രൗദ്രം ❤️: ഭാഗം 6

raudram

രചന: ജിഫ്‌ന നിസാർ

ചേട്ടായി എപ്പോ വന്നു...

ഒരുങ്ങി ഇറങ്ങി വന്നപ്പോൾ അഞ്ജലി കണ്ടത് ഹാളിൽ ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കുന്ന... ജെറിനെ ആയിരുന്നു.

ഞാൻ ഇന്നലെ രാത്രി എത്തിയെടി "

കഴിക്കുന്നതിന്റെ ഇടയിൽ തന്നെ അവൻ വിളിച്ചു പറഞ്ഞു..

"ഇപ്രാവശ്യം എങ്ങോട്ടാ ട്രിപ്പ്‌ അടിച്ചത്..."

വീണ്ടും അവനരികിൽ വന്നു നിന്നിട്ട് അഞ്ജലി ചോദിക്കുമ്പോൾ... അവനൊരു ചിരി കടിച്ചു പിടിച്ചു...

നിന്റെ ഫോൺ എന്തിയെ ഡി... ഇന്നലെ വൈകുന്നേരം നീ മിസ്സിംഗ്‌ ആണെന്ന് അമ്മ വിളിച്ചു പറഞ്ഞല്ലോ.. എവിടെ നിരങ്ങാൻ പോയതാ "

അവൾ ചോദിച്ചതിന് ഉത്തരം കൊടുക്കാതെ ഗൗരവത്തോടെ ജെറിൻ ചോദിക്കുമ്പോൾ... അഞ്ജലി ഒന്ന് ചുണ്ട് കോട്ടി..

പിന്നെ... ഈ ചുറ്റി കറങ്ങാൻ പോകുന്നത് ഒക്കെ ചേട്ടായിക്ക് മാത്രം കിട്ടിയ അവകാശം ആണെന്ന് തോന്നുമല്ലോ.. ചോദ്യം കേട്ടാൽ.. എനിക്കുമുണ്ട് ഫ്രണ്ട്സ്.. ഞാൻ അവരുടെ കൂടെ ആയിരുന്നു "

അഞ്ജലി കെറുവിച്ചു കൊണ്ട് പറഞ്ഞു...

ജെറിൻ ഒന്നവളെ തുറിച്ചു നോക്കി..

"ആയിക്കോ.. പക്ഷെ വൈകുമ്പോ ഒന്ന് വീട്ടിൽ വിളിച്ചറിയിക്കാൻ ഉള്ള മര്യാദ എങ്കിലും കാണിക്കേണ്ടേ ഡി.. കൊച്ചു കുട്ടി ഒന്നും അല്ലല്ലോ..."

അതിന് ഫോൺ കയ്യിൽ ഉണ്ടെങ്കിൽ അല്ലേടാ പൊട്ടൻ ചേട്ടായി വിളിക്കാൻ പറ്റൂ... അത് ആദ്യം ആ കലിപ്പൻ ചേട്ടൻ വാങ്ങി വെച്ചില്ലേ എന്ന് ചോദിക്കാൻ വന്നത് അഞ്ജലി വിഴുങ്ങി കളഞ്ഞു...

നീ എന്താടി എന്നെ ഇങ്ങനെ ചുഴിഞ്ഞു നോക്കുന്നത് "

അനങ്ങാതെ നോക്കി ഇരിക്കുന്നവളെ തോണ്ടി ജെറിൻ ചോദിച്ചു...

"ആ.. അത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്... ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല.. പോയ... അത് പോലെ തിരിച്ചു വരാനും അറിയാം.. അല്ല പിന്നെ.."

പറഞ്ഞിട്ട് അഞ്ജലി എഴുന്നേറ്റു കൊണ്ട് അടുക്കളയിലേക്ക് നടന്നു...

ജെറിൻ ഏതോ ചിന്തയോടെ അവളെ നോക്കി ഇരുന്നു..

എന്നിട്ട് പതിയെ തല ചെരിച്ചു നോക്കി..

ആ നോട്ടത്തിന്റ അവസാനം... സ്റ്റീഫന്റെ മുഖം ഉണ്ടായിരുന്നു..

കണ്ണ് കൊണ്ട് സന്ദേശം കൈമാറി കൊണ്ടവൻ കഴിക്കുന്നത് നിർത്തി എഴുന്നേറ്റു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കോളേജിൽ എത്തിയിട്ടും... ഇനി എങ്ങനെ ആ ഫോൺ ഒന്ന് തിരികെ കിട്ടും എന്നത് മാത്രം ആയിരുന്നു അഞ്ജലിയുടെ ചിന്ത..

