾ ചെയ്യുന്നത് ഒരു പൂ പറിക്കുന്ന ലാഘവത്തോടെ നോക്കി കാണുന്ന ഒരു അപ്പന്റെ മോനാ ഞാൻ.. വിവരവും വിദ്യാഭ്യാസവും നേടി തുടങ്ങിയ കാലത്ത് തന്നെ എനിക്ക് മുന്നില് അച്ഛനും അച്ഛന്റെ ചെയ്തികളും ഉണ്ട്.. അത് കണ്ടാണ് വളർന്നത്... "

കൗശല കാരന്റെ മുഖം ആയിരുന്നു ജെറിന് അപ്പോൾ...

നല്ല ബെസ്റ്റ് അച്ഛനും മോനും "

അവനെ ചേർന്നിരിക്കുന്നവൾ അത് പറയുമ്പോൾ അവൻ അവളുടെ തോളിൽ പല്ലുകൾ അമർത്തി..

പിടഞ്ഞു കൊണ്ടവൾ അവനെ നോക്കി കണ്ണുരുട്ടി..

"പിന്നെ.. നീ ഒരു പുണ്യാളത്തി.. ഞാൻ തരുന്ന നോട്ട് കൊട്ടുകൾ കണ്ടു വന്നവളല്ലേ ഡി നീയും.. ആ നീയാണ് എനിക്ക് ഉപദേശം തരുന്നത് കൊള്ളാം "

അവൻ ചുണ്ട് കോട്ടി..

"ജെറിൻ എങ്ങനെ ആണോ അങ്ങനെ തന്നെ ആയിരിക്കും ഇനിയും.. വീട്ടിൽ ഒരുത്തിയെ കൊണ്ട് വന്നിരുത്തി എന്ന് പറഞ്ഞിട്ട് എനിക്ക് എന്റെ സന്തോഷം വേണ്ടന്ന് വെക്കാൻ ആവുമോ... ഇല്ലല്ലോ "

അവൻ കടിച്ചിടത്ത് തലോടി കൊണ്ട് അവനത് ചോദിക്കുമ്പോൾ അവൾ ചിരിച്ചു കൊണ്ടവനെ നോക്കി...

"അത് തടയാൻ മാത്രം ഗഡ്സ് ഉള്ളവൻ മാരോന്നും ഇത് വരെയും ജനിച്ചിട്ടില്ല.. കേട്ടോടി മോളെ "

വീണ്ടും അവളിലേക്ക് ചാഞ്ഞു കൊണ്ട് അഹങ്കാരം പോലെ ജെറിൻ പറഞ്ഞു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story