രൗദ്രം ❤️: ഭാഗം 52

raudram

രചന: ജിഫ്‌ന നിസാർ

"പ്ലീസ്.. ശിവ. ആദ്യം ഞാൻ പറയുന്നതൊന്നു കേൾക്കാൻ നീ മനസ്സ് കാണിക്ക്.."
ജീവൻ പറഞ്ഞിട്ടും അവളുടെ ഉണ്ട കണ്ണുകൾ തോരുന്നില്ല.

അത്രേം വിളിച്ചിട്ടും.. അപകടത്തിൽ പെട്ടത് അവനൊന്നു വിളിച്ചു പറഞ്ഞില്ല എന്നോർക്കുമ്പോൾ അവളുടെ സങ്കടം തീരുന്നില്ല.

ഹോസ്പിറ്റലിൽ നിന്നും നേരെ ഇറങ്ങി.. രുദ്രനൊപ്പം അവന്റെ വീട്ടിലേക്കാണ് പോയത് രണ്ടാളും.

കുറച്ചു നേരം കിടന്നുറങ്ങി.. ക്ഷീണം മാറ്റിയിട്ടു വീട്ടിലോട്ട് വാ "
എന്നും പറഞ്ഞിട്ട് ശ്രീ തന്നെയാണ് രണ്ടിനേം അവിടെ ഇറക്കി കൊടുത്തത്.

"അങ്ങോട്ട്‌ ഇപ്പൊ നിങ്ങൾ വന്നാലും ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനെ നേരം കാണൂ. അത് കൊണ്ട് രണ്ടും ഇവിടെ കിടന്നാൽ മതി എന്ന് ശ്രീ പറഞ്ഞത് രണ്ടാളും എതിർത്തില്ല.

അത്രയും ക്ഷീണം ഉണ്ടായിരുന്നു,
അലച്ചിൽ കൊണ്ട്.തിരിച്ചു പോരും വഴി തന്നെ ഒരു തട്ട് കടയിൽ നിന്നും മൂന്നാളും ഭക്ഷണം കഴിച്ചിരുന്നു.

"ശിവയോടും അഞ്ജലിയോടും ഞാൻ പറഞ്ഞേക്കാം.."
പോവും മുന്നേ അവരുടെ മനസ്സറിഞ്ഞത് പോലെ ശ്രീ പറഞ്ഞു.

"പക്ഷേ അത് കൊണ്ടൊന്നും യാതൊരു കാര്യവും ഉണ്ടാവില്ല മക്കളെ. ഈ മാറി നിക്കലിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും. അനുഭവങ്ങളാണല്ലോ ഗുരു "
ചിരിച്ചു കൊണ്ട്  ശ്രീ യാത്ര പറഞ്ഞു പോയി.

നന്നായി ക്ഷീണം ഉള്ളത് കൊണ്ട് തന്നെ രണ്ടും പിന്നെ അവിടെ നിൽക്കാതെ വാതിൽ അടച്ചിട്ട് വേഗം പോയി കിടന്നു.
ശിവയുടെ റൂമിൽ കിടക്കാൻ ജീവനോട് പറഞ്ഞിട്ട് രുദ്രൻ അവന്റെ മുറിയിലേക്ക് പോയി.

ശിവയുടെ ഓർമകൾ ഉള്ളിലൂടെ ഒരു കുളിരായി ഓടി പോയിട്ടും.. കൂടുതലൊന്നും ഓർക്കാനും ആസ്വദിക്കാനും പറ്റിയൊരു മൂഡിൽ അല്ലായിരുന്നു അവനുള്ളത്.

അവൾക്കൊന്ന് വിളിക്കണം എന്നുണ്ടായിരുന്നു എങ്കിലും... അതിപ്പോ ശെരിയാവില്ല എന്നറിയാവുന്നത് കൊണ്ട് അവൻ വേഗം ഉറങ്ങാൻ കിടന്നു.

കാലത്തെ തന്നെ എഴുന്നേറ്റു ഫ്രഷ് ആയിട്ട് രുദ്രനും ജീവനും ശ്രീയുടെ വീട്ടിലേക്ക് തിരിച്ചു.

