രോഹിണി: ഭാഗം 13

rohini

എഴുത്തുകാരി: വൈദേഹി വൈഗ - വാസുകി  വസു

വലിയമ്മയുടെ മരണം എന്നിൽ വലിയൊരു ആഘാതമാണ് സൃഷ്ടിച്ചത്.ഹോം നേഴ്സായി ജോലി നോക്കിയാണ് ഇവിടെ എത്തിയത്.അതൊരു ഉപജീവന മാർഗ്ഗമായിരുന്നു.പിന്നീട് ഞാൻ അറിയാതെ ഈ വീട്ടിലെ അന്തേവാസിയുമായി മാറി... ശബരിയുമായി പിരിയാനാകാത്ത വിധം അടുപ്പത്തിലായതോടെ വിധി വീണ്ടും വില്ലൻ വേഷം അവതരിച്ചു... വലിയമ്മയുടെ മരണത്തോടെ എനിക്ക് ഇവിടെ നിന്ന് പടിയിറങ്ങേണ്ടി വരും.പുതിയയൊരു ജോലി കണ്ടെത്തണം... അതിനെക്കാൾ മനസ് നീറ്റിയത് ശബരിയെ പിരിയേണ്ടി വരുമെന്നുളള ഓർമ്മകളായിരുന്നു.. അടുത്ത ദിവസം വലിയമ്മയുടെ സംസ്കരാ ചടങ്ങ് നടന്നു.നിർമ്മലാമ്മ കരഞ്ഞു തളർന്നിരുന്നു.ശബരിയും മൗനത്തിലാണ്.ഇത്രയും നാൾ വലിയമ്മയെ പരിചരിച്ചതിനാൽ അവരോടെനിക്ക് മാനസികവുമായൊരടുപ്പം തോന്നിയിരുന്നു...

അന്നത്തെ ദിവസം തറവാട്ടിലാരും ജലപാനം പോലും നടത്തിയില്ല.എല്ലാവരും സങ്കടപ്പെട്ടാണു കിടന്നത്.. രണ്ടു മൂന്ന് ദിവസം മെല്ലെ കടന്നുപോയി.പതിയെ എല്ലാവരും പഴയ ഓർമ്മകളിൽ നിന്നും മോചനം തേടി പതിയെ ഉണരുകയായിരുന്നു... അടുത്ത ദിവസം രാവിലെ ആയിട്ടും എഴുന്നേൽക്കാൻ എനിക്ക് തോന്നിയില്ല.നിർമ്മലാമ്മ മുറിയിലേക്ക് വന്നപ്പോൾ ഞാൻ ചാടിയെഴുന്നേറ്റു.. "എന്താ അമ്മേ" ആ നിമിഷം എനിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്. "നീയിങ്ങനെ ഒരേ കിടപ്പ് കിടന്നാലെങ്ങനാ വാ വന്നു വല്ലതും കഴിക്ക്" ഞാൻ നിർമ്മലാമ്മയുടെ മുഖത്ത് നോക്കാതെ മറുപടി കൊടുത്തു.. "വിശപ്പില്ല അമ്മേ" "അങ്ങനെ പറഞ്ഞാലെങ്ങെനെ ശരിയാകും..നീ വന്നേ" നിർമ്മലാമ്മ എന്റെ കയ്യും പിടിച്ചു താഴേക്കിറങ്ങി.ശബരി ഹാളിൽ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. അവന്റെ ആർദ്രമായ നോട്ടം എന്റെ ഹൃദയത്തിന്റെ ഉളളറകളിലേക്ക് ഇറങ്ങി ചെന്നു... ഓടി അവനരുകിലെത്തി ശബരിയെ വാരിപ്പുണരാനും ആശ്വസിപ്പിക്കാനും തോന്നിയ ആഗ്രഹത്തെ ഞാൻ മനസ്സിൽ അടക്കിപ്പിടിച്ചു....

