രോഹിണി: ഭാഗം 1

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

"വേലക്കാരി ജാനു, തെക്കേതിലെ ശാന്ത, വടക്കേതിലെ ചന്ദ്രി.. ഇതിൽ ഏതാണ് നിന്റെ പേര്? " "മഞ്ഞാലി വളപ്പിൽ കാർത്യായനി... ഒന്നങ്ങോട്ട് മാറിനിക്കേടോ.. " ദേഷ്യം ഭാവിച്ച് ഞാൻ പോകാൻ തുടങ്ങിയതും അയാളെന്നെ വീണ്ടും തടഞ്ഞു നിർത്തി... "ഹ അങ്ങനെ അങ് പോകാൻ വരട്ടെ.. കൊച്ചെവിടുത്തേയാ? പുതിയ വേലക്കാരി ആണല്ലേ? " "ഒരു വർഷത്തിൽ മുന്നൂറ്റി അറുപത്തി അഞ്ചു ദിവസം ഉണ്ടെങ്കിൽ അതിൽ മുന്നൂറ്റി അറുപത്തി നാല് ദിവസവും ട്രിപ്പ്‌ എന്ന് പറഞ്ഞ് പോകുന്ന തനിക്കൊക്കെ വീട്ടിൽ ആര് വന്നാൽ എന്താ പോയാൽ എന്താ.. അങ്ങോട്ട്‌ മാറെടോ.." അടുക്കള വാതിലിൽ എന്നെ തടഞ്ഞു നിർത്തിയ കൈ തട്ടി മാറ്റി ഞാൻ മുറ്റത്തേക്കിറങ്ങി... പുറത്തെ ഇറയകത്ത് ഇട്ടിരുന്ന മുഷിഞ്ഞ തുണികൾ വാരി കൂട്ടി അലക്കു കല്ലിനരികിലേക്ക് നടക്കുമ്പോൾ പിറകിലായി വരുന്ന അയാളെ ഞാൻ കണ്ടില്ലെന്നു നടിച്ചു... "താൻ ആള് കൊള്ളാല്ലൊടി ഗുണ്ടു മുളകെ... ഞാൻ ആരാണെന്നും പരിപാടി എന്താണ് എന്നും ഒക്കെ മനസിലാക്കി വച്ചല്ലോ.. ഹല്ലാ നിന്നെ പറഞ്ഞിട്ടും കാര്യം ഇല്ല... വരുന്നവരോടും പോകുന്നവരോടും എന്റെ ഗുണങ്ങൾ വിവരിക്കുന്ന എന്റെ അമ്മയെ പറഞ്ഞാൽ മതിയല്ലോ .... "

"താനിതൊക്കെ എന്തിനാ എന്നോട് പറയുന്നേ.. താൻ ഒന്ന് പോയെ.. എനിക്ക് അലക്കണം... " ഇതും പറഞ്ഞു ഉടുത്തിരുന്ന പാവാട ഞാനൊന്നു മടക്കി കുത്തി അലക്കാൻ തുടങ്ങി.... ഇയാൾക്ക് പോകേണ്ട ഉദ്ദേശം ഒന്നും ഇല്ല ന്ന് തോന്നുന്നു... പശുവിനെ പോലെ പുല്ലും ചവച്ചു കൊണ്ടുള്ള ഇരിപ്പ് കണ്ടില്ലേ... അടുത്തുള്ള മരക്കുറ്റിയിലെ അയാളുടെ ഇരിപ്പ് കണ്ടിട്ട് ഞാൻ പിറുപിറുത്തു... " ബാംഗ്ലൂർ ഒന്നും പെൺപിള്ളേർ ഇങ്ങനെ അലക്കില്ലെന്നേ.. അതൊക്കെ നമ്മുടെ നാട്ടിലെ പിള്ളേർ തന്നെ.. പാവാട ഒന്ന് മടക്കി കുത്തി കൊണ്ടുള്ള ആ നിൽപ്പ്... " അയാളുടെ സംസാരം കെട്ട് എനിക്ക് നന്നായി ദേഷ്യം വന്നു... "താൻ എന്താടോ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ..." "കണ്ടിട്ടുണ്ട്.. അങ് ബാംഗ്ലൂർ ഉള്ള ചായം വാരി തേച്ചു നടക്കുന്ന പെൺപിള്ളേരെ... പിന്നെ വല്ലപ്പോഴും ഒരു ദിവസം നാട്ടിൽ വന്നാൽ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ അമ്മ സമ്മതിക്കില്ല.. പിന്നെ ഇവിടെ വല്യമ്മച്ചിയെ നോക്കാൻ വരുന്ന ഹോം നഴ്സ് ഒക്കെ വല്ല കിളവികളും ആയിരിക്കും... അദ്യം ആയിട്ടാണ് തന്നെ പോലെ ഒരു കൊച്ച് പെണ്ണ്... " ഞാൻ എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ ഇയാളു വായ പുട്ടില്ല എന്ന് അറിയുന്നത് കൊണ്ട് പിന്നെ ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല...