കാര്യങ്ങൾ... അപകടത്തിൽ പെട്ടതായി തന്നെ ശ്രീ അവിടെ അവതരിപ്പിച്ചു വെച്ചിട്ടുണ്ട്. എന്നിട്ടും ശിവയുടെ മുഖത്തു കാണുന്ന പിണക്കം മാറ്റാൻ അവൾക്കൊപ്പം കൂടിയതാണ് ജീവൻ.

"ശിവ... ശ്രീ ഏട്ടൻ പറഞ്ഞില്ലെടോ. എനിക്ക് നിന്നെ വിളിക്കാൻ പറ്റിയൊരു സിറ്റുവേഷൻ ആയിരുന്നില്ല. അത് കൊണ്ടല്ലേ.. പ്ലീസ് ശിവ എന്നെ ഒന്ന് നോക്ക് നീ "

ഒന്നും മിണ്ടാതെ നിൽക്കുന്ന ശിവയെ ചേർത്ത് പിടിച്ചു കൊണ്ട് ജീവൻ ആളുകൾക്കിടയിൽ നിന്നും അകത്തേക്ക് നടന്നു.

കുതറി മാറുന്ന അവളെ അവൻ പിടിച്ച പിടിയാലേ ഒപ്പം തന്നെ നടത്തി.

മുകളിൽ ഓപ്പൺ ടെറസിൽ ആരും കാണാതെ അവളെ വലിച്ചു നീക്കി നിർത്തിയിട്ടു അവനും അവൾക്കൊപ്പം ചുവരിൽ ചാരി ലോക്ക് ചെയ്തു.

ശിവക്ക് പിണക്കം പോയി വെപ്രാളമായി തുടങ്ങി.

"ഇനി നീ എന്നെ വേണമെങ്കിൽ രണ്ടു ചീത്ത പറഞ്ഞോ.. പക്ഷേ ഇങ്ങനെ പിണങ്ങി നിൽക്കല്ലേ. അത് മാത്രം സഹിക്കാൻ വയ്യെന്റെ ശിവ "

ആർദ്രമായി പറയുന്നവനെ ശിവ മുഖം ഉയർത്തി നോക്കി.

ചുണ്ടിന്റെ സൈഡിൽ നിലിച്ചു കിടക്കുന്ന മുറിവിന്റെ പാട് അവളെ ഒരുപാട് വേദനിപ്പിച്ചു..

"വേദനയുണ്ടോ..

അറിയാതെ തന്നെ ശിവയുടെ വിരലുകൾ അവന്റെ മുറിവിനെ തലോടി കൊണ്ട് ചോദിച്ചു.

"ഉണ്ടായിരുന്നു. ഇപ്പൊ.. ഒട്ടുമില്ല "
ചുണ്ടിൽ ഒളിപ്പിച്ചു പിടിച്ചൊരു ചിരിയോടെ അവനത് പറയുമ്പോൾ ശിവ വേഗം കൈ പിൻവലിച്ചു.

ചെയ്തു പോയത് എന്തായിരുന്നു എന്നവൾക്ക് അപ്പോഴാണ് ബോധം വന്നത്.
ചുവന്നു പോയ മുഖം അവൻ കാണാതിരിക്കാൻ താഴ്ത്തി പിടിച്ചു.

ജീവൻ ആ മുഖം കൈ വിരൽ തുമ്പിൽ ഉയർത്തി നോക്കി.

"പേടിച്ചു പോയിരുന്നോ?.

അലിവോടെ അവൻ ചോദിക്കുമ്പോൾ പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു.

"ജീവനോടെ ഉണ്ടെങ്കിൽ ഞാൻ തേടി വരുമെന്ന് അറിയില്ലേ നിനക്ക്."

ജീവൻ അവളുടെ കണ്ണുകളിൽ ഉറ്റു നോക്കി കൊണ്ട് ചോദിച്ചു..

ഒന്ന് മൂളാൻ കൂടി കൂടി കഴിയാതെ ശിവ കുഴഞ്ഞു പോയിരുന്നു, അവന്റെയാ ഭാവത്തിൽ.