"ദാ ഇടിയപ്പവും കിഴങ്ങു കറിയുമുണ്ട്.ശബരിക്കു കൂടി എടുത്ത് കൊടുക്ക്" അമ്മ പറഞ്ഞ മാത്രയിൽ എന്റെ മനം തുടിച്ചു.എനിക്കും ശബരിക്കുമുളള വീതവുമെടുത്ത് ഞാൻ ഹാളിലേക്ക് ചെന്നു... "ശബരീ" ഞാൻ നീട്ടി വിളിച്ചതോടെ അവൻ തലയുയർത്തി എന്നെ നോക്കി... "വാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം" "എനിക്ക് വേണ്ട രോഹിണി. വിശപ്പില്ല" "അങ്ങനെ പറഞ്ഞാലെങ്ങനെ ശരിയാകും.അമ്മയെന്നെ പിടിച്ച പിടിയാലേ കൊണ്ടുവന്നു" ശബരി നിഷേധിച്ചു തലയാട്ടിയതോടെ ഞാനവന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.. "എന്നോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ എഴുന്നേറ്റു വാടാ" സ്നേഹത്തോടെയുളള എന്റെ അഭ്യർത്ഥന ശബരി നിരസിച്ചില്ല.കൊച്ചു കുഞ്ഞെന്നവണ്ണം അവനെന്റെ കയ്യിൽ പിടിച്ചു എഴുന്നേറ്റു വന്നു... "കഴിക്ക്" പ്ലേറ്റ് ഞാൻ അവന്റെ അരുകിലേക്ക് നീക്കി വെച്ചു.. "ശബരീ പ്ലീസ് കഴിക്ക്" ഒന്നും ഉരിയാടാതെ ശബരി ഒരേ ഇരുപ്പ് ഇരുന്നു.ഞാൻ കസേര അവനു അരികിലേക്ക് നീക്കിയിട്ടു.. ശബരിയുടെ അനുവാദത്തിനു കാത്തു നിൽക്കാതെ ഇടിയപ്പം നുറുങ്ങുകളാക്കി വായിലേക്ക് വെച്ചു കൊടുത്തു...

"നല്ല കുട്ടികളെപ്പോലെ പറയുന്നത് അനുസരിച്ചാൽ മതി" സ്നേഹത്തോടെ ഞാൻ ശ്വാസിച്ചു. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഞാൻ പാത്രമെടുത്ത് അടുക്കളയിൽ കൊണ്ടുപോയി കഴുകിവെച്ചു.കുറച്ചു നേരം നിർമ്മലാമ്മക്ക് സമീപം ചുറ്റിപ്പറ്റി നിന്നിട്ട് ഹാളിലെത്തി... ഹാളിൽ ശബരിയെ കാണാതെ ഞാൻ അമ്പരന്നു. പിന്നെ കരുതി അവൻ റൂമിൽ കാണുമെന്ന്.കോവണിപ്പടി കയറി മുകളിലെത്തിയത് വെറുതെ ആയില്ല.ശബരി ജനലോരം ചേർന്ന് പുറത്തേക്ക് മിഴികൾ നീട്ടിയുറപ്പിച്ചിരിക്കുകയാണ്... "ശബരി" ഞാൻ ജനാലക്ക് സമീപം ചെന്ന് ശബരിയുടെ തോളിൽ കൈവെച്ചു വിളിച്ചു. അവൻ പിന്തിരിഞ്ഞതും ഞാൻ ഞെട്ടിപ്പോയി... ശബരിയുടെ കണ്ണുകളിൽ നിന്ന് മിഴിനീർക്കണങ്ങൾ കവിളിലൂടെ ചാലിട്ടൊഴുകുന്നു... "അയ്യേ ശബരി നീയെന്താണിങ്ങനെ കൊച്ചു കുട്ടികളെപ്പോലെ.ആൺകുട്ടികൾ കരയുവോടാ" ഞാൻ കൈ ഉയർത്തി കണ്ണുനീർ തുടച്ചു കളഞ്ഞു...