"ടോ... " അല്പനേരത്തെ മൗനത്തിനു ശേഷം അയാളുടെ വിളി കെട്ട് ഞാൻ തലയുയർത്തി നോക്കി.. "തന്റെ കാലിന്റെ ആ ചെറിയ രോമം വെയിലിൽ ഇങ്ങനെ തിളങ്ങുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ... " ആ പറഞ്ഞത് എനിക്ക് അത്ര അങ് ബോധിച്ചില്ല... അയാളുടെ നോട്ടം എന്റെ കാലിൽ ആണെന്ന് മനസിലായപ്പോ എനിക്ക് ദേഷ്യം അരിച്ചു കയറി.. ബക്കറ്റിൽ ഉണ്ടായിരുന്ന തുണി അലക്കിയ സോപ്പും വെള്ളം എടുത്തു ഒരൊറ്റ ഒഴിക്കൽ ആയിരുന്നു... പെട്ടന്നുള്ള എന്റെ പ്രതികരണത്തിൽ അയാള് ചാടി എഴുനേറ്റു... സോപ്പിന് വെള്ളത്തിൽ കുളിച്ചുള്ള അയാളുടെ നിൽപ്പ് കണ്ടിട്ട് എനിക്ക് ചിരിയടക്കാൻ ആയില്ല... "ഹഹഹഹ.... " പക്ഷെ ചിരി തൊട്ടടുത്തിരുന്ന ബക്കറ്റിലെ വെള്ളം അയാള് എന്റെ തലയിലേക്ക് കമഴ്ത്തുംവരെ മാത്രമേ ഉണ്ടായിരുന്നുള്ളു..... "താൻ ന്താ പണിയാടോ കാണിച്ചേ... " ദേഷ്യം പിടിച്ചു ഞാൻ അലറി... "മോള് പിന്നെ എന്റെ ദേഹത്ത് ഒഴിച്ചത് പനിനീർ വെള്ളം ഒന്നും അല്ലല്ലോ..." ഇതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആള് പെട്ടന്ന് എന്തോ കണ്ട് പേടിച്ച പോലെ നിന്നു... എന്താണെന്നു അറിയാൻ ഞാൻ എത്തി നോക്കിയപ്പോൾ കണ്ടത് ഇവിടുത്തെ അമ്മയെ ആയിരുന്നു.. അതായത് അയാളുടെ അമ്മ... "ശബരീ.... എന്താ ഇതൊക്കെ ... " വെള്ളത്തിൽ കുളിച്ചു നിൽക്കുന്ന നമ്മള് രണ്ടുപേരെയും നോക്കിയായിരുന്നു നിർമ്മലാമ്മയുടെ ചോദ്യം...