"വിളിച്ചിട്ട് കിട്ടാതെയായപ്പോൾ... ഞാൻ.. എനിക്ക്.."
ശിവ കരഞ്ഞു പോയിരുന്നു.

ജീവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു.

"എന്ത് സുഖമുണ്ടന്നോ നീ ഇങ്ങനെ പറയുന്നത് കേൾക്കാൻ. എന്നെ അത്രയും ഇഷ്ടമാണെന്ന് പറയാതെ തന്നെ അറിയുവല്ലേ ഞാനും "
ജീവന്റെ കൈകൾ അവളിൽ മുറുകി..

"പക്ഷേ ഒന്ന് നീ ഓർക്കണം. എന്റെയാണ് ഉറപ്പിച്ചതിന് ശേഷം.. നീ ഇങ്ങോട്ട് വിളിച്ചില്ലങ്കിൽ കൂടിയും ഞാൻ വിളിക്കാറുണ്ട്.. നീയും വിളിക്കാറുണ്ട്. ഇപ്പൊ ഇത്രേം നീ വിളിച്ചിട്ടും എന്നെ കിട്ടിയില്ല എങ്കിൽ വിളിക്കാൻ പറ്റാത്ത അത്രയും വലിയൊരു സിറ്റുവേഷനിൽ ആണ് ഞാൻ എന്ന് വേണം നീ മനസിലാക്കാൻ. അല്ലെങ്കിൽ ഈ ലോകത്ത് ജീവനോടെ   ഉണ്ടെങ്കിൽ... നിന്റെ വിളികൾ ഞാൻ കാണാതെ നടിക്കില്ല എന്ന് അറിയണം നീ.അതും... സ്നേഹമാണ് ശിവ "

നെഞ്ചിൽ പതുങ്ങി കിടക്കുന്നവളുടെ മുഖം പിടിച്ചുയർത്തി.. ആ കണ്ണിലെക്ക് നോക്കി ആർദ്രമായി ജീവൻ പറഞ്ഞു.

നല്ല വേദനയായില്ലേ "
വീണ്ടും ശിവയുടെ കണ്ണുകൾ അവന്റെ ചുണ്ടിലെ മുറിവിലാണ്.

"ഉണ്ടായിരുന്നു.വെറുതെ ഹോസ്പിറ്റലിൽ പോയി സമയം കളഞ്ഞു. നേരെ നിന്റെ അരികിൽ വന്ന മതിയായിരുന്നു "

ജീവൻ ചിരിച്ചു കൊണ്ട് അവളുടെ നേരെ നോക്കി കണ്ണിറുക്കി ചിരിച്ചു.

                      ❣️❣️❣️❣️

കണ്ണുകൾ കൊണ്ടൊരു പ്രദക്ഷിണം നടത്തിയിട്ടു രുദ്രന് അഞ്ജലിയെ കണ്ടെത്താൻ ആയില്ല.

വന്നപ്പോൾ എല്ലാവർക്കുമൊപ്പം ഒരു നോക്ക് കണ്ടതാണ്.
പരിഭവമോ പരാതിയോ എന്നറിയാത്ത വിധം ഒരു നിസ്സംഗത നിറഞ്ഞ മുഖത്തേക്ക് വീണ്ടും വീണ്ടും നോക്കിയിട്ടും ഒരു നോട്ടം പോലും അവളിൽ നിന്ന് പകരം കിട്ടുന്നില്ല.

ആഘോഷങ്ങൾക്കിടയിൽ മൂടി കെട്ടിയ മനസ്സോടെ നിൽക്കേണ്ടി വന്നത് അതോർത്തിട്ടാണ്.

ഇനി ശ്രീയേട്ടൻ പറഞ്ഞത് വിശ്വാസമായി കാണില്ലേ..

അവൾക്ക് ഊഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവുമോ.. ജെറിന്റെയും സ്റ്റീഫന്റെയും കളികളെ കുറിച്ച്.

അതാവുമോ ഈ പിണക്കത്തിന് കാരണം.
എന്തൊക്കെയാണേലും അവൾക്ക് അവര് രക്തബന്ധമാണ്.

