രൗദ്രം ❤️: ഭാഗം 55 || അവസാനിച്ചു

raudram

രചന: ജിഫ്‌ന നിസാർ

തന്നെ നോക്കുന്നവന്റെ കണ്ണുകൾക്ക് പ്രണയത്തിനൊപ്പം ഒരു പുതിയ ഭാവം കൂടി കൈ വന്നത് പോലെ തോന്നി അഞ്‌ജലിക്ക്.

"കഴിക്ക് യൂദാസേ "

ഉള്ളിലെ സ്നേഹം മുഴുവനും ഉണ്ടായിരുന്നു അവന്റെ സ്വരം നിറയെ.

ശിവയുടെ സർപ്രൈസ്.. വൈകുന്നേരത്തെ ഫങ്ക്ഷനൊപ്പം രുദ്രനും അഞ്ജലിക്കും വേണ്ടി ഒരു കേക്ക് കട്ടിങ് കൂടിയവൾ അറേൻജ് ചെയ്തിരുന്നു.

അപ്പോഴാണ് അവിടെ കൂടിയാവരെല്ലാം വിവരം അറിയുന്നത്.

ലക്ഷ്മിയും മുത്തശ്ശിയും സന്തോഷം കൊണ്ട് കണ്ണ് നിറച്ചു നിന്നപ്പോൾ... വല്ല്യാന്റിയുടെ എല്ലാ ഗർവോടെയും കൂടി എപ്പോഴത്തെയും പോലെ ഗായത്രി നിൽപ്പുണ്ട്.

ശ്രീ ചിരിച്ചു കൊണ്ട് രുദ്രനെ കെട്ടിപിടിച്ചു.

അത്യാവശ്യം വലിയ രീതിയിൽ തന്നെയാണ് അവരാ ഫങ്ക്ഷൻ നടത്തിയത്.
പുറമെ നിന്നും ആരുമില്ലെങ്കിലും.. ജീവന്റെ നാട്ടുകാരുടെ ഹൃദ്യമായ സഹകരണം... വന്നവർക്കെല്ലാം മനസ്സ് നിറച്ചിരിന്നു.

"ജീവൻ എന്റെ പ്രിയപ്പെട്ടവനാണ്. അത് കൊണ്ട് തന്നെ നിങ്ങളും "
വല്ല്യ പോലീസ് ഓഫീസറോടുള്ള ഭയബഹുമാനം കാണിച്ചു കൊണ്ട് മാറി നിൽക്കാൻ ശ്രമിച്ച തികച്ചും സാധാരണ മനുഷ്യരെ കൂടി ചേർത്ത് പിടിച്ചു കൊണ്ട് രുദ്രൻ പറയുമ്പോൾ, അവരുടെ മനസ്സിലുള്ള അവന്റെ ചിത്രത്തിന് വീണ്ടും തിളക്കം കൂടുകയായിരുന്നു.

"ഇന്നിനി പോണോ അളിയാ. രാവിലെ പോയ പോരെ "

ഫുഡില്ലാം കഴിച്ചു കഴിഞ്ഞു പോവാൻ ഇറങ്ങി തുടങ്ങിയ രുദ്രനെ നോക്കി ജീവൻ ചോദിച്ചു.

"ഇനി എപ്പോ വേണേലും വരാമല്ലോ അളിയാ.. ഇപ്പൊ പോയിട്ട് ഇത്തിരി ധൃതിയുള്ളതാ "

മീശ തടവി കണ്ണിറുക്കി കാണിച്ചു കൊണ്ട് രുദ്രൻ പറയുമ്പോൾ.. എല്ലാം മനസ്സിലായെന്ന പോലെ ജീവൻ തലയാട്ടി കൊണ്ട് ചിരിച്ചു.

വന്നവരെയെല്ലാം വണ്ടിയിൽ കയറ്റുന്ന തിരക്കിൽ മുണ്ടും മടക്കി കുത്തി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ശ്രീയിൽ അവരുടെ കണ്ണ് ചെന്നു.