ഇനിയും കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ കഴിയില്ല..

അമ്മയെ പോലല്ല... അച്ഛൻ ഒരു ചോദ്യം ചോദിക്കുമ്പോൾ.. അതിനുള്ളിൽ തന്നെ ഒരായിരം ചോദ്യങ്ങൾ കൂടി മറച്ചു പിടിച്ചിരിക്കും..

സൂക്ഷിച്ചു ഉത്തരം പറഞ്ഞില്ല എങ്കിൽ... ഇത് വരെയും പടുത്തുയർത്തിയ നുണയുടെ കൊട്ടാരം വീണു പോകും..

സത്യം വെളിവാക്കുമ്പോൾ... വീണ്ടും വീണ്ടും പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടേ ഇരിക്കും..

അതിനവൾക്ക് മനസ്സ് വന്നില്ല..

അഞ്ജലിയെ കാണാൻ ഒരാൾ വന്നിട്ടുണ്ട് എന്ന്... ജോയി സാറിന്റെ ക്‌ളാസിൽ മുഴുകി ഇരിക്കുമ്പോൾ പ്യുണ് പ്രസാദേട്ടൻ വന്നു പറയുമ്പോൾ.... ആരാവോ എന്നുള്ള വേവലാതിയോടെ തന്നെയാണ് ഓടി ഇറങ്ങി പോയത്..

നിന്റെ ഫോൺ.. രുദ്രന്റെ കയ്യിൽ പെട്ടു പോയിരുന്നു... "

ഇന്നലെ ഒറ്റ ദിവസം കൊണ്ട്.. ഇനി ഈ ലോകത്തിലെ എവിടെ വെച്ച് കണ്ടാലും മറന്നു പോകാത്ത മൂന്നാലു മുഖങ്ങളിലെ ഒരുത്തൻ..

ഫോൺ അവൾക്ക് നേരെ നീട്ടി അതും പറഞ്ഞിട്ട് തിരിച്ചിറങ്ങി പോകുമ്പോൾ...

അഞ്ജലി ഒന്നും മിണ്ടാൻ കൂടി ആവാതെ നിന്ന് പോയിരുന്നു..

ഓടി ഇറങ്ങി പോകുന്നവൻ ചെന്ന് കയറുന്ന ജീപ്പിന്റെ... ഡ്രൈവിംഗ് സീറ്റിൽ... മുഖം കയറ്റി പിടിച്ചു കലിപ്പ് വിടാനുള്ള ഭാവമേതും ഇല്ലാതെ ഇരിക്കുന്ന രുദ്രനെ ഒരു മിന്നായം പോലെ അഞ്ജലി കണ്ടു..

ഇവന് ഇനി ചിരി എന്നൊരു വികാരം ഇല്ലേ.. എപ്പോ കാണുമ്പോഴും ഒരുമാതിരി കൊച്ചു പിള്ളേരെ കൂട്ട് മുഖം വീർപ്പിച്ചു ഇരിക്കുന്നത് കാണാം..

പെട്ടന്ന് തിരിഞ്ഞു നോക്കിയ രുദ്രന് നേരെ വിടർന്നു ചിരിച്ചു കൊണ്ടു കൈ വീശി കാണിക്കുന്ന അഞ്ജലിയെ കണ്ടപ്പോൾ ആ മുഖം ഒന്നൂടെ വീർത്തു വരുന്നതും അവൾ കണ്ടിരുന്നു...

വെടി ഉണ്ടപോലെ തെറിച്ചു പോവുന്ന ജീപ്പിലേക്ക് നോക്കി അവൾ ചുണ്ട് കോട്ടി..

ജാഡ തെ...ണ്ടി... പിറു പിറുത്തു കൊണ്ടവൾ അകത്തേക്ക് കയറി പോയി...

തിരികെ ക്ലാസ്സിൽ ചെന്നിരുന്നത് മുതൽ... ഗീതുവും ഭാമയും തോണ്ടി വിളിക്കാൻ തുടങ്ങിയിരുന്നു അവളെ...
സേറയുടെ തുറിച്ചു നോട്ടത്തിലും ചോദ്യം തന്നെയാണ്..
വന്നത് ആരാണ്... എന്തിനാണ് എന്നീ ചോദ്യങ്ങളാണ് ആ ഓരോ തോണ്ടലും..