എത്ര ഉപേക്ഷിച്ചു കളയാൻ നോക്കിയാലും നീരാളി പോലെ നാല് പാടും ചുറ്റി വരിയാൻ പാകത്തിന് ആഴമുള്ള രക്തബന്ധം.

സ്നേഹിച്ചു തുടങ്ങും മുന്പേ പറഞ്ഞതല്ലേ..

അവളുടുള്ള സ്നേഹം ഒരിക്കലും ജെറിനോടും സ്റ്റീഫനോടും പൊറുക്കാനുള്ള കാരണമാവില്ലെന്ന്.

അന്നവൾ അത് സമ്മതിച്ചു തന്നതുമാണ്.
ഇന്നിപ്പോൾ ഇടിച്ചു കയറി ഹൃദയം മുഴുവനും അവള്കായി ഒരു പൂക്കാലം ഒരുക്കിയിട്ട്...അകന്ന് പോവുകയാണോ. ഈ പരിഭവവും മനസ്സിൽ വെച്ചിട്ട്.

രുദ്രന് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി.
പക്ഷേ അങ്ങനെ വിട്ട് കളയാൻ ആവുമോ തനിക്കവളെ.. ഹൃദയത്തില്ലല്ലോ.. ഹൃദയം തന്നെ അവളല്ലേ.

അതെന്തേ അവള് അറിയാതെ പോയി..
പ്രണയമെന്ന പാഠശാലയിൽ നിന്നും അവളോടൊപ്പമല്ലേ... മുറിവേൽകാതെ നോവുമെന്നും... പ്രിയപ്പെട്ടവരുടെ മൗനം ശ്വാസം മുട്ടിക്കുമെന്നും പഠിച്ചിറങ്ങിയത്.

ഇത്തിരി പോലും അവൾക്ക് തന്നെ മനസ്സിലായില്ലേ എന്നോർക്കുമ്പോൾ വല്ലാതെ നോവുന്നുണ്ടവന്.

എന്നിട്ടും...
വീണ്ടും വീണ്ടും കണ്ണുകൾ ആർത്തിയോടെ തിരയുന്നത് അവളെയാണ്. ഹൃദയം മുഴുവനും നിറഞ്ഞു നിൽക്കുന്ന അവന്റെ മാത്രം യൂദാസിനെ..

                          ❣️❣️❣️❣️

വെറുതെയാണ്..

അപകടത്തിൽ പെട്ടതൊന്നും ആവില്ല. ഇന്നലെ വന്നൊരു ഫോൺ കാളിന് പിറകെയല്ലേ ആ ഭാവം മാറി തുടങ്ങിയത്..

കുസൃതി മങ്ങി തുടങ്ങിയത്.
അത് വരെയും ചിരിച്ചു കളി പറഞ്ഞവനെ ഗൗരവത്തോടെ കണ്ടത്.

ഹൃദയമാകെ പിടയുന്നു..
കാതിൽ അവന്റെ യൂദാസേ എന്നുള്ള വിളി മാത്രം കേൾക്കുന്നുണ്ട്.

ചേട്ടായിയും അപ്പനും ഒപ്പിച്ച കെണിയിൽ പെട്ടതാവും.

അത് കൊണ്ടാണ് തന്നോട് ഒന്നും പറയാതെ വന്നിട്ട് പറയാം എന്ന് പറഞ്ഞത്.

തിരിച്ചു വന്നപ്പോൾ ഓടി വന്നിട്ട് യൂദാസേ എന്ന് വിളിക്കും എന്നുള്ള ഒറ്റ പ്രതീക്ഷിയില്ലല്ലേ ഇന്നലെ ഒന്നുറങ്ങാൻ പറ്റിയത്.

പക്ഷേ ആ മുഖത്തു കാണുന്ന ഭാവം.. അത് ദേഷ്യമല്ലേ.. വെറുപ്പല്ലേ..

അഞ്‌ജലിക്ക് വീണ്ടും ഹൃദയം പിടഞ്ഞു.

തന്നെ ഒന്ന് നോക്കിയത് കൂടിയില്ല.. ആ അവഗണന സഹിക്കാൻ വയ്യാഞ്ഞിട്ടാണ് മുഖം താഴ്ത്തി നിന്നത്.