എപ്പോഴും വഴക്കടിച്ച് കുസൃതി കാണിക്കുന്ന ശബരിയെ ഞാൻ കണ്ടിട്ടുളളൂ.സങ്കടപ്പെട്ടിരിക്കുന്ന അവനെ ഞാൻ കണ്ടട്ടില്ല... "ശബരീ നിന്റെ മനസ്സിനെയെന്തോ അലട്ടുന്നുണ്ട്.എന്താണെങ്കിലും എന്നോടുകൂടി ഷെയർ ചെയ്യ്.പ്ലീസ്.മനസ്സിന്റെ പാതി സങ്കടം കുറയട്ടെ" എന്നെ തുറിച്ചു നോക്കി നിന്നതല്ലാതെ ശബരിയൊരക്ഷരം ശബ്ദിക്കുന്നില്ല.എനിക്ക് ദേഷ്യവും സങ്കടവുമെല്ലാം ഒരുമിച്ച് വന്നു... "നീ പറയുന്നില്ലെങ്കിൽ വേണ്ടാ ഞാൻ പോകുവാ" ഇത്രയും പറഞ്ഞിട്ട് ഞാൻ പിന്തിരിഞ്ഞതും ശബരിയുടെ കൈ എന്നെ തടഞ്ഞു നിർത്തി.എന്നെ അരുകിലേക്ക് വലിച്ചു ചേർത്തവൻ മാറിലേക്കിട്ടു... കൈക്കുമ്പിളിലെന്റെ മുഖമുയർത്തി എന്റെ നയനങ്ങളിൽ ശബരി മിഴികൾ അർപ്പിച്ചു.. "നിനക്കെന്നെ പിരിഞ്ഞു അകന്നിരിക്കാൻ കഴിയുമോ രോഹിണി" അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുമ്പിൽ ഞാനാകെ ഉലഞ്ഞു പോയി.അവനെന്താണ് അർത്ഥം വെച്ചതെന്ന് എനിക്ക് മനസ്സിലായി... വലിയമ്മയെ പരിചരിക്കാനാണ് ഞാനിവിടെ വന്നത്.വലിയമ്മ മരിച്ചു. എന്റെ ജോലി കഴിഞ്ഞു.

ഞാൻ ഇവിടെ നിന്ന് പോകുമെന്ന് എനിക്കും ശബരിക്കും അറിയാം.. ഒന്നും പറയാൻ കഴിയാതെ ഞാൻ മിഴികൾ താഴ്ത്തിയതേയുള്ളൂ... "പറയ് രോഹിണി നിനക്കെന്നെ പിരിയാൻ കഴിയുമോയെന്ന്‌.എനിക്ക് അതറിയണം" പാദം മുതലൊരു വിറയൽ ഉച്ചിവരേക്കും വിറഞ്ഞു കയറി. ശബരിയുടെ ചോദ്യത്തിനു മുമ്പിൽ ഞാനാകെ തളർന്നു പോയി.. '"അവനറിയാം ഞാൻ പോകുമെന്ന യാഥാർത്ഥ്യം. എങ്കിലും വെറുതെ ആശ്വാസത്തിനെന്നവണ്ണം ശബരിയെന്നിൽ പ്രതീക്ഷകളർപ്പിക്കുകയാണ്" സപ്തനാഡികളും തളർന്ന ഞാൻ പകരം മറ്റൊരു ചോദ്യമിട്ടു.. "നിനക്ക് തോന്നുന്നുണ്ടോ ശബരി നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയുമെന്ന്" ചോദിച്ചു തീരും മുമ്പേ ഞാൻ പൊട്ടിക്കരഞ്ഞു പോയി. വിറയാർന്ന എന്റെ അധരങ്ങളിൽ ശബരി മുഖം അമർത്തി.എതിർക്കാൻ തോന്നിയില്ല.ഏതോ സ്വപ്നത്തിലെന്ന വണ്ണം ഞാനവനിലേക്ക് കൂടുതൽ ഇഴുകി ചേർന്നു നിന്നു... ഇടക്കെപ്പഴൊ അവന്റെ കരങ്ങൾ കുസൃതി കാണിച്ചതോടെ ഞാൻ തെന്നി മാറി.. "തനി വഷളൻ" ഞാൻ തെല്ലു ലജ്ജയോടെ പറഞ്ഞു..