അമ്മയുടെ ചോദ്യം കേട്ട് ആദ്യം അയാളൊന്ന് പരുങ്ങിയെങ്കിലും പിന്നെ ഉള്ള മറുപടി കേട്ടു ദേഷ്യം പിടിച്ചു നിൽക്കുന്ന അമ്മക്ക് പോലും ചിരി വന്നു പോയി... "ചൂടൊക്കെ അല്ലേ അമ്മേ ഞങ്ങളു വെറുതേ കുളിക്കാൻ ഇറങ്ങിയതാ... " "ആ മതി മതി.. പോയി രണ്ടും കുളിച്ചിട്ടു വാ.. പിള്ളേരെ പോലെയാ രണ്ടും സോപ്പിൽ കുളിച്ചു നിൽക്കുന്നത്... " "അല്ലമ്മേ എവിടുന്ന് കിട്ടി ഇതുപോലൊരു സാധനത്തിനെ.. ഹോം നഴ്സ് മാർക്ക് ഇത്രക്ക് ദാരിദ്ര്യം ആണോ..? " അയാളത് എന്നെ നോക്കി ആണ് പറഞ്ഞത്... "ടാ നി വെറുതേ അവളെ പറയണ്ട... നിന്റെ കയ്യിലിരിപ്പും അത്ര നല്ലത് അല്ലല്ലോ.. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ രണ്ടും ചെന്ന് കുളിച്ചിട്ടു വാ... " ഇത്രയും കേട്ടതും അയാള് അകത്തേക്ക് കയറി പോയി... ഞാൻ വീണ്ടും അലക്കാൻ തുനിഞ്ഞു... "മോളേ.. നി കുളിക്കുന്നില്ലേ...? " "ഇപ്പൊ വേണ്ട നിർമ്മലമ്മേ.. ഞാൻ ഇതൊന്നു അലക്കി എടുക്കട്ടെ... " "മ്മ്.. നിങ്ങള് തമ്മിൽ ഇത്ര പെട്ടന്ന് പരിചയപ്പെട്ടോ... ആദ്യ ദിവസം തന്നെ അടി ആയല്ലേ.... " "അല്ലമ്മേ.. അത്‌.. ഞങ്ങള്... വെറുതേ.... " "മ്മ്... മോളോട് ശബരീടെ കാര്യം ഒക്കെ അമ്മ പറഞ്ഞിരുന്നില്ലേ... " "ഉവ്വമ്മേ..." "അവൻ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ട് രണ്ടു കൊല്ലം കഴിഞ്ഞു.. ഇപ്പഴും സപ്പ്ളി ബാക്കി ഉണ്ട്.. എങ്ങനെ എങ്കിലും ഒന്ന് എഴുതി പാസ്സ് ആയി ഒരു ജോലി വാങ്ങിക്കാൻ പറഞ്ഞിട്ട് എന്റെ നാവു കുഴഞ്ഞു... "

