രൗദ്രം ❤️: ഭാഗം 9

raudram

രചന: ജിഫ്‌ന നിസാർ

ഇനിയിപ്പോ എല്ലാം എല്ലാരും അറിയുമ്പോൾ... സേറയുടെ ചോദ്യം അതിന്റെയൊരു സൂചനയാണെന്ന് തോന്നുന്നു രുദ്ര എനിക്ക്.. ഒന്നൂടെ നീ ഒന്ന് ആലോചിച്ചു നോക്കിയിട്ട് പോരെ ഡാ "

ഫോണിൽ കൂടി സലീം പറയുമ്പോൾ രുദ്രന്റെ കൈകൾ ഫോണിൽ മുറുകി..

"ഒരുപാട് ആലോചിച്ച് ഞാൻ എടുത്തൊരു തീരുമാനം... അത് നിങ്ങളോട് പറയുബോൾ... എന്നെ പോലെ തന്നെ നിങ്ങളത് ഏറ്റെടുത്തപ്പോൾ... ആദ്യം പറഞ്ഞത് തന്നെയെ എനിക്കിപ്പോഴും പറയാൻ ഉള്ളത് സലീമേ.

രുദ്രന്റെ മുഖം വലിഞ്ഞു മുറുകി..

"ഒരുപാട് വിശ്വാസത്തോടെ നിയമത്തിന്റെ മുന്നിൽ നീതിയും തേടി ഞാൻ അലഞ്ഞതൊന്നും നീയും മറന്നു കാണില്ലല്ലോ. അല്ലേ.. സ്വന്തം അച്ഛനാണ്.. എന്റെ കണ്മുന്നിൽ... അത് നേരിട്ട് കണ്ട ഞാൻ പറയുന്നതിലും വിലയുണ്ട്.. ആർക്കും ഉണ്ടാക്കാവുന്ന ഇത്തിരി തെളിവുകൾക്ക് എന്നറിഞ്ഞ നിമിഷം തോന്നിയൊരു ശൂന്യതയുണ്ട്... അതാർക്കും അറിയില്ല "

അവന്റെ സ്വരം ചൂട് പിടിച്ചത് അറിഞ്ഞിട്ട് തന്നെ സലീം പിന്നൊന്നും പറഞ്ഞില്ല.

"അപമാനിച്ചു ഇറക്കി വിട്ടവരും ഞാനും പഠിച്ചത് ഒരേ നിയമത്തെ അല്ലേ... വിശ്വാസിക്കുന്നതും ഒരേ നിയമത്തെ അല്ലേ.. പിന്നെങ്ങനെ നീതി തേടുമ്പോൾ അതിൽ കാശ് നോക്കി മാത്രം നിയമം കൂടെ ഇറങ്ങി പോവുന്നത്..."

ലോകത്തോട് മുഴുവനും ഉള്ള ദേഷ്യം ഉണ്ടായിരുന്നു അവന്റെ വാക്കുകളിൽ അപ്പോൾ...

"എന്റെ അച്ഛന് നീതി കിട്ടുക എന്നത് ഇപ്പൊ എന്റെ ആവിശ്യം ആണ് സലീമേ.. വീണ്ടും പറയുന്നു.. പേടിയുണ്ട് എങ്കിൽ.. ഭാവിയെ കുറിച്ചുള്ള ആശങ്ക ഉണ്ട് എങ്കിൽ.. ഇനി അങ്ങോട്ട് എന്റെ കൂടെ ഉണ്ടാവരുത്... ഒരു അറ്റം കാണാതെ ഞാൻ പിന്മാറി പോകുന്ന പ്രശ്നം ഇല്ല..."

രുദ്രൻ പറയുബോൾ... നിഷേധം പോലെ തലയാട്ടി കൊണ്ട് സലീം കൂടെ ഉള്ളവരെ നോക്കി..

അവരുടെ കണ്ണുകൾ... സലീമിൽ തന്നെ ആയിരുന്നു..