രണ്ടാളും പരസ്പരം ഒന്ന് നോക്കിയിട്ട് ചിരിച്ചു.

                     ❣️❣️❣️❣️
പോയിട്ട് വരാം മോളെ.

ലക്ഷ്മി ശിവയുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
ശിവ ആ കൈകൾ പിടിച്ചു ചുണ്ടിൽ ചേർത്തു.

മുത്തശ്ശി അവളുടെ നെറുകയിൽ കൈ വെച്ചു കൊണ്ട് അനുഗ്രഹിച്ചു.
നിറഞ്ഞ കണ്ണുകൾ വേഗം തുടച്ചിട്ട് ഒന്നും പറയാതെ ലക്ഷ്മിയുടെ കയ്യും പിടിച്ചിട്ട് വേഗം കാറിന്റെ നേരെ നടന്നു.

"പോട്ടെ ശിവ.. ഞാൻ വിളിക്കാം "
പതിവുപോലെ ഗൗരവം നിറഞ്ഞ ഒരു യാത്ര പറച്ചിൽ.
ഗായത്രി തിരിഞ്ഞു നടന്നു.
കുട്ടികൾ അതിനും മുന്നേ ഓടി പോയി കാറിൽ കയറിയിരുന്നു.

ഏറ്റവും ഒടുവിൽ അഞ്‌ജലിയും ശിവയും മാത്രം മായി.

"പോവാണ് "
അഞ്ജലി പതിയെ പറഞ്ഞു.

"എന്റെ കുഞ്ഞിനെ നോക്കിക്കോണേ ഡി "
ശിവ അവളുടെ കൈ പിടിച്ചു.

"ഓ.. പിന്നെ. അത് നീ പറഞ്ഞു തന്നിട്ട് വേണമല്ലോ. എനിക്കറിയാം "

അഞ്ജലി അൽപ്പം ജാഡയിട്ടു.
"നിനക്ക് നന്നായി അറിയാം. തുള്ളി ചാടി നടക്കാനും എന്റേ എട്ടനോട് തല്ല് പിടിക്കാനും. എന്നിട്ടവള് പറയുന്നു. എല്ലാം അറിയാം പോലും "
ശിവ ചുണ്ട് കോട്ടി.

"രണ്ടും കൂടി കുത്തി മറിഞ്ഞിട്ട് എന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റിയാ.. ബാക്കി ഞാൻ അപ്പൊ പറയാം "
ശിവ ഭീക്ഷണി പോലെ വിരൽ ചൂണ്ടിയത് അഞ്ജലി വളരെ മനോഹരമായി പുച്ഛിച്ചു കൊടുത്തു.
"നീ പോടീ പരട്ടെ "

അറിയാതെ തന്നെ അഞ്ജലിയുടെ ശബ്ദം ഉയർന്നു.

അവിടെ കൂടിയവരെല്ലാം  ഒരു നിമിഷം അവരിലേക്കായി, ശ്രദ്ധ.

"നീ പോടീ പരട്ടെ "

ശിവയും അൽപ്പം ദേഷ്യത്തോടെ തന്നെ വിളിച്ചു പറഞ്ഞു.

"നിർത്തെടി പരട്ടകളെ "

രുദ്രനാണ്..

രണ്ടാളും നോക്കുമ്പോൾ അവരെല്ലാം നോക്കി നിൽക്കുന്നത് കണ്ട് ചമ്മി പോയിരുന്നു.

"അളിയാ.. അളിയന്റെ പരട്ടയെ ഏറ്റെടുത്തു കൊണ്ട് പോയിക്കോ.. എന്റെ പരട്ടയെ ഞാനും കയ്യേൽക്കുന്നു.. ഇനി യാത്രയില്ല "
അഞ്ജലിയുടെ കൈ പിടിക്കുന്നതിനൊപ്പം തന്നെ ശിവയെ പിടിച്ചു കൊണ്ടവൻ ജീവന്റെ കയ്യിൽ ഏൽപ്പിച്ചു.