ശബരിയുടെ മുഖത്തെ കാർമേഘങ്ങൾ അകന്ന് മാറിയത് എന്നെ സന്തോഷിപ്പിച്ചു.. "ശബരി നീയിനി വിഷമിച്ചിരിക്കുന്നത് കാണരുത്.എനിക്ക് സങ്കടമാണ്.പഴയ ആ ശബരിയെയാണ് എനിക്ക് ഇഷ്ടം" കളിയും ചിരിയുമായി ഞങ്ങൾ സമയം ചിലവഴിച്ചു. ഞാൻ ശബരിയുടെ കൂടെ മാറാതെ നിന്നു. ഇവിടെ നിന്ന് പോകുന്നത് വരെ അവന്റെ സാമീപ്യം ഞാൻ ആഗ്രഹിച്ചു... വൈകുന്നേരമായതോടെ ഞാൻ ശബരിയെയും കൂട്ടി പുഴയിലേക്ക് പോയി.ഉടനെയെങ്ങും ഇവിടെ വരാൻ കഴിഞ്ഞെന്ന് വരില്ല... ശബരി ഗ്ലൂമിയാകുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.പോകും മുമ്പ് ശബരിയെ പഴയത് പോലെയാക്കിയെടുക്കണം... അവനെക്കൊണ്ട് സപ്ലി എഴുതി എടുപ്പിക്കണം.പിന്നെയൊരു ജോലി...അത്രയേ എനിക്ക് വേണ്ടൂ... പുഴയിൽ കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞിട്ടും നിർമ്മലാമ്മ എതിർത്തില്ല.. "അവനാകെയൊരു മൂഡൗട്ടാണ്.കഴിയുമെങ്കിൽ മോളൊന്ന് മാറ്റിയെടുക്ക്." ഞാൻ പോകുമെന്നുളളതാണു ശബരിയുടെ മാറ്റത്തിന് കാരണമെന്ന് എനിക്ക് നിർമ്മലാമ്മയോട് പറയാൻ പറ്റില്ലല്ലോ...

ഞങ്ങളുടെ കൈകൾ തമ്മിൽ കോർത്തു കൂടുതൽ അവനോട് മുട്ടിയുരുമ്മി ഞാൻ നടന്നു.. ഈ പ്രാവശ്യം ഞങ്ങൾ തമ്മിൽ വഴക്കടിച്ചതേയില്ല.പുഴയിൽ ഞാനും ശബരിയോടൊപ്പം നീന്തി തുടിച്ചു.കുളിയും നനയും കഴിഞ്ഞു പതിയെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി... മെല്ലെ ദിനങ്ങൾ കൊഴിഞ്ഞു വീണു. വലിയമ്മയുടെ സഞ്ചയനദിവസം എത്തി.ബന്ധുക്കളും വന്നു ചേർന്നു.അഭിയേട്ടനും ശ്രീപ്രിയയും അവരുടെ അമ്മയും അച്ഛനും വന്നിരുന്നു... അമ്മാവനു കർമ്മങ്ങൾ ചെയ്യാൻ കഴിയാത്തതിനാൽ അഭിയേട്ടനും ശബരിയും കൂടിയാണ് എല്ലാം ചെയ്തത്... ചടങ്ങിനെത്തിയ ചിലർ എന്നെ കണ്ടിട്ടാകും മുഖം ചുളിച്ചു.വലിയമ്മയെ നോക്കാൻ വന്നവൾ മരണശേഷവും വീട്ടിൽ നിൽക്കുന്നതിന്റെ പൊരുൾ തേടുകയാകും.പലരും അടക്കം പറയുന്നതൊക്കെ ഞാൻ ശ്രദ്ധിച്ചു... "ഇനിയൊരു അധികപ്പറ്റായി ഇവിടെ നിൽക്കണ്ടാന്ന് ഞാൻ തീരുമാനിച്ചു." എന്റെ തീരുമാനം ശരിയാകും വിധത്തിലാണ് ബാക്കി സംഭവങ്ങൾ അവിടെ അരങ്ങേറിയത്.. ചടങ്ങുകൾ കഴിഞ്ഞതോടെ എല്ലാവരും മടങ്ങി.അമ്മാവനും കുടുംബവും അവശേഷിച്ചു.ശ്രീപ്രിയയുടെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട് രാവിലെ എന്നെ കണ്ടപ്പോൾ മുതൽ...