ഫോൺ സ്പീക്കറിൽ കൂടി ഒഴുകി വരുന്ന രുദ്രന്റെ തിളച്ച സ്വരം അവരുടെയും മുഖം മങ്ങാൻ കാരണമായിരുന്നു..

അച്ഛനോട് നീതി കാണിക്കാൻ... അവനിറങ്ങി പുറപ്പെട്ടു എന്നറിഞ്ഞ ആ നിമിഷം തോന്നിയ അതേ ആശങ്ക തന്നെ..

അത് പക്ഷെ അവൻ തിരഞ്ഞെടുത്ത വഴിയേ കുറിച്ചോർത്തു മാത്രം ആയിരുന്നു..

അല്ലാതെ അവൻ പറയും പോലെ പേടിച്ചിട്ടോ സ്വന്തം ഭാവി ഓർത്തിട്ടോ അല്ല..

ഹലോ... ഡാ.. കേൾക്കുന്നില്ലേ "

മറുപടി കിട്ടാഞ്ഞിട്ട് തന്നെ രുദ്രൻ വിളിക്കുമ്പോ മൂവരും ഒന്നിച്ചു മൂളി...

ഒരു നിമിഷം മൗനം പാലിച്ചു കൊണ്ട് പിന്നെ പറഞ്ഞു തുടങ്ങിയത്... റെജിയാണ്.

"നീ പറഞ്ഞത് നേരാ രുദ്ര.. പേടിയുണ്ട്.. അത് പക്ഷെ ഞങ്ങളെ കുറിച്ചോ ഭാവിയെ കുറിച്ചോ ഓർത്തിട്ടല്ല.. നിന്നെ ഓർത്തിട്ട് മാത്രം ആണ്... നിന്റെ വഴി നേരായ വഴിയല്ല.. അപകടത്തിൽ ചാടിക്കാൻ മനസ്സ് വരുന്നില്ലട... അത് കൊണ്ട് പറഞ്ഞതാ.. നീ വെച്ചോ.. വൈകുന്നേരം കാണാം "

അവരുടെ ഫോൺ കട്ട് ആയിട്ടും രുദ്രൻ അതേ നിൽപ്പ് തുടർന്നു..

ആരോ അരികിൽ നിൽക്കുന്നതറിഞ്ഞിട്ടാണ് രുദ്രൻ തിരിഞ്ഞു നോക്കിയത്..

ശിവദയാണ്.. വാതിൽ പടിയിൽ ചാരി നിൽക്കുന്നവളുടെ മുഖത്ത് നിന്നും തന്നെ അറിയാം.. താൻ ഫോണിൽ പറഞ്ഞത് മുഴുവനും കേട്ടിട്ടുണ്ട് എന്നത്..

"വിജയൻ അങ്കിളും വനജാന്റിയും വന്നിട്ടുണ്ട്.."

അവന്റെ നോട്ടം കണ്ടപ്പോൾ ശിവ പറഞ്ഞു..

അത് കേട്ടപ്പോൾ അവന്റെ കണ്ണുകൾ വീണ്ടും കൂർത്തു.. അവളുടെ നേരെ.. ഒരു ചോദ്യം പോലെ..

"മ്മ്... ശ്രുതിയും ഉണ്ട് "

ആ നോട്ടത്തിന്റെ ഉത്തരമായിട്ട് ശിവ അത് പറയുമ്പോൾ രുദ്രന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി ആയിരുന്നു ഉണ്ടായിരുന്നത്.