വേറൊന്നും പറയാതെ തിരിഞ്ഞ് നടക്കുന്നവന്റെ കലങ്ങി ചുവന്ന മിഴികൾ..

അഞ്ജലി കാറിൽ കയറിയിട്ട്... കണ്ണിൽ നിന്ന് മറയുവോളം ശിവയെ കൂടെ കൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

ജീവന്റെ നെഞ്ചിൽ ചേർന്ന് നിന്നിട്ട് അവളും അത് കണ്ടിരുന്നു.

  
                        ❣️❣️❣️❣️

സങ്കടമൊക്കെ തീർന്നോ "

തല കുനിച്ചിരിക്കുന്ന ശിവയുടെ അരികിൽ വന്നിരുന്നു കൊണ്ട് ജീവൻ ചോദിച്ചു.

"എനിക്കതിനു സങ്കടമൊന്നും ഇല്ലല്ലോ "
ശിവ പതിയെ പറഞ്ഞു.

"ഓഹോ.. അങ്ങനെയാണോ. എന്നിട്ടാണോ വീട്ടുകാർ യാത്ര പറഞ്ഞു പോയത് മുതൽ ഒടിഞ്ഞു തൂങ്ങി നിന്നിരുന്നത് "

ജീവൻ കളിയാക്കി കൊണ്ട് ചോദിക്കുമ്പോൾ ശിവ ഒന്ന് ചിരിച്ചു കാണിച്ചു.

"അതിപ്പോ.. കരഞ്ഞില്ലേൽ മോശമല്ലേ. അത് കൊണ്ടാ "

അവളുടെ മറുപടി കേട്ടപ്പോൾ ജീവൻ ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ടവളെ നോക്കി തലയാട്ടി.

അപ്പോഴും കലങ്ങി ചുവന്നു കിടക്കുന്ന ശിവയുടെ മിഴിയാഴങ്ങളിലേക്ക് അവൻ വെറുതെ ഒന്ന് നോക്കി.
പ്രണയം തിരയുന്ന പോലെ..

കൈകൾ കിടക്കയിൽ വെച്ചിരുന്ന ശിവയുടെ കൈകൾക്ക് മേലെ അമർന്നു.

ഒരു വിറയൽ തഴുകി തലോടി കടന്നു പോകുന്നത് ശിവയറിഞ്ഞു.

അവനെ നോക്കാൻ ധൈര്യമില്ലാതെ അവളുടെ കണ്ണുകൾ പിടച്ചു.

"ശിവാ..

ആർദ്രതയോടെ വിളിക്കുന്നവന്റെ നേരെ പതിയെ നോക്കുമ്പോൾ ജീവന്റെ ചിരിയിൽ സ്വയം മറന്നവൾ നോക്കി ഇരുന്നു.

"നമ്മളെറെ കാത്തിരുന്ന ദിവസമാണ്.

ജീവന്റെ സ്വരം കുറേ കൂടി പ്രണയം പൊതിഞ്ഞു.

അവനൊന്നു കൂടി നീങ്ങിയിട്ട് ശിവയുടെ അരികിലിരുന്നു.
സർ ക്ലാസ് എടുക്കുമ്പോൾ ഏറെ ആസ്വദിച്ച ആ പെർഫ്യൂമിന്റെ മണം.

ആ ഗന്ധം തനിക് പ്രണയത്തിന്റെതാണ്..
ശിവ കണ്ണുകൾ അടച്ചു കൊണ്ട് ഒന്ന് ശ്വാസം വലിച്ചെടുത്തു.

"എന്നെ ഇഷ്ടമായിരുന്നില്ലങ്കിലും... എന്റെ സ്മെൽ നിനക്കിഷ്ടമായിരുന്നുവല്ലേ. അന്നും "

ജീവൻ കുറുമ്പോടെ ചോദിക്കുമ്പോൾ ശിവയുടെ മുഖം കുനിഞ്ഞു.