"അമ്മാവി ഇവളെ പറഞ്ഞു വിടാറായില്ലേ.വലിയമ്മ മരിച്ചു ചടങ്ങും കഴിഞ്ഞു. ഇനിയെന്തിനാ ഇവളിവിടെ" ശ്രീപിയ എന്നെ ചൂണ്ടി ദേഷ്യപ്പെട്ടു... "രോഹിണി ഇവിടെത്തന്നെ കാണും.നിനക്കെന്തായിത്ര കൃമികടി അവളെ കാണുമ്പോൾ" ശബരിയും വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല... "ശബരീ ശ്രീയോട് ചാടണ്ട.അവൾ പറഞ്ഞതിലെന്താ തെറ്റ്." അഭിയേട്ടൻ സപ്പോർട്ട് നൽകിയതോടെ ശ്രീപ്രിയ ഞെളിഞ്ഞു നിന്ന് എന്ന പുച്ഛിച്ചു... "രോഹിണിയെ പറഞ്ഞയക്കില്ല.ഇവിടെ കാണും" നിർമ്മല തീർപ്പ് കൽപ്പിച്ചു.അതോടെ വഴക്കിട്ടു അവർ മടങ്ങി... ബന്ധങ്ങൾക്കിടയിലൊരു വിളളൽ വീഴ്ത്താൻ ഞാൻ ആഗ്രഹിച്ചില്ല.അടുത്ത ദിവസം ഇവിടെ നിന്ന് പോകണമെന്ന് ഞാൻ മനസ്സിലുറച്ചു... രാത്രിയിൽ ഞാൻ അറിയൻ ഋഷികേശിനെ വിളിച്ചു രാവിലെ ഇത്രയിടം വരാൻ പറഞ്ഞു. വരുമ്പോൾ പറയാനൊരു കാരണം വേണം.അതിനായിട്ടൊരു ചെറിയ നുണയും കണ്ടെത്തി ... അടുത്ത ദിവസം രാവിലെ പത്തുമണി കഴിഞ്ഞു അനിയനെത്തി.നിർമ്മലാമ്മക്കും ശബരിക്കും സന്തോഷമായിരുന്നു അവൻ വന്നത്.. ഞാൻ അനിയനെ കണ്ടതോടെ അരികിലെത്തി കുശലാൻവേഷണം നടത്തി.ആരും കാണാതെ ഞാനവനു സിഗ്നൽ നൽകി വന്ന കാര്യം അവതരപ്പിക്കാനായിട്ട്...

"അച്ഛനു അസുഖം കുറച്ചു കൂടുതലാണ്. ചേച്ചിയെ കാണണമെന്ന് പറഞ്ഞു. ഞാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനായി വന്നതാണ്" അതുകേട്ടു ശബരിയുടെ മുഖം വിളറിപ്പോയി. അവനൊരിക്കലും ഇതു പ്രതീക്ഷിച്ചില്ല. "ഞങ്ങളും കൂടി വരാം അല്ലേ അമ്മേ" പ്രതീക്ഷിക്കാതെയുളള ശബരിയുടെ നീക്കത്തിൽ ഞാൻ പെട്ടെന്ന് പതറിയെങ്കിലും ഒരുവിധം പറഞ്ഞൊപ്പിച്ചു.. "ഞാൻ ആദ്യം വീട്ടിൽ ചെല്ലട്ടെ.എന്നിട്ട് വിളിക്കാം. അപ്പോൾ രണ്ടു പേരും കൂടി വാ" "അതാ മോനേ നല്ലത്. ഇത്രയും ദൂരം യാത്ര ചെയ്യാൻ അമ്മക്ക് വയ്യ" ശബരികെന്നെ ദയനീയമായി നോക്കിയെങ്കിലും ഞാൻ കണ്ടില്ലെന്ന് നടിച്ചു.ഞാൻ പോകാൻ മറ്റൊരു കാരണം കൂടിയുണ്ട്... "ഞാൻ ശബരിയുടെ ഒപ്പമുളളതിനാൽ അവൻ ഉഴപ്പത്തെയുള്ളൂ ലക്ഷ്യങ്ങൾ നിറവേറ്റില്ല... വിങ്ങുന്ന മനസും ചുട്ടുപൊള്ളുന്ന ഹൃദയവുമായി എനിക്ക് എടുക്കാനുളളതെല്ലാമെടുത്ത് ഞാൻ ഹാളിലേക്ക് വന്നു.. " ദാ മോളേ ഇതിരിക്കട്ടെ അച്ഛനു വയ്യാത്തതല്ലേ" അമ്മ കുറച്ചു പണം ബലമായി എന്നെ പിടിച്ചു ഏൽപ്പിച്ചു.