അതിനി അറിയാതെ ഇവളുമാർ സൈര്യം തരില്ലെന്നത് ഉറപ്പാണ്..

"സർ ഇറങ്ങി പോയിട്ട് പറഞ്ഞു തരാം "

എന്ന് പറഞ്ഞിട്ട് അഞ്ജലി അവരെ അടക്കി ഇരുത്തി...

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ഇവിടെ ഇറങ്ങിട്ട് ഒരു ഓട്ടോ പിടിച്ചു വിട്ടോ... എനിക്കൊന്ന് ഓഫീസിൽ പോണം "

കാർ നിർത്തി എതിരെ ഇരിക്കുന്നവളോട് ജെറിൻ പറയുമ്പോൾ അവളുടെ മുഖം ചുലുങ്ങി പോയി..

കാര്യം കഴിഞ്ഞപ്പോ നിന്റെ സ്വഭാവം മാറി.. അല്ലേ ജെറിൻ "

ബാക്കിലെ സീറ്റിലേക്ക് കൈ എത്തിച്ചു കൊണ്ടു സ്വന്തം ബാഗ് വലിച്ചെടുത്തു പറയുന്നവളിലെ പുച്ഛം അവനും കണ്ടിരുന്നു..

"ജീവിതത്തിൽ മുഴുവനും നിന്നെയും കെട്ടി വലിച്ചു കൊണ്ടു നടക്കാം എന്നൊന്നും ഞാൻ നിനക്ക് വാക്ക് തന്നിട്ടില്ലല്ലോ.. നിനക്കെന്നല്ല... ആർക്കും.. അനാവശ്യ വാക്കും കൂട്ടി കെട്ടലും ജെറിൻ തോമസ് വാക്ക്‌ധാനം ചെയ്യാറില്ല "

അതേ പുച്ഛം അപ്പോൾ അവനിലും ഉണ്ടായിരുന്നു..

അവളൊന്നും മിണ്ടുന്നില്ല..
പരിജയപെടാൻ നീ ഒക്കെ വരുമ്പോൾ തന്നെ ഞാൻ എല്ലാം പറയാറുണ്ട്... കൂടെ വരുന്നതിനു നീ ഒക്കെ പ്രതീക്ഷിക്കുന്നതിലും കൂടുതൽ തരാറും ഉണ്ട്... പിന്നെ പറയുന്ന ഫുഡ്‌.. ഫൈവ് സ്റ്റാർ ഹോട്ടലിൽ സുഖവാസം.. ഇതൊക്കെ ബോണസ് ആണെന്ന് കൂട്ടിക്കോ "

കളിയാക്കി കൊണ്ടവൻ പറയുമ്പോൾ ചുവന്നു പോയ മുഖത്തോടെ... ഡോർ തുറന്നിറങ്ങി പോകുന്നവളെ നോക്കി മനോഹരമായൊരു ഗുഡ് ബൈ പറയാനും അവൻ മറന്നില്ല..

ഡോർ കൈ എത്തിച്ചു വലിചടച്ചു കൊണ്ടു ഓടിച്ചു പോകുബോൾ.. ഇനി താനുമായി അവനൊരു ബന്ധവും ഉണ്ടാവില്ല എന്നുറപ്പായാവളുടെ മുഖത്തും ഇച്ഛാഭംഗം ഉണ്ടായിരുന്നു... തിരിഞ്ഞു നടക്കുമ്പോൾ..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

നേരം വൈകിയോ അമർ .. "

നടന്നു വരുന്നത്തിനിടെ തന്നെ ജെറിൻ വിളിച്ചു ചോദിക്കുമ്പോൾ ചെയറിൽ ഇരിക്കുന്നവൻ ഒന്ന് തിരിഞ്ഞു നോക്കി..

ജെറിൻ ആണെന്ന് കണ്ടപ്പോൾ ചാടി എഴുന്നേറ്റു കൊണ്ടു അവന്റെ നേരെ നോക്കി..

"ഇരിക്ക് അമർ... ഞാൻ ഒരു ട്രിപ്പിൽ ആയിരുന്നു.."

അവനെതിരെ ഇരുന്നു കൊണ്ടു ജെറിൻ പറയുമ്പോൾ... അമർ മനസ്സിലായി എന്ന മട്ടിൽ തലയാട്ടി...