അവന്റെ മുന്നിൽ പോയി പിന്നേയും നിൽക്കാഞ്ഞത്.

ഹൃദയം പൊള്ളി പിടയുന്നുണ്ട്.

അവനിനി തന്നെ സ്നേഹിക്കാൻ കഴിയില്ലായിരിക്കും.

അല്ലെങ്കിലും കൊല്ലാൻ നടക്കുന്നവന്റെ പെങ്ങളെ... ആർക്കാണ് സ്നേഹിക്കാൻ ആവുന്നത്..

ഇത്രേം കാലം അഭയം തന്നത്.. ഇത്തിരിയെങ്കിലും സ്നേഹം പകർന്നു തന്നത്.. അത് അവന്റെ ഔദാര്യമായിരിക്കും.

അവനെ ഓർക്കുമ്പോൾ, ആ മനസിനെ ഓർക്കുമ്പോൾ അവൾക്കും വല്ലാതെ നോവുന്നുണ്ട്.

നടക്കാതെ പോയൊരു മനോഹരസ്വപ്നമായി മാറുമോ അഞ്‌ജലിക്ക് രുദ്രൻ.

ഓർക്കുമ്പോൾ തന്നെ ഉള്ളം വിങ്ങുന്നുണ്ട്.

അവളുടെ കൈകൾ കഴുത്തിൽ ചേർന്ന് കിടക്കുന്ന താലിയിൽ മുറുകി.

തുറന്നു പറയാനാവാതെ... തെറ്റ്ധാരണ കൊണ്ട് പരസ്പരം നീറുന്നുണ്ട്.. രണ്ടാളും.

                       ❣️❣️❣️❣️

രാത്രി ഒരുപാട് വളർന്നിട്ടാണ് തിരക്കുകൾ എല്ലാം ഒതുങ്ങിയത്.

ശ്രീയുടെ ഇടവും വലവും രണ്ടു ശക്തകളായി രുദ്രനും ജീവനും ഉണ്ടായിരുന്നു.

കല്യാണം കൂടാൻ വന്നിരുന്ന ഒട്ടുമിക്ക ആളുകളും അവരെ കുറിച്ച് പറയുകയും ചെയ്തു.

അത്രയും ആത്മാർത്ഥമായി ഓടി നടക്കാൻ അവർ ഉള്ളത് കൊണ്ട് തന്നെ ശ്രീയുടെ പകുതി മുക്കാല് ഭാരവും അവൻ അറിഞ്ഞിട്ടില്ല.

രണ്ടു പെങ്ങന്മാർക്കുള്ള ഒരേ ഒരു ഏട്ടനാണ് ശ്രീകാന്ത്.

"ഇന്നൂടെ ഇവിടെ നിന്നിട്ട് നാളെ പോയ പോരെ അമ്മേ "

ലക്ഷ്മി അമ്മയോട് ശ്രീ ചോദിക്കുമ്പോൾ അവർ രുദ്രനെ നോക്കി.

"ഏയ്‌.. ഇനി പിന്നൊരിക്കൽ വരാം ശ്രീ ഏട്ടാ. എനിക്ക് പോയിട്ട് ഇത്തിരി ജോലി ഉള്ളതാ "

രുദ്രൻ പറയുമ്പോൾ ശ്രീയുടെ കണ്ണുകൾ അവന് നേരെ കൂർത്തു.

"ഇനി ഈ രാത്രി ഒരു ജോലിക്കും പോണില്ല. പോയി കിടന്നു ഉറങ്ങിയേക്കണം. രാവിലെ നീ ഇപ്പൊ പറഞ്ഞ ആ ജോലിക്ക് ഞാൻ കൂടി വരുന്നുണ്ട്. എന്റേം കൂടി അവകാശമാണെന്ന് കൂട്ടിക്കോ "
ശ്രീ രുദ്രൻറെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

"എന്നാ ഞാനും "

പോവാൻ വേണ്ടി ഇറങ്ങി കുനിഞ്ഞു നിന്ന് ഷൂ ഇടുന്നതിനിടെ ജീവനും ഉറക്കെ പറഞ്ഞു കൊണ്ട് കൈ ഉയർത്തി കാണിച്ചു.