"അങ്ങനെ.. അങ്ങനെ പ്രേമിച്ചു നടക്കാനുള്ള ഒരു സിറ്റുവേഷനിൽ അല്ലായിരുന്നു സർ ഞാനും.. ഇപ്പൊ അതെല്ലാം അറിയാമല്ലോ.. പിന്നെയും എന്തിനാ ഇപ്പൊ ഇത് പറയുന്നേ.. എനിക്ക് എന്തോരും ഇഷ്ടമായിരുന്നു എന്നറിയോ.. വിട്ട് കളയേണ്ടി വരുമോ എന്നോർത്ത് മരിക്കാൻ വരെയും തോന്നിയതാ "

ശിവയുടെ വിരലുകൾ അവന്റെ കയ്യിൽ മുറുകി..

അവനും ശ്വാസം മുട്ടും പോലെ തോന്നി..

"വെറുതെ പറഞ്ഞതാ ശിവ ഞാൻ.താൻ ടെൻഷനാവല്ലേ ഇനി അത് പറഞ്ഞിട്ട് "

ജീവൻ അവളുടെ തോളിൽ പിടിച്ചു കുലുക്കി.

അവൾ ഒന്ന് ചിരിച്ചു.

"നഷ്ടപെടലിന്റെ വക്കിൽ നിന്നും ഞാൻ നേടി എടുത്തതാണ്.എന്റെ ഉള്ളിൽ നിന്നോടുള്ള ഇഷ്ടം എത്രയുണ്ടെന്ന് എനിക്ക് തന്നെ തിരിച്ചറിയാൻ ഉള്ളൊരു കാരണമായിട്ട് കാണാനാണ് എനിക്കിഷ്ടം. "

ശിവയുടെ മുഖം കയ്യിൽ എടുത്തു കൊണ്ടവൻ പറഞ്ഞു.

നെറ്റിയിൽ അമരുന്ന സ്നേഹതണുപ്പിനൊപ്പം ഹൃദയം കൂടി ശാന്തമാവുന്നുണ്ട്.

"പ്രണയം പൂക്കുന്നയിടങ്ങളിലെല്ലാം എനിക്ക് നിന്നെ കൊണ്ട് പോവണം ശിവാ. ഞാനും നീയും ആയിട്ടല്ല. നമ്മളായിട്ട് "
ജീവന്റെ കൈകൾ അവളിൽ മുറുകി..

ശബ്ദം വളരെ വളരെ പതിയെയാണ്. കാതോർത്താൽ മാത്രം കേൾക്കാൻ കഴിയാവുന്ന അത്രയും പതിയെ..അവന്റെ വാക്കുകൾ.

"ഓരോ പ്രാവശ്യം നിന്നെ ഫോണിൽ വിളിക്കുമ്പോഴും.. നേരിട്ട് തരാം എന്ന നിന്റെ വാക്കിനെ വിശ്വസിച്ചു ഞാൻ കാത്തിരുന്ന... പല സമ്മാനങ്ങളും ഇല്ലേ ശിവ. അതെനിക് ഇപ്പൊ വേണം "

ശിവ ഞെട്ടലോടെ അവനെ നോക്കി.

അത് അന്ന് വെറുതെ പറഞ്ഞു രക്ഷപെട്ടതാണ്. അത് മനസ്സിൽ സൂക്ഷിച്ചു വെച്ചേക്കുവാണോ?

ശിവ വെപ്രാളത്തോടെ അവനെ നോക്കി.

"അത് സർ.. ഞാൻ അപ്പോഴത്തെ..

ശിവ വീണ്ടും വിക്കി തുടങ്ങി.

ഈ സർ വിളി ഇനി വേണോ ശിവ. നീ എന്റെ പാതിയല്ലേ.."
ജീവൻ അവളുടെ ചുണ്ടിൽ വിരൽ ചേർത്ത് കൊണ്ട് പറഞ്ഞപ്പോൾ ശിവ പിടഞ്ഞു പോയിരുന്നു.