"അച്ഛന്റെ സ്ഥാനം അലങ്കരിക്കാൻ ഇനി അങ്ങോട്ട് കൂടെ ഉണ്ടാവാം എന്ന് വാക്ക് തന്നിട്ട്... അച്ഛൻ പോയതിന്റെ പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങി പോയ.. അച്ഛന്റെ ആത്മാർത്ഥ കൂട്ടുകാരന്റെ ഈ തിരിച്ചു വരവിനു പിന്നിൽ എന്തോ വ്യക്തമായ കാരണം ഉണ്ട് ശിവ "

മുഖം നിറഞ്ഞ ദേഷ്യത്തോടെ രുദ്രൻ അത് പറയുമ്പോൾ ഉണ്ടന്നോ ഇല്ലെന്നോ പറയാതെ ശിവദ അതേ നിൽപ്പ് തന്നെ തുടർന്നു..

"ഹൃദയം വേണം എന്ന് വിജയനങ്കിൾ പറഞ്ഞാലും സന്തോഷത്തോടെ നമ്മുടെ അച്ഛൻ അതെടുത്തു അയാൾക്ക് കൊടുത്തേനെ.. അങ്ങനെ ഉള്ള ആളാണ്... എത്രയൊക്കെ പിടഞ്ഞു കൊണ്ട് നമ്മൾ ഇവിടെ ഉരുകി തീർന്നു.. അന്നൊന്നും വന്നിട്ട് ഒരു വാക്ക് കൊണ്ട് പോലും ആശ്വാസം പകരാൻ മനസ്സില്ലാത്തവന്റെ മുന്നിൽ പോയി ഇനിയും നിൽക്കാൻ വയ്യ...ഞാൻ പ്രായം പോലും മറന്നിട്ടു അയാളോട് വല്ലതും പറഞ്ഞു പോകും...

വലിഞ്ഞു മുറുകിയ മുഖത്തോടെ രുദ്രൻ പറഞ്ഞു..

"ഏട്ടൻ ഇവിടെ ഉണ്ടെന്ന് മുത്തശ്ശി പറഞ്ഞു.. ഇനി വരാതെ ഇരിക്കല്ലേ.. അച്ഛനാണ് അത് സങ്കടം ആവുക.. എവിടെ എങ്കിലും ഇരുന്നിട്ട് അച്ഛൻ ഇപ്പോഴും നമ്മളെ കാണുന്നുണ്ടാവും ഏട്ടാ "

വേദന തിങ്ങിയ മുഖത്തോടെ ശിവ അത് പറയുമ്പോൾ... പിന്നൊന്നും പറയാതെ രുദ്രൻ മിണ്ടാതെ ഇരുന്നു..

"അച്ഛന് നീതി കിട്ടണം... അത് ഇവിടല്ലാരും കൊതിക്കുന്നും ഉണ്ട്.പക്ഷെ.. അതിന് വേണ്ടി തെറ്റായ ഒരു വഴി ഏട്ടൻ തിരിഞ്ഞെടുത്താൽ.. അതേറ്റവും വേദന നൽകുന്നത് അച്ഛന്റെ ആത്മാവിന് തന്നെ ആയിരിക്കും.. അത് മറന്നു പോവരുത് "

ഒരു ഓർമപെടുത്തൽ പോലെ പറഞ്ഞിട്ട് ശിവ ഇറങ്ങി പോയിട്ടും... പിന്നെയും ഇത്തിരി നേരം കൂടി അതേ ഇരുപ്പ് തന്നെ ആയിരുന്നു രുദ്രൻ...

ആകെ കൂടി കലങ്ങി മറിഞ്ഞു പോയിരുന്നു അപ്പോൾ അവന്റെ മനസ്..

"മനഃപൂർവം വരാതെ ഇരുന്നതൊന്നും അല്ല അമ്മേ.. അറിയാല്ലോ.. ഓരോരോ തിരക്കുകൾ.. അല്ലാതെ എന്റെ സേതുവിന്റെ കുടുംബം.. അത് ഞാൻ മറന്നു പോകുമോ.."

മുഖം നിറഞ്ഞ ചിരി ഫിറ്റ് ചെയ്തു കൊണ്ട് വിജയൻ... മുത്തശ്ശിയോട് പറയുന്നത് കേട്ട് കൊണ്ടാണ് രുദ്രൻ അങ്ങോട്ട് കയറി ചെന്നത്..