"ഒക്കെ ശെരിയാവും അമ്മേ... " "എപ്പഴാ മോളേ ഇനി... അവന്റെ അച്ഛൻ മരിച്ചിട്ടും തളരാതിരുന്നത് അവനൊരുത്തനെ പ്രതീക്ഷിച്ചായിരുന്നു... കുടുംബ സ്വത്ത് ഒരുപാട് ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ... അവനു സ്വന്തം ആയി ഒരു ജോലി വേണ്ടേ... ഒരു മാസമേ ആയുള്ളൂ മോളിവിടെ ഹോം നഴ്സ് ആയി ജോലിക്ക് വന്നിട്ട്.. പക്ഷെ എനിക്ക് നീയൊരു മോളേ പോലെയാ...അതാ അമ്മ ഇതൊക്കെ പറഞ്ഞെ.. " ഇത്രയും പറഞ്ഞു അമ്മ കണ്ണു തുടച്ചു... അവിടെ നിന്നു തിരിഞ്ഞു നടക്കുമ്പോഴും എനിക്ക് ആ അമ്മയെ ഓർത്തു സങ്കടം തോന്നി .. ശബരീ എന്ന ശബരീഷ്... ഈ വീട്ടിലെ ഏക ആൺ തരി... ചെക്കൻ നല്ല ഒന്നാംതരം ഫ്രീക്കൻ.. മുടിയും താടിയും ഒക്കെ നീട്ടി വളർത്തി.. കണ്ടാൽ നല്ല കട്ട കലിപ്പൻ ലുക്ക്‌.. പക്ഷെ ആള് പാവം ആണെന്ന് ഇന്നത്തെ സംസാരത്തിൽ നിന്ന് മനസിലായി.. ബാംഗ്ലൂർ ആണ് പുള്ളിക്കാരൻ.. പറയത്തക്ക പണി ഒന്നും അവിടെയും ഇല്ല.. നന്നായി വരക്കും എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.. പിന്നെ വെറുതേ ചുറ്റി തിരിയൽ.. അതിനു കണക്കായ ഒരു നാല്ലെണ്ണം കൂട്ടിനു ഉണ്ടെന്നും അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്... അയാള് ഒരു ജോലി വാങ്ങിക്കുന്നത് സ്വപ്നം കണ്ട് നടക്കുവാ പാവം... അലക്കുന്നതിന്റെ ഇടയിൽ ഇങ്ങനെ നൂറു കൂട്ടം ചിന്തകൾ മനസിലൂടെ കടന്നു പോയി.. അലക്കും കുളിയും കഴിയുമ്പോഴേക്ക് ഉച്ച ആയിരുന്നു...

വലിയമ്മച്ചിക്ക് മരുന്ന്‌ എടുത്തു കൊടുത്തതിനു ശേഷം മുടി ഉണക്കാൻ ഞാൻ പുറത്തേക്കു ഇറങ്ങി.. മുടി തോർത്തിക്കുന്നതിടയിലാണ് പിറകിൽ കാൽപ്പെരുമാറ്റം കേട്ടത്... ശബരി ആയിരുന്നു... ഞാൻ കണ്ട ഭാവം നടിച്ചില്ല... "ടോ കുളിച്ചോ... " "അത്‌ തനിക്കു കണ്ടിട്ട് മനസിലായില്ലേ... " വലിയ താല്പര്യം ഇല്ലാത്ത മട്ടിലായിരുന്നു എന്റെ മറുപടി. "അല്ല.. ഇത്രേം പരിചയപ്പെട്ട സ്ഥിതിക്ക് തന്റെ പേരെങ്കിലും ഒന്ന് പറഞ്ഞൂടെ... പേര് പേരക്ക.. നാട് നാരങ്ങ എന്ന സ്ഥിരം ചളി ദയവു ചെയ്തു ഒഴിവാക്കണം.. " അയാളുടെ ആ സംസാരവും പാവം മുഖഭാവവും കണ്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നു പോയി... അതിനു മറുപടി കൊടുക്കാതെ ഞാൻ മെല്ലെ മുല്ല ചെടിയുടെ അടുത്തേക്ക് നടന്നു.. മഴ പെയ്തു തോർന്നതിനാൽ ആവണം മിക്ക പൂക്കളും താഴെ വീണു കിടപ്പുണ്ട്... അതിൽ ഒരെണ്ണം എടുത്തു ഞാൻ മുടിയിൽ തിരുകി.. "പേര് പറയെടോ" ഇറയകത്ത് നിന്നും അയാള് മുറ്റത്തേക്കിറങ്ങി.. "ഹ ഇതെന്തൊരു ശല്യം ആണ്.. ഇങ്ങനെ പെൺപ്പിള്ളേരുടെ പിറകെ നടക്കുന്നത് അത്ര നല്ല സ്വഭാവം അല്ല ട്ടോ..." "തന്റെ പേര് മാത്രം അല്ലേ ചോദിച്ചുള്ളൂ... " "രോഹിണി ... " "കുറച്ചു പഴഞ്ചൻ പേര് ആണല്ലേ... " "അതെന്തെലും ആയിക്കോട്ടെ... തന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ലേ... ഇനി തനിക്കു എന്തെങ്കിലും അറിയണോ എന്ന് ചോദിക്കുന്നില്ല... അറിയണമെങ്കിൽ ചോദ്യം മനസ്സിൽ വച്ചാൽ മതി..