ജീവന്റെ ഭാവവും മാറി പോയിരുന്നു.

അവൾക്കവനെ നോക്കാനായില്ല.

"നിനക്ക് ഒക്കെ അല്ലെങ്കിൽ..."

ജീവൻ പാതിയിൽ നിർത്തി കൊണ്ടവളുടെ മുഖം വീണ്ടും വിരൽ കൊണ്ട് ഉയർത്തി.

"എനിക്ക് നിന്നെ വേണം. "

കണ്ണിലേക്കു നോക്കി പറയുന്നവൻ.
വിറച്ചു പോകുന്ന അവന്റെ സ്വരം.
ശിവ അടിമുടി പൂത്തുലഞ്ഞു പോയത് പോലായിരുന്നുവപ്പോൾ.

"നമ്മുക്ക് പ്രണയിച്ചാലോ ശിവാ? "
കണ്ണിൽ ഒരായിരം പ്രണയപൂക്കൾ ഒളിപ്പിച്ചു പിടിച്ചു കൊണ്ട് ഏറെ കൊതിയോടെ തന്റെ സമ്മതം കാത്തു നിൽക്കുന്നുണ്ട്.

പ്രണയമല്ല ശിവക്ക് ജീവൻ.. പ്രാണൻ തന്നെയാണ്.
പക്ഷേ അവനൊരു ഉത്തരം കൊടുക്കാൻ ആവുന്നില്ല.

ശിവയുടെ കൈകൾ അവനെ വലയം ചെയ്തു.

ഒരു വിറയലോടെ അവളെ അവൻ നെഞ്ചിൽ ചേർത്ത് പിടിച്ചു.

അത് വരെയും സമ്മതം ചോദിച്ചു നിന്നവന്റെ പിടി വിട്ട് പോകുന്നുണ്ട്.

ശിവക്ക് മനസ്സിലായി.
അതേ... അവൻ പ്രണയിക്കാൻ ശ്രമിക്കുമ്പോൾ അവളെങ്ങനെ അത് വേണ്ടന്ന് പറയും..

ഈ പ്രണയം നഷ്ടമാവുന്നതോർത്തു കൊണ്ട് എത്ര രാത്രി ഉള്ളുലഞ്ഞു കരഞ്ഞു തീർത്തിട്ടുണ്ട് ശിവ..
മരണം കൊതിച്ചിട്ടുണ്ട് ശിവ..

പൊള്ളുന്ന അവന്റെ ഓരോ ചുംബനങ്ങളും അവളെ കൂടുതൽ കൂടുതൽ പരവേശപെടുത്തുന്നുണ്ട്.

അവന്റെ പ്രണയം... താങ്ങാൻ കഴിയാത്ത വിധം ശിവ ജീവനെ ഒന്നൂടെ മുറുകെ കെട്ടിപിടിച്ചു..

                      ❣️❣️❣️❣️

നിനക്കെന്നോട് ദേഷ്യമുണ്ടോ യൂദാസേ "

അപ്രതീക്ഷിതമായി രുദ്രൻ ചോദിക്കുമ്പോൾ.. വിയർത്തു നനഞ്ഞ അവന്റെ നെഞ്ചിൽ നിന്നും ബെഡ് ഷീറ്റ് വാരി പുതച്ചു കൊണ്ട് അഞ്ജലി എഴുന്നേറ്റു.

അവളുടെ കണ്ണുകളിൽ ചോദ്യം നിറഞ്ഞു..

"ഇപ്പൊ ഒരു കുഞ്ഞിനെ.. നീ ആഗ്രഹിച്ചിരുന്നോ "
അവൻ ചോദ്യം ഒന്നൂടെ വ്യക്തമാക്കി.

അഞ്ജലി പതിയെ ഒന്ന് ചിരിച്ചു.

"രുദ്രേട്ടനെ അഞ്ജലി ഒരുപാട് സ്നേഹിക്കുന്നു "
വീണ്ടും അവന്റെ നെഞ്ചിലേക്ക് തന്നെ ചാരി ഇരുന്നു കൊണ്ട് അഞ്ജലി പറഞ്ഞു.