അവന്റെ മുഖം നിറഞ്ഞ പുച്ഛം അറിഞ്ഞത് കൊണ്ട് തന്നെ വിജയന്റെയും വനജയുടേം മുഖം വിളറി പോയിരുന്നു...

"ഒന്നും വിചാരിക്കരുത് രുദ്ര.. എനിക്ക് രണ്ടു പെൺകുട്ടികൾ ഉള്ളതാ.. ഇതും പറഞ്ഞിട്ട് നിന്റെ കൂടെ കോടതിയിൽ കേറി ഇറങ്ങാനൊന്നും എനിക്ക് പറ്റില്ല... ദയവ് ചെയ്തിട്ട് എന്നെ ഒന്ന് ഒഴിവാക്കി തരണം നീ "

കേസിന്റെ ഒരാവിശ്വത്തിന് .. ഒറ്റക്ക് കഴിയാത്തൊരു കാര്യം നടത്തി തരാൻ വേണ്ടി.. ചെന്ന് കണ്ടു പറഞ്ഞപ്പോൾ വിജയൻ പറഞ്ഞ മറുപടി എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ സമയം അവന്റെ ഉള്ളിലൂടെ ഒരു മിന്നൽ പോലെ പാഞ്ഞു...അതിവിടെ ആരോടും പറഞ്ഞിട്ടില്ല.

ശിവദയുടെ അരികിൽ നിന്നിട്ട്... തന്നെ.. നോക്കുന്നവൾക്ക് പോലും ഒരു കളിയാക്കലിന്റെ ധ്വനി ഉള്ളത് പോലെ..

രുദ്രൻ ഒന്നും മിണ്ടാൻ ഇല്ലാത്ത പോലെ... ചുവരിൽ ചാരി അതേ നിൽപ്പ് തുടർന്നു..

"മോൻ ഇവിടെ ഉണ്ടായിരുന്നു അല്ലേ "

ഒരു ലോഡ് വാത്സല്യം ചോദ്യത്തിൽ നിറച്ചു കൊണ്ട് വിജയൻ എഴുന്നേറ്റു വന്നിട്ട് രുദ്രന്റെ മുന്നിൽ നിന്നു..

അച്ഛൻ ഉള്ളപ്പോൾ വിളിച്ചിരുന്ന ഈ മോൻ വിളിയിൽ ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടായിരുന്നു.. ഇപ്പോൾ ഈ കാണിച്ചു കൂട്ടുന്നതൊക്കെ വെറും അഭിനയം മാത്രം ആണെന്ന് അവിടെല്ലാർക്കും മനസ്സിലാവും..

"ഉണ്ടായിരുന്ന ജോലി ഒക്കെ വിട്ടേറിഞ്ഞ അവൻ പിന്നെ എവിടെ പോവാനാ വിജയേട്ടാ "

വനജ ചോദിക്കുമ്പോൾ... രുദ്രന്റെ നോട്ടം പോയത് മുത്തശ്ശിയുടെ നേരെ ആയിരുന്നു..

ലക്ഷ്മിയുടെയും കണ്ണുകൾ അവർക്ക് നേരെ തന്നെ ആണ്..

ആ കടുത്ത മുഖത്തേക്ക് നോക്കുമ്പോൾ.... ഇനി ഇവരൊന്നും മിണ്ടാതെ എഴുന്നേറ്റു പോയാ.. അതിവർക്ക് തന്നെ കൊള്ളാം എന്നൊരു തോന്നൽ ഉണ്ടായിരുന്നു ആ മനസ്സിൽ..

"വിഡ്ഢിത്തം ആയി പോയി രുദ്ര.... കാണിച്ചു കൂട്ടിയത്.. അത് പോലൊരു ജോലിയൊക്കെ ഇങ്ങനെ അലസമായി കാണാൻ പാടുണ്ടോ നീ "

വീണ്ടും വിജയൻ ഉപദേശകന്റെ കുപ്പായം എടുത്തിട്ടു..