രുദ്രനും ശ്രീയും ചിരിച്ചു പോയി.. അവന്റെ പറച്ചിൽ കേട്ടപ്പോൾ.

"അവരെവിടെ... റെഡിയായില്ലേ "

വീണ്ടും രുദ്രൻറെ കണ്ണുകൾ നാല് പാടും ചിതറി.

അതേ സമയം തന്നെയാണ് ശിവയും അഞ്‌ജലിയും കയ്യിൽ അത്യാവശ്യം വലിയ രണ്ടു കവറുകളും പിടിച്ചു കൊണ്ട് വന്നത്.

രുദ്രൻ പോയിട്ട് അവരുടെ കയ്യിൽ നിന്നും ആ കവർ വാങ്ങി.

ശിവ ചിരിച്ചു കൊണ്ടവനെ നോക്കി എങ്കിലും അഞ്ജലിയുടെ മുഖം ഉയർന്നിട്ടില്ല.

കവർ വാങ്ങുമ്പോൾ മനഃപൂർവം അവനാ കൈകൾ ഒന്ന് പിടിച്ചു എങ്കിലും അവളത് വേഗം വേർപെടുത്തി.

അവളുടെ അകൽച്ച... അത് തന്റെ തോന്നലായിരിക്കും എന്ന് കരുതി സമാധാനിച്ചു നിന്നിരുന്ന രുദ്രനിലേക്ക് വീണ്ടും ടെൻഷൻ പാഞ്ഞു കയറി.

അതേ... അവൾക്ക് തന്നോടൊരു പരിഭവമുണ്ട്..

അവന്റെ മനസ്സും അടിവരയിട്ട് ഉറപ്പിച്ചു.
പിന്നെ ഒന്നും പറയാൻ നിൽക്കാതെ അവനാ കവറുകൾ കാറിൽ കൊണ്ട് വെച്ചു..

എങ്കിൽ പോട്ടെ ശ്രീയേട്ടാ. ഇനി പിന്നെ വരാം "
ജീവനാണ് ആദ്യം യാത്ര പറഞ്ഞിറങ്ങിയത്.

"ചുണ്ടിലെ മുറിവ് വേദനയുണ്ടെങ്കിൽ ഒന്നുക്കൂടി ഹോസ്പിറ്റലിൽ പോയി കാണിക്ക്. കേട്ടോ ജീവാ "
ശ്രീ വിളിച്ചു പറയുമ്പോൾ ജീവന്റെ കണ്ണുകൾ ശിവയുടെ നേരെ നീങ്ങി.

അവന്റെ മുഖം നിറയെ ഒരു കള്ളചിരി ഉണ്ടായിരുന്നു..

"ഏയ്‌.. ഇപ്പൊ വേദന ഒട്ടുമില്ലേട്ടാ.."

മുറിവിൽ ഒന്ന് തഴുകി, അവനത് പറയുമ്പോൾ ശിവ ചുവന്നു പോയിരുന്നു.
അവൾ വേഗം അഞ്ജലിയുടെ പിന്നിലേക്ക് പതുങ്ങി.

ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ്ഞിട്ട് അവരെല്ലാം പോവാനിറങ്ങി.

"ശിവയെ ഞാൻ ആക്കി തരാം രുദ്ര. എല്ലാരും കൂടി ഇതിൽ പോവാൻ ബുദ്ധിമുട്ടല്ലേ.നിങ്ങൾ വിട്ടോ "
കണ്ണ് കൊണ്ട് ജീവനോട് യാത്ര പറഞ്ഞ് രുദ്രന്റെ വണ്ടിയിലേക്ക് കയറാൻ ആഞ്ഞാ ശിവയുടെ കയ്യിൽ പിടിച്ചു വെച്ചു കൊണ്ട് ജീവൻ പറഞ്ഞു.

"ഓ.. അത് നിനക്ക് ബുദ്ധിമുട്ടാവില്ലേടാ അളിയാ "
രുദ്രൻ ഈണത്തിൽ ചോദിച്ചു.