. "അയ്യോ വേണ്ടമ്മേ..ജോലിയെക്കാൾ കൂടുതൽ പണം ഞാൻ കൈപ്പറ്റിയട്ടുണ്ട്.. " സാരമില്ല മോളേ നീയെനിക്ക് ഹോം നേഴ്സായിരുന്നില്ല.മകളായിരുന്നു.. " നിർമ്മലാമ്മ സ്നേഹത്തോടെ എന്റെ കവിളിൽ മുത്തമിട്ടു.അമ്മയും ഞാനും കരഞ്ഞു പോയി... ശബരിയോട് യാത്ര പറയാൻ നോക്കിയപ്പോൾ അവനെ അവിടെങ്ങും കണ്ടില്ല....താനിറങ്ങുന്നത് കാണാൻ ശബരിക്ക് മനക്കരുത്തില്ല.മുകളിലെ മുറിയിൽ കാണുമായിരിക്കും... നിറകണ്ണുകളോടെ ഞാനാവീടിന്റെ പടിയിറങ്ങി.. "ഞാൻ പോകുവാമ്മേ" "പോയി വരാമെന്ന് പറയെടീ" അമ്മയെന്നെ ശ്വാസിച്ചു.. "ശരി പോയി വരാം അമ്മേ" പൊള്ളിപ്പിടഞ്ഞ് ഞാൻ അനിയന്റെ പിന്നാലെയിറങ്ങി.മുറുവേറ്റ ഹൃദയം പിടഞ്ഞു തുടങ്ങി... കുറച്ചു മുമ്പോട്ട് നടന്നിട്ട് ഞാൻ തിരിഞ്ഞ് നോക്കി.അമ്മ അവിടെ നിന്ന് കണ്ണുനീരൊപ്പുന്നുണ്ട്.പിന്നെയെന്റെ കണ്ണുകൾ മുകളിലെ മുറിയുടെ ജനാലക്കൽ എത്തി... പ്രതീക്ഷിച്ച പോലെ ശബരിയെന്നിൽ മിഴികൾ നട്ടു നിൽപ്പുണ്ട്..ആ നിൽപ്പു കണ്ടാലറിയാം സങ്കടം അടക്കിപ്പിടിച്ചു മനസിൽ അവൻ തേങ്ങുകയാണെന്ന്.. ഓടിപ്പാഞ്ഞു ചെന്ന് ശബരിയെ ആശ്വസിപ്പിക്കാൻ കൊതിച്ചെങ്കിലും മനസ്സിനെ ശ്വാസിച്ചു നിർത്തി ഞാൻ മുമ്പോട്ടു നടന്നു... ഒരിക്കൽകൂടി തിരിഞ്ഞു നോക്കാൻ എനിക്ക് തോന്നിയില്ല.എങ്കിൽ പിന്നെയൊരു മടക്കയാത്ര ഉണ്ടാകില്ലെന്ന് അറിയാമെന്നതിനാൽ ഞാൻ അനിയന്റെ കൂടെ വേഗത്തിൽ നടന്നു... "പൊള്ളിപ്പിടയുന്ന ഓർമ്മകൾക്കൊപ്പം മനസ്സിലെന്നും താലോലിക്കാനായി ഒരുപിടി നല്ല നിമിഷങ്ങളും നെഞ്ചിലേറ്റിക്കൊണ്ട്...... (" തുടരും")......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story