"അതോർത്തു കൊണ്ട് നീ വിഷമിക്കണ്ട വിജയാ.. എന്റെ മോൻ പോയത്... അവന്റെ ഒരു രണ്ട് തലമുറയെ സംരക്ഷിക്കാൻ ഉള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ട് തന്നെ ആണ്.. അതും നേരും നെറിയും കൈ വിടാതെ തന്നെ.."

ഭവാനി അമ്മയത് പറയുമ്പോൾ വിജയന്റെയും വനജയുടെയും മുഖം വിളറി വെളുത്തു..

"അല്ലമ്മേ.. ഞാൻ പറഞ്ഞത്... അങ്ങനെ എളുപ്പത്തിൽ കിട്ടാവുന്ന ജോലി ഒന്നും അല്ലായിരുന്നല്ലോ... അത്..."

തല ചൊറിഞ്ഞു കൊണ്ടയാൾ വീണ്ടും പറഞ്ഞു..

"നീ എന്ത് ഉദ്ദേശിച്ചാലും ഇവിടാർക്കും ഒന്നും ഇല്ല വിജയാ.. എന്റെ മോൻ ഇപ്പൊ ഒന്ന് എഴുന്നേറ്റു വന്നതേ ഒള്ളു... സങ്കടങ്ങളിൽ നിന്നെല്ലാം.. അവനിപ്പോ ആ ജോലിയേക്കാളും അത്യാവശ്യം വേണ്ടത് മനഃസമാദാനം നിറഞ്ഞ ഒരു ജീവിതം ആണ്.. അത് കഴിഞ്ഞു മതി ബാക്കി എല്ലാം.. അവനൊറ്റക്ക് നേടി എടുത്ത ജോലി... അതിനിയും വേണമെങ്കിൽ അവന്റെ കയ്യിലേക്ക് തന്നെ തിരിച്ചെത്താവുന്നതേയുള്ളു.. നീ അതോർത്തു ടെൻഷൻ ആവണ്ട..ഇത് ഞങ്ങളുടെ തീരുമാനം ആണ്.. അതിലിപ്പോഴും യാതൊരു മാറ്റവും ഇല്ല... അത് കൊണ്ട് തന്നെ കുറ്റബോധവും ഇല്ല..."

ഭവാനി അമ്മ പറയുമ്പോൾ രുദ്രൻ ചിരിച്ചു കൊണ്ടവരുടെ അരികിൽ പോയി നിന്നു..

"ആ ജോലിയുടെ പത്രാസ് കണ്ടിട്ട് തന്നെയാണ് നീ നിന്റെ മകളെ.. ഇവനെ ഏല്പിക്കാൻ തീരുമാനം എടുത്തത് എന്ന് നിന്റെ പ്രിയപ്പെട്ട കൂട്ടുകാരന് അന്ന് മനസ്സിലായില്ല എന്നത് നേര് തന്നെ.. പക്ഷെ എല്ലാവരും വിഡ്ഢികൾ ആണെന്ന് കരുതരുത് കേട്ടോ "

പുച്ഛത്തോടെ അവരത് പറയുമ്പോൾ രുദ്രന്റെ കണ്ണുകൾ ശ്രുതിയുടെ നേരെ പാഞ്ഞു..

അച്ഛനെ പോലെ തന്നെ...

വിളറി വെളുത്ത മോളുടെ മുഖം...

സേതുവാണ് വിജയന് അങ്ങനൊരു തീരുമാനം ഉണ്ടെന്ന് വീട്ടിൽ വന്നു പറഞ്ഞത്..