പറയാൻ താല്പര്യം ഇല്ല.... " അത്യാവശ്യം നല്ല പുച്ഛഭാവത്തോടെ തന്നെ അത്രയും പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് പോകാൻ ഒരുങ്ങി.... "ടി ഒന്നവിടെ നിന്നെ... " എന്താ എന്ന ഭാവത്തിൽ ഞാൻ അയാളെ ഒന്ന് നോക്കി... "ഇവിടെ നി ജോലിക്ക് വന്നതല്ലേ... അതികം അഹങ്കാരം വേണ്ട ട്ടാ... ഇവിടുത്തെ ശമ്പളത്തിലാണ് നി നിൽക്കുന്നത് എന്ന് മറക്കണ്ട... " "ശമ്പളം തരുന്നത് തന്റെ അമ്മയല്ലേ.. അല്ലാതെ താൻ അല്ലല്ലോ... അത്‌ കൊണ്ട് ഭരിക്കാൻ നിൽക്കണ്ട... " ഇത്രയും പറഞ്ഞു ഞാൻ അകത്തേക്ക് കയറുമ്പോൾ ദേഷ്യം കൊണ്ട് അയാളുടെ മുഖം ചുവക്കുന്നത് ഞാൻ അറിഞ്ഞിരുന്നു... നേരെ അടുക്കളയിൽ കയറി... വല്യമ്മച്ചിയെ നോക്കുന്ന പണി മാത്രമേ ഇവിടെ ഉള്ളെങ്കിലും അടുക്കളയിലും മറ്റും ഞാൻ നിർമ്മലാമ്മയെ സഹായിക്കാറുണ്ട്... "മോളോട് ഞാൻ പറഞ്ഞിട്ടില്ലേ വല്യമ്മേടെ കാര്യം മാത്രം നോക്കിയാൽ മതിയെന്ന്... " തേങ്ങ ചിരവുന്നതിനിടയിൽ അമ്മ എന്നോടായി പറഞ്ഞു.. "ഏയ്യ് അതൊന്നും സാരില്ല അമ്മേ... എനിക്കിതൊക്കെ ഇഷ്ട്ടം ആണ്... " ഓരോ കുശലം പറച്ചിലിനിടയിനും അടുക്കളയിൽ പണി നന്നായി നടന്നു.. ഉച്ചയൂണിനായി ഭക്ഷണം ഒക്കെ മേശയിൽ കൊണ്ട് വച്ച് ഇരിക്കാൻ തുടങ്ങുന്നതിനിടയിൽ ആണ് പുറത്ത് കാളിങ് ബെൽ കേട്ടത്...