അതിലുണ്ടായിരുന്നു അവനുള്ള ഉത്തരം.
രുദ്രന്റെ കൈയിൽ അവൾ ഒതുങ്ങി കിടന്നു.

അവന്റെ ചുണ്ടുകൾ ഇടതടവില്ലാതെ അവളുടെ നെറ്റിയിൽ ചേരുന്നുണ്ട്.

"ലൈഫ് കുറച്ചു കൂടി എൻജോയ് ചെയ്യാനായില്ലല്ലോ എന്നുള്ള സങ്കടം ഉണ്ടോടി യൂദാസേ നിനക്ക്. എനിക്ക് ഭയങ്കര തിരക്കും നിനക്ക് എക്സാമും. അതിനിടയിൽ ശിവയുടെ വിവാഹം.. എല്ലാം കൂടി..."
രുദ്രന്റെ സ്വരം നേർത്തു.

"കുഞ്ഞു കൂടി വന്നാൽ നല്ല രസമായിരിക്കും.അല്ലേ രുദ്രേട്ടാ "

അതിനും അവൾക്ക് ഉത്തരമുണ്ട്.
രുദ്രന്റെ മുഖം തെളിഞ്ഞു.

"എന്ത് കണ്ടിട്ടാ യൂദാസേ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ "
രുദ്രൻ ചോദിക്കുമ്പോൾ അഞ്ജലിയുടെ ചുണ്ടുകൾ അവന്റെ നെഞ്ചിൽ പതിഞ്ഞു..

"എന്റെയല്ലേ...
അത്രമാത്രം ഉത്തരം കൊടുത്തു കൊണ്ടവൾ അവനിൽ ഒന്നൂടെ പതുങ്ങി.

"ഇനി എന്നെ അഞ്ജുന്ന് വിളിക്കണേ രുദ്രേട്ടാ.. ഇല്ലെങ്കിൽ നമ്മടെ കുഞ്ഞ് കൂടി അങ്ങനെ വിളിക്കും "
അഞ്ജലി മുഖം ഉയർത്തി പരിഭവത്തോടെ അവനെ നോക്കി പറഞ്ഞു.

"പിന്നെ... ഒരു അഞ്ജു വന്നേക്കുന്നു. സ്വന്തം അപ്പനെയും ആങ്ങളേം ഒറ്റി കൊടുത്തവളെ വിളിക്കാൻ പറ്റിയ പേരാണോ അത്.. നിനക്ക് യൂദാസ് എന്നത് മതി.. "

അവളുടെ വീർത്തു തുടങ്ങിയ ചുണ്ടിൽ അമർത്തി ഉമ്മ വെച്ച് കൊണ്ട് രുദ്രൻ പറഞ്ഞു.

അഞ്ജലി പിന്നൊന്നും മിണ്ടാതെ അവനെ പറ്റി പിടിച്ചു കൊണ്ടിരുന്നു.

"നീ എന്റെ യൂദാസായാൽ മതിയെടി.. അതാണ്‌ എനിക്കിഷ്ടം.."

അവന്റെ കൈകൾ വീണ്ടും അവളെ പൊതിഞ്ഞു.

                     ❣️❣️❣️❣️

അവനെ ഞാൻ രക്ഷിച്ചു കൊണ്ട് വരും.. നോക്ക്.. സ്റ്റീഫന്റെ കയ്യിൽ കോടികൾ ഉണ്ട്.. അത് വെച്ച് കൊണ്ട് വരും.നോക്ക്.. നോക്ക്. ഞാൻ പറഞ്ഞത് സത്യമാണെന്ന് ഇപ്പൊ മനസ്സിലായില്ലേ "

ഇരുമ്പ് കമ്പിയിൽ കൂടി പുറത്തേക്ക് കൈ നീട്ടി പറഞ്ഞു കൊണ്ട് സ്റ്റീഫൻ ഉറക്കെ പൊട്ടിചിരിച്ചു.