രുദ്രൻ ജോലിക്ക് കയറി ആ മാസം തന്നെ പൊട്ടി മുളച്ച ആഗ്രഹം പക്ഷെ.... രുദ്രന് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ ആയില്ല..മനസ്സിൽ ശ്രുതിയോട് തോന്നിയത് വെറുപ്പാണ്... ഒന്നോ രണ്ടോ പ്രാവശ്യം എവിടൊക്കെയോ വെച്ച് കണ്ടിട്ടുണ്ട്.. അന്നെല്ലാം വല്ലാത്തൊരു ഭാവത്തിൽ നോക്കിയ നോട്ടത്തിന് ഇങ്ങനൊക്കെ ഒരു അർഥം കൂടി ഉണ്ടായിരുന്നു എന്ന് വിജയൻ വീട്ടിൽ വന്നിട്ട് അച്ഛനോട് പറയുമ്പോൾ മാത്രം ആണ് അറിഞ്ഞത്..

അന്നവർക്ക് മുന്നില് ഒന്നും പറയാതെ ഒഴിഞ്ഞു മാറി കളഞ്ഞു എങ്കിലും...

സാവധാനം അച്ഛനോട് പറയാം എനിക്കവളെ ഇഷ്ടമേ അല്ലെന്ന് എന്ന് കരുതി ഇരിക്കെ ആണ് അച്ഛൻ....

അതോടെ അത് വരെയും ആത്മാർത്ഥയുടെ ആൾരൂപം എന്നച്ചൻ അവകാശം പറഞ്ഞിരുന്ന... വിജയന്റെ ഒറിജിനൽ മുഖം മറ നീക്കി പുറത്ത് വന്നിരുന്നു...

അന്ന് ഇറങ്ങി പോയ ആള് പിന്നെ ഈ വഴിയേ വന്നിട്ടില്ല..

എന്നിട്ടും ഒരിക്കൽ അച്ഛന്റെ ഒരു കാര്യത്തിനു വേണ്ടി മുന്നിൽ പോയി നിന്നപ്പോൾ ഒരു പരിജയകാരന്റെ മുഖം പോലും തരാതിരുന്ന ആളാണ്‌..

രുദ്രന് എല്ലാത്തിനോടും വല്ലാത്ത ദേഷ്യം തോന്നി..

ഒന്ന് വീഴണം... അപ്പൊ അറിയാം.. കൂടെ ഉള്ളവരെയും.. ഉണ്ടെന്ന് വെറുതെ തോന്നിപ്പിച്ചവരെയും..💪

വെറുതെ അവര് വരില്ലെന്ന രുദ്രന്റെ വിശ്വാസം ശെരിയായിരുന്നു..

ശ്രുതിയുടെ കല്യാണത്തിന് ക്ഷമിക്കാൻ വന്നതാണ്... യാതൊരു ഉളുപ്പും ഇല്ലാതെ..

പടി ഇറങ്ങി പോവുന്നവരെ കണ്ടപ്പോൾ അവനുള്ളിൽ വലിയൊരു ആശ്വാസം നിറഞ്ഞു..

ബന്ധങ്ങളിലെ മുഴച്ചു നിന്നിരുന്ന ഒരു ചങ്ങല കൂടി തന്നിൽ നിന്നും അഴിഞ്ഞു പോയിരിക്കുന്നു...

അവന്റെ കണ്ണുകൾ വെറുതെ അച്ഛൻ ഉറങ്ങുന്നിടത്തേക്ക് പാഞ്ഞു..

ആത്മാർത്ഥ സുഹൃത്തിന്റെ ആത്മാർത്ഥ... എവിടെങ്കിലും ഇരുന്നിട്ട് കാണുമ്പോൾ ആ മനസ്സ് വിങ്ങുന്നുണ്ടാവാം...

രക്ഷപെട്ടു... അല്ലേ ഏട്ടാ "

ശിവ അരികിൽ വന്നു നിന്ന് പറയുമ്പോൾ... അവനൊന്നു തലയാട്ടി..
 ലക്ഷ്മി അപ്പോഴും ഗേറ്റിലേക്ക് മിഴികൾ കൂർപ്പിച്ചു പിടിച്ചിരിക്കുന്നുണ്ട്..