"ഏയ്‌.. എനിക്കെന്ത് ബുദ്ധിമുട്ട്. ഇനി ഉണ്ടെങ്കിൽ തന്നെ നിനക്ക് വേണ്ടി ഞാനതങ്ങു സഹിക്കും അളിയാ. നീയാണ് എനിക്ക് വലുത് "

ജീവനും അതേ ഈണത്തിൽ മറുപടി പറഞ്ഞു.

അവരുടെ സംസാരം കേട്ടിട്ട് അവിടെ നിൽക്കുന്നവരെല്ലാം ചിരിക്കുന്നുണ്ട്.

ശ്രീക്ക് നേരെ ഒന്നൂടെ കൈ വീശി കാണിച്ചു കൊണ്ട് രുദ്രൻ ആണ് ആദ്യം കാറെടുത്തു പോയത്. പിറകെ തന്നെ ജീവനും അവന്റെ കൂടെ ശിവയും.

                  ❣️❣️❣️❣️❣️

കൂടെ കൂടെ മിററിലൂടെ രുദ്രന്റെ കണ്ണുകൾ.. സൈഡിൽ സീറ്റിൽ ചാരി മറ്റേതോ ലോകത്തിലെന്ന പോലെ ഇരിക്കുന്ന അഞ്‌ജലിക്ക് നേരെ പായുന്നുണ്ട്.

അവളതൊന്നും അറിയുന്നില്ല.

മുത്തശ്ശിയാണ് അവനൊപ്പം മുന്നിൽ ഇരിക്കുന്നത്.

ലക്ഷ്മിയും അഞ്‌ജലിയും പിറകിലും.
അവരുടെ കൂടെ ആയത് കൊണ്ട് തന്നെ അവളോട് ഒന്നും മിണ്ടാനും വയ്യ.

രുദ്രന് ശ്വാസം മുട്ടി തുടങ്ങി.

"നിനക്കെന്താ വയ്യേ "
ആ മൗനം... ആ ഭാവം.. അതൊന്നും ഒട്ടും സഹിക്കാൻ വയ്യെന്ന് തോന്നിയിട്ടാണ് രുദ്രൻ പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി ചോദിച്ചത്.

ഒന്നും മിണ്ടാതെ അൽപ്പനേരം നോക്കി ഇരുന്നവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞത് അവൻ മാത്രം കണ്ടു.

"ഒന്നുമില്ല.."

അത്ര മാത്രം ഉത്തരം കൊടുത്തിട്ട് അവൾ വീണ്ടും മുൻപത്തെ പോലെ തന്നെ ഇരുന്നു.

രുദ്രന്റെ മനസ്സിലെ പിടച്ചിൽ ഒന്നൂടെ കൂടി.

അവനങ്ങനെ ചോദിച്ചത് കൊണ്ടായിരിക്കും... ലക്ഷ്മി അഞ്ജലിയോട് എന്താ പറ്റിയത് അഞ്ജു... എന്ന് ചോദിക്കുന്നുണ്ട്.
അവളുടെ നെറ്റിയിലും.. കഴുത്തിലും കൈ ചേർത്ത് വെച്ചു നോക്കുന്നുണ്ട്.

'പനിയൊന്നുമില്ല. വെള്ളം മാറി കുളിച്ചില്ലേ. അതിന്റെ അസ്വസ്ഥയാവും. വീട്ടിൽ എത്തിയിട്ട് അമ്മ ചുക്ക് കാപ്പി ഉണ്ടാക്കി തരാം. അപ്പൊ മാറിക്കോളും "
ലക്ഷ്മി അവളുടെ നേരെ നോക്കി സ്നേഹത്തോടെ പറഞ്ഞു.

പക്ഷേ ആ സ്നേഹതണുപ്പ് കൊണ്ടും തെളിയാത്ത വിധം ഇരുട്ട് മൂടി കെട്ടിയ ആ മുഖം.. രുദ്രന്റെ ഉള്ളിലെ വലിയൊരു മുറിവായി മാറുന്നുണ്ട്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story