പിന്നെയത് പൊട്ടി കരച്ചിലായി..
പറ്റെ വെട്ടിയ കുറ്റി മുടികൾ നിറഞ്ഞ തലയിൽ തലോടി എന്തൊക്കെയോ പറഞ്ഞു കൊണ്ട്, ആ സെല്ലിനുള്ളിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്..

റീത്ത വാ പൊതിഞ്ഞു കൊണ്ട് കരച്ചിൽ അമർത്തി.

മനോനില തെറ്റിയ അപ്പന് നേരെ... അഞ്ജലി നിർവികാരമായി നോക്കി നിന്നു.

ജെറിനെ രക്ഷിക്കാൻ നെട്ടോട്ടമോടിയോടി  ഒടുവിൽ... ഒരിക്കലും അവനെ അയാൾക്ക് രക്ഷപെടുത്തി കൊണ്ട് വരാൻ ആവില്ലെന്ന് തോന്നിയത് കൊണ്ടോ... കുറ്റബോധം കൊണ്ടോ, ആ മനസ്സിന്റെ പിടി വിട്ട് പോയിരുന്നു.

രണ്ടു ദിവസമായിട്ട് വീട്ടിൽ നിന്നും ഭയങ്കര ശബ്ദം കേൾക്കുന്നു എന്ന് അയൽവാസിയായ വിമൽ വിളിച്ചു പറയുമ്പോൾ ജോസിനൊപ്പം റീത്ത ചെന്നു.

ദേഹത്ത് മുഴുവനും ചോരയൊലിക്കുന്ന മുറിവുകളുമായി നിൽക്കുന്ന സ്റ്റീഫൻ.
പതിയെ മനസ്സിലായി.. ആ മനസ്സിനേറ്റ മുറിവിന്റെ ആഴം.

അയാൾ ചെയ്ത തെറ്റുകൾ മറന്നിട്ടൊന്നും അല്ല. ഒരു മനുഷ്യജീവനോടുള്ള പരിഗണന. അത് കൊണ്ട് മാത്രം ഹോസ്പിറ്റലിൽ കൊണ്ട് പോയി.
ഇപ്പൊൾ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.
അയാൾക് യാതൊരു മാറ്റവുമില്ല.

ഇടക്കിടെ വന്നു കാണാം.

ഇപ്രാവശ്യം ഞാനും കൂടി പോയിക്കോട്ടെ എന്ന് അഞ്ജലി ചോദിക്കുമ്പോൾ രുദ്രൻ ഒന്നും പറഞ്ഞില്ല.
പക്ഷേ പിറ്റേന്ന് റീത്തയോടൊപ്പം ഹോസ്പിറ്റലിൽ പോവാൻ അവൻ കൂടി റെഡിയായി. കൂടെ അഞ്‌ജലിയും.

സൂക്ഷിച്.. "

തിരിച്ചിറങ്ങി വരുന്ന അഞ്ജലിയോട് രുദ്രൻ കരുതലോടെ വിളിച്ചു പറഞ്ഞു.
അവൾക്കിത് അഞ്ചാം മാസമാണ്.

രുദ്രൻ വണ്ടിയിൽ തന്നെ ഇരുന്നു. ഇറങ്ങി പോയി സ്റ്റീഫനെ കാണാൻ അവന് തോന്നിയില്ല.

റീത്തയെ തിരികെ ജോസിന്റെ വീട്ടിൽ തന്നെ ആക്കി കൊടുത്തു തിരികെ വീട്ടിൽ എത്തും വരെയും അവരാരും പരസ്പരം ഒന്നും പറഞ്ഞില്ല.

വീട്ടിൽ എത്തിയിട്ടും തെളിയാത്ത മുഖത്തേക്ക് അവൻ പ്രയാസത്തോടെ നോക്കി.