ശബരിയും അമ്മയും കഴിക്കാനായി ഇരുന്നത് കൊണ്ട് അവരെ എഴുനേൽപ്പിക്കേണ്ട എന്ന് കരുതി ഞാൻ ചെന്ന് വാതിൽ തുറന്നു.. അമ്പതിനടുത് പ്രായം തോന്നിക്കുന്ന ഒരാള്.. "ആരാ... " എന്റെ ചോദ്യത്തെ ഗൗനിക്കാതെ വല്ലാത്തൊരു നോട്ടം എന്നിലേക്കെറിഞ്ഞിട്ട് നിർമല ഇല്ലേ അകത്തു എന്ന് ചോദിച്ചു കൊണ്ട് അയാൽ അകത്തേക്ക് കയറി പോയി... അത്‌ ആരാണെന്നു അറിയാനുള്ള ആകാംഷയിൽ ഞാനും പിന്നാലെ ചെന്നു... അയാളെ കണ്ടതും അമ്മ പെട്ടന്ന് എഴുനേറ്റു... "ഹല്ലാ ആരിത്.. ഏട്ടനോ.. എന്താ ശിവേട്ട പെട്ടന്ന് ഒരു വിവരരും ഇല്ലാതെ ഒരു വരവ്... " "അതെന്താ നിമ്മി തറവാട്ടിലേക്ക് വരാൻ എനിക്ക് ആരോടെങ്കിലും അനുവാദം ചോദിക്കണോ... " "അമ്മാവൻ ഇരിക്ക്.. ഭക്ഷണം കഴിക്കാം... " ശബരി അയാളെ നോക്കി പറഞ്ഞു.. അവരുടെയൊക്കെ സംസാരത്തിൽ നിന്ന് വന്നു കയറിയ ആൾ ശബരിയുടെ അമ്മാവൻ ആണെന്ന് എനിക്ക് മനസിലായി... അതായത് നിർമ്മലാമ്മയുടെ ഏട്ടൻ.. "നിങ്ങള് കഴിക്കാൻ തുടങ്ങുവാരുന്നു അല്ലേ.. എനിക്കും നല്ല വിശപ്പ്.. " അയാളും കഴിക്കാനായി കയറി ഇരുന്നു... അമ്മ അയാൾക്ക്‌ വിളമ്പി കൊടുക്കാൻ തുടങ്ങിയതും അയാളത് തടഞ്ഞു.. അമ്മയോടും ഒന്നിച്ചു ഇരിക്കാൻ പറഞ്ഞു..

"നീയും ഇരിക്ക് നിമ്മി.. ആ കൊച്ച് വിളമ്പി തരും.." "വിളമ്പി കൊടുക്ക് മോളേ.. " അമ്മ പറഞ്ഞതനുസരിച്ചു ഞാൻ എല്ലാവർക്കും വിളമ്പി കൊടുത്തു... "എന്താ നിന്റെ പേര്? " "രോഹിണി " "പുതിയ വേലക്കാരി കൊച്ചാണോ നിമ്മി ഇത്..?" അർത്ഥം വച്ചുള്ള ഒരു നോട്ടത്തോടെയുള്ള അയാളുടെ ചോദ്യം എനിക്ക് അത്ര അങ് പിടിച്ചില്ല... "അല്ല ഏട്ടാ.. ഇത് വല്യമ്മയെ നോക്കാൻ വന്ന പുതിയ ഹോം നഴ്സ് ആണ്... " "ആ ഹോം നഴ്സ് ആയാലെന്താ വേലക്കാരി ആയാലെന്താ.. രണ്ടും ഏകദേശം ഒന്ന് തന്നെ അല്ലേ... " "അതെങ്ങനെയാ അമ്മാവാ വേലക്കാരിയും ഹോം നഴ്സും ഒരുപോലെ ആവുന്നത്... " "എന്താടാ ചെറുക്കനെ... അവളെ പറഞ്ഞപ്പോൾ നിനക്കൊരു തിളപ്പ്... നല്ല കിളുന്ത് പെണ്ണല്ലേ.. നി വല്ല നോട്ടവും ഇട്ടിട്ടുണ്ടോ.." അതും പറഞ്ഞ് അയാളുടെ കണ്ണ് എന്റെ ശരീരത്തിലേക്ക് ചൂഴ്ന്നിറങ്ങുന്നത് ഞാൻ അറിഞ്ഞു... ആ പറഞ്ഞത് എന്നെ പോലെ തന്നെ ശബരിക്കും പിടിച്ചില്ലെന്ന് അവൻ ഭക്ഷണം കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റപ്പഴേ എനിക്ക് മനസിലായി... പിന്നെ എന്തോ എനിക്ക് അവിടെ അതികം നേരം നിൽക്കാൻ തോന്നിയില്ല... കയ്യിലെ ചോറിന്റെ പാത്രം അടുക്കളയിൽ കൊണ്ട് വച്ചിട്ട് ഞാൻ മുകളിലെ എനിക്കായി തന്ന മുറിയിലേക്ക് നടന്നു... സമയം ഒരു മണി കഴിഞ്ഞു... നന്നായി വിശക്കുന്നും ഉണ്ട്... പക്ഷെ അയാള് താഴെ ഉള്ളത് കൊണ്ട് എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല..