പതിയെ നടന്നു വന്നിരുന്ന മുത്തശ്ശിയെ രുദ്രൻ പിടിച്ചിരുത്തി..

'അവരുടെ വാക്കുകൾ നിന്റെ മനസ്സിൽ വേദന ഉണ്ടാക്കി എന്ന് എനിക്കറിയാം മോനെ... "

സങ്കടത്തോടെ അവരത് പറയുമ്പോൾ രുദ്രനും അവരുടെ അരികിൽ ഇരുന്നു...

"ഈ പറഞ്ഞവർക്കൊക്കെ ഒരു മറുപടി കൊടുക്കേണ്ടേ മോനെ..."

പ്രതീക്ഷയോടെ മുത്തശ്ശി അത് ചോദിക്കുമ്പോൾ രുദ്രന്റെ കണ്ണുകൾ ശിവയിലേക്ക് നീണ്ടു..

അവൾ പക്ഷെ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു...

"വേണം... എല്ലാവർക്കും ഉള്ള മറുപടി ഉടനെ കൊടുക്കണം മുത്തശ്ശി.. അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു "

പകയോടെ അവനത് പറയുമ്പോൾ... അവന് നല്ല ബുദ്ധി തോന്നിയെന്ന സന്തോഷത്തിൽ കൈകൾ മേലേക്ക് ഉയർത്തി... മുത്തശ്ശിയും ലക്ഷ്മിയും...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ജോലി തിരക്കിനിടയിൽ ഓടി വന്നതാണോ ജെറിൻ.. ബുദ്ധിമുട്ട് ആയോ ഞാൻ വിളിച്ചത് "

എലീന പ്രണയത്തോട് കൂടി തന്നെ അത് ചോദിക്കുമ്പോൾ.. ജെറിൻ മനോഹരമായോന്ന് ചിരിച്ചു..

"ഏയ്‌., അങ്ങനൊന്നും ഇല്ലെടോ.. വിളിച്ചത് താൻ അല്ലേ... വരാതിരിക്കാൻ പറ്റുവോ എനിക്ക് "

അതെ പ്രണയത്തോടെ തന്നെ ജെറിനും പറയുമ്പോൾ അവൾ പൂത്തുലഞ്ഞു പോയിരുന്നു..

ജെറിൻ അത് കണ്ടപ്പോൾ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് ചിരി അമർത്തി...

"കാണാനും ഒരുമിച്ചു സ്പെൻഡ്‌ ചെയ്യാനും എല്ലാം എനിക്കും ആഗ്രഹം ഉണ്ട്.. പക്ഷെ കെട്ടു കഴിയും വരെയും അതൊക്കെ ഇഷ്ടമാവുമോ എന്നറിയാതെ....

ജെറിൻ പാതിയിൽ നിർത്തി അവളോട് പറയുബോൾ ആ കണ്ണിലേക്കു പ്രണയായതിനൊപ്പം തന്നെ ആരാധനയും ജെറിൻ കണ്ടിരുന്നു..

അവനൊന്നു ഊറി ചിരിച്ചു...

"ഇനി അതികം ഒന്നും വേണ്ടല്ലോ.. പിന്നെ എന്റെ അല്ലേ...എന്റെ ആദ്യപ്രണയം... സാധാരണ ഞാൻ ഇത്രേം ക്ളോസ് ആയിട്ട് ഇടപെടുന്നത് തന്നോട് മാത്രം ആണ്.. അതിന്റെയൊരു..... തനിക്കത് മനസ്സിലാവും എന്ന് വിചാരിക്കുന്നു "

താടി ഉഴിഞ്ഞു... കൗശലത്തോടെ ജെറിൻ വീണ്ടും പറയുബോൾ എലീന വീണ്ടും വീണ്ടും പ്രണയം വാരി വിതറി കൊണ്ടവനെ നോക്കി ഇരിക്കുന്നുണ്ട്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story