"അത് അപ്പൻ അർഹിക്കുന്നതാണ് രുദ്രേട്ടാ. എനിക്കൊരിക്കലും അതോർത്തു കൊണ്ട് നിങ്ങളോട് ദേഷ്യം തോന്നില്ല. എന്റെ അമ്മയുടെ സങ്കടമാണ് എന്നെ തളർത്തുന്നത്.. അമ്മ എന്ത് തെറ്റ് ചെയ്തിട്ടാ "

തന്നെ നോക്കി ഇരിക്കുന്ന രുദ്രന്റെ കയ്യിൽ പിടിച്ചു കൊണ്ട് അഞ്ജലി പറഞ്ഞു.
"അതൊന്നും ആലോചിച്ചു ടെൻഷൻ ആവല്ലേ. അല്ലേൽ തന്നെ എത്രയോ പ്രശ്നങ്ങളുണ്ട് പേടി തൊണ്ടൻ പോലീസിന് അഞ്ജലി ചിരിച്ചു കൊണ്ട് പറയുമ്പോൾ അവന്റെ മുഖവും തെളിഞ്ഞു..

                   ❣️❣️❣️❣️

ശ്വാസം വിടാൻ കൂടി കഴിയാത്ത വിധം ജെറിന് ആ വെറും നിലത്ത് തളർന്നു കിടന്നു.

"ഇവിടെ സുഖവാസത്തിന് വന്നതാ എന്ന് കരുതിയോട നീ. മര്യാദക്ക് പറയുന്ന ജോലി ചെയ്യണം. ഇതിനകത്ത് പണചാക്ക് പാവപെട്ടവൻ എന്നൊന്നും ഇല്ല മോനെ.
"

പുറത്ത് നിന്നും അപ്പോഴും അട്ടഹാസങ്ങൾ കേൾക്കുന്നുണ്ട് അവന്റെ അടഞ്ഞ ചെവിയിൽ കൂടി.

വേദനിക്കാത്ത ഒരിടം പോലും ശരീരത്തിൽ ബാക്കിയില്ല.

ജീവിതം തന്നെ വെറുത്തു പോയിരുന്നു.

ചെയ്തു പോയ തെറ്റുകളെ ഓർത്തു നെഞ്ച് പൊട്ടി കരഞ്ഞു.
വേദനയും നിസ്സഹായതയും എന്താണ് എന്നറിഞ്ഞു.

അതികം വൈകാതെ ഇവിടെ നിന്നും ഇറങ്ങാൻ കഴിയും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷിച്ചത്.
പിന്നെ മനസ്സിലായി... ഒരിക്കലും അഴിക്കാൻ പറ്റാത്ത കുരുക്കാണ് രുദ്രൻ മുറുക്കിയത് എന്ന്.

അപ്പനും പിന്നെ പിന്നെ തിരിഞ്ഞു നോക്കാതെയായി.
മാസങ്ങൾ കഴിഞ്ഞിട്ടും എന്തോ വൈരാഗ്യം പോലെ എടുത്തിട്ട് പെരുമാറി ദേഷ്യം തീർക്കുന്ന പോലീസുകാർ.. സഹ തടവുകാരുടെ കാര്യം അതിലും കഷ്ടം..

തനിക്ക് മുന്നിലെ ഇരുട്ടിലേക്ക് നോക്കി കിടക്കുമ്പോൾ വീണ്ടും വീണ്ടും ജെറിന്റെ കണ്ണുനീർ നിലത്ത് പടർന്നു...

കാലത്തിന്റെ കാവ്യനീതി...

അവസാനിച്ചു എന്നെഴുതണോ 🥰

എനിക്കറിയാം.. കുറച്ചുകാലമെങ്കിലും രുദ്രനും അവന്റെ യൂദാസും നിങ്ങളുടെ മനസ്സിൽ ഉണ്ടാവും. അതാണ്‌ എന്റെ വിജയവും.

ഒത്തിരി നന്ദിയുണ്ട്... 

സ്നേഹത്തോടെ... നിങ്ങളുടെ സ്വന്തം ജിഫു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story