"അറിയാലോ.. അച്ഛന് അറിയില്ല.. നമ്മുടെ ഈ കൂട്ടും ബിസിനസ്സും ഒന്നും... ഡ്രഗ്സ് ബിസിനസ് അച്ഛന് താല്പര്യമില്ല.. എങ്ങാനും പിടിക്കപ്പെട്ടാൽ നൂലാമാലകളും റിസ്‌ക്കും ഏറെ ആണെന്നാ അച്ഛന്റെ കണ്ടു പിടുത്തം.. അത് കൊണ്ടു തന്നെ അച്ഛൻ അറിയാത്ത എന്റെ ഈ ഡീൽ... അത്രയും സീക്രട്ട് ആണ് "

ജെറിൻ പറഞ്ഞു..

"അറിയാം സർ.. പരമാവധി സൂക്ഷിച്ചു കൊണ്ടു തന്നെയാണ് നമ്മുടെ മൂവ്മെന്റ്..."

അമർ ഉറപ്പ് കൊടുത്തു..

"ഗുഡ്... എനിക്കറിയാം... പിന്നെ ഒന്നൂടെ പറഞ്ഞു എന്ന് മാത്രം...

ജെറിൻ പറഞ്ഞു..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഓർമകൾക്ക് ഒരു പ്രതേകതയുണ്ട്...

ഇരുട്ടി തുടങ്ങിയാൽ അവ പിന്നെ കുത്തി നോവിക്കാൻ അറിയാവുന്ന കടന്നൽ കൂട്ടങ്ങളാണ്..

അകലെ ഏതോ മുസ്ലിം പള്ളിയിൽ നിന്നും ബാങ്ക് വിളിക്കുന്നത് ഉയർന്നു കേൾക്കാം..
അത് കേട്ടാണ് സന്ധ്യ നാമം ജപിക്കാൻ 
ശിവദ വിളക്ക് കൊളുത്തി കൊണ്ട് തന്റെ നേരെ നോക്കുന്നത് കണ്ടിട്ടും ഉമ്മറത്തെ തൂണിൽ ചാരി ഇരിക്കുന്ന രുദ്രൻ അനങ്ങിയില്ല..

നേർത്ത ഇരുട്ടിൽ നിഴൽ പോലെ കാണുന്ന അച്ഛൻ ഉറങ്ങുന്നിടത്തേക്കാണ് അവന്റെ കണ്ണും മനസ്സും..

ചാറ്റൽ മഴ പൊടിയുന്ന ആ നേരങ്ങൾക്ക്.. മണ്ണിന്റെ മണമാണ് എന്നുള്ളത് പോലും... അവനുള്ളിൽ നോവിന്റെ ആഴം കൂട്ടി..

നോവാണ് ഉള്ളിൽ എങ്കിൽ... കണ്മുന്നിൽ കാണുന്നതും അറിയുന്നതുമെല്ലാം പിന്നെ... ആ ഭാവത്തിൽ മാത്രം ഹൃദയം ഏറ്റെടുത്തു കൊണ്ട് കൂടുതൽ നോവിക്കും..

അച്ഛൻ ജോലി കഴിഞ്ഞു വന്നിട്ട്... നാട്ടിൻ പുറത്തേക്ക് ഇറങ്ങി നടക്കും മുന്നേയുള്ള.. ഇത്തിരി നേരം..

കളിയും ചിരിയും നിറഞ്ഞ വൈകുന്നേരം...

അടുത്ത് കിട്ടാത്ത അമ്മയുടെ പരിഭവം..

അങ്ങനങ്ങനെ എത്ര എത്ര ഭാവങ്ങളെയാണ് നഷ്ടം വന്നത്...

നിഴൽ പോലെ കൂടെ നടന്നൊരാൾ... യാതൊരു മുന്നറിയിപ്പും തരാതെ മരണത്തിലേക്ക് നടന്നു കയറുമ്പോൾ... കൂടെ ഉള്ളവർ എടുത്തേറിയപ്പെടുന്നൊരു ശൂന്യതയുണ്ട്..

വാക്കുകൾക്കതീതം..

വേദനയുടെയും.. കുറ്റബോധത്തിന്റെയും തീ ചൂളയിൽ ഉരുകി ഒലിച്ച ദിവസങ്ങൾ.

മുത്തശ്ശിക്കും അമ്മയ്ക്കും ശിവക്കും വേണ്ടി മാത്രം ജീവിക്കാൻ ആഗ്രഹിച്ച നാളുകൾ..

മരവിച്ച സ്വപ്നങ്ങളെ ചവറ്റു കൂനയിലേക്ക് വലിച്ചെറിഞ്ഞു..