ഓരോന്ന് ആലോചിച്ചു ഞാൻ കിടന്നു.. എപ്പഴാണ് ഇറങ്ങിപ്പോയത് എന്നറിയില്ല.. വാതിലിലെ തട്ട് കേട്ടാണ് ഞാൻ ഉണർന്നത്... ഫോണിൽ സമയം എടുത്തു നോക്കി.. മൂന്നര കഴിഞ്ഞു.. വിശന്നിട്ടാണെങ്കിൽ കണ്ണും കാണുന്നില്ല.. വാതിലിലെ തട്ട് വീണ്ടും തുടർന്നു .. അമ്മ ആയിരിക്കും.. ഭക്ഷണം കഴിക്കാൻ വിളിക്കുന്നതാവും.. ഞാൻ ചെന്ന് വാതിൽ തുറന്നു.. പ്രതീക്ഷിച്ചത് പോലെ അമ്മ ആയിരുന്നില്ല.. ശബരി ആയിരുന്നു.. "മ്മ് എന്ത് വേണം? " "താൻ എന്താ ഭക്ഷണം കഴിക്കാതെ പോന്നത്.. അമ്മ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു.. " "ആഹ് ഞാൻ വന്നോളാം.." "ആ വാ.. " ഞാൻ കൂടെ ചെല്ലുന്നതും കാത്തു അയാള് നിന്നു.. പക്ഷെ ഒന്നിച്ചു താഴെ ഇറങ്ങാൻ എന്തോ എനിക്ക് തോന്നിയില്ല... "ശബരി നടന്നോളു.. ഞാൻ വന്നോളാം... " "ഇനിയെന്താ തനിക്കു താമസം.. വാടോ.. " "തനിക്കെന്താ ഒരു തവണ പറഞ്ഞാൽ മനസിലാവില്ലേ... ഇങ്ങനെ ശല്ല്യം ചെയ്യാതെ ഒന്ന് പോകാവോ.. " അൽപ്പം കടുപ്പിച്ചു തന്നെയായിരുന്നു ഞാൻ അത്‌ പറഞ്ഞത്.. 'പെണ്ണായാൽ ഇങ്ങനെ അഹങ്കാരം ഉണ്ടാവുമോ..

അല്ല എന്റെ അമ്മയെ പറഞ്ഞാൽ മതിയല്ലോ.. നിർത്തേണ്ടതിനെ ഒക്കെ നിർത്തേണ്ട സ്ഥലത്തു നിർത്തിയില്ലെങ്കിൽ ഇങ്ങനെ വീട്ടിലുള്ളവരുടെ തലയിൽ കയറി ഇരിക്കും.. ' തിരികെ പോകുന്നതിനിടയിൽ ശബരിയുടെ പിറുപിറുക്കൽ കേട്ടിട്ട് എനിക്ക് ചിരി വന്നു.. തിരികെ റൂമിലേക്ക്‌ കയറുമ്പോൾ ശബരിയോട് ദേഷ്യപ്പെട്ടു സംസാരിച്ചതിൽ മനസ്സിൽ എനിക്കെവിടെയോ ഒരു നീറ്റൽ അനുഭവപെട്ടിരുന്നു.. തുടരും... 

Share this story