വീണ്ടും വീണ്ടും ഓർമകൾ തികട്ടി വന്നപ്പോൾ.. രുദ്രൻ പതിയെ എഴുന്നേറ്റു..

ഇനിയും ഇരുന്നാൽ കൂടുതൽ ഓർമകൾ വന്നിട്ട് മടിയിൽ ഇരിക്കും..

ഓർക്കുമ്പോൾ... ഓർമകൾ വന്നിട്ട് മുറിവിൽ തൊടും..

ജീവൻ പൊഴിയുന്ന ആ വേദന ഒരിക്കൽ കൂടി അനുഭവിച്ചു തീർക്കേണ്ടിയും വരും..

അത് വേണ്ട..

ഇനിയുള്ളത്... തിരിച്ചടികളാണ്..

ഓർമകൾ പോലും മധുരിക്കും വിധം... തിരിച്ചടിച്ചു തുടങ്ങാൻ മനസ്സ് ഒരുങ്ങി തുടങ്ങി...

അവൻ എഴുന്നേറ്റു അകത്തേക്ക് നടന്നു..

കസേരയിൽ കാൽ നീട്ടി ഇരിക്കുന്ന അമ്മയുടെ അരികിൽ... താടിക്ക് കൈ കൊടുത്തു കൊണ്ട് ശിവയും ഉണ്ടായിരുന്നു..

മുറിയിലേക്ക് നടക്കാൻ തുടങ്ങിയ രുദ്രൻ ഒന്ന് തിരിഞ്ഞിട്ട്... അവരുടെ അരികിൽ പോയിരുന്നു..

നിനക്കിന്നു ക്ലാസ് ഇല്ലായിരുന്നോ "

പെട്ടന്നുള്ള അവന്റെ ചോദ്യം കൊണ്ട്... ശിവദ ഞെട്ടി പോയിരുന്നു..

അതേ എന്ന് അവളൊന്നു തലയാട്ടി..

"പിന്നെ എന്തെ പോവാഞ്ഞേ "

കടുപ്പത്തിൽ അവൻ ചോദിക്കുമ്പോൾ അവളുടെ മുഖം താഴ്ന്നു പോയിരുന്നു..

"അത് പിന്നെ ഞാൻ..."

വാക്കുകൾ കിട്ടാത്ത വിധം ദയനീയമായി അവൾ ലക്ഷ്മിയെ നോക്കി...

എന്താ അമ്മേ... രുദ്രന്റെ കണ്ണുകളും അവരുടെ നേരെ നീണ്ടു...

"കോളജിൽ അവസാന സെമസ്റ്ററിന്റെ ഫീസ് കെട്ടാനുണ്ട്.. അത് കൊടുക്കാതെ ഇനി അങ്ങോട്ട്‌ പോവാൻ ആവില്ല മോനെ "

ലക്ഷ്മി പറയുമ്പോൾ അവന്റ നോട്ടം പിന്നെയും ശിവദയിലേക്ക് നീണ്ടു..

"എന്നിട്ട് ആ കാര്യം നീ എന്തേ ശിവാ.. എന്നോട് പറയാഞ്ഞേ "

അവന്റെ ചോദ്യം കേട്ടിട്ട് ശിവദയുടെ മുഖം വീണ്ടും വേദന നിറഞ്ഞു..

"അച്ഛൻ പോയതോടെ... നീ നിന്റെ ആഗ്രഹങ്ങളും വേണ്ടന്ന് വെച്ചോടി... ഏട്ടൻ ഉള്ളത് മറന്നോ നീ "

വേദനയോടെ തന്നെ ആയിരുന്നു അവന്റെ ചോദ്യവും..

ശിവദയുടെ കണ്ണ് നിറഞ്ഞു..

"ഏട്ടന്റെ അടുത്ത് ഉണ്ടാവില്ലെന്ന് കരുതി.. ചോദിച്ചിട്ട് തരാൻ പറ്റാതെ ആയാൽ... ഏട്ടൻ അതോർത്തു കൂടി വിഷമിക്കും എന്ന് തോന്നി..."

നേർത്ത സ്വരത്തിൽ അവളത് പറയുബോൾ..

രുദ്രൻ കൈ കൊണ്ട് തല താങ്ങി പിടിച്ചിരുന്നു..

ഡോക്ടറെ.... എന്നച്ചൻ ശിവയെ കളിയാക്കി വിളിക്കുന്നത് അവന്റെ കാതിൽ കേട്ടു..

"അച്ഛനെ പോയിട്ടുള്ളു.. ഏട്ടൻ ഉണ്ട്... ഏട്ടന്റെ ജീവൻ ഉള്ളടത്തോളം നിന്റെം അമ്മയുടേം ഒരാഗ്രഹം പോലും നടക്കാതെ പോവരുത്... അച്ഛൻ ക്ഷമിക്കില്ല എന്നോട് "

പറയുബോൾ അവന്റെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു..

"എന്നിട്ടാണോ ടാ.. ആ അച്ഛൻ ഒരുപാട് കൊതിച്ചു നിനക്ക് നേടാൻ ആയ ആ ജോലി പോലും പുല്ല് പോലെ വലിച്ചെറിഞ്ഞു കൊണ്ട് നീ ഈ കാണിച്ചു കൂട്ടുന്നത് "

ലക്ഷ്മി അത് ചോദിക്കുമ്പോൾ അവന് ഉത്തരം മുട്ടി..

ശെരിയാണ് അത്..

തന്നെക്കാൾ അച്ഛൻ ആയിരുന്നു... അങ്ങനൊരു പദവിയിൽ താൻ എത്തി പെടാൻ ആഗ്രഹിച്ചിരുന്നത്..

ആ കണ്ണിലായിരുന്നു തന്റെ ഓരോ വിജയങ്ങളും കൂടുതൽ ശോഭയോടെ തിളങ്ങിയിരുന്നത്...

എന്നിട്ടും അതേ കാരണം കൊണ്ട് തന്നെ അച്ഛനെ നഷ്ടം വന്നപ്പോൾ പിന്നെ.... താൻ പഠിച്ചു നേടിയത് പോലും തനിക്ക് നീതി കിട്ടാത്ത വിധം കളിയാക്കി തുടങ്ങിയപ്പോൾ പിന്നെ... തിരിച്ചിറങ്ങി പോരാൻ ഒന്നൂടെ ആലോചിച്ചു നിന്നിട്ടില്ല.

അതിൽ ഇന്നീ നിമിഷം വരെയും കുറ്റബോധവും തോന്നിയിട്ടില്ല..

"എന്തേ നിനക്ക് ഉത്തരം ഇല്ലേ... അച്ഛനോട് സ്നേഹം ഉണ്ടെങ്കിൽ.. കഴിഞ്ഞതെല്ലാം വിധിയെന്ന് കരുതിയിട്... ഇനിയെങ്കിലും നീ നിന്റെ പഴയ ജീവിതത്തിൽ തിരിച്ചു വരികയാണ് വേണ്ടത്..."

ലക്ഷ്മി പറഞ്ഞിട്ടും രുദ്രൻ തിരിച്ചൊന്നും പറയാതെ ഇരുന്നു..

"സേതു ഏട്ടൻ പോയി.. ഇങ്ങിനി തിരിച്ചു കിട്ടാത്ത വിധം നഷ്ടപെട്ടു പോയി...

ലക്ഷ്മിയുടെ സ്വരം ഇടറി..

"വേദന എല്ലാർക്കും ഉണ്ട്.. എന്നും കരുതി മുന്നോട്ടുള്ള ജീവിതം മറന്നിട്ടു അത് തന്നെ ഓർത്തിരിക്കാൻ പറ്റുവോ രുദ്ര... സേതു ഏട്ടന്റെ ആത്മാവ് കൂടി വേദനിക്കും.. "

രുദ്രൻ ലക്ഷ്മിയെ ഒന്ന് നോക്കി എന്നതല്ലാതെ ഒന്നും പറഞ്ഞില്ല...

ശിവദ കരച്ചിൽ അമർത്തി ഇരിപ്പുണ്ട്..

എന്തെങ്കിലും പറഞ്ഞു പോയ നിനക്ക് സങ്കടം.. ഇവിടാർക്കും വേദന ഇല്ലന്നാണോ.. എന്നും കരുതി ജീവിക്കണ്ടേ മോനെ...ഉരുകി ഉരുകി ഇനി നിന്നെ കൂടി നഷ്ടപെടാൻ അമ്മയ്ക്ക് വയ്യെടാ..

ഒടുവിൽ തോളിൽ കിടന്ന തോർത്തിൽ മുഖം പൊതിഞ്ഞു പിടിച്ചു കൊണ്ടു ലക്ഷ്മി കരച്ചിൽ അമർത്തിയപ്പോൾ സഹിക്കാൻ വയ്യാത്തൊരു വേദന അവന്റെയും കണ്ണ് നിറച്